ഞങ്ങളുടെ വായനക്കാരിൽനിന്ന്
ക്യാൻസർ ചികിത്സകൾ “ലോകത്തെ വീക്ഷിക്കൽ” വിഭാഗത്തിൽ (ഒക്ടോബർ 8, 1992) വന്ന “ചികിത്സകൾ താരതമ്യം ചെയ്യപ്പെടുന്നു” എന്ന ഇനം ഗൗരവാവഹമായി വഴിതെററിക്കുന്നതായിരുന്നുവെന്നു ഞാൻ വിശ്വസിക്കുന്നു. ക്യാൻസറുള്ള ആളുകൾ ഒരു സ്ഥാപിത ചികിത്സാകേന്ദ്രത്തിലെ ചികിത്സയിൽനിന്നു പ്രയോജനം നേടുന്നതുപോലെതന്നെ പാരമ്പര്യേതര ചികിത്സയിൽനിന്നു പ്രയോജനം നേടുമെന്ന് അത് അർത്ഥമാക്കുന്നു. നിങ്ങളുടെ വിവരം അടിസ്ഥാനപ്പെടുത്തിയ ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനലെ ലേഖനത്തിനു നിങ്ങളുടേതിൽനിന്നു തികച്ചും ഭിന്നമായ അർത്ഥമാണുള്ളത്.
ഏ. ആർ., എം.ഡി., ഐക്യനാടുകൾ
ഞങ്ങളുടെ ഹ്രസ്വമായ ഇനം കൃത്യതയുള്ളതായിരുന്നു, എന്നാൽ പഠനത്തിന്റെ ഒരു മുഖ്യ കണ്ടുപിടിത്തം റിപ്പോർട്ടുചെയ്യുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. അതായത്, പാരമ്പര്യ വൈദ്യചികിത്സ സ്വീകരിക്കുന്ന മരണത്തെ അഭിമുഖീകരിക്കുന്ന രോഗികൾ പാരമ്പര്യേതര ചികിത്സകൾ ലഭിക്കുന്നവരെക്കാൾ “ഗണ്യമായി മെച്ചപ്പെട്ട ജീവിതഗുണം ആസ്വദിച്ചതായി” റിപ്പോർട്ടു ചെയ്തുവെന്നത്. എന്നിരുന്നാലും, ഞങ്ങളുടെ ലേഖനം പ്രകടമാക്കിയതുപോലെ ഇരുചികിത്സയും രോഗികളുടെ ജീവനെ ദീർഘിപ്പിക്കുന്നതിൽ ഫലകരമെന്നു തെളിഞ്ഞില്ല. മരണത്തെ അഭിമുഖീകരിക്കുന്ന രോഗികൾക്ക് “ഒരു ചികിത്സരഹിത പ്രതിവിധി” പരിഗണിക്കാമെന്നു പഠനം നിർദ്ദേശിച്ചു. ഗവേഷകർതന്നെ പറയുന്നതനുസരിച്ച് ഈ കണ്ടുപിടിത്തങ്ങൾ “[ക്യാൻസർ] അധികം മൂർച്ഛിക്കാത്ത ഘട്ടത്തിലുള്ള രോഗികൾക്കു സാമാന്യവത്ക്കരിക്കാൻ കഴികയില്ല” എന്നും വായനക്കാർ കുറിക്കൊള്ളേണ്ടതാണ്. ചില പാരമ്പര്യേതര ചികിത്സകൾ, വൈദ്യശാസ്ത്ര ഗവേഷകരാലുള്ള “ഉചിതമായ ഗവേഷണം ആവശ്യമാക്കിത്തീർത്തേക്കാമെന്ന്” ഈ പഠനത്തിന്റെ നിവേദകർ നിഗമനം ചെയ്യുന്നു.—പത്രാധിപർ
ഞങ്ങളുടെ വായനക്കാരിൽനിന്ന് “ഞങ്ങളുടെ വായനക്കാരിൽനിന്ന്” എന്നുള്ള വിശേഷയിനം വായിക്കാൻ ഞാൻ എപ്പോഴും നോക്കിയിരിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങളിൽ നിങ്ങൾ കാണിക്കാറുള്ള നയത്തിൽ ഞാൻ വിസ്മയിച്ചുപോകുന്നു. ഒരു അച്ചടിപ്പിശകോ തെറേറാ ഉണ്ടെങ്കിൽ നിങ്ങൾ അതു താഴ്മയോടെ സമ്മതിക്കുന്നു. എന്നിരുന്നാലും, ഒരു വായനക്കാരൻ എത്രതന്നെ പ്രകോപിതനായാലും ദൈവവചനത്തിലെ സത്യത്തിൽനിന്നു നിങ്ങൾ ഒരിക്കലും പിന്നോക്കം പോകാറില്ല. നിങ്ങൾക്ക് ഒരു നർമ്മബോധം പോലുമുണ്ട്! ഫെബ്രുവരി 22, 1991-ലെ ലക്കത്തിലെ “തെററിദ്ധരിക്കപ്പെട്ട താദാത്മ്യം” എന്ന ഇനത്തിൻകീഴിലെ നിങ്ങളുടെ പ്രതികരണം വായിച്ചപ്പോൾ ഞാൻ അടക്കിച്ചിരിച്ചുപോയി.
സി. ഡബ്ലിയു., ഐക്യനാടുകൾ
വികലശേഖരം “വികലശേഖരം നിയന്ത്രണാതീതമാകുമ്പോൾ” (ഓഗസ്ററ് 8, 1992) എന്ന മനോഹരമായ നിങ്ങളുടെ ലേഖനത്തിന് ഒരായിരം നന്ദി. എന്റെ വിവാഹജീവിതത്തിന്റെ 12 വർഷക്കാലത്ത് ഒരിക്കലും യാതൊന്നും കണ്ടുപിടിക്കാൻ കഴിയാത്ത, സാധനങ്ങൾ തിങ്ങിനിറഞ്ഞ ഉള്ളറയുമായി ഞാൻ മല്ലിട്ടിട്ടുണ്ട്! (കാര്യങ്ങൾക്കു മാററം വരുത്താതെ തുടരുന്നതിന് എനിക്ക് എല്ലാത്തരം കാരണങ്ങളും ഉണ്ടായിരുന്നു.) നിങ്ങളുടെ ലേഖനം വായിച്ചശേഷം, ചവറു കുത്തിനിറച്ച ബാഗുകളുടെ ഒരു നല്ല കൂട്ടം കൂനകൂട്ടാൻ എനിക്കു കഴിഞ്ഞു. വൃത്തിയാക്കിയ എന്റെ അലമാരകൾ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്തവിധം എന്നെ നോക്കി ചിരിച്ചു. അതു വീണ്ടുമൊരിക്കലും കൂടിക്കുഴയുന്നത് ഒഴിവാക്കാൻ ആ ലേഖനം ഞാൻ എന്റെ അലമാരയിൽ കാണാവുന്നതുപോലെ വെക്കും!
എൽ. ഡബ്ലിയു., നെതർലൻഡ്സ്
എന്റെ അമ്മയും എന്റെ സഹോദരിയും ഞാനും വികലശേഖരം നീക്കം ചെയ്യുന്ന സംരഭവുമായി മുന്നോട്ടുനീങ്ങി. ഞങ്ങളുടെ വസ്ത്രങ്ങൾ വെക്കുന്ന അലമാര ഞങ്ങൾ പരിശോധിക്കുകയും വളരെയധികം വസ്ത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ആ ലേഖനത്തിനു ഹൃദയംഗമമായ നന്ദി.
ഇസ്സഡ്. എം., ജെമെയിക്ക
തട്ടിക്കൊണ്ടുപോകൽ “മണ്ടത്തരം കാണിക്കരുത്, ഞാൻ കൊന്നുകളയും” എന്ന ലേഖനത്തിനു നന്ദി. (ഡിസംബർ 8, 1992) ഞാനും ഒരു കവർച്ചയിൽ എന്റെ കാറിനുള്ളിൽ ഒരു ഇരയായി തടഞ്ഞുവയ്ക്കപ്പെട്ടു. ഞാൻ ഒരു യഹോവയുടെ സാക്ഷിയാണെന്ന് എന്റെ അപഹർത്താവു തിരിച്ചറിഞ്ഞു, എന്തെന്നാൽ ഞാൻ തുടർച്ചയായി യഹോവയുടെ നാമം ഉച്ചത്തിൽ വിളിച്ചുകൊണ്ടിരുന്നു. ഭാഗ്യവശാൽ, കെട്ടിയിട്ടിരുന്നതിനാൽ കൈക്കുഴകൾ വീർത്തതും ട്രങ്കിലേക്കെറിയപ്പെട്ടതു നിമിത്തം ചില വടുക്കൾ ഉണ്ടായതും ഒഴികെ ശാരീരികോപദ്രവമൊന്നും എനിക്കു ഭവിച്ചില്ല. ഞാൻ ശാന്തയായി നിലകൊണ്ടു, ട്രങ്കിൽനിന്ന് കാറിന്റെ പിൻസീററിലൂടെ പുറത്തുവരാനും എനിക്കു കഴിഞ്ഞു. ഈ സംഭവവും കുററവിചാരണയും പ്രാദേശിക വാർത്ത സൃഷ്ടിച്ചു. എന്റെ വക്കീലും അയൽക്കാരും സ്നേഹിതരും കുടുംബവും ഞാൻ രക്ഷപെട്ടതിനു യഹോവയ്ക്കു ബഹുമതി നല്കി.
ഇ. എം., ഐക്യനാടുകൾ
ബൈബിൾ ഇന്നു ദൈവജനത്തിന് അത്ഭുതകരമായ സംരക്ഷണം വാഗ്ദാനം ചെയ്യുന്നില്ല. എന്നിരുന്നാലും, ജീവനു ഭീഷണിയാകുന്ന ഒരു സാഹചര്യത്തിൽനിന്ന് ഒരു ക്രിസ്ത്യാനി വിടുവിക്കപ്പെടുമ്പോൾ ദൈവത്തിനു നന്ദി കൊടുക്കുന്നതു തികച്ചും ഉചിതമാണ്. (1 തെസ്സലോനീക്യർ 5:18)—പത്രാധിപർ