ഒരു ആഫ്രിക്കൻ നഗരത്തിൽ വളർച്ച പ്രാപിക്കുന്നു
സഹാറയുടെ പ്രാന്തപ്രദേശത്തുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ജനസംഖ്യാവർദ്ധനവിന്റെ തോത് ലോകത്തിലെ ഏററവും ഉയർന്ന നിരക്കുകളിൽ പെടുന്നു. അവിടെ ഓരോ സ്ത്രീയും ശരാശരി ആറിലധികം മക്കളെ പ്രസവിക്കുന്നു. ദാരിദ്ര്യവും വഷളായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയും വിഭവങ്ങളുടെ പഞ്ഞവും വിഷമസ്ഥതി കൂട്ടുന്നതേയുള്ളു. ലോകത്തിന്റെ ആ ഭാഗത്ത് ജീവിതം എങ്ങനെയാണെന്നുള്ളതിന്റെ നേരിട്ടുള്ള ഒരു വിവരണം ഇവിടെ നൽകുന്നു.
ഞാൻ ഇവിടെ ഒരു പ്രമുഖ പശ്ചിമാഫ്രിക്കൻ നഗരത്തിൽ വളർന്നുവന്നു. കുടുംബത്തിൽ ഞങ്ങൾ ഏഴു മക്കൾ ഉണ്ടായിരുന്നു, എന്നാൽ രണ്ടുപേർ ചെറുപ്പത്തിലേ മരിച്ചുപോയി. ഞങ്ങളുടെ ഭവനം വാടകക്കെടുത്ത ഒരു കിടപ്പുമുറിയും ഒരു ഊണുമുറിയും ആയിരുന്നു. അച്ഛനും അമ്മയും കിടപ്പുമുറിയിൽ ഉറങ്ങി, കുട്ടികളായ ഞങ്ങൾ ഊണുമുറിയിൽ പായ വിരിച്ചുകിടന്നുറങ്ങി, ആൺകുട്ടികൾ മുറിയുടെ ഒരു അരികിലും പെൺകുട്ടികൾ മറേറ അരികിലും.
ഞങ്ങളുടെ അയൽപക്കത്തെ മിക്ക ആളുകളെയുംപോലെതന്നെ ഞങ്ങൾക്ക് വളരെയധികം പണം ഇല്ലായിരുന്നു, ആവശ്യമുള്ളതെല്ലാം ഞങ്ങൾക്ക് എപ്പോഴും ഇല്ലായിരുന്നു. ചിലപ്പോൾ വേണ്ടത്ര ആഹാരംപോലും ഇല്ലായിരുന്നു. പലപ്പോഴും രാവിലെ ഞങ്ങൾക്ക് തലേദിവസം ബാക്കിവന്ന ചോറ് തിളപ്പിച്ചെടുത്തതല്ലാതെ മറെറാന്നും ഭക്ഷിക്കാനില്ലായിരുന്നു. ചിലപ്പോൾ അതും പരിമിതമായിരുന്നു. വരുമാനമുണ്ടാക്കുന്നവനായ ഭർത്താവിന് വലിയ പങ്ക്, അടുത്തതായി ഭാര്യക്കും, കുട്ടികൾക്ക് ബാക്കിവരുന്നതും എന്ന് ചിലർ ന്യായവാദം ചെയ്യുന്നതിനു വിരുദ്ധമായി ഞങ്ങളുടെ മാതാപിതാക്കൾ കഴിക്കാതെ പോവുകയും ഉള്ള കുറച്ച് കുട്ടികളായ ഞങ്ങൾക്കു പങ്കിട്ടുതരുകയും ചെയ്യുമായിരുന്നു. ഞാൻ അവരുടെ ത്യാഗങ്ങൾ വിലമതിച്ചു.
സ്കൂളിൽ പോകുന്നു
ആൺകുട്ടികൾ മാത്രം സ്കൂളിൽ പോയാൽ മതിയെന്ന് ആഫ്രിക്കയിലെ ചിലയാളുകൾ കരുതുന്നു. പെൺകുട്ടികൾ വിവാഹിതരാവുകയും അവരുടെ ഭർത്താക്കൻമാർ അവരെ പരിപാലിക്കുകയും ചെയ്യുന്നതുകൊണ്ട് അവർ പോകേണ്ടതില്ലെന്ന് അവർ വിശ്വസിക്കുന്നു. എന്റെ മാതാപിതാക്കൾ ആ വീക്ഷണം പുലർത്തിയില്ല. ഞങ്ങൾ അഞ്ചുപേരെയും സ്കൂളിൽ അയച്ചു. എന്നാൽ അത് എന്റെ മാതാപിതാക്കൾക്ക് ഒരു സാമ്പത്തിക ഞെരുക്കമായിരുന്നു. പെൻസിലും കടലാസും പോലുള്ളവ വലിയൊരു പ്രശ്നമല്ലായിരുന്നു, എന്നാൽ പാഠപുസ്തകങ്ങളും നിർബ്ബന്ധിത സ്കൂൾ യൂണിഫോമുകളും ചെലവേറിയതായിരുന്നു.
ഞാൻ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ എനിക്ക് ഷൂസില്ലായിരുന്നു. ഞാൻ 14-ാം വയസ്സിൽ ഹൈസ്കൂളിൽ രണ്ടാം വർഷം ആകുന്നതുവരെ എന്റെ മാതാപിതാക്കൾക്ക് എനിക്കു ഷൂസ് വാങ്ങിത്തരാൻ കഴിഞ്ഞില്ല. ഇതിന്റെ അർത്ഥം എനിക്ക് ഷൂസ് ഒന്നുമില്ലായിരുന്നു എന്നല്ല. എനിക്കുണ്ടായിരുന്ന ഏകജോഡി പള്ളിയിൽ പോകാനുള്ളതായിരുന്നു, സ്കൂളിലോ മററു സ്ഥലങ്ങളിലോ അതു ധരിക്കാൻ അനുവദിക്കപ്പെട്ടിരുന്നുമില്ല. ഞാൻ നഗ്നപാദനായി പോകേണ്ടിയിരുന്നു. ചിലപ്പോഴൊക്കെ ബസ് ടിക്കററുകൾ വാങ്ങാൻ അച്ഛനു കഴിഞ്ഞിരുന്നു, എന്നാൽ അതിനു കഴിയാഞ്ഞപ്പോൾ ഞങ്ങൾക്കു സ്കൂളിലേക്കും തിരിച്ചും നടക്കേണ്ടിവന്നു. അത് ഒരു ദിശയിൽ 3 കിലോമീററർ വരുമായിരുന്നു.
അലക്കുദിനവും വെള്ളംകോരലും
ഞങ്ങൾ ഒരു അരുവിയിൽ ഞങ്ങളുടെ വസ്ത്രങ്ങൾ കഴുകിയിരുന്നു. ഒരു തൊട്ടിയും ഒരു കഷണം സോപ്പും തുണികളുമായി അമ്മയുടെ കൂടെ അവിടെ പോകുന്നത് ഞാൻ ഓർമ്മിക്കുന്നു. അരുവിക്കു സമീപം, അവർ തൊട്ടിയിൽ വെള്ളം കോരിയെടുത്ത് തുണി അതിൽമുക്കി സോപ്പിടും. അതിനുശേഷം അവർ മിനുസമുള്ള പാറകളിൽ തുണികൾ അലക്കി അരുവിയിൽ കഴുകിയെടുക്കും. അവ ഈർപ്പത്തോടുകൂടെ വീട്ടിൽ കൊണ്ടുപോകുന്നത് വളരെ ഭാരമായതുകൊണ്ട് അവർ അവ ഉണങ്ങുന്നതിന് മററു പാറകളിൽ വിരിക്കും. ആ സമയത്ത് ഞാൻ ചെറുപ്പമായിരുന്നതുകൊണ്ട് ഉണങ്ങുന്ന തുണി ആരും മോഷ്ടിക്കാതിരിക്കാൻ എന്നെ കാവലിരുത്തിയിരുന്നു. അമ്മ അധികം ജോലിയും ചെയ്തു.
കുറച്ച് ആളുകൾക്കേ തങ്ങളുടെ വീട്ടിലേക്ക് പൈപ്പു വഴി വെള്ളം കിട്ടിയിരുന്നുള്ളു, അതുകൊണ്ട് എന്റെ ജോലികളിൽ ഒന്ന് ഒരു ബക്കററുമായി വെളിയിൽ പോയി പൊതു ടാപ്പിൽനിന്നു വെള്ളം പിടിച്ചുകൊണ്ടുവരുക എന്നതായിരുന്നു. വേനൽക്കാലത്ത് വെള്ളം സംരക്ഷിക്കുന്നതിന് പൊതു ടാപ്പുകൾ പലതും പൂട്ടിയിട്ടിരിക്കും എന്നതായിരുന്നു പ്രശ്നം. ഒരു സന്ദർഭത്തിൽ ഞങ്ങൾക്ക് കുടിക്കാൻ വെള്ളമില്ലാതെ ഒരു മുഴുദിവസവും കഴിച്ചുകൂട്ടേണ്ടിവന്നു. ഒരു തുള്ളിപോലുമില്ലായിരുന്നു! ചിലപ്പോൾ കേവലം ഒരു ബക്കററ് വെള്ളം തേടി എനിക്കു മൈലുകൾ നടക്കേണ്ടിവന്നിട്ടുണ്ട്. അത്രയും ദീർഘദൂരം വെള്ളം തലയിൽ ചുമന്നുകൊണ്ടുവന്നതിനാൽ ബക്കററു വെച്ചുകൊണ്ടുവന്ന ഭാഗത്ത് എന്റെ മുടി പൊഴിഞ്ഞുപോയിട്ടുണ്ട്. പത്തുവയസ്സിൽ എനിക്ക് ഒരു കഷണ്ടിപ്പാടുണ്ടായി! മുടി വീണ്ടും വളർന്നുവന്നുവെന്നു പറയാൻ എനിക്കു സന്തോഷമുണ്ട്.
മക്കൾ സുരക്ഷിതത്വം എന്നനിലയിൽ
പിന്തിരിഞ്ഞു നോക്കുമ്പോൾ, ഞങ്ങളുടെ ജീവിതഭാഗധേയം സാമാന്യതോതിൽ, ഒരുപക്ഷേ ആഫ്രിക്കയിൽ ഞങ്ങൾ താമസിക്കുന്ന ഭാഗത്ത് സാമാന്യതോതിനു മുകളിൽ പോലും ആയിരുന്നുവെന്ന് ഞാൻ പറയും. ജീവിത നിലവാരം ഞങ്ങളുടേതിനേക്കാൾ വളരെ മോശമായിരുന്ന മററ് അനേകം കുടുംബങ്ങളെ എനിക്കറിയാം. സ്കൂളിലെ എന്റെ സുഹൃത്തുക്കളിൽ അനേകരും കുടുംബത്തിൽ വരുമാനം ഉണ്ടാക്കുന്നതിന് സ്കൂളിനുമുമ്പും അതിനുശേഷവും ചന്തയിൽ വിൽപന നടത്തേണ്ടതുണ്ടായിരുന്നു. മററുള്ളവർക്ക് സ്കൂളിൽ പോകുന്നതിനുമുമ്പ് രാവിലെ ഭക്ഷണം വാങ്ങുന്നതിന് പണമില്ലായിരുന്നു, അവർ വിശന്ന് സ്കൂളിലേക്കു പോവുകയും പകൽ മുഴുവൻ ആഹാരമൊന്നും കഴിക്കാതെ സ്കൂളിൽ ഇരിക്കുകയും ചെയ്തിരുന്നു. ഞാൻ സ്കൂളിൽ വെച്ച് റൊട്ടി തിന്നുമ്പോൾ ഈ കുട്ടികളിലൊരാൾ പല പ്രാവശ്യം വന്ന് കെഞ്ചിചോദിക്കുന്നത് എനിക്ക് ഓർക്കാൻ കഴിയുന്നു. അതുകൊണ്ട് ഞാൻ ഒരു കഷണം മുറിച്ച് അവനു കൊടുക്കുമായിരുന്നു.
അത്ര ക്ലേശങ്ങളും പ്രയാസങ്ങളും ഉണ്ടെങ്കിലും മിക്കയാളുകളും അപ്പോഴും വലിയ കുടുംബങ്ങൾ ഉണ്ടായിരിക്കാൻ ഇഷ്ടപ്പെടുന്നു. “ഒരു കുട്ടി ഒരു കുട്ടിയല്ല,” എന്ന് ഇവിടെ അനേകമാളുകളും പറയുന്നു. “രണ്ടു കുട്ടികൾ ഒന്നാണ്, നാലു കുട്ടികൾ രണ്ടാണ്.” ലോകത്തിൽ ശിശു മരണനിരക്ക് ഏററവും ഉയർന്ന രാജ്യങ്ങളിൽ ഉൾപ്പെടുന്നതാണ് അതിന്റെ കാരണം. തങ്ങളുടെ മക്കളിൽ ചിലരൊക്കെ മരിച്ചുപോയാലും ചിലർ ജീവിക്കുമെന്നും വളരുമെന്നും ജോലി സമ്പാദിക്കുമെന്നും വീട്ടിലേക്ക് പണം കൊണ്ടുവരുമെന്നും മാതാപിതാക്കൾക്കറിയാം. അപ്പോൾ അവർ പ്രായംചെന്ന തങ്ങളുടെ മാതാപിതാക്കളെ നോക്കാവുന്ന ഒരു സ്ഥാനത്തായിരിക്കും. സാമൂഹ്യ-സുരക്ഷിതത്വ സഹായങ്ങൾ ഒന്നും ഇല്ലാത്ത ഒരു രാജ്യത്ത് അത് വളരെ പ്രധാനമാണ്.—ഡൊണാൾഡ് വിൻസൻറ് പറഞ്ഞപ്രകാരം. (g91 11/8)