ബൈബിളിന്റെ വീക്ഷണം
പ്രതിഷേധങ്ങളും പ്രകടനങ്ങളും—ലോകത്തിനു മാററം വരുത്താൻ അവയ്ക്കു കഴിയുമോ?
“നമ്മൾ തുറന്നു സംസാരിക്കണം, നമ്മൾ തെരുവുകളിൽ പ്രകടനങ്ങൾ നടത്തുകയും വേണം.” ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറെറാന്നിലെ പേർഷ്യൻ ഗൾഫ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ഒരു റോമൻ കത്തോലിക്കാ വർത്തമാനപ്പത്രമായ നാഷണൽ കത്തോലിക്ക് റിപ്പോർട്ടറിലെ മുഖപ്രസംഗത്തിന്റെ തലക്കെട്ടു കൊടുത്തിരുന്നത് അങ്ങനെയായിരുന്നു. ഐക്യനാടുകളിലുടനീളം സമാധാന റാലികളിലും പ്രകടനങ്ങളിലും പങ്കെടുക്കാൻ വായനക്കാരെ ആഹ്വാനം ചെയ്തുകൊണ്ടു മുഖപ്രസംഗം തുടർന്നു പറഞ്ഞു: “ഈ ഭരണകൂടത്തിന്റെ അവഗണനയെയും ധാർഷ്ട്യത്തെയും മറികടക്കാൻ ലക്ഷക്കണക്കിനു ജനങ്ങളും സമാധാനലബ്ധിക്കായുള്ള നിരന്തരമായ കഠിനശ്രമങ്ങളും ആവശ്യമായി വരും . . . ജനങ്ങൾ തെരുവുപ്രകടനങ്ങൾ നടത്തണം.”
പ്രവർത്തനത്തിനായുള്ള അത്തരം ആഹ്വാനങ്ങൾ ഇന്നു കൂടെക്കൂടെ കേൾക്കാറുണ്ട്. മനുഷ്യവർഗ്ഗത്തിന്റെ ക്ഷേമത്തെ ഭീഷണിപ്പെടുത്തുന്ന രാഷ്ട്രീയവും സാമ്പത്തികവും പരിസ്ഥിതിപരവുമായ അനേകം പ്രതിസന്ധികളുള്ളതിനാൽ, പ്രതിഷേധങ്ങൾക്കായിട്ടും പ്രാർത്ഥനകൾക്കായിട്ടും പ്രകടനങ്ങൾക്കായിട്ടും “തെരുവിലേക്കിറങ്ങാൻ” തങ്ങൾ നിർബന്ധിതരാകുന്നതായി ജനങ്ങൾ വിചാരിക്കുന്നു. അയൽപ്രദേശ കുററകൃത്യങ്ങൾ തടയുന്നതുമുതൽ ലോക സമാധാനം സ്ഥാപിക്കൽവരെയുള്ള പ്രശ്നങ്ങളാണുള്ളത്. കൗതുകകരമെന്നുപറയട്ടെ, ഈ പ്രകടനങ്ങളിൽ ഒരു വലിയ പങ്കും നടക്കുന്നതു സഭാ സംഘടനകളുടെയും മത നേതാക്കളുടെയും അംഗീകാരത്തോടെയാണ്.
എന്നിരുന്നാലും, അത്തരം പ്രകടനങ്ങളിൽ പങ്കുകൊള്ളുന്നതു ക്രിസ്ത്യാനികൾക്ക് ഉചിതമാണോ? പ്രക്ഷോഭ റാലികളുടെയോ സന്ധ്യാവേളയിലെ ഗൗരവമുള്ള പ്രാർത്ഥനയുടെയോ രൂപത്തിലായാലും, അത്തരം പ്രതിഷേധങ്ങൾക്കു ലോകത്തെ യഥാർത്ഥമായി മെച്ചപ്പെടുത്താൻ കഴിയുമോ?
പ്രകടനങ്ങൾ—ക്രിസ്തീയ വീക്ഷണം
“അനങ്ങാപ്പാറകളായ അധികാരികളെ ആവശ്യമായ നടപടികളെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള . . . രാഷ്ട്രീയ വികാരപ്രകടനത്തിന്റെ വിശേഷാൽ ഫലപ്രദമായ ഒരു വിധം” എന്നാണ് ഒരു സാമൂഹികശാസ്ത്രജ്ഞൻ പ്രകടനങ്ങളെ വർണ്ണിച്ചിരിക്കുന്നത്. അതേ, പ്രതിഷേധ റാലി നടത്തുന്നവർ അല്ലെങ്കിൽ പ്രകടനങ്ങൾ നടത്തുന്നവർ സാധാരണ അങ്ങനെ ചെയ്യുന്നത് അവരുടെ കൂട്ടായ ശ്രമങ്ങൾക്ക് ഇന്നത്തെ സാമൂഹികവും രാഷ്ട്രീയവുമായ വ്യവസ്ഥിതിയിൽ കണ്ടുവരുന്ന അനീതികളെയും അഴിമതിയെയും തിരുത്താൻ കഴിയും എന്ന പ്രത്യാശയിലാണ്.
എന്നിരുന്നാലും, യേശുക്രിസ്തു അവിടത്തെ അനുഗാമികൾക്ക് എന്തു മാതൃകയാണു നല്കിയിരിക്കുന്നത്? യഹൂദ ജനം റോമാ സാമ്രാജ്യത്തിന്റെ മർദ്ദനഭരണത്തിലായിരുന്ന ഒരു സമയത്താണു യേശു ജീവിച്ചത്. നിശ്ചയമായും, ഞെരുക്കുന്ന റോമൻ നുകത്തിൽനിന്നുള്ള വിടുതൽ ജനങ്ങൾ വളരെ ആഗ്രഹിച്ചിരുന്നു. എന്നിട്ടും, ഒരു പ്രകടനം നടത്തുവാനോ പ്രതിഷേധ റാലി നടത്തുവാനോ അല്ലെങ്കിൽ മറേറതെങ്കിലും വിധത്തിൽ രാഷ്ട്രീയമായി ഉൾപ്പെടുവാനോ യേശു തന്റെ അനുഗാമികളെ ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ല. നേരെ മറിച്ച്, തന്റെ ശിഷ്യൻമാർ “ലോകത്തിന്റെ ഭാഗമാകാ”തിരിക്കണമായിരുന്നു എന്ന് അവിടുന്ന് ആവർത്തിച്ചു പറഞ്ഞു.—യോഹന്നാൻ 15:19; 17:16; യോഹന്നാൻ 6:15 കൂടെ കാണുക.
അതുപോലെ, ഗവൺമെൻറ് ഉദ്യോഗസ്ഥൻമാർ യേശുവിനെ അന്യായമായി കസ്ററഡിയിലെടുത്തപ്പോൾ, അവിടുന്ന് ഒരു പ്രതിഷേധം ഇളക്കിവിടാൻ ശ്രമിച്ചില്ല. അങ്ങനെ ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിൽ തീർച്ചയായും യേശുവിന് അതു സാധിക്കുമായിരുന്നു. അതിനുപകരം, അവിടുന്നു റോമൻ ഗവർണറോടു പറഞ്ഞു: “എന്റെ രാജ്യം ഐഹികമല്ല; (ഈ ലോകത്തിന്റെ ഭാഗമല്ല, NW) എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദൻമാരുടെ കയ്യിൽ ഏല്പ്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല (ഈ ഉറവിൽനിന്നുള്ളതല്ല, NW).” (യോഹന്നാൻ 18:33-36) ഒരു വിവാദത്തെ അഭിമുഖീകരിച്ചപ്പോൾ, രാഷ്ട്രീയ കാര്യങ്ങളുടെ ഭാഗമാകാതെ നിലകൊള്ളേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ടു യേശു ഏതുതരത്തിലുമുള്ള പ്രതിഷേധ നടപടികളിൽനിന്നു വിട്ടുനിന്നു. അവിടുന്നു തന്റെ അനുഗാമികളെ അതു തന്നെ ചെയ്യുവാൻ പ്രോത്സാഹിപ്പിച്ചു.
അതുകൊണ്ടു പ്രകടനങ്ങളിൽ പങ്കെടുക്കുന്നതു യേശു പഠിപ്പിച്ച ക്രിസ്തീയ നിഷ്പക്ഷതയുടെ അടിസ്ഥാന തത്ത്വത്തെ ലംഘിക്കും. അതിലുമുപരി, അത്തരം പങ്കെടുക്കൽ മററു ക്രിസ്തീയവിരുദ്ധ നടത്തയിൽ ഉൾപ്പെടുന്നതിലേക്കുപോലും നയിച്ചേക്കാം. ഏതു രീതിയിൽ? പങ്കെടുക്കുന്നവർ രണോത്സുകരോ അധിക്ഷേപിക്കുന്നവരോ അക്രമാസക്തരോ ആകുന്നതോടെ സദുദ്ദേശ്യത്തോടെ നടത്തപ്പെടുന്ന പ്രകടനങ്ങൾ മിക്കപ്പോഴും തീർത്തും മത്സരാത്മകമായി മാറുന്നു. നിയമ വിരുദ്ധവും തടസ്സമുണ്ടാക്കുന്നതുമായ തന്ത്രങ്ങൾ പ്രയോഗിക്കുന്നതു ശ്രദ്ധയാകർഷിച്ചേക്കാം, എന്നാൽ “ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ” എന്നും “സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” എന്നുമുള്ള ബൈബിളിന്റെ അനുശാസനത്തോട് അതു തീരെ യോജിക്കുന്നില്ല. (റോമർ 12:18; 13:1) നിയമലംഘന പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, തങ്ങളുടെ നടത്ത ജനതകളുടെ ഇടയിൽ വിശിഷ്ടമായി കാത്തുസൂക്ഷിക്കാനും, അധികാരികൾ പ്രീതിപ്പെടാൻ ബുദ്ധിമുട്ടുള്ളവരോ ന്യായബോധമില്ലാത്തവരോ ആണെങ്കിൽപോലും മാനുഷ ഗവൺമെൻറുകൾക്കു കീഴ്പ്പെട്ടു നിലകൊള്ളാനും ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു.—1 പത്രൊസ് 2:12, 13, 18.
‘എന്നാൽ എല്ലാ പ്രകടനങ്ങളും രണോത്സുകമോ അക്രമാസക്തമോ അല്ല’ എന്നു ചിലർ പറഞ്ഞേക്കാം. സത്യം തന്നെ, ചില പ്രകടനങ്ങൾ നല്ല ഫലങ്ങൾ കൈവരിക്കുന്നതായി കാണപ്പെടുകയും ചെയ്യുന്നു. എന്നാൽ, പ്രകടനങ്ങൾക്ക്—അവ സമാധാനപൂർണ്ണവും നല്ല ഒരു ലക്ഷ്യത്തിനുവേണ്ടി നടത്തപ്പെടുന്നതുമായാൽപ്പോലും—ലോകത്തെ മെച്ചപ്പെടുത്താൻ വാസ്തവത്തിൽ കഴിയുമോ?
ലോകത്തിനു മാററം വരുത്താൻ അവയ്ക്കു കഴിയുമോ?
ക്രിസ്ത്യാനികൾ അവരുടെ അയൽക്കാരിൽ വളരെ താത്പര്യമുള്ളവരാണ്, അവരെ സഹായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ പ്രകടനങ്ങളിൽ പങ്കെടുക്കുന്നതു വാസ്തവത്തിൽ അവർക്കു സഹായം നല്കാനുള്ള ഏററവും നല്ല മാർഗ്ഗമാണോ? പ്രകടന ജനാധിപത്യം (Demonstration Democracy) എന്ന പുസ്തകം പ്രസ്താവിക്കുന്നു: “രാഷ്ട്രീയ ആശയപ്രകടനത്തിന്റെ ഏത് ഉപകരണത്തിനാലും നേടിയെടുക്കാൻ കഴിയുന്നതിന് ഒരു പരിധിയുണ്ട്.” മനുഷ്യവർഗ്ഗം അഭിമുഖീകരിക്കുന്ന ദുരിതങ്ങളെ ദൂരീകരിക്കാൻ ഏതെങ്കിലും പ്രതിഷേധത്തിനോ റാലിക്കോ വരുത്താൻ കഴിയാത്ത മാററങ്ങൾ ആവശ്യമാണെന്നുള്ളത് അനിഷേധ്യമാണ്.
യേശു നൂററാണ്ടുകൾ പഴക്കമുണ്ടായിരുന്ന തന്റെ നാളിലെ മതവ്യവസ്ഥിതിയെക്കുറിച്ചു ചർച്ചചെയ്യവെ, സമാനമായ ഒരു ആശയം അവതരിപ്പിച്ചു. പരീശൻമാർ ആചരിച്ചിരുന്ന കാപട്യമാർന്ന ആ ആരാധനാ സമ്പ്രദായത്തെ സംബന്ധിച്ച് അവിടുന്നു പറഞ്ഞു: “കോടിത്തുണിക്കണ്ടം ആരും പഴയവസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിചേർത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ ഏററവും വല്ലാതെയായി തീരും.” (മത്തായി 9:16) എന്തായിരുന്നു യേശു പറഞ്ഞ ആശയം? തള്ളിക്കളയേണ്ടിയിരുന്ന ദുഷ്ടവും പഴകിയതുമായ വ്യവസ്ഥിതികളോടു സത്യക്രിസ്ത്യാനിത്വം അനുരൂപപ്പെടുകയില്ല എന്നുതന്നെ. ഉപയോഗശൂന്യമായ ഒരു വ്യവസ്ഥിതിയെ താത്ക്കാലികമായി കേടുപോക്കുന്നതു പാഴ്വേലയാകുമെന്ന് അവിടുന്നു തിരിച്ചറിഞ്ഞു.
മനുഷ്യവർഗ്ഗത്തെ നൂററാണ്ടുകളിലെ അനീതിക്കും ക്രൂരതക്കും അടിച്ചമർത്തലിനും വിധേയമാക്കിയ ലോകവ്യവസ്ഥിതിയെ സംബന്ധിച്ചും ഇതു സത്യമാണ്. സഭാപ്രസംഗി 1:15 സ്പഷ്ടമായി വിശദീകരിക്കുന്നു: “വളവുള്ളതു നേരെ ആക്കുവാൻ വഹിയാ.” അതേ, ഏററവും ഉത്കൃഷ്ടമായ ശ്രമങ്ങളുണ്ടായിരുന്നാലും ഇന്നത്തെ ലോകവ്യവസ്ഥിതിയെ നേരെയാക്കാനാവില്ല. എന്തുകൊണ്ട്? ഒന്നു യോഹന്നാൻ 5:19 പറയുന്നതുപോലെ “സർവ്വലോകവും” പിശാചായ സാത്താനെന്ന “ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” “ഈ ലോകത്തിന്റെ പ്രഭു” (ഭരണാധിപൻ, NW) എന്ന നിലയിൽ ആ ഒരുവനിലേക്ക് യേശു വിരൽചൂണ്ടി. (യോഹന്നാൻ 12:31) സാത്താന്റെ സ്വാധീനത്തിൻകീഴിൽ ഈ വ്യവസ്ഥിതി പ്രവർത്തിക്കുന്നിടത്തോളംകാലം, ഒരളവിലുള്ള കേടുപോക്കലും സ്ഥിരമായ ആശ്വാസം കൈവരുത്തുകയില്ല.
ക്രിസ്ത്യാനികൾ ലോകത്തിന്റെ പ്രശ്നങ്ങളിൽ വിരക്തരാണെന്നോ ക്രിയാത്മക നടപടിയെടുക്കാൻ വൈമനസ്യമുള്ളവരാണെന്നോ ഇതിനർത്ഥമില്ല. വാസ്തവത്തിൽ, ക്രിസ്ത്യാനികളോടു പറഞ്ഞിരിക്കുന്നതു യേശു തന്റെ അനുഗാമികളെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച രാജ്യ ഗവൺമെൻറ് തന്നെയായ ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിന്റെയും പഠിപ്പിക്കുന്നതിന്റെയും വേലയിൽ തികച്ചും കർമ്മനിരതരായിരിക്കാനാണ്, അല്ലാതെ പ്രതിഷേധിക്കുന്നതിലല്ല. (മത്തായി 6:10; 24:14) നവീകരിക്കാൻ സാധ്യമല്ലാത്ത ഈ ലോകത്തെ രാജ്യം വീണ്ടെടുക്കാൻ ശ്രമിക്കില്ലെന്നു ബൈബിൾ പ്രകടമാക്കുന്നു; മനുഷ്യവർഗ്ഗത്തെ ഇപ്പോൾ ഞെരുക്കിക്കൊണ്ടിരിക്കുന്ന ദുഷ്ട ഗവൺമെൻറുകളെയും സാമൂഹിക ക്രമങ്ങളെയും അതു സമ്പൂർണമായി ഇല്ലായ്മചെയ്യുകയും ഭൂവ്യാപകമായി യഥാർത്ഥ ന്യായവും നീതിയും സ്ഥാപിക്കാൻ കഴിവുള്ള ഒരു വ്യവസ്ഥിതിയെ പകരം കൊണ്ടുവരുകയും ചെയ്യും. (ദാനീയേൽ 2:44) അത്തരമൊരു വ്യവസ്ഥിതിയുടെകീഴിൽ ആർക്കും പ്രതിഷേധ റാലി നടത്തേണ്ടിവരില്ല, എന്തുകൊണ്ടെന്നാൽ “ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്ന”വനായ യഹോവയാം ദൈവം നമ്മുടെ ആഗ്രഹങ്ങൾ സമ്പൂർണ്ണമായും സാക്ഷാത്ക്കരിക്കപ്പെടുന്നതിൽ ശ്രദ്ധിക്കും.—സങ്കീർത്തനം 145:16. (g93 2/8)
[18-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Labor strike, Leslie’s