യുവജനങ്ങൾ ചോദിക്കുന്നു...
ഹോബികളെക്കുറിച്ച് എന്ത്?
ഹോബികൾ ആനന്ദം നൽകുന്നു. അവ “ഒരു വ്യക്തി തന്റെ ഒഴിവുസമയത്തു ചെയ്യാൻ ഇഷ്ടപ്പെടുന്ന എന്തുതന്നെയും” എന്നു നിർവചനം ചെയ്യപ്പെട്ടിരിക്കുന്നു. ചില യുവാക്കൾ തങ്ങളുടെ ഒഴിവുസമയം നീന്തുന്നതിനോ, ഫുട്ബോൾ കളിക്കുന്നതിനോ, അല്ലെങ്കിൽ ഓടുന്നതിനോ ചെലവഴിക്കുന്നു. കായികവിനോദങ്ങളിൽ അഭിരുചിക്കുറവുള്ള യുവജനങ്ങൾ സംഗീതം ശ്രദ്ധിക്കുന്നതിനോ, ദീർഘദൂര നടത്തത്തിനോ, അല്ലെങ്കിൽ വെറുതെ വീട്ടിലിരുന്നു വായിക്കുന്നതിനോ ഇഷ്ടപ്പെട്ടേക്കാം. വേറെ ചിലർ പ്രത്യേക ഗുണങ്ങൾ വളർത്തുന്നതിനോ വസ്തുക്കൾ ശേഖരിക്കുന്നതിനോ താത്പര്യപ്പെടുന്നു. നതാലിയുടെ ഹോബി ഓടക്കുഴൽവായനയാണ്. അവളുടെ ഇളയ സഹോദരി, നിക്കി, പാവകൾ ശേഖരിക്കുന്നു.
വിശ്രമവേളകളിലെ മുഷിപ്പ് അകററിക്കൊണ്ടു, ഹോബികൾ ജോലിയും കളിയും തമ്മിൽ ഒരു സന്തുലനം പ്രദാനം ചെയ്യുന്നു. അവ അയവുപ്രാപിക്കാൻ നിങ്ങളെ സഹായിച്ചേക്കാം. ഉചിതമായ അയവു മാനസികവും ശാരീരികവും ആയി മെച്ചപ്പെട്ട ആരോഗ്യത്തിൽ കലാശിക്കും. കാനഡാക്കാരനായ ഡോക്ടർ സർ വില്യം ഓസ്ളർ ഇങ്ങനെ അവകാശപ്പെട്ടു: “ഹോബിയില്ലാത്ത ഒരു മനുഷ്യനും സന്തുഷ്ടനോ സുരക്ഷിതനോ അല്ല.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “അത് ബാഹ്യമായ താൽപ്പര്യം എന്തായിരുന്നാലും അമൂല്യമായ ചെറിയ വ്യത്യാസം ഉളവാക്കുന്നു. . . ഒരു ഹോബിയുണ്ടായിരിക്കയും അതിനു നല്ല ശ്രദ്ധ കൊടുക്കുകയും ചെയ്യുന്നിടത്തോളം കാലം എന്തായാലും മതിയാകും.” എന്നാൽ ഏതു നല്ല തെളിപ്പുകാരനും തന്റെ കുതിരയെ നിയന്ത്രിക്കുന്നതുപോലെ, നിങ്ങളുടെ ഹോബി നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കുന്നതിനു പകരം നിങ്ങൾ ഹോബിയെ നിയന്ത്രിക്കണം. എങ്ങനെ?
ഒന്നാമതായി, ജീവിതത്തിലെ കൂടുതൽ പ്രധാനപ്പെട്ട സംഗതികൾക്കു മുൻതൂക്കം കൊടുത്തിരിക്കുന്നു എന്നു നിങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്, അതായതു ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകൽ, വീട്ടുജോലികൾക്കുവേണ്ടി കരുതൽ, അതുപോലെ നിങ്ങളുടെ ഗൃഹപാഠം ചെയ്യൽ എന്നിവ. (ഫിലിപ്പിയർ 1:10) ഇപ്പോൾ നിങ്ങളുടെ ഒഴിവുസമയത്തിൽ ഹോബിക്ക് എത്രമാത്രം സമയമാകാം എന്നു നിങ്ങൾക്കു നിശ്ചയിക്കാൻ സാധിക്കും.
പ്രയോജനപ്രദമായ ഹോബികൾ
കൈത്തയ്യൽ, വസ്ത്രനിർമ്മാണം, അഥവാ പാചക കലയുടെ അനുധാവനം എന്നീ ഹോബികൾ വിലയുള്ള വൈഭവങ്ങൾ വികസിപ്പിക്കാൻ നിങ്ങളെ സഹായിക്കും. ശരിയാണ്, ഈ ഹോബികൾ പെൺകുട്ടികൾക്കാണു പ്രത്യേകിച്ചും ആകർഷകം. എന്നിരുന്നാലും, പാചകംചെയ്യുന്നതിൽ ആണുങ്ങൾക്കു യോഗ്യമല്ലാത്തതായി ഒന്നുമില്ല. (യോഹന്നാൻ 21:9-12 താരതമ്യം ചെയ്യുക.) നിങ്ങൾ വിശിഷ്ട ഭക്ഷണനിലവാരങ്ങളിൽ എത്തുകയില്ലായിരിക്കാം, എങ്കിലും പാചകത്തിൽ ചില്ലറ പരീക്ഷണം നടത്തുന്നത് എന്നെങ്കിലും സ്വാശ്രയത്തിൽ കഴിയേണ്ടിവന്നാൽ അമൂല്യമെന്നു തെളിഞ്ഞേക്കാവുന്ന കഴിവുകൾ വികസിപ്പിച്ചെടുക്കാൻ നിങ്ങളെ സഹായിക്കും. നേരേ മറിച്ച്, പെൺകുട്ടികൾ, വാഹനം നന്നാക്കുന്നതിലോ വീട്ടുസംബന്ധമായ കേടുപോക്കലിലോ ഒരുകൈ നോക്കുകയാണെങ്കിൽ അതിൽനിന്നു പ്രയോജനം കിട്ടിയേക്കാം.
വേറൊരു പ്രയോജനപ്രദമായ നേരമ്പോക്ക് ഒരു ഭാഷ പഠിക്കലാണ്. ഉദാഹരണത്തിന്, യുവാവായ ജെയിംസ്, ഇപ്പോൾ റഷ്യൻ ഭാഷ പഠിക്കുന്നു. ഒരുപക്ഷേ ഒരു രണ്ടാം ഭാഷ ഒരു വിദേശ രാജ്യത്തു മററുള്ളവരെ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കാൻ നിങ്ങളെ പ്രാപ്തരാക്കും! തീർച്ചയായും, ഹോബികൾ പലപ്പോഴും മററുള്ളവരെ സഹായിക്കാനുള്ള ഉപാധിയായി ഭവിക്കുന്നു.
ഉദാഹരണത്തിന്, പൂന്തോട്ടനിർമ്മാണമാണോ നിങ്ങളുടെ ഹോബി? നിങ്ങളുടെ മുത്തശ്ശീ-മുത്തശ്ശൻമാരുടെ അല്ലെങ്കിൽ തങ്ങളുടെ പൂന്തോട്ടം ഉചിതമായി പരിപാലിക്കാൻ ബുദ്ധിമുട്ടുന്ന മറേറതെങ്കിലും പ്രായമേറിയവരുടെ പൂന്തോട്ടത്തിൽ എന്തുകൊണ്ടു നിങ്ങളുടെ തോട്ടനിർമ്മാണ കലാവൈഭവങ്ങൾ പ്രയോജനപ്പെടുത്തിക്കൂടാ? സ്വയം പണിചെയ്യുന്നതു നിങ്ങൾ ആസ്വദിക്കുന്നുവോ? എങ്കിൽ ഒരു പ്രായമായ ആളെയോ അല്ലെങ്കിൽ ഒരു വിധവയെയോ വീട്ടുസംബന്ധമായ കേടുപോക്കലിൽ സഹായിക്കാമെന്ന് എന്തുകൊണ്ടു വാഗ്ദാനം ചെയ്തുകൂടാ? പാചകം നിങ്ങളുടെ ഹോബിയായിരിക്കയും ഇഷ്ടപ്പെട്ട ഒരു പാചകവിധി നിങ്ങൾക്ക് ഉണ്ടായിരിക്കയും ചെയ്യുമ്പോൾ, എന്തുകൊണ്ട് ആ ഭക്ഷണം തയ്യാറാക്കി മുട്ടുള്ള ആർക്കെങ്കിലും ഒരു ദാനമായി കൊടുത്തുകൂടാ? ഓർമ്മിക്കുക, “സന്തോഷം കൂടുതലുള്ളത്”, യേശു പറഞ്ഞതുപോലെ, “വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നതിലാണ്.”—പ്രവൃത്തികൾ 20:35, NW.
ആത്മീയമായി മുന്നേറുന്നതിനുപോലും ഒരു ഹോബിക്കു നിങ്ങളെ സഹായിക്കാൻ കഴിയും. ഉദാഹരണത്തിന്, മാതൃകകൾ ഉണ്ടാക്കുന്നതു നിങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിൽ, ഒരു ചെറുപെട്ടകം നിർമ്മിക്കുകവഴി നോഹയുടെ വിശ്വാസത്തിന്റെ ദൃഢതയേപ്പററിയുള്ള നിങ്ങളുടെ വിലമതിപ്പിന്റെ ആഴം അതു വർദ്ധിപ്പിക്കില്ലേ? (ചതുരം കാണുക.) അതുപോലെ സമാഗമനകൂടാരത്തിന്റെയോ ആലയത്തിന്റെയോ ഒരു മാതൃക നിർമ്മിച്ചാൽ പണ്ടുകാലത്തു ദൈവദാസൻമാർ ആരാധിച്ച വിധത്തെപ്പററിയുള്ള നിങ്ങളുടെ അറിവു മെച്ചപ്പെടുത്തിയേക്കാം. ബൈബിൾക്കാലങ്ങളിൽ ഇടയച്ചെറുക്കനായ ദാവീദു തന്റെ ഒഴിവുസമയത്തു കിന്നരം വായിച്ചിരുന്നു. പിന്നീട് അവൻ യഹോവയുടെ സ്തുതിക്കായി സുന്ദരമായ ഗാനങ്ങൾ രചിച്ചു. നിങ്ങൾക്ക് ഒരു സംഗീതോപകരണം വായിക്കാൻ സ്വയം പഠിക്കാൻ കഴിയുമോ? അങ്ങനെയെങ്കിൽ, യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുകa എന്ന പാട്ടുപുസ്തകത്തിൽനിന്നും കുറെ ഗീതങ്ങൾ പഠിച്ചുകൊണ്ടു യഹോവയെ സ്തുതിക്കുന്നതിന് നിങ്ങളുടെ കഴിവ് എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? നിങ്ങൾ സംഗീതം ആലപിക്കുമ്പോൾ, പദങ്ങൾ വഹിക്കുന്ന വികാരം പരിചിന്തിക്കുക. നിങ്ങൾ ശേഖരണം നടത്തുന്ന ഒരാളാണോ? എങ്കിൽ ബൈബിൾസംബന്ധമായ വസ്തുക്കൾ സ്വരൂപിക്കുക. അല്ലെങ്കിൽ ബൈബിൾനാടുകളുടെ ചിത്രങ്ങൾകൊണ്ട് ഒരു ആൽബത്തിന്റെ താളുകൾ നിറക്കാൻ ശ്രമിക്കുക.
വില കണക്കാക്കുക
ഒരു ഹോബി എത്രതന്നെ പ്രയോജനപ്രദമായിരുന്നേക്കാമെങ്കിലും, നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുന്നതു പലപ്പോഴും ബുദ്ധിയാണ്, ഇതിന് എന്തു ചെലവാകും? (ലൂക്കോസ് 14:28) ഹോബി നിങ്ങളുടെ ബജററിൽ ഒതുങ്ങുന്നതാണോ? നിങ്ങളുടെ നേരമ്പോക്കു ശേഖരണമായിരിക്കുമ്പോൾ ഇതു പ്രത്യേകിച്ചും ഒരു വെല്ലുവിളിയായിരിക്കാൻ കഴിയും, അതു തപാൽസ്ററാമ്പുകളോ, പുരാവസ്തുക്കളോ, അഥവാ പാവകൾ പോലുമോ ആയിരുന്നാലും!
നിങ്ങൾ വിഭവങ്ങളെ എങ്ങനെ വിനിയോഗിക്കുന്നു എന്നതു നിത്യജീവൻ ലഭിക്കാനുള്ള നിങ്ങളുടെ സാദ്ധ്യതയേപ്പോലും ബാധിച്ചേക്കാം എന്നോർമ്മിക്കുക. യേശു പറഞ്ഞു: “അനീതിയുള്ള മമ്മോനെക്കൊണ്ടു [നിങ്ങളുടെ പണം] നിങ്ങൾക്കു സ്നേഹിതൻമാരെ ഉണ്ടാക്കിക്കൊൾവിൻ, അതു ഇല്ലാതെയാകുമ്പോൾ, അവർ [യഹോവയാം ദൈവവും യേശുക്രിസ്തുവും] നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും.” (ലൂക്കോസ് 16:9) “യഹോവയെ നിങ്ങളുടെ വിലയേറിയ വസ്തുക്കൾകൊണ്ടു ബഹുമാനിക്കാൻ” ഒന്നും മിച്ചമില്ലാത്ത വിധത്തിൽ, ഒരു ഹോബിക്കുവേണ്ടി അത്രയധികം പണം നിങ്ങൾക്കു ചെലവാക്കേണ്ടിവരുമോ? (സദൃശവാക്യങ്ങൾ 3:9, NW) ഒരു ഹോബിക്കു പണം മുടക്കുന്നത്, ഒരുപക്ഷേ ആത്മീയകാര്യങ്ങൾക്കു വീഴ്ച്ചവരുത്തിക്കൊണ്ട് അംശകാലജോലി ഏറെറടുക്കുന്നതിനു നിങ്ങളെ നിർബന്ധിക്കുമോ?
നിങ്ങളുടെ സമനില നിലനിർത്തുക!
ചില അവസരങ്ങളിൽ ഹോബി ഗൗരവമായെടുക്കുന്നവർ അതേ അനുധാവനം ആസ്വദിക്കുന്നവരോടൊത്തായിരിക്കാൻ തീവ്രമായി ആഗ്രഹിക്കുന്നു. നിങ്ങളോടുതന്നെ ചോദിക്കുക: അങ്ങനെയുള്ള സഹവാസം കെട്ടുപണി ചെയ്യുന്നതായിരിക്കുമോ? അവരുടെ വേഷവും ചമയവും, അവരുടെ വിനോദത്തിന്റെ തിരഞ്ഞെടുപ്പ്, അല്ലെങ്കിൽ അവരുടെ സംഭാഷണം എന്നിവയുടെ നിലവാരങ്ങൾ നിങ്ങളുടെമേൽ ഒരു ചീത്ത സ്വാധീനം ആയേക്കുമോ? നിങ്ങളുടെ സ്വന്തം കുടുംബത്തേക്കാളോ ക്രിസ്തീയ കൂട്ടുകാരേക്കാളോ കൂടുതൽ നിങ്ങൾ അവരുടെ കൂട്ടത്തിലേക്ക് അടുക്കുന്നതായി വരുമോ? ഓർമ്മിക്കുക, “ചീത്ത സഹവാസം പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.”—1 കൊരിന്ത്യർ 15:33, NW.
ഉത്ക്കണ്ഠക്കുള്ള മറെറാരു സംഗതി: ഏതുതരത്തിലുള്ള മനോഭാവത്തെയാണു നിങ്ങളുടെ ഹോബി പ്രോത്സാഹിപ്പിക്കുന്നത്? അനാരോഗ്യകരമായ ഒരു മത്സരാത്മാവിനെ അത് ഉദ്ദീപിപ്പിക്കുന്നുണ്ടോ? അതിൽ അമിതമായ ആരോഗ്യ അപായങ്ങൾ ഉൾപ്പെടുന്നുണ്ടോ? അങ്ങനെയെങ്കിൽ, അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ മനസ്സിൽപിടിക്കുന്നതു നന്നായിരിക്കും: “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ . . . സകലത്തിന്നും പ്രയോജനകരമാകുന്നു.”—1 തിമൊഥെയൊസ് 4:8; ഗലാത്യർ 5:26.
നേരേ മറിച്ച്, ശലോമോൻ പറഞ്ഞു: “എല്ലാററിന്നും ഒരു സമയമുണ്ടു; ആകാശത്തിൻകീഴുള്ള സകലകാര്യത്തിനും ഒരു കാലം ഉണ്ടു.” “ചിരിപ്പാൻ ഒരു കാലം” കൂടി അതിൽ ഉൾപ്പെടുന്നു. അതെ, ഹോബികൾക്കും ഉല്ലാസത്തിനും അതിന്റേതായ സ്ഥാനമുണ്ട്. എന്നിരുന്നാലും, ശലോമോന്റെ പിൻവരുന്ന വാക്കുകളെ അവഗണിക്കുന്ന വിധത്തിൽ, ഒരു ഹോബി നിങ്ങളുടെ താത്പര്യത്തെ ഗ്രസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക: “എല്ലാററിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കൽപ്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു.”—സഭാപ്രസംഗി 3:1, 4; 12:13. (g91 11/22)
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിക്കുന്നത്.
[18-ാം പേജിലെ ചതുരം]
ഞാൻ നോഹയുടെ പെട്ടകം നിർമ്മിച്ചു!
ഞാൻ കൈകൾ കൊണ്ടു ജോലി ചെയ്യുന്നത് ആസ്വദിക്കുന്നു. ഒരുദിവസം എനിക്കു നോഹയുടെ പെട്ടകത്തെപ്പററി കൂടുതൽ അറിയാനുള്ള പ്രേരണ ഉണ്ടായപ്പോൾ, അതിന്റെ ചെറിയതോതിലുള്ള ഒരു മാതൃക ഉണ്ടാക്കാൻ ഞാൻ തീരുമാനിച്ചു.
വാച്ച് ടവർ സൊസൈററി പ്രസിദ്ധീകരിക്കുന്ന ഗവേഷണസഹായികൾ ഉപയോഗിച്ച് ഉൽപ്പത്തി 6:14-16 വരെയുള്ള ബൈബിൾ വിവരണം സശ്രദ്ധം പഠിച്ചുകൊണ്ടു ഞാൻ തുടങ്ങി. പെട്ടകം ഒരു ആധുനിക കപ്പൽപോലെ ആയിരുന്നതേയില്ല എന്നു ഞാൻ പെട്ടെന്നു തിരിച്ചറിഞ്ഞു. പിന്നെയോ, അതു കേവലം വലിയ ഒരു പെട്ടിയായിരുന്നു: 300 ഗുണം 50 ഗുണം 30 മുഴം. അതു മീറററിലേക്കു മാററുമ്പോൾ 133.5 മീററർ നീളവും, 22.3 മീററർ വീതിയും, 13.4 മീററർ ഉയരവും കിട്ടുന്നു. അപ്പോൾ പെട്ടകം 134 മീററർ നീളമുള്ളതായിരുന്നു— ഐക്യനാടുകളിലെ ഒരു ഫുട്ബോൾ കളിസ്ഥലത്തിന്റെ ഏതാണ്ട് ഒന്നര ഇരട്ടിയോളം നീളം. ഇത്രത്തോളം ഭീമാകാരമായ നിർമ്മിതിക്കുപോലും, അസ്തിത്വത്തിലുണ്ടെന്നു ശാസ്ത്രജ്ഞൻമാർ പറയുന്ന 10,00,000-ത്തിൽപ്പരം ജന്തുഗണങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയില്ല. എന്നിരുന്നാലും, ഇന്ന് അസ്തിത്വത്തിലുള്ള മഹാവൈവിദ്ധ്യമാർന്ന ജന്തുഗണങ്ങളെ ഉത്പാദിപ്പിക്കാൻ വെറും 43 “തരം” സ്തന്യപങ്ങൾ, 74 “തരം” പക്ഷികൾ, 10 “തരം” ഇഴജന്തുക്കൾ എന്നിവക്കു കഴിയുമായിരുന്നു എന്നു ചില ഗവേഷകർ വിശ്വസിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കി.
എന്റെ ഗവേഷണം നോഹയുടെ ജോലിയുടെ ആധിക്യം വിലമതിക്കാനും എന്നെ സഹായിച്ചു: അതായത്, വൈദ്യുതിവാളുകളില്ലാതെ മരങ്ങൾ മുറിക്കൽ, നിർമ്മാണസ്ഥലത്തേക്കു ട്രാക്ടറുകളില്ലാതെ തടി വലിക്കൽ, അതുപോലെ, ഭാരമുള്ള മേൽത്തട്ടിന്റെ തുലാങ്ങൾ ക്രെയിനുകൾ ഇല്ലാതെ ഉയർത്തൽ. നോഹയുടേതിനോടു താരതമ്യം ചെയ്യുമ്പോൾ എന്റെ ജോലി നിസ്സാരമായിരുന്നു! “തടി” ലഭിക്കുന്നതിന്, ഞാൻ കേവലം ഉണങ്ങിയ കളത്തണ്ടുകളുടെ കുറെ കെട്ടുകൾ പൊട്ടിച്ചെടുത്തു. എന്റെ “മൃഗങ്ങൾ” കളിമണ്ണുകൊണ്ട് ഉണ്ടാക്കിയവയായിരുന്നു. അകത്തളത്തിന്റെ ആസൂത്രണത്തിനുവേണ്ടി, എനിക്കു കുറെ ഊഹപ്പണി ചെയ്യേണ്ടിവന്നു. തങ്ങൾക്ക് ഏററവും കൂടുതൽ വെളിച്ചവും വായൂസഞ്ചാരവും ആസ്വദിക്കാൻ കഴിയുമായിരുന്നതു മുകളിലത്തെ നിലയിലായിരിക്കുന്നതുകൊണ്ട്, സാദ്ധ്യതയനുസരിച്ചു നോഹയും കുടുംബവും അവിടം താമസിക്കാൻ തിരഞ്ഞെടുത്തുകാണും എന്നു ഞാൻ കണക്കുകൂട്ടി. ജന്തുക്കളെ ഞാൻ പെട്ടകത്തിന്റെ താഴത്തെനിലകളിലാക്കി.
മണിക്കൂറുകളോളമുള്ള അദ്ധ്വാനത്തിനുശേഷം, എന്റെ മാതൃക പൂർത്തിയായി. ഹൃദയഹാരിയായി കാണപ്പെട്ടുവെന്നു ചിലർ പറഞ്ഞെങ്കിലും, യഥാർത്ഥ പെട്ടകം എന്റെ മാതൃകയേക്കാൾ ഒരു നൂറിരട്ടി നീളവും, വീതിയും, ഉയരവും ഉള്ളതായിരുന്നു. മററുവാക്കുകളിൽ, മൂലപെട്ടകത്തിന്റെ ഉൾക്കൊള്ളാനുള്ള ശേഷിക്കു തുല്യമാകാൻ എന്റെ മാതൃകയുടെ 10,00,000-എണ്ണം വേണ്ടിവരും. അപ്പോൾ, യഥാർത്ഥ പെട്ടകത്തെപ്പററി കൂടുതൽ കണ്ടുപിടുക്കുന്നതിനുള്ള എന്റെ വാഞ്ഛയെ പദ്ധതി ഉത്തേജിപ്പിച്ചത് അതിശയമല്ല. ദൈവത്തിന്റെ പുതിയ ലോകം കാണാനായി ജീവിച്ചിരിക്കാൻ എനിക്കു പദവി ലഭിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിക്കാൻ ഇടയാകുകയും ചെയ്താൽ, ഒരുപക്ഷേ ഒരു പുതിയ മാതൃക ഉണ്ടാക്കാൻ—എല്ലാവിശദാംശത്തിലും കൃത്യമായ ഒന്നുതന്നെ—നോഹയോടു സഹായം അഭ്യർത്ഥിക്കാൻ എനിക്കു കഴിയും.—സംഭാവനചെയ്യപ്പെട്ടത്.
[19-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങളുടെ ഹോബി നിങ്ങൾക്കും മററുള്ളവർക്കും ആനന്ദം നൽകുന്നുണ്ടോ?
ബൈബിൾ നാടുകളുടെ ചിത്രങ്ങൾ ശേഖരിക്കുന്നതു തിരുവെഴുത്തുസംഭവങ്ങൾ മനോമുകരത്തിൽ കാണാൻ നിങ്ങളെ സഹായിക്കും