യോഗങ്ങളെ പ്രയോജനകരമാക്കുന്നതിൽ നിങ്ങളുടെ പങ്ക്
1 നമ്മുടെ യോഗങ്ങൾ യഹോവയോടു മെച്ചമായി പരിചയപ്പെടാൻ നമ്മെ സഹായിക്കുന്നു. അവ അവന്റെ നിയമങ്ങളും തത്വങ്ങളും ഗ്രഹിക്കാൻ നമ്മെ സഹായിക്കുകയും അവയനുസരിച്ചു ജീവിക്കാൻ നമ്മെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. യോഗങ്ങൾ ജീവരക്താകരമായ പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ ഫലപ്രദമായ ഒരു പങ്കുവഹിക്കാൻ നമ്മെ ഒരുക്കുന്നു. അവ ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവൻ എന്ന നമ്മുടെ ലാക്കിൽ എത്തിച്ചേരുന്നതിന് നമ്മെ സഹായിക്കുന്നു. യോഗങ്ങളെ പ്രയോജനകരമാക്കാൻ നാം വ്യക്തിപരമായി നമ്മുടെ പങ്കു നിർവഹിക്കുമെങ്കിൽ, യോഗങ്ങളിൽ നാം ഒന്നിച്ചുചെലവഴിക്കുന്ന മണിക്കൂറുകൾ നമുക്ക് ഏററവും വലിയ പ്രയോജനം കൈവരുത്തും.
2 യോഗങ്ങളെ പ്രയോജനകരമാക്കുന്നതിന് മൂന്നു താക്കോലുകൾ ഉണ്ട്—തയ്യാറാകൽ, പങ്കുപററൽ, പ്രായോഗിക ബാധകമാക്കൽ. ഇവ പരസ്പരം ബന്ധപ്പെട്ടവയാണ്. നല്ല തയ്യാറാകൽ പങ്കുപററലിനെ അനായാസവും ആസ്വാദ്യവുമാക്കുന്നു. വിശ്വാസത്തിന്റെ സന്തോഷകരവും ഉത്സാഹപൂർവകവുമായ ആശയപ്രകടനങ്ങൾ ശ്രദ്ധിക്കുന്നവരെ പ്രോൽസാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു. (എഫേ. 4:29) ഹാജരായിരിക്കുന്നവർക്കെല്ലാം അവതരിപ്പിക്കപ്പെടുന്നതു മനസ്സിലാകുകയും തങ്ങളുടെ സ്വന്തജീവിതത്തിലും ശിഷ്യരാകാൻ മററുളളവരെ സഹായിക്കുന്നതിലും പ്രായോഗികവിധങ്ങളിൽ വിവരങ്ങൾ എങ്ങനെ ബാധകമാക്കാമെന്നു മനസ്സിലാക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നുവെങ്കിൽ അവർ അവ ഉപയോഗിക്കാൻ വളരെക്കൂടുതൽ സാദ്ധ്യതയുണ്ട്.
വീക്ഷാഗോപുരവും സഭാപുസ്തകാദ്ധ്യയനങ്ങളും
3 വീക്ഷാഗോപുര അദ്ധ്യയനവും സഭാപുസ്തകാദ്ധ്യയനവും വളരെ പ്രധാനപ്പെട്ട യോഗങ്ങളാണ്, എന്തുകൊണ്ടെന്നാൽ അവ മുഖേനയാണ് “വിശ്വസ്തനും വിവേകിയുമായ അടിമ” വിശ്വാസത്തിന്റെ ഭവനക്കാരെ പഠിപ്പിക്കുന്നത്. (മത്താ. 24:45-47) പരിചിന്തിക്കപ്പെടുന്ന വിവരങ്ങൾ പഠിക്കുന്നതിന് നിങ്ങൾ സമയം വേർതിരിക്കുന്നുണ്ടോ? യോഗങ്ങളിൽ ഉത്തരംപറയാൻ നിങ്ങൾ ഒരുങ്ങിയിരിക്കുന്നുവോ? സ്പഷ്ടമായി നിങ്ങൾ ഈ കാര്യത്തിൽ ഒരു മുഖ്യപങ്കാണു വഹിക്കുന്നത്.
4 വീക്ഷാഗോപുര അദ്ധ്യയനത്തിന്റെയോ സഭാപുസ്തകാദ്ധ്യയനത്തിന്റെയോ വിവരങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം പഠിച്ചിട്ടുണ്ടെങ്കിൽ കൊടുക്കലിന്റെ ഏററവും വലിയ സന്തോഷത്തിൽ പങ്കുപററാൻ നിങ്ങൾ തയ്യാറായിരിക്കും. (പ്രവൃത്തികൾ 20:35) മുഖ്യവാക്കുകളുടെ അടിയിൽ വരയിടുന്നത് സഹായകമാണെന്ന് അനേകർ കണ്ടെത്തുന്നു. ഉദ്ധരിച്ചിട്ടില്ലാത്ത തിരുവെഴുത്തുകൾ എടുത്തു നോക്കുന്നതിനാലും അവ ബാധകമാകുന്നത് എങ്ങനെയാണെന്ന് പരിചിന്തിക്കുന്നതിനാലും നിങ്ങൾ ഉത്തരങ്ങൾക്കുളള തിരുവെഴുത്തടിസ്ഥാനം സംബന്ധിച്ചു ഗ്രാഹ്യം നേടുന്നതായിരിക്കും. നിങ്ങൾക്കിപ്പോൾ സ്വന്തം വാചകത്തിൽ ഉത്തരംപറയാൻ കഴിയുമോ? അതോ നിങ്ങൾ ഉത്തരങ്ങൾ വായിക്കേണ്ടിയിരിക്കുന്നുവോ? ദിവ്യാധിപത്യപഠനത്തിലെ മുഖ്യ ലക്ഷ്യങ്ങൾ വിവരങ്ങളെ നിങ്ങളുടെ സ്വന്തമാക്കുകയെന്നതും ഹൃദയവിലമതിപ്പോടും ഗ്രാഹ്യത്തോടുംകൂടെ അതനുസരിച്ചു പ്രവർത്തിക്കുകയെന്നതുമാണ്.—സദൃ. 2:5; 4:7, 8.
ദിവ്യാധിപത്യശുശ്രൂഷാസ്ക്കൂളും സേവനയോഗവും
5 നിങ്ങൾ സ്ക്കൂളിലെ നിങ്ങളുടെ വിദ്യാർത്ഥിപ്രസംഗങ്ങളെ യഹോവയിൽനിന്നുളള നിയമനങ്ങളായി വീക്ഷിക്കുകയും നിങ്ങൾ എങ്ങനെ തയാറാകുന്നുവെന്നതിൽ അതു പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുവോ? വിവരം നിങ്ങൾക്കു മനസ്സിലാകുന്നുണ്ടെന്നും ആകർഷകമായി അതു അവതരിപ്പിക്കാൻ കഴിയുമെന്നും ഉറപ്പുവരുത്തുക. നിങ്ങൾക്ക് ഒരു പ്രത്യേക നിയമനമില്ലെങ്കിൽപോലും പട്ടികപ്പെടുത്തിയിരിക്കുന്ന ബൈബിളദ്ധ്യായങ്ങളും മററു വിവരങ്ങളും ഓരോ വാരത്തിലും വായിച്ചുകൊണ്ട് പഠിക്കുക. സേവനയോഗത്തിനും ഇതുതന്നെ ചെയ്യേണ്ടതാണ്. നേരത്തെതന്നെ ഇതു ചെയ്യുന്നുവെങ്കിൽ, യോഗസമയത്ത് ആദ്യമായി വിവരങ്ങൾ പരിചിതമാക്കാൻ കഠിനയത്നം ചെയ്യുന്നതിനു പകരം അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങളെക്കുറിച്ചു നിങ്ങൾക്കു സജീവമായി ചിന്തിക്കാൻ കഴിയും.
6 സേവനയോഗപ്രകടനങ്ങളും വിദ്യാർത്ഥിപ്രസംഗ രംഗവിധാനങ്ങളും എല്ലാവർക്കും ഗ്രഹിക്കാൻകഴിയുന്ന പ്രാദേശിക സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുംവിധം പ്രായോഗികമായിരിക്കണം. നിങ്ങളുടെ ഭാഗം നന്നായി റിഹേഴ്സ്ചെയ്യുക. കൂടാതെ, നിങ്ങളുടെ വേഷം മററുളളവർക്ക് നല്ല മാതൃകയായിരിക്കത്തക്കവണ്ണം നന്നായി വസ്ത്രധാരണംചെയ്യുക.
7 നന്നായി തയ്യാറായ ഭാഗങ്ങൾ ഉൽസാഹപൂർവം അവതരിപ്പിക്കാൻ ലാക്കുവെക്കുക. മാതാപിതാക്കളേ, തയ്യാറാകുന്നതിനും അവസരംകിട്ടുമ്പോൾ അവരുടെ സ്വന്തം വാക്കുകളിൽ ഉത്തരംപറയുന്നതിനും നിങ്ങളുടെ കുട്ടികളെ സഹായിക്കുക. തീർച്ചയായും കൃത്യസമയത്ത് ഹാജരാകാനും പങ്കെടുക്കാൻ ഒരുങ്ങിയിരിക്കാനും എല്ലാവരും വ്യക്തിപരമായി താല്പര്യം കാട്ടുന്നുവെങ്കിൽ നമ്മുടെ മീററിംഗുകൾ സദസ്സിന്റെ ശ്രദ്ധയെ പിടിച്ചുനിർത്തുമാറ് അവതരിപ്പിക്കപ്പെടുന്ന ജീവൽപ്രധാനവും പ്രേരണാത്മകവുമായ വിവരങ്ങളാൽ ജ്വലിക്കുന്നതായിരിക്കും. നിങ്ങളോടുകൂടെ സമ്മേളിച്ചിരിക്കുന്ന മററുളളവരെ “പരിപുഷ്ടിപ്പെടുത്താൻ സകലവും നടക്കത്തക്ക വിധം” ഈ കാര്യത്തിൽ നിങ്ങൾ നിങ്ങളുടെ പങ്കു നിർവഹിക്കുമോ?—1 കൊരി. 14:26.