ലോകത്തെ വീക്ഷിക്കൽ
ബ്രിട്ടനിൽ ണ്ടെത്തിയറോമൻ നിക്ഷേപം
ഇംഗ്ലണ്ടിലെ സഫോക്കിലുള്ള ഒരു കൃഷിയിടത്തിൽ സ്വർണം, വെള്ളി, വെങ്കലം എന്നിവകൊണ്ടുള്ള 14,780 നാണയങ്ങളുടെ ഒരു ശേഖരം കണ്ടെത്തിയിരിക്കുന്നു. ഒപ്പം 90 സെൻറിമീററർ നീളമുള്ള ഒരു സ്വർണമാല, 15 വളകൾ, ഏതാണ്ട് 100 വെള്ളി സ്പൂണുകൾ എന്നിവയും കണ്ടെത്തി. ഈ നിധി കണ്ടെത്തിയത് ജോലിയിൽനിന്നു വിരമിച്ച ഒരു പൂന്തോട്ടക്കാരനാണ്. നഷ്ടപ്പെട്ടുപോയ ഒരു ചുററിക കണ്ടെത്താൻ മെററൽ ഡിററക്ടർ ഉപയോഗിച്ച് അന്വേഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ ശേഖരത്തിന്റെ മൂല്യം 1.5 കോടി ഡോളർ ആണെന്ന് ഒരു വിദഗ്ധൻ നിർണയിച്ചു. ഈ നിക്ഷേപം ബ്രിട്ടീഷ് ഗവൺമെൻറിന്റെ വകയാണെന്ന് ഒരു വ്യവഹാരസമിതി സ്ഥിരീകരിച്ചു. ഈ നിക്ഷേപം കണ്ടെത്തിയ 70 വയസ്സുള്ള എറിക് ലോസിന് ആ നിക്ഷേപത്തിന്റെ കമ്പോള വിലയ്ക്കു തുല്യമായ പണം ലഭിക്കും എന്നാണ് ഇതിന്റെ അർഥം. ഈ ശേഖരം ബ്രിട്ടീഷ് മ്യൂസിയത്തിൽ പൊതുപ്രദർശനത്തിനായി വച്ചിരിക്കുകയാണെന്ന് ഗാർഡിയൻ വീക്ക്ലി റിപ്പോർട്ടു ചെയ്യുന്നു.
ഇൻഡ്യയിലെ മാരകമായ ഭൂമികുലുക്കം
“ആനയുടെ തലയും കുടവയറുള്ള ഒരു മമനുഷ്യന്റെ ഉടലുമുള്ള ഗണപതി ഹിന്ദുമതത്തിലെ ഏററവും പ്രിയപ്പെട്ട ദൈവങ്ങളിൽ ഒന്നാണ്, അതു നല്ല തുടക്കങ്ങളുടെയും സൗഭാഗ്യത്തിന്റെയും ഒരു ദൈവമാണ്” എന്നു ടൈം മാഗസിൻ പ്രസ്താവിക്കുന്നു. ഈ സൗഭാഗ്യദൈവത്തിന്റെ കീർത്തിക്കായി പത്തു ദിവസം നീണ്ടുനിന്ന ഉത്സവം അവസാനിച്ച് ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഇൻഡ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയെ ഒരു ഭൂകമ്പം പിടിച്ചു കുലുക്കി. 50 ഗ്രാമങ്ങളിലും പട്ടണങ്ങളിലും വീടുകൾ തകർന്നുവീഴുന്നതിന് ഇതു കാരണമായി. ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിടത്ത് റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തി. ഈ സ്ഥലത്തോട് ഏററവുമടുത്തുണ്ടായിരുന്ന കില്ലാരി ഗ്രാമം 90 ശതമാനത്തോളം തകർന്നു തരിപ്പണമായി. മരണസംഖ്യ 20,000-ത്തിലധികമാണെന്നു ചില കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 58 വർഷങ്ങളിൽ ഇൻഡ്യൻ ഉപഭൂഖണ്ഡത്തെ പിടിച്ചു കുലുക്കിയ ഏററവും വലിയ ഭൂകമ്പമാണിത്. കുഴമണ്ണുകൊണ്ടോ കല്ലുകൊണ്ടോ പണിത വീടുകൾ തകർന്നുവീണ് അവയിലെ നിവാസികളിലധികവും മരിക്കാനിടയായത് ഭൂകമ്പത്തിന്റെ ശക്തികൊണ്ടല്ല, വീടുകൾ പണിത പ്രാകൃതരീതികൊണ്ടാണ്. ഉദാഹരണത്തിന്, കുറെ വർഷങ്ങൾക്കു മുമ്പുണ്ടായ സാൻഫ്രാൻസിസ്കോ ഭൂകമ്പം റിക്ടർ സ്കെയിലിൽ 6.9 പോയിൻറ് രേഖപ്പെടുത്തി. എന്നാൽ 67 പേർ മരിച്ചതായേ റിപ്പോർട്ടുള്ളൂ. അതിൽ ഹൃദയസ്തംഭനം മൂലമുണ്ടായ മരണങ്ങളും ഉൾപ്പെടുന്നു.
കാനഡയിലെയും ഐക്യനാടുകളിലെയും സാക്ഷരതാ പ്രശ്നങ്ങൾ
“19 കോടി 10 ലക്ഷം വരുന്ന രാജ്യത്തെ പ്രായപൂർത്തിയായ പൗരൻമാരിൽ ഏതാണ്ട് പകുതിയും ബില്ലിലെ ഒരു പിശകു സംബന്ധിച്ച് ഇംഗ്ലീഷിൽ ഒരെഴുത്തെഴുതുന്നതിനോ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പട്ടികയനുസരിച്ച് ഒരു ബസ്യാത്രയുടെ ദൈർഘ്യം കണക്കാക്കുന്നതിനോ പ്രാപ്തരല്ല” എന്ന് ഐക്യനാടുകളിലെ സാക്ഷരത സംബന്ധിച്ച നാലുവർഷത്തെ ഒരു സംയുക്ത പഠനം കണ്ടെത്തിയിരിക്കുന്നു. ഇതിന്റെ അർഥം, ഒരു പത്രത്തിൽനിന്ന് വിവരങ്ങൾ ശരിയായി വായിച്ചു മനസ്സിലാക്കുക, ബാങ്ക് നിക്ഷേപ ഫോറം പൂരിപ്പിക്കുക, ബസ് സമയവിവരപട്ടിക വായിച്ചു മനസ്സിലാക്കുക, അല്ലെങ്കിൽ കുട്ടിക്കു കൊടുക്കാനുള്ള മരുന്നിന്റെ ശരിയായ അളവ് ഒരു ലേബലിൽനിന്നു നിർണയിക്കുക തുടങ്ങിയ ദൈനംദിന കാര്യങ്ങളിൽ അവർക്കു വൈഷമ്യം നേരിടുന്നു എന്നാണ്. സമാനമായി, “പ്രായപൂർത്തിയായ 16 ശതമാനം കാനഡാക്കാർക്ക്, അനുദിന ജീവിതത്തിൽ എഴുതി കാണുന്ന വിവരങ്ങളിലധികവും മനസ്സിലാക്കാൻ കഴിയാതവണ്ണം അവരുടെ വായനാപ്രാപ്തികൾ വളരെ പരിമിതമാണ്” എന്നു കാനഡയിൽ നടത്തിയ ഒരു ഔദ്യോഗിക പഠനം ചൂണ്ടിക്കാട്ടി. ഇനിയും മറെറാരു 22 ശതമാനത്തിനു വായിക്കണമെങ്കിൽ, സുപരിചിതമായ ഒരു പശ്ചാത്തലത്തിൽ ലളിതമായ ജോലി വ്യക്തമായി വിവരിച്ചിരിക്കണം എന്ന് ദ ഗ്ലോബ് ആൻഡ് മെയിൽ പറയുന്നു. മോശമായ സാക്ഷരതകൊണ്ടുണ്ടാകുന്ന ഉത്പാദനക്ഷമതയിലെ കുറവ്, പിശകുകൾ, അത്യാഹിതങ്ങൾ തുടങ്ങിയവ ബിസിനസ്സിന് അനേക കോടി ഡോളർ നഷ്ടപ്പെടുത്തിയിട്ടുണ്ട്.
പുരോഹിതൻമാരുടെ പൊതു പ്രതിച്ഛായക്കു മങ്ങലേൽക്കുന്നു
“മതത്തിന്റെ സ്വാധീനം വർധിക്കുന്നുവെന്നു വിചാരിക്കുന്നവരെക്കാൾ മതത്തിനു സ്വാധീനം നഷ്ടപ്പെടുന്നുവെന്നു കരുതുന്നവരാണ് കൂടുതലുള്ളതെന്ന് 1988 മുതൽ ഓരോ വർഷവും അഭിപ്രായ വോട്ടെടുപ്പുകൾ പ്രകടമാക്കിയിരിക്കുന്നു.” അപ്രകാരം അഭിപ്രായപ്പെടുന്നത് ലോസാഞ്ചലസ് ടൈംസ് ആണ്. അതിന്റെ ഒരു കാരണം ഒരു തൊഴിൽ എന്ന നിലയിൽ പുരോഹിതൻമാർക്ക് പൊതുജനങ്ങളിൽനിന്നുള്ള ആദരവു കുറഞ്ഞുവരുന്നു എന്നതാണ്. എട്ടു വർഷം മുമ്പ് 67 ശതമാനം അമേരിക്കക്കാർ പുരോഹിതൻമാരെ സത്യസന്ധതയിലും സദാചാര നിലവാരങ്ങളിലും “ഉയർന്ന”വരോ “വളരെ ഉയർന്ന”വരോ ആയി കണക്കാക്കിയിരുന്നു. 1993-ലെ ഒരു സർവേ പ്രകടമാക്കിയത് അത് 53 ശതമാനമായി കുറഞ്ഞു എന്നാണ്. എന്തുകൊണ്ട്? ടിവി സുവിശേഷകൻമാരുടെയും പ്രൊട്ടസ്ററൻറ് പാസ്ററർമാരുടെയും കത്തോലിക്കാ പുരോഹിതൻമാരുടെയും ലൈംഗിക ദുർന്നടത്ത ഉൾപ്പെടുന്ന അപവാദങ്ങളും അതുപോലെതന്നെ ധനശേഖരണാവകാശവാദങ്ങളെ ചൊല്ലിയുള്ള വിവാദങ്ങളും പൗരോഹിത്യ പ്രതിച്ഛായക്കു കളങ്കം ചാർത്തിയിരിക്കുന്നു. 1988 ആയപ്പോഴേക്കും പൊതുജന ദൃഷ്ടിയിൽ സദാചാര മൂല്യങ്ങളുടെ ഏററവും ഉയർന്ന സ്ഥാനത്ത് പുരോഹിതൻമാർക്കു പകരം മരുന്നുകളുടെ ഉത്പാദനവിപണനത്തിൽ ഏർപ്പെട്ടിരുന്നവർ എത്തിയിരുന്നു. നല്ല രീതിയിലുള്ള സ്വാധീന ശക്തിയുടെ കാര്യത്തിൽ സ്വതന്ത്രമായി നടത്തുന്ന ബിസിനസ്സുകളും അതുപോലെതന്നെ കമ്പ്യൂട്ടറുകളും സാങ്കേതികവിദ്യയും സഭകളെക്കാൾ മെച്ചമാണെന്നു മറെറാരു സർവേ പ്രകടമാക്കി. എന്നാൽ, രാഷ്ട്രീയക്കാരെക്കാളും പത്രപ്രവർത്തകരെക്കാളും സത്യസന്ധരാണ് പുരോഹിതൻമാരെന്ന് പൊതുജനങ്ങൾ ഇപ്പോഴും വിചാരിക്കുന്നു.
ഇൻഡ്യൻ വന്യജീവികൾ ഭീഷണിയിൽ
ഇൻഡ്യൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻമാർ ഇൻഡ്യയിലെ കടുവകളെ സംരക്ഷിക്കുന്നതിനുള്ള തങ്ങളുടെ നേട്ടങ്ങളെക്കുറിച്ചു പ്രഖ്യാപിക്കാൻ കഴിഞ്ഞവർഷം തയ്യാറെടുത്തു. എന്നാൽ വാസ്തവത്തിൽ അവർ കണ്ടെത്തിയത് നേരെ വിപരീതമാണ്: കടുവ വംശനാശത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. വനത്തിലുള്ള 4,500 കടുവകളിൽ ഏതാണ്ട് 1,500 കടുവകളെ 1988 മുതൽ ഒളിവേട്ടക്കാർ കൊന്നിട്ടുണ്ട്. ഫലത്തിൽ, കൊന്ന കടുവകളുടെ എല്ലാ ഭാഗങ്ങളും—തൊലി, അസ്ഥി, രക്തം, ജനനേന്ദ്രിയങ്ങൾ പോലും—വൻ വിലയ്ക്ക് അധോലോക കമ്പോളങ്ങളിൽ വിൽക്കുന്നു. നിയമവിരുദ്ധമായ വിപണനം ഇൻഡ്യയിൽ മററു മൃഗങ്ങളെയും വംശനാശത്തിലേക്കു തള്ളിവിടുകയാണ്. കൊമ്പുകൾക്കുവേണ്ടി കൊല്ലുന്ന കാണ്ടാമൃഗങ്ങളുടെ എണ്ണം രണ്ടിരട്ടിയായി വർധിച്ചിരിക്കുന്നു. ആനക്കൊമ്പുകൾക്കു വേണ്ടി ധാരാളം കൊമ്പനാനകളെയും കൊല്ലുന്നുണ്ട്. പുലിത്തോലിനു വേണ്ടി എല്ലാത്തരം പുലികളെയും കൊല്ലുന്നു, കസ്തൂരി മാനുകളുടെ സുഗന്ധഗ്രന്ഥികൾക്കു വേണ്ടി അവയെ കശാപ്പു ചെയ്യുന്നു. ഹിമാലയൻ കരടികളുടെ പിത്താശയങ്ങൾക്കു വേണ്ടി അവയെയും കൊല്ലുന്നു. മാത്രമല്ല, പാമ്പുകളെയും പല്ലികളെയും അവയുടെ തൊലിക്കു വേണ്ടിയും കീരികളെ ബ്രഷുണ്ടാക്കാനുപയോഗിക്കുന്ന അവയുടെ ദൃഢരോമങ്ങൾക്കു വേണ്ടിയും കൊല്ലുന്നു. നക്ഷത്രാകൃതിയിലുള്ള ആമകളെയും കഴുകനെയും നിയമവിരുദ്ധമായ ഓമനമൃഗവാണിജ്യത്തിൽ ഇൻഡ്യയിൽനിന്നും കയററി അയയ്ക്കുന്നു. ശരിക്കും സായുധരായ ഒളിവേട്ടക്കാർ തങ്ങളെ കൊല്ലുമോ എന്ന ഭയത്തിലാണ് ഫോറസ്ററ് ഉദ്യോഗസ്ഥൻമാർ.
ലോകാരോഗ്യ റിപ്പോർട്ട്
ലോകാരോഗ്യ സംഘടന രോഗത്തിനെതിരെയുള്ള ആഗോള പോരാട്ടത്തിന്റെ ഒരു മങ്ങിയ ചിത്രം വരച്ചുകൊണ്ട് ലോകാരോഗ്യ സ്ഥിതിവിശേഷത്തെ സംബന്ധിച്ച എട്ടാമത്തെ റിപ്പോർട്ടിൽ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഉഷ്ണമേഖലാ പ്രദേശത്തെ രോഗങ്ങൾ പടർന്നു പിടിക്കുകയാണെന്നു തോന്നുന്നു. ഈ നൂററാണ്ടിലാദ്യമായി കോളറ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ വ്യാപിക്കുന്നു, പകർച്ചവ്യാധികളായ മഞ്ഞപ്പനിയും സന്ധികസന്നിപാതവും കൂടുതൽ ആളുകളെ ബാധിക്കുന്നു, മലമ്പനി സ്ഥിതിവിശേഷം വഷളായിക്കൊണ്ടിരിക്കുന്നു . . . എയ്ഡ്സ് സാംക്രമിക രോഗം ഗോളവ്യാപകമായി വ്യാപിക്കുന്നു . . . ശ്വാസകോശ ക്ഷയരോഗം വർധിക്കുകയാണ് . . . വികസ്വര രാജ്യങ്ങളിൽ അർബുദം പിടിപെടുന്നവരുടെ സംഖ്യ വികസിത രാജ്യങ്ങളിലെ അത്തരക്കാരുടെ സംഖ്യയെ ആദ്യമായി കടത്തിവെട്ടിയിരിക്കുന്നു. പ്രമേഹം എവിടെയും കൂടിവരികയാണ്.” 1985-90 കാലഘട്ടത്തെ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്ന ഈ റിപ്പോർട്ട്, പ്രതിവർഷമുള്ള 5 കോടി മരണങ്ങളിൽ 4 കോടി 65 ലക്ഷം മരണങ്ങളും രോഗം നിമിത്തമുണ്ടാകുന്നതാണെന്നു പ്രകടമാക്കുന്നു. ഓരോ വർഷവും ജനിക്കുന്ന 14 കോടി ശിശുക്കളിൽ 40 ലക്ഷം ശിശുക്കൾ ജനിച്ച് മണിക്കൂറുകളോ ദിവസങ്ങളോ കഴിയുമ്പോൾ മരിക്കുന്നു. പ്രതിവർഷം എഴുപതു ലക്ഷം പേർക്ക് പുതുതായി അർബുദം പിടിപെടുന്നു. കൂടാതെ, വർഷംതോറും പത്തുലക്ഷത്തിലധികം ആളുകൾക്ക് എയ്ഡ്സിനു കാരണമായ എച്ച്ഐവി അണുബാധയുണ്ടാകുന്നു. മണ്ണൻ, വില്ലൻചുമ തുടങ്ങിയ ചില ശിശുരോഗങ്ങൾ കുറഞ്ഞുവരുന്നത് ഒരു നല്ല വശമാണ്. ആയുർദൈർഘ്യം ഒന്നുരണ്ടു വർഷം കണ്ട് വർധിച്ചിട്ടുണ്ട്. ആഗോള ശരാശരി ഇപ്പോൾ 65 വയസ്സാണ്.
ഐക്യനാടുകളിൽ പുകവലിയുമായി ബന്ധപ്പെട്ട മരണങ്ങൾ കുറഞ്ഞുവരുന്നു
യു.എസ്. രോഗനിയന്ത്രണ-പ്രതിരോധ കേന്ദ്രങ്ങൾ (CDC) പുകവലിയോടു ബന്ധപ്പെട്ട മരണങ്ങളിൽ ഒരു കുറവുള്ളതായി അറിയിച്ചിരിക്കുന്നു—1985-ൽ റെക്കോർഡുകൾ സൂക്ഷിക്കാൻ തുടങ്ങിയതുമുതൽ ആദ്യത്തേതാണിത്. സിഗരററ് വലിക്കുന്നതുനിമിത്തം ഓരോ വർഷവും മരിക്കുന്ന അമേരിക്കക്കാരുടെ എണ്ണം 15,000 കണ്ടു കുറഞ്ഞ് 1990-ൽ 4,19,000 ആയിത്തീർന്നു. ഇതിന്റെ ഒരു പ്രമുഖ കാരണം പുകവലി നിമിത്തമുണ്ടാകുന്ന ഹൃദ്രോഗത്തിൽ വന്ന കുറവാണ്. പ്രായപൂർത്തിയായ അമേരിക്കക്കാരിൽ ഏതാണ്ട് 42.4 ശതമാനം പേർ 1965-ൽ പുകവലി നടത്തിയിരുന്നു. 1990 ആയപ്പോഴേക്കും അത് 25.5 ശതമാനമായിരുന്നു. എന്നാൽ തടയാവുന്ന രോഗത്തിന്റെയും മരണത്തിന്റെയും ഏററവും വലിയ കാരണമായി പുകവലി ഇപ്പോഴും നിലകൊള്ളുന്നു. മാത്രമല്ല അത് ആരോഗ്യ ചെലവുകളെ ഒരു വർഷം ഏതാണ്ട് 2,000 കോടി ഡോളർ കണ്ട് വർധിപ്പിക്കുന്നു. പുകവലിക്കെതിരായ പരസ്യത്തിനുവേണ്ടി ഗവൺമെൻറ് പ്രതിവർഷം 10 ലക്ഷം ഡോളർ ചെലവാക്കുന്നു. അതേസമയം പുകവലി പ്രോത്സാഹിപ്പിക്കുന്നതിനും പരസ്യങ്ങൾക്കും വേണ്ടി പുകയില വ്യവസായം 400 കോടി ഡോളർ ചെലവിടുന്നു. പുകവലിക്കുന്ന ഓരോ വ്യക്തിക്കും ശരാശരി ആയുർദൈർഘ്യം അഞ്ചു വർഷം കുറയാൻ ഇതു കാരണമാകുന്നു എന്ന് സിഡിസി റിപ്പോർട്ടു ചെയ്യുന്നു.
നിരാശയും ഹൃദയവും
“ക്ലേശിപ്പിക്കുന്ന നിരാശയും വൈകാരിക അരിഷ്ടതയും ഹൃദ്രോഗമുണ്ടാകാനും അതിന്റെ അനന്തരഫലങ്ങൾ നിമിത്തം മരിക്കാനുമുള്ള ഒരാളുടെ സാധ്യതകളെ നിശ്ചയമായും കൂട്ടുന്നു” എന്ന് സയൻസ് ന്യൂസ് പ്രസ്താവിക്കുന്നു. “വളരെക്കാലമായി ദുഃഖവും നിരാശയും ഉണ്ടായിരിക്കയും എന്നാൽ ‘കടുത്ത വിഷാദം’ ഇല്ലാതിരിക്കയും ചെയ്യുന്നെങ്കിൽ ഹൃദയത്തിന്റെ പ്രവർത്തനം ദുർബലമായേക്കാം” എന്നു ഗവേഷകർ പറയുന്നു. ഗവേഷകർ, 45 മുതൽ 77 വരെ പ്രായമുള്ള 2,832 മുതിർന്ന വ്യക്തികളെക്കുറിച്ചു ശരാശരി 12 വർഷത്തോളം പഠനം നടത്തി. തുടക്കത്തിൽ ആർക്കും ഹൃദ്രോഗമോ മററു പഴകിയ അസുഖങ്ങളോ ഇല്ലായിരുന്നു. പങ്കെടുത്തവരിൽ കടുത്ത നൈരാശ്യമുണ്ടെന്നു റിപ്പോർട്ടു ചെയ്തവരുടെ ഇടയിൽ അതു റിപ്പോർട്ടു ചെയ്യാത്തവരുടെ ഇടയിൽ ഉള്ളതിനെക്കാൾ ഹൃദ്രോഗം നിമിത്തമുള്ള മരണങ്ങൾ നാലു മടങ്ങ് കൂടുതലാണെന്നു കണ്ടെത്തലുകൾ പ്രകടമാക്കി. മാരകമല്ലാത്ത ഹൃദ്രോഗങ്ങളും വിഷാദമനുഭവിച്ചിരുന്നവരിൽ കൂടെക്കൂടെ കാണപ്പെട്ടു. നൈരാശ്യമില്ലെന്നു റിപ്പോർട്ടു ചെയ്തവരോടു താരതമ്യപ്പെടുത്തുമ്പോൾ ലഘുവായ വിഷാദവും നിരാശയും അനുഭവിച്ചവരുടെ ഇടയിൽപ്പോലും ഹൃദ്രോഗം നിമിത്തമുള്ള മരണനിരക്ക് സാരമാംവിധം കൂടുതലായിരുന്നു.
ഒരന്തവുമില്ല
1989-ൽ ഏഴു വയസ്സുള്ള ബ്രിട്ടീഷുകാരനായ ക്രേഗ് ഷെർഗോൾഡ് തലച്ചോറിലുണ്ടായ ഒരു മുഴ കാരണം ദുരിതമനുഭവിക്കുകയായിരുന്നു. ജീവിച്ചിരിക്കുമെന്നു പ്രതീക്ഷയുമില്ലായിരുന്നു. ആശംസാകാർഡുകൾ ലഭിക്കുന്നതിൽ ലോകറെക്കോർഡ് തകർക്കുകയായിരുന്നു അവന്റെ ആഗ്രഹം. ഇതിന് മാധ്യമങ്ങളും അററ്ലാൻറയിൽ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് വിഷ് ഫൗണ്ടേഷൻ ഇൻറർനാഷണലും പ്രചാരം നൽകി. മാസങ്ങൾക്കുള്ളിൽ റെക്കോർഡു തകർന്നു. ആദ്യവർഷം തന്നെ 1 കോടി 60 ലക്ഷത്തിലധികം ആശംസാകാർഡുകൾ ലഭിച്ചു. 1992 ആയപ്പോഴേക്കും 3 കോടി 30 ലക്ഷം. കാർഡുകളൊന്നും അയയ്ക്കരുതെന്ന അഭ്യർഥന രണ്ടു വർഷം മുമ്പു നടത്തിയതാണെങ്കിലും ആഴ്ചയിൽ 3,00,000 എന്ന നിരക്കിൽ അവ ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു. 6 കോടിയായപ്പോൾ എണ്ണൽ നിറുത്തി. “ഇപ്പോഴും പൊട്ടിച്ചുനോക്കാത്ത തപാൽ ഉരുപ്പടികൾ 900 ചതുരശ്രമീററർ വലിപ്പമുള്ള ഒരു പണ്ടകശാലയിൽ മച്ചിൽ മുട്ടേ ഞങ്ങൾ അടുക്കി വച്ചിട്ടുണ്ട്” എന്ന് ഫൗണ്ടേഷന്റെ പ്രസിഡൻറായ ആർഥർ സ്റെറൻ പറയുന്നു. ഒരു ദാനധർമിയുടെ സഹായത്താൽ 1991-ൽ ക്രേഗിനെ ഓപ്പറേഷൻ ചെയ്ത് മുഴയുടെ 90 ശതമാനവും നീക്കം ചെയ്തു.