വികലാംഗനിൽനിന്നു ദൈവത്തിന്റെ സജീവ സ്തുതിപാഠകനിലേക്ക്
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിനാലു ഫെബ്രുവരിയിൽ പ്യൂർട്ടോറിക്കാ പ്രദേശത്തു വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികളിൽപെട്ട രണ്ടുപേർ അനാസ്കോയിലെ കോർക്കവാഡ ഗ്രാമത്തിലുള്ള ഒരു സ്ത്രീയോടു സംസാരിക്കാനിടയായി. അവർ വീടിനകത്തു നിന്ന് ഒരു ശബ്ദം കേൾക്കുകയും, അവിടെ രോഗിയായിട്ട് ആരെങ്കിലും കിടപ്പുണ്ടോ എന്ന് ആ സ്ത്രീയോടു ചോദിക്കുകയും ചെയ്തു.
“ഉണ്ട്, അതെന്റെ ഭർത്താവാണ്. അദ്ദേഹം 14 വർഷമായിട്ട് രോഗിയാണ്. കുളിക്കാനും ഭക്ഷണം കഴിക്കാനുമല്ലാതെ അദ്ദേഹം മുറിയിൽനിന്നു വെളിയിൽ വരാറില്ല,” അവൾ മറുപടി പറഞ്ഞു.
അവരുടെ ഭർത്താവിനോടു തങ്ങൾക്കു സംസാരിക്കാൻ കഴിയുമോ എന്ന് ആ രണ്ടു സാക്ഷികൾ സ്ത്രീയോടു ചോദിച്ചു. അദ്ദേഹം ആരോടും സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല, എങ്കിലും അവർ ആഗ്രഹിക്കുന്നുവെങ്കിൽ അകത്ത് കയറിക്കൊള്ളാൻ അയാളുടെ ഭാര്യ പറഞ്ഞു.
സാക്ഷികളിൽ ഒരാൾ ഇപ്രകാരം വിവരിക്കുകയുണ്ടായി: “ഞങ്ങൾ മുറിക്കുള്ളിൽ പ്രവേശിച്ചു, ആ മനുഷ്യൻ കിടക്കയിൽ കിടക്കുന്നതു കണ്ടു. അയാളുടെ അവസ്ഥ കണ്ടപ്പോൾ ഞങ്ങൾക്ക് അയാളോടു സഹതാപം തോന്നി. അയാൾ ക്ഷീണംകൊണ്ടു വിറക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അയാളോടു ദൈവരാജ്യത്തെക്കുറിച്ചും രോഗമോ മരണംപോലുമോ ഇല്ലാത്ത ഒരു ലോകത്തിൽ ജീവിക്കുന്നതിന്റെ പ്രത്യാശയെക്കുറിച്ചും സംസാരിച്ചു. അയാളുടെ കവിളിലൂടെ കണ്ണുനീർ ഒഴുകി. ആർക്കും രോഗമുണ്ടാകാത്ത ആ പുതിയ ലോകത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നു ഞാൻ അയാളോടു ചോദിച്ചു.”—വെളിപ്പാട് 21:3, 4.
“ഉവ്വ്,” അയാൾ പറഞ്ഞു. “വീണ്ടും വന്ന് അയാളുമൊത്ത് ബൈബിൾ പഠിക്കാം എന്നു ഞങ്ങൾ വാഗ്ദാനം ചെയ്തു. അയാൾ സമ്മതിക്കുകയും പിന്നീടു ഞങ്ങൾ മടങ്ങിച്ചെല്ലുകയും അയാൾക്കു കിടന്നകിടപ്പിൽത്തന്നെ അദ്ധ്യയനം നടത്തുകയും ചെയ്തു.
“കുറെ സന്ദർശനങ്ങൾക്കുശേഷം പഠനം അൽപം കൂടി സുഗമമാക്കുന്നതിനുവേണ്ടി കിടക്കയിൽ എഴുന്നേററിരിക്കാൻ ഞാൻ നിർദ്ദേശിച്ചു. അയാൾ അതിനുവേണ്ടി ശ്രമിച്ചു, എന്നിരുന്നാലും തല ചുററൽ അനുഭവപ്പെട്ടിരുന്നതുകൊണ്ട് ആദ്യമൊക്കെ കുറച്ചുസമയം മാത്രമേ ഇരിക്കാൻ കഴിഞ്ഞുള്ളു. കുറെ അദ്ധ്യയനങ്ങൾക്കുശേഷം, അയാൾ ആരോഗ്യംപ്രാപിച്ചുവന്നതോടെ അദ്ധ്യയനം സന്ദർശനമുറിയിൽ വെച്ചു നടത്തുന്ന കാര്യം ഞാൻ അവതരിപ്പിച്ചു. അയാൾ സമ്മതിച്ചു, തുടർന്ന് ഓരോ ആഴ്ചയും അവിടംവരെ നടന്നുവരാൻ ഞങ്ങൾ അയാളെ സഹായിക്കുമായിരുന്നു.
“അയാൾക്കു കാഴ്ച നന്നേ കുറവായിരുന്നു. മാത്രമല്ല അയാൾക്ക് ഒരു ഭൂതക്കണ്ണാടി പിടിക്കാൻ കഴിയാത്ത വിധത്തിൽ കൈകൾക്കു നല്ല വിറയൽ ഉണ്ടായിരുന്നു. എന്നുവരികിലും, തന്റെ പഠനത്തിൽ അയാൾ നല്ല പുരോഗതി പ്രാപിച്ചുവന്നു. വീടിനു പുറത്തുപോകാൻ സാദ്ധ്യമല്ലാതിരുന്നതിനാൽ താൻ രോഗിയായിരുന്ന പതിനാലുവർഷവും ഒരു ഡോക്ടറെ സന്ദർശിക്കാൻ തനിക്കു കഴിഞ്ഞിട്ടില്ലെന്ന് അയാൾ ഞങ്ങളോടു പറഞ്ഞു. അതുകൊണ്ട് അയാളെ ഒരു ഡോക്ടറുടെ അടുക്കൽ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഞങ്ങൾ ചെയ്തു.
“അയാളുടെ കണ്ണുകളിൽ വിജയകരമായ ഒരു ശസ്ത്രക്രിയ നടത്തി, പെട്ടെന്നുതന്നെ അയാൾ കണ്ണട കൂടാതെ ബൈബിൾ വായിക്കാൻ തുടങ്ങി. അയാളുടെ കൈകളുടെ വിറയൽ പോലും മാറി. അയാൾ ക്രമമായി വീടിനുചുററും നടക്കാൻ തുടങ്ങി. അങ്ങനെ ഒടുവിൽ അയാൾ കിടക്കയിലേക്കു പോകുന്നത് രാത്രി ഉറങ്ങാൻവേണ്ടി മാത്രമായി. പെട്ടെന്നുതന്നെ അയാൾ രാജ്യഹോളിൽ ക്രിസ്തീയയോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി.
“കാലക്രമത്തിൽ യഹോവയാം ദൈവത്തോടുള്ള തന്റെ സ്നേഹവും അവന്റെ വാഗ്ദത്തങ്ങളും അയാൾ പഠിച്ച കാര്യങ്ങൾ മററുള്ളവരോടു പറയാൻ ആ മുൻ വികലാംഗനെ പ്രേരിപ്പിച്ചു. താമസിയാതെ അയാൾ ഞങ്ങളോടൊപ്പം വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കുചേർന്നു, അത് അയാളുടെ അയൽക്കാരെയും കൂട്ടുകാരെയും വളരെയധികം അദ്ഭുതപ്പെടുത്തി. അയാൾക്കു തന്റെ കൃഷിഭൂമിയിൽ ജോലിയെടുക്കത്തക്കവിധം അയാളുടെ ആരോഗ്യം വളരെ മെച്ചപ്പെട്ടു.”
ആയിരത്തിത്തൊള്ളായിരത്തി എൺപത്തെട്ടു നവംബറിൽ യഹോവയുടെ സാക്ഷികളുടെ ഒരു സർക്കിട്ടു സമ്മേളനത്തിൽ ഈ അനുഭവങ്ങൾ വിവരിക്കുകയുണ്ടായി. ആ മനുഷ്യൻ പെഡ്രോ മാർട്ടിനെസ്, വേദിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒടുവിൽ 1989 നവംബറിൽ അയാൾ യഹോവക്കുവേണ്ടിയുള്ള തന്റെ സമർപ്പണത്തെ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തുകയും ചെയ്തു. (g91 10⁄22)