യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്കെങ്ങനെ ദൈവത്തിന്റെ ഒരു സുഹൃത്തായിത്തീരാൻ കഴിയും?
“വിശ്വസ്തത.” “വ്യക്തിപരമായ അർപ്പണബോധം.” തങ്ങളുടെ ഉറ്റ സുഹൃത്തുക്കളോടുള്ള അടുപ്പത്തെ വർണിക്കാൻ ആളുകൾ മിക്കപ്പോഴും ഉപയോഗിക്കുന്ന വാക്കുകളാണ് ഇവ. ഈ ഭയഗംഭീരമായ പ്രപഞ്ചത്തിന്റെ മഹാസ്രഷ്ടാവിനോടുള്ള അടുപ്പത്തെയും ഈ പദപ്രയോഗങ്ങൾക്കു വർണിക്കാനാകുമെന്ന്, അതായത്, ദൈവത്തിന് നിങ്ങളുടെ വ്യക്തിഗത സുഹൃത്തായിരിക്കാനാകുമെന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? അതേ, ദൈവഭക്തി ഉണ്ടായിരിക്കുന്നതിനെക്കുറിച്ചു ബൈബിൾ പറയുന്നു. ആ പദപ്രയോഗത്തിൽ അനുസരണം മാത്രമല്ല ദൈവത്തോടുള്ള വ്യക്തിപരമായ അടുപ്പം, അതായതു വിലമതിപ്പുള്ള ഒരു ഹൃദയത്തിൽനിന്നു നിർഗമിക്കുന്ന ഒരു അടുപ്പവും ഉൾപ്പെടുന്നു.
അത്തരമൊരു അടുപ്പം സാധ്യവും പ്രയോജനകരവുമാണെന്ന് ഈ പരമ്പരയിലെ മുൻ ലേഖനങ്ങൾ പ്രകടമാക്കിയിട്ടുണ്ട്.a എന്നാൽ ദൈവവുമായുള്ള ഈ വ്യക്തിപരമായ സുഹൃദ്ബന്ധം നിങ്ങൾ എങ്ങനെ നേടിയെടുക്കും? അതു ജന്മസിദ്ധമല്ല, ദൈവഭക്തിയുള്ള മാതാപിതാക്കളിൽനിന്നു നിങ്ങൾക്കു സ്വാഭാവികമായി ലഭിക്കുന്നതുമല്ല. മറിച്ച്, അത് ആത്മാർഥ ശ്രമത്തിലൂടെ മാത്രം ഉത്ഭൂതമാകുന്നതാണ്. ‘ദൈവഭക്തി ലക്ഷ്യമാക്കി തന്നെത്തന്നെ പരിശീലിപ്പി’ക്കാൻ അപ്പോസ്തലനായ പൗലൊസ് യുവാവായ തിമൊഥെയൊസിനോടു പറഞ്ഞു. അതേ, പരിശീലനത്തിൽ ഒരു കായികതാരം നടത്തുന്ന തരത്തിലുള്ള ശ്രമം അവൻ നടത്തേണ്ടിയിരുന്നു! (1 തിമൊഥെയൊസ് 4:7, 8, 10, NW) ദൈവം നിങ്ങളുടെ സുഹൃത്തായിത്തീരണമെങ്കിൽ നിങ്ങളും അതുപോലെ പ്രവർത്തിക്കണം. എന്നാൽ ഈ സംഗതിയിൽ നിങ്ങൾക്ക് എങ്ങനെ പരിശീലനം ആരംഭിക്കാവുന്നതാണ്?
ദൈവത്തെക്കുറിച്ചുള്ള വ്യക്തിപരമായ പരിജ്ഞാനം
ദൈവിക ഭക്തി ഹൃദയത്തിൽനിന്ന് ആവിർഭവിക്കുന്നതിനാൽ നിങ്ങളുടെ ഹൃദയത്തെ ദൈവപരിജ്ഞാനംകൊണ്ടു നിറയ്ക്കണം. സങ്കടകരമെന്നു പറയട്ടെ, “നിങ്ങൾ തനിച്ചായിരിക്കുമ്പോൾ എത്ര കൂടെക്കൂടെ ബൈബിൾ വായിക്കുന്നു?” എന്ന് 500 ചെറുപ്പക്കാരോടു ചോദിച്ചപ്പോൾ, “വല്ലപ്പോഴുമൊക്കെ” എന്നോ “വളരെ അപൂർവമായി” എന്നോ “ഒരിക്കലുമില്ല” എന്നോ 87 ശതമാനം പറഞ്ഞു. ബൈബിൾ വായിക്കുന്നത് ഉന്മേഷരഹിതവും വിരസവുമാണെന്നു മിക്ക ചെറുപ്പക്കാരും വിചാരിക്കുന്നു. എന്നാൽ അത് അങ്ങനെ ആയിരിക്കേണ്ടതില്ല! ഇതു പരിഗണിക്കുക: ചില ചെറുപ്പക്കാർ എല്ലാത്തരത്തിലുമുള്ള സ്പോർട്സ് സ്ഥിതിവിവരക്കണക്കുകളും മനഃപാഠമാക്കുകയോ തങ്ങളുടെ ഇഷ്ടപ്പെട്ട പാട്ടുകളിലെ വരികൾ പഠിക്കുകയോ ചെയ്യുന്നതെന്തുകൊണ്ട്? അവർ അത്തരം കാര്യങ്ങളിൽ തത്പരരാണെന്നുള്ളതാണു കാരണം. സമാനമായി, നിങ്ങൾ ബൈബിൾ പഠനത്തിൽ ആമഗ്നരാകുന്നെങ്കിൽ അതു രസകരമായിത്തീരുന്നു. (1 തിമൊഥെയൊസ് 4:15) അപ്പോസ്തലനായ പത്രൊസ് ഉദ്ബോധിപ്പിച്ചു: “വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ.” (1 പത്രൊസ് 2:2, 3) അതേ, തിരുവെഴുത്തുകളിൽ നിങ്ങൾ അത്തരമൊരു വാഞ്ഛ ഉളവാക്കണം അഥവാ വളർത്തിയെടുക്കണം. ഇതിന് ശ്രമം ആവശ്യമായിരുന്നേക്കാം, എന്നാൽ പ്രതിഫലങ്ങൾ തക്ക മൂല്യമുള്ളതാണ്.b
ദൈവവചനവും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് “യഹോവയുടെ സുഖദായകത്വം” വെളിപ്പെടുത്തുമെന്നതാണ് ഒരു നേട്ടം. (സങ്കീർത്തനം 27:4, NW) ഒരു യുവ ക്രിസ്ത്യാനിയായ ആംബെർ ബൈബിൾ മുഴുവനും വായിക്കുകയെന്നതു തന്റെ ലക്ഷ്യമാക്കി. ഇതിന് ഏകദേശം ഒരു വർഷത്തോളമെടുത്തു. “വളരെയേറെ സമയവും ശ്രമവും ആവശ്യമുള്ളതും എന്നാൽ വളരെയേറെ പ്രതിഫലങ്ങൾ കൈവരുത്തുന്നതുമായ ഒട്ടേറെ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഇല്ല” എന്ന് ആംബെർ വിശദീകരിച്ചു. “ഞാൻ അതു വായിച്ചുകൊണ്ടിരുന്നപ്പോൾ, ഒരു പിതാവിനെപ്പോലെ യഹോവ എന്നെ മടിയിലിരുത്തി പഠിപ്പിക്കുന്നതായി എനിക്കു തോന്നി. ഞാൻ യഹോവയെക്കുറിച്ചു ധാരാളം പഠിച്ചു—എന്നെ അവനോട് അടുപ്പിക്കുകയും എന്റെ ശിഷ്ട ജീവിതത്തിൽ അവനോടു ഭയാദരവ് ഉണ്ടായിരിക്കാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്ത കാര്യങ്ങൾ തന്നെ.
നിങ്ങൾ ബൈബിൾ വായിക്കുമ്പോൾ, ദൈവം തന്റെ സുഹൃത്തുക്കളെ വിശ്വസ്തമായി പിന്താങ്ങിയ നിരവധി അവസരങ്ങളെക്കുറിച്ചു നിങ്ങൾ പഠിക്കുന്നു. (സങ്കീർത്തനം 18:25; 27:10) അവന്റെ പ്രമാണങ്ങൾ എല്ലായ്പോഴും ഏറ്റവും മെച്ചവും നമ്മുടെ നിലനിൽക്കുന്ന നന്മയ്ക്കു വേണ്ടിയുള്ളതുമാണെന്നു നിങ്ങൾ കണ്ടെത്തുന്നു. (യെശയ്യാവു 48:17) സ്നേഹവും ജ്ഞാനവും പോലുള്ള ദൈവത്തിന്റെ അതുല്യ ഗുണങ്ങളെക്കുറിച്ചു വായിക്കുന്നത് അവനെ അനുകരിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നു. (എഫെസ്യർ 5:1) എന്നാൽ അത്തരം വിവരങ്ങൾ നിങ്ങളുടെ ഹൃദയത്തെ തൊട്ടുണർത്തണമെങ്കിൽ, നിങ്ങൾ ധ്യാനിക്കുകയും ചെയ്യണം. വായിക്കുമ്പോൾ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഇത് യഹോവയെക്കുറിച്ച് എന്നോട് എന്തു പറയുന്നു? എനിക്കിത് എങ്ങനെ എന്റെ ചിന്തയിലും പ്രവർത്തനങ്ങളിലും ബാധകമാക്കാൻ കഴിയും? എനിക്ക് ഉണ്ടായിരിക്കാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും നല്ല സുഹൃത്ത് ദൈവമാണെന്ന് ഇത് എപ്രകാരം പ്രകടമാക്കുന്നു?’
വ്യക്തിപരവും സഭാപരവുമായ പഠനത്തിലൂടെ നിങ്ങൾ ദൈവത്തെക്കുറിച്ചു നേടുന്ന പരിജ്ഞാനം മറ്റൊരു വിധത്തിലും അവനോട് അടുത്തുചെല്ലാൻ നിങ്ങളെ സഹായിക്കും. ഒരു ഫ്രഞ്ച് പഴമൊഴി പറയുന്നു: “സമാനമായി ചിന്തിക്കുന്നവർ മാത്രമാണു യഥാർഥ സുഹൃത്തുക്കൾ.” പക്ഷേ ദൈവം ചിന്തിക്കുന്നതിനോടു ‘സമാനമായി’ നിങ്ങൾക്കെങ്ങനെ ‘ചിന്തിക്കാൻ’ കഴിയും? ഡെനിസ് എന്ന പെൺകുട്ടി വിശദീകരിക്കുന്നു: “ഒരു വിഷയത്തെക്കുറിച്ചു നിങ്ങൾ എത്രമാത്രം പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നുവോ, അതിനെപ്പറ്റിയുള്ള യഹോവയുടെ വീക്ഷണം അത്ര കൂടുതൽ നിങ്ങൾ മനസ്സിലാക്കുന്നു. ഒരു കാര്യത്തെ സംബന്ധിച്ച് അവൻ എങ്ങനെ വിചാരിക്കുന്നുവെന്ന് അറിയുന്നതു സഹായകമാണ്.”
നീതിനിഷ്ഠമായ നടത്ത മർമപ്രധാനം
തന്റെ ധാർമിക പ്രമാണങ്ങളെ ആദരിക്കുന്നവരെ മാത്രമേ ദൈവം സുഹൃത്തുക്കളായി തിരഞ്ഞെടുക്കുന്നുള്ളൂ. “നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ടു” എന്ന് സദൃശവാക്യങ്ങൾ 3:32 പറയുന്നു. നീതിനിഷ്ഠനായിരിക്കാൻ പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരൻ “യഹോവയുടെ ന്യായപ്രമാണപ്രകാരം പൂർണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണി”ക്കും. (2 രാജാക്കന്മാർ 10:31) അത്തരം അനുസരണമുള്ള നടത്ത ഒരു വ്യക്തിയെ ദൈവത്തോട് എത്ര അടുത്തുകൊണ്ടുവരും? യേശുക്രിസ്തു പറഞ്ഞു: “എന്റെ പിതാവും അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.” (യോഹന്നാൻ 14:21-24) എന്തൊരു ഹൃദയോഷ്മളമായ വിവരണം! ഒന്നു സങ്കൽപ്പിച്ചുനോക്കുക, പ്രപഞ്ചത്തിലെ ഏറ്റവും വലിയ രണ്ടു വ്യക്തികൾ ഒരു മനുഷ്യനു തങ്ങളുടെ നിരന്തര ശ്രദ്ധയും പരിപാലനവും നൽകുന്നു! യഹോവയുടെ നിയമപ്രകാരം നടക്കാൻ നിങ്ങൾ ശ്രദ്ധിക്കുന്നുവെങ്കിൽ നിങ്ങൾക്ക് അത് അനുഭവേദ്യമാകും.
നീതിനിഷ്ഠനായിരിക്കുന്നതിന് നിങ്ങൾ പൂർണനായിരിക്കേണ്ടതുണ്ടോ? തീർച്ചയായും ഇല്ല! ബലഹീനത നിമിത്തം ഒരു തെറ്റുചെയ്യുന്നതു നിങ്ങൾ ദൈവത്തിന്റെ “കല്പനകളുടെ പാത” ഉപേക്ഷിച്ചിരിക്കുന്നുവെന്ന് അർഥമാക്കുന്നില്ല. (സങ്കീർത്തനം 119:35) ദാവീദ് രാജാവിനെക്കുറിച്ചു ബൈബിൾ പറയുന്നത് എന്താണെന്നു പരിഗണിക്കുക. ദൈവത്തിന്റെ ഒരു വിശ്വസ്ത സുഹൃത്തായിരുന്നെങ്കിലും അവൻ ബലഹീനത നിമിത്തം ഗൗരവാവഹമായ ചില തെറ്റുകൾ ചെയ്തു. എന്നിട്ടും, അവൻ “ഹൃദയ നിർമ്മലതയോടും പരമാർത്ഥതയോടുംകൂടെ [“നീതിനിഷ്ഠമായി,” NW]” നടന്നുവെന്ന് യഹോവ പറഞ്ഞു. (1 രാജാക്കന്മാർ 9:4) താൻ ചെയ്ത ഏതു ദുഷ്പ്രവൃത്തിയെയുംപ്രതി ദാവീദ് രാജാവ് എല്ലായ്പോഴും ഹൃദയംഗമമായ അനുതാപം കാണിക്കുകയും ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കഠിനമായി പ്രയത്നിക്കുകയും ചെയ്തു.—സങ്കീർത്തനം 51:1-4.
ദാവീദ് ദൈവത്തെ സ്നേഹിച്ചിരുന്നുവെങ്കിലും, ശരിയായതു ചെയ്യുന്നതു ചില സന്ദർഭങ്ങളിൽ എത്ര ബുദ്ധിമുട്ടുള്ളതായിരിക്കാമെന്ന് അവൻ മനസ്സിലാക്കി. “നിന്റെ സത്യത്തിൽ എന്നെ നടത്തേണമേ” എന്ന് അവൻ ദൈവത്തോടു യാചിച്ചത് അതുകൊണ്ടാണ്. അതേ, ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിനോട് അവൻ ഒരു യഥാർഥ ഭീതി അല്ലെങ്കിൽ ഭയം വളർത്തിയെടുത്തു. അതുകൊണ്ട് അവനു പറയാൻ കഴിഞ്ഞു: “യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു [“അവനെ ഭയപ്പെടുന്നവർക്ക്,” NW] ഉണ്ടാകും.” (സങ്കീർത്തനം 25:5, 14) ഇത് അനാരോഗ്യകരമായ ഒരു ഭയമല്ല, മറിച്ച് സ്രഷ്ടാവിനോടു തോന്നുന്ന ആഴമായ ആദരവും അവനെ അപ്രീതിപ്പെടുത്താനുള്ള ആരോഗ്യാവഹമായ ഭയവുമാണ്. ഉചിതമായ നടത്ത അടിസ്ഥാനപ്പെട്ടിരിക്കുന്നത് ഈ ദൈവിക ഭയത്തിലാണ്. ദൃഷ്ടാന്തീകരിക്കുന്നതിന്, ജോഷുവാ എന്ന ക്രിസ്തീയ യുവാവിന്റെ ഉദാഹരണം പരിഗണിക്കുക.
ജോഷുവായ്ക്ക് ഒരു സഹപാഠിയിൽനിന്ന്, അവൾ അവനെ ഇഷ്ടപ്പെടുന്നുവെന്നും അവനുമായി “പ്രേമ ബന്ധത്തി”ലായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പു കിട്ടി. ജോഷുവാ അവളിൽ ആകൃഷ്ടനായിരുന്നെങ്കിലും, ഒരു അവിശ്വാസിയുമായുള്ള സഹവാസം അധാർമികതയിലേക്കു നയിക്കാവുന്നതും യഹോവയുമായുള്ള തന്റെ സുഹൃദ്ബന്ധത്തെ ഹനിച്ചേക്കാവുന്നതുമാണെന്ന് അവൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് തനിക്കു താത്പര്യമില്ലെന്ന് അവൻ അവളോടു തുറന്നു പറഞ്ഞു! താൻ എങ്ങനെ ആ സാഹചര്യത്തെ കൈകാര്യം ചെയ്തുവെന്ന് അവൻ പിന്നീട് അമ്മയോടു പറഞ്ഞപ്പോൾ, അവർ ചിന്തിക്കാതെ പറഞ്ഞു: “ഓ, ജോഷുവാ, നീ ഒരുപക്ഷേ അവളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിരിക്കാം!” ജോഷുവാ മറുപടി പറഞ്ഞു: “പക്ഷേ, മമ്മീ, യഹോവയെ വ്രണപ്പെടുത്തുന്നതിനെക്കാൾ ഭേദം അവളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്.” അവന്റെ ദൈവിക ഭയം, സ്വർഗീയ സുഹൃത്തിനെ അപ്രീതിപ്പെടുത്താനുള്ള ഭയം, നീതിനിഷ്ഠമായ നടത്ത നിലനിർത്താൻ അവനെ പ്രേരിപ്പിച്ചു.
നല്ല സഹകാരികളെ തേടുക
എന്നാൽ ലിൻ എന്നു പേരുള്ള ഒരു യുവതി കുഴപ്പത്തിൽ അകപ്പെട്ടുകൊണ്ടേയിരുന്നു. അവളുടെ പ്രശ്നമോ? അവൾ ഒരു ദുഷിച്ച സംഘത്തോടൊപ്പം സഹവസിക്കുകയായിരുന്നു. (പുറപ്പാടു 23:2; 1 കൊരിന്ത്യർ 15:33) പരിഹാരമോ? പുതിയ സുഹൃത്തുക്കളെ കണ്ടെത്തൽ! ലിൻ ഉപസംഹരിച്ചു: “യഹോവയെ സ്നേഹിക്കുന്ന സുഹൃത്തുക്കൾ ചുറ്റുമുണ്ടെങ്കിൽ, സംവേദകത്വമുള്ള ഒരു മനസ്സാക്ഷി നിലനിർത്താനും കുഴപ്പത്തിൽനിന്ന് ഒഴിഞ്ഞിരിക്കാനും അതു നിങ്ങളെ സഹായിക്കുന്നു. അവർ ദുഷ്പ്രവൃത്തിയോടു വെറുപ്പു പ്രകടിപ്പിക്കുമ്പോൾ, നിങ്ങളും അതേ വിധത്തിൽ ചിന്തിക്കാൻ അതിടയാക്കുന്നു.”
ദൈവവുമായി ഒരു സുഹൃദ്ബന്ധമുണ്ടായിരിക്കുന്നതിലെ ഏറ്റവും വലിയ തടസ്സം സുഹൃത്തുക്കളുടെ കാര്യത്തിലുള്ള നിങ്ങളുടെ തെറ്റായ തിരഞ്ഞെടുപ്പായിരിക്കാവുന്നതാണ്. പതിനെട്ടു വയസ്സുള്ള ആൻ സമ്മതിച്ചുപറഞ്ഞു: “നിങ്ങളുടെ സുഹൃത്തുക്കൾക്കു നിങ്ങളുടെമേൽ കാര്യമായ സ്വാധീനമുണ്ട്. എന്നെങ്കിലും നിങ്ങൾ അവരെപ്പോലെയാകും. അവരെപ്പോലെ ചിന്തിക്കാൻ അവർ നിങ്ങളെ സ്വാധീനിക്കും. സംഭാഷണങ്ങൾ മുഖ്യമായും ലൈംഗികതയെക്കുറിച്ചായിരിക്കാം. അതു നിങ്ങളെ ജിജ്ഞാസുവാക്കിയേക്കാം. അത് എങ്ങനെയുണ്ടായിരിക്കുമെന്നു നിങ്ങൾ ചിന്തിക്കുന്നു.” ആൻ ഒരു കയ്പേറിയ അനുഭവത്തിലൂടെ അതു പഠിച്ചു. അവൾ പറയുന്നു: “ഇതു സത്യമാണെന്ന് എനിക്കറിയാം. ഞാൻ അധാർമികതയിൽ ഉൾപ്പെടുകയും 15-ാം വയസ്സിൽ ഗർഭിണിയാകുകയും ചെയ്തു.”
“ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു”വെന്ന ബൈബിൾ വചനത്തിന്റെ സത്യത ആൻ ഒടുവിൽ മനസ്സിലാക്കി. (യാക്കോബ് 4:4) അതേ, ലോകത്തിന്റെ ഒരു സ്നേഹിതയായിരിക്കാൻ ആൻ ആഗ്രഹിച്ചു, നിശ്ചയിച്ചുറച്ചു. എന്നാൽ അത് ഒന്നിനു പുറകേ ഒന്നായി ഹൃദയവേദനയിലേക്കു മാത്രമേ നയിച്ചുള്ളൂ. സന്തോഷകരമെന്നു പറയട്ടെ, അവൾക്കു ബോധമുദിച്ചു. തന്റെ ഗതിയെക്കുറിച്ച് അവൾ ആഴമായി അനുതപിക്കുകയും മാതാപിതാക്കളിൽനിന്നും സഭയിലെ മൂപ്പൻമാരിൽനിന്നുമുള്ള സഹായം തേടുകയും ചെയ്തു. പുതിയൊരു കൂട്ടം സുഹൃത്തുക്കളെയും അവൾ കണ്ടെത്തി. (സങ്കീർത്തനം 111:1) തന്റെ ഭാഗത്തെ വർധിച്ച ശ്രമങ്ങളാൽ വീണ്ടും ദൈവത്തിന്റെ ഒരു സുഹൃത്തായിത്തീരാൻ ആനിനു കഴിഞ്ഞു. അനേക വർഷങ്ങൾക്കു ശേഷം അവൾ ഇപ്പോൾ പറയുന്നു: “യഹോവയുമായുള്ള എന്റെ ബന്ധം വളരെയേറെ അടുത്തതാണ്.”
ബൈബിളിന്റെ വ്യക്തിപരമായ പഠനം, ധ്യാനം, നീതിനിഷ്ഠമായ നടത്ത, ആരോഗ്യാവഹമായ സഹവാസം എന്നിവയാൽ നിങ്ങൾക്കും ദൈവവുമായി ഒരു അടുത്ത സുഹൃദ്ബന്ധം നട്ടുവളർത്താൻ കഴിയും. എന്നാൽ, ആ സുഹൃദ്ബന്ധം നിലനിർത്തുന്നത് മറ്റൊരു സംഗതിയാണ്. പ്രയാസങ്ങൾക്കും വ്യക്തിപരമായ ബലഹീനതകൾക്കും മധ്യേ അത് എങ്ങനെ ചെയ്യാൻ സാധിക്കും? ഈ പരമ്പരയിലെ ഒരു ഭാവി ലേഖനം ഈ വിഷയം ചർച്ചചെയ്യും.
[അടിക്കുറിപ്പുകൾ]
a ഉണരുക!യുടെ 1995 ജൂലൈ 22-ഉം നവംബർ 22-ഉം ലക്കങ്ങൾ കാണുക.
b 1985 ആഗസ്റ്റ് 8 ലക്കത്തിലെ (ഇംഗ്ലീഷ്) “യുവജനങ്ങൾ ചോദിക്കുന്നു . . . എന്തുകൊണ്ട് ബൈബിൾ വായിക്കണം?” എന്ന ലേഖനം കാണുക.
[13-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ സുഹൃത്തായിരിക്കാൻ എന്റെ സഹകാരികൾ എന്നെ സഹായിക്കുമോ?