“അടങ്ങിയിരുന്ന് ശ്രദ്ധിക്കൂ!”
ശ്രദ്ധക്കുറവും അമിത ചുറുചുറുക്കും ഉൾപ്പെട്ട ക്രമക്കേടു പേറിയുള്ള ജീവിതം
“കാളിനെ ലാളിച്ചു വഷളാക്കിയതാണെന്നു ജിം എപ്പോഴും പറയും. ഞങ്ങൾ—അതായത് ഞാൻ—അവനു നല്ല ശിക്ഷണം നൽകിയാൽ അവൻ നന്നാകുമത്രേ. അപ്പോഴതാ, ഈ ഡോക്ടർ പറയുന്നു, അത് എന്റെയോ ഞങ്ങളുടെയോ കാളിന്റെ അധ്യാപകരുടെയോ കുറ്റമല്ല, ഞങ്ങളുടെ കൊച്ചുമകനു വാസ്തവത്തിൽ എന്തോ കുഴപ്പമുണ്ടെന്ന്.”
കാളിന് ശ്രദ്ധക്കുറവും അമിത ചുറുചുറുക്കും ഉൾപ്പെട്ട ക്രമക്കേട് (എഡിഎച്ച്ഡി) ആണ്. ശ്രദ്ധക്കുറവ്, അനിയന്ത്രിത പെരുമാറ്റം, അമിത ചുറുചുറുക്ക് എന്നിവ ഇതിന്റെ സവിശേഷതകളാണ്. സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ 3 മുതൽ 5 വരെ ശതമാനത്തിന് ഈ ക്രമക്കേടുണ്ടെന്നു കണക്കാക്കപ്പെടുന്നു. “ചാനൽ സെലക്ടറുകൾക്കു കേടുപറ്റിയ ടിവി സെറ്റുകൾ പോലെയാണ് അവരുടെ മനസ്സ്,” പഠന വിദഗ്ധനായ പ്രിസില്ല എൽ. വേൽ പറയുന്നു. “അടുക്കും ചിട്ടയുമില്ലാതെ ചിന്തകൾ ഒന്നിനുപുറകേ ഒന്നായി ഉണ്ടാകുന്നു.”
എഡിഎച്ച്ഡി-യുടെ മൂന്നു സുപ്രധാന ലക്ഷണങ്ങൾ നമുക്കു പരിചിന്തിക്കാം.
ശ്രദ്ധക്കുറവ്: എഡിഎച്ച്ഡി ഉള്ള കുട്ടിക്ക് പ്രാധാന്യമില്ലാത്ത വിവരങ്ങൾ അവഗണിച്ച് ഒരു വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുകയില്ല. അങ്ങനെ, പുറമേനിന്നുള്ള കാഴ്ചകൾ, ശബ്ദങ്ങൾ, ഗന്ധങ്ങൾ എന്നിവ നിമിത്തം എളുപ്പത്തിൽ അവനു ശ്രദ്ധാശൈഥില്യമുണ്ടാകുന്നു.a അവൻ തീർച്ചയായും ശ്രദ്ധ ചെലുത്തുന്നു. അവന്റെ ചുറ്റുപാടുമുള്ള പ്രത്യേകിച്ചൊന്നും അവന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. ഏതിനാണു പ്രഥമ ശ്രദ്ധ നൽകേണ്ടതെന്ന് അവനു നിർണയിക്കാൻ സാധിക്കുന്നില്ല.
അനിയന്ത്രിത പെരുമാറ്റം: എഡിഎച്ച്ഡി ഉള്ള കുട്ടി ചിന്തിക്കുന്നതിനു മുമ്പു പ്രവർത്തിക്കുന്നു. പരിണതഫലങ്ങൾ അവൻ കണക്കിലെടുക്കുന്നില്ല. അവന്റെ ആസൂത്രണവും വിലയിരുത്തലും മോശമായിരിക്കും. ചിലപ്പോൾ അവന്റെ പ്രവൃത്തികൾ അപകടകരവുമായിരിക്കും. “അവൻ തെരുവിലേക്ക് ഓടിപ്പോകും, ജനാലപ്പടിയിലേക്കു കയറും, മരത്തിൽ വലിഞ്ഞുകയറും,” ഡോ. പോൾ വെൻഡർ എഴുതുന്നു. “ഇതിന്റെ ഫലമായി അവനു പല അനാവശ്യമായ ചതവുകളും മുറിവുകളും പറ്റുന്നു. എന്നിട്ടു ഡോക്ടറെ കാണുന്നു.”
അമിത ചുറുചുറുക്ക്: അമിത ചുറുചുറുക്കുള്ള കുട്ടികൾ എപ്പോഴും അസ്വസ്ഥരായിരിക്കും. അവർക്ക് അടങ്ങിയിരിക്കാൻ സാധിക്കുകയില്ല. “പ്രായമായാൽപ്പോലും അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെങ്കിൽ കാലുകൾ, കാൽപ്പാദം, കൈത്തണ്ടകൾ, കൈകൾ, ചുണ്ടുകൾ അല്ലെങ്കിൽ നാക്ക് എന്നിവയെല്ലാം അവർ ചലിപ്പിച്ചുകൊണ്ടിരിക്കുന്നതായി കാണാം,” അദ്യശ്യ അംഗവൈകല്യം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഗോർഡോൺ സെർഫോൻടീൻ പറയുന്നു.
എങ്കിലും, ശ്രദ്ധക്കുറവും അനിയന്ത്രിത പെരുമാറ്റവും ഉള്ള ചില കുട്ടികൾ അമിത ചുറുചുറുക്കുള്ളവരായിരിക്കണമെന്നില്ല. അവരുടെ ക്രമക്കേടിനെ ചിലപ്പോൾ വെറും ശ്രദ്ധക്കുറവു നിമിത്തമുള്ള ക്രമക്കേട് അല്ലെങ്കിൽ എഡിഡി എന്നു വിളിക്കുന്നു. എഡിഡി “യാതൊരു വിധത്തിലുമുള്ള അമിത ചുറുചുറുക്കും കൂടാതെതന്നെ ഉണ്ടാകാമെന്നും അല്ലെങ്കിൽ ഏത് അളവിലുമുള്ള—തീരെ ശ്രദ്ധിക്കപ്പെടാത്തതോ അസഹ്യപ്പെടുത്തുന്നതോ വളരെ കൂടുതലോ ആയ—അമിത ചുറുചുറുക്കിനോടൊപ്പം ഉണ്ടാകാമെന്നും” ഡോ. റൊനാൾഡ് ഗോൾഡ്ബർഗ് വിശദമാക്കുന്നു.
എഡിഎച്ച്ഡി ഉണ്ടാകാനുള്ള കാരണമെന്ത്?
വർഷങ്ങളിലുടനീളം, ശ്രദ്ധാസംബന്ധമായ പ്രശ്നങ്ങൾക്കു കാരണമായി എല്ലാറ്റിനെയും കുറ്റപ്പെടുത്തിയിട്ടുണ്ട്, വളർത്തുദോഷത്തെമുതൽ ഫ്ളൂറസൻറ് പ്രകാശസംവിധാനത്തെവരെ. എഡിഎച്ച്ഡി, പ്രത്യേക മസ്തിഷ്ക പ്രവർത്തനങ്ങളിലെ ക്രമക്കേടുകളോടു ബന്ധപ്പെട്ടിരിക്കുന്നതായി ഇപ്പോൾ കരുതുന്നു. 1990-ൽ ദേശീയ മാനസികാരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട്, എഡിഎച്ച്ഡി ഉള്ള പ്രായപൂർത്തിയായ 25 പേരെ പരിശോധിച്ചപ്പോൾ, ചലനത്തെയും ശ്രദ്ധയെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളിൽ ഗ്ലൂക്കോസ് ഉപാപചയം വളരെ മന്ദഗതിയിലാണു നടക്കുന്നതെന്നു കണ്ടെത്തുകയുണ്ടായി. 40 ശതമാനം എഡിഎച്ച്ഡി കേസുകളുടെ കാര്യത്തിൽ വ്യക്തിയുടെ ജനിതക ഘടന ഒരു പങ്കു വഹിക്കുന്നതായി കാണപ്പെടുന്നു. ദ ഹൈപ്പറാക്റ്റീവ് ചൈൽഡ് ബുക്ക് പറയുന്നതനുസരിച്ച്, എഡിഎച്ച്ഡി-യുമായി ബന്ധപ്പെട്ടിരിക്കാവുന്ന മറ്റു ഘടകങ്ങൾ, ഗർഭകാലത്ത് മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുന്നതും ഈയ വിഷബാധയും ഒറ്റപ്പെട്ട കേസുകളിൽ ആഹാരക്രമവുമാണ്.
എഡിഎച്ച്ഡി ഉള്ള കൗമാരപ്രായക്കാരും യുവാക്കളും
എഡിഎച്ച്ഡി ഒരു ബാല്യകാല അവസ്ഥയല്ലെന്നു ഡോക്ടർമാർ അടുത്തകാലത്തു കണ്ടെത്തിയിരിക്കുന്നു. “മാതാപിതാക്കൾ കുട്ടികളെ ചികിത്സയ്ക്കു കൊണ്ടുവരുമ്പോൾ, ‘കുട്ടിയായിരുന്നപ്പോൾ ഞാനും ഇങ്ങനെതന്നെയായിരുന്നു’ എന്നു പറയുന്നതു സാധാരണമാണ്. എന്നിട്ട്, വരിയിൽനിൽക്കാനും യോഗങ്ങൾക്ക് അടങ്ങിയിരിക്കാനും കാര്യങ്ങൾ ചെയ്തുതീർക്കാനും ഇപ്പോഴും തങ്ങൾക്കു ബുദ്ധിമുട്ടുണ്ടെന്ന് അവർ സമ്മതിക്കും,” ഡോ. ലാറി സിൽവർ പറയുന്നു. എഡിഎച്ച്ഡി ഉള്ള കുട്ടികളിൽ പകുതിയോളം പേർക്കും അതിന്റെ ചില ലക്ഷണങ്ങൾ കൗമാരപ്രായത്തിലും മുതിർന്ന പ്രായത്തിലും ഉള്ളതായി ഇപ്പോൾ വിശ്വസിക്കപ്പെടുന്നു.
എഡിഎച്ച്ഡി ഉള്ളവർ കൗമാരപ്രായത്തിലെത്തുമ്പോൾ അപകടകരമായ പെരുമാറ്റരീതികൾവിട്ടു കുറ്റകൃത്യങ്ങളിലേക്കു തിരിഞ്ഞേക്കാം. “അവൻ കോളെജ് വരെ എത്തില്ലെന്നായിരുന്നു എന്റെ വേവലാതി,” എഡിഎച്ച്ഡി-യുള്ള ഒരു കൗമാരപ്രായക്കാരന്റെ അമ്മ പറയുന്നു. “അവൻ ജയിലിൽ പോകേണ്ടിവരരുതേ എന്നാണ് എന്റെ ഇപ്പോഴത്തെ പ്രാർഥന.” അത്തരം ഭയം അസ്ഥാനത്തല്ലെന്ന് അമിത ചുറുചുറുക്കുള്ള 103 യുവാക്കളെ, ഈ ക്രമക്കേടില്ലാത്ത 100 കുട്ടികളുടെ ഒരു സംഘവുമായി താരതമ്യ പഠനം നടത്തിയതിലൂടെ വ്യക്തമാകുന്നു. “അമിത ചുറുചുറുക്കുകാരുടെ സംഘത്തിലെ കുട്ടികളുടെ കാര്യത്തിൽ 20-കളുടെ ആരംഭമാകുമ്പോഴേക്കും അറസ്റ്റു ചെയ്യപ്പെട്ടതായുള്ള രേഖകളുണ്ടാകാനുള്ള സാധ്യത ഇരട്ടിയായിരുന്നു, കുറ്റകൃത്യവിചാരണയ്ക്കുള്ള സാധ്യത അഞ്ചിരട്ടിയായിരുന്നു, ജയിലിലാകാനുള്ള സാധ്യത ഒമ്പതിരട്ടിയായിരുന്നു,” ന്യൂസ്വീക്ക് റിപ്പോർട്ടു ചെയ്യുന്നു.
പ്രായപൂർത്തിയായ ഒരാളെ സംബന്ധിച്ചിടത്തോളം, എഡിഎച്ച്ഡി പ്രത്യേക പ്രശ്നങ്ങൾ ഉളവാക്കിയേക്കാം. ഡോ. എഡ്ന കോപ്ലാൻഡ് പറയുന്നു: “അമിത ചുറുചുറുക്കുള്ള കുട്ടി വളർന്നു വലുതാകുമ്പോൾ കൂടെക്കൂടെ തൊഴിൽ മാറുന്ന, ഒട്ടേറെ തവണ അധികാരസ്ഥാനത്തുനിന്നു പിരിച്ചുവിടപ്പെടുന്ന, ദിവസം മുഴുവൻ പാഴാക്കുന്ന, അസ്വസ്ഥനായ ഒരാളായി മാറിയേക്കാം.” കാരണം മനസ്സിലാകാതെ പോകുമ്പോൾ ഈ ലക്ഷണങ്ങൾ വിവാഹബന്ധത്തെ ഉലച്ചേക്കാം. “കൊച്ചു കൊച്ചു സംഭാഷണങ്ങളിൽപ്പോലും ഞാൻ പറയുന്നതു മുഴുവൻ അദ്ദേഹം കേൾക്കില്ല. അദ്ദേഹം എപ്പോഴും മറ്റെവിടെയോ ആണെന്നു തോന്നും,” എഡിഎച്ച്ഡി ഉള്ള ഒരു മനുഷ്യന്റെ ഭാര്യ പറയുന്നു.
തീർച്ചയായും, ഇത്തരം സ്വഭാവവിശേഷങ്ങൾ പല ആളുകളിലും സാധാരണമായി കാണാം. കുറഞ്ഞപക്ഷം, ചെറിയൊരളവിലെങ്കിലും. “അത്തരം ലക്ഷണങ്ങൾ എല്ലായ്പോഴും ഉണ്ടായിരുന്നിട്ടുണ്ടോ എന്നു ചോദിക്കേണ്ടിയിരിക്കുന്നു,” ഡോ. ജോർജ് ഡോറി പറയുന്നു. ഉദാഹരണത്തിന്, തൊഴിൽ നഷ്ടപ്പെട്ടശേഷമോ ഭാര്യയുടെ പ്രസവത്തോടെയോ മാത്രമാണ് ഒരാൾക്ക് ഓർമക്കേടുണ്ടാകാൻ തുടങ്ങിയതെങ്കിൽ അത് ഒരു വൈകല്യമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
അതിലുമുപരി, ഒരു വ്യക്തിക്കു യഥാർഥത്തിൽ എഡിഎച്ച്ഡി ഉണ്ടെങ്കിൽ ലക്ഷണങ്ങൾ സർവവ്യാപകമായിരിക്കും—അതായത്, വ്യക്തിയുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും അതു ബാധിക്കും. ശ്രദ്ധാശൈഥില്യമില്ലാതെ ഒരു പ്രവൃത്തിപോലും പൂർത്തിയാക്കാൻ കഴിയാത്തതായി കാണപ്പെട്ട, ബുദ്ധിമാനും ഉത്സാഹിയുമായ 38 വയസ്സുകാരൻ ഗാരിയുടെ കാര്യം ഇതുതന്നെയായിരുന്നു. അദ്ദേഹം ഇതിനോടകം 120-ലേറെ തൊഴിലുകൾ ചെയ്തിട്ടുണ്ട്. “എനിക്ക് ഒട്ടും വിജയിക്കാനാകുകയില്ലെന്ന വസ്തുത ഞാൻ അംഗീകരിച്ചുകഴിഞ്ഞു,” അദ്ദേഹം പറഞ്ഞു. എന്നാൽ, ഗാരിക്കും മറ്റു പലർക്കും—കുട്ടികൾക്കും കൗമാരപ്രായക്കാർക്കും മുതിർന്നവർക്കും—എഡിഎച്ച്ഡി തരണം ചെയ്യാനുള്ള സഹായം ലഭിച്ചിട്ടുണ്ട്. എങ്ങനെ?
[അടിക്കുറിപ്പ്]
a പെൺകുട്ടികളെക്കാൾ ആൺകുട്ടികളെ ഇതു ബാധിക്കുന്നതുകൊണ്ട്, ഈ രോഗമുള്ള ആളെ പുല്ലിംഗത്തിൽ ആയിരിക്കും ഞങ്ങൾ പരാമർശിക്കുന്നത്.