ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ഒരു കുട്ടിയുടെ മരണം “ബൈബിളിന്റെ വീക്ഷണം” എന്ന പംക്തിയിൽ വന്ന “ദൈവം എന്റെ കുട്ടിയെ എടുത്തത് എന്തുകൊണ്ട്?” (മെയ് 8, 1992) എന്ന ലേഖനം എനിക്ക് ആവശ്യമായ ആശ്വാസം കൃത്യസമയത്തു പ്രദാനം ചെയ്തു. ജനുവരി 9-ാം തീയതി എനിക്ക് ഒരു ശിശു പിറന്നു. ആ ശിശു മൂന്നു മണിക്കൂറുകൾക്കുശേഷം മരിച്ചു. ഞാൻ എന്നോടുതന്നെ കോപിക്കുകയും എന്റെ കോപം തെററായി ദൈവത്തിലേക്കു തിരിച്ചുവിടുകപോലും ചെയ്തു. പിന്നീട് ഞാൻ ഈ ലേഖനങ്ങൾ വായിക്കുകയുണ്ടായി. ദൈവത്തിന്റെ കരുണയുടെ ആഴം ആ പേജുകളിൽനിന്നു സമൃദ്ധമായി വർഷിക്കുകയും ഞാൻ വീണ്ടും വീണ്ടും കരയുകയും ചെയ്തു. ഞാൻ ഏകാന്തതയിലും കഷ്ടതയിലും ആയിരുന്നപ്പോൾ നിങ്ങൾ എനിക്കു നൽകിയ പ്രത്യാശക്കു ഞാൻ നന്ദി പറയുന്നു.
സി. കെ., ജപ്പാൻ
പാടുന്ന പക്ഷികൾ പാടുന്ന പക്ഷികളെക്കുറിച്ചുള്ള 1992 മെയ് 8-ലെ ലക്കത്തിലെ ഹൃദയഹാരിയായ ലേഖനങ്ങൾക്കു നന്ദി. വർഷങ്ങളായി എന്റെ ഭർത്താവ് ഞങ്ങളുടെ പിമ്പുറത്ത് ഈ പക്ഷികൾക്കു ഭക്ഷണം കൊടുത്തുകൊണ്ടാണിരിക്കുന്നത്. അവയെ നോക്കിനിൽക്കുന്നത് ഞങ്ങൾ ഇരുവരും ആസ്വദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പക്ഷികൾ അവയുടെ സംഗീതം ആലപിക്കുന്ന അവിശ്വസനീയമായ വിധം സംബന്ധിച്ചു വായിച്ചശേഷം ഞങ്ങൾ ഇപ്പോൾ അവയെ ശ്രദ്ധിക്കുകയും ചെയ്യുന്നു. യഹോവയുടെ അത്ഭുതങ്ങളിൽ മറെറാന്നിനെക്കുറിച്ചു മനോഹരമായി എഴുതപ്പെട്ട ആ വിവരണത്തിനു ഞങ്ങൾ നിങ്ങളോടു വളരെ നന്ദിയുള്ളവരാണ്.
ജെ. എസ്., ഐക്യനാടുകൾ
ആത്മരക്ഷ “ബൈബിളിന്റെ വീക്ഷണം” എന്ന പംക്തിയിലെ, “ആത്മ രക്ഷ—ഒരു ക്രിസ്ത്യാനിക്ക് എത്രത്തോളം പോകാം?” എന്ന ലേഖനം (ജൂലൈ 8, 1992), ആയോധന കലകൾ ഏററുമുട്ടലിനും കടന്നാക്രമണത്തിനും പ്രോത്സാഹിപ്പിക്കുന്നുവെന്ന തോന്നൽ വായനക്കാരിൽ ഉളവാക്കിയേക്കാം. എന്നാൽ സംഗതികൾ അങ്ങനെയല്ല. മിക്ക ആയോധന കലകളും ശാരീരിക നിയന്ത്രണവും ആത്മശിക്ഷണവും മററു പല കളികളേക്കാൾ അധികമായി ഉയർന്ന അളവിലുള്ള ഒരു നീതിബോധവും വളരാനിടയാക്കുന്നു.
ററി. എം., ജർമ്മനി
ആയോധന കലകൾ അതിൽ പങ്കെടുക്കുന്നവർക്കു ചില പ്രയോജനങ്ങൾ ചെയ്യുന്നുവെന്നതു സത്യമായിരുന്നേക്കാം. എന്നിരുന്നാലും, അവ സഹമനുഷ്യരെ എങ്ങനെ പരുക്ക് ഏൽപ്പിക്കാമെന്ന് പഠിപ്പിക്കുന്നു. ഇത് യെശയ്യാവ് 2:4-ലും മത്തായി 26:52-ലും കാണപ്പെടുന്ന ബൈബിൾതത്ത്വങ്ങൾക്കു വിരുദ്ധമാണ്.—എഡിററർ.
നിങ്ങൾക്കുതന്നെ മാററം വരുത്തൽ സ്വയംഭോഗം എന്ന ദു:ശീലം തരണം ചെയ്യാൻ ഞാൻ ശ്രമിച്ചിരുന്നെങ്കിലും ആവർത്തിച്ചു പരാജയപ്പെടുക നിമിത്തം ഞാൻ നിരാശിതനായിരുന്നു. എന്നുവരികിലും “നിങ്ങൾക്കുതന്നെ മാററംവരുത്തണമോ?” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ലേഖനപരമ്പര (ജൂലൈ 8, 1992) യിലൂടെ എനിക്കുതന്നെ മാററം വരുത്തുന്നതിന് എനിക്കു സ്വീകരിക്കാൻ കഴിയുന്ന അഞ്ചു വ്യക്തമായ പടികൾ പഠിക്കാൻ എനിക്കു കഴിഞ്ഞു. ഇത് എന്റെ ദു:ശീലം തരണം ചെയ്യുന്നതിനുള്ള ദൃഢനിശ്ചയത്തെ കൂടുതൽ ബലിഷ്ഠമാക്കി.
ആർ. എച്ച്., ജപ്പാൻ.