നമ്മുടെ ലോകം മാറിയിരിക്കുന്നതെങ്ങനെ?
നിങ്ങളുടെ ലോകം മാറിയിട്ടുണ്ടോ? പുരാതന ഗ്രീക്ക് തത്ത്വചിന്തകനായ ഹെറാക്ലീററസ് പറഞ്ഞു: “മാററമല്ലാതെ ഒന്നും നിലനില്ക്കുന്നില്ല.” മാററം നമ്മുടെയെല്ലാം ജീവിതത്തിലെ സ്ഥിരമായ ഒരു ഘടകമാണ്.
കഴിഞ്ഞ 10-ഓ, 20-ഓ, 30-ഓ അതിലധികമോ വർഷങ്ങളിലേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ എന്തു മാററങ്ങളാണു നിങ്ങൾ കണ്ടിരിക്കുന്നത്? ആധുനികവത്കരണത്തിന്റെയും പാരമ്പര്യമൂല്യങ്ങളുടെ നിരാകരണത്തിന്റെയും രൂപങ്ങളിൽ മാററങ്ങൾ വന്നിരിക്കുന്നതു നിങ്ങൾ കണ്ടിരിക്കും. ചില മാററങ്ങൾ ക്രിയാത്മകവും മററു ചിലതു നിഷേധാത്മകവുമാണെന്നു നിങ്ങൾ കണ്ടിട്ടുണ്ടെന്നതിൽ സംശയമില്ല.
നിങ്ങൾ 70 വയസ്സിനുമേൽ പ്രായമുള്ള ഒരാളാണെങ്കിൽ, നിങ്ങളുടെ ചെറുപ്പം മുതൽ എന്തു മാററങ്ങളാണു നിങ്ങൾ കണ്ടിരിക്കുന്നത്? ടിവി ഇല്ലാതിരുന്ന, വിമാനങ്ങൾ മണിക്കൂറിൽ 150 കിലോമീററർ വേഗത്തിൽ മെല്ലെപ്പോകുന്ന, മിക്ക അന്താരാഷ്ട്രീയ യാത്രകളും കപ്പലിലായിരുന്ന, മയക്കുമരുന്നിന്റെ ദുരുപയോഗം കറുപ്പുപയോഗിക്കുന്നവരുടെ രഹസ്യസങ്കേതങ്ങളിൽ മാത്രമായി ഒതുങ്ങിനിന്ന, മോട്ടോർവണ്ടികൾ വളരെ ചുരുക്കമായിരിക്കയും അപൂർവമായി ഓടുകയും ചെയ്തിരുന്ന, ഒരു കാലം നിങ്ങൾ ഓർക്കുന്നു. അതേ, നിങ്ങളുടെ ലോകം തീർച്ചയായും മാറിയിരിക്കുന്നു.
മാറിയ ഉപഭോക്തൃ സമൂഹം
എന്നാൽ, ചെറുപ്പക്കാർക്കുപോലും ലോകം മാറിയിരിക്കുന്നു. വെറും 45 വർഷം മുമ്പു ലോകകമ്പോളങ്ങളിൽ മുന്നിട്ടുനിന്നതു പാശ്ചാത്യ ഉത്പന്നങ്ങളും സാങ്കേതികവൈദഗ്ദ്ധ്യങ്ങളുമായിരുന്നു. ഇപ്പോൾ, ശാന്തസമുദ്രത്തോടു തൊട്ടുകിടക്കുന്ന പൗരസ്ത്യരാഷ്ട്രങ്ങൾ മോട്ടോർവണ്ടികളുടെ നിർമ്മാണത്തിലും കമ്പ്യൂട്ടർ, ക്യാമറാ, ടിവി എന്നിവയിലും മററനവധിയിനം ഇലക്ട്രോണിക് ഉപകരണങ്ങളിലും മുന്നിട്ടുനിൽക്കുന്നവയായിത്തീർന്നിരിക്കുന്നു.
അനുഭവസമ്പന്നനായ ഒരു ചൈനക്കാരൻ സഞ്ചാരി ഉണരുക!യോടു പറഞ്ഞത് ഇതു വ്യക്തമാക്കുന്നു: “വെറും 30-തോ 40-തോ വർഷം മുമ്പ് ഒരു സാധാരണ ചൈനക്കാരന്റെ സ്വപ്നം ഒരു സൈക്കിളും തയ്യൽമെഷീനും കിട്ടുക എന്നതായിരുന്നു. അവയായിരുന്നു അന്നത്തെ അന്തസ്സിന്റെ ചിഹ്നങ്ങൾ. ഇപ്പോഴത്തെ സ്വപ്നം കളർ ടിവിയും, വീസീആറും, ഫ്രിഡ്ജും, മോട്ടോർ സൈക്കിളും സമ്പാദിക്കുക എന്നതാണ്.” ഉപഭോക്തൃ സമൂഹം, ചൈനയിലായാലും മറെറവിടെയായാലും, അതിന്റെ അഭിരുചികളും ആവശ്യങ്ങളും മാററിയിരിക്കുന്നു.
അനേകം രാഷ്ട്രങ്ങളിലെ സമ്പത്സ്ഥിതി പുരോഗമിച്ചതനുസരിച്ച് അവരുടെ വീക്ഷണത്തിൽ ഇത്തരം മാററങ്ങൾ സംഭവിച്ചിരിക്കുന്നു. പ്രായം നാല്പതുകളുടെ ആരംഭത്തിലായിരിക്കുന്ന പെഡ്രോ എന്ന കാററലോണിയക്കാരൻ ഇങ്ങനെ പ്രസ്താവിച്ചു: “30 വർഷം മുമ്പ് സ്പെയിനിൽ, 600 സീസീയുടെ ഒരു ചെറിയ സിയററ് (ഫിയററ്) കാർ എങ്കിലും സ്വന്തമായുണ്ടായിരിക്കുക എന്നതായിരുന്നു അഭിലാഷം. ഇപ്പോൾ ഒരു ജർമ്മൻ ബിഎംഡബ്ലിയു കാർ ഉണ്ടായിരിക്കാനാണ് സ്പെയിൻകാർ കൊതിക്കുന്നത്!” ഐക്യനാടുകളിൽ വസിക്കുന്ന ജഗദീഷ് പട്ടേൽ തന്റെ സ്വദേശമായ ഇൻഡ്യയിലേക്കുള്ള അടുത്തകാലത്തെ യാത്രയെക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഇപ്പോൾ ഇൻഡ്യൻ റോഡുകളിലുള്ള മോട്ടോർവണ്ടികളുടെ എണ്ണം കണ്ടു ഞാൻ സ്തംഭിച്ചുനിന്നുപോയി. റോഡുകളിൽ ഇപ്പോഴും പഴയ ഹിന്ദുസ്ഥാൻ കാറുകൾ ഓടുന്നുണ്ട്, എന്നാൽ ഇപ്പോൾ അവയ്ക്കൊപ്പം വിദേശകമ്പനികളുടെ ലൈസൻസിൻ കീഴിൽ ഇൻഡ്യയിൽ നിർമ്മിച്ച കാറുകളുടെയും മോട്ടോർ സ്കൂട്ടറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും ആധുനിക വകഭേദങ്ങൾ അണിനിരന്നിരിക്കുന്നു.”
ശാസ്ത്രത്തിലെ മാററങ്ങൾ
വെറും 25 വർഷം മുമ്പു ചന്ദ്രനെ അനേകർ അമ്പരപ്പിക്കുന്ന ഒരു രഹസ്യമായി വീക്ഷിച്ചിരുന്നു. അതിനുശേഷം, മനുഷ്യൻ ആ വിഭിന്ന ചന്ദ്രോപരിതലത്തിൽ നടക്കുകയും ശാസ്ത്രീയ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുപോരുകയും പരിശോധനക്കായി പാറക്കഷണങ്ങൾ തിരിച്ചുകൊണ്ടുവരികയും ചെയ്തിരിക്കുന്നു. അമേരിക്കൻ ശൂന്യാകാശ പേടകത്തിന്റെ പറക്കൽ ഇപ്പോൾ ഒരു നിരന്തരസംഭവമായിത്തീർന്നിരിക്കുന്നു, സ്ഥിരമായ ഒരു ശൂന്യാകാശ താവളം സ്ഥാപിക്കുന്നതിനെപ്പററിയും ചൊവ്വാഗ്രഹത്തിലേക്കു പോകുന്നതിനെപ്പററിയും അമേരിക്കൻ ശാസ്ത്രജ്ഞർ സംസാരിക്കുന്നുണ്ട്.
എയിഡ്സിനെക്കുറിച്ച് 15 വർഷം മുമ്പ് കേട്ടിട്ടുള്ളത് ആരാണ്? ഇപ്പോൾ അതു ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഒരു ബാധയാണ്; ലക്ഷങ്ങളാണ് അതിന്റെ ഭയത്തിൽ കഴിയുന്നത്.
രാഷ്ട്രീയ മാററങ്ങൾ
വെറും നാലു വർഷം മുമ്പ് അഭേദ്യമെന്നു തോന്നിയ ഒരു മതിൽ ബെർലിൻ നഗരത്തെ രണ്ടായി വിഭജിച്ചിരുന്നു; കമ്മ്യൂണിസ്ററ് സോവ്യററ് യൂണിയനും ശീതസമരവും ഉണ്ടായിരുന്നു. ഇപ്പോൾ ബെർലിൻ ഏകീകൃത ജർമ്മനിയുടെ തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്, മുമ്പത്തെ സോവ്യററ് യൂണിയനിലെ 15 റിപ്പബ്ലിക്കുകളിൽ 11 എണ്ണം സ്വതന്ത്ര സ്റേറററുകളുടെ ഒരു കോമൺവെൽത്ത് രൂപവത്കരിച്ചിരിക്കയാണ്.
ഏതാനും വർഷങ്ങൾ മാത്രം മുമ്പ്, ഐക്യരാഷ്ട്രങ്ങൾ മുഖ്യമായും മുതലാളിത്ത ശക്തികൾക്കും കമ്യൂണിസ്ററു ശക്തികൾക്കുമിടയിലെ പോരാട്ടത്തിനുള്ള ഒരു രംഗമായിരുന്നു. ചേരിചേരാ രാഷ്ട്രങ്ങളെന്നറിയപ്പെടുന്നവ ഒരു പ്രത്യേക കടപ്പാടില്ലാതെ കാണികളായി നോക്കിനില്ക്കുകയും ചെയ്തു. ഇപ്പോൾ പൗരസ്ത്യ-പാശ്ചാത്യ രാഷ്ട്രങ്ങൾ സമാധാനത്തെയും സുരക്ഷിതത്വത്തെയുംകുറിച്ച് സംസാരിക്കുന്നുണ്ട്, ഐക്യരാഷ്ട്രങ്ങൾക്ക് ഇപ്പോൾ കൂടുതൽ ശക്തിയുമുണ്ട്. ലോകത്തെവിടെയുമുള്ള പ്രതിസന്ധിപ്രദേശങ്ങളിലേക്കു സൈന്യത്തെ അയക്കാൻ അതിനു കഴിയും. മൂന്നു വർഷം മുമ്പ് യുഗോസ്ലാവ്യയെന്നും ചെക്കോസ്ലൊവാക്യയെന്നുമുള്ള പേരുകളിൽ രാജ്യങ്ങളുണ്ടായിരുന്നു. ഇപ്പോൾ അവ രണ്ടും സ്വതന്ത്ര സ്റേറററുകളായി ശിഥിലീഭവിച്ചിരിക്കുന്നു.
ഈ മാററങ്ങളോടെല്ലാമൊപ്പം ലോകം യഥാർത്ഥ സമാധാനത്തിലേക്കും നീതിയിലേക്കും ഭക്ഷ്യത്തിന്റെയും വിഭവശേഷിയുടെയും കുററമററ വിതരണത്തിലേക്കും പുരോഗമിച്ചിട്ടുണ്ടോ? ലോകം കൂടുതൽ പരിഷ്കൃതമായിത്തീർന്നിട്ടുണ്ടോ? അക്രമികളെ പേടിക്കാതെ നിങ്ങൾക്കു തെരുവിലൂടെ നടക്കാൻ കഴിയുമോ? മററുള്ളവരെ അവരുടെ വംശത്തിന്റെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജീവിതരീതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തിൽ വെറുക്കാതിരിക്കാൻതക്കവണ്ണം നാം അഭ്യസ്തരാക്കപ്പെട്ടിട്ടുണ്ടോ? മാററം പൊതുവെ മനുഷ്യകുടുംബത്തെയും നമ്മുടെ ഭവനമായ ഭൂമിയെയും യഥാർത്ഥ പുരോഗതിയിലേക്കു നയിക്കുന്നുണ്ടോ? നാം ഏതു ദിശയിലാണ് നീങ്ങുന്നത്? പിൻവരുന്ന ലേഖനങ്ങൾ ഇവയും മററു ചോദ്യങ്ങളും പരിചിന്തിക്കുന്നതായിരിക്കും. (g93 1⁄8)