കളികൾക്കുള്ള സ്ഥാനം
മഹാനായ സ്രഷ്ടാവ് “സന്തുഷ്ടനായ ദൈവം” എന്ന് ബൈബിളിൽ വിളിക്കപ്പെട്ടിരിക്കുന്നു; തന്റെ സൃഷ്ടികളും സന്തുഷ്ടരായിരിക്കാൻ അവൻ ഇച്ഛിക്കുന്നു. (1 തിമൊഥെയോസ് 1:11, NW) അതുകൊണ്ട് കളി ആസ്വദിക്കാനുള്ള കഴിവോടെ മനുഷ്യനെ അവൻ സൃഷ്ടിച്ചിരിക്കുന്നത് അതിശയമായിരിക്കരുത്. ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു: “കളികളുടെയും കായികമത്സരങ്ങളുടെയും ചരിത്രം മനുഷ്യചരിത്രത്തിന്റെ ഭാഗമാണ്.”
പന്തിന്റെ ആവിർഭാവമാണ് കായികമത്സരങ്ങളുടെ ചരിത്രത്തിൽ ഏററവും മുഖ്യ ഘടകമായിരുന്നിട്ടുള്ളതെന്ന് പറയപ്പെടുന്നു. “മൃഗങ്ങൾ കളിപ്പാട്ടങ്ങളുമായി തത്തിക്കളിക്കുന്നത് ആസ്വദിക്കുന്നുവെന്ന നിരീക്ഷണം പന്തിന് പകരമുള്ള എന്തിന്റെയെങ്കിലും പിന്നാലെ ഓടുകയോ എറിഞ്ഞുകളിക്കുകയോ ചെയ്യപ്പെടാഞ്ഞ . . . ഒരു സമയം ഉണ്ടായിരിക്കയില്ലെന്ന് സൂചിപ്പിക്കുന്നുവെന്ന്” മേലുദ്ധരിച്ച എൻസൈക്ലോപ്പീഡിയാ പറയുന്നു.
രസാവഹമായി, പന്തടിക്കുന്നതിന് ഏതോ ഉപകരണം വളരെക്കാലമായി ഉപയോഗിക്കപ്പെട്ടിരുന്നു. “തീർച്ചയായും പേർഷ്യക്കാരും ഗ്രീക്കുകാരും അമേരിക്കൻ ഇന്ത്യക്കാരും കോലുകൾകൊണ്ടു കളിച്ചിരുന്നു” എന്ന് ബ്രിട്ടാനിക്കാ കുറിക്കൊള്ളുന്നു. “ദാര്യാവേശ് ഒന്നാമന്റെ (ക്രി. മു. 522 മുതൽ 486 വരെ ഭരിച്ചിരുന്നു.) കാലത്ത് പേർഷ്യക്കാർ, ടിബെററിൽ ഉത്ഭവിച്ച ഒരു വാക്കായ പോളോ അതിന്റെ ഏതോ രൂപത്തിൽ പ്രത്യക്ഷത്തിൽ നന്നായി അറിഞ്ഞിരുന്നു. ആധുനിക രീതിയിലുള്ള ഗോൾഫ് തങ്ങളുടേതാണെന്ന് സ്കോട്ട്ലൻറ് അവകാശപ്പെടുന്നെങ്കിലും റോമൻ കാലങ്ങളിലും പല യൂറോപ്യൻ രാജ്യങ്ങളിലും അതിന് ബഹുമാന്യമായ മുൻമാതൃകകളുണ്ടായിരുന്നു.”
കളികൾക്കണ്ടായിരുന്ന പൂർവകാല പ്രാധാന്യം
എബ്രായ തിരുവെഴുത്തുകളുടെ (“പഴയ നിയമം”) എഴുത്ത് പൂർത്തീകരിക്കപ്പെടുന്നതിന് നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പ് സംഘടിതമായ കളികൾ ജനപ്രീതിയുള്ളതായിരുന്നു. ഉദാഹരണത്തിന് ഗ്രീസിലെ പുരാതന ഒളിമ്പ്യായിൽ നാലു വർഷത്തിൽ ഒരിക്കൽ മത്സരക്കളികൾ നടത്തപ്പെട്ടിരുന്നു. “ക്രി. മു. 776 മുതൽ ക്രി. വ. 217 വരെ” അഥവാ ഏകദേശം ഒരായിരം വർഷത്തേക്ക് “ഒളിമ്പ്യായിൽ ചാമ്പ്യൻമാരുടെ രേഖയുണ്ടായിരുന്നു!” എന്ന് ബ്രിട്ടാനിക്കാ റിപ്പോർട്ട് ചെയ്യുന്നു. ഗ്രീക്കുകാരുടെ ജീവിതത്തിൽ ഒളിമ്പിക് കായികമത്സരങ്ങൾക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു, അതിനാൽ കളികൾക്കിടയിലുള്ള ഓരോ നാലു വർഷക്കാലത്തെയും ഒരു ഒളിമ്പ്യാഡ് എന്നു വിളിച്ചുകൊണ്ട് അവർ സമയം അളന്നിരുന്നു. അങ്ങനെ, സമയത്തെ കണക്കാക്കാനുള്ള ആ മുൻ രീതിപ്രകാരം 194-ാമത്തെ ഒളിമ്പ്യാഡിന്റെ സമയത്താണ് യേശുക്രിസ്തു ജനിച്ചത്.
“(യെരൂശലേം)നഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയും കൊണ്ടു നിറഞ്ഞിരിക്കും; അവർ അതിന്റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും” എന്ന് ഒരു പ്രവാചകൻ പറയുന്നുണ്ടെങ്കിലും സംഘടിതമായ കളികളെക്കുറിച്ച് എബ്രായ തിരുവെഴുത്തുകൾ ഒന്നും പറയുന്നില്ല. (സെഖര്യാവ് 8:5) യേശുവിന്റെ ജനനത്തിന് നൂറിലധികം വർഷങ്ങൾക്കു മുമ്പ് ഗ്രീക്ക് കായികാഭ്യാസ മത്സരങ്ങൾ ഇസ്രയേലിൽ അവതരിപ്പിച്ചിരുന്നു. യെരൂശലേമിൽ ഒരു കായികാഭ്യാസക്കളരി സ്ഥാപിച്ചിരുന്നു, കളികളിൽ ഏർപ്പെടുന്നതിനായി ചില പുരോഹിതർ പോലും തങ്ങളുടെ വേലയെ അവഗണിച്ചിരുന്നു.—2 മക്കബായർ 4:12-15
യേശു ജനിച്ചപ്പോഴത്തെ റോമൻ ചക്രവർത്തിയായിരുന്ന ഔഗുസ്തോസ് കൈസർക്ക് കായികമത്സരങ്ങളോട് ഒരു അഭിനിവേശം ഉണ്ടായിരുന്നു, റോമിൽ കളികൾ സാധാരണമാവുകയും ചെയ്തു. എന്നിരുന്നാലും, റോമൻ പൗരവൃന്ദത്തെ യഥാർത്ഥത്തിൽ രസിപ്പിച്ച ഇനങ്ങൾ ബോക്സിംഗ്, ഗുസ്തി എന്നിങ്ങനെ പോരാട്ടം ഉൾപ്പെട്ടിരുന്നവയായിരുന്നു. ഈ “സ്പോർട്സ്” മിക്കപ്പോഴും രക്തം ഒഴുക്കുന്നതും അക്രമാസക്തവുമായ മത്സരങ്ങളായി അധ:പതിച്ചു, അതിൽ മനുഷ്യർ പരസ്പരമോ മൃഗങ്ങൾക്കെതിരെയോ മരണപര്യന്തമുള്ള പോരാട്ടത്തിലേർപ്പെട്ടു.
സ്പോർട്സ് “പുതിയ നിയമത്തിൽ”
എന്നുവരികിലും, സ്പോർട്സിന്റെ ഇത്തരം ഘോരമായ ദുർവിനിയോഗം അവയിലേർപ്പെടുന്നത് തെററാണെന്ന് അർത്ഥമാക്കിയില്ല. കളികളെയോ കളിക്കുന്നതിനെയോ യേശുവോ അവന്റെ അനുഗാമികളോ കുററം വിധിക്കുന്നതായി നാം തിരുവെഴുത്തുകളിലൊരിടത്തും വായിക്കുന്നില്ല. മറിച്ച്, പഠിപ്പിക്കൽ വിഷയങ്ങൾ ചിത്രീകരിക്കുന്നതിന് അപ്പോസ്തലൻമാർ മിക്കപ്പോഴും അവയുടെ പ്രത്യേകതകൾ ഉപയോഗിച്ചു.
ഉദാഹരണത്തിന്, “ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളൂ എന്ന് അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ. അങ്കം പൊരുതുന്നവൻ ഒക്കെയും സകലത്തിലും വർജ്ജനം ആചരിക്കുന്നു. അതോ, അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിനുതന്നേ.” എന്ന് പറഞ്ഞപ്പോൾ തെളിവനുസരിച്ച് ഒളിംപിക് കളികളിലെ പ്രത്യേകതയായിരുന്ന ഓട്ടമത്സരങ്ങളാണ് അപ്പോസ്തലനായ പൗലോസിന്റെ മനസ്സിലുണ്ടായിരുന്നത്.—1 കൊരിന്ത്യർ 9:24, 25.
ജീവന്റെ സമ്മാനം നേടാനുള്ള തീരുമാനത്തോടെ വേണം ഒരു ക്രിസ്ത്യാനി ഓടാൻ എന്ന് പൗലോസ് മറെറാരവസരത്തിൽ പറഞ്ഞു. “ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി (ഞാൻ, NW) ലാക്കിലേക്കു ഓടുന്നു” എന്ന് അവൻ എഴുതി. (ഫിലിപ്പിയർ 3:14) കൂടുതലായി, ധാർമ്മിക ജീവിതത്തിന്റെ നിയമങ്ങളോടു പററിനിൽക്കേണ്ടതിന്റെ ആവശ്യത്തെ ചിത്രീകരിച്ചപ്പോൾ പൗലോസ് തിമൊഥെയോസിനെ ഇങ്ങനെ അനുസ്മരിപ്പിച്ചു. “ഒരുത്തൻ മല്ലു കെട്ടിയാലും ചട്ടപ്രകാരം പൊരുതായ്കിൽ കിരീടം പ്രാപിക്കയില്ല.” (2 തിമൊഥെയോസ് 2:5) തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേററുന്ന ക്രിസ്തീയ ഇടയൻമാർ “തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും” എന്നും പത്രോസ് പറഞ്ഞു.— 1 പത്രോസ് 5:4.
കളികൾ ആസ്വദിച്ചിരുന്ന യുവ ക്രിസ്ത്യാനികളെ മേയിക്കുന്നതിൽ തിമൊഥെയോസ് ഉൾപ്പെട്ടിരുന്നിരിക്കാം എന്നതിനു സംശയമില്ല. ഗ്രീക്കുകാർ കർക്കശമായി അഭ്യസിച്ചിരുന്ന ശരീരാഭ്യാസപ്രകടനങ്ങൾക്ക് ചില പ്രയോജനങ്ങളുണ്ടായിരുന്നുവെന്ന് സമ്മതിച്ചുകൊണ്ട് “ശരീരാഭ്യാസം [ഒരു കായികാഭ്യാസി എന്ന നിലയിൽ] അല്പപ്രയോജനമുള്ളതത്രേ” എന്ന് പൗലോസ് എഴുതി. “എന്നാൽ, ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു” എന്ന് പൗലോസ് പെട്ടെന്നു കൂട്ടിച്ചേർത്തു.—1 തിമൊഥെയോസ് 4:8; ദി കിംങ്ഡം ഇൻറർലീനിയർ ട്രാൻസ്ലേഷൻ ഓഫ് ദി ഗ്രീക്ക് സ്ക്രിപ്ച്ചേഴ്സ് കാണുക.
വ്യായാമത്തിനുള്ള ഒരു ഉചിതമായ സ്ഥാനം
അതുകൊണ്ട് ശാരീരികവ്യായാമത്തിന് ജീവിതത്തിൽ ഉചിതമായ ഒരു സ്ഥാനമുണ്ടായിരിക്കാൻ കഴിയുമെന്ന് തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. എന്നാൽ സമനിലയുടെ, ന്യായബോധത്തിന്റെ ആവശ്യമുണ്ട്. “നിങ്ങളുടെ സൗമ്യത [ന്യായബോധം, NW] സകല മനുഷ്യരും അറിയട്ടെ” എന്ന് പൗലോസ് എഴുതി. (ഫിലിപ്പ്യർ 4:5) എന്നിരുന്നാലും, ഈ സമനില കണ്ടെത്തുന്നത് എത്ര പ്രയാസകരമാണ്.
പുരാതന ഗ്രീക്കുകാർ കളികൾക്ക് അമിത പ്രാധാന്യം നൽകി, കൂടാതെ റോമാക്കാർ പങ്കാളികളെയും, രക്തരൂക്ഷിതമായ പ്രദർശനങ്ങളിൽ ആനന്ദം കണ്ടെത്തുന്നവരെയും ഉപദ്രവിക്കുന്ന തരത്തിലുള്ളവ വിശേഷവൽക്കരിച്ചു. നേരേമറിച്ച്, മതത്തിന്റെ പേരിൽ ചിലർ കളികളെ അടിച്ചമർത്തുകയോ നിരോധിക്കുകപോലുമോ ചെയ്തിട്ടുണ്ട്. ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇങ്ങനെ നിരീക്ഷിച്ചു: “17-ാം നൂററാണ്ടിലെ പ്യൂരിട്ടൻ മനോഭാവങ്ങൾ യൂറോപ്പിലും അമേരിക്കയിലും വിനോദത്തിന്റെ അളവ് കുറച്ചുകളഞ്ഞു.”
സ്പോർട്സിന് അടുത്ത കാലത്ത് ഒരുപക്ഷേ ചരിത്രത്തിൽ മുമ്പൊരിക്കലുമില്ലാഞ്ഞ വിധം ഒരു പുനരുജ്ജീവനം അനുഭവപ്പെട്ടിട്ടുണ്ട്. “കാലാവസ്ഥ കഴിഞ്ഞാൽ, ആളുകൾ മറേറതു വിഷയത്തേക്കാളും കൂടുതൽ ഒരുപക്ഷേ സ്പോർട്സിനെക്കുറിച്ച് സംസാരിക്കുന്നു” എന്ന് ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ പറയുന്നു. കളികൾ “ജനങ്ങളെ മയക്കുന്ന കറുപ്പ്” എന്നുപോലും വിളിക്കപ്പെട്ടിട്ടുണ്ട്.
കളികളോടുള്ള ഇത്തരം ഉഗ്രാവേശം സൃഷ്ടിച്ചിരിക്കുന്ന ചില പ്രശ്നങ്ങൾ എന്താണ്? തൽഫലമായി നിങ്ങളോ നിങ്ങളുടെ കുടുംബമോ എന്തെങ്കിലും വിപരീതഫലങ്ങൾ അനുഭവിക്കുന്നുണ്ടോ? കളികളെ അതിന്റെ ഉചിതമായ സ്ഥാനത്തു നിർത്താൻ നിങ്ങൾക്ക് എങ്ങനെ കഴിയും? (g91 8/22)