കുഴപ്പക്കാരനായ ഒരു കുട്ടിയുടെ മാതാപിതാക്കളായിരിക്കൽ
“ഇന്നെങ്ങനെയുണ്ടായിരുന്നു?” കാറിൽ അള്ളിപ്പിടിച്ചുകയറുന്ന മകൻ ജിമ്മിയോട് സൂസൻ ചോദിക്കുന്നു. അവൾ അവനെ സ്കൂളിൽനിന്നു കൂട്ടിക്കൊണ്ടു വരികയായിരുന്നു. അവൻ നെററിചുളിച്ചു, കേട്ട ഭാവം നടിച്ചില്ല. “ഓ, ഇന്നത്ര രസകരമല്ലായിരുന്നിരിക്കാം,” അവൾ സഹതാപപൂർവം പറഞ്ഞു. എന്നിട്ടു ചോദിച്ചു: “ആകട്ടെ, നിനക്കതേക്കുറിച്ചെന്തെങ്കിലും പറയാനുണ്ടോ?”
“എന്നെയൊന്നു വെറുതെ വിടൂ,” അവൻ മറുപടിയെന്നോണം പിറുപിറുത്തു.
“എനിക്കു നിന്നെക്കുറിച്ചു വല്ലാത്ത ഉത്കണ്ഠയാണ്. നിനക്കൊട്ടും സന്തോഷമില്ലല്ലോ. ഞാൻ നിന്നെ സഹായിക്കാം.“
“എനിക്ക് ആരുടെയും സഹായമൊന്നും വേണ്ട!” അവൻ ആക്രോശിച്ചു. “എന്നെയൊന്നു ശല്യം ചെയ്യാതിരുന്നാൽ മതി! എനിക്കു നിങ്ങളോടു വെറുപ്പാണ്! ഞാനൊന്നു മരിച്ചുപോയിരുന്നെങ്കിൽ!”
“ജിമ്മി!” സൂസൻ ദീർഘമായൊന്നു നിശ്വസിച്ചു. “നീ എന്നോട് ഇത്തരം വർത്തമാനം പറഞ്ഞാലുണ്ടല്ലോ നീ—നീ നല്ല അടി വാങ്ങിക്കും! ഞാൻ മര്യാദയ്ക്കാണു ചോദിച്ചത്. നിനക്കെന്തുപററിയെന്ന് എനിക്കറിയില്ല. ഞാൻ പറയുന്നതും ചെയ്യുന്നതും ഒന്നും നിനക്കിഷ്ടപ്പെടുന്നില്ല.”
ദിവസം മുഴുവനും ജോലിചെയ്തു ക്ഷീണിച്ചു വലഞ്ഞ സൂസൻ ഇങ്ങനെയൊരു കുട്ടിയെ തനിക്ക് എങ്ങനെ കിട്ടി എന്ന് അതിശയിച്ചുകൊണ്ട് വാഹനങ്ങൾക്കിടയിലൂടെ വണ്ടി വെട്ടിച്ച് ഓടിക്കയാണ്. അവൾക്കു സംഭ്രാന്തിയും നിസ്സഹായതയും കോപവും അതുപോലെതന്നെ തന്റെ സ്വന്തം പുത്രനോട് വിരക്തിയും തോന്നി. കുററബോധം അവളുടെ മനസ്സിനെ അലട്ടിക്കൊണ്ടുമിരുന്നു. അവനെ—തന്റെ സ്വന്തം കുഞ്ഞിനെ—വീട്ടിലേക്കു കൊണ്ടുപോകാൻ അവൾക്കു ഭീതിയാണ്. അന്നു സ്കൂളിൽ സംഭവിച്ചതെന്താണെന്ന് അവൾക്ക് ഇപ്പോൾ അറിയണമെന്നേ ഇല്ല. അധ്യാപിക വീണ്ടും ഫോണിൽക്കൂടി ജിമ്മിയുടെ പ്രശ്നം സംസാരിക്കുമെന്നതിനു സംശയമില്ല. ചില സമയങ്ങളിൽ സൂസന് കേവലം സഹിച്ചു നിൽക്കാനായില്ല.
ഇങ്ങനെ നിസ്സാരങ്ങളെന്നു തോന്നുന്ന സംഭവങ്ങൾ ഉത്കണ്ഠാ നിർഭരവും ശക്തവുമായ വൈകാരിക അഗ്നിപരീക്ഷകളായി പൊട്ടിത്തെറിക്കുന്നു. പ്രശ്നങ്ങളുമായി ഏററുമുട്ടുമ്പോൾ തികച്ചും ഉഗ്രമായ രീതിയിൽ പ്രതികരിക്കുകയെന്നതാണ് എഡിഡി/എഡിഎച്ച്ഡിയുള്ള അല്ലെങ്കിൽ “കുഴപ്പക്കാർ” എന്നു മുദ്രയുള്ള കുട്ടികളുടെ സ്വഭാവം. അവർ പെട്ടെന്നു പൊട്ടിത്തെറിച്ചുകൊണ്ട് മാതാപിതാക്കളെ കുപിതരും പരിഭ്രാന്തരും ആത്യന്തികമായി അവശരുമാക്കിത്തീർക്കുന്നു.
വിലയിരുത്തലും ഇടപെടലും
സാധാരണമായി, ഈ കുട്ടികൾ ബുദ്ധിമാൻമാരും സർഗവാസനയുള്ളവരും തൊട്ടാവാടികളുമാണ്. അസാധാരണമായ ആവശ്യങ്ങളോടു കൂടിയവരും തൻമൂലം പ്രത്യേക രീതിയിൽ മനസ്സിലാക്കേണ്ടവരുമായ ആരോഗ്യമുള്ള കുട്ടികളാണ് ഇവരെന്ന് തിരിച്ചറിയേണ്ടതു പ്രധാനമാണ്. ഇത്തരം കുട്ടികളുടെ മാതാപിതാക്കൾ വിജയകരമെന്നു കണ്ടെത്തിയിരിക്കുന്ന ചില തത്ത്വങ്ങളും ആശയങ്ങളും ഇതാ.
ഒന്ന്, കുട്ടിയെ ആകുലപ്പെടുത്തുന്ന സാഹചര്യങ്ങളും ഉത്തേജകകാരികളും എന്തെന്നു തിരിച്ചറിയാൻ പഠിക്കേണ്ടതുണ്ട്. (താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 20:5.) മാതാവോ പിതാവോ വൈകാരിക സംഘട്ടനങ്ങൾക്കു മുമ്പ് കുട്ടിയിലുണ്ടാകുന്ന ലക്ഷണങ്ങൾ നിരീക്ഷിക്കേണ്ടതും സത്വരം ഇടപെടേണ്ടതും അത്യാവശ്യമാണ്. വർധിച്ച നിരാശയും ഒരു പ്രത്യേക സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള ശേഷിക്കുറവും പ്രതിഫലിക്കുന്ന മുഖഭാവമാണ് മുഖ്യമായ ഒരു സൂചന. കുട്ടിയെ സ്വയം നിയന്ത്രിക്കാൻ ഓർമിപ്പിക്കുന്ന ദയാപുരസ്സരമായ വാക്കുകൾ ഉച്ചരിക്കുന്നതോ ആവശ്യമെങ്കിൽ കുട്ടിയെ ആ സാഹചര്യത്തിൽനിന്നു മാററിക്കൊണ്ടുപോകുന്നതോ സഹായകമായേക്കാം. ഉദാഹരണത്തിന്, ഇടവേളകൾ ഫലപ്രദമാണ്. ഒരു ശിക്ഷണമായിരിക്കുന്നതിനെക്കാളുപരി ഇത് കുട്ടിക്കും മാതാപിതാക്കൾക്കും ശാന്തത വീണ്ടെടുത്ത് വിവേകപൂർവം മുന്നോട്ടു പോകുന്നതിനുള്ള ഒരു മാർഗമായിരിക്കണം.
ഇവിടെ നൽകിയിരിക്കുന്ന ഉദാഹരണത്തിൽ ജിമ്മി നിസ്സാരമായ ചോദ്യങ്ങളോട് അതിരുകടന്നു പ്രതികരിച്ചു. സാധാരണ എല്ലാദിവസങ്ങളിലും ജിമ്മി ഇങ്ങനെതന്നെയാണ്. ഈ കോപവും വെറുപ്പും തങ്ങളോടു മനഃപൂർവം കാട്ടുന്നതാണെന്നു മാതാപിതാക്കൾ വിചാരിക്കുക എളുപ്പമാണെങ്കിലും സമ്മർദം സഹിക്കാൻ മേലാതാകുമ്പോൾ ഈ കുട്ടികൾക്കു പലപ്പോഴും ഗ്രഹണപ്രാപ്തി (വിവേചന) നഷ്ടമാകുന്നു എന്ന് മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ഉൾക്കാഴ്ചയോടെ പ്രവർത്തിക്കേണ്ടത് പ്രധാനമാണ്. (സദൃശവാക്യങ്ങൾ 19:11) ജിമ്മിയുടെ കാര്യത്തിൽ, സംഭാഷണത്തിന് നിർബന്ധിക്കാതിരുന്നുകൊണ്ടും മകന് തന്നേത്തന്നെ നിയന്ത്രിക്കുന്നതിനുള്ള സമയം നൽകിക്കൊണ്ടും സൂസനു സാഹചര്യത്തെ ശാന്തമാക്കാമായിരുന്നു. ആ ദിവസത്തിലെ സംഭവങ്ങൾ അവർക്കു പിന്നീട് ചർച്ചചെയ്യാമായിരുന്നു.
സമ്മർദത്താൽ കുഴങ്ങിയ കുട്ടികൾ
ആധുനിക ലോകത്തെ ബാധിക്കുന്നത്രയും ഗുരുതരമായ പ്രശ്നങ്ങളും സമ്മർദങ്ങളും ഉത്കണ്ഠകളും മനുഷ്യകുടുംബത്തെ മുമ്പൊരിക്കലും ബാധിച്ചിട്ടില്ല. കാലം മാറിയിരിക്കുന്നു. ആവശ്യങ്ങൾ വർധിച്ചിരിക്കുന്നു, കുട്ടികളിൽനിന്ന് കൂടുതൽ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ വിഷയത്തെ സംബന്ധിച്ച് നല്ല കുട്ടികൾ, മോശമായ സ്വഭാവം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം വിശദീകരിക്കുന്നു: “കുട്ടികൾ അനുഭവിക്കുന്നതായി കാണപ്പെടുന്ന മിക്ക പ്രശ്നങ്ങളും മാറുന്ന സാമൂഹിക പ്രതീക്ഷകൾ നിമിത്തമോ അവയുടെ സ്വാധീനത്താലോ ഉണ്ടാകുന്നതാണ്.” എഡിഡി/എഡിഎച്ച്ഡിയുള്ള കുട്ടികൾക്ക് സ്കൂൾ ഒരു പേടി സ്വപ്നമാണ്. തങ്ങളുടെ തന്നെ പോരായ്മകളോടു പൊരുത്തപ്പെട്ടുപോകാൻ പോരാടുന്ന ഈ കുട്ടികളുടെ ഉത്കണ്ഠ വർധിപ്പിക്കാൻ മറെറാരു കാര്യം കൂടിയുണ്ട്. പ്രതികൂലവും അപകടകരവുമായി കാണപ്പെടുന്ന സാഹചര്യത്തിൽ തുടർച്ചയായി വേഗം വേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക പുരോഗതികളുടെ ഒരു സ്ഫോടനത്തോടു പൊരുത്തപ്പെട്ടുപോകാൻ അവർ നിർബന്ധിതരാണ്. ഈ പ്രശ്നങ്ങളെല്ലാം വഹിക്കാൻ കുട്ടികൾക്കു വൈകാരികമായി തീരെ പക്വതയില്ല. അവർക്കു മാതാപിതാക്കളുടെ സഹായം ആവശ്യമാണ്.
ഉരസൽ കുറയ്ക്കുക
ഏറെ സന്തുഷ്ടരും ആരോഗ്യവാൻമാരുമായ കുട്ടികൾ ഉണ്ടായിരിക്കുന്നതിനു ക്രമവും സ്ഥിരതയും ഉള്ള ഒരു ചുററുപാട് പ്രദാനം ചെയ്യേണ്ടതു പ്രധാനമാണ്. ഭവനത്തിൽ ഉരസൽ കുറയ്ക്കാനുള്ള ഫലപ്രദമായ ഒരു പദ്ധതി ലഘുവായ ഒരു ജീവിത രീതിയിൽ തുടങ്ങിയേക്കാം. ഈ കുട്ടികൾ വികാരങ്ങൾക്ക് അടിപ്പെടുന്നവരും ശ്രദ്ധാശൈഥില്യം അനുഭവിക്കുന്നവരും അമിത ചുറുചുറുക്കുള്ളവരും ആയിരിക്കുന്നതിനാൽ അമിതോത്തേജനത്തിന്റെ പ്രതികൂല ഫലം കുറയ്ക്കേണ്ടത് ആവശ്യമാണ്. ഈ കുട്ടികൾക്ക് ഒരു സമയത്ത് കളിക്കാൻ കൊടുക്കുന്ന കളിപ്പാട്ടങ്ങളുടെ എണ്ണം കുറയ്ക്കുക. ഒരു സമയത്ത് ഒരു ഗൃഹജോലിയോ പരിപാടിയോ മാത്രം ചെയ്തുനോക്കട്ടെ. ഈ കുട്ടികൾ തന്നെ പലപ്പോഴും ചിട്ടയില്ലാത്തവരായതുകൊണ്ട് കാര്യങ്ങൾ ചിട്ടപ്പെടുത്തുന്നതു നിരാശ കുറയ്ക്കുന്നു. അവർ കൈകാര്യം ചെയ്യേണ്ട ഇനങ്ങൾ എത്ര കുറവും എത്ര എളുപ്പത്തിൽ എടുക്കാവുന്നതുമാണോ അത്ര എളുപ്പമായിരിക്കും അവർക്കു ചെയ്യാനുള്ള പ്രധാന കാര്യങ്ങൾ.
ഭവനത്തിൽ സമ്മർദം കുറയ്ക്കാനുള്ള ഫലപ്രദമായ മറെറാരു മാർഗം പ്ലാൻ ചെയ്തതും കർക്കശമല്ലാത്തതുമായ ഒരു ക്രമം നടപ്പാക്കുന്നതാണ്. ഇതു കുട്ടികൾക്ക് ഒരു സ്ഥിരതാബോധം നൽകും. സംഭവങ്ങൾ നടക്കുന്ന കൃത്യമായ സമയം അനുക്രമത്തിന്റെ അഥവാ സംഭവങ്ങൾ നടക്കുന്ന ക്രമത്തിന്റെ അത്രയും പ്രധാനമല്ല. പിൻവരുന്നതുപോലെയുള്ള പ്രായോഗിക നിർദേശങ്ങൾ ബാധകമാക്കുന്നതിനാൽ ഇതു സാധിക്കും. ലളിതവും നന്നായി സമീകൃതവുമായ ഭക്ഷണങ്ങളിലൂടെയും ലഘുഭക്ഷണങ്ങളിലൂടെയും സമയാസമയങ്ങളിൽ ഉചിതമായ പോഷണം പ്രദാനം ചെയ്യുക. ഉറങ്ങുന്നതിനു മുമ്പുള്ള ചിട്ടകൾ ഊഷ്മളവും സ്നേഹപൂർവകവും അയവുള്ളതും ആക്കിത്തീർക്കുക. കടയിൽ പോക്ക് ഉയർന്നതോതിൽ ചുറുചുറുക്കുള്ള കുട്ടികളെ അമിതമായി ഉത്തേജിപ്പിക്കുന്നു. അതുകൊണ്ട് മുൻകൂട്ടി പ്ലാൻ ചെയ്യുകയും വളരെയധികം കടകളിൽ കയറാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഉല്ലാസവേളകൾക്കായി പുറത്തുപോകുമ്പോൾ ഏതു രീതിയിലുള്ള പെരുമാററമാണു നിങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന് വിശദീകരിച്ചു കൊടുക്കുക. വികാരത്തിനടിപ്പെടുന്ന സ്വന്തം സ്വഭാവത്തെ നിയന്ത്രിക്കുന്നതിന് പ്രത്യേക ആവശ്യങ്ങളുള്ള കുട്ടിയെ കൃത്യമായ നിഷ്ഠകൾ സഹായിക്കുന്നു. കൂടാതെ അത് മാതാപിതാക്കളുടെ പ്രതികരണം മുൻകൂട്ടിക്കാണാൻ കുട്ടികളെ സഹായിക്കുകയും ചെയ്യുന്നു.
കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതോടൊപ്പം ഒരു നിയമവ്യവസ്ഥ രൂപീകരിക്കുന്നതും വിട്ടുവീഴ്ചയില്ലാത്ത നിയമങ്ങൾ ലംഘിച്ചാലുള്ള പരിണതഫലങ്ങൾ ഉൾപ്പെടുത്തുന്നതും പ്രയോജനപ്രദമാണ്. സ്ഥിരവും ഇണകൾക്ക് ഇരുവർക്കും സമ്മതവുമായ കൃത്യമായ നിയമങ്ങൾ വെക്കുന്നതു കുട്ടികൾ അനുവർത്തിക്കേണ്ട സ്വഭാവം സംബന്ധിച്ച അതിർവരമ്പുകൾ വെക്കുകയും സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്വം വഹിക്കാൻ അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. ആവശ്യമെങ്കിൽ (പിതാവിനും മാതാവിനും കുട്ടിക്കും ഓർമിക്കാനായി) നിയമങ്ങളുടെ ഒരു പട്ടികയുണ്ടാക്കി കാണാവുന്ന ഒരു സ്ഥാനത്തു പതിക്കുക. വൈകാരിക ഭദ്രതയുടെ താക്കോൽ സ്ഥിരതയാണ്.
കുട്ടിയുടെ പ്രാഥമ്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും മനസ്സിലാക്കി അവയോടു പൊരുത്തപ്പെടുന്നതു ഭവനത്തിലെ അനാവശ്യമായ സമ്മർദത്തെ ലഘൂകരിക്കാൻ വളരെയധികം സഹായിക്കുന്നു. ക്രമംകെട്ടും വികാരങ്ങൾക്ക് അടിപ്പെട്ടും പ്രവർത്തിക്കുന്നത് ഈ കുട്ടികളുടെ പ്രത്യേക സ്വഭാവമായതുകൊണ്ട് മററു കുട്ടികളോടുള്ള അവരുടെ ഇടപെടൽ വളരെ പ്രയാസകരമായ ഒരു അനുഭവമായിരിക്കും. പ്രത്യേകിച്ചു കളിപ്പാട്ടങ്ങൾ പങ്കുവെക്കുന്ന കാര്യത്തിൽ അവർ ഏററുമുട്ടുന്നു. അതുകൊണ്ട് പങ്കുവെയ്ക്കാവുന്ന തരത്തിലുള്ള, ഇഷ്ടപ്പെട്ട ഇനങ്ങൾ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ അത്തരം കുട്ടികളെ അനുവദിച്ചേക്കാം. കൂടാതെ, കളിക്കൂട്ടുകാരുടെ എണ്ണം കുറച്ചുകൊണ്ടും അമിതമായി ആവേശം കൊള്ളിക്കാത്തതരത്തിലുള്ള നിർമാണാത്മകമായ ചില പ്രവർത്തനങ്ങൾ മാത്രം അനുവദിച്ചുകൊണ്ടും അവരുടെ ക്ഷമകേട് നിയന്ത്രിക്കാവുന്നതാണ്.
അനാവശ്യമായ രൂപങ്ങളിൽ ഞെക്കിയൊതുക്കുന്നതും രൂപപ്പെടുത്തുന്നതും ഒഴിവാക്കേണ്ടതും ഓരോ കുട്ടിയെയും അവന്റേതായ അല്ലെങ്കിൽ അവളുടേതായ രീതിയിൽ വളരാനനുവദിക്കേണ്ടതും മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഒരു കുട്ടിക്ക് ഒരു പ്രത്യേക ആഹാരത്തോടോ വസ്ത്രത്തോടോ വെറുപ്പാണെങ്കിൽ അത് ഒഴിവാക്കുക. ഈർഷ്യയുടെ ഈ കൊച്ചു മുള്ളുകൾ പോരാട്ടത്തിനുതക്ക വിലയുള്ളതല്ല. ചുരുക്കിപ്പറഞ്ഞാൽ, കാണുന്നതെല്ലാം നിയന്ത്രിക്കാൻ ശ്രമം ചെലുത്താതിരിക്കുക. സമനിലയുള്ളവരായിരിക്കുക. എന്നാൽ ഒരു ക്രിസ്തീയ കുടുംബത്തിനു സ്വീകാര്യമായിരിക്കുന്ന കാര്യങ്ങൾ സംബന്ധിച്ചു തീരുമാനങ്ങളെടുക്കുമ്പോൾ അവയോടു പററി നിൽക്കുക.
സ്വഭാവത്തെ നിയന്ത്രിക്കൽ
പെരുമാററസ്ഥിരതയില്ലാത്ത കുട്ടികൾക്ക് കൂടുതൽ നിയന്ത്രണം ആവശ്യമുള്ളതായി കണ്ടുവരുന്നു. അതുകൊണ്ട് കൂടെക്കൂടെ ശിക്ഷിക്കേണ്ടി വരുമ്പോൾ മിക്ക മാതാപിതാക്കൾക്കും വല്ലാത്ത കുററബോധം അനുഭവപ്പെടുന്നു. എന്നാൽ ശിക്ഷണവും ദ്രോഹവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതു പ്രധാനമാണ്. മൊത്തം ശാരീരിക ദ്രോഹത്തിന്റെ 21 ശതമാനം സംഭവിക്കുന്നത് കുട്ടികൾ അക്രമാസക്തമായ സ്വഭാവം പ്രകടിപ്പിക്കുമ്പോഴാണെന്ന് റിപ്പോർട്ടു പ്രകടമാക്കുന്നതായി ശിക്ഷണത്തെ ബാലജന ദ്രോഹമാക്കിമാററുന്ന സൂക്ഷ്മരേഖ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ആയതിനാൽ, എഡിഡി/എഡിഎച്ച്ഡിയുള്ള കുട്ടികൾക്ക് “ശാരീരിക ദ്രോഹത്തിനും അവഗണനയ്ക്കും ഉള്ള വലിയ സാധ്യതയുണ്ട്” എന്ന് ഗവേഷണം നിഗമനം ചെയ്യുന്നു. പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളെ വളർത്തുന്നത് സമ്മർദപൂർണമാണെന്നുള്ള കാര്യം അനിഷേധ്യമാണ്. എന്നാൽ അവരെ നിയന്ത്രിക്കുന്നത് ആരോഗ്യാവഹവും സന്തുലിതവുമായ വിധത്തിൽ ആയിരിക്കണം. ഈ കുട്ടികൾ സാധാരണമായി ഏറെ ബുദ്ധിമതികളും വളരെയധികം സർഗാത്മകരുമായതുകൊണ്ട് ന്യായവാദം ആവശ്യമുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അവർ മാതാപിതാക്കൾക്കു വെല്ലുവിളി ഉയർത്തുന്നു. ഈ കുട്ടികൾക്ക് പലപ്പോഴും മാതാപിതാക്കളുടെ ഏററവും ബുദ്ധിപൂർവകമായ ന്യായവാദങ്ങളുടെപോലും കുറവുകൾ ചൂണ്ടിക്കാട്ടുന്ന ഒരു സ്വഭാവമുണ്ട്. അവരെ അതിന് അനുവദിക്കാതിരിക്കുക! മാതാവോ പിതാവോ എന്ന നിലയിലുള്ള നിങ്ങളുടെ അധികാരം നിലനിർത്തുക.
സൗഹാർദപരമായി, എന്നാൽ ഉറപ്പോടെ ഹ്രസ്വമായ വിശദീകരണങ്ങൾ നൽകുക; മററു വാക്കുകളിൽ പറഞ്ഞാൽ, അധികം വിവരിക്കാതിരിക്കുക, വിട്ടുവീഴ്ച ചെയ്യാൻ പാടില്ലാത്ത നിയമങ്ങൾ വിട്ടുവീഴ്ച ചെയ്യാതിരിക്കുക. നിങ്ങളുടെ “ഉവ്വു” ഉവ്വു എന്നും “ഇല്ല” ഇല്ല എന്നും ആയിരിക്കട്ടെ. (താരതമ്യം ചെയ്യുക: മത്തായി 5:37.) കുട്ടികൾ നയതന്ത്രജ്ഞരല്ല; അതുകൊണ്ട് അവരുമായുള്ള ഇടപെടലുകൾ വാദപ്രതിവാദം, കോപം, നൈരാശ്യം എന്നിവയിലേക്കു നയിക്കുകയും ആക്രോശത്തിലും അക്രമത്തിൽ പോലും ചെന്നെത്തുകയും ചെയ്യുന്നു. (എഫെസ്യർ 4:31) അതുപോലെ തന്നെ വളരെയധികം മുന്നറിയിപ്പു കൊടുക്കുന്നതും ഒഴിവാക്കുക. ശിക്ഷണം ആവശ്യമാണെങ്കിൽ അത് ഉടനടി നൽകേണ്ടതാണ്. ഒരു നിഷേധാത്മക ലോകത്തിൽ ക്രിയാത്മകരായ കുട്ടികളെ വളർത്തൽ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: “ശാന്തത, ശുഭാപ്തി വിശ്വാസം, ദൃഢത—അധികാരം എന്നു പറഞ്ഞാൽ അതാണ്.” കൂടാതെ ദ ജർമൻ ട്രിബ്യൂണിലെ വിശിഷ്ടമായ നിർദേശങ്ങൾ ശ്രദ്ധിക്കുക: “എല്ലായ്പോഴും കുട്ടിയുടെ ശ്രദ്ധ പിടിച്ചുപററും വിധം അതിനോടു സംസാരിക്കുക: അതിന്റെ പേര് കൂടെക്കൂടെ ഉപയോഗിക്കുക, ദൃഷ്ടിസമ്പർക്കം പുലർത്തുക, ലളിതമായ ഭാഷ ഉപയോഗിക്കുക.”
ദ്രോഹിക്കുന്നത് മാതാപിതാക്കൾക്ക് നിയന്ത്രണം നഷ്ടമാകുമ്പോഴാണ്. ഒരു മാതാവോ പിതാവോ ആക്രോശിക്കുമ്പോൾ അവനോ അവൾക്കോ അപ്പോൾതന്നെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. സദൃശവാക്യങ്ങൾ 15-ാം അധ്യായം കുട്ടികളെ വളർത്തുന്നതിനെയും ശിക്ഷണം നൽകുന്നതിനെയും കുറിച്ചു സംസാരിക്കുന്നു. ഉദാഹരണത്തിന്, 4-ാം വാക്യം ഇപ്രകാരം പ്രസ്താവിക്കുന്നു: “നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം”; (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) 18-ാം വാക്യം: “ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു”; (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) അവസാനമായി 28-ാം വാക്യം: “നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) അതുകൊണ്ട്, നാം എന്തു പറയുന്നുവെന്നതു മാത്രമല്ല പിന്നെയോ എങ്ങനെ പറയുന്നുവെന്നതും തിരിച്ചറിയേണ്ടത് പ്രധാനമാണ്.
നിന്ദിക്കലല്ല, പിന്നെയോ പ്രശംസിക്കൽ
വളർത്തിക്കൊണ്ടുവരാൻ പ്രയാസമുള്ള കുട്ടികൾ നിർമാണാത്മകവും വിചിത്രവും ഭ്രാന്തുപിടിച്ചതുപോലുമായ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് മാതാപിതാക്കൾ പെട്ടെന്നു തെററുകണ്ടുപിടിക്കയും പരിഹസിക്കയും ശകാരിക്കയും കോപിച്ചു തട്ടിക്കയറുകയും ചെയ്യാൻ പ്രവണത കാട്ടുന്നു. എന്നിരുന്നാലും, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ പറയുന്നതനുസരിച്ച് ബൈബിൾ എഫേസ്യർ 6:4-ൽ “ക്രിസ്തീയ ശിക്ഷണത്തിലും പ്രബോധനത്തിലും” കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കളെ പ്രബോധിപ്പിക്കുന്നു. യേശു തെററുകാരെ എങ്ങനെയാണ് ശിക്ഷിച്ചത്? ന്യായമായും ദൃഢമായും പടികൾ സ്വീകരിച്ചുകൊണ്ട് യേശു പ്രബോധനാത്മകമായ ശിക്ഷണം ഉപയോഗിച്ചു. തൻമൂലം ആളുകൾ പരിശീലിപ്പിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയുമാണുണ്ടായത്. ശിക്ഷണം എന്നു പറയുന്നത് ഒരു പ്രക്രിയയാണ്, ഒരു പ്രബോധന രീതിയാണ്. കുട്ടികളോട് ഇടപെടുമ്പോൾ അത് സാധാരണമായി കൂടെക്കൂടെ വേണ്ടിവരുന്നു.—1992, സെപ്ററംബർ 8 ഉണരുക!യിലെ (ഇംഗ്ലീഷ്) “ബൈബിളിന്റെ വീക്ഷണം . . . ‘ശിക്ഷണത്തിനുള്ള വടി’—അതു പഴഞ്ചനോ?,” എന്ന ലേഖനം കാണുക.
ശരിയായ രീതിയിലുള്ള ശിക്ഷണം ആശ്രയത്തിന്റെയും ഊഷ്മളതയുടെയും സ്ഥിരതയുടെയും ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു; അതുകൊണ്ട് ശിക്ഷണം ആവശ്യമായിരിക്കുമ്പോൾ വിശദാംശങ്ങൾ നൽകിക്കൊണ്ട് അത് നടപ്പാക്കണം. കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ ഉടനടിയൊന്നും പരിഹാരമുണ്ടാവില്ല. എന്തുകൊണ്ടെന്നാൽ കുട്ടികൾ പഠിച്ചുവരുന്നതു സാവധാനമാണ്, അതിന് സമയമെടുക്കും. ഏതൊരു കുട്ടിയെയും, പ്രത്യേകിച്ച് വളർത്തിക്കൊണ്ടുവരാൻ വിഷമമുള്ള കുട്ടികളെ, ശരിയായ രീതിയിൽ വളർത്തിയെടുക്കണമെങ്കിൽ വളരെയധികം ശ്രദ്ധയും സ്നേഹവും സമയവും പ്രയത്നവും ആവശ്യമാണ്. പിൻവരുന്ന ഈ ചെറിയ ചൊല്ല് ഓർമിക്കാൻ എളുപ്പമാണ്: “നിങ്ങൾ അർഥമാക്കുന്നതു പറയുക, പറയുന്നത് അർഥമാക്കുക, നിങ്ങൾ ചെയ്യുമെന്നു പറയുന്നത് ചെയ്യുക.”
ഉപദ്രവകരമായ സ്വഭാവമുള്ള കുട്ടികളോട് ഇടപെടുമ്പോഴുള്ള ഏററവും നിരാശാപൂർണമായ പ്രശ്നങ്ങളിലൊന്ന് ശ്രദ്ധയാകർഷിക്കാനുള്ള അവരുടെ അതിമോഹമാണ്. ഒട്ടുമിക്കപ്പോഴും അവർക്കു കിട്ടുന്നത് ക്രിയാത്മകമായ ശ്രദ്ധയ്ക്കു പകരം നിഷേധാത്മകമായ ശ്രദ്ധയാണ്. എന്നാൽ, ശ്രദ്ധിക്കാനും പ്രശംസിക്കാനും നന്നായി പെരുമാറിയതിനോ ഒരു ജോലി നന്നായി ചെയ്തതിനോ പ്രതിഫലം നൽകാനും വേഗതയുള്ളവരായിരിക്കുക. ഇത് കുട്ടിക്ക് വളരെ പ്രോത്സാഹജനകമായിരിക്കും. ആദ്യമൊക്കെ നിങ്ങളുടെ ശ്രമങ്ങൾ അതിശയോക്തിപരമായി തോന്നിയേക്കാം. എന്നാൽ അവ ഫലങ്ങൾക്കു തക്ക മൂല്യമുള്ളതാണ്. ചെറുതെങ്കിലും തൽക്ഷണം ലഭിക്കുന്ന പ്രതിഫലങ്ങളാണ് കുട്ടികൾക്ക് ആവശ്യം.
ഗ്രെഗിനെക്കൊണ്ടു പിതാവിനുള്ള ബുദ്ധിമുട്ട്
“കിൻറർഗാർട്ടനിലായിരുന്നപ്പോൾ അഞ്ചാമത്തെ വയസ്സിൽ ഞങ്ങളുടെ മകൻ ഗ്രെഗിന് എഡിഎച്ച്ഡി ഉള്ളതായി രോഗനിർണയം തെളിയിച്ചു. അന്ന് ഞങ്ങൾ ഒരു ശിശുവളർച്ചാ ശാസ്ത്രജ്ഞനെ കണ്ടു. ഗ്രെഗിന് തീർച്ചയായും എഡിഎച്ച്ഡി ഉണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അദ്ദേഹം ഞങ്ങളോടു പറഞ്ഞു: ‘ഇത് അവന്റെയോ നിങ്ങളുടെയോ കുഴപ്പമല്ല, അവന് അതു സംബന്ധിച്ച് ഒന്നും ചെയ്യാനാവില്ല, എന്നാൽ നിങ്ങൾക്കാകും.’
“എഡിഎച്ച്ഡിയെ തരണം ചെയ്യുന്നതിന് ഞങ്ങളുടെ മകനെ സഹായിക്കാൻ മാതാപിതാക്കളെന്ന നിലയിൽ ഞങ്ങൾക്കുള്ള വലിയ ഉത്തരവാദിത്വത്തെ സുവ്യക്തമാക്കി തന്ന ആ വാക്കുകളെപ്പററി ഞങ്ങൾ പലപ്പോഴും ചിന്തിക്കാറുണ്ട്. അന്നു ഡോക്ടർ ഞങ്ങൾക്കു വായിക്കാനായി സാഹിത്യങ്ങൾ തന്നുവിട്ടു. കഴിഞ്ഞ മൂന്നു വർഷങ്ങൾകൊണ്ടു ഞങ്ങൾക്കു ലഭിച്ച പരിജ്ഞാനം മാതാപിതാക്കളെന്ന നിലയിൽ ഞങ്ങൾക്കു ഗ്രെഗിനോടുള്ള ഉത്തരവാദിത്വങ്ങൾ നിറവേററുന്നതിൽ വളരെ പ്രധാനമായിരുന്നിട്ടുണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
“ശരിയായ സ്വഭാവത്തിന് ഊന്നൽ നൽകേണ്ടതും മുന്നറിയിപ്പുകൾ നൽകേണ്ടതും മോശമായ സ്വഭാവം കാണിക്കുമ്പോൾ ആവശ്യമെങ്കിൽ ശിക്ഷിക്കേണ്ടതും എഡിഎച്ച്ഡിയുള്ള ഒരു കുട്ടിയെ വളർത്തിക്കൊണ്ടുവരുന്നതിൽ മർമപ്രധാനമാണ്. നിങ്ങൾക്ക് എത്രയധികം പ്ലാനും സ്ഥിരതയും ഉള്ളവരായിരിക്കാൻ കഴിയുന്നുവോ അത്രയധികം മെച്ചമായിരിക്കും പ്രതിഫലങ്ങളും. ലളിതമായ ഈ പ്രസ്താവനകളാണ് ഒരുപക്ഷേ ഒരു എഡിഎച്ച്ഡി കുട്ടിയെ വളർത്തിക്കൊണ്ടുവരുന്നതിലെ മുഖ്യ ഘടകം. എന്നാൽ നിങ്ങൾക്ക് ഇത് ഒരു ദിവസം തന്നെ പല തവണ ചെയ്യേണ്ടിവരുന്നതുകൊണ്ട് പറയുന്നതുപോലെ എളുപ്പമല്ല ചെയ്യാൻ.
“ഞങ്ങൾ ഏററവും ഫലപ്രദമായി കണ്ടിരിക്കുന്ന ഒരു ഉപായം ഇടവേളകൾ അനുവദിക്കുന്നതാണ്. മോശമായ ഒരു സ്വഭാവം മാററുന്നതിന് ഞങ്ങൾ ഇടവേളകൾ അനുവദിക്കുമ്പോഴെല്ലാം കൂടുതൽ ക്രിയാത്മകമായ ഒരു പെരുമാററത്തിന് ഊന്നൽ നൽകുന്ന ഒരു പരിപാടിയും ഇടും. ഇത് അംഗീകാരത്തിന്റെ ഒരു വാക്കോ, ആലിംഗനമോ അല്ലെങ്കിൽ ഒരു സമ്മാനമോ പദവിയോ ആയിരിക്കാം. ഞങ്ങൾ കടയിൽ ചെന്ന് ഒരു സ്ററിക്കർ ചാർട്ട് വാങ്ങി. ഉചിതമായ പെരുമാററം എന്തെന്ന് ഞങ്ങൾ അതിന്റെ മുകളിൽ എഴുതിവെച്ചു. ഗ്രെഗ് ഉചിതമായി പെരുമാറുന്നതായി കാണുന്ന ഓരോ പ്രാവശ്യവും ചാർട്ടിൽ ഒട്ടിക്കാൻ ഞങ്ങൾ അവന് ഒരു സ്ററിക്കർ കൊടുക്കും. ചാർട്ട് നിറയുമ്പോൾ, ഉദാഹരണത്തിന് 20 സ്ററിക്കറാകുമ്പോൾ, അവനൊരു പ്രതിഫലം ലഭിക്കും. ഈ പ്രതിഫലം സാധാരണമായി അവൻ യഥാർഥത്തിൽ ആസ്വദിക്കുന്ന എന്തെങ്കിലുമായിരിക്കും, പാർക്കിൽ പോകുന്നതുപോലെ. അത് നന്നായി പ്രവർത്തിക്കാൻ അവനെ പ്രേരിപ്പിക്കുന്നതുകൊണ്ട് സഹായകമാണ്. താൻ എങ്ങനെയാണ് പെരുമാറുന്നതെന്നും പ്രതിഫലത്തോട് എത്രമാത്രം അടുത്താണെന്നും സ്ററിക്കർ ഒട്ടിക്കുമ്പോൾ അവന് കാണാൻ കഴിയും.
“ഞങ്ങൾ ഫലപ്രദമായി കണ്ടിരിക്കുന്ന മറെറാരു രീതി, തിരഞ്ഞെടുക്കാൻ ഗ്രെഗിനെ അനുവദിക്കുന്നതാണ്. നേരിട്ട് ആജ്ഞാപിക്കുന്നതിനു പകരം ഞങ്ങൾ തിരഞ്ഞെടുക്കാൻ അവനെ അനുവദിക്കുന്നു. ഒന്നുകിൽ അവന് ഉചിതമായി പെരുമാറാം അല്ലെങ്കിൽ ന്യായമായ പരിണതഫലം അനുഭവിക്കാം. ഇത് ഉത്തരവാദിത്വമുള്ളവനായിരിക്കാനും ശരിയായ തീരുമാനങ്ങളെടുക്കാനും അവനെ പഠിപ്പിക്കുന്നു. കടയിലോ റെസ്റററൻറിലോ മോശമായി പെരുമാറുന്നതുപോലെ അത് തുടർന്നുപോകുന്ന ഏതെങ്കിലും ഒരു പ്രശ്നമാണെങ്കിൽ, പ്രതിഫലം നൽകിക്കൊണ്ടുള്ള ഒരു സ്ററിക്കർ ചാർട്ട് ഉപയോഗിക്കാൻ കഴിയും. അങ്ങനെ ഉചിതമായ പെരുമാററത്തിന്റെ പ്രയോജനങ്ങൾ അവൻ മനസ്സിലാക്കുകയും അവന്റെ പുരോഗതികളിൽ ഞങ്ങൾ അംഗീകാരം പ്രകടമാക്കുകയും ചെയ്യുന്നു.
“സ്വഭാവത്തെയും പ്രതികരണങ്ങളെയും നിയന്ത്രിക്കാനുള്ള കുട്ടിയുടെ പ്രാപ്തിയെ എഡിഎച്ച്ഡി ബാധിക്കുന്ന കാര്യം മിക്ക ആളുകൾക്കും അറിയാൻ പാടില്ല. കൂടുതൽ മെച്ചമായി ശ്രമിക്കുന്ന പക്ഷം ഈ കുട്ടികൾക്ക് തങ്ങളുടെ ശ്രദ്ധാ പരിധിയും സ്വഭാവവും നിയന്ത്രിക്കാൻ കഴിയുമെന്നും അവർ പരാജയപ്പെടുന്നെങ്കിൽ അത് മാതാപിതാക്കളുടെ കുററമാണെന്നും പല ആളുകളും വിശ്വസിക്കുന്നു.
“രാജ്യഹാളിലെ സഭായോഗത്തിൽ രണ്ടു മണിക്കൂർനേരം അനങ്ങാതെയിരിക്കണമെന്നു പറയുന്നത് എഡിഎച്ച്ഡിയുള്ള ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ശാരീരികമായി അസാധ്യമാണ്. വെറും അഞ്ചു വയസ്സുണ്ടായിരുന്നപ്പോൾ ഗ്രെഗ് ഓരോ മീററിംഗിനും മുമ്പു കരഞ്ഞുകൊണ്ട് ചോദിക്കുന്നത് ഞങ്ങൾ ഒരിക്കലും മറക്കില്ല, ‘ഇത് വലിയ മീററിംഗാണോ ചെറിയ മീററിംഗാണോ?’ അത് രണ്ടു മണിക്കൂർ നേരത്തെ മീററിംഗാണെങ്കിൽ അവൻ വലിയ വായിൽ കരയുമായിരുന്നു. എന്തുകൊണ്ടെന്നാൽ അത്രയും സമയം ഇരിക്കാൻ തനിക്കു സാധ്യമല്ലെന്ന് അവനറിയാമായിരുന്നു. അതുണ്ടാക്കുന്ന ക്രമക്കേടുകളും പരിമിതികളും ഞങ്ങൾ വകവെച്ചുകൊടുക്കേണ്ടിയിരിക്കുന്നു. ആരെക്കാളുമധികമായി യഹോവ ഈ ക്രമക്കേട് മനസ്സിലാക്കുന്നുണ്ടെന്നു ഞങ്ങൾക്കറിയാം. അത് ആശ്വാസത്തിനുള്ള ഒരു കാരണമാണ്. ഇപ്പോൾ ഗ്രെഗ് ചികിത്സയിലല്ല. അവന് പ്രായത്തിനു തക്ക വിദ്യാഭ്യാസ പുരോഗതിയുമുണ്ട്.
“യഹോവയെ ഞങ്ങളുടെ പ്രത്യാശയാക്കുന്നതും പുതിയ ലോകത്തിലേക്കു ദൃഷ്ടികളെ നടുന്നതുമാണു ഞങ്ങളെ നിലനിർത്തിപ്പോരുന്ന സംഗതി. ഞങ്ങളുടെ പ്രത്യാശ ഇപ്പോൾതന്നെ ഗ്രെഗിന് വളരെയധികം അർഥവത്താണ്. പറുദീസാ ഭൂമിയിൽ യഹോവ എഡിഎച്ച്ഡി നീക്കിക്കളയുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ അവൻ യഥാർഥത്തിൽ ആവേശം കൊള്ളുന്നു. അവന്റെ കണ്ണുകൾ നിറയുകപോലും ചെയ്യുന്നു.”
[9-ാം പേജിലെ ചതുരം]
സൽസ്വഭാവത്തിനുള്ള സാധ്യമായ പ്രതിഫലങ്ങൾ:
1. പ്രശംസ—ഒരു ജോലി നന്നായി ചെയ്തതിനുള്ള പ്രശംസാവാക്കുകൾ; സ്നേഹം, ആലിംഗനങ്ങൾ, മുഖഭാവങ്ങളിൽ ഊഷ്മളത എന്നിവയോടൊപ്പം സൽസ്വഭാവത്തിനു പ്രകടമാക്കുന്ന വിലമതിപ്പ്.
2. ചാർട്ട് പദ്ധതി—സൽസ്വഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആകർഷകമായ സ്ററിക്കറുകളോ നക്ഷത്രങ്ങളോ ഒട്ടിച്ച ചാർട്ട് ശ്രദ്ധയാകർഷിക്കുന്ന ഒരു സ്ഥാനത്തു പ്രദർശിപ്പിക്കുന്നു.
3. നല്ല കാര്യങ്ങളുടെ ലിസ്ററ്—സ്വീകാര്യവും പ്രശംസനീയവുമായ നേട്ടങ്ങളുടെ തന്നെ. കുട്ടി നല്ലതെന്തെങ്കിലും ചെയ്യുന്ന ഓരോ പ്രാവശ്യവും, ആദ്യമൊക്കെ അത് എത്ര നിസ്സാരമായിരുന്നാലും, എഴുതിയിടുകയും കുടുംബാംഗങ്ങളിൽ ഒരാളെ വായിച്ചുകേൾപ്പിക്കുകയും ചെയ്യുക.
4. ഒരു സ്വഭാവ സൂചിക—കുട്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യുമ്പോൾ കുട്ടിയുടെ പ്രായമനുസരിച്ച് ഒരു ജാറിൽ പയറോ മിഠായിയോ ഇട്ടുകൊടുക്കുന്നു (കാണാവുന്ന പ്രോത്സാഹനം). സിനിമയ്ക്കു പോകൽ, മഞ്ഞിൽ തെന്നിക്കളിക്കൽ (skating), അല്ലെങ്കിൽ ഒരു റെസ്റററൻറിൽനിന്ന് ആഹാരം കഴിക്കൽ എന്നിങ്ങനെ കുടുംബം പോകാൻ ഏതായാലും തീരുമാനിച്ചിരുന്ന എവിടെയെങ്കിലും പ്രതിഫലമായി കൊണ്ടുപോകുന്ന ഒരു പോയിൻറു വ്യവസ്ഥ സ്ഥാപിക്കുകയെന്നതാണ് ലക്ഷ്യം. “നീ നന്നായി പെരുമാറിയില്ലെങ്കിൽ നമ്മൾ പോകില്ല” എന്ന് കുട്ടിയോട് പറയുന്നതിനുപകരം “നീ നല്ലതായിരുന്നാൽ നമുക്ക് പോകാം” എന്നു പറയുക. മാററം വരുത്താൻ ന്യായമായ സമയം അനുവദിക്കുന്നതോടൊപ്പം നിഷേധാത്മക ചിന്താഗതിയെ ക്രിയാത്മക ചിന്താഗതിയായി മാററുക എന്നതാണ് താക്കോൽ.
[7-ാം പേജിലെ ചിത്രം]
സംഭാഷണങ്ങൾക്ക് ചിലപ്പോൾ വൈകാരികമായി ആളിക്കത്താൻ കഴിയും
[8-ാം പേജിലെ ചിത്രം]
തീരുമാനങ്ങൾ എടുക്കുമ്പോൾ അവ വിശദീകരിച്ചുകൊടുക്കുകയും അവയോടു പററി നിൽക്കുകയും ചെയ്യുക
[10-ാം പേജിലെ ചിത്രം]
അവൻ അഭിമാനത്തോടെ ചാർട്ടിൽ ഒരു പുതിയ സ്ററിക്കർ കൂട്ടിച്ചേർക്കുന്നു