ലോകത്തെ വീക്ഷിക്കൽ
ധനിക-ദരിദ്ര വിടവു വർദ്ധിക്കുന്നു
കഴിഞ്ഞ 30 വർഷങ്ങൾകൊണ്ടു ധനികരും ദരിദ്രരും തമ്മിലുള്ള വിടവ് ഇരട്ടിയായിരിക്കുന്നുവെന്ന് ഐക്യരാഷ്ട്ര വികസന പരിപാടിക്കുവേണ്ടി പ്രസിദ്ധീകരിക്കപ്പെട്ട മാനുഷ വികസന റിപ്പോർട്ട് 1992 പറയുന്നു. ദേശീയ ശരാശരികളുടെ അടിസ്ഥാനത്തിൽ, 1960-ൽ ലോകജനസംഖ്യയുടെ അതിസമ്പന്നമായ 20 ശതമാനം അതിദരിദ്രമായ 20 ശതമാനത്തെക്കാൾ 30 മടങ്ങു സമ്പന്നമായിരുന്നു. ആയിരത്തിത്തൊള്ളായിരത്തിഎൺപത്തിയൊമ്പത് ആയപ്പോഴേക്ക് അവർ ഏകദേശം 60 മടങ്ങ് അധികം ധനികരായി. വ്യക്തിയടിസ്ഥാനത്തിൽ ലോകത്തിലെ ഏററവും ധനികരായ 100 കോടി ധനികർ ഏററവും ദരിദ്രരായ 100 കോടിയെക്കാൾ കുറഞ്ഞപക്ഷം 150 മടങ്ങെങ്കിലും ഭേദപ്പെട്ട അവസ്ഥയിലാണ്. (g92 11/8)
ഏററവും പഴക്കമുള്ള ബേക്കറി?
ഒരു സംയുക്ത പത്രറിപ്പോർട്ടുപ്രകാരം ഈജിപ്ററിലെ പിരമിഡുകൾക്കു സമീപം ജോലി ചെയ്തുകൊണ്ടിരുന്ന പുരാവസ്തുഗവേഷകർ ലോകത്തിലെ ഏററവും പഴക്കമുള്ളതായിരിക്കാവുന്ന ബേക്കറി കണ്ടുപിടിച്ചിരിക്കുന്നു. തെളിവനുസരിച്ച്, ഈ ബേക്കറി പിരമിഡുകൾ പണിയുന്ന വേലക്കാർക്കു റൊട്ടി ഉണ്ടാക്കുന്നതിനായി ഉപയോഗിക്കപ്പെട്ടിരുന്നിരിക്കണം. ഈജിപ്ററിനെക്കുറിച്ചു പഠിക്കുന്ന ഒരു ഗവേഷകനും ഉൽഖനന ഡയറക്ടർമാരിലൊരാളുമായ മാർക്ക് ലേനർ ഇങ്ങനെ പറഞ്ഞു: “ഒരു ദിവസം 30,000 പേരെ അനായാസം പോഷിപ്പിക്കാൻ കഴിയുന്ന ബൃഹത്തായ അപ്പനിർമ്മാണത്തെയാണു ഞങ്ങൾ അർത്ഥമാക്കുന്നത്.” കഠിനമായ ചൂടും കറുത്ത, കനത്ത പുകയും ഉണ്ടായിരുന്ന ഈ ബേക്കറിയിലെ പ്രവർത്തനസാഹചര്യങ്ങൾ പേടിസ്വപ്നം ആയിരുന്നിരിക്കുമെന്നു നിഗമനം ചെയ്യുന്നു. “ഈ മുറികൾ മഴയുള്ള രാത്രിയിലെ ആകാശംപോലെയായിരുന്നിരിക്കണം. ഞങ്ങൾ കറുപ്പും വെൽവെററും നിറത്തിൽ അടിഞ്ഞുകൂടിയ ചാരത്തിൽ 45 സെൻറീമീററർ ആഴത്തിൽ കുഴിച്ചിരിക്കുന്നു” എന്ന് അദ്ദേഹം പറയുന്നു. പിരമിഡുനിർമ്മാണനാളുകൾ മുതലുള്ളതാണു ബേക്കറിയെന്നു വിശ്വസിക്കപ്പെടുന്നു. (g92 10/22)
നൈജീരിയ അതിന്റെ ജനത്തെ എണ്ണുന്നു
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂററിരണ്ടു മാർച്ച് 20-നു നൈജീരിയയിലെ എല്ലാ പ്രമുഖ വർത്തമാനപ്പത്രങ്ങളും ഒരേ സംഖ്യ തലക്കെട്ടാക്കി—885 ലക്ഷം. ഈ സംഖ്യ, കൃത്യമായി പറഞ്ഞാൽ 8,85,14,501, 1991 നവംബറിൽ നൈജീരിയയിലെടുത്ത ദേശീയ കാനേഷുമാരിക്കണക്കനുസരിച്ച് അവിടത്തെ മൊത്തം ജനസംഖ്യയായി രാഷ്ട്രത്തോടു പ്രഖ്യാപിക്കപ്പെട്ടു. ഈ കാനേഷുമാരിഫലങ്ങൾ രണ്ട് അതിശയങ്ങൾ അടങ്ങിയിരുന്നു. അനവധി രാജ്യങ്ങളിൽനിന്നു വിഭിന്നമായി പുരുഷൻമാർ സ്ത്രീകളേക്കാൾ അല്പം കൂടുതലാണെന്നതായിരുന്നു ഒരു സംഗതി. രണ്ടാമത്തേത്, നൈജീരിയക്കാരുടെ മൊത്തംസംഖ്യ ഇതിനുമുമ്പ് 1963-ലെടുത്ത കാനേഷുമാരിയുടെ വെളിച്ചത്തിൽ കണക്കാക്കിയ 10 കോടി മുതൽ 12 കോടി വരെ എന്ന സംഖ്യയെക്കാൾ വളരെ കുറവായിരുന്നു. മൊത്തം സംഖ്യ പൊതു കണക്കുകളെക്കാൾ 20 ശതമാനം കുറഞ്ഞുപോയെങ്കിലും നൈജീരിയ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏററവും ജനസംഖ്യയുള്ള രാഷ്ട്രമായി തുടരുന്നു. (g92 11/8)
വ്യാജ-ഔഷധ മുന്നറിയിപ്പ്
തത്ത്വദീക്ഷയില്ലാത്ത വ്യാജ ഔഷധ വ്യാപാരികൾ ഓരോ വർഷവും ശതകോടിക്കണക്കിനു ഡോളറാണു കൊയ്യുന്നത്. എന്നാൽ മററു വ്യാജ ഉത്പന്നങ്ങളിൽനിന്നു വ്യത്യസ്തമായി “വ്യാജ ഔഷധങ്ങൾക്ക് ആരോഗ്യത്തെ ഗുരുതരമായി ഹനിക്കാനോ കൊല്ലാൻപോലുമോ കഴിയും” എന്നു ലോകാരോഗ്യ സംഘടനയുടെ ഒരു പത്രക്കുറിപ്പു മുന്നറിയിപ്പു നൽകുന്നു. ഔഷധപരമായി ഒട്ടുംതന്നെ ഗുണമില്ലാത്ത അനേകം മരുന്നുകൾക്കും മലമ്പനിയോ പ്രമേഹമോ പോലുള്ള ഗുരുതരമായ രോഗമുള്ളവരെ സഹായിക്കാൻ കഴിയുന്നില്ല. ചിലതിൽ അനധികൃതമോ വിഷമയമോ ആയ വസ്തുക്കൾ അടങ്ങിയിട്ടുപോലുമുണ്ട്. “ചുമയ്ക്കുള്ളതെന്നു സങ്കല്പിക്കപ്പെട്ട ഒരു മരുന്നു കഴിച്ചു മരണമടഞ്ഞ നൈജീരിയയിലെ കുട്ടികളെക്കുറിച്ച് അടുത്തകാലത്തു വന്ന റിപ്പോർട്ട് ഇത്തരം വ്യപാരങ്ങളുടെ ഗുരുതരാവസ്ഥയെ പരിതാപകരമായി സ്ഥിരീകരിക്കുന്നു” എന്നു റിപ്പോർട്ടു പറയുന്നു. ഈ പ്രശ്നം പ്രത്യേകിച്ചും ഗുരുതരമായിരിക്കുന്നതു വികസ്വര ലോകത്തെ ദരിദ്രരായ ജനങ്ങൾക്കാണ്. അവർ വിചാരിക്കുന്നത് ഒരു വിശിഷ്ട കമ്പനി നിർമ്മിച്ചതെന്നും നല്ലതെന്നും തോന്നിപ്പിക്കുന്ന മരുന്നുകൾ ആദായ വിലയ്ക്കു തങ്ങൾ വാങ്ങുന്നു എന്നാണ്. ഉത്പന്നം ശുദ്ധമാണെന്ന് അതിന്റെ ലേബലോ പാക്കിംഗോ ഉറപ്പുനൽകുന്നില്ല. അവയും മരുന്നുപോലെതന്നെ വ്യാജമായിരുന്നേക്കാം. (g92 11/8)
നവീനകല ഒരു പരിശോധനയിൽ പരാജയപ്പെടുന്നു.
സമകാലീന കലാകാരൻമാരാലുള്ള ചായച്ചിത്രങ്ങൾ നേരിടുന്ന അപ്രതീക്ഷിതമായ ഭീഷണി സംബന്ധിച്ചു കലാലോകം നടുക്കത്തിലാണ്—അവ ശിഥിലമായിക്കൊണ്ടിരിക്കയാണ്. ഡേവിഡ് ഹോക്ക്നി, ജാക്സൺ പൊള്ളോക്ക്, മാർക്ക് റോത്ക്കോ തുടങ്ങിയ കലാകാരൻമാരുടെ ചിത്രങ്ങൾക്കു നിറഭേദം സംഭവിക്കുകയോ അവ വിരിഞ്ഞുപോകുകയോ ചെയ്യുമ്പോൾ മററുള്ളവരുടെ കലാനിർമ്മിതി ശകലീഭവിച്ചു ക്യാൻവാസിൽ നിന്ന് അടർന്നുവീഴുകയാണെന്നു ലണ്ടനിലെ ദ സൺഡേ റൈറംസ് റിപ്പോർട്ടു ചെയ്യുന്നു. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ ഉപയോഗിച്ചിരുന്ന അക്രിലിക്ക് പെയിൻറിന്റെ കുററമാണെന്നാണ് ആരോപിക്കപ്പെടുന്നത്. ആധുനിക രാസാധിഷ്ഠിത വസ്തുക്കൾ 1962-ൽ വിപണിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ അവ പുകഴ്ത്തപ്പെട്ടെങ്കിലും ന്യൂയോർക്ക് സിററിയിലെ മോഡേൺആർട്ട് മ്യൂസിയത്തിന്റെ സഹപരിപാലികയായ കാരൾ സ്ട്രിങ്കാരി പറഞ്ഞത് ഇതാണ്: “ഒരു അക്രിലിക് ചിത്രത്തിൽനിന്ന് ഒരൽപ്പം അഴുക്കു നീക്കാൻ ആരോ ആദ്യമായി ശ്രമിച്ചപ്പോൾ അതു പോകുകയില്ലെന്ന് അവർ തിരിച്ചറിഞ്ഞു. അതെങ്ങനെ ചെയ്യാമെന്ന് ഇപ്പോഴും ഞങ്ങൾക്ക് അറിയില്ല.” (g92 11/8)
ക്ഷയരോഗം തിരിച്ചുവരുന്നു
പണ്ടത്തെ ക്ഷയരോഗബാധ ഇപ്പോൾ വർഷംതോറും 30 ലക്ഷം ജീവൻ അപഹരിക്കുന്നുണ്ടെന്നു ഡബ്ലിയുഎച്ച്ഒ (ലോകാരോഗ്യ സംഘടന) റിപ്പോർട്ടു ചെയ്യുന്നു. ഓരോ വർഷത്തെയും 80 ലക്ഷം പുതിയ കേസുകളിൽ 96 ശതമാനവും വൈദ്യപരിചരണത്തിന്റെയും ഔഷധങ്ങളുടെയും കുറവുമൂലം വികസ്വര രാജ്യങ്ങളിലാണുണ്ടാകുന്നതെന്നു കാനഡാ ടോറണ്ടോയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ കൂടുതലായി വിശദീകരിക്കുന്നു. ക്ഷയം “അധഃകൃതരെ അതിരൂക്ഷമായി പ്രഹരമേല്പിക്കുന്ന, ഒരു സാമൂഹിക-സാമ്പത്തികരോഗമായിത്തീരുകയാണ്” എന്നു ഡബ്ലിയുഎച്ച്ഒ-യുടെ ഡയറക്ടർ ജനറലായ ഹിരോഷി നക്കാജിമാ വിശദീകരിച്ചു. കൂടുതൽ സമ്പന്നമായ രാഷ്ട്രങ്ങളിൽ അതു മുഖ്യമായും പ്രഹരിക്കുന്നതു പ്രായം ചെന്നവരേയും വംശീയ ന്യൂനപക്ഷങ്ങളേയും കുടിയേററക്കാരേയുമാണ്. ഉദാഹരണത്തിന്, ഐക്യനാടുകളിലെ ഒരു മെഡിക്കൽ ഉദ്യോഗസ്ഥൻ പറഞ്ഞത് അനേകം കേസുകളിൽ ഉൾപ്പെട്ടിരിക്കുന്ന രോഗികൾ മയക്കുമരുന്നിന്റെ ദുരുപയോഗത്താലോ എയ്ഡ്സിനാലോ തങ്ങളുടെ പ്രതിരോധ വ്യവസ്ഥ ദുർബലമായവരാണെന്നാണ്. (g92 11/8)
ജോലിസ്ഥലത്തെ സ്ത്രീകൾ
ലോകത്തിൽ കൂടുതൽ കൂടുതൽ സ്ത്രീകൾ “സാമ്പത്തികമായി പ്രവർത്തനനിരതരാകുക”യോ ശമ്പളം പററുന്ന ജോലിയിൽ ഏർപ്പെടുകയോ ചെയ്യുകയാണ്, എന്നിരുന്നാലും ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും ചേർന്നു പ്രസാധനം ചെയ്യുന്ന ഒരു പത്രികയായ പണവും വികസനവും പറയുന്നതനുസരിച്ച് അവർ ഇപ്പോഴും അസാധാരണങ്ങളായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുന്നു. ലോകവ്യാപകമായി ഏതാണ്ട് 83 കോടി സ്ത്രീകൾ സാമ്പത്തികമായി പ്രവർത്തനനിരതരാണെന്നും അവരിൽ 70 ശതമാനം പേർ വികസ്വര രാജ്യങ്ങളിൽ ജീവിക്കുന്നുവെന്നും പത്രിക കണക്കാക്കുന്നു. ആഫ്രിക്കയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും ആൺകുട്ടികളോടുള്ള താരതമ്യത്തിൽ വളരെ കുറച്ചു പെൺകുട്ടികളേ സെക്കൻഡറി സ്കൂളിൽ ചേരുന്നുള്ളു. അതിനാൽ 25-ഉം അതിലധികവും വയസ്സുള്ള സ്ത്രീകളിൽ ഏതാണ്ട് 75 ശതമാനം നിരക്ഷരരായിരിക്കുന്നതും അങ്ങനെയുള്ള സ്ത്രീകൾക്ക് ഒരു നല്ല ജോലി കണ്ടെത്തുക മിക്കപ്പോഴും ഏറെ ബുദ്ധിമുട്ടായിരിക്കുന്നതും അതിശയമല്ല. പുരുഷൻമാരേക്കാൾ വളരെകുറച്ചു സ്ത്രീകളേ സാമ്പത്തികമായി പ്രവർത്തനനിരതരായിരിക്കുന്നുള്ളുവെങ്കിലും സ്ഥിതിവിവരക്കണക്കുകൾ ഔപചാരികമായ ജോലിയല്ലാതെ വീട്ടിലോ കുടുംബനടത്തിപ്പിനുള്ള പ്രവർത്തനങ്ങളിലോ ചെയ്യുന്ന ജോലി കൈകാര്യം ചെയ്യാത്തതിനാൽ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടോ എന്നതിനെ ഇത് ഒട്ടുംതന്നെ പ്രതിഫലിപ്പിക്കുന്നില്ല. ഏഷ്യയിലും ആഫ്രിക്കയിലും പസഫിക്കിലും ഒരു സാധാരണ സ്ത്രീ ഒരു സാധാരണ പുരുഷനേക്കാൾ വാരംതോറും ഏതാണ്ട് 12-ഓ 13-ഓ മണിക്കൂർ കൂടുതൽ ജോലി ചെയ്യുന്നുണ്ടെന്നു പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. (g92 10/22)
ലൈംഗിക കൈയേററങ്ങൾ കോമിക്ക്പുസ്തകങ്ങളെ പഴിചാരുന്നു
അടുത്തകാലത്തു ജപ്പാനിലെ ടോക്യോയിൽ പോലീസ് 16 വയസ്സുള്ള ഒരു വിദ്യാർത്ഥി 25 പ്രാവശ്യം ലൈംഗിക കൈയേററങ്ങൾ നടത്തിയതായി കുററംചുമത്തി. യുവാവ് അശ്ലീല കോമിക്ക്പുസ്തകങ്ങളെ പഴിചാരി. ഒരു സംഭവത്തിൽ, ലൈംഗികമായി തുറന്നുകാട്ടുന്ന ഒരു കോമിക്പുസ്തകം അവന് ഒരു കൺവീനിയൻസ് സ്റേറാറിൽനിന്നു കിട്ടിയതായി പറയപ്പെടുന്നു. പിന്നീട് 10 വയസ്സുള്ള ഒരു പെൺകുട്ടിയെ ഒരു വിശ്രമമുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി പുസ്തകത്തിലെ ഒരു നഗ്നരംഗം അവതരിപ്പിക്കുന്നതിനു തന്നോടു ചേരാൻ ബലപ്രയോഗം ചെയ്തു. ഇതുപോലുള്ള 24 ആക്രമണങ്ങൾ താൻ നടത്തിയിട്ടുള്ളതായും അവയിലേറിയ പങ്കും ഇതുപോലെ അശ്ലീലകോമിക്കുകളാൽ പ്രചോദിപ്പിക്കപ്പെട്ടവയായിരുന്നെന്നും അവൻ പോലീസിനോടു സമ്മതിച്ചുപറഞ്ഞു. ദ ഡെയിലി യോമിയൂരി ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “കഴിഞ്ഞവർഷം, അശ്ലീലകോമിക്കുകളിൽനിന്നു പ്രചോദനമുൾക്കൊണ്ടു നടത്തിയെന്നു വിശ്വസിക്കപ്പെടുന്ന, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട, 86 ലൈംഗികകുററകൃത്യങ്ങൾ ടോക്യോയിൽ റിപ്പോർട്ടു ചെയ്യപ്പെട്ടു.” (g92 10/22)
മദ്യവും കൊഴുപ്പും?
വളരെയധികം ലഹരിപാനീയങ്ങൾ കുടിക്കുന്ന ആളുകൾ വണ്ണംവെയ്ക്കുന്നുവെന്നത് ഒരു വാർത്തയേയല്ല. പക്ഷേ എന്തുകൊണ്ട്? സ്വിററ്സർലണ്ടിലെ സൂറിച്ച് യൂണിവേഴ്സിററിയിൽ നടത്തപ്പെട്ട അടുത്തകാലത്തെ ഒരു പഠനം രസകരമായ ഒരു സാദ്ധ്യതയുമായി മുന്നോട്ടുവന്നു. പ്രത്യക്ഷത്തിൽ മദ്യത്തിലടങ്ങിയിരിക്കുന്ന കലോറി മാത്രമല്ല, പിന്നെയോ കൊഴുപ്പിനെ ദഹിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ മദ്യം ബാധിക്കുന്ന വിധവുംകൂടിയാണു മദ്യത്തെ കൊഴുപ്പു വർദ്ധിപ്പിക്കുന്നതാക്കുന്നത്. പഞ്ചസാരയും ധാന്യകവും സത്വരം ദഹിപ്പിക്കാൻ പ്രവണത കാണിക്കവേ, കൊഴുപ്പിനെ ദഹിപ്പിക്കുന്നതിനു ശരീരം അല്പം മാന്ദ്യമുള്ളതാണെന്നു വളരെക്കാലമായി പോഷകഗവേഷകർക്കറിവുള്ളതാണ്. എന്നാൽ ശരീരം കൊഴുപ്പിനെ അതിലും പതുക്കെ ദഹിപ്പിക്കാൻ മദ്യം ഇടയാക്കുന്നു. ഒരു പരീക്ഷണത്തിൽ, ആളുകൾക്കു ദിവസവും 90 മില്ലീലിററർ ശുദ്ധമായ മദ്യം—ആറുകുപ്പി ബിയറിനു തുല്യമായത്—ഉൾപ്പെടുത്തിയ ആഹാരക്രമം ഏർപ്പെടുത്തി. ഈ ആഹാരക്രമത്തിൽ അവർ സാധാരണയിൽനിന്നു മൂന്നിലൊന്നു കുറച്ചാണ് കൊഴുപ്പു ദഹിപ്പിച്ചത്. തീർച്ചയായും, ഒരുവന്റെ ആഹാരക്രമത്തിൽ എത്ര കൂടുതൽ കൊഴുപ്പടങ്ങിയിരിക്കുന്നോ അത്ര കൂടുതൽ വ്യക്തമായിരിക്കും ഈ ഫലവും. (g92 10/22)
ധാന്യദൗർലഭ്യ
അടുത്ത വർഷം തെക്കൻ ആഫ്രിക്കയിലേക്ക് ഏകദേശം ഒരുകോടി ടൺ ചോളം ഇറക്കുമതി ചെയ്യേണ്ടിവരുമെന്ന് ഒരു പ്രാദേശിക മുന്നറിയിപ്പു സംഘടനയായ തെക്കൻ ആഫ്രിക്കൻ വികസന ഏകോപന സമിതി റിപ്പോർട്ടു ചെയ്തു. അതിന്റെ ബുള്ളററിൻ ഇപ്രകാരം പ്രസ്താവിക്കുന്നു: “പ്രതീക്ഷിക്കപ്പെടുന്ന അളവിലുള്ള ധാന്യനീക്കങ്ങത്തെ കൈകാര്യം ചെയ്യുന്നതിന് ഈ പ്രദേശത്തിനുള്ളിലെ തുറമുഖം, റെയിൽവേ, റോഡ്, സംഭരണസംവിധാനം എന്നിവയുടെ കഴിവുസംബന്ധിച്ചു വളരെ ഗൗരവമായ ആശങ്കയുണ്ട്.” കഴിഞ്ഞ വർഷത്തെ ഉത്പാദനം ശരാശരിയെക്കാൾ താഴെയായിരുന്നെങ്കിലും ഈ വർഷത്തെ ചോളമുത്പാദനം കഴിഞ്ഞവർഷത്തെക്കാൾ 40 ശതമാനം കുറവായിരിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. വരൾച്ച ഒരുപക്ഷേ ഈ നൂററാണ്ടിൽ തെക്കൻ ആഫ്രിക്കയെ ബാധിച്ചിട്ടുള്ളതിലേക്കും ഏററവും കഠിനമാണ്. (g92 11/8)
പരോക്ഷമായ പുകവലി സംബന്ധിച്ച അന്യായം
ഏകദേശം ഒരു ഡസൻ വർഷത്തോളം പുകനിറഞ്ഞ അന്തരീക്ഷത്തിൽ ജോലി ചെയ്തതിനെത്തുടർന്നുണ്ടായെന്നു പറയപ്പെടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നം മുൻനിർത്തി തന്റെ മുൻ തൊഴിലുടമകൾക്കെതിരെ കേസു കൊടുത്ത 64 വയസ്സുള്ള ഒരു സ്ത്രീക്ക് ആസ്ട്രേലിയായിലെ ന്യൂ സൗത്ത് വെയിൽസിലെ ജില്ലാ കോടതി കനത്ത നഷ്ടപരിഹാരം അനുവദിച്ചു. മുമ്പ് ഇത്തരം കേസുകൾ കോടതിക്കു പുറത്തുതന്നെ പരിഹരിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ ഈ അതിപ്രധാന വിധിയിൽ കോടതി വാദിക്ക് 85,000 ഡോളർ (ആസ്ട്രേലിയൻ) കൊടുക്കാൻ കല്പിച്ചു. പുകനിറഞ്ഞ വായു ശ്വസിക്കുന്ന പുകവലിക്കാത്തവരുടെ ആരോഗ്യത്തെ പുകവലിക്കാരനായ ഒരാൾക്കു ഹനിക്കാൻ കഴിയുമെന്ന് ഇതാദ്യമായാണ് ഒരു കോടതി വിധിക്കുന്നതെന്നു ദി ഓസ്ട്രേലിയൻ വർത്തമാനപത്രം റിപ്പോർട്ടു ചെയ്തു. റെസ്റേറാറൻറുകളെയും ഹോട്ടലുകളെയും നിശാക്ലബ്ബുകളെയും ഈ വിധി വ്യാപകമായി ബാധിച്ചേക്കുമെന്നു ചിലർ വിചാരിക്കുന്നു. അവിടെ പുകയില്ലാത്ത ജോലിയിടങ്ങൾ നൽകപ്പെടുന്നില്ലെങ്കിൽ പുകവലിക്കാത്ത ജോലിക്കാർ കനത്ത നഷ്ടപരിഹാരത്തിനു കേസുകൊടുത്തേക്കാം. (g92 10/22)
അകാല ലൈംഗികതയും മനശ്ശാസ്ത്രപരമായ പ്രക്ഷുബ്ധതയും
ലൈംഗികവേഴ്ച ചെറുപ്പക്കാരിൽ ഗുഹ്യരോഗത്തിനു പുറമെ അനേകം പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം. ലാ സ്ററാമ്പാ എന്ന പത്രം പറയുന്നതനുസരിച്ച്, ഏറെ തിരിച്ചറിയപ്പെടാത്ത ഒരപകടം അകാലത്തുള്ള ലൈംഗികജീവിതത്തിന്, “വഴിവിട്ട പെരുമാററരീതികൾക്കും മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ദുരുപയോഗത്തിനും കുററകൃത്യത്തിനും കാരണമാകുന്ന അളവോളം ചെറുപ്പക്കാരുടെ മനസ്സുകളിലും അവരുടെ വ്യക്തിപരമായ ബന്ധങ്ങളിലും പ്രക്ഷുബ്ധത സൃഷ്ടിക്കുന്ന ചിത്തരോഗ”ത്തിനു കാരണമാകാൻ കഴിയുമെന്നതാണ്. യുവജനങ്ങൾ വളരെ ചെറുപ്പത്തിൽതന്നെ ലൈംഗികവേഴ്ചയിലേർപ്പെടാൻ തുടങ്ങുന്നുവെന്നു മാനസിക-സാമൂഹിക പഠനത്തിനുള്ള കേന്ദ്രവും ഇററലിയിലെ നീതിന്യായവകുപ്പുംചേർന്നു റോമിൽ സംഘടിപ്പിച്ച ഒരു കൺവെൻഷനിൽവെച്ച് ഉറപ്പായി പ്രസ്താവിക്കപ്പെട്ടു. ഒരു ഉപദേശകൻ പറഞ്ഞതനുസരിച്ചു ശരാശരി പ്രായം 17 ആണ്. (g92 10/22)