ചോദ്യപ്പെട്ടി
◼ സഭായോഗങ്ങളിൽ നമുക്ക് സമയനിഷ്ഠ എങ്ങനെ ഉറപ്പാക്കാം?
സുഹൃത്തുക്കളുമൊത്ത് സന്തോഷകരമായ കാര്യങ്ങൾ പങ്കുവെക്കുമ്പോൾ സമയം പോകുന്നത് അറിയില്ല. തന്നിമിത്തം, നിയമിത സമയത്തിനുള്ളിൽ യോഗപരിപാടികൾ നടത്തുക എന്നത് പലപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. എന്തു ചെയ്യുന്നതു സഹായകമായിരിക്കും?
കൃത്യസമയത്ത് ആരംഭിക്കുക. മുഴുസഭയും കൂടിവരുന്ന അവസരങ്ങളിൽ പരിപാടി ആരംഭിക്കുന്നതിന് ഒന്നോ രണ്ടോ മിനിട്ട് മുമ്പുതന്നെ സ്വസ്ഥാനങ്ങളിൽ ഇരിക്കാൻ സദസ്യരെ ക്ഷണിക്കുന്നത് ക്രമീകൃതമായ രീതിയിൽ നിശ്ചിത സമയത്തുതന്നെ യോഗം തുടങ്ങുന്നതിനു സഹായകമായിരിക്കും. (സഭാ. 3:1) വയൽസേവന യോഗം പോലെയുള്ള ചെറിയ യോഗങ്ങൾപോലും താമസിച്ചു വന്നേക്കാവുന്നവരെ പ്രതീക്ഷിച്ച് വൈകിക്കേണ്ടതില്ല.
നന്നായി തയ്യാറാവുക. സമയനിഷ്ഠയുടെ ഒരു താക്കോൽ മുൻകൂട്ടിയുള്ള തയ്യാറാകലാണ്. നിയമനത്തിന്റെ ഉദ്ദേശ്യം വ്യക്തമായി മനസ്സിൽ പിടിക്കുക. മുഖ്യ ആശയങ്ങൾ കണ്ടുപിടിക്കുക, അവ ഊന്നിപ്പറയുക. അപ്രധാന വിശദാംശങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ലളിതമായി അവതരിപ്പിക്കുക. പ്രകടനങ്ങളോ അഭിമുഖങ്ങളോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മുൻകൂട്ടി പരിശീലിക്കുക. സാധ്യമാകുന്നിടത്തോളം, ഉച്ചത്തിൽ പരിശീലിക്കുമ്പോൾ സമയം ക്രമപ്പെടുത്തുക.
വിവരങ്ങൾ സമയാനുസൃതം വിഭജിക്കുക. നിങ്ങളുടെ നിയമനം പ്രസംഗമോ സദസ്യ ചർച്ചയോ ആകട്ടെ, വിവരങ്ങൾ വിഭജിക്കുന്നതു സഹായകമാണെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം. ഓരോ ഭാഗത്തിനും എത്ര സമയം എടുക്കാമെന്നു നിശ്ചയിക്കുക, അത് നിങ്ങളുടെ കുറിപ്പിന്റെ മാർജിനിൽ സൂചിപ്പിക്കുക. പരിപാടി അവതരിപ്പിക്കുമ്പോൾ, എഴുതിവെച്ച ആ സമയത്തോടു പറ്റിനിൽക്കാൻ ശ്രദ്ധിക്കുക. സദസ്യ ചർച്ച നടത്തുമ്പോൾ, പ്രാരംഭ ഭാഗത്ത് സദസ്സിൽനിന്ന് വളരെയധികം അഭിപ്രായങ്ങൾ ക്ഷണിക്കുന്നത് ഒഴിവാക്കുക. കാരണം, അങ്ങനെയാകുമ്പോൾ പിന്നീടുവരുന്ന താരതമ്യേന പ്രാധാന്യമേറിയ വിവരങ്ങൾ ദ്രുതഗതിയിൽ ചർച്ചചെയ്തു തീർക്കേണ്ടതായിവരും. വീക്ഷാഗോപുര അധ്യയന നിർവാഹകർ ഒടുവിൽ പുനരവലോകന ചതുരം പരിചിന്തിക്കുന്നതിന് മതിയായ സമയം പട്ടികപ്പെടുത്തേണ്ടതാണ്. സമാപന ഗീതത്തിനും പ്രാർഥനയ്ക്കും നിയമിക്കപ്പെട്ടിരിക്കുന്ന സമയം കവർന്നെടുക്കാതിരിക്കാനും അവർ ശ്രദ്ധിക്കണം.
കൃത്യസമയത്ത് ഉപസംഹരിക്കുക. സേവനയോഗംപോലെ പല ഭാഗങ്ങളുള്ള യോഗം ആണെങ്കിൽ ഓരോ പ്രസംഗകനും തന്റെ പരിപാടി തുടങ്ങുന്നതും അവസാനിക്കുന്നതും എപ്പോഴാണ് എന്നതു സംബന്ധിച്ച അവബോധം ഉണ്ടായിരിക്കേണ്ടതാണ്. ഒരാൾ കൂടുതൽ സമയം എടുക്കുന്നെങ്കിൽ എന്തു ചെയ്യാൻ കഴിയും? പ്രധാനപ്പെട്ട ആശയങ്ങൾക്കു മാത്രം ഊന്നൽ കൊടുത്തുകൊണ്ടും അപ്രധാന വിശദാംശങ്ങൾ ഒഴിവാക്കിക്കൊണ്ടും ഒന്നോ അതിൽ കൂടുതലോ സഹോദരന്മാർക്ക് സമയനഷ്ടം പരിഹരിക്കാനായേക്കും. അപ്രകാരം ചെയ്യാനുള്ള പ്രാപ്തി വിദഗ്ധനായ അധ്യാപകനെ തിരിച്ചറിയിക്കുന്നു.
സദസ്സെന്നനിലയിൽ, ഹ്രസ്വവും കാര്യമാത്രപ്രസക്തവുമായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് നമുക്ക് പരിപാടി നിർവഹിക്കുന്ന സഹോദരനെ പിന്തുണയ്ക്കാനാവും. അങ്ങനെ, നമുക്കെല്ലാവർക്കും, യോഗങ്ങൾ “ഉചിതമായും ക്രമമായും” നടക്കുന്നതിനു സംഭാവനചെയ്യാൻ കഴിയും.—1 കൊരി. 14:39ബി.