ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ടി.വി. “ടെലിവിഷൻ—ലോകത്തിനു മാററം വരുത്തിയ പേടകം” എന്ന ലേഖന പരമ്പരക്കു നന്ദി. (ജൂൺ 8, 1992) എനിക്ക് ടി.വി സംബന്ധിച്ച് എന്നും ഒരു പ്രശ്നമുണ്ടായിരുന്നിട്ടുണ്ട്; അത് ഓഫ് ചെയ്യുന്നതിനുള്ള മനഃശക്തി എനിക്കില്ല. നിങ്ങളുടെ നിർദ്ദേശങ്ങൾ സഹായിച്ചു. ഞാൻ ടി.വി. എത്രത്തോളം വീക്ഷിക്കുന്നുണ്ട് എന്നതിന്റെ രേഖ സൂക്ഷിക്കാൻ പോകയാണ്. ടി.വി. കാണാൻ ആഗ്രഹിക്കുമ്പോൾ, ആദ്യം അതിന്റെ പ്രയോജനവും നിഷ്ഫലതയും തൂക്കിനോക്കിയിട്ട് അങ്ങനെ ചെയ്യുന്നതിനുവേണ്ടി ഞാൻ അത് എന്റെ അലമാരയിൽ വെച്ചിരിക്കുകയുമാണ്. വീണ്ടും നിങ്ങൾക്കു നന്ദി.
ഡബ്ലിയു. എച്ച്., ഐക്യനാടുകൾ
ഭാഗ്യക്കുറി ജ്വരം ‘ഭാഗ്യക്കുറി ജ്വര’ത്തേക്കുറിച്ചുള്ള നിങ്ങളുടെ ലേഖനം (മെയ് 8, 1992) ഒരു ക്രിസ്ത്യാനിയായിത്തീരുന്നതിനുമുൻപ് എനിക്ക് ചൂതാട്ടക്കാരായ സുഹൃത്തുക്കൾ ഉണ്ടായിരുന്നുവെന്നതിനെക്കുറിച്ച് എന്നെ ഓർമ്മിപ്പിച്ചു. ചൂതാട്ടം നിമിത്തം കൃത്രിമം കാണിച്ചതിനാൽ ഒരുവൻ ജയിലിലടയ്ക്കപ്പെട്ടു. മറെറാരുവൻ ഒരു വായ്പ തിരികെ കൊടുക്കാഞ്ഞതിനാൽ അമിതപലിശ ചുമത്തുന്ന ഉടമകളാൽ പ്രഹരിക്കപ്പെടുകയും തളർന്നു പോകാൻ ഇടയാകുകയും ചെയ്തു. ചൂതാട്ടം തീർച്ചയായും ആളുകളുടെ ജീവിതത്തിനു നാശം വരുത്തുക തന്നെ ചെയ്യുന്നു.
ആർ. ബി., ഐക്യനാടുകൾ
നിങ്ങൾ ആയിരിക്കുന്നതിൽനിന്നു മാററം വരുത്തൽ “നിങ്ങൾ എന്ത് ആയിരിക്കുന്നുവോ അതിൽനിന്നു മാററം വരുത്തേണ്ടതുണ്ടോ?” (ജൂലൈ 8, 1992) എന്ന പരമ്പരയിൽ കൊടുത്തിരിക്കുന്ന അമൂല്യ നിർദ്ദേശങ്ങൾക്ക് എന്റെ ഹൃദയത്തിന്റെ അഗാധത്തിൽനിന്നു നന്ദി രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ വ്യക്തിത്വത്തിൽ ചില മാററങ്ങൾ വരുത്തേണ്ടതുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു, എന്നാൽ അതു ചെയ്യുന്നതിനുള്ള പ്രചോദനം എനിക്കില്ലായിരുന്നു. നിങ്ങൾ തന്ന ബുദ്ധ്യുപദേശങ്ങൾ ബാധകമാക്കാൻ ഞാൻ ഇപ്പോൾ ഒരു ശ്രമം ചെയ്തുകൊണ്ടിരിക്കുകയാണ്, അതു വളരെ പ്രയോജനപ്രദമാണെന്നു ഞാൻ ഇപ്പോൾതന്നെ കണ്ടെത്തിയുമിരിക്കുന്നു.
എസ്. സി., ഇററലി
ആശുപത്രിയിലെ മനോരോഗ വിഭാഗത്തിൽനിന്നു വെളിയിൽവന്നതിനു ശേഷം, ‘മാററത്തെ’ക്കുറിച്ചുള്ള ലേഖനം ഞാൻ വായിച്ചു. യഥാർത്ഥത്തിൽ കുറിക്കുകൊള്ളുന്നത്! എനിക്കു വളരെ ഗൗരവതരമായ ഒരു പെരുമാററ വൈകൃതമുണ്ട് എന്നു കാണാൻ എനിക്ക് ഏതാണ്ട് 30 വർഷം വേണ്ടിവന്നു. ഇപ്പോൾ ഞാൻ യഥാർത്ഥത്തിൽ ആയിരിക്കുന്നതുപോലെ എന്നെത്തന്നെ കാണുന്നു, എന്റെ പ്രശ്നങ്ങൾ ഞാൻ തിരിച്ചറിയുന്നതുകൊണ്ട് സ്വയം നിയന്ത്രിക്കുന്നതിനുവേണ്ടി ക്രിയാത്മക നടപടികൾ എടുക്കാൻ എനിക്കു കഴിയും.
ജെ. ഡി., ഐക്യനാടുകൾ
ശ്വാസകോശങ്ങൾ ഞാൻ 13 വയസ്സുള്ളവളാണ്. അഞ്ചാം തരത്തിൽ ശ്വാസകോശങ്ങളെക്കുറിച്ചു പഠിച്ചതു ഞാൻ ഓർമ്മിക്കുന്നു, എന്നാൽ മിക്ക വിവരങ്ങളും ഞാൻ മറന്നുപോയിരുന്നു. “ശ്വാസകോശങ്ങൾ—രൂപകൽപനയിലെ ഒരു അത്ഭുതം” എന്ന നിങ്ങളുടെ ലേഖനം (ജൂൺ 8, 1992) എന്റെ ഓർമ്മയെ പുതുക്കി. അത് വളരെ നന്നായി എഴുതപ്പെട്ടതായിരുന്നു, വിശദീകരണചിത്രം വളരെ കൃത്യതയുള്ളതുമായിരുന്നു. ഇത്തരത്തിലുള്ള ലേഖനങ്ങൾക്കു വളരെ നന്ദി, അതു യഹോവയുടെ അത്ഭുതകരമായ സൃഷ്ടികളോടുള്ള നമ്മുടെ വിലമതിപ്പ് ആഴമുള്ളതാക്കാൻ സഹായിക്കുന്നു
എ. എം., ഐക്യനാടുകൾ
ശ്വാസകോശങ്ങൾ “ശ്വാസകോശങ്ങൾ—രൂപകൽപനയിലെ ഒരു അത്ഭുതം” (ജൂൺ 8,1992) എന്ന ലേഖനത്തിനു ഞാൻ നിങ്ങൾക്കു നന്ദി നൽകേണ്ടിയിരിക്കുന്നു. അത് എന്നിൽ യഹോവയുടെ വിസ്മയാവഹമായ പ്രവർത്തനങ്ങളേക്കുറിച്ച് അത്ഭുതങ്ങളുടെ അനുഭൂതി ഉണർത്തി. ലേഖനം വൈദഗ്ദ്ധ്യത്തോടെ എഴുതപ്പെട്ടതായിരുന്നു, അതിസങ്കീർണ്ണമായ കാര്യങ്ങൾ അവിശ്വസനീയമാംവണ്ണം ലളിതമായ വിധത്തിൽ ഗ്രഹിക്കുന്നതിന് അത് എന്നെ സഹായിച്ചു.
ബി. ററി. എ., ബ്രസീൽ
കുശുകുശുപ്പ് കുശുകുശുപ്പിനെ കുറിച്ചുള്ള നിങ്ങളുടെ കാലാനുസൃതമായ ലേഖനത്തിനു നിങ്ങൾക്കു നന്ദി. (ഏപ്രിൽ 8, 1992) അടുത്തയിടെ ഞാൻ ഹാനികരമായ കുശുകുശുപ്പിന് ഇരയായിത്തീർന്നു, മത്തായി 18:15-17-ലെ തിരുവെഴുത്തു തത്ത്വം ബാധകമാക്കിയതിനാൽ കുററക്കാരിയുമായി പ്രശ്നം പരിഹരിക്കാൻ എനിക്കു കഴിഞ്ഞു.
ബി. സി., ആസ്ട്രേലിയാ
ലേഖനങ്ങൾ വിജ്ഞാനപ്രദവും നന്നായി എഴുതപ്പെട്ടതും ആണെന്നു ഞാൻ വിചാരിച്ചു. എങ്കിലും, നിങ്ങൾ ഉപയോഗിച്ച ചിത്രങ്ങൾ നിമിത്തം ഞാൻ അമ്പരന്നുപോയി. അതിൽ നാലെണ്ണം സ്ത്രീകൾ കുശുകുശുക്കുന്നതിനെ ചിത്രീകരിക്കുന്നു. കുശുകുശുക്കൽ സ്ത്രീകളുടെ ഒരു സ്വഭാവ സവിശേഷതയാണ് എന്നുള്ളതാണ് അതിന്റെ സൂചന.
എച്ച്. ഡബ്ലിയു., ഐക്യനാടുകൾ
സ്ത്രീകളെയോ അല്ലെങ്കിൽ പുരുഷൻമാരെയോ ഒരു നിഷേധാത്മക രീതിയിൽ തരംതിരിച്ചു കാണിക്കാൻ ഞങ്ങൾ ഉദ്ദേശിച്ചില്ല. രണ്ടു ഫോട്ടോകളിൽ കുശുകുശുക്കുന്ന പുരുഷൻമാർ ഉൾപ്പെടുന്നു. മറെറാരു ഫോട്ടോ രണ്ടു സ്ത്രീകൾ കെട്ടുപണിചെയ്യുന്ന സംസാരത്തിൽ ഏർപ്പെട്ടിരിക്കുന്നത് ചിത്രീകരിച്ചു. ഒരു സ്ത്രീ കുശുകുശുപ്പു ശ്രവിക്കുന്നതിനുപോലും വിസമ്മതിക്കുന്നതായും കാണിച്ചിരുന്നു.—എഡിററർ.