കൂടുതൽ ആവശ്യമായിരിക്കുമ്പോൾ
മുൻ ലേഖനങ്ങളിലെ മിക്ക നിർദേശങ്ങളും വളരെ സഹായകരമായിരുന്നേക്കാമെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ ചിലപ്പോൾ കൂടുതലായ സഹായം ആവശ്യമാണ്. ഉദാഹരണത്തിന്, വികാരങ്ങൾക്ക് അടിപെടുന്നതോടൊപ്പം വളരെ അപകടകാരികൾ കൂടിയായ കുട്ടികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കേസു പഠനങ്ങളിൽ ഉൾപ്പെടുന്നു. ഈ കുട്ടികളെ സംരക്ഷിക്കാൻ സ്നേഹമുള്ള കുടുംബങ്ങൾ ഉണ്ടെങ്കിലും സാധനങ്ങൾ തകർത്തു നശിപ്പിച്ചും ആളുകളുടെനേരെ ഒച്ചയെടുത്തും തീവെച്ചും വെടിവെച്ചും കത്തികൊണ്ട് (ലഭ്യമെങ്കിൽ) കുത്തി മുറിവേൽപ്പിച്ചും മൃഗങ്ങളെയും മററാളുകളെയും തങ്ങളെത്തന്നെയും ഉപദ്രവിച്ചും കൊണ്ട് തങ്ങളുടെ നശീകരണ സ്വഭാവം പ്രകടമാക്കണമെന്ന് ഈ കുട്ടികൾക്കു തോന്നിപ്പോയാൽ അവർ അതു ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ, അവർ കുഴപ്പംപിടിച്ച അവസ്ഥയുടെ മകുടോദാഹരണങ്ങളാണ്.
തങ്ങളുടെ കുട്ടിക്ക് ഏററവും മെച്ചമായ സംരക്ഷണം ലഭിക്കേണ്ടതിനു വൈദ്യസഹായം സ്വീകരിക്കണമോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെയും സ്വകാര്യമായ, വ്യക്തിപരമായ, തീരുമാനമാണ്. സദൃശവാക്യങ്ങൾ 22:6-ൽ മാതാപിതാക്കൾക്കായി നൽകിയിരിക്കുന്ന ആശ്വാസകരമായ ഉറപ്പ് മനസ്സിൽ പിടിച്ചുകൊണ്ട് തങ്ങളുടെ കുട്ടിയുടെ വ്യതിരിക്തവും വ്യക്തിപരവുമായ ആവശ്യങ്ങൾ നിറവേറേറണ്ടത് എങ്ങനെയെന്ന് ഓരോ കുടുംബവും തീരുമാനിക്കേണ്ടതാണ്.
ഇക്കാലത്ത്, ചികിത്സ സംബന്ധിച്ച ഏററവും വിവാദപരമായ പ്രശ്നങ്ങളിലൊന്നു മരുന്നിന്റെ ഉപയോഗം സംബന്ധിച്ചുള്ളതാണ്. ഏററവും കൂടുതൽ നിർദേശിക്കപ്പെടുന്ന മരുന്നായ റിററാലിന് സമ്മിശ്ര ഫലങ്ങളാണ് ഉണ്ടായിരുന്നിട്ടുള്ളത്. റിററാലിനോ പ്രവർത്തനത്തെ മിതപ്പെടുത്തുന്ന മററു മരുന്നുകളോ കഴിച്ചുകൊണ്ടിരിക്കുമ്പോൾ തങ്ങളുടെ കുട്ടിയിലുണ്ടാകുന്ന പുരോഗതിയിൽ പല കുടുംബങ്ങളും അതീവ സന്തുഷ്ടരാണ്. എന്നിരുന്നാലും, ഈ മരുന്നുകളുടെ ഉപയോഗത്തെപ്പററി മാത്രമല്ല അവ അമിതമായി നിർദേശിക്കപ്പെടുന്നതിനെപ്പററിയും ഇപ്പോഴുള്ള വിവാദം തുടർന്നുപോകയാണ്. ചില ഡോക്ടർമാർ അവയുടെ മൂല്യത്തെത്തന്നെ വെല്ലുവിളിക്കുന്നു. ഉദാഹരണത്തിന്, റിററാലിൻ ദീർഘനാൾ ഉപയോഗിച്ചാൽ ഉപദ്രവകരമായ പല പാർശ്വഫലങ്ങളും ഉണ്ടാകാമെന്ന് അവർ പ്രസ്താവിക്കുന്നു. എന്നിരുന്നാലും, സ്വഭാവപരവും വിദ്യാഭ്യാസപരവുമായ പുരോഗതിയോടൊപ്പം മിക്ക കുടുംബങ്ങളും ഡോക്ടർമാരും പാർശ്വഫലങ്ങളെക്കുറിച്ചൊന്നും തന്നെ പറയുന്നില്ല എന്ന സംഗതി വീണ്ടും ഊന്നിപ്പറയേണ്ടിയിരിക്കുന്നു. രസകരമെന്നു പറയട്ടെ, എഡിഡിയുള്ളതായി രോഗനിർണയം ചെയ്ത് ഇപ്പോൾ ചികിത്സയിലിരിക്കുന്ന പല മുതിർന്നവരും ഫലങ്ങളിൽ സന്തുഷ്ടരാണ്. അതുകൊണ്ട് മരുന്നിന്റെ ഉപയോഗം ശ്രദ്ധാപൂർവകമായ ഗവേഷണത്തെയും വിലയിരുത്തലിനെയും അടിസ്ഥാനമാക്കിയുള്ള ഒരു വ്യക്തിപരമായ തീരുമാനമാണ്.
മരുന്നു കഴിച്ചുനോക്കിയിട്ട് മോശമായ ഫലങ്ങൾ ലഭിച്ചിട്ടുള്ളവർക്കു മററു ചികിത്സാരീതികളുണ്ട്. മിക്ക കുടുംബങ്ങളും വിററാമിൻ ചികിത്സ, ഹെർബൽ ചികിത്സ അല്ലെങ്കിൽ രണ്ടുമുൾപ്പെട്ട ചികിത്സ എന്നിവയെപ്പററി വായിക്കുകയും അതു ചെയ്തതിന്റെ നല്ല ഫലങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ, തലച്ചോറിലെ ജീവരാസപരമായ അസന്തുലിതാവസ്ഥകൾകൊണ്ട് എഡിഡി/എഡിഎച്ച്ഡി രോഗങ്ങൾ ഉണ്ടാകുന്ന ചില സന്ദർഭങ്ങളിൽ ഈ ചികിത്സകൾ പ്രയോജനം ചെയ്യുന്നതായി വിശ്വസിക്കപ്പെടുന്നു.
കൂടാതെ, എഡിഡി/എഡിഎച്ച്ഡി രോഗങ്ങളുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും തുടക്കമിടുന്നതായി ചിലർ വിശ്വസിക്കുന്ന മററു പല ഘടകങ്ങൾ കൂടിയുണ്ട്. “അലെർജികളോടോ പരിസ്ഥിതി സമ്പർക്കങ്ങളോടോ ഭാഗികമായോ മുഖ്യമായോ ബന്ധപ്പെട്ടിരിക്കുന്ന ശാരീരിക രോഗങ്ങളോ വൈകാരികവും സ്വഭാവപരവും പഠനസംബന്ധവുമായ പ്രശ്നങ്ങളോ ഇവ രണ്ടുമോ ചില കുട്ടികൾക്കുണ്ട്” എന്ന് ഇതു നിങ്ങളുടെ കുട്ടിയോ? (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഡോ. ഡോറിസ് റാപ്പ് പറയുന്നു. കൂടാതെ ഡൈകൾ, പഞ്ചസാരകൾ, കൂട്ടുകൾ (additives) എന്നിവയോടുള്ള പ്രതിപ്രവർത്തനങ്ങളും കാരണംകൂടാതെയുള്ള അക്രമാസക്തമായ കോപപ്രകടനങ്ങൾ, ഭയങ്കരമായ ഭാവമാററങ്ങൾ, ഉറക്കമില്ലായ്മ എന്നിവയോടൊപ്പം ഈ പ്രശ്നങ്ങൾ യഥാർഥത്തിൽ ഉണ്ടാക്കിയേക്കാം.
തങ്ങളുടെ കുട്ടികളുടെ സ്വഭാവം മാറേറണ്ടതെങ്ങനെയെന്നു മിക്ക കുടുംബങ്ങളും പഠിച്ചിരിക്കുന്നു. എങ്കിലും വിദ്യാഭ്യാസത്തിനു കൂടുതലായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയും. അധ്യാപകർ, ഒരേ അനുഭവങ്ങളുള്ള ആളുകളുടെ സംഘങ്ങൾ, പ്രത്യേക അധ്യാപകർ എന്നിവരുടെ സഹായങ്ങളും ഉപദേശവും ചിലർക്കു സഹായകരമായിരുന്നേക്കാം. ഒരാളോടു മാത്രം ഇടപെടുമ്പോൾ ഈ കുട്ടികൾ മെച്ചമായി പ്രവർത്തിക്കാൻ പ്രവണത കാട്ടുന്നതിനാൽ ചില കുടുംബങ്ങൾ ഡോക്ടർമാരുടെ നിർദേശമനുസരിച്ചു ഭവന അധ്യാപനം നടത്തിനോക്കുകയും വിജയം റിപ്പോർട്ടു ചെയ്യുകയും ചെയ്തിരിക്കുന്നു.
ഡോ. മെൽ ലെവിന്റെ സ്കൂൾസ് അററ്യൂൺഡ് പോലുള്ള പുതിയ വിദ്യാഭ്യാസ പദ്ധതികളും ശ്രദ്ധാർഹമാണ്. അത് കുട്ടികളുടെ വ്യക്തി വൈശിഷ്ട്യത്തെയും വൈവിധ്യതയെയും ഉയർത്തിപ്പിടിക്കുന്നു. ഡോ. ലെവിന്റെ ഈ പദ്ധതി ഓരോ കുട്ടിയുടെയും ആവശ്യങ്ങളെ നിറവേററാൻ തക്കവണ്ണം വിദ്യാഭ്യാസത്തിന്റെ സാധാരണവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നു. ഐക്യനാടുകളിൽ ഈ വ്യത്യസ്ത പഠന സമീപനം നടപ്പാക്കിയിട്ടുള്ള എവിടെയും ഫലങ്ങൾ നല്ലതായിരുന്നിട്ടുണ്ട്.
ഭാവി
കുട്ടികളെ വളർത്തുന്നതിനെ ഒരു പുതിയ ഭവനം വാങ്ങുന്നതിനോട് ഉപമിക്കാവുന്നതാണ്. രണ്ടിനും ആജീവനാന്ത ചെലവുണ്ട്; എന്നിരുന്നാലും, സാഹചര്യങ്ങൾ നിമിത്തം, വാങ്ങാൻ പോകുന്നവർ ആഗ്രഹിക്കുന്നതുപോലത്തെയല്ലാത്ത ഒന്നുകൊണ്ടു തൃപ്തിപ്പെടാൻ നിർബന്ധിതരായേക്കാം. സമാനമായി, സാത്താന്റെ ലോകത്തിൽ അപൂർണരായ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്ന അപൂർണരായ മാതാപിതാക്കൾക്കു മാതൃകാപരമല്ലാത്ത ഒരു കുട്ടിയെക്കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നേക്കാം. പുതുതായി വാങ്ങിയ ഭവനത്തിന് അസാധാരണമോ അനഭിലഷണീയമോ ആയ സവിശേഷതകൾ ഉണ്ടായിരിക്കാം. എന്നാൽ ശ്രമവും അൽപ്പം ഭാവനയും ഉണ്ടെങ്കിൽ പല വൈകൃതങ്ങളും നീക്കം ചെയ്യാൻ കഴിയും. മോശമായ ഒരു ശില്പവേല പോലും പെട്ടെന്ന് ഭവനത്തിന്റെ ശ്രദ്ധാകേന്ദ്രമായിത്തീർന്നേക്കാം.
അതുപോലെതന്നെ, തങ്ങളുടെ അസാധാരണനായ കുട്ടിയുടെ വ്യക്തിപരമായ ആവശ്യങ്ങളോടു മാതാപിതാക്കൾ ഒത്തിണങ്ങിപ്പോകുന്നെങ്കിൽ അവനോ അവളോ അവരുടെ ജീവിതത്തിലെ ഒരു മനോഹരമായ ഭാഗമായിത്തീർന്നേക്കാം. ഓരോ കുട്ടിയുടെയും തനതായ ഗുണങ്ങൾ വിലമതിക്കേണ്ടതുണ്ട്. അതുകൊണ്ട് ക്രിയാത്മക വശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കുട്ടികളെ ഇടിച്ചുതാഴ്ത്തുന്നതിനു പകരം ഓരോ കുട്ടിയുടെയും സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുക. അവനോ അവളോ മാനവും സ്നേഹവും അർഹിക്കുന്ന ഒരു ബഹുമാന്യനായ/യായ വ്യക്തിയാണെന്നും യഹോവയാം ദൈവത്തിൽ നിന്നുള്ള വിലതീരാത്ത ഒരു സമ്മാനമാണെന്നും വിലമതിക്കുക.—സങ്കീർത്തനം 127:3-5.