സേവനയോഗ പരിപാടികൾ നടത്തുന്നവർക്കുള്ള നിർദേശങ്ങൾ
സേവനയോഗ പട്ടികയിൽ ഉപയോഗിച്ചുവരുന്ന ചില പദങ്ങൾക്ക്, നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഈ ലക്കം മുതൽ മാറ്റംവരുത്തിയിട്ടുണ്ട്. പിൻവരുന്ന നിർദേശങ്ങളും ഓർമിപ്പിക്കലുകളും, 2009 മേയ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ വന്ന “സേവനയോഗത്തിനായി എങ്ങനെ തയ്യാറാകാം?” എന്ന ലേഖനത്തിൽ പ്രതിപാദിച്ചിരുന്ന വിവരങ്ങൾക്കു കൂടുതൽ വ്യക്തത നൽകും. പുതുക്കിയ ചില വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
◼ പ്രസംഗം: നിയമിതഭാഗം അടിസ്ഥാനമാക്കി നടത്തേണ്ട പ്രസംഗം. സദസ്യ പങ്കുപറ്റലില്ല. സഭയ്ക്ക് ഏറ്റവും സഹായകമായ വിവരങ്ങളിലായിരിക്കണം പ്രസംഗകൻ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്.
◼ ചോദ്യോത്തര പരിചിന്തനം: ഹ്രസ്വമായ ഒരു മുഖവുരയും ഉപസംഹാരവും സഹിതം, ഏറെക്കുറെ വീക്ഷാഗോപുര അധ്യയനത്തിന്റെ മാതൃകയിലാണ് ഈ പരിപാടി നടത്തേണ്ടത്. ഖണ്ഡികകൾക്കായി കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങളും ചോദിക്കുക. പരിപാടി നടത്തുന്ന സഹോദരൻ അമിതമായി അഭിപ്രായങ്ങൾ പറയുന്നത് ഒഴിവാക്കണം. സമയം അനുവദിക്കുന്നതിനനുസരിച്ച് പ്രധാനപ്പെട്ട തിരുവെഴുത്തുകൾ വായിക്കാനാകും. ഖണ്ഡികകൾ വായിക്കാൻ പ്രത്യേകം നിർദേശിച്ചിട്ടില്ലെങ്കിൽ അവ വായിക്കേണ്ടതില്ല.
◼ ചർച്ച: സദസ്യ പങ്കുപറ്റലോടെയുള്ള പ്രസംഗം. പ്രസംഗം മാത്രമായോ ചോദ്യോത്തരച്ചർച്ച മാത്രമായോ നടത്തേണ്ട ഒന്നല്ല ഇത്.
◼ അഭിമുഖങ്ങളും അവതരണങ്ങളും: അഭിമുഖത്തിൽ പങ്കെടുക്കുന്നവർ ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ടല്ല, സ്റ്റേജിൽ വന്നുവേണം സംസാരിക്കാൻ. അവതരണം ഉൾപ്പെടുത്താൻ പറയുമ്പോൾ, തന്റെ പരിപാടിയിൽ ഒരു അവതരണം ഉൾപ്പെടുത്താനുള്ള ഉത്തരവാദിത്വം പരിപാടി നടത്തുന്ന സഹോദരന് ഉണ്ടെന്നാണ് അർഥമാക്കുന്നത്; ആ സഹോദരൻതന്നെ അവതരണം നടത്തണം എന്നല്ല. അവതരണം നടത്താനായി അദ്ദേഹം തിരഞ്ഞെടുക്കുന്നവർ പ്രാപ്തരും മാതൃകായോഗ്യരുമായിരിക്കണം. കഴിയുന്നതുംനേരത്തെതന്നെ അവരുമായി സംസാരിച്ച് വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്. പുതിയ, അനുഭവപരിചയം കുറവുള്ള പ്രസാധകർക്ക് വെറുതെ സ്റ്റേജിൽ കയറാനുള്ള ഒരു അവസരം നൽകുന്നതിനുവേണ്ടിമാത്രം നിയമനം നൽകാതിരിക്കുന്നതാണ് ഉചിതം; എന്നാൽ അവരിൽ ചിലരെ വീട്ടുകാരായി ഉപയോഗിക്കാനാകും. അവതരണം നടത്തുന്നവർ സദസ്സിന് അഭിമുഖമായിവേണം അതു നടത്താൻ. അവതരണങ്ങളും അഭിമുഖങ്ങളും നന്നായി പരിശീലിച്ചശേഷം നടത്തുക. സമയം കൂടിപ്പോകുന്നതുനിമിത്തം പരിപാടി വെട്ടിച്ചുരുക്കേണ്ടതായി വന്നാൽപ്പോലും അവതരണങ്ങളോ അഭിമുഖങ്ങളോ ഒഴിവാക്കരുത്. ശുശ്രൂഷാദാസന്മാർ, അവതരണത്തിനായി പ്രസാധകരെ തിരഞ്ഞെടുക്കുന്നതിനുമുമ്പ് മൂപ്പന്മാരുടെ സംഘത്തിന്റെ കോ-ഓർഡിനേറ്ററുമായോ മറ്റേതെങ്കിലും ഒരു മൂപ്പനുമായോ ആലോചിക്കേണ്ടതാണ്.
ഒരു പരിപാടി നടത്തുന്നതിന് എന്തെങ്കിലും പ്രത്യേക നിർദേശങ്ങളുണ്ടെങ്കിൽ അവ ശ്രദ്ധാപൂർവം പിൻപറ്റേണ്ടതാണ്. മേൽപ്പറഞ്ഞ നിർദേശങ്ങൾക്കു ചേർച്ചയിൽ സഹോദരന്മാർ സേവനയോഗ പരിപാടികൾ നടത്തുമ്പോൾ, സേവനയോഗം “ഉചിതമായും ക്രമീകൃതമായും” നടക്കാൻ ഇടവരും.—1 കൊരി. 14:40.