ബൈബിളിന്റെ വീക്ഷണം
സ്പോർട്സിലെ മത്സരം തെറ്റാണോ?
വെയിലുള്ള ഒരു ദിവസം പ്രായമുള്ള രണ്ടു പുരുഷന്മാർ ചെസ്സും കളിച്ചുകൊണ്ട് ഒരു പാർക്കിൽ ഇരിക്കുകയാണ്. അടുത്തുതന്നെ ഓട്ടപ്പിടുത്തം കളിക്കുന്ന കുട്ടികളുടെ ഒച്ചയും ബഹളവും കേൾക്കാം. അധികം അകലത്തിലല്ലാതെ ഒരു കൂട്ടം ചെറുപ്പക്കാർ ബാസ്ക്കറ്റ്ബോൾ കളിച്ചുകൊണ്ടിരിക്കുകയാണ്. അതേ, നമുക്കു ചുറ്റും എല്ലാ ദിവസവും ചെറുപ്പക്കാരും പ്രായമുള്ളവരും സ്പോർട്സിലും കളികളിലും ആനന്ദം കണ്ടെത്താറുണ്ട്. കളിയിൽ പങ്കെടുക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ മിക്കവരും കഠിനശ്രമം ചെയ്യാറുണ്ട്. ഒരുപക്ഷേ നിങ്ങളും അങ്ങനെ ആയിരിക്കാം.
എന്നാൽ മത്സരത്തിന്റെ അത്തരം സൗഹൃദരൂപങ്ങൾ തെറ്റാണെന്നു പറയാൻ കഴിയുമോ? ഗലാത്യർ 5:26-ലെ [NW] അപ്പോസ്തലനായ പൗലോസിന്റെ പ്രബോധനം പലർക്കും അറിയാം. ക്രിസ്ത്യാനികൾ “അന്യോന്യം മത്സരം ഇളക്കി”വിടരുതെന്ന് ആ ഭാഗത്ത് അവൻ പറയുന്നു. ഇതിന്റെ വീക്ഷണത്തിൽ, ക്രിസ്ത്യാനികൾ വിനോദപരമായ സ്പോർട്സുകളിലും കളികളിലും മത്സരിക്കുന്നത് അനുചിതമായിരിക്കുമോ?
ലളിതമായി പറഞ്ഞാൽ, ഇല്ല. എന്തുകൊണ്ട്? ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനു മുമ്പായി സ്പോർട്സിന്റെയും കളികളുടെയും ചരിത്രത്തിലേക്കു നമുക്കൊന്നു ഹ്രസ്വമായി നോക്കാം.
സ്പോർട്സിന്റെയും കളികളുടെയും ചരിത്രം
സ്പോർട്സിലും കളികളിലും പങ്കെടുക്കൽ പുരാതന കാലംമുതലേ ഉള്ളതാണ്. അതു—ദൈവജനത്തിന്റെ ചരിത്രമുൾപ്പെടെ—ചരിത്രത്തിലുടനീളം ഒരു നിരന്തരഘടകവുമായിരുന്നിട്ടുണ്ട്. “പന്തു” എന്ന പദം ബൈബിളിൽ പ്രത്യക്ഷപ്പെടുന്നുപോലുമുണ്ട്. ദുഷ്ടമനുഷ്യർക്കെതിരെയുള്ള യഹോവയാം ദൈവത്തിന്റെ കുറ്റവിധികളെക്കുറിച്ചു പരാമർശിക്കുമ്പോൾ യെശയ്യാവു 22:18-ൽ ഇങ്ങനെ പറയുന്നു: “അവൻ (അവരെ) ഒരു പന്തുപോലെ . . . ഉരുട്ടിക്കളയും.” ചില ആധുനിക പന്തുകൾ ഇപ്പോഴും ഉണ്ടാക്കുന്നതു വസ്തുക്കൾ ഉരുട്ടിയെടുത്താണ്. അതേ വാക്യം ജയിംസ് രാജാവിന്റെ ബൈബിൾ പരിഭാഷപ്പെടുത്തുന്നത് “അവൻ . . . ഒരു പന്തുപോലെ എറിഞ്ഞുകളയും” എന്നാണ്. ഈ താരതമ്യം പ്രസക്തമായിരിക്കണമെങ്കിൽ അക്കാലത്തു ജീവിച്ചിരുന്നവർ പന്ത് ഉപയോഗിച്ചിരുന്നിരിക്കണം.
മാത്രമല്ല, ബൈബിളിൽ ഗോത്രപിതാവായ യാക്കോബ് ഒരു ദൂതനോടു ഗുസ്തി പിടിച്ചതിനെക്കുറിച്ചുള്ള വിവരണം ഉൾപ്പെടുത്തിയിട്ടുണ്ട്. യാക്കോബ് നേരത്തെതന്നെ പരിശീലനത്തിലൂടെ വൈദഗ്ധ്യം നേടിയെടുത്തുവെന്ന ഒരു ധാരണ ഈ വിവരണം നൽകുന്നു. കാരണം ആ മൽപ്പിടുത്തം തീരുമാനമൊന്നുമാകാതെ മണിക്കൂറുകളോളം നീണ്ടുനിന്ന ഒന്നായിരുന്നു. (ഉല്പത്തി 32:24-26) രസാവഹമെന്നു പറയട്ടെ, ചില പണ്ഡിതന്മാർ പറയുന്നതനുസരിച്ച്, ഗുസ്തിപിടുത്ത നിയമങ്ങളിൽ യാക്കോബിന് പരിചയം ഉണ്ടായിരുന്നതായി ആ രേഖ സൂചിപ്പിക്കുന്നതുപോലെ തോന്നുന്നു. ഇസ്രായേല്യർ അമ്പെയ്തിലും ഏർപ്പെട്ടിരിക്കാം—പരിശീലനവും വൈദഗ്ധ്യവും ആവശ്യമായിരിക്കുന്ന മറ്റൊരു കായികവിനോദമാണത്. (1 ശമൂവേൽ 20:20; വിലാപങ്ങൾ 3:12) പണ്ടേ പുരുഷന്മാർ വ്യായാമം ചെയ്യുകയും പരിശീലനം നേടുകയും ചെയ്ത മറ്റൊരു കായികയിനമായിരുന്നു ഓട്ടം.—2 ശമൂവേൽ 18:23-27; 1 ദിനവൃത്താന്തം 12:8.
കടങ്കഥകൾ പറയുന്നതുപോലെ, മനസ്സിനെ വ്യാപൃതമാക്കിയ കളികൾ തെളിവനുസരിച്ച് ജനപ്രീതിയുണ്ടായിരുന്നതും വളരെയധികം മൂല്യമുള്ളതുമായിരുന്നു. ഒരുപക്ഷേ, ഇതിന്റെ ഏറ്റവും മുന്തിയ ദൃഷ്ടാന്തം ശിംശോൻ ഫെലിസ്ത്യരോടു പറഞ്ഞ കടങ്കഥയായിരിക്കാം.—ന്യായാധിപന്മാർ 14:12-18.
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ, ചിലപ്പോഴൊക്കെ സ്പോർട്സും കളികളും ക്രിസ്തീയ ജീവിതത്തിന്റെ ഭാഗമായി കരുതപ്പെട്ടിരുന്നു. ഉദാഹരണത്തിന്, 1 കൊരിന്ത്യർ 9:24, 25-ൽ ഒരു കായികാഭ്യാസിയുടെ കഠിനവും ക്രമീകൃതവുമായ പരിശീലനത്തെ പരാമർശിക്കുകയും ഒരു ക്രിസ്ത്യാനിക്ക് ആത്മനിയന്ത്രണവും സഹിഷ്ണുതയും വേണമെന്നു പറഞ്ഞ് അതു ബാധകമാക്കുകയും ചെയ്യുന്നു. ദൈവം തന്റെ സൃഷ്ടിയിൽ, മനുഷ്യനും മൃഗത്തിനും, കളിക്കാനുള്ള സമയം കണ്ടെത്താനുള്ള ഒരു പ്രവണത ഉൾപ്പെടുത്തിയിരിക്കുന്നുവെന്നുള്ളതു വ്യക്തമാണ്.—ഇയ്യോബ് 40:20; സെഖര്യാവു 8:5; എബ്രായർ 12:1 താരതമ്യം ചെയ്യുക.
മത്സരം വളരെയധികം ആകുമ്പോൾ
“അന്യോന്യം മത്സരം ഇളക്കിവിട”രുതെന്ന് അപ്പോസ്തലനായ പൗലോസ് സഹക്രിസ്ത്യാനികളോടു പറഞ്ഞപ്പോൾ അവൻ എന്തായിരുന്നു അർഥമാക്കിയത്? (ഗലാത്യർ 5:26) അതിനുള്ള ഉത്തരം സന്ദർഭത്തിലാണു കിടക്കുന്നത്. ആ പ്രസ്താവനയ്ക്കു മുമ്പു “വൃഥാഭിമാനികൾ ആകരുതു” അല്ലെങ്കിൽ മറ്റു ബൈബിൾ ഭാഷാന്തരങ്ങൾ പറയുന്നതുപോലെ “അഹങ്കാരികൾ,” “ആത്മപ്രശംസകർ,” “വ്യർഥമായ മഹത്ത്വം അഭിലഷിക്കുന്നവർ” ആകരുത് എന്നും അവരോടു പറയുകയുണ്ടായി. പൗലോസിന്റെ കാലത്തെ കായികതാരങ്ങളുടെ ഇടയിൽ കീർത്തിയുടെയും മഹത്ത്വത്തിന്റെയും പിന്നാലെ പോകുന്നതു സാധാരണമായിരുന്നു.
അതുപോലെതന്നെ വ്യർഥമായ മഹത്ത്വം തേടുന്ന ഇന്നത്തെ ലോകത്തിലും അധികമധികം കായികതാരങ്ങൾ തങ്ങൾ വലിയവരാണെന്ന മട്ടിൽ നടക്കുകയും തങ്ങളിലേക്കും തങ്ങളുടെ കഴിവുകളിലേക്കും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നു. ചിലർ മറ്റുള്ളവരെ തുച്ഛീകരിക്കുന്ന അളവോളം പോകുന്നു. വെല്ലുവിളിക്കൽ, കുറ്റപ്പെടുത്തൽ, ചീത്ത വിളിക്കൽ, അല്ലെങ്കിൽ ചില കായികതാരങ്ങൾ പറയുന്നതുപോലെ “കുറ്റംപറച്ചിൽ” തുടങ്ങിയവ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം “മത്സരം ഇളക്കി”വിടുന്നതാണ്. അതു ഗലാത്യർ 5:26-ന്റെ അവസാന ഭാഗത്തു പൗലോസ് പരാമർശിച്ച അസൂയയിലേക്കു നയിക്കുന്നതാണ്.
ഏറ്റവും മോശമായിരിക്കുമ്പോൾ, സമനിലയില്ലാത്ത മത്സരം വഴക്കുകളിലേക്കും മരണത്തിലേക്കും പോലും നയിക്കുന്നു. ശൗലിന്റെ ആൾക്കാരും ദാവീദിന്റെ ആൾക്കാരും ഗിബെയോനിൽവെച്ചു കണ്ടുമുട്ടിയതിനെക്കുറിച്ചു പരിചിന്തിക്കുക. “യുവാക്കൾ മുന്നോട്ടുവന്ന് [അവരുടെ] മുമ്പിൽ കളിക്കാൻ അനുവദി”ക്കുന്നതിന് അപ്പോൾ അബ്നേരും യോവാബും സമ്മതിച്ചു. (2 ശമൂവേൽ 2:14-32, താനാക്ക്) ഇത് ഏതെങ്കിലും തരത്തിലുള്ള ഗുസ്തിപിടുത്ത ടൂർണമെൻറിനെ പരാമർശിക്കുന്നതായി തോന്നുന്നു. ആ മത്സരം എന്തുതന്നെയായിരുന്നാലും, അതു പെട്ടെന്നുതന്നെ ഉഗ്രവും രക്തപങ്കിലവുമായ ഒരു യുദ്ധമായി അധഃപതിച്ചു.
സമനിലയുള്ള ഒരു വീക്ഷണം
സ്പോർട്സും കളികളും ഉൻമേഷദായകമായിരിക്കണം—അല്ലാതെ ദുഃഖിപ്പിക്കരുത്. കാര്യങ്ങളെ അതിന്റെ ഉചിതമായ സ്ഥാനത്തു നിർത്തുകയും ദൈവത്തിന്റെയും സഹമനുഷ്യരുടെയും മുമ്പാകെയുള്ള നമ്മുടെ വില സ്പോർട്സുമായും കളികളുമായും ബന്ധപ്പെട്ടിരിക്കുന്നില്ലെന്ന് ഓർക്കുകയും ചെയ്താൽ നമുക്കത് ആർജിക്കാൻ കഴിയും.
ശാരീരികമോ മാനസികമോ ആയ പ്രാപ്തികളിലുള്ള ശ്രേഷ്ഠതയുടെ വികാരങ്ങൾ നമ്മുടെ ഉള്ളിൽ കുമിഞ്ഞുകൂടാൻ അനുവദിക്കുന്നതു വിഡ്ഢിത്തമായിരിക്കും. അതുകൊണ്ട് നമ്മിലേക്കുതന്നെ ശ്രദ്ധ ക്ഷണിക്കുക എന്ന അനുചിതമായ, ലൗകികമായ, പ്രവണത ഒഴിവാക്കാം; അല്ലെങ്കിൽ അതു മറ്റുള്ളവരിൽ അസൂയ ഉളവാക്കും, കാരണം സ്നേഹം അഹങ്കരിക്കുന്നില്ല. (1 കൊരിന്ത്യർ 13:4; 1 പത്രൊസ് 2:1) ആഹ്ലാദവും ഉത്സാഹത്തിമർപ്പും ടീമംഗങ്ങൾക്കിടയിലെ അഭിനന്ദനവും ന്യായമാണെന്നു പ്രതീക്ഷിക്കാമെന്നിരിക്കെ, അത്തരം വികാരങ്ങൾ അനിയന്ത്രിതമായിത്തീരാനോ പ്രതാപപ്രകടനങ്ങളായി മാറാനോ അനുവദിക്കാൻ നാമാഗ്രഹിക്കുന്നില്ല.
സ്പോർട്സിലും കളികളിലുമുള്ള പ്രാപ്തികളാൽ മറ്റുള്ളവരുടെ മൂല്യം നാം ഒരിക്കലും അളക്കില്ല. സമാനമായി, പ്രാപ്തിക്കുറവു നിമിത്തം നമ്മെക്കുറിച്ചു താഴ്ത്തി ചിന്തിക്കാനും നാമാഗ്രഹിക്കുന്നില്ല. അതിന്റെ അർഥം സ്കോർവച്ചു കളിക്കുന്നതു തെറ്റാണെന്നാണോ? അവശ്യം അങ്ങനെയല്ല. എന്നാൽ കളികൾ യഥാർഥത്തിൽ എത്രയോ നിസ്സാരമാണെന്നു നാം ഓർത്തിരിക്കേണ്ടതുണ്ട്—ആളുകൾ കളികളിൽ എങ്ങനെ മികവു കാട്ടുന്നു എന്നതിനെയല്ല ആളുകളുടെ യഥാർഥ മൂല്യം ആശ്രയിച്ചിരിക്കുന്നത്. ടീം കളികളിൽ ഒരു ടീം മാത്രം എപ്പോഴും ജയിക്കാതിരിക്കേണ്ടതിനു ചില ടീമുകൾ കളിക്കാരെ അങ്ങുമിങ്ങും മാറ്റാറുണ്ട്.
സ്പോർട്സും കളികളും ബൈബിളിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും, അവയെക്കുറിച്ചു ചുരുക്കമായേ പരാമർശിച്ചിട്ടുള്ളൂ എന്ന കാര്യം ക്രിസ്ത്യാനികൾ ഓർത്തിരിക്കേണ്ടതുണ്ട്. സ്പോർട്സിനെക്കുറിച്ചു ബൈബിളിൽ പരാമർശിച്ചിരിക്കുന്നതുകൊണ്ട് എല്ലാത്തരം സ്പോർട്സിനും അതു മൊത്തത്തിൽ അനുമതി നൽകുന്നുവെന്നു നിഗമനം ചെയ്യുന്നതു തെറ്റായിരിക്കും. (1 കൊരിന്ത്യർ 9:26 സങ്കീർത്തനം 11:5-നോടു താരതമ്യം ചെയ്യുക.) കൂടാതെ, “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ . . . സകലത്തിന്നും പ്രയോജനകരമാകുന്നു” എന്നു പൗലോസ് അഭിപ്രായപ്പെട്ടു.—1 തിമൊഥെയൊസ് 4:8.
അതുകൊണ്ട്, സ്പോർട്സുകളെയും കളികളെയും അവയുടെ ഉചിതമായ സ്ഥാനത്തു നിർത്തുമ്പോൾ അവ ആസ്വാദ്യവും ഉന്മേഷപ്രദവുമാണ്. എല്ലാത്തരം മത്സരത്തെയും ബൈബിൾ കുറ്റംവിധിക്കുന്നില്ല, മിഥ്യയും കിടമത്സരവും അത്യാഗ്രഹവും അസൂയയും അക്രമവും ഇളക്കിവിടുന്ന മത്സരത്തെയാണു ബൈബിൾ കുറ്റംവിധിക്കുന്നത്.