യുവജനങ്ങൾ ചോദിക്കുന്നു...
ക്രിസ്തീയ യോഗങ്ങൾക്ക് എന്നെ എങ്ങനെ സഹായിക്കാൻകഴിയും?
“ആത്മീയമായി പുരോഗമിക്കാൻ പള്ളികൾ നിങ്ങളെ സഹായിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല. ഒരു വ്യക്തി ആത്മീയനായിരിക്കണമോ വേണ്ടയോ എന്നത് ആ വ്യക്തിയെ ആശ്രയിച്ചാണിരിക്കുന്നത്.”—കെവിൻ എന്ന 19 വയസ്സുകാരൻ.
കെവിൻ പറയുന്നത് പലപ്രകാരത്തിലും ശരിയാണ്. “ഒരു വ്യക്തി ആത്മീയനായിരിക്കണമോ വേണ്ടയോ” എന്ന് തീരുമാനിക്കുന്നത് യഥാർത്ഥത്തിൽ ഓരോ വ്യക്തിയുമാണ്. എന്നാൽ നിങ്ങൾ ഈ ലേഖനം വായിക്കുന്നതിനാൽ, കുറഞ്ഞപക്ഷം ഒരു ആത്മീയ വ്യക്തിയായിരിക്കാൻ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതലായുണ്ട്. എങ്കിലും നിങ്ങൾ ഏതു തരത്തിലുള്ള ഒരു ആത്മീയ വ്യക്തിയാണ് അല്ലെങ്കിൽ എപ്രകാരം അങ്ങനെയായിത്തീരാൻ കഴിയും എന്ന് നിങ്ങൾക്ക് കൃത്യമായി തീർച്ചയില്ലായിരിക്കാം.
ലളിതമായി പറഞ്ഞാൽ ഒരു ആത്മീയ മനുഷ്യൻ, പരമോന്നത ദൈവമായ യഹോവയുടെ നിർദ്ദേശങ്ങൾക്ക് തന്റെ ചിന്തകളെയും അഭിപ്രായങ്ങളെയും പ്രവൃത്തികളെയും കീഴ്പ്പെടുത്തുന്ന ഒരുവനാണ്. അയാൾ തന്റെ ദൈനംദിന തീരുമാനങ്ങൾ എടുക്കുമ്പോഴും ലക്ഷ്യങ്ങൾ വെക്കുമ്പോഴും ജീവിതത്തിൽ മുൻഗണനകൾ തയ്യാറാക്കുമ്പോഴും തന്റെ സ്രഷ്ടാവിനെ പരിഗണിക്കുന്നു. മററുപ്രകാരത്തിൽ പറഞ്ഞാൽ ഒരു ആത്മീയ വ്യക്തി ദൈവോൻമുഖനാണ്.
ഒരു കൗമാരപ്രായക്കാരൻ എന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ ആത്മീയ വളർച്ചയെ “ഈ വ്യവസ്ഥിതിയുടെ ഉൽക്കണ്ഠകൾ” തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയേക്കാം. (മത്തായി 13:22) ‘സദാസമയവും തെററ് ചെയ്യാൻ ചായ്വുള്ള’ സഹപാഠികളുമായി ദിവസം മുഴുവൻ സഹവസിക്കുന്നതും നിരുത്സാഹകരമാണ്. (ഉല്പ്പത്തി 6:5) ശരിയായതിൽ നിങ്ങളുടെ മനസ്സിനെ കേന്ദ്രീകരിക്കുന്നതിന് പ്രയാസം വരുത്തത്തക്കരീതിയിൽ ചിലർ “ചീത്തയായവ സംസാരിക്കയും പരിഹസിക്കയും” ചെയ്തേക്കാം. (സങ്കീർത്തനം 7:15; 3:8) അതുപോലെ നിങ്ങളുടെ മാതാപിതാക്കളോ മററു കുടുംബാംഗങ്ങളോ നിങ്ങളുടെ വിശ്വാസത്തിൽ പങ്കാളികളല്ലെന്നുവരികിൽ, അവർ യാതൊരു ആത്മീയ പ്രോത്സാഹനവും നൽകാതിരുന്നേക്കാം. ഈ നിഷേധാത്മക സ്വാധീനങ്ങളോട് പ്രതിപ്രവർത്തനം നടത്തുന്നതിനും ആത്മീയമായി വളരുന്നതിനും നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും?
നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം യഹോവയുടെ സാക്ഷികളുടെ രാജ്യഹോളിലെ മീററിംഗുകളിൽ ക്രമമായി പങ്കുപററുക എന്നതാണ്. പള്ളി ശുശ്രൂഷകൾക്കു വിപരീതമായി അവിടെയുള്ള മീററിംഗുകൾ “ദൈവികഭക്തി നിങ്ങളുടെ ലക്ഷ്യമാക്കി” പ്രവർത്തിക്കാനും ആത്മീയ ശൈശവത്തിൽനിന്ന് ആത്മീയ പ്രായപൂർത്തിയിലേക്കുള്ള നിങ്ങളുടെ പുരോഗതിയെ സഹായിക്കാനും ഉതകുന്നു.—1 തിമോഥെയോസ് 4:7; എഫേസ്യർ 4:13, 14.
പഠിക്കാൻ നിങ്ങളെ സഹായിക്കുന്ന മീററിംഗുകൾ
യഹോവയുടെ സാക്ഷികൾ ഭൂമിയിലുടനീളമുള്ള 63,000-ത്തിൽ പരം സഭകളിലായി, “ശ്രദ്ധിക്കുന്നതിനും പഠിക്കുന്നതിനുമായി ജനങ്ങളെ, പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയും കൂട്ടിവരുത്തുക” എന്ന ബൈബിളിന്റെ ഉപദേശം പിന്തുടരുന്നു. (ആവർത്തനം 31:12) അതിനാൽ സാക്ഷികളുടെ ഇടയിൽ നിങ്ങളെപ്പോലുള്ള യുവാക്കളെ നിങ്ങൾ കണ്ടെത്തും.
ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികൾ ഒരേ വിദ്യാഭ്യാസ പരിപാടിയിൽ പങ്കുപററുന്നു. ഇതിൽ ഏകദേശം ഒരു മണിക്കൂർ ദൈർഘ്യമുള്ള അഞ്ച് പ്രതിവാര മീററിംഗുകൾ ഉൾപ്പെടുന്നു. അഞ്ചു മീററിംഗുകൾ ഇവയാണ്:
പരസ്യയോഗം—ഒരു ബൈബിൾ വിഷയത്തെ വിശേഷവൽക്കരിച്ചുള്ള ഒരു ബൈബിൾ പ്രസംഗം.
വീക്ഷാഗോപുരദ്ധ്യയനം—യഹോവയുടെ സാക്ഷികളുടെ മുഖ്യ പ്രസിദ്ധീകരണമായ വീക്ഷാഗോപുരം മാസിക ഉപയോഗിച്ചുള്ള ബൈബിളിന്റെ പഠിപ്പിക്കലുകളുടെ ഒരു ആഴമായ പഠനം.
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ—ക്രിസ്തീയ ശുശ്രൂഷക്കുള്ള പ്രസംഗ വൈദഗ്ദ്ധ്യം അഭ്യസിപ്പിക്കുന്നു.
സേവനയോഗം—ബൈബിളദ്ധ്യയന ശുശ്രൂഷക്കും വീടുതോറുമുള്ള ശുശ്രൂഷക്കും വേണ്ടിയുള്ള ഫലകരമായ പഠിപ്പിക്കൽരീതിയുടെ പ്രകടനങ്ങളും ചർച്ചകളും വിശേഷവൽക്കരിക്കുന്നു.
സഭാപുസ്തകാദ്ധ്യയനം—ഒരു ബൈബിൾ സഹായി ഉപയോഗിച്ച് ചെറുഗ്രൂപ്പുകളായുള്ള ചോദ്യോത്തര ചർച്ച—സാധാരണ സ്വകാര്യ ഭവനങ്ങളിൽ നടത്തപ്പെടുന്നു.
ഈ മീററിംഗുകളിലെ വിദ്യാഭ്യാസ പരിപാടികൾ നിങ്ങളെ “ദൈവത്തിന്റെ ആഴമായ കാര്യങ്ങൾപോലും” പഠിക്കാൻ സഹായിക്കും. (1 കൊരിന്ത്യർ 2:10; സദൃശവാക്യങ്ങൾ 2:5) എന്നുവരികിലും പങ്കെടുക്കുന്നതിൽനിന്ന് മററു പ്രയോജനങ്ങളുമുണ്ട്.
“ഇരുമ്പ് ഇരുമ്പിനു മൂർച്ച വരുത്തുന്നതുപോലെ”
“ദൈവത്തെ സേവിക്കുന്ന മററുള്ളവരുടെ ഇടയിൽ ഒരു ക്രിസ്ത്യാനി ആയിരിക്കുക എളുപ്പമാണെ”ന്ന് മിഷെൽ എന്ന 15 വയസ്സുകാരി പറയുന്നു. “എന്നാൽ സ്കൂളിൽ പോകുമ്പോൾ നിങ്ങളുടെ സഹപാഠികൾക്ക് വ്യത്യസ്ത ലക്ഷ്യങ്ങളും നിലവാരങ്ങളും ഉള്ളതിനാൽ അത് കൂടുതൽ വിഷമകരമാണ്.” അതുകൊണ്ട് മീററിംഗുകളിൽ സംബന്ധിക്കുന്നതിന്റെ ഒരു പ്രയോജനം സഹവിശ്വാസികളോടൊത്ത് സഹവസിക്കാനുള്ള അവസരമാണ്.
ജ്ഞാനിയായ ശലോമോൻ രാജാവ് പറഞ്ഞു: “ഇരുമ്പ് ഇരുമ്പിനു മൂർച്ചവരുത്തുന്നു, അപ്രകാരം ഒരുവൻ മറെറാരുവന്റെ ബുദ്ധിക്ക് മൂർച്ചകൂട്ടുന്നു.” (സദൃശ്യവാക്യങ്ങൾ 27:17, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ) ചിലപ്പോൾ ആത്മീയചിന്താശക്തിക്ക് അതായത് ആത്മീയ അറിവിനും ഉൾക്കാഴ്ചയ്ക്കും മൂർച്ചകൂട്ടേണ്ടയാവശ്യമുണ്ട്. ഒരു അക്ഷരീയ കത്തിക്ക് മൂർച്ച കൂട്ടണമെങ്കിൽ ഉചിതമായ ഉപകരണങ്ങളും വൈദഗ്ദ്ധ്യവും ആവശ്യമായിരിക്കുന്നതുപോലെതന്നെ, നിങ്ങൾക്ക് ചില “ആത്മീയ ദാനങ്ങൾ നൽകാൻ കഴിവുള്ള” യോഗ്യരായ ആളുകളുമായി നിങ്ങൾ സഹവസിക്കേണ്ടയാവശ്യമുണ്ട്. റോമർ 1:11.
രാജ്യഹോളിൽ നിങ്ങൾ, വ്യത്യസ്ത പ്രായത്തിലും വർഗ്ഗത്തിലും രാഷ്ട്രങ്ങളിലുമുള്ള അത്തരം ആളുകളെ കണ്ടെത്തും. നിങ്ങളുടെ സമപ്രായക്കാരിൽ നിങ്ങൾക്ക് ആകർഷണം തോന്നിയേക്കാമെന്നു മനസ്സിലാക്കാവുന്നതേയുള്ളു. എങ്കിലും യഹോവയെ സേവിക്കുന്നതിൽ വിശ്വസ്തതയോടെ അനേകവർഷങ്ങൾ ചെലവഴിച്ചവരെ പ്രത്യേകാൽ ശ്രദ്ധിക്കുക. (ലേവ്യാപുസ്തകം 19:32) ബൈബിളിലെ ആഴമായ അറിവോടുകൂടിയ അവരുടെ ജീവിതാനുഭവപരിചയം നിങ്ങൾക്ക് വലിയ സഹായമായിരിക്കാൻ കഴിയും. അങ്ങനെയുള്ളവരെ നിങ്ങൾക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും? ‘നിങ്ങൾ സത്യത്തിലേക്കു വരാനിടയായതെങ്ങനെ?,’ അല്ലെങ്കിൽ ‘നിങ്ങൾ ചെറുപ്പമായിരുന്നപ്പോൾ വയൽസേവനം എപ്രകാരം അനുഭവപ്പെട്ടിരുന്നു?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ അവരോടു ചോദിച്ചുകൊണ്ട് ശ്രമിക്കാം. അവർ തീർച്ചയായും ചില ആത്മീയ ദാനങ്ങൾ നിങ്ങൾക്കു നൽകിയേക്കാം!
യഥാർത്ഥത്തിൽ സഭയിലെ മററുള്ളവരെ സമീപിക്കുമ്പോൾ, “പ്രായമായവരോടു സംസാരിക്കാൻ ഞാൻ സാധാരണയായി ഭയമുള്ളവനായിരുന്നു. ഞാൻ എന്തെങ്കിലും തെററായി സംസാരിക്കുകയാണെങ്കിൽ എനിക്ക് അവർ ബുദ്ധിയുപദേശം നൽകും” എന്നു ഞാൻ വിചാരിച്ചു എന്നു പറഞ്ഞ 12 വയസ്സുകാരനായ ക്രെയ്ഗിനെപ്പോലെ നിങ്ങളും ആദ്യം ചിന്തിച്ചേക്കാം. ക്രെയ്ഗ് തന്റെ തോന്നലുകൾ അടിസ്ഥാനരഹിതമായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. “ഇപ്പോൾ അവരോട് സംസാരിക്കുന്നതിൽ എനിക്ക് ആശ്വാസം ഉണ്ട്” എന്ന് അയാൾ വിശദീകരിക്കുന്നു. സഭയിലെ ആത്മീയ പക്വതയുള്ളവരുമായി സഹവസിക്കുവാൻ ഒരു സമാനമായ ശ്രമം എന്തുകൊണ്ട് ചെയ്തുകൂടാ? അങ്ങനെ ചെയ്യുന്നതിനാൽ നിങ്ങൾക്ക് പക്വതയുള്ള ക്രിസ്ത്യാനികളെ നിരീക്ഷിക്കുന്നതിനും അനുകരിക്കുന്നതിനുമുള്ള ഒരു വിലതീരാത്ത അവസരം ലഭിക്കും.—2 തെസലൊനീക്യർ 3:9.
“പഠിപ്പിക്കപ്പെട്ടവരുടെ ഒരു നാവ്”
പുരോഗതി പ്രാപിക്കേണ്ടതായ മറെറാരു മണ്ഡലത്തിൽ നിങ്ങളുടെ പഠിപ്പിക്കൽ പ്രാപ്തികൾ ഉൾപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ബൈബിൾ സത്യങ്ങൾ വ്യക്തമായി മററുള്ളവരോടു സംസാരിക്കാൻ നിങ്ങൾക്ക് പ്രാപ്തിയുണ്ടോ? ഒരു സദസ്സിന്റെ ശ്രദ്ധ പിടിച്ചെടുക്കാൻ നിങ്ങൾക്കു കഴിവുണ്ടോ? നിങ്ങളുടെ വായന അർത്ഥവത്താക്കാൻ എങ്ങനെ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? “പരമാധികാര കർത്താവായ യഹോവതന്നെ എനിക്ക് പഠിപ്പിക്കപ്പെട്ടവരുടെ ഒരു നാവ് തന്നിരിക്കുന്നു” എന്ന് യെശയ്യാവ് പറഞ്ഞു. (യെശയ്യാവ് 50:4) അതുപോലെ പരിശീലനത്താൽ, പഠിപ്പിക്കപ്പെട്ടവരുടെ ഒരു നാവ് നിങ്ങൾക്കും ഉണ്ടായിരിക്കാൻ കഴിയും. ഇതിനോടുള്ള ബന്ധത്തിൽ നിങ്ങൾക്കു പ്രയോജനം നേടാൻ കഴിയുന്ന ഒരു പ്രത്യേക മീററിംഗ് ഉണ്ട്: ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ. നിങ്ങൾ ആ സ്കൂളിൽ ഇതിനകം ചേർന്നിട്ടില്ലേ?
മററുള്ളവരോട് സംസാരിക്കുന്നതിന് ക്രിസ്ത്യാനികൾക്ക് പ്രബോധനം നൽകാനാണ് ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിൽ പങ്കെടുക്കുന്നതിന് ഒരു പ്രായപരിധിയില്ല, സ്നാപനം ഒരു നിബന്ധനയും അല്ല. എങ്കിലും നിങ്ങൾക്ക് എഴുതാനും വായിക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം, സഭയോട് സജീവമായി സഹവസിക്കണം, ക്രിസ്തീയ തത്വങ്ങളോട് യോജിപ്പിലുള്ള ഒരു ജീവിതം നയിക്കുന്നവനുമായിരിക്കണം. ഈ ശുശ്രൂഷാ സ്കൂൾ എങ്ങനെ നടത്തുന്നു?
പേരു ചാർത്തിയതിനുശേഷം ഒരു പ്രത്യേക തിരുവെഴുത്തു വിഷയത്തെസംബന്ധിച്ച ഒരു ലഘുപ്രസംഗം നടത്താൻ നിങ്ങൾക്കു നിയമനം ലഭിക്കും. നിങ്ങളുടെ പ്രസംഗം തയ്യാറാക്കുന്നതിന് കഠിന പ്രയത്നം ചെയ്യുക. ദൃഷ്ടാന്തത്തിന് നിങ്ങളുടെ വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾ വാച്ച്ടവർ പബ്ലിക്കേഷൻസ് ഇൻഡെക്സുകൾ ഉപയോഗിച്ച് ബൈബിൾസാഹിത്യങ്ങൾ ഗവേഷണം ചെയ്യുന്നതിനാലും തിരുവെഴുത്തുകളെ സംബന്ധിച്ച ഉൾക്കാഴ്ച എന്ന ബൈബിൾവിജ്ഞാനകോശംa പരിശോധിക്കുന്നതിനാലും നിങ്ങൾക്കു കണ്ടെത്താൻ കഴിയും. ഇതു സംബന്ധിച്ച് നിങ്ങൾക്ക് സഹായം ആവശ്യമാണെങ്കിൽ നിങ്ങളുടെ മാതാപിതാക്കളോടോ അനുഭവപരിചയമുള്ള ഒരു ക്രിസ്ത്യാനിയോടോ നിങ്ങളെ സഹായിക്കാൻ ആവശ്യപ്പെടുക. നിങ്ങൾ ചെയ്ത ഗവേഷണത്തിനു നിങ്ങളുടെ പ്രസംഗം വിജ്ഞാനപ്രദമാക്കാനും നിങ്ങളുടെ ആത്മീയ വളർച്ചയെ പ്രചോദിപ്പിക്കാനും കഴിയും.—സദൃശവാക്യങ്ങൾ 2:1-5.
നിങ്ങൾ സഭയുടെ മുമ്പാകെ ഒരു പ്രസംഗം നടത്തുമ്പോൾ സ്കൂൾ നടത്തുന്ന യോഗ്യതയുള്ള ശുശ്രൂഷകൻ ശ്രദ്ധാപൂർവം കേട്ടുകൊണ്ടിരിക്കും. നിങ്ങളുടെ പ്രസംഗത്തിനുശേഷം അദ്ദേഹം പരസ്യ പ്രസംഗകരെ സഹായിക്കുന്നതിനു രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു പ്രസിദ്ധീകരണമായ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ ഗൈഡ് ബുക്കലെ വിവരങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് ബുദ്ധിയുപദേശവും ഉചിതമായ പ്രോത്സാഹനവും തരും. ഈ ബുദ്ധിയുപദേശത്തിന് സൂക്ഷ്മ ശ്രദ്ധകൊടുക്കുക. ഇത് നിങ്ങളെ വിമർശിക്കാനോ വിഷമിപ്പിക്കാനോ അല്ല. നൽകപ്പെടുന്ന നിർദ്ദേശങ്ങൾ നിങ്ങളെ സഹായിക്കുന്നതിനാണ്. “പരസ്യവായനക്ക് നിങ്ങൾ നിങ്ങളെത്തന്നെ തുടർച്ചയായി ലഭ്യമാക്കുന്നു”വെങ്കിൽ നിങ്ങളുടെ ആത്മീയ പുരോഗതി എല്ലാ ആളുകൾക്കും “പ്രത്യക്ഷമാക്കപ്പെടും.”—1 തിമൊഥെയോസ് 4:13-15.
‘നിങ്ങളുടെ അധരങ്ങളാൽ യഹോവയെ സ്തുതിക്കുക’
ക്രിസ്തീയ മീററിംഗുകളിൽ ആത്മീയമായി വളരുവാനുള്ള മറെറാരു മാർഗ്ഗം സദസ്യപങ്കുപററൽ ക്ഷണിക്കപ്പെടുമ്പോൾ അഭിപ്രായങ്ങളും ഉത്തരങ്ങളും സ്വമേധയാ പറയുക എന്നുള്ളതാണ്. മുൻകൂട്ടി തയ്യാറാകലാണ് താക്കോൽ.b എന്നാൽ ചിലപ്പോൾ നിങ്ങൾ മീററിംഗിന് തയ്യാറാകുമ്പോൾപാലും അഭിപ്രായം പറയുക പ്രയാസമാണെന്ന് കണ്ടെത്തിയേക്കാം. അങ്ങനെയുള്ള സാഹചര്യങ്ങളിൽ യഹോവയോട് സഹായത്തിന് അപേക്ഷിക്കുക. ദാവീദ് രാജാവ് ഇങ്ങനെ പ്രാർത്ഥിച്ചു: “യഹോവേ എന്റെ അധരങ്ങളെ തുറക്കേണമേ, എന്നാൽ എന്റെ സ്വന്തം വായ് നിന്നെ സ്തുതിച്ചുകൊണ്ടിരിക്കും.”—സങ്കീർത്തനം 51:15.
ഓർമ്മിക്കുക: ഒരുത്തരം വളരെ നീണ്ടതോ കെട്ടുപണി ചെയ്യാൻതക്ക വിവരങ്ങൾ ഉൾക്കൊള്ളുന്നതോ ആയിരിക്കേണ്ടതില്ല. 12 വയസ്സുകാരിയായ റേച്ചൽ ഇങ്ങനെ പറയുന്നു: “ഒരു നീണ്ട ഉത്തരം പറയുന്നതിനു പകരം ഒററ വാചകത്തിൽ അഭിപ്രായം പറയാം.” ആദ്യം മീററിംഗുകളിൽ സംസാരിക്കുന്നത് പ്രയാസമാണെന്ന് കണ്ടേക്കാം, നിങ്ങൾക്കു സഹായത്തിന് അപേക്ഷിക്കാൻ കഴിയും, ചില സമയത്ത് റേച്ചൽ ചെയ്തതുപോലെ വിചാരിക്കാവുന്നതാണ്. അവർ വിശദീകരിക്കുന്നു: “നിങ്ങൾ സ്വയം ഒരു അഭിപ്രായം പറയുമ്പോൾ യഥാർത്ഥത്തിൽ അതു നിങ്ങളുടേതു തന്നെയാണ്, അതിൽ നിങ്ങൾക്കു അഭിമാനിക്കാൻ കഴിയും.” കൂടുതലായി നിങ്ങളുടെ പ്രയത്നങ്ങൾക്കുള്ള ഫലം എന്ന നിലയിൽ നിങ്ങൾ ആത്മീയമായി വളരും.
ഇന്നത്തെ സ്വാർത്ഥതൽപരമായ ലോകത്തിൽ ആത്മീയ മനോഭാവം ഉള്ളവരായിരിക്കുക എന്നുള്ളത് എളുപ്പമല്ല. എന്നാൽ നിങ്ങൾ നിരന്തരമായി മീററിംഗുകൾക്ക് ഹാജരാവുകയും ശരിയായി തയ്യാറാവുകയും പങ്കുപററുകയും പക്വതയുള്ളവരോട് സഹവസിക്കുവാൻ പ്രയത്നിക്കുകയും ചെയ്യുന്നുവെങ്കിൽ തീർച്ചയായും ക്രിസ്തീയ മീററിംഗുകൾ നിങ്ങളെ ആത്മീയമായി വളരുവാൻ സഹായിക്കും. (g91 7/8)
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി പ്രസിദ്ധീകരിച്ചത്.
b മീററിംഗുകളിൽ എപ്രകാരം പങ്കുപററുന്നതിനും തയ്യാറാകുന്നതിനും കഴിയുമെന്നുള്ളതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് എവേക്ക്! ജൂൺ 22, 1988 പേജ് 11-13 കാണുക.
[21-ാം പേജിലെ ചിത്രങ്ങൾ]
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ആയിരക്കണക്കിന് യുവാക്കളെ ദൈവവചനത്തിന്റെ സമർത്ഥരായ അദ്ധ്യാപകരായിരിക്കാൻ പരിശീലിപ്പിച്ചിട്ടുണ്ട്