സേവനയോഗത്തിനായി എങ്ങനെ തയ്യാറാകാം?
1. സേവനയോഗത്തിന്റെ ഉദ്ദേശ്യമെന്ത്, നമുക്കെങ്ങനെ അതിൽനിന്നു പരമാവധി പ്രയോജനം നേടാം?
1 നല്ല ശുശ്രൂഷകരാകാൻ നമ്മെ സഹായിക്കുകയെന്ന ലക്ഷ്യത്തിലാണ് സേവനയോഗ പരിപാടികൾ തയ്യാറാക്കിയിരിക്കുന്നത്. സുവാർത്താ പ്രസംഗം, പഠിപ്പിച്ചു ശിഷ്യരാക്കൽ, ആസന്നമായ ദിവ്യന്യായവിധി പ്രഖ്യാപിക്കൽ എന്നിവയ്ക്ക് ഊന്നൽനൽകുന്നവയാണ് അവ. (മത്താ. 28:20; മർക്കോ. 13:10; 2 പത്രോ. 3:7) നന്നായി തയ്യാറാകുകയും അഭിപ്രായങ്ങൾ പറയാൻ ഒരുങ്ങിയിരിക്കുകയും ചെയ്യുമ്പോൾ ഈ യോഗത്തിൽനിന്നു പരമാവധി പ്രയോജനം നേടാൻ നമുക്കു കഴിയും.
2. ഒരു പ്രസംഗം ശ്രദ്ധിക്കാൻ നമുക്കെങ്ങനെ തയ്യാറാകാം?
2 പ്രസംഗം: ഓരോ ആഴ്ചയും ഏതൊക്കെ വിഷയങ്ങളാണ് ചർച്ചചെയ്യുന്നതെന്ന് പ്രസംഗകനുള്ള നിർദേശത്തിൽനിന്നു മിക്കപ്പോഴും മനസ്സിലാക്കാവുന്നതാണ്. പരാമർശിച്ചിട്ടുള്ള തിരുവെഴുത്തുകൾ എടുത്തുനോക്കിക്കൊണ്ടും വിവരങ്ങൾ ശുശ്രൂഷയിൽ എങ്ങനെ ബാധകമാക്കാമെന്നു ചിന്തിച്ചുകൊണ്ടും നിങ്ങൾക്ക് നിയമിതഭാഗങ്ങൾ അവലോകനം ചെയ്യാനാകും.
3. ചോദ്യോത്തര പരിചിന്തനത്തിന് നമുക്കെങ്ങനെ തയ്യാറാകാം?
3 ചോദ്യോത്തര പരിചിന്തനം: ഹ്രസ്വമായ മുഖവുരയോടും ഉപസംഹാരത്തോടും കൂടി, വീക്ഷാഗോപുരാധ്യയനത്തിന്റെ മാതൃകയിലാണ് ഈ പരിപാടി നടത്തുന്നത്. ഓരോ ഖണ്ഡികയിലെയും മുഖ്യ ആശയങ്ങൾക്ക് അടിവരയിട്ടുകൊണ്ട് അർഥവത്തായ ചെറിയ ഉത്തരങ്ങൾ പറയാൻ തയ്യാറെടുക്കുക.
4. സദസ്യ ചർച്ചയ്ക്കായി നമുക്കെങ്ങനെ തയ്യാറാകാം?
4 സദസ്യ ചർച്ച: മുഖ്യമായും ഒരു പ്രസംഗത്തിന്റെ രൂപത്തിലാണ് ഇത് അവതരിപ്പിക്കുന്നതെങ്കിലും, അതിൽ പങ്കുപറ്റാനുള്ള ഏതാനും അവസരങ്ങൾ സദസ്സിനും ഉണ്ടായിരിക്കും. മുഖ്യ ആശയങ്ങൾക്ക് അടിവരയിടുകയും തിരുവെഴുത്തുകൾ എടുത്തുനോക്കുകയും ചെയ്യുന്നെങ്കിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ നിങ്ങൾക്ക് ഉത്തരം പറയാൻ സാധിച്ചേക്കും. മുഖ്യ ആശയങ്ങൾ ചർച്ചചെയ്യുമ്പോൾ സദസ്സിനെ ഉൾപ്പെടുത്താൻ, ഈ പരിപാടി കൈകാര്യം ചെയ്യുന്ന സഹോദരൻ പ്രത്യേകം ശ്രദ്ധിക്കും.
5. അവതരണങ്ങളിൽനിന്ന് പരമാവധി പ്രയോജനം നേടാൻ നമുക്കെങ്ങനെ കഴിയും?
5 അവതരണങ്ങൾ: ചില പരിപാടികളിൽ, പരിചിന്തിക്കുന്ന വിവരങ്ങൾ പ്രദേശത്ത് എങ്ങനെ ബാധകമാക്കാമെന്നു കാണിക്കുന്ന, യാഥാർഥ്യത്തോടു പൊരുത്തമുള്ള അവതരണങ്ങൾ നടത്തേണ്ടതുണ്ടായിരുന്നേക്കാം. അതിനായി മൂപ്പന്മാരെയോ അനുഭവസമ്പന്നരായ പ്രസാധകരെയോ പയനിയർമാരെയോ സമീപിക്കാവുന്നതാണ്. ഈ ഭാഗം തയ്യാറാകുമ്പോൾ, വിവരങ്ങൾ എങ്ങനെയായിരക്കും അവതരിപ്പിക്കാൻപോകുന്നതെന്ന് നിങ്ങൾക്ക് വിഭാവനം ചെയ്യാനാകും. ഒരു മാതൃകാവതരണം നിരീക്ഷിക്കുമ്പോൾ, വ്യത്യസ്ത സാഹചര്യങ്ങളിലുള്ളവർക്ക് ഇണങ്ങുംവിധം അതെങ്ങനെ പൊരുത്തപ്പെടുത്താമെന്നു ചിന്തിക്കുക. യോഗങ്ങൾക്കു വരുമ്പോൾ, അവതരണത്തിൽ ഉപയോഗിക്കുന്ന പ്രസിദ്ധീകരണോ മാസികയോ കൂടെക്കൊണ്ടുവരാൻ ശ്രദ്ധിക്കുക. കുടുംബാധ്യയനവേളയിൽ ഈ അവതരങ്ങളിൽ ചിലത് പരിശീലിക്കുന്നതു നന്നായിരിക്കും.
6. സേവനയോഗത്തിന് തയ്യാറാകേണ്ടതിന്റെ ചില കാരണങ്ങളേവ?
6 നന്നായി തയ്യാറായിവരികയും അവതരിപ്പിക്കാൻപോകുന്ന വിവരങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നെങ്കിൽ സേവനയോഗ പരിപാടി നമുക്ക് കൂടുതൽ ആസ്വാദ്യകരമായിരിക്കും. അങ്ങനെ അത് പരസ്പര പ്രോത്സാഹനത്തിനുള്ള അവസരമൊരുക്കും. (റോമ. 1:11, 12) സേവനയോഗത്തിനു നന്നായി തയ്യാറാകുന്നപക്ഷം, നമ്മുടെ നിയോഗം നിറവേറ്റാൻ നാം ഏറെ സജ്ജരായിത്തീരും.—2 തിമൊ. 3:17.