അന്തർദ്ദേശീയ നിർമ്മാണത്തിൽ പുതുമയുള്ളത്
ഈജിപ്ററിലെ പിരമിഡുകൾ, ചൈനയിലെ വൻമതിൽ എന്നിവ പോലുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ അനേകർ ആശ്ചര്യപ്പെടുന്നു. കാൽ മൈൽ ഉയരമുള്ള ആധുനിക അംബരചുംബികളും ഭയാവഹങ്ങളാണ്. എന്നിരുന്നാലും, മറെറാരു നിർമ്മാണ പദ്ധതിയുടെ സവിശേഷതകൾ സമാനമായി അത്ഭുതപ്പെടുത്തുന്നതാണ്.
സ്വമേധയാസേവകർ ലോകവ്യാപകമായി ഡസൻ കണക്കിന് ബൃഹത്തായ പദ്ധതികൾ നിർമ്മിക്കുകയാണ്. ഇവരിൽ അനേകം സ്വമേധയാസേവകരും കെട്ടിടങ്ങൾ നിർമ്മിക്കപ്പെടുന്ന അതേ രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്. എന്നാൽ മിക്കപ്പോഴും കൂടുതലായ സഹായം ആവശ്യമായതിനാൽ മററു രാജ്യങ്ങളിൽ നിന്നുമുള്ള വേലക്കാർ തങ്ങളുടെ യാത്രച്ചെലവിനായി ദശലക്ഷക്കണക്കിന് ഡോളർ മുടക്കി വിദൂരത്തുള്ള നിർമ്മാണ സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ട്. ഈ സ്വമേധയാസേവകരിൽ അനേകർ ജോലി ചെയ്യുന്നതിനായി തങ്ങളുടെ അവധി ത്യാഗം ചെയ്തിട്ടുണ്ട്; മററു ചിലർ സാധാരണ ജോലിയിൽ നിന്നും അവധിയെടുക്കുകയും ഗണ്യമായ വരുമാനം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
ഈ അത്ഭുതകരമായ സഹായശ്രമം ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ആസ്ഥാനത്തു നിന്നും സമന്വയിപ്പിക്കപ്പെട്ടിരിക്കുന്ന, സ്വമേധയാസേവകരുടെ അന്തർദ്ദേശീയ നിർമ്മാണ പദ്ധതിയാണ്. 1985 നവംബറിൽ ഈ നിർമ്മാണ പദ്ധതി ആരംഭിച്ചതു മുതൽ തങ്ങളുടെ സ്വന്തം ചെലവുകൾ വഹിച്ചുകൊണ്ട് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആസ്ത്രേലിയ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും വ്യത്യസ്ത ദ്വീപുകളിലുമുള്ള 30-ലധികം നിർമ്മാണ സ്ഥലങ്ങളിലേക്ക് 3,000-ത്തിലധികം പേർ വന്നെത്തിയിട്ടുണ്ട്.
ഇപ്പോൾ, ഏതാണ്ട് 25 രാജ്യങ്ങളിലായി 600-ഓളം അന്തർദ്ദേശീയ സ്വമേധയാസേവകർ വേല ചെയ്യുന്നുണ്ട്. അവരിൽ 400-ലധികം പേർ ഒന്നോ അതിലധികമോ വർഷത്തേക്കുള്ള ദീർഘകാല നിയമനങ്ങളിലാണ്, അവർ “അന്തർദ്ദേശീയ സേവകൻമാർ” എന്ന് വിളിക്കപ്പെടുന്നു. ശേഷിച്ചവർ രണ്ടാഴ്ച തൊട്ട് മൂന്നു മാസം വരെയുള്ള ഹ്രസ്വ-കാല നിയമനങ്ങളിലാണ്.
എന്തുകൊണ്ടാണ് ഈ ജോലിക്കാരെല്ലാം കൂലി കൂടാതെ തങ്ങളുടെ കഴിവുകളും അദ്ധ്വാനവും സ്വമേധയാ അർപ്പിക്കുന്നത്? ഈ വ്യക്തിപരമായ ത്യാഗങ്ങൾ ചെയ്യുവാൻ തക്കവണ്ണം അവർ ഇത്രമാത്രം പ്രധാന്യമുള്ളതായി കരുതുന്നത് എന്താണ്?
ബൈബിൾ പ്രവചനം നിറവേററാൻ
അന്തർദ്ദേശീയ നിർമ്മാണ പദ്ധതിയോടുള്ള ആശ്ചര്യകരമായ പ്രതികരണത്തിന്റെ കാരണം ഒരു ചോദ്യത്തിനുള്ള മറുപടിയിൽ കാണുന്നു. 1,900 വർഷങ്ങൾക്കു മുൻപ്, യേശുവിന്റെ ശിഷ്യൻമാർ അവനോടു ചോദിച്ചു: “നിന്റെ വരവിനും ലോകാവസാനത്തിനും അടയാളമെന്ത്?” വ്യാപകമായ യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമം, പകർച്ചവ്യാധികൾ, ഭൂകമ്പങ്ങൾ എന്നിവപോലുള്ള കാര്യങ്ങൾ വർണ്ണിച്ചശേഷം യേശു പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും അപ്പോൾ അവസാനം വരും.”—മത്തായി 24:3, 14.
യേശുവിന്റെ പ്രവചനം നിറവേറിക്കൊണ്ടിരിക്കുന്നത് ഇപ്പോഴാണെന്ന് ഈ സ്വമേധയാ വേലക്കാർക്ക് ബോദ്ധ്യമുണ്ട്. അതുകൊണ്ട് ഈ വ്യവസ്ഥിതിയുടെ അന്ത്യം വരുന്നതിനു മുമ്പ് രാജ്യപ്രസംഗം പുരോഗമിപ്പിക്കുന്നതിനു തങ്ങളാൽ കഴിവുള്ളതെല്ലാം ചെയ്യാൻ അവർ സന്തോഷമുള്ളവരാണ്. രാജ്യസന്ദേശം അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള ഇത്തരം വ്യക്തികളുടെ ശ്രമങ്ങളെ സമന്വയിപ്പിക്കുന്നതിനാണ് ഈ അന്തർദ്ദേശീയ നിർമ്മാണ പദ്ധതി സ്ഥാപിക്കപ്പെട്ടത്.
രാജ്യവേലയുടെ വികസനം
മനുഷ്യവർഗ്ഗത്തിന്റെ ഏകപ്രത്യാശയെന്ന നിലയിൽ ദൈവരാജ്യത്തെ വിശേഷവൽക്കരിക്കുന്ന 67,85,09,507 വീക്ഷാഗോപുരം, ഉണരുക! മാസികകളാണ് കഴിഞ്ഞ വർഷം യഹോവയുടെ സാക്ഷികളാൽ നടത്തപ്പെടുന്ന സ്ഥാപനങ്ങളിൽ നിന്നും അച്ചടിക്കപ്പെട്ടത്. എന്നുപറഞ്ഞാൽ ഓരോ ജോലിദിനത്തിലും 20 ലക്ഷത്തിലധികം മാസികയാണ്—നിങ്ങൾ വായിക്കുന്നതുപോലുള്ളത്—അച്ചടിയന്ത്രങ്ങളിൽ നിന്നും പുറത്ത് വരുന്നത്! അതിനുപുറമേ, ഓരോ വർഷവും കോടിക്കണക്കിന് ബൈബിളുകളും പുസ്തകങ്ങളും ചെറുപുസ്തകങ്ങളും ലഘുപത്രികകളും അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
ഏററവും വലിയ അച്ചടിസൗകര്യങ്ങൾ യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള അന്തർദ്ദേശീയ ആസ്ഥാനത്തും ന്യൂയോർക്കിലുള്ള വോൾക്കിലിന് സമീപത്തുമാണുള്ളത്. എന്നിരുന്നാലും 1950-കളിലും 1960-കളിലും അമേരിക്കയ്ക്ക് വെളിയിലും അനേകം അച്ചടിശാലകൾ നിർമ്മിക്കപ്പെട്ടു. അങ്ങനെ, 1970-ഓടുകൂടി ദ വാച്ച്ടവർ, എവേക്ക്! മാസികകൾ ജർമ്മനി, ദക്ഷിണാഫ്രിക്ക, കാനഡാ, ഇംഗ്ലണ്ട്, സ്വിററ്സർലണ്ട്, ഡെൻമാർക്ക്, സ്വീഡൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ യഹോവയുടെ സാക്ഷികളാൽ നടത്തപ്പെടുന്ന സ്ഥാപനങ്ങളിൽ നിന്നും ഉത്പാദിപ്പിക്കപ്പെട്ടു.
പിന്നീട്, 1972-ലും 1973-ലും മററ് ആറു രാജ്യങ്ങളിലും യഹോവയുടെ സാക്ഷികളുടെ അച്ചടിശാലകളിൽ നിന്ന് മാസികകൾ ഉല്പാദിപ്പിക്കപ്പെടാൻ തുടങ്ങി: ജപ്പാൻ, ബ്രസീൽ, ആസ്ത്രേലിയ, ഘാന, നൈജീരിയ, ഫിലിപ്പൈൻസ്. തുടർന്നുള്ള വർഷങ്ങളിൽ രാജ്യവേല പുരോഗമിച്ചതനുസരിച്ച് ഇതിലും കഴിവുററ അച്ചടിസൗകര്യങ്ങളോടുകൂടിയ പുതിയ ബ്രാഞ്ചാഫീസുകളുടെ നിർമ്മാണം ആരംഭിച്ചു. കുത്തനെയുള്ള വികസനത്തിന്റെ ഒരു ഗ്രാഹ്യം ലഭിക്കുന്നതിന്, ദ വാച്ച്ടവറനും എവേക്ക്!-നുമായി പുതിയ അച്ചടി യന്ത്രങ്ങളോടുകൂടിയ ബ്രാഞ്ച് സമുച്ചയങ്ങൾ താഴെക്കാണുന്ന തീയതികളിൽ സമർപ്പിക്കപ്പെട്ടതിനെക്കുറിച്ച് പരിഗണിക്കുക:
ഗ്രീസ്, ജനുവരി 16, 1979; സ്വീഡൻ, ഡിസംബർ 23, 1980; ബ്രസീൽ, മാർച്ച് 21, 1981; കാനഡാ, ഒക്ടോബർ 10, 1981; ഇററലി, ഏപ്രിൽ 24, 1982; റിപ്പബ്ലിക്ക് ഓഫ് കൊറിയ, മെയ് 8, 1982; ജപ്പാൻ, മേയ് 15, 1982; ആസ്ത്രേലിയ, മാർച്ച് 19, 1983; ഡെൻമാർക്ക്, മേയ് 21, 1983; സ്പെയിൻ, ഒക്ടോബർ 9, 1983; നെതർലണ്ട്, ഒക്ടോബർ 29, 1983; ജർമ്മനി, ഏപ്രിൽ 21, 1984; ഇന്ത്യ, ജനുവരി 20, 1985; ദക്ഷിണാഫ്രിക്ക, മാർച്ച് 21, 1987.
കൂടുതലായി, പുതിയ ബ്രാഞ്ചാഫീസ് സമർപ്പിക്കപ്പെടുകയോ പഴയതിനോട് ഗണ്യമായ കൂട്ടിച്ചേർപ്പ് നടത്തുകയോ ചെയ്ത സ്ഥലങ്ങളും തീയതികളും താഴെ കൊടുക്കുന്നു: ക്വോട്ടേ ഡെൽവോയർ, ഫെബ്രുവരി 27, 1982; താഹിത്തി ഏപ്രിൽ 15, 1983; ഇംഗ്ലണ്ട്, ഒക്ടോബർ 2, 1983; ഫിൻലൻറ്, മെയ് 5, 1984; നോർവേ, മേയ് 19, 1984; മാർട്ടിനിക്ക്, ആഗസ്ററ് 22, 1984; പെറു, ജനുവരി 27, 1985; മെക്സിക്കോ, ഏപ്രിൽ 13, 1985; വെനിസ്വേല, ഏപ്രിൽ 21, 1985; ഫ്രാൻസ്, മേയ് 4, 1985.
ചില ബ്രാഞ്ചുകളിൽ ചില നിർമ്മാണപ്രവർത്തനങ്ങൾ സാക്ഷികളല്ലാത്ത വിദഗ്ദ്ധരാൽ കൂലിക്കാണ് ചെയ്യപ്പെട്ടതെങ്കിലും പൊതുവേ അതിലേറിയ പങ്കും സാക്ഷികൾ തന്നെയാണ് ചെയ്തത്. ആയിരക്കണക്കിനാളുകൾ, തങ്ങൾ നിർമ്മാണരംഗത്ത് വിദഗ്ദ്ധരല്ലെങ്കിലും തങ്ങളുടെ സേവനം സ്വമേധയാ അർപ്പിച്ചു.
യഹോവയുടെ സാക്ഷികളുടെ രാജ്യപ്രസംഗം വർദ്ധിക്കുന്നതിൽ തുടർന്നപ്പോൾ വിപുലീകരിക്കപ്പെട്ട സൗകര്യങ്ങൾ ആവശ്യമായി വന്നു. ഇവ വർദ്ധിച്ച കാര്യക്ഷമതയോടെ എങ്ങനെ നിർമ്മിക്കാൻ കഴിയുമായിരുന്നു?
പുതിയ പദ്ധതി ആവശ്യം നിറവേററുന്നു
അന്തർദ്ദേശീയ നിർമ്മാണ വേലയുടെ അസാധാരണമായ ഈ വളർച്ചയെ സംവിധാനം ചെയ്യുന്നതിനും അതിനെ സഹായിക്കുന്നതിനും ഈ പ്രത്യേക സ്വമേധയാ പദ്ധതി വിഭാവനംചെയ്യുകയും വികസിപ്പിക്കുകയും ചെയ്തു. “ഒരു നിർമ്മാണ പദ്ധതിക്കിടയിൽ പ്രത്യേക തൊഴിൽ വൈദഗ്ദ്ധ്യങ്ങൾ പ്രത്യേക സമയങ്ങളിലാണ് ആവശ്യമായി വരുന്നത്,” ഈ പദ്ധതിയുടെ ഒരു മേൽനോട്ടക്കാരൻ വിശദീകരിച്ചു, “അടിത്തറ പണിയുമ്പോൾ മേൽക്കൂര മേയുന്ന ഒരാളെ ആവശ്യമില്ല. അതുകൊണ്ട് കാര്യങ്ങളെ സമന്വയിപ്പിക്കുന്നതിനാണ് ന്യൂയോർക്കിലെ ബ്രൂക്ലിനിൽ അന്തർദ്ദേശീയ വേലക്കാരുടെ ഓഫീസ് സ്ഥാപിക്കപ്പെട്ടത്.”
അങ്ങനെ, തൊഴിൽക്കാർക്കുവേണ്ടിയുള്ള അപേക്ഷകൾ വരുന്നതനുസരിച്ച് ബ്രൂക്ലിൻ ഓഫീസ് ഒരു “ഇടക്കാര”നെപ്പോലെ പ്രവർത്തിക്കും. അത് ലോകത്തിനു ചുററുമുള്ള നിർമ്മാണാവശ്യങ്ങൾ നിറവേററുന്നതിന് ഉചിതമായ വേലക്കാരെ സമീകരണത്തിൽ വരുത്തും. ഉദാഹരണത്തിന്, മെക്സിക്കോ ബ്രാഞ്ചിലെ പുതിയ പാർപ്പിടസൗകര്യങ്ങളുടെ നിർമ്മാണം 1988-ൽ പൂർത്തീകരണത്തിലേക്കടുത്തപ്പോൾ, വിദഗ്ദ്ധ പരവതാനി-വിരിപ്പുകാർക്കു വേണ്ടി ബ്രൂക്ലിനിലേക്ക് ഒരറിയിപ്പു നൽകി. ഏതാനും മിനിററുകൾക്കകം, സേവിക്കാൻ സന്തുഷ്ടരായ നാലു വിദഗ്ദ്ധരെ ഓഫീസ് കണ്ടുപിടിച്ചു. 1989, ജനുവരിയിൽ ബ്രാഞ്ച്-അനുബന്ധം സമർപ്പിക്കപ്പെട്ടപ്പോൾ പരവതാനികൾ വിരിക്കപ്പെടുകയും അത് മനോഹരമായി കാണപ്പെടുകയും ചെയ്തു.
സേവിക്കാൻ യോഗ്യത പ്രാപിക്കൽ
അന്തർദ്ദേശീയ സ്വമേധയാ പരിപാടിയിൽ പങ്കു പററുന്നതിന്, വേലക്കാരൻ ഒന്നാമതായി യോഗ്യത പ്രാപിക്കേണ്ട ആവശ്യമുണ്ട്. ഓരോ സ്വമേധയാസേവകനും സമർപ്പിച്ച് സ്നാപനമേററ ഒരു യഹോവയുടെ സാക്ഷിയായിരിക്കണം. അമേരിക്കയിൽ, ഭാവിയിലേക്ക് പ്രതീക്ഷിക്കപ്പെടുന്ന സേവകൻ യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലുള്ള ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ആദ്യം സേവിക്കണം. ഇത് അദ്ദേഹത്തിന്റെ ജോലി ശീലങ്ങളെയും കഴിവുകളെയും വിലയിരുത്തുന്നതിന് അവസരം പ്രദാനം ചെയ്യും. അതിനുശേഷം ആ വ്യക്തി പദ്ധതിക്കായി ഒരു അപേക്ഷ സമർപ്പിക്കുന്നതിന് ക്ഷണിക്കപ്പെട്ടേക്കാം. ഭാവിയിലേക്ക് പ്രതീക്ഷിക്കപ്പെടുന്ന സ്വമേധയാസേവകന്റെ ഭാര്യക്കും—സാധാരണയായി ഭർത്താവിനോടൊപ്പം സേവിക്കുന്നതിന് ന്യൂയോർക്കിലേക്ക് ക്ഷണിക്കപ്പെടുന്നില്ലെങ്കിലും—യോഗ്യത പ്രാപിക്കുകയും ഒരു അപേക്ഷ സമർപ്പിക്കുകയും ചെയ്യാം.
മററു രാജ്യങ്ങളിലുള്ള യഹോവയുടെ സാക്ഷികൾക്ക് തങ്ങളുടെ സ്വന്തം ബ്രാഞ്ചിൽ നിന്ന് ഒരു അപേക്ഷാഫോറത്തിനുവേണ്ടി അഭ്യർത്ഥിച്ചുകൊണ്ട് ഈ പദ്ധതിയിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കാൻ കഴിയും. ഈ അപേക്ഷ അന്തർദ്ദേശീയ സേവകൻമാരുടെയും മററ് അന്തർദ്ദേശീയ സ്വമേധയാ വേലക്കാരുടെയും മേൽനോട്ടം വഹിക്കുന്ന ബ്രൂക്ലിൻ ആസ്ഥാനത്തുള്ള ഓഫീസിലേക്ക് അയക്കും. പിന്നീട്, തന്റെ ജോലി വൈദഗ്ദ്ധ്യങ്ങൾ ആവശ്യമാകുമ്പോൾ അപേക്ഷകന് വിവരം നൽകപ്പെടും.
ഭാര്യമാരുടെ സംഭാവന
നിർമ്മാണ വേലക്കാരുടെ ഭാര്യമാർ സാധാരണയായി തൊഴിൽ വിദഗ്ദ്ധരല്ലെങ്കിലും അനേകരും കോൺക്രീററ് സ്ലാബിന്റെ കമ്പി കെട്ടുകമ്പികൊണ്ട് കെട്ടുന്നതിനും, തറയ്ക്ക് സിമൻറിട്ട് ഓട് പാകുന്നതിനും സാൻറ്പേപ്പറുകൊണ്ട് മിനുക്കുന്നതിനും പെയിൻറടിക്കുന്നതിനും പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ട്. മററുള്ളവർ ആവശ്യമുള്ള ദൈനംദിന വീട്ടുജോലികൾ ചെയ്യും. അങ്ങനെ ലോകത്തിനുചുററുമുള്ള നിർമ്മാണ സ്ഥലങ്ങളിലെ വേലക്ക് അവർ നല്ല സംഭാവന നൽകുന്നു.
പ്യൂർട്ടോ റിക്കോയിലെ പുതിയ ബ്രാഞ്ച് നിർമ്മാണത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന തന്റെ ഭർത്താവിനോടൊപ്പം ചേർന്ന ഒരു ഭാര്യ അടുത്ത കാലത്ത് ബ്രൂക്ലിൻ ഓഫീസിലേക്ക് ഇങ്ങനെയെഴുതി: “ഞങ്ങളുടെ ഒരു മാസത്തെ നിയമനത്തിനായി ഞങ്ങൾ 1991, ജനുവരിയിൽ എത്തി. കോൺക്രീററ് സ്ലാബിന്റെ കമ്പി കെട്ടുന്ന സംഘത്തോടൊപ്പം ഞാൻ വേല ചെയ്തു. ഞാൻ ചെയ്തിട്ടുള്ളതിലേക്കും ഏററവും കഠിനമായ ശാരീരിക വേലയായിരുന്നു ഇത്. അടിസ്ഥാനപരമായി, കുനിഞ്ഞു നിന്നുകൊണ്ട് പ്ലെയറും ഒരു ചുററു കമ്പിയും ഉപയോഗിച്ച് കമ്പികൾ കൂട്ടിക്കെട്ടുന്നതാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്—ദിവസം മുഴുവനും!
“ആദ്യത്തെ കുറേ ദിവസങ്ങളിൽ എന്റെ കട്ടിയുള്ള തൊപ്പി ഊർന്നു പൊയ്ക്കൊണ്ടിരുന്നു, കൂടാതെ എന്റെ അമിത വലിപ്പമുള്ള കൈയുറ കമ്പിക്കിടയിൽ ഉടക്കുകയും ചെയ്യുമായിരുന്നു. ക്രമേണ, ഞാൻ കൂടുതൽ ചിട്ടയോടെ വേല ചെയ്യാൻ തുടങ്ങി. തഴമ്പുപൊട്ടിയപ്പോൾ ഞാൻ അഞ്ചാറ് ബാൻറ്-എയിഡ് ഒട്ടിച്ചു. പ്ലാനിൽ നോക്കി അളവെടുക്കാനും ചരടു വെച്ച് വരയിടാനും കെട്ടുന്നതിനുള്ള കമ്പി സ്ഥാനത്ത് വെക്കാനും ഞാൻ പഠിച്ചു. അത് സത്യമായും സംതൃപ്തികരമായ ഒരു വേലയായിരുന്നു. ദൈനംദിനാടിസ്ഥാനത്തിൽ സാധാരണയായി ഞാൻ ചെയ്യുന്ന ജോലികൾ—വൃത്തിയാക്കൽ, ഭക്ഷണം പാകം ചെയ്യൽ, തുണി കഴുകൽ, എന്നിവ—വീണ്ടും വീണ്ടും ചെയ്യേണ്ടയാവശ്യമുണ്ട്. എന്നാൽ ആ കമ്പികൾ ബ്രാഞ്ച് നിലനിൽക്കുന്നിടത്തോളം കാലം നിൽക്കുന്ന ഭിത്തികളിലേക്കാണ് പോകുന്നത്. ആ ചിന്ത പ്രതിഫലദായകമാണ്!”
ഈ വേലയുടെ പദവിക്ക് നന്ദിയുള്ളവർ
ഈ അന്തർദ്ദേശീയ നിർമ്മാണ വേലയുടെ ഒരു മേൽനോട്ടക്കാരൻ പറഞ്ഞു: “ഇതാണ് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന ഏററവും വിശേഷപ്പെട്ട കാര്യം. തങ്ങളുടെ സ്വന്തം പണമുപയോഗിച്ച് വിദൂരത്തുള്ള ജോലി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ആളുകൾ തങ്ങളുടെ അവധിക്കാലം ഉപയോഗിക്കുന്നു. മുഴു വർഷവും ചെയ്തിട്ടുള്ളതിനേക്കാളും കഠിനമായും കൂടുതൽ മണിക്കൂറുകളും അവർ അവിടെ വേല ചെയ്തേക്കാം. അവർ വീട്ടിലെത്തുമ്പോൾ തങ്ങൾക്കു ലഭിച്ച പദവിക്കായി ഞങ്ങളോട് നന്ദി പറയുന്നതിന് അവർ എഴുതുന്നു!”
ഉദാഹരണത്തിന് അടുത്തകാലത്തെ ഒരു കത്ത് ഇങ്ങനെ പറയുന്നു: “ഫിലിപ്പൈൻസിലുള്ള ബ്രാഞ്ചിനുവേണ്ടി മൂന്നു മാസം വേല ചെയ്തുകൊണ്ട് ഞങ്ങൾ ആസ്വദിച്ച വമ്പിച്ച പദവിക്കായി നിങ്ങളോട് നന്ദി പറയാനാണ് ഞങ്ങൾ എഴുതുന്നത്. ഓരോ ജോലി ദിനത്തിന്റെ അവസാനത്തിങ്കലും ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ തന്നെ ശാരീരികമായി ക്ഷീണിതരായിരുന്നു, എന്നാൽ ഞങ്ങളുടെ സഹവാസം മൂലം ആത്മീയമായി വളരെ കെട്ടുപണി ചെയ്യപ്പെട്ടിരുന്നു. അവിടെയുണ്ടായിരുന്ന മററ് സേവകൻമാരിൽ അനേകരേയും അറിയുവാനിടയായത് ഞങ്ങൾ ആസ്വദിച്ചു, കൂടാതെ ഞങ്ങളോടൊപ്പം ജോലി ചെയ്ത സ്ഥലത്തെ സാക്ഷികളാൽ ഞങ്ങൾ വളരെ മതിപ്പുള്ളവരായിത്തീർന്നു. സത്യമായും അവർ ഞങ്ങൾക്ക് പ്രിയരായി തീർന്നിരിക്കുന്നു, ഞങ്ങളുടെ കുടുംബത്തിന്റെ ഒരു വിപുലീകരണം തന്നെ.”
ഇക്വഡോറിലേക്കു പോയ ഒരു ദമ്പതികൾ ഇങ്ങനെയെഴുതി: “വിപുലമായ ഭക്ഷണം കൂടാതെ ജീവിക്കുന്നതിനും, കുറച്ചു വെള്ളംകൊണ്ടു കുളിക്കുന്നതിനും, തണുത്ത വെള്ളത്തിൽ ഷേവ് ചെയ്യുന്നതിനും കുളിക്കുന്നതിനും ഞങ്ങൾ പഠിച്ചു. പരസ്യങ്ങളിലൂടെ ഞങ്ങളുടെ ചിന്ത എത്രത്തോളം സ്വാധീനിക്കപ്പെട്ടിരുന്നുവെന്ന് ഞങ്ങൾക്ക് യാതൊരു ധാരണയുമില്ലായിരുന്നു. ഞങ്ങൾക്കുണ്ടായിരുന്നതിൽ ഏററവും മെച്ചമായത് ഞങ്ങൾ ജോലിസ്ഥലത്ത് നൽകി, എന്നാൽ ഞങ്ങൾ കൊടുത്തതിലുമധികം ആർജ്ജിച്ചുകൊണ്ട് തിരികെപ്പോന്നു. അമേരിക്കൻ നിലവാരമനുസരിച്ച് നമ്മുടെ ഇക്വഡോറിലെ സഹോദരൻമാർ ഭൗതികമായി പാവങ്ങളാണ്, എന്നാൽ അവരുടെ ആത്മീയതയും പ്രസംഗവേലയോടുള്ള അവരുടെ വിലമതിപ്പും മികച്ചുനിൽക്കുന്നതാണ്. ഈ പദവിസംബന്ധിച്ച് ഞങ്ങൾക്ക് തോന്നുന്നത് യഥാർത്ഥത്തിൽ വർണ്ണിക്കാൻ വാക്കുകൾക്ക് കഴിയുന്നില്ല.”
ടിൽററ്-അപ്പ് നിർമ്മാണം
അന്തർദ്ദേശീയ നിർമ്മാണ ജോലിയുടെ ഒരതുല്യമായ സവിശേഷത ടിൽററ്-അപ്പ് രീതിയുടെ ഉപയോഗമാണ്. വലിയ കമ്പികൊണ്ട് ബലപ്പെടുത്തിയ കോൺക്രീററുപാളികൾ ഭിത്തികൾക്കുവേണ്ടി നിർമ്മാണ സ്ഥലത്തുവെച്ചുതന്നെ വാർക്കുന്നതാണ് ഈ രീതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിന് മൂന്നുനില പൊക്കവും 20 ടൺ ഭാരവും കണ്ടേക്കാം. കെട്ടിടത്തിന്റെ തറയിൽ തന്നെയോ സമീപത്ത് വാർക്കുന്നതിനുള്ള ഒരു സ്ഥലത്തോ ആണ് ഈ പാളികൾ നിർമ്മിക്കപ്പെടുന്നത്.
ഒന്നിന് മേൽ ഒന്നായി ആറോ എട്ടോ പാളികൾ അടുക്കിവെക്കാൻ കഴിയും. പാളികൾ ആവശ്യത്തിന് ഉറപ്പുള്ളതാകുമ്പോൾ—സാധാരണ ഏഴു ദിവസത്തിന് ശേഷം—അവയെ സ്ഥാനത്ത് ഉയർത്തി നിർത്തുന്നതിന് ഒരു ക്രെയിൻ ഉപയോഗിക്കുന്നു. പുറത്തും അകത്തും ഉള്ള ഭിത്തികൾക്കും ബഹുനിലക്കെട്ടിടങ്ങൾക്കും പാളികൾ ഇപ്പോൾ ഉപയോഗിക്കപ്പെടുന്നു. ഉദാഹരണത്തിന്, ഫിലിപ്പൈൻസിലെ ബ്രാഞ്ച്ഭവനത്തിൽ 11 നില ഇത്തരം നൂറുകണക്കിനു പാളികൾ ഉപയോഗിച്ചു. മുന്നമേ നിർമ്മിക്കപ്പെടുന്ന മിനുസമുള്ള ഈ കോൺക്രീററ് പാളികൾക്ക് പെയിൻറടിക്കേണ്ട ആവശ്യം മാത്രമേയുള്ളു.
ഈ നിർമ്മാണരീതി സമയം ലാഭിക്കുന്നെന്ന് മാത്രമല്ല, കുറഞ്ഞ വൈദഗ്ദ്ധ്യമുള്ള വേലക്കാരെ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നു. കോൺക്രീററ് എന്ന ഒരു തൊഴിൽ പ്രസിദ്ധീകരണം യഹോവയുടെ സാക്ഷികളുടെ ഇംഗ്ലണ്ടിലെ പുതിയ ഫാക്റററിയുടെ നിർമ്മാണത്തേക്കുറിച്ച് ഇപ്രകാരം പറഞ്ഞു: “ടിൽററ്-അപ്പ് നിർമ്മാണ രീതിയുടെ ലാളിത്യംമൂലം ഈ രീതി അവരുടെ ആവശ്യങ്ങൾക്ക് പ്രത്യേകിച്ചും ചേരുന്നതായിരുന്നു . . . സമയത്തിന്റെയും ചെലവുകളുടെയും ലാഭം എല്ലായ്പോഴും ഈ രീതിയുടെ പ്രമുഖ പ്രയോജനമായിരുന്നിട്ടുണ്ട്.”
ടിൽററ്-അപ്പ് നിർമ്മാണത്തെക്കുറിച്ച് ആ മാസിക ഇങ്ങനെ കൂട്ടിച്ചേർത്തു: “ഭാരം താങ്ങുന്നതോ അല്ലാത്തതോ ആയ ഭിത്തികൾ വലിയ അളവിൽ ചുരുങ്ങിയ കാലയളവിൽ നിർമ്മിക്കുന്നതിനുള്ള അതിന്റെ കഴിവും പ്രാദേശിക തൊഴിലാളികളുടെ ഉപയോഗവും അമിത മേൽനോട്ടമാവശ്യമില്ലാത്തതും ചേർന്ന് ഈ രീതിക്ക് അതിന്റെ വേഗതയും ലാഭവും നൽകുന്നു. അതുകൊണ്ട് പുതിയ നിർമ്മാണ പദ്ധതി ലളിതവും കാര്യക്ഷമവുമായ ഈ നിർമ്മാണ രീതി ഉപയോഗപ്പെടുത്തുന്നത് എത്രയോ ഉചിതമാണ്!
എഞ്ചിനീയറിംഗ് ഓഫീസുകൾ
യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ആസ്ഥാനത്തെ വലിയ എഞ്ചിനീയറിംഗ് ഓഫീസിൽ നിന്നാണ് ഈ അന്തർദ്ദേശീയ നിർമ്മാണ പദ്ധതിക്കുള്ള മാർഗ്ഗനിർദ്ദേശം നൽകപ്പെടുന്നത് . അവിടെ, ആസ്ഥാനത്തുള്ള ജോലിക്കാരായ എൻജിനീയർമാർ, നിർമ്മാണ രൂപസംവിധായകർ, രേഖാമാതൃകയുണ്ടാക്കുന്നവർ എന്നിവരടങ്ങുന്ന നൂറിലധികം പേർ നിർമ്മാണ പദ്ധതിയിൽ വേല ചെയ്യുന്നു. വർദ്ധിച്ച ജോലിഭാരം താങ്ങാൻ ജപ്പാനിലും ആസ്ത്രേലിയായിലും യൂറോപ്പിലും സമീപകാലത്ത് മേഖലാ എഞ്ചിനീയറിംഗ് ഓഫീസുകൾ സ്ഥാപിക്കപ്പെട്ടു.
പ്ലാനുകൾ തയ്യാറാക്കുന്നതിന് 1987-ൽ CAD (കാഡ്, കമ്പ്യൂട്ടർ എയിഡഡ് ഡിസൈൻ) അവതരിപ്പിക്കപ്പെട്ടു. ഒരു സാധാരണ കാഡ് സ്റേറഷനിൽ പല ഉപകരണങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ ഒന്നിച്ചുപയോഗിക്കുമ്പോൾ, ഡ്രാഫ്ററിംഗ് ബോർഡിൽ വരയ്ക്കുന്നതിനുപകരം ഒരു കമ്പ്യൂട്ടറിൽ പ്ലാനുകൾ തയ്യാറാക്കുന്നതിനു കഴിയും. ഇപ്പോൾ ബ്രൂക്ലിനിലും മററ് ബ്രാഞ്ചുകളിലുമായി 65 കാഡ് സ്റേറഷനുകൾ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
കമ്പ്യൂട്ടറിന്റെ ഓർമ്മയിൽ പ്ലാനുകൾ സൂക്ഷിക്കാൻ കഴിയുന്നതുകൊണ്ട്, പഴയ പദ്ധതികളിൽ നിന്നും രൂപകല്പനകൾ വരുത്തുന്നതിനും ഇപ്പോഴത്തെ പ്ലാനുകളോട് കൂട്ടിച്ചേർക്കുന്നതിനും കഴിയും. ഇത് ഉല്പാദനക്ഷമതയ്ക്കും രൂപകല്പന, നിർമ്മാണം എന്നിവയുടെ നിലവാരം ഏകീകരിക്കുന്നതിനും സഹായിക്കും.
അടുത്ത കാലത്തെ നിർമ്മാണ പദ്ധതികൾ
ബ്രൂക്ലിനിലെ എൻജിനിയറിംഗ് ഓഫീസ് വലുതായതനുസരിച്ച് വേലക്ക് സ്വമേധയാസേവകരെ സംഘടിപ്പിക്കുക എന്ന ആശയവും വികസിച്ചു. പനാമയിലെ പുതിയ ബ്രാഞ്ച് പണിയുന്നതിന് മററു രാജ്യങ്ങളിൽ നിന്ന് ജോലിക്കാർ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ, 1985-ലാണ് ഈ പദ്ധതിയാരംഭിച്ചതെന്ന് പറയാൻ കഴിയും. പെറു ബ്രാഞ്ചിന് ഒരു വലിയ കൂട്ടിച്ചേർപ്പ് ആവശ്യമായപ്പോൾ ഇത് കൂടുതൽ വികസിച്ചു. കോസ്റേറാറിക്കോയിലെയും നൈജീരിയയിലെയും ബ്രാഞ്ച് നിർമ്മാണത്തോടെയാണ് ഈ പദ്ധതി ശരിക്കും നിർദ്ദിഷ്ട രൂപം പ്രാപിക്കാൻ തുടങ്ങിയത്. പെട്ടെന്നുതന്നെ ലോകത്തിനു ചുററുമുള്ള പദ്ധതികളിൽ സഹായിക്കുന്നതിന് മുഖ്യ ജോലിക്കാരെ അയച്ചു.
ആയിരത്തിത്തൊള്ളായിരത്തിഎൺപത്തിയാറിന്റെ ആരംഭം മുതൽ പണിതീർക്കപ്പെട്ടവയുൾപ്പെടെ അനേകം ബ്രാഞ്ചുകളും പഴയതിനോടുള്ള കൂട്ടിച്ചേർപ്പുകളും പണിയാൻ അന്തർദ്ദേശീയ സേവകൻമാരും മററ് സ്വമേധയാസേവകൻമാരും സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചോളം വർഷങ്ങൾക്കുള്ളിൽ പനാമ, കോസ്റേറാറിക്ക, ചിലി, മെക്സിക്കോ, ന്യൂസിലണ്ട്, ഹെയിററി, ലൈബീരിയാ, ഓസ്ട്രിയാ, ഇക്വഡോർ, പാപ്പുവാ ന്യൂ ഗിനിയാ, ഗയാനാ, ഘാനാ, ഹവായി, പോർച്ചുഗൽ, ഹോങ്കോംഗ്, സൈപ്രസ്, പെറു, എൽസാൽവഡോർ, മൗറീഷ്യസ്, ജപ്പാൻ, ഹോണ്ടുറാസ്, ഗ്വാട്ടിമാലാ, നൈജീരിയ, അർജൻറീന, ആസ്ത്രേലിയ, ന്യൂ കാലിഡോണിയാ, ഫിജി, ഫിലിപ്പൈൻസ്, ഗ്രീസ് എന്നീ സ്ഥലങ്ങളിൽ പദ്ധതികൾ പൂർത്തീകരിക്കുകയും സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇവയിലധികവും ബൃഹത്തായ നിർമ്മാണ പദ്ധതികളായിരുന്നു. നൈജീരിയായിൽ 140 ഏക്കർ [57 ഹെക്ററർ] സ്ഥലത്ത് ഫലത്തിൽ ഒരു ചെറിയ പട്ടണം തന്നെ പണി കഴിപ്പിക്കപ്പെട്ടു. 140 മീററർ നീളവും 70 മീററർ വീതിയുമുള്ള ഒരു ഫാക്റററി, 400-ലധികം പേരെ പാർപ്പിക്കുന്നതിനുള്ള ഭവനങ്ങൾ, ഒരു ഓഫീസ്, ഒരു ഗരേജ്, മററ് കെട്ടിടങ്ങൾ എന്നിവ പണി കഴിപ്പിക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളിൽ നിന്നു മാത്രം അയക്കപ്പെട്ട നിർമ്മാണവസ്തുക്കൾ ഒന്നോടൊന്ന് തൊട്ടു വച്ചാൽ 3.5 കിലോമീററർ നീളം വരുന്ന 347 കണ്ടെയിനറുകളിൽ കൊള്ളാൻ മാത്രം ഉണ്ടായിരുന്നു.
ചിലപ്പോൾ പദ്ധതികൾക്ക് പുരോഹിതൻമാരുടെ എതിർപ്പുണ്ട്. ഗ്രീസിൽ 1989-ൽ പുരോഹിതൻമാർ 40 ബസ് നിറയെ പ്രതിഷേധകരെ അണിനിരത്തി, എന്നാൽ പണിയാനുള്ള സാക്ഷികളുടെ നിയമപരമായ അവകാശത്തെ പോലീസ് പിന്താങ്ങുകയും പ്രതിഷേധം നിഷ്ഫലമായിപ്പോകുകയും ചെയ്തു. ഒരു വിശാലമായ, പുതിയ ഫാക്റററിയും 170 പേരെ പാർപ്പിക്കുന്നതിനുള്ള 22 കെട്ടിടങ്ങളും ഉൾപ്പെടെയുള്ള പുതിയ ബ്രാഞ്ച് കഴിഞ്ഞ വസന്തത്തിൽ പൂർത്തീകരിക്കുകയും സമർപ്പിക്കുകയും ചെയ്തു.
ഫ്രാൻസിൽ, എവ്റക്സിലെ ബിഷപ്പായ ഷക്ക് ഗിയോ, ലൂവിയിൽ യഹോവയുടെ സാക്ഷികളുടെ വിശാലമായ പുതിയ ബ്രാഞ്ചിനുള്ള പദ്ധതിയ്ക്കെതിരെ പ്രതിഷേധമുയർത്തി. സാക്ഷികളുടെ പരസ്യ ശുശ്രൂഷ “മമനുഷ്യന്റെ മാന്യതയെ ആദരിക്കുന്നതല്ലെ”ന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും മററുള്ളവർ ബിഷപ്പിനോട് യോജിപ്പിലല്ല. ലോകമെമ്പാടും അനേകം സ്ഥലങ്ങളിലും ചെയ്യുന്നതുപോലെ തന്നെ ആ പ്രദേശത്തും യഹോവയുടെ സാക്ഷികൾക്ക് തങ്ങളുടെ സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള അവകാശമുണ്ടായിരിക്കണമെന്നു അവർ കരുതുന്നു.
ഇപ്പോൾ, അന്തർദ്ദേശീയ നിർമ്മാണ സ്വമേധയാസേവകർ കൊളംബിയാ, പ്യൂർട്ടോറിക്കോ, സാംബിയാ, ബ്രസീൽ, ഇംഗ്ലണ്ട്, കാനഡാ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഇക്വഡോർ, പോളണ്ട്, ഗ്വാഡലൂപ്പ്, തായ്ലണ്ട്, ലീവാർഡ് ഐലണ്ട്സ്, ബഹാമസ്, വെസ്റേറൺ സമോവ, താഹിത്തി, സോളമൻ ഐലണ്ട്സ്, വെനിസ്വേല, റിപ്പബ്ലിക്ക് ഓഫ് കൊറിയ, സൗത്ത് ആഫ്രിക്ക, ജർമ്മനി എന്നീ രാജ്യങ്ങളിലെ ബ്രാഞ്ച് പദ്ധതികളിൽ വേല ചെയ്തുകൊണ്ടിരിക്കുന്നു. ഫ്രാൻസിലും സ്പെയിനിലും മെക്സിക്കോയിലും ശ്രീലങ്കയിലും തായ്വാനിലും സുറിനാമിലും മററ് പദ്ധതികൾക്കായി പ്ലാൻ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
ഒരാവശ്യം മുൻകൂട്ടിക്കാണുന്നു
ആയിരത്തിത്തൊള്ളായിരത്തിഎൺപത്തിയെട്ടിൽ, ജർമ്മനിയിലെ ബ്രാഞ്ചിന് ഒരു 50 ശതമാനം വികസനം വരുത്താൻ യഹോവയുടെ സാക്ഷികളുടെ ഭരണസംഘം അനുമതി നൽകിയപ്പോൾ ആ കൂട്ടിച്ചേർപ്പ് ആവശ്യത്തിലധികം വലുതാണെന്ന് നിരീക്ഷകർ വിലയിരുത്തി. 1989-ലും 1990-ലും യഹോവയുടെ സാക്ഷികളുടെ പ്രസംഗവേല പോളണ്ട്, ഹംഗറി, പൂർവ്വ ജർമ്മനി, റുമേനിയ എന്നിവിടങ്ങളിൽ നിയമാനുസൃതമാക്കപ്പെടുകയോ തടസ്സംകൂടാതെ പ്രവർത്തിക്കുന്നതിന് അനുവദിക്കപ്പെടുകയോ ചെയ്തു. കൂടാതെ കഴിഞ്ഞ വർഷം മാർച്ച് 27-ന് സോവിയററ് യൂണിയനിൽ യഹോവയുടെ സാക്ഷികൾ ഒരു മതസ്ഥാപനമായി അംഗീകരിക്കപ്പെട്ടു.
കഴിഞ്ഞതിന് മുമ്പിലത്തെ വേനൽക്കാലത്ത് യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകൾക്ക് പൂർവ്വ യൂറോപ്യൻ രാജ്യങ്ങളിൽ 3,00,000-ത്തിലധികം പേർ ഹാജരായി; ബൈബിൾ സാഹിത്യങ്ങൾ സ്വീകരിക്കാൻ അവർ ആകാംക്ഷയുള്ളവരുമായിരുന്നു. “രണ്ട് മാസം കൊണ്ട്,” 1991 ബ്രിട്ടാനിക്കാ ബുക്ക് ഓഫ് ദി ഇയർ കുറികൊണ്ടു, “വാച്ച്ടവർ സൊസൈററിയുടെ പശ്ചിമ ജർമ്മൻ ബ്രാഞ്ചാഫീസ് 1,15,000 ബൈബിളുകളുൾപ്പെടെ 275 ടൺ ബൈബിളധിഷ്ഠിത സാഹിത്യങ്ങളാണ് പൂർവ്വ യൂറോപ്പിലേക്കു മാത്രം കയററി അയച്ചത്.” അങ്ങനെ, അനുവദിക്കപ്പെട്ട മുഴു വികസനവും ജർമ്മൻ ബ്രാഞ്ചിന് ആവശ്യമാണെന്നുള്ളത്—അതും ഉടനെ തന്നെ—ഇപ്പോൾ വ്യക്തമാണ്!
ഭാവി ആവശ്യത്തിനു വേണ്ടി തയ്യാറെടുക്കുന്നു
നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതുപോലെ, യേശുവിന്റെ പ്രവചനത്തിന്റെ നിവൃത്തിയെന്നവണ്ണം ‘രാജ്യത്തിന്റെ ഈ സുവിശേഷം അന്ത്യം വരുന്നതിന് മുമ്പ് നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കുന്നതിന്,’ ബൃഹത്തായ ശ്രമം ആവശ്യമാണ്. (മത്തായി 24:14) ലോകമെമ്പാടുമുള്ള സത്യക്രിസ്ത്യാനികൾ ആ ശ്രമം നടത്തുകയുമാണ്. സകല രാഷ്ട്രങ്ങൾക്കും ഈ രാജ്യസന്ദേശം ലഭ്യമാകുന്നതിന് സുസംഘടിതമായ രീതിയിൽ തങ്ങളാലാവുന്നതെല്ലാം അവർ ചെയ്യുകയാണ്.
ഇതു കൈവരിക്കുന്നതിന് യഹോവയുടെ സാക്ഷികൾ ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള തങ്ങളുടെ കേന്ദ്രകാര്യാലയത്തിൽ ബൈബിൾ സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള കഴിവ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രകാര്യാലയത്തിലെ സ്ററാഫംഗങ്ങളിൽ ഒരായിരം പേരെക്കൂടെ പാർപ്പിക്കുന്നതിന് 90 സാൻറ്സ് സ്ട്രീററിൽ ഒരു 30-നിലക്കെട്ടിടത്തിന്റെ പണി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്, 1993-ൽ പൂർത്തീകരിക്കാൻ പട്ടികപ്പെടുത്തിയിരിക്കുകയുമാണ്.
എന്നിരുന്നാലും, ഏററവും വലിയ നിർമ്മാണ പദ്ധതി ന്യൂയോർക്ക് നഗരത്തിൽ നിന്ന് 110 കിലോമീററർ അകലെയുള്ള പാറേറഴ്സന് സമീപം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്നതാണ്. 1991, ഏപ്രിൽ 7-ലെ ദ ന്യൂയോർക്ക് റൈറംസ് ഇങ്ങനെ റിപ്പോർട്ട് ചെയ്തു, “1996-ൽ അവർ [യഹോവയുടെ സാക്ഷികൾ] ആ പണി തീർക്കുമ്പോൾ 2 മുതൽ 5 വരെ നിലകളും മൊത്തം 624 ഫ്ളാററുകളുമുള്ള 6 അപ്പാർട്ട്മെൻറ് കെട്ടിടങ്ങളും, 450 കാറുകൾക്കുള്ള ഒരു ഗരേജും, 144 മുറികളുള്ള ഒരു ഹോട്ടലും, ഒരു കൂററൻ അടുക്കളയും 1,600 പേർക്ക് ഒരേ സമയം ഭക്ഷണം വിളമ്പാൻ കഴിയുന്ന ഭോജനശാലയും ഒരു ഓഫീസ് കെട്ടിടവും, ക്ലാസ്സ്മുറികളുള്ള ഒരു കെട്ടിടവും, സേവകർ ജോലി ചെയ്യുന്ന അനവധി കെട്ടിടങ്ങളും അവർ പണി കഴിപ്പിച്ചിരിക്കും.” ഈ ബൃഹത്തായ രാജ്യ വിദ്യാഭ്യാസ കേന്ദ്രം പണിയുന്നതിന് നൂറുകണക്കിന് സ്വമേധയാസേവകർ സൗജന്യമായി ജോലി ചെയ്തുകൊടുക്കുകയാണ്.
സത്യമായും, ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും ഒരു അതിശയകരമായ നിർമ്മാണ പദ്ധതി നടന്നുകൊണ്ടിരിക്കുകയാണ്—എല്ലാം സ്വമേധയാ ജോലിക്കാരാൽ സമന്വയിപ്പിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്തുകൊണ്ടു തന്നെ. തീർച്ചയായും ഇത് അന്തർദ്ദേശീയ നിർമ്മാണത്തിൽ പുതുമയുള്ളതു തന്നെ! (g91 8/22)
[21-ാം പേജിലെ ചിത്രം]
കമ്പി കെട്ടുന്നത് നിർമ്മാണ വേലയുടെ ഒരു ഭാഗമാണ്
[23-ാം പേജിലെ ചിത്രങ്ങൾ]
ടിൽററ്-അപ്പ് നിർമ്മാണത്തിൽ കോൺക്രീററ് പാളികൾ ഒന്നിന് മുകളിൽ ഒന്നായി നിർമ്മിക്കപ്പെട്ടേക്കാം. പാളികൾ ആവശ്യത്തിന് ഉറക്കുമ്പോൾ അതു ഉയർത്തി അതിന്റെ സ്ഥാനത്ത് ഉറപ്പിക്കും
[24-ാം പേജിലെ ചിത്രങ്ങൾ]
പോളണ്ടിലെ പുതിയ ബ്രാഞ്ച് കെട്ടിടം ബ്രൂക്ലിനിൽ പുനഃപരിശോധിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. നിർമ്മാണ സംബന്ധമായ വരകൾ ഒരു കമ്പ്യൂട്ടറിൽ തയ്യാറാക്കി ക്കൊണ്ടിരിക്കുകയാണ്
[25-ാം പേജിലെ ചിത്രങ്ങൾ]
പ്യൂർട്ടോറിക്കോ, സാമ്പിയാ, ലീവേർഡ് ഐലണ്ട്സ് എന്നിവക്കു വേണ്ടി പദ്ധതിയിട്ടപ്രകാരമുള്ള ബ്രാഞ്ച് കെട്ടിടങ്ങൾ
[27-ാം പേജിലെ ചിത്രം]
ഒരു യൂറോപ്യൻ രാജ്യത്തുള്ള നിർമ്മാണ പദ്ധതിയിൽ സ്വമേധയാ സേവകർ