നമ്മുടെ മാറുന്ന ലോകം അതിന്റെ പോക്ക് എങ്ങോട്ട്?
ചില മാററങ്ങൾക്കു ലക്ഷങ്ങളുടെ ജീവിതത്തിൽ, എന്തിന്, മുഴുലോകത്തിലെ ജനങ്ങളിലും ഭാവിതലമുറകളിലും, അഗാതവും നിലനില്ക്കുന്നതുമായ സ്വാധീനമുണ്ട്. അക്രമാസക്തമായ കുററകൃത്യങ്ങൾ, മയക്കുമരുന്നുദുരുപയോഗം, എയിഡ്സിന്റെ വ്യാപനം, ജല-വായു മലിനീകരണം, വനനശീകരണം എന്നിവ നമ്മുടെയെല്ലാം മേൽ സമ്മർദ്ദം ചെലുത്തുന്ന ഏതാനും സംഭവവികാസങ്ങൾ മാത്രമാണ്. ശീതസമരത്തിന്റെ അന്ത്യവും പാശ്ചാത്യരീതിയിലുള്ള ജനാധിപത്യത്തിന്റെയും അതിന്റെ കമ്പോളസമ്പത്വ്യവസ്ഥയുടെയും വ്യാപനവും ജീവിതങ്ങളെ മാററുകയും ഭാവിയെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. ഈ ഘടകങ്ങളിൽ ചിലതു നമുക്കൊന്നു പരിശോധിക്കാം.
കുററകൃത്യങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ മാററിയിരിക്കുന്നു
നിങ്ങളുടെ അയൽവക്കത്തുള്ള തെരുവുകൾ എങ്ങനെയുള്ളവയാണ്? വീടിനുവെളിയിൽ ഒററക്കു രാത്രിയിൽ നടക്കുന്നതു സുരക്ഷിതമാണെന്നു നിങ്ങൾക്കു തോന്നുന്നുവോ? വെറും 30-ഓ 40-ഓ വർഷങ്ങൾക്കു മുമ്പ് അനേകമാളുകൾക്കു തങ്ങളുടെ വീടുകൾ പൂട്ടാതെയിടാമായിരുന്നു. എന്നാൽ കാലങ്ങൾ മാറിയിരിക്കുന്നു. ഇപ്പോൾ ചില വാതിലുകൾക്കു രണ്ടോ മൂന്നോ പൂട്ടുകളുണ്ട്, ജനാലകൾക്ക് അഴികൾ പിടിപ്പിച്ചിട്ടുമുണ്ട്.
ഇന്ന് ആളുകൾക്കു തങ്ങളുടെ ഏററവും നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചുകൊണ്ടു തെരുവുകളിലൂടെ പോകാൻ ഭയമാണ്. ചില നഗരവാസികൾ തങ്ങളുടെ തോൽ ജാക്കറേറാ നീർനായയുടെ ചർമ്മംകൊണ്ടുള്ള കോട്ടോ മുഖാന്തിരം കൊല്ലപ്പെട്ടിട്ടുണ്ട്. മററു ചിലർ മയക്കുമരുന്നു സംഘങ്ങൾക്കിടയിലെ വെടിവയ്പിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അനേകം കുട്ടികൾ ഉൾപ്പെടെ നിർദ്ദോഷികളായ കാണികൾ മിക്കവാറും ദിവസംപ്രതി പരിക്കേല്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. പരോപജീവികളായ മോഷ്ടാക്കളുടെ ശ്രമങ്ങൾ വിഫലമാക്കാനുള്ള എന്തെങ്കിലും സുരക്ഷിതത്വ ഏർപ്പാടുകൾ കൂടാതെ കാറുകൾ തെരുവിലിടാൻ കഴിയുന്നില്ല. ഈ താറുമാറായ ലോകാന്തരീക്ഷത്തിൽ ജനങ്ങൾക്കു മാററം വന്നിരിക്കുന്നു. സത്യസന്ധതയും നിർമ്മലതയും മറന്നുപോയിരിക്കുന്ന മൂല്യങ്ങളാണ്. വിശ്വാസം അപ്രത്യക്ഷമായിരിക്കയാണ്.
കുററകൃത്യവും അക്രമവും ആഗോളപ്രതിഭാസമാണ്. പിൻവരുന്ന വിവിധ ഉറവിടങ്ങളിൽനിന്നുള്ള വാർത്താതലക്കെട്ടുകൾ ഈ ആശയം വ്യക്തമാക്കുന്നു: “പോലീസ്സുകാരും കവർച്ചക്കാരും, അക്രമസംഘങ്ങളും ദുഷ്കൃത്യങ്ങളും; മോസ്ക്കോയിൽ ഇതെല്ലാം ഉണ്ടെന്നു കണ്ടെത്തിയിരിക്കുന്നു”; “കൊറിയയിൽ ഒരു പുതിയ യുഗം വന്നെത്തുന്നു, പിന്നാലെ കുററകൃത്യവും”; “തെരുവു കുററകൃത്യങ്ങൾ പ്രാഗിലെ ദൈനംദിന ജീവിതത്തെ ബാധിച്ചിരിക്കുന്നു”; “ജപ്പാൻ ജനക്കൂട്ടത്തിനെതിരെ തിരിയുന്നു, ജനക്കൂട്ടം തിരിച്ചടിക്കുന്നു”; “നീരാളിപ്പിടിത്തം—ഇററലിയിലെ മുന്തിയ മാഫിയാവിരുദ്ധ പോരാളി സ്ഫോടനത്തിൽ തകർക്കപ്പെടുന്നു.” അക്രമം ഒരു ആഗോളപ്രശ്നമാണ്.
ഇന്നത്തെ കുററകൃത്യം കൂടുതൽ അക്രമാസക്തവുമാണ്. ജീവനു യാതൊരു വിലയുമില്ല. ബ്രസീലിലെ റയോഡിജനെയ്റോയിൽ നഗരത്തിന്റെ അരികിലുള്ള ഒരു ചേരിപ്രദേശം “ലോകത്തിലെ ഏററവും അക്രമം നിറഞ്ഞ സ്ഥലമായി ഐക്യരാഷ്ട്രങ്ങൾ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു. വർഷംതോറും 2,500-ൽപരം പേർ അവിടെ കൊല്ലപ്പെടുന്നു.” (വേൾഡ് പ്രസ്സ് റിവ്യൂ) കൊളംബിയയിൽ മയക്കുമരുന്നുരാജാക്കൻമാർ തങ്ങളുടെ മത്സരികളുമായോ കടക്കാരുമായോ, അവരുടെ പെട്ടെന്നുള്ള മരണശിക്ഷയിലൂടെ, കണക്കുതീർക്കുന്നതിനു ചെറുപ്പക്കാരായ തങ്ങളുടെ സികാരിയോകളെ അഥവാ കൂലിക്കൊലയാളികളെ മോട്ടോർസൈക്കിളിൽ വിടുന്നു. കൊളംബിയയിലായാലും മറെറവിടെയായാലും, നിങ്ങളൊരു കുററകൃത്യത്തിനു സാക്ഷിയാകുന്നുവെങ്കിൽ നിങ്ങൾ മനസ്തപിക്കേണ്ടിവരും. നിങ്ങളായിരിക്കാം അടുത്ത ഇര.
കൂടുതൽ കൂടുതൽ അക്രമികൾ മാരകമായ ഓട്ടോമാററിക്ക് ആയുധങ്ങൾ കൊണ്ടുനടക്കുന്നുവെന്നതും പൊതുജനങ്ങളിൽ കൂടുതൽ കൂടുതൽ പേർ സ്വരക്ഷക്കായി തോക്കുകൾ കൊണ്ടുനടക്കുന്നതിനെ ആശ്രയിക്കുന്നുവെന്നതുമാണു മറെറാരു വലിയ മാററം. ആയുധങ്ങളുടെ ഈ വ്യാപനം യാന്ത്രികമായി, കുററകൃത്യങ്ങളാലായാലും അപകടങ്ങളാലായാലും, മരണങ്ങളുടെയും ഗുരുതരമായ പരിക്കുകളുടെയും വർദ്ധനവിനെ അർത്ഥമാക്കുന്നു. പോക്കററിലോ വീട്ടിലോ ഒരു തോക്കുണ്ടായിരിക്കുന്നത് ഏതൊരുവനെയും സാദ്ധ്യതയുള്ള ഒരു കൊലയാളിയാക്കിമാററിയേക്കാം എന്നത് ഇപ്പോൾ ഒരു സാർവ്വലൗകിക സത്യമാണ്.
കുററകൃത്യവും മയക്കുമരുന്നുകളും
മയക്കുമരുന്നുകൾ ഒരു ലോകപ്രശ്നമാണെന്ന് അമ്പതു വർഷം മുമ്പ് ആരാണ് സ്വപ്നത്തിൽപോലും വിചാരിച്ചത്? ഇപ്പോൾ അതു കുററകൃത്യത്തിന്റെയും അക്രമത്തിന്റെയും മുഖ്യ കാരണങ്ങളിലൊന്നാണ്. 1992-നു ശേഷം യൂറോപ്പിലെ ഭീകരപ്രവർത്തനവും, മയക്കുമരുന്നുകളും കുററകൃത്യങ്ങളും എന്ന തന്റെ പുസ്തകത്തിൽ റിച്ചാർഡ് ക്ലററർബക് “കാലക്രമേണ, മയക്കുമരുന്നുകച്ചവടത്തിന്റെ വളർച്ചക്കു മനുഷ്യസംസ്കാരത്തിന്റെ ഏററവും വലിയ ഭീഷണിയെന്നു തെളിയാൻ കഴിയും. . . . ” എന്നു മുൻകൂട്ടിക്കാണുന്നു. “ലാഭം മയക്കുമരുന്നു രാജാക്കൻമാർക്കു സാമ്പത്തികവും രാഷ്ട്രീയവുമായ അസാധാരണ ശക്തികൾ നൽകുന്നുവെന്നുമാത്രമല്ല [കൊളംബിയ ഇതിനു വ്യക്തമായ ഉദാഹരണമാണ്], ലോകമെമ്പാടുമുള്ള ഭയാനകമായ അളവിലുള്ള കുററകൃത്യങ്ങൾക്കു സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു.” അദ്ദേഹം ഇങ്ങനെയും പ്രസ്താവിക്കുന്നു: “കൊളംബിയയിലെ കൊക്കാ വയലുകളിൽനിന്നുള്ള കൊക്കൈൻ, യൂറോപ്പിലും യു.എസ്.എ-യിലും അതിനടിമകളായിത്തീർന്നിട്ടുള്ളവർക്കുവേണ്ടി കച്ചവടം ചെയ്യുന്നതാണു ഭീകരപ്രവർത്തനത്തിന്റെയും കുററകരമായ അക്രമങ്ങളുടെയും ഏററവും വലിയ കാരണങ്ങളിലൊന്ന്.”
നിലവിലുള്ള കുററകൃത്യതരംഗവും ലോകത്തിലെ ജയിൽപ്പുള്ളികളുടെ വർദ്ധനവും കാണിക്കുന്നതു കുററകൃത്യലക്ഷ്യമുള്ള ദശലക്ഷക്കണക്കിനാളുകൾ ഉണ്ടെന്നും അവരിലാരുംതന്നെ മാററം വരുത്താൻ ആഗ്രഹിക്കുന്നില്ലെന്നുമാണ്. കുററകൃത്യങ്ങൾ ലാഭകരമാണെന്ന് അനവധി പേർ കണ്ടെത്തിയിരിക്കുന്നു. തൽഫലമായി, നമ്മുടെ ലോകം വഷളായി മാറിയിരിക്കുന്നു. അതു കൂടുതൽ അപകടകരമായിരിക്കുന്നു.
എയിഡ്സ്—മാററത്തിന് ഒരു പ്രേരകമോ?
മുഖ്യമായും സ്വവർഗ്ഗരതിക്കാരെ ബാധിക്കുന്ന ഒരു രോഗമെന്ന് ആദ്യം തോന്നിയത് സകല വർഗ്ഗത്തിലും ജീവിതരീതിയിലുമുള്ള ആളുകളെ ബാധിക്കുന്ന ഒരു ബാധയായിത്തീർന്നിരിക്കുന്നു. എയിഡ്സിനു മേലാൽ പ്രത്യേക താത്പര്യമുള്ള ആരുമില്ല. ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ അതു വിപരീതലിംഗവർഗ്ഗത്തിൽപ്പെട്ടവർ തമ്മിൽ വേഴ്ച നടത്തുന്നവരെയും കൊന്നൊടുക്കുകയാണ്. തൽഫലമായി വിവേചനാരഹിതമായ ലൈംഗികത ചിലർക്കു പെട്ടെന്നു ഫാഷനല്ലാതായിത്തീരുന്നതായി കാണപ്പെടുന്നു, ധാർമ്മികതയുടെ ഏതെങ്കിലും കാരണത്താലല്ല, മറിച്ച് രോഗസംക്രമത്തോടുള്ള ഭയംനിമിത്തം. “സുരക്ഷിത ലൈംഗികത”യാണ് ഇപ്പോഴത്തെ മുദ്രാവാക്യം, ഗർഭനിരോധന ഉറകൾ മുഖ്യമായും ശുപാർശചെയ്യുന്ന നിവാരണോപാധിയും. വർജ്ജനം തീരെ താത്പര്യമില്ലാത്ത സംരക്ഷണമാർഗ്ഗമാണ്. എന്നാൽ എയിഡ്സ് സത്വരഭാവിയിൽ മനുഷ്യകുടുംബത്തെ എങ്ങനെ ബാധിക്കും?
ടൈം മാസിക അടുത്ത കാലത്ത് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “2000-ാമാണ്ടോടെ, 1918-ലെ ഇൻഫ്ളുവൻസാബാധയെ കടത്തിവെട്ടിക്കൊണ്ട് എയിഡ്സിന് ഈ നൂററാണ്ടിലെ ഏററവും വലിയ പകർച്ചവ്യാധിയായിത്തീരാൻ കഴിയും. ആ വിനാശം രണ്ടു കോടി ആളുകളെ അഥവാ ലോകജനസംഖ്യയുടെ 1 ശതമാനത്തെ—ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച ഭടൻമാരുടെ സംഖ്യയുടെ ഇരട്ടിയെ—ഒടുക്കിക്കളഞ്ഞു.” ഒരു വിദഗ്ദ്ധ പറഞ്ഞതുപോലെ, “ഈ പകർച്ചവ്യാധി ചരിത്രപ്രധാന തോതിലുള്ളതാണ്.”
ദശലക്ഷക്കണക്കിനു ഡോളറുകളും മററു നാണ്യങ്ങളും എയിഡ്സ് ഗവേഷണത്തിനുവേണ്ടി ഒഴുക്കുന്നുണ്ടെങ്കിലും യാതൊരു പരിഹാരവും ദൃഷ്ടിയിലില്ല. നെതർലാൻഡ്സിലെ ആംസ്ററർഡാമിൽ എയിഡ്സിനെക്കുറിച്ച് ചർച്ചചെയ്യാൻ അടുത്ത കാലത്തു നടന്ന ഒരു സമ്മേളനം പ്രശ്നം പഠിക്കുന്നതിനു 11,000 ശാസ്ത്രജ്ഞരെയും മററു വിദഗ്ദ്ധരെയും കൂട്ടിവരുത്തി. “ഒരു പതിററാണ്ടിലെ വൈഫല്യത്തെയും പരാജയത്തെയും ഏറിവരുന്ന ദുരന്തത്തെയും പ്രതിഫലിപ്പിക്കുമാറ് ഭാവം മ്ലാനമായിരുന്നു. . . . മനുഷ്യരാശി എയിഡ്സിനെ കീഴടക്കുന്നതിനുള്ള ശ്രമം തുടങ്ങിയ സമയത്തെക്കാൾ ഒട്ടുംതന്നെ പുരോഗതി പ്രാപിച്ചിട്ടില്ലായിരിക്കാം. വാക്സിനോ പ്രതിവിധിയോ, തർക്കമററവിധം ഫലപ്രദമായ ഒരു ചികിത്സ പോലുമോ അതിനില്ല.” (റൈറം) എയിഡ്സ്രോഗിയാകാൻ സാദ്ധ്യതയുള്ള, എച്ച്ഐവി പോസിററീവായവരുടെ ഭാവി മങ്ങിയതാണ്. ഇവിടെയും മാററം വഷളത്തത്തിലേക്കു തന്നെ.
ലോക രാഷ്ട്രീയത്തിലെ മാററം
കഴിഞ്ഞ നാലു വർഷങ്ങളിലെ മാററംഭവിച്ച രാഷ്ട്രീയാന്തരീക്ഷം അനവധി നേതാക്കളെ അമ്പരപ്പിച്ചിരിക്കുന്നു, ഒരുപക്ഷേ, ഐക്യനാടുകളിലുള്ളവരുടെ അത്രയും മററാരും അമ്പരന്നിട്ടുണ്ടാവില്ല. പെട്ടെന്ന് അതു രാഷ്ട്രീയമണ്ഡലത്തിൽ അതിന് ഒരു പ്രതിയോഗിയില്ലെന്നു കണ്ടെത്തുന്നു. അത്യന്തം പ്രോത്സാഹിതരായ, തോല്പിക്കാൻ കഴിയാത്ത, ഒരു ബാസ്ക്കററ്ബോൾ ടീം മേലാൽ ആരും തങ്ങൾക്കെതിരേ കളിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നു പെട്ടെന്നു കണ്ടെത്തുന്നതിനോട് അതിനെ താരതമ്യം ചെയ്തിട്ടുണ്ട്. ഈ കുഴപ്പിക്കുന്ന അവസ്ഥ സംബന്ധിച്ച് വിദേശ നയം (Foreign Policy) മാസികയുടെ എഡിറററായ ചാൾസ് വില്ല്യം മേൻസ് 1990-ലെ ഒരു ലേഖനത്തിൽ ഇങ്ങനെ സംഗ്രഹിച്ചു പറഞ്ഞിരിക്കുന്നു: “ഇന്നു യു.എസ്. വിദേശ നയത്തിന്റെ ജോലി വിനാശകരമായ ഒരു യുദ്ധത്തിൽ നിന്നു ദേശത്തെ വിമുക്തമാക്കുക എന്നതല്ല, മറിച്ച് ഐക്യനാടുകൾക്കും [മുൻ] സോവ്യററ് യൂണിയനുമിടയിൽ പൊട്ടിവിടർന്നിരിക്കുന്ന അപ്രതീക്ഷിത സമാധാനത്തെ സ്ഥാപനവൽക്കരിക്കുക എന്നതാണ്.”
പരമ്പരാഗത ആയുധങ്ങൾ കൊണ്ടുള്ള യുദ്ധം വർദ്ധിച്ചുകൊണ്ടേയിരിക്കെ ലോകത്തിലെ ആയുധ വ്യാപാരികൾക്കു സന്തോഷത്തിനു വകനൽകിക്കൊണ്ടു ന്യൂക്ലിയർ സാങ്കേതിക പരിജ്ഞാനത്തിന്റെ വ്യാപനം പുതിയ ഭീഷണികൾ ഉയർത്തുകയാണ്. സമാധാനം അത്യാവശ്യമായിരിക്കുന്ന ഒരു ലോകത്ത് അനേകം രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ സൈന്യത്തെയും ആയുധ ശേഖരത്തെയും ശക്തിപ്പെടുത്തുകയാണ്. മിക്കവാറും പാപ്പരായ ഐക്യരാഷ്ട്രങ്ങൾ ലോകത്തിലെ പഴകിയ വ്രണങ്ങളിൽ ബാൻഡെയിഡ് ഒട്ടിക്കുന്ന തിരക്കിലാണ്.
ദേശീയത്വം എന്ന മാറാത്ത ശാപം
കമ്മ്യൂണിസം ഛിന്നഭിന്നമാകാൻ തുടങ്ങിയപ്പോൾ മുൻ അമേരിക്കൻ പ്രസിഡണ്ട് ബുഷ് “ഒരു പുതിയ ലോകക്രമം” എന്ന ആശയം പ്രചരിപ്പിച്ചു. എന്നിരുന്നാലും, അനേകം രാഷ്ട്രീയ നേതാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നതുപോലെ, തന്ത്രപരമായ മുദ്രാവാക്യങ്ങൾ സുലഭമാണ്; എന്നാൽ ക്രിയാത്മകമായ മാററങ്ങൾ നടപ്പിലാക്കുക വളരെയേറെ ദുഷ്കരമാണ്. പതനത്തിനു ശേഷം—മദ്ധ്യ യൂറോപ്പിൽ ജനാധിപത്യത്തിന്റെ പിന്തുടരൽ എന്ന തന്റെ പുസ്തകത്തിൽ ജെഫ്രി ഗോൾഡ്ഫാർബ് ഇങ്ങനെ പറയുന്നു: “‘ഒരു പുതിയ ലോകക്രമ’ത്തെക്കുറിച്ചുള്ള അതിരില്ലാത്ത പ്രതീക്ഷകൾക്കുശേഷം, പണ്ടത്തെ മിക്ക പ്രശ്നങ്ങളും ഇപ്പോഴും നമ്മോടു കൂടെയുണ്ടെന്നും ചിലപ്പോൾ അവ രൂക്ഷമാണെന്നും പെട്ടെന്നു ബോദ്ധ്യപ്പെട്ടിരിക്കുകയാണ്. . . . വിമോചനത്തിന്റെ സുഖക്ഷേമാനുഭൂതിയെ രാഷ്ട്രീയ സമ്മർദ്ദം, ദേശീയത്വ ശണ്ഠ, മതമൗലികത, സാമ്പത്തികത്തകർച്ച എന്നിവയെക്കുറിച്ചുള്ള നിരാശ നിഷ്പ്രഭമാക്കുകയാണ്.” യുഗോസ്ലാവ്യ ആയിരുന്നിടത്തെ ആഭ്യന്തര യുദ്ധം തീർച്ചയായും രാഷ്ടീയം, മതം, ദേശീയത്വം എന്നിവയുടെ ഭിന്നിപ്പിക്കുന്നതിനുള്ള സ്വാധീനത്തിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ്.
ഗോൾഡ്ഫാർബ് തുടരുന്നു: “വിദേശികളെക്കുറിച്ചുള്ള ഭയവും വ്യക്തിപരമായ അരക്ഷിതത്വവും മദ്ധ്യയൂറോപ്പിലെ ജീവിതയാഥാർത്ഥ്യങ്ങളായിത്തീർന്നിരിക്കുന്നു. ജനാധിപത്യം സാമ്പത്തിക, രാഷ്ട്രീയ, സാസ്കാരിക ഗുണഫലങ്ങൾ സ്വതവെ ഉളവാക്കുന്നില്ല, അതുപോലെതന്നെ, കമ്പോള സമ്പത്വ്യവസ്ഥ ധനം വാഗ്ദാനം ചെയ്യുക മാത്രമല്ല ചെയ്യുന്നത്, അതിൽ എങ്ങനെ പ്രവർത്തിക്കണമെന്നു അറിവില്ലാത്തവർക്ക് അത് അളവററ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.”
എന്നാൽ ഇവ മദ്ധ്യ യൂറോപ്പിലെയും മുൻ സോവ്യററ് യൂണിയൻ റിപ്പബ്ലിക്കുകളിലെയും മാത്രം പ്രശ്നമല്ലെന്നുള്ളത് വ്യക്തമാണ്; വിദേശികളെക്കുറിച്ചുള്ള ഭയവും അരക്ഷിതാവസ്ഥയും ലോകവ്യാപകമാണ്. കഷ്ടതയിലൂടെയും മരണത്തിലൂടെയും മനുഷ്യകുടുംബം വിലയൊടുക്കുകയാണ്. വിദ്വേഷവും അക്രമവും ജനിപ്പിക്കുന്ന, ആഴ്ന്നിറങ്ങിയ ഈ മനോഭാവങ്ങൾക്കു സമീപഭാവിയിലെങ്ങും ഒരു മാററം പ്രതീക്ഷിക്കാൻ കഴിയില്ല. അതെന്തുകൊണ്ടാണ്? കാരണം, മിക്കവർക്കും ലഭിക്കുന്ന വിദ്യാഭ്യാസം—മാതാപിതാക്കളിൽ നിന്നായാലും ദേശീയത്വ ചായ്വുള്ള സ്ക്കൂളുകളിൽ നിന്നായാലും—വിദ്വേഷവും അസഹിഷ്ണുതയും ദേശീയതയിലോ, വംശീയവും വർഗ്ഗീയവുമായ ഉത്ഭവത്തിലോ ഭാഷയിലോ അധിഷ്ഠിതമായ ശ്രേഷ്ഠതയുടെ തോന്നലുകളുമാണ് അവരുടെ മനസ്സിൽ പതിപ്പിക്കുന്നത്.
“അവസാനത്തെ വൃത്തികെട്ട ഇസം” എന്നു ഏഷ്യാവീക്ക് വാരിക വിളിക്കുന്ന നാഷണലിസം (ദേശീയത്വം) വിദ്വേഷവും രക്തച്ചൊരിച്ചിലും ഇളക്കിവിടുന്നതിൽ തുടരുന്ന, മാററമില്ലാത്ത ഘടകങ്ങളിൽ ഒന്നാണ്. ആ വാരിക ഇങ്ങനെ പ്രസ്താവിച്ചു: “ഒരു സേർബ് ആയിരിക്കുന്നതിലുള്ള അഭിമാനം ഒരു ക്രോട്ടിനെ ദ്വേഷിക്കുന്നതിനെയും, ഒരു അർമേനിയക്കാരന്റെ സ്വാതന്ത്ര്യം ഒരു തുർക്കിയുടെ മേലുള്ള പ്രതികാരത്തെയും, ഒരു സുളുവിന്റെ സ്വാതന്ത്ര്യം ഒരു കോസയെ അധീനപ്പെടുത്തുന്നതിനെയും, ഒരു റൊമേനിയക്കാരന്റെ ജനാധിപത്യം ഒരു ഹങ്കേറിയനെ പുറത്താക്കുന്നതിനെയുമാണ് അർത്ഥമാക്കുന്നതെങ്കിൽ അപ്പോൾ ദേശീയത്വം അതിന്റെ ഏററവും വൃത്തികെട്ട രൂപം കൈക്കൊണ്ടിരിക്കുകയാണ്.”
ഐൻസ്റൈറൻ ഒരിക്കൽ പറഞ്ഞതു നാം അനുസ്മരിപ്പിക്കപ്പെടുകയാണ്: “ദേശീയത്വം ബാലിശമായ ഒരു രോഗമാണ്. അതു മനുഷ്യവർഗ്ഗത്തിന്റെ പൊങ്ങൻപനിയാണ്.” ഒരിക്കലല്ലെങ്കിൽ മറെറാരിക്കൽ അത് എല്ലാവർക്കും പിടിപെടുകയും വ്യാപിക്കുന്നതിൽ തുടരുകയും ചെയ്യുന്നു. മുമ്പ് 1946-ൽ ബ്രിട്ടീഷ് ചരിത്രകാരനായ ആർനോൾഡ് ടോയൻബി ഇങ്ങനെയെഴുതി: “പാശ്ചാത്യലോകത്തെ മതമെന്ന നിലയിൽ . . . ദേശാഭിമാനം വളരെ വലിയ അളവിൽ ക്രിസ്ത്യാനിത്വത്തിനു പകരമായിത്തീർന്നിരിക്കുന്നു.”
ഇപ്പോഴത്തെ സാഹചര്യത്തിൽ മനുഷ്യസ്വഭാവത്തിൽ ഒരു മാററത്തിന് എന്തെങ്കിലും പ്രതീക്ഷയുണ്ടോ? വിദ്യാഭ്യാസത്തിലെ ഒരു സമൂല പരിവർത്തനം കൊണ്ടേ അതു നേടാനാകൂ എന്നു ചിലർ പറയുന്നു. സാമ്പത്തിക വിദഗ്ദ്ധനായ ജോൺ കെ. ഗാൽബ്രയിത്ത് ഇങ്ങനെയെഴുതി: “ആളുകളാണു പുരോഗതിയുടെ പൊതുവായ ഘടകം. അതുകൊണ്ട് . . . പുരോഗമിക്കാത്ത ആളുകളുള്ളപ്പോൾ പുരോഗതി സാദ്ധ്യമല്ല, ജനങ്ങൾ മുക്തരും അഭ്യസ്തവിദ്യരുമായിരിക്കുമ്പോൾ ഉന്നമനം ഉറപ്പാണ്. . . . നിരക്ഷരതയുടെ കീഴടക്കൽ ഒന്നാമതു വരുന്നു.” ലോകത്തിലെ വിദ്യാഭ്യാസ പദ്ധതികൾ വിദ്വേഷത്തിനും ദുശ്ശങ്കക്കും പകരം സ്നേഹവും സഹിഷ്ണുതയും എന്നെങ്കിലും അഭ്യസിപ്പിക്കുമെന്ന് എന്തു പ്രതീക്ഷയാണുള്ളത്? ആഴത്തിലധിഷ്ഠിതമായ ഗോത്രപരമോ വംശീയമോ ആയ ശത്രുതയുടെ സ്ഥാനത്തു നാമെല്ലാം ഒരേ മനുഷ്യകുടുംബത്തിൽപ്പെട്ടതാണെന്നു തിരിച്ചറിഞ്ഞുകൊണ്ടു വിശ്വാസവും വിവേകവും എന്നു സ്ഥാപിക്കപ്പെടും?
ക്രിയാത്മകമായ മാററം ആവശ്യമാണെന്നതു വ്യക്തമാണ്. 1992-ലെ ലോകത്തിന്റെ അവസ്ഥ (State of the World 1992)-യിൽ സാൻഡ്രാ പോസ്ററൽ ഇങ്ങനെ എഴുതുന്നു: “ഒരു മെച്ചപ്പെട്ട ലോകത്തിനുവേണ്ടിയുള്ള യാഥാർത്ഥ്യാധിഷ്ഠിതമായ പ്രതീക്ഷകൾ വച്ചുപുലർത്തുന്നതിന് ഈ പതിററാണ്ടിന്റെ ശേഷിച്ച ഭാഗം കൂടുതൽ ഗംഭീരവും വ്യാപകവുമായ പരിവർത്തനങ്ങൾ വരുത്തേണ്ടിയിരിക്കുന്നു.” നാം ഏതു ദിശയിലാണ് നീങ്ങുന്നത്? റിച്ചാർഡ് ക്ലററർബക്ക് ഇങ്ങനെ പ്രസ്താവിക്കുന്നു: “ഇതൊക്കെയായാലും ലോകം അസ്ഥിരവും അപകടകരവുമായി തുടരുകയാണ്. ദേശീയത്വപരവും മതപരവുമായ ഉഗ്രാവേശം തുടരും. . . . ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറുകൾക്ക് ഈ നൂററാണ്ടിലെ എററവും അപകടകരമോ ഏററവും പുരോഗതിയുള്ളതോ ആയ പതിററാണ്ടായിരിക്കാൻ കഴിയും.”—1992-നു ശേഷം യൂറോപ്പിലെ ഭീകരപ്രവർത്തനവും മയക്കുമരുന്നുകളും കുററകൃത്യവും.
നമ്മുടെ മാറുന്ന പരിസ്ഥിതി
മമനുഷ്യന്റെ പ്രവർത്തനങ്ങൾക്കു പരിസ്ഥിതിയുടെമേൽ അപകടകരമായ ഒരു സ്വാധീനമുണ്ടെന്ന വസ്തുത സംബന്ധിച്ച് കഴിഞ്ഞ ഏതാനും പതിററാണ്ടുകളായി മനുഷ്യവർഗ്ഗം ബോധമുള്ളവരായിരിക്കുന്നു. വൻതോതിലുള്ള വനനശീകരണം മൃഗങ്ങളുടെയും സസ്യങ്ങളുടെയും എണ്ണമററ വർഗ്ഗങ്ങളെ കൊന്നൊടുക്കുകയാണ്. വനങ്ങൾ ഈ ഗ്രഹത്തിന്റെ ശ്വാസകോശ വ്യവസ്ഥയുടെ ഭാഗമായതിനാൽ വനനാശം, കാർബൺഡയോക്സൈഡിനെ ജീവൻ നിലനിർത്തുന്ന ഓക്സിജനായി മാററുന്നതിനുള്ള ഭൂമിയുടെ കഴിവിനെ ലഘൂകരിക്കുകയുമാണ്. അതു മേൽമണ്ണിനെ വീര്യമില്ലാത്തതാക്കുകയും ക്രമേണ മരുഭൂവൽക്കരണത്തിലേക്കു നയിക്കുകയും ചെയ്യുന്നുവെന്നതാണു മറെറാരു ഫലം.
ഈ പ്രശ്നം സംബന്ധിച്ചു ചില മുന്നറിയിപ്പിൻ സ്വരങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അതിലൊന്ന് അമേരിക്കൻ രാജ്യതന്ത്രജ്ഞനായ അൽ ഗോരിന്റേതാണ്. തുലാസ്സിൽ തൂങ്ങുന്ന ഭൂമി—പരിസ്ഥിതിവിജ്ഞാനവും മമനുഷ്യന്റെ മനോഭാവവും (Earth in the Balance—Ecology and the human Spirit) എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു: “ഇപ്പോഴത്തെ വനനശീകരണ നിരക്കിൽ ഉഷ്ണമേഖലയിലെ മഴവനങ്ങൾ മുഴുവനും വാസ്തവത്തിൽ അടുത്ത നൂററാണ്ടിൽ ഏതെങ്കിലുമൊരു സമയത്തു തീർന്നുപോയിരിക്കും. ഈ വനനശീകരണം സംഭവിക്കാൻ നാം അനുവദിക്കുന്നെങ്കിൽ ഈ ഗ്രഹത്തിലെ ജനിതക വിവരങ്ങളുടെ ഏററവും സമ്പന്നമായ കലവറയും അതോടൊപ്പം നമ്മെ ബാധിക്കുന്ന അനവധി രോഗങ്ങൾക്കുള്ള സാദ്ധ്യമായ പ്രതിവിധികളും ലോകത്തിനു നഷ്ടമാകും. തീർച്ചയായും, ഇപ്പോൾ പൊതു ഉപയോഗത്തിലിരിക്കുന്ന മൂല്യവത്തായ നൂറുകണക്കിനു മരുന്നുകൾ ഉഷ്ണമേഖലാ വനങ്ങളിലെ സസ്യങ്ങളിൽനിന്നും മൃഗങ്ങളിൽനിന്നും സിദ്ധിക്കുന്നവയാണ്.”
പരിസ്ഥിതിയുടെ മേലുള്ള മമനുഷ്യന്റെ ആഘാതം അതിജീവനത്തിനുള്ള ഒരു ആസന്നമായ ഭീഷണിയെ പ്രതിനിധാനം ചെയ്യുന്നു. അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു: “പരിസ്ഥിതിയുടെ കല്പനീയമായ ഓരോ കോണിലേക്കും നാം വ്യാപിക്കുന്തോറും നമ്മുടെതന്നെ സംസ്കാരത്തിന്റെ ദൗർബല്യം കൂടുതൽ വ്യക്തമായിവരുകയാണ്. . . . ചരിത്രത്തിൽ ഏതൊരു അഗ്നിപർവ്വതവും ചെയ്തതിനേക്കാൾ വളരെയേറെ നാടകീയമായി ഒരൊററ തലമുറയിൽ നാം ഗോളാന്തരീക്ഷത്തിന്റെ ഘടനക്കു മാററം വരുത്തുന്നതിന്റെ അപകടത്തിലാണ്, ഫലങ്ങൾ വരാനുള്ള നൂററാണ്ടുകളിൽ വിട്ടുമാറാതിരുന്നേക്കാം.”
നമ്മുടെ അന്തരീക്ഷം മാത്രമല്ല ഭീഷണിയിലായിരിക്കുന്നത്, മറിച്ച് ഗോരിന്റെയും മററുള്ളവരുടെയും അഭിപ്രായത്തിൽ, നമ്മുടെ ജീവൽപ്രധാനമായ ജലവിതരണവും അപകടത്തിലാണ്, വിശേഷിച്ചും “കോളറ, ടൈഫോയിഡ്, വയറുകടി, വയറിളക്കം എന്നിവ മൂലമുള്ള മരണനിരക്കിന്റെ രൂപത്തിൽ ജലമലിനീകരണത്തിന്റെ ഫലങ്ങൾ ഏററവും ഉഗ്രവും ദാരുണവുമായി അനുഭവപ്പെട്ടിരിക്കുന്ന” വികസ്വര ലോകത്ത്. പിന്നീട് ഗോർ “170 കോടിയിലധികം ജനങ്ങൾക്കു സുരക്ഷിതമായ കുടിവെള്ളത്തിന്റെ മതിയായ വിതരണമില്ല” എന്ന വസ്തുത ഉദ്ധരിക്കുന്നു. മുന്നൂറു കോടിയിലധികം പേർക്കു ശരിയായ ആരോഗ്യപരിപാലനപരമായ സൗകര്യങ്ങളില്ലാത്തതിനാൽ അവർ തങ്ങളുടെ വെള്ളം ദുഷിച്ചതാകുന്നതിന്റെ അപകടത്തിലാണ്. ഉദാഹരണത്തിന്, ഇൻഡ്യയിൽ 114 പട്ടണങ്ങളും നഗരങ്ങളും അവയിലെ മനുഷ്യ വിസർജ്ജനവും ശുദ്ധീകരിക്കാത്ത മററു മാലിന്യങ്ങളും ഗംഗയിൽ തള്ളുന്നു.” ആ നദിയാണ് ലക്ഷക്കണക്കിന് ആളുകളുടെ ദ്രാവക ജീവധാര!
ലോക ബാങ്കിന്റെ ഒരു വൈസ് പ്രസിഡൻറായ ഗൗതം എസ്. കാജി ബാങ്കോക്കിലുള്ള ഒരു സദസ്സിന് ഇങ്ങനെ മുന്നറിയിപ്പു നൽകി: “അടുത്ത നൂററാണ്ടിലെ പ്രതിസന്ധിയായിത്തീരുന്ന പ്രശ്നം മിക്കവാറും പൂർവ്വേഷ്യയിലെ ജലവിതരണമായിരിക്കും. . . . ആരോഗ്യത്തിന്റെയും ഉത്പാദനക്ഷമതയുടെയും കാര്യങ്ങളിൽ സുരക്ഷിതമായ കുടിവെള്ളത്തിന്റെ പ്രയോജനങ്ങൾ സുപരിചിതമായിട്ടും പൂർവ്വേഷ്യൻ ഗവൺമെൻറുകൾ കുടിവെള്ളം വിതരണം ചെയ്യുന്നതിൽ പരാജയപ്പെടുന്ന പൊതു പദ്ധതികളെ അഭിമുഖീകരിക്കുകയാണ് . . . ഇതു പരിസ്ഥിതിപരമായ ഉത്തമവികസനത്തിന്റെ വിസ്മരിക്കപ്പെട്ട പ്രശ്നമാണ്.” ലോകമാസകലം ജീവന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ശുദ്ധജലത്തെ അവഗണിക്കുകയും പാഴാക്കുകയുമാണ്.
ഇവയെല്ലാം പലേടങ്ങളിലും അപകടകരമായ ഒരു ചെളിക്കുണ്ടായി രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുന്നതും മനുഷ്യവർഗ്ഗത്തിന്റെ ഭാവിനിലനില്പിനെ ഭീഷണിപ്പെടുത്തുന്നതുമായ, നമ്മുടെ മാറുന്ന ലോകത്തിന്റെ വശങ്ങളാണ്. ഭൂമിയുടെ വിഭവശേഷി വൻതോതിൽ ശുഷ്ക്കിക്കുന്നതു തടയാനായി നടപടികൾ സ്വീകരിക്കാനുള്ള മനസ്സും പ്രചോദനവും ഗവൺമെൻറുകൾക്കും വൻ ബിസിനസ്സുകൾക്കുമുണ്ടോ എന്നതാണു സുപ്രധാന ചോദ്യം.
മതം ലോകത്തെ മാററുന്നുണ്ടോ?
മതമണ്ഡലത്തിൽ നാം ഒരുപക്ഷേ മനുഷ്യവർഗ്ഗത്തിന്റെ ഏററവും വലിയ പരാജയം കണ്ടെത്തുന്നു. ഒരു വൃക്ഷത്തെ അതിന്റെ ഫലത്താൽ വിധിക്കുന്നെങ്കിൽ വിദ്വേഷം, അസഹിഷ്ണുത, സ്വന്തം അണികൾക്കിടയിലെ യുദ്ധം എന്നീ ഫലങ്ങൾക്കെല്ലാം ഉത്തരം പറയേണ്ടതു മതമാണ്. മിക്കയാളുകളുടെയും കാര്യത്തിൽ മതം സൗന്ദര്യം പോലെയാണ്—തൊലിപ്പുറത്തു മാത്രമുള്ളത്. അതു വർഗ്ഗീയത, ദേശീയത്വം, സാമ്പത്തികാരക്ഷിതാവസ്ഥ എന്നിവയുടെ സമ്മർദ്ദത്തിൻ കീഴിൽ പെട്ടെന്നു പൊളിഞ്ഞുപോകുന്ന ഒരു മേല്പാളിയാണ്.
ക്രിസ്ത്യാനിത്വം ‘നിന്റെ അയൽക്കാരനെ സ്നേഹിക്കുക, നിന്റെ ശത്രുവിനെ സ്നേഹിക്കുക’ എന്ന മതമായതിനാൽ മുൻ യുഗോസ്ലാവ്യയിലെ കത്തോലിക്കർക്കും ഓർത്തഡോക്സുകാർക്കും എന്തു സംഭവിച്ചിരിക്കുന്നു? അവരുടെ പുരോഹിതൻമാർ അവരുടെ കൊലക്കും വിദ്വേഷത്തിനും മാപ്പുകൊടുക്കുമോ? ഉത്തര ഐർലൻറിൽ നൂററാണ്ടുകളിലെ “ക്രിസ്തീയ” പഠിപ്പിക്കൽ വിദ്വേഷവും കൊലപാതകവും മാത്രമേ ഉത്പാദിപ്പിച്ചുള്ളുവോ? ക്രിസ്തീയമല്ലാത്ത മതങ്ങളെ സംബന്ധിച്ചെന്ത്? അവർ എന്തെങ്കിലും മെച്ചമായ ഫലം പുറപ്പെടുവിച്ചിട്ടുണ്ടോ? ഹിന്ദുമതത്തിനും സിക്കുമതത്തിനും ബുദ്ധമതത്തിനും ഇസ്ലാംമതത്തിനും ഷിന്റോമതത്തിനും പരസ്പര സഹിഷ്ണുതയുടെ ഒരു പൂർവ്വചരിത്രത്തിലേക്കു വിരൽചൂണ്ടാൻ സാധിക്കുമോ?
മനുഷ്യവർഗ്ഗത്തെ പരിഷ്കൃതരാകാൻ ഇടയാക്കുന്ന ക്രിയാത്മകമായ ഒരു സ്വാധീനമായി സേവിക്കുന്നതിനുപകരം ഹിംസാത്മകമായ ദേശഭക്തിയെ ആളിക്കത്തിക്കുന്നതിലും രണ്ടു ലോകമഹായുദ്ധങ്ങളിലും മററനവധി പോരാട്ടങ്ങളിലും സൈന്യങ്ങളെ അനുഗ്രഹിക്കുന്നതിലും മതം അതിന്റേതായ ഭ്രാന്തൻ റോൾ അഭിനയിച്ചിരിക്കുന്നു. മതം മാററത്തിനുള്ള ഒരു പുരോഗമനപരമായ സ്വാധീന ശക്തിയായിരുന്നിട്ടില്ല.
അതുകൊണ്ടു മതത്തിൽനിന്നു സമീപഭാവിയിൽ എന്താണു പ്രതീക്ഷിക്കാൻ കഴിയുന്നത്? വാസ്തവത്തിൽ, നമ്മുടെ ഇപ്പോഴത്തെ ലോകവ്യവസ്ഥിതിക്കുവേണ്ടി ഭാവി എന്തു കരുതുമെന്നാണു നമുക്കു പ്രതീക്ഷിക്കാൻ കഴിയുക—എന്തു മാററങ്ങളായിരിക്കും ഉണ്ടായിരിക്കുക? നമ്മുടെ മൂന്നാമത്തെ ലേഖനം ഒരപൂർവ്വമായ വീക്ഷണകോണത്തിൽ ഈ ചോദ്യങ്ങൾ ചർച്ചചെയ്യുന്നതായിരിക്കും. (g93 1⁄8)
[7-ാം പേജിലെ ചിത്രം]
അക്രമാസക്തമായ കുററകൃത്യങ്ങളുടെ ഒരു കുതിച്ചുകയററം മാററത്തിന്റെ മറെറാരു ലക്ഷണമാണ്
[8-ാം പേജിലെ ചിത്രം]
ദേശീയത്വവും മതപരമായ വിദ്വേഷവും രക്തച്ചൊരിച്ചിൽ ഉളവാക്കുന്നതിൽ തുടരുന്നു
[കടപ്പാട്]
Jana Schneider/Sipa
Malcom Linton/Sipa
[9-ാം പേജിലെ ചിത്രം]
മമനുഷ്യന്റെ പരിസ്ഥിതിദുർവിനിയോഗം ജീവമണ്ഡലത്തിന്റെ ദുർബലമായ സന്തുലിതാവസ്ഥയെ മാററിക്കൊണ്ടാണിരിക്കുന്നത്
[കടപ്പാട്]
Laif/Sipa
Sipa
[10-ാം പേജിലെ ചിത്രം]
പാപ്പായുടെ ദൂതനായ ബാസലോ ദി ടോറിഗ്രോസ്സാ 1933-ൽ ഹിററ്ലറെ അഭിവാദനം ചെയ്യുന്നു. ചരിത്രപരമായി, മതം രാഷ്ട്രീയത്തിലും ദേശീയത്വത്തിലും ഉൾപ്പെട്ടിരിക്കുന്നു
[കടപ്പാട്]
Bundesarchiv Koblenz