വെല്ലുവിളിയെ നേരിടൽ
വർഷങ്ങളിലൂടെ എഡിഎച്ച്ഡി-ക്കുവേണ്ടി ഒട്ടേറെ ചികിത്സാരീതികൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ ചിലത് ആഹാരക്രമത്തെ കേന്ദ്രീകരിച്ചുള്ളതാണ്. എങ്കിലും, ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന ഗുണസംവർധക ഘടകങ്ങൾ സാധാരണ അമിത ചുറുചുറുക്കിനു കാരണമല്ലെന്നും പോഷണലായനികൾക്കൊണ്ടു മിക്കപ്പോഴും വലിയ ഫലമില്ലെന്നും ചില പഠനങ്ങൾ അഭിപ്രായപ്പെടുന്നു. എഡിഎച്ച്ഡി ഭേദമാക്കാനുള്ള മറ്റു മാർഗങ്ങൾ വൈദ്യചികിത്സ, പെരുമാറ്റരൂപീകരണം, അനുഭവബോധത്തിലധിഷ്ഠിതമായ പരിശീലനം എന്നിവയാണ്.a
വൈദ്യചികിത്സ. എഡിഎച്ച്ഡി-ക്കു കാരണം മസ്തിഷ്കപ്രവർത്തനത്തിലുള്ള ക്രമക്കേടാണെന്നു കാണപ്പെടുന്നതുകൊണ്ട് ഉചിതമായ രാസസമനില പുനഃസ്ഥിതീകരിക്കാനുള്ള വൈദ്യചികിത്സ പലരുടെ കാര്യത്തിലും സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്.b എങ്കിലും, വൈദ്യചികിത്സ പഠനത്തിനു പകരമാകുന്നില്ല. അത്, പുതിയ കഴിവുകൾ പഠിക്കുന്നതിനുള്ള അടിസ്ഥാനം നൽകിക്കൊണ്ട്, ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടിയെ സഹായിക്കുക മാത്രമാണു ചെയ്യുന്നത്.
എഡിഎച്ച്ഡി ഉള്ള പല മുതിർന്നവർക്കും ഇതുപോലെ വൈദ്യചികിത്സവഴി സഹായം ലഭിച്ചിട്ടുണ്ട്. എങ്കിലും, എഡിഎച്ച്ഡി ചികിത്സിച്ചുമാറ്റാൻ ഉപയോഗിക്കുന്ന ചില ഉത്തേജക മരുന്നുകൾ ആസക്തിയുളവാക്കിയേക്കാമെന്നതുകൊണ്ട് യുവാക്കളും മുതിർന്നവരും ജാഗ്രത പുലർത്തുന്നതു നന്നായിരിക്കും.
പെരുമാറ്റ രൂപീകരണം. കുട്ടിക്ക് എഡിഎച്ച്ഡി ഉണ്ടെന്നുള്ളതു ശിക്ഷണം നൽകാനുള്ള കടപ്പാടിൽനിന്നു മാതാപിതാക്കളെ ഒഴിവാക്കുന്നില്ല. ഈ അസുഖത്തോടനുബന്ധിച്ച് കുട്ടിക്കു പ്രത്യേക ആവശ്യങ്ങൾ ഉണ്ടായിരുന്നേക്കാമെങ്കിൽത്തന്നെയും ബൈബിൾ മാതാപിതാക്കളെ ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നു: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” (സദൃശവാക്യങ്ങൾ 22:6) നിങ്ങളുടെ അമിത ചുറുചുറുക്കുള്ള കുട്ടി (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ബാർബ്ര ഇങ്കർസോൾ അഭിപ്രായപ്പെടുന്നു: “പരാജയമടഞ്ഞ്, അമിത ചുറുചുറുക്കുള്ള തന്റെ കുട്ടിയെ ‘കയറൂരി വിടുന്ന’ മാതാവോ പിതാവോ കുട്ടിക്കു നന്മ ചെയ്യുന്നില്ല. മറ്റ് ഏതു കുട്ടിയേയുംപോലെ അമിത ചുറുചുറുക്കുള്ള കുട്ടിക്കും ക്രമമായ ശിക്ഷണം ആവശ്യമാണ്. എന്നാൽ അതോടൊപ്പം കുട്ടിയോട് ഒരു വ്യക്തിയെന്നനിലയിലുള്ള ആദരവും ഉണ്ടായിരിക്കണം. വ്യക്തമായ പരിധികൾ വെക്കണമെന്നും ഉചിതമായ ശിക്ഷകൾ നൽകണമെന്നുമാണ് ഇതിന്റെ അർഥം.”
അതുകൊണ്ട്, ചിട്ടയോടുകൂടിയ ജീവിതനിലവാരം കുട്ടി നിഷ്ഠയോടെ പിൻപറ്റുന്നുവെന്നു മാതാപിതാക്കൾ ഉറപ്പാക്കുന്നതു പ്രധാനമാണ്. കൂടാതെ, ദിനചര്യകളുടെ കാര്യത്തിൽ കണിശമായ പട്ടികയുണ്ടായിരിക്കണം. ഗൃഹപാഠം, പഠനം, കുളി തുടങ്ങിയ കാര്യങ്ങൾ നിർവഹിക്കാനുള്ള സമയം ഉൾപ്പെടെ ഈ പട്ടിക തയ്യാറാക്കുന്നതിൽ കുട്ടിക്ക് അൽപ്പം സ്വാതന്ത്ര്യം നൽകാവുന്നതാണ്. അങ്ങനെയെങ്കിൽ അതു പിൻപറ്റുന്ന കാര്യത്തിലും ദൃഢതയുള്ളവരായിരിക്കുക. ദിനചര്യകളോടു പറ്റിനിൽക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക. ഫി ഡെൽറ്റ കാപ്പാൻ അഭിപ്രായപ്പെടുന്നു: “എഡിഡി അല്ലെങ്കിൽ എഡിഎച്ച്ഡി ഉണ്ടെന്ന വസ്തുത എന്തും ചെയ്യാനുള്ള ഒരു ലൈസൻസ് അല്ലെന്നും മറിച്ച്, അസുഖമുള്ള കുട്ടിക്ക് ഉചിതമായ സഹായം നൽകാനുള്ള ഒരു വിശദീകരണമാണെന്നും കുട്ടിക്കും മാതാപിതാക്കൾക്കും വിവരിച്ചുകൊടുക്കാനുള്ള ബാധ്യത ഡോക്ടർമാർക്കും മനശ്ശാസ്ത്രവിദഗ്ധർക്കും സ്കൂൾ അധികൃതർക്കും അധ്യാപകർക്കും ഉണ്ട്.”
അനുഭവബോധത്തിലധിഷ്ഠിതമായ പരിശീലനം. തന്നെക്കുറിച്ചും തന്റെ വൈകല്യത്തെക്കുറിച്ചുമുള്ള കുട്ടിയുടെ വീക്ഷണഗതി മാറ്റിയെടുക്കാൻ സഹായിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. “ശ്രദ്ധക്കുറവ് വൈകല്യമുള്ള ആളുകൾ, സൗന്ദര്യമുള്ളവരും ബുദ്ധിമാന്മാരും നല്ലവരുമാണെങ്കിലും തങ്ങൾ ‘വിരൂപന്മാരും വിഡ്ഢികളും ഒന്നിനും കൊള്ളാത്തവരു’മാണെന്നു വിചാരിക്കുന്നു,” ഡോ. റൊണാൾഡ് ഗോൾഡ്ബർഗ് അഭിപ്രായപ്പെടുന്നു. അതുകൊണ്ട്, എഡിഎച്ച്ഡി ഉള്ള കുട്ടിക്ക് ആത്മമൂല്യത്തെക്കുറിച്ചുള്ള ഉചിതമായ വീക്ഷണഗതി ഉണ്ടായിരിക്കേണ്ടതും ശ്രദ്ധാസംബന്ധമായ തന്റെ ബുദ്ധിമുട്ടുകൾ കൈകാര്യം ചെയ്യാവുന്നതേ ഉള്ളൂവെന്ന് അവൻ അറിഞ്ഞിരിക്കേണ്ടതും ആവശ്യമാണ്. കൗമാരപ്രായത്തിൽ ഇതു പ്രത്യേകിച്ചും പ്രധാനമാണ്. എഡിഡി അല്ലെങ്കിൽ എഡിഎച്ച്ഡി ഉള്ള ഒരു വ്യക്തി കൗമാരപ്രായത്തിലെത്തുമ്പോഴേക്കും സഹപാഠികളിൽനിന്നും അധ്യാപകരിൽനിന്നും കൂടപ്പിറപ്പുകളിൽനിന്നും ഒരുപക്ഷേ മാതാപിതാക്കളിൽനിന്നുപോലും വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയിരിക്കാം. അവൻ ഇപ്പോൾ, വാസ്തവികമായ ലക്ഷ്യങ്ങൾ വെക്കുകയും തന്നെക്കുറിച്ചുതന്നെ പരുഷമല്ലാത്ത, ന്യായമായ ഒരു വിലയിരുത്തൽ നടത്തുകയും ചെയ്യേണ്ടതാണ്.
മേൽപ്പറഞ്ഞ ചികിത്സാരീതികൾ എഡിഎച്ച്ഡി ഉള്ള മുതിർന്നവർക്കും പിൻപറ്റാവുന്നതാണ്. “പ്രായത്തെ അടിസ്ഥാനമാക്കി ഭേദഗതി ആവശ്യമാണ്. പക്ഷേ, ചികിത്സയുടെ—ഉചിതമായിടത്ത് വൈദ്യചികിത്സയും പെരുമാറ്റരൂപീകരണവും അനുഭവബോധത്തിലധിഷ്ഠിതമായ [പരിശീലനവും]—അടിസ്ഥാനം ആജീവനാന്തം സാധുവായ ഒരു സമീപനമാണ്.”
പിന്തുണ പ്രദാനം ചെയ്യൽ
എഡിഎച്ച്ഡി ഉള്ള ഒരു കൗമാരപ്രായക്കാരന്റെ പിതാവായ ജോൺ സമാന സാഹചര്യത്തിലുള്ള മാതാപിതാക്കളോട് ഇപ്രകാരം പറയുന്നു: “ഈ പ്രശ്നത്തെക്കുറിച്ച് നിങ്ങൾക്കു കഴിയുന്നത്ര കാര്യങ്ങൾ പഠിക്കുക. അറിവിൽ അധിഷ്ഠിതമായ തീരുമാനങ്ങൾ എടുക്കുക. സർവോപരി, നിങ്ങളുടെ കുട്ടിയെ സ്നേഹിക്കുക. അവനിൽ ആത്മാഭിമാനം വളർത്തിയെടുക്കുക. ആത്മാഭിമാനക്കുറവ് ഒരു സംഹാരകനാണ്.”
എഡിഎച്ച്ഡി ഉള്ള കുട്ടിക്ക് ആവശ്യമായ പിന്തുണ ഉണ്ടായിരിക്കണമെങ്കിൽ മാതാവും പിതാവും സഹകരിക്കണം. എഡിഎച്ച്ഡി ഉള്ള ഒരു കുട്ടി “ഭവനത്തിൽ താൻ സ്നേഹിക്കപ്പെടുന്നുവെന്നും മാതാപിതാക്കൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സ്നേഹത്തിൽനിന്നാണ് ആ സ്നേഹം വരുന്നതെന്നും” അറിയേണ്ടത് ആവശ്യമാണ് എന്ന് ഡോ. ഗോർഡോൺ സർഫോൺടെയിൻ എഴുതുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) ദുഃഖകരമെന്നു പറയട്ടെ, അത്തരം സ്നേഹം എല്ലായ്പോഴും പ്രകടമാക്കപ്പെടുന്നില്ല. ഡോ. സർഫോൺടെയിൻ തുടർന്നു പറയുന്നു: “[എഡിഎച്ച്ഡി ഉള്ള കുട്ടിയുള്ള] കുടുംബത്തിൽ വൈവാഹിക പൊരുത്തക്കേടും തകർച്ചയും ഉണ്ടാകാനുള്ള സാധ്യത സാധാരണ കുടുംബത്തിലേതിനെക്കാൾ മൂന്നിലൊന്നു കൂടുതലാണ്.” അത്തരം പൊരുത്തക്കേടുകൾ തടയാൻ എഡിഎച്ച്ഡി ഉള്ള കുട്ടിയെ വളർത്തിക്കൊണ്ടുവരുന്നതിൽ പിതാവ് സുപ്രധാനമായ ഒരു പങ്കു വഹിക്കണം. ഉത്തരവാദിത്വം മാതാവിന്റെ ചുമലിൽ മാത്രം കെട്ടിവെക്കരുത്.—എഫെസ്യർ 6:4; 1 പത്രൊസ് 3:7.
കുടുംബത്തിന്റെ ഭാഗമല്ലെങ്കിലും അടുത്ത സുഹൃത്തുക്കൾക്കു വളരെയധികം പിന്തുണയേകാൻ കഴിയും. എങ്ങനെ? “ദയയുള്ളവരായിരിക്കുക,” നേരത്തേ ഉദ്ധരിച്ച ജോൺ പറയുന്നു. ബാഹ്യമായ കാര്യങ്ങൾ മാത്രം കണക്കിലെടുത്താൽ പോരാ. കുട്ടിയെ അറിയാൻ ശ്രമിക്കുക. മാതാപിതാക്കളോടും സംസാരിക്കുക. അവർ എങ്ങനെയിരിക്കുന്നു? അവർ നിത്യേന നേരിടുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?”—സദൃശവാക്യങ്ങൾ 17:17.
ക്രിസ്തീയ സഭയിലെ അംഗങ്ങൾക്ക് എഡിഎച്ച്ഡി ഉള്ള കുട്ടിക്കും മാതാപിതാക്കൾക്കും പിന്തുണയേകാൻ തക്കവണ്ണം വളരെയധികം ചെയ്യാൻ സാധിക്കും. എങ്ങനെ? ന്യായയുക്തമായ കാര്യങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്. (ഫിലിപ്പിയർ 4:5) ചിലപ്പോൾ, എഡിഎച്ച്ഡി ഉള്ള കുട്ടി ശല്യമുണ്ടാക്കിയേക്കാം. “നിങ്ങളുടെ കുട്ടിയെ ഒന്നു നിയന്ത്രിച്ചാലെന്താ?” അല്ലെങ്കിൽ “നിങ്ങൾ എന്തുകൊണ്ട് അവനു ശിക്ഷണം നൽകുന്നില്ല?” എന്നു പരുഷമായി പറയുന്നതിനുപകരം എഡിഎച്ച്ഡി ഉള്ള കുട്ടിയെ വളർത്തിക്കൊണ്ടുവരുന്നതിലെ ദൈനംദിന വെല്ലുവിളികൾ നിമിത്തം മാതാപിതാക്കൾ വിഷമിക്കുന്നുണ്ടെന്നു വിവേകമുള്ള ഒരു സഹവിശ്വാസി മനസ്സിലാക്കും. കുട്ടിയുടെ ശല്യം നിയന്ത്രിക്കാൻ തങ്ങളാലാകുന്നതു മാതാപിതാക്കൾ തീർച്ചയായും ചെയ്യണം. എങ്കിലും, അലോസരപ്പെട്ട് പൊട്ടിത്തെറിക്കുന്നതിനുപകരം വിശ്വാസത്തിൽ ബന്ധപ്പെട്ടിരിക്കുന്നവർ ‘സഹതാപം’ കാണിക്കാനും ‘അനുഗ്രഹിക്കുന്നവരായിരിക്കാനും’ കഠിനമായി ശ്രമിക്കണം. (1 പത്രൊസ് 3:8, 9) സഹാനുഭൂതിയുള്ള സഹവിശ്വാസികളിലൂടെയാണ് ദൈവം “എളിയവരെ ആശ്വസിപ്പി”ക്കുന്നത്.—2 കൊരിന്ത്യർ 7:5-7.
പഠനവൈകല്യങ്ങളും എഡിഎച്ച്ഡി ഉൾപ്പെടെ എല്ലാ മാനുഷിക അപൂർണതയും ആദ്യമനുഷ്യനായ ആദാമിൽനിന്നു വന്നതാണെന്നു ബൈബിളിന്റെ പഠിതാക്കൾ മനസ്സിലാക്കുന്നു. (റോമർ 5:12) സ്രഷ്ടാവായ യഹോവ, ക്ലേശിപ്പിക്കുന്ന രോഗങ്ങൾ മേലാൽ ഉണ്ടായിരിക്കുകയില്ലാത്ത നീതിയുള്ള ഒരു പുതിയ ഭൂമി കൊണ്ടുവരുമെന്നുള്ള തന്റെ വാഗ്ദാനം നിവർത്തിക്കുമെന്നും അവർക്കറിയാം. (യെശയ്യാവു 33:24; വെളിപ്പാടു 21:1-4) എഡിഎച്ച്ഡി പോലുള്ള വൈകല്യങ്ങളാൽ ബാധിക്കപ്പെട്ടവരെ നങ്കൂരമിട്ടുറപ്പിക്കുന്ന ഒന്നാണ് ഈ ഉറപ്പ്. “പ്രായവും പരിശീലനവും അനുഭവപരിചയവും, വൈകല്യത്തെ മനസ്സിലാക്കി അതിനനുസരിച്ചു പ്രവർത്തിക്കാൻ ഞങ്ങളുടെ മകനെ സഹായിക്കുന്നു,” ജോൺ പറയുന്നു. “പക്ഷേ ഈ വ്യവസ്ഥിതിയിൽ അവൻ പൂർണമായും സുഖപ്പെടില്ല. പുതിയ ലോകത്തിൽ യഹോവ ഞങ്ങളുടെ മകന്റെ വൈകല്യം മാറ്റുമെന്നും അവനു ജീവിതം പൂർണമായി ആസ്വദിക്കുക സാധ്യമാക്കുമെന്നുമുള്ള പ്രത്യാശ ഞങ്ങളെ ദിവസേന ആശ്വസിപ്പിക്കുന്നു.”
[അടിക്കുറിപ്പുകൾ]
a ഏതെങ്കിലും പ്രത്യേക ചികിത്സാരീതി ഉണരുക! ശുപാർശ ചെയ്യുന്നില്ല. തങ്ങൾ സ്വീകരിക്കുന്ന ഏതു ചികിത്സയും ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമാകാതിരിക്കാൻ ക്രിസ്ത്യാനികൾ ശ്രദ്ധിക്കണം.
b ഉത്കണ്ഠയും മറ്റു ചില വൈകാരിക പ്രശ്നങ്ങളും ഉൾപ്പെടെ വൈദ്യചികിത്സയുടെ ഫലമായി ചിലർ രൂക്ഷമായ പാർശ്വഫലങ്ങൾ അനുഭവിക്കുന്നു. മാത്രമല്ല, ഉത്തേജക മരുന്നുകൾ ടുറെറ്റ് സിൻഡ്രോം പോലെ ഞരമ്പുവലിച്ചിലുള്ള രോഗികളിൽ കോച്ചിപ്പിടുത്തം വർധിപ്പിച്ചേക്കാം. അതുകൊണ്ട് വൈദ്യചികിത്സ ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ നടത്താവൂ.
[8-ാം പേജിലെ ചതുരം]
മാതാപിതാക്കൾക്ക് ഒരു മുന്നറിയിപ്പ്
ഒട്ടുമിക്ക കുട്ടികളും മിക്കപ്പോഴും ശ്രദ്ധക്കുറവുള്ളവരും അനിയന്ത്രിതമായി പ്രവർത്തിക്കുന്നവരും അമിത ചുറുചുറുക്കുള്ളവരുമാണ്. ഇത്തരം സ്വഭാവവിശേഷങ്ങൾ എപ്പോഴും എഡിഎച്ച്ഡി ഉണ്ടെന്നുള്ളതിന്റെ സൂചന അല്ല. വളരെ വൈകുന്നതിനുമുമ്പ് (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഡോ. സ്റ്റാൻഡൻ ഇ. സാമെനോ അഭിപ്രായപ്പെടുന്നു: “എന്തെങ്കിലുമൊരു കാര്യം ചെയ്യാൻ ഇഷ്ടമില്ലാത്ത ഒരു കുട്ടിക്ക് അവന്റെ കുറ്റമല്ലെന്ന് ആളുകൾ കരുതുന്ന ഒരു വൈകല്യമോ അവസ്ഥയോ ആണെന്ന ധാരണയിൽ ഒഴികഴിവു നൽകുന്ന നിരവധി കേസുകൾ ഞാൻ കണ്ടിട്ടുണ്ട്.”
ഡോ. റിച്ചാർഡ് ബ്രോംഫീൽഡ് ജാഗ്രതയുടെ ആവശ്യവും കാണുന്നു. “എഡിഎച്ച്ഡി ഉണ്ടെന്നു നിർണയിക്കപ്പെട്ടിട്ടുള്ള ചില ആളുകൾ തീർച്ചയായും നാഡീസംബന്ധമായ വൈകല്യമുള്ളവരും വൈദ്യചികിത്സ ആവശ്യമുള്ളവരുമാണ്,” അദ്ദേഹം എഴുതുന്നു. “എന്നാൽ, എല്ലാത്തരത്തിലുള്ള ദുഷ്പെരുമാറ്റങ്ങൾക്കും കാപട്യങ്ങൾക്കും അവഗണനയ്ക്കും മറ്റു സാമൂഹിക കുഴപ്പങ്ങൾക്കുമുള്ള കാരണം ഈ വൈകല്യമാണെന്ന് ആരോപിക്കാറുണ്ട്. എന്നാൽ മിക്ക കേസുകളിലും ഇവയ്ക്ക് എഡിഎച്ച്ഡി-യുമായി ഒരു ബന്ധവുമില്ല. യഥാർഥത്തിൽ, ആധുനിക ജീവിതത്തിലെ മൂല്യച്യുതി—അനിയന്ത്രിതമായ അക്രമം, മയക്കുമരുന്നു ദുരുപയോഗം എന്നിവയും ശിക്ഷണവും അടുക്കും ചിട്ടയുമൊന്നുമില്ലാത്ത ഭവനങ്ങൾപ്പോലെ അധികം പേടിപ്പെടുത്താത്ത കാര്യങ്ങളും—നാഡീസംബന്ധമായ ഏതെങ്കിലും തകരാറുകളെക്കാളുപരി, എഡിഎച്ച്ഡി പോലെ തോന്നിക്കുന്ന അസ്വസ്ഥതകൾ ഇളക്കിവിടുന്നു.”
എഡിഎച്ച്ഡി-യെ “ഒരു പൊതുതത്ത്വമായി” ഉപയോഗിക്കുന്നതിനെതിരെ ഡോ. റൊണാൾഡ് ഗോൾബർഗ് മുന്നറിയിപ്പു നൽകുന്നതു നല്ല കാരണത്തോടെയാണ്. “ശരിയായ നിഗമനത്തിലെത്താൻ തക്കവിധം സാധ്യമായ രോഗനിർണയ മാർഗങ്ങളെല്ലാം നടത്തണ”മെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. എഡിഎച്ച്ഡി-യോടു സദൃശമായ ലക്ഷണങ്ങൾ ശാരീരികമോ വൈകാരികമോ ആയ പ്രശ്നങ്ങളിലൊന്നിനെ സൂചിപ്പിച്ചേക്കാം. അതുകൊണ്ട്, കൃത്യമായ രോഗനിർണയം നടത്താൻ അനുഭവസമ്പന്നനായ ഒരു ഡോക്ടറുടെ സഹായം അത്യന്താപേക്ഷിതമാണ്.
രോഗനിർണയം നടത്തിയാൽത്തന്നെയും മാതാപിതാക്കൾ വൈദ്യചികിത്സയുടെ നേട്ടങ്ങളും കോട്ടങ്ങളും നന്നായി വിലയിരുത്തുന്നത് ഉചിതമായിരിക്കും. റിറ്റാലിന് അനഭിലഷണീയ ലക്ഷണങ്ങൾ ഇല്ലാതാക്കാൻ കഴിയും. എന്നാൽ ഉറക്കമില്ലായ്മ, വർധിച്ച ഉത്കണ്ഠ, വേവലാതി, തുടങ്ങിയ അനഭികാമ്യ പാർശ്വഫലങ്ങൾ അത് ഉളവാക്കും. അങ്ങനെ, ലക്ഷണങ്ങൾ തുടച്ചുനീക്കാൻ മാത്രം കുട്ടിക്ക് ഔഷധങ്ങൾ നൽകുന്നതിനെതിരെ ഡോ. റിച്ചാർഡ് ബ്രോംഫീൽഡ് മുന്നറിയിപ്പു നൽകുന്നു. “ഒട്ടേറെ കുട്ടികൾക്കും മുതിർന്നവർക്കും അനാവശ്യമായി റിറ്റാലിൻ നൽകാറുണ്ട്,” അദ്ദേഹം പറയുന്നു. “എന്റെ അനുഭവംവെച്ച്, റിറ്റാലിന്റെ ഉപയോഗം വലിയൊരളവിൽ കുട്ടികളുടെ പെരുമാറ്റത്തെ സഹിക്കാനുള്ള മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രാപ്തിയെ ആശ്രയിച്ചിരിക്കുന്നതായി കാണപ്പെടുന്നു. രോഗം ഭേദമാകാൻ റിറ്റാലിൻ നൽകുന്നതിനുപകരം ശാന്തരായിരിക്കാൻ അതു നൽകപ്പെട്ട കുട്ടികളെക്കുറിച്ച് എനിക്കറിയാം.”
അതുകൊണ്ട് തങ്ങളുടെ കുട്ടികൾക്ക് എഡിഎച്ച്ഡി അല്ലെങ്കിൽ പഠനവൈകല്യമാണെന്നു മാതാപിതാക്കൾ അത്ര വേഗത്തിൽ മുദ്രകുത്തരുത്. മറിച്ച്, ഒരു വിദഗ്ധന്റെ സഹായത്തോടെ അവർ തെളിവുകൾ ശ്രദ്ധാപൂർവം വിലയിരുത്തണം. കുട്ടിക്കു പഠനവൈകല്യമോ എഡിഎച്ച്ഡി-യോ ഉണ്ടെന്നു നിർണയിക്കപ്പെട്ടാൽ, തങ്ങളുടെ കുട്ടികളുടെ മെച്ചമായ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കാൻ തക്കവണ്ണം മാതാപിതാക്കൾ ആ പ്രശ്നത്തെക്കുറിച്ചുള്ള വിവരങ്ങൾ നന്നായി അറിയാൻ വേണ്ട സമയം എടുക്കണം.
[9-ാം പേജിലെ ചിത്രം]
എഡിഎച്ച്ഡി ഉള്ള കുട്ടിക്കു ദയാപൂർവകമായ എന്നാൽ ക്രമമായ ശിക്ഷണം ആവശ്യമാണ്
[10-ാം പേജിലെ ചിത്രം]
മാതാപിതാക്കളുടെ പ്രശംസയ്ക്കു വളരെ ഫലമുണ്ട്