ശാസ്ത്രത്തിന് 21-ാം നൂററാണ്ടിന്റെ വെല്ലുവിളികളെ നേരിടാൻ കഴിയുമോ?
“ഭൂമിമാതാവിനു തന്റെ അശ്രദ്ധരും താന്തോന്നികളുമായ സന്തതികളുമായി ഇനി അധികനാൾ മല്ലടിക്കാൻ കഴിയില്ലെന്നതിനു ശാസ്ത്രീയ തെളിവുകൾ ഇപ്പോൾ ആവശ്യത്തിലേറെയുണ്ട്.”ദ യൂറോപ്യൻ, മാർച്ച് 19-25, 1992.
ഭൂമിക്കു നേരെയുള്ള ഭീഷണി, ഗൗരവമുള്ളതും ശ്രദ്ധ കൊടുക്കേണ്ടതുമായ ഒന്നാണെന്നും അല്ലാതെ നിസ്സാര കാര്യത്തിനുവേണ്ടിയുള്ള ഒരു കോളിളക്കമുണ്ടാക്കലല്ലെന്നും അധികമധികം പരിസ്ഥിതി വിജ്ഞാനികൾ അഭിപ്രായപ്പെടുന്നു. വാസ്തവത്തിൽ, വൻദുരന്തം ഒഴിവാക്കണമെങ്കിൽ സത്വര നടപടികൾ അത്യന്താപേക്ഷിതമാണെന്ന് അവർ പറയുന്നു. “നമുക്കു തലമുറകളില്ല. ഇപ്പോഴത്തെ ഗതി പിന്നോട്ടാക്കുന്നതിനു ശ്രമിക്കാൻ നമുക്കുള്ളത് ഏതാനും വർഷങ്ങൾ മാത്രം” എന്നാണ് 1980-കളുടെ അവസാനം വേൾഡ്വാച്ച് ഇൻസ്ററിററ്യൂട്ടിന്റെ പ്രസിഡൻറ് പറഞ്ഞത്.
ഗ്രഹത്തെ രക്ഷിക്കാൻ 5000 ദിവസങ്ങൾ (5000 Days to Save the Planet) എന്ന പുസ്തകത്തിന്റെ എഡിററർമാർ 1990-ൽ പ്രസ്തുത പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അവർ വളരെ കൃത്യതയുള്ളവരായിരുന്നു. ആ സമയംമുതൽ അവരുടെ കൗണ്ട്ഡൗൺ തുടരുകയാണ്. അവരുടെ നിർണായകദിവസ (deadline) പ്രകാരം ഗ്രഹത്തെ രക്ഷിക്കാൻ അവശേഷിച്ചിരിക്കുന്ന സമയം 4,000 ദിവസത്തിനടുത്തു ചുററിപ്പററിനിൽക്കുന്നു. ഇരുപത്തൊന്നാം നൂററാണ്ടു പിറക്കുന്നതോടെ, അതിനിടയിൽ അസാധാരണമായി എന്തെങ്കിലും സംഭവിക്കുന്നില്ലെങ്കിൽ, ആ സംഖ്യ ഏതാണ്ട് 1,500 ദിവസമായി ചുരുങ്ങിയിരിക്കും.
ഈ വ്യക്തമായ പ്രതിസന്ധി സംജാതമാകാൻ ഇടയാക്കിയ അസാധാരണമായ സാഹചര്യങ്ങൾ എന്തെല്ലാമാണ്? വരുന്ന നൂററാണ്ട് ഉയർത്തുന്ന വെല്ലുവിളികൾ എന്തെല്ലാമാണ്?
പ്രശ്നങ്ങൾക്ക് ഒരു കുറവുമില്ല
ശീതസമരം അവസാനിച്ചതിൽ സമാധാനപ്രേമികളായ ആളുകൾ സന്തോഷിക്കുന്നു. എന്നാൽ ലോകസമാധാനം നേടുന്നതിന്റെയും നിലനിർത്തുന്നതിന്റെയും വെല്ലുവിളി ഇപ്പോഴും നിലനിൽക്കുന്നു. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറു ജനുവരിയിൽ യൂറോപ്യൻ ഏകീകരണത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചു പ്രസംഗിക്കവെ, ഫ്രാൻസിന്റെ പ്രസിഡൻറായ മിത്തെറാങ് പറഞ്ഞു: “നമ്മൾ പിന്നിൽ വിട്ടുകളയുന്നതു ന്യായരഹിതമെങ്കിലും സ്ഥിരതയുള്ള ഒരു ലോകത്തെയാണ്, കാരണം നാം പ്രത്യാശിക്കുന്ന ഒരു ലോകം കൂടുതൽ നീതിനിഷ്ഠമായിരിക്കുമെങ്കിലും അതു തീർച്ചയായും കൂടുതൽ അസ്ഥിരമായിരിക്കും.” ദ യൂറോപ്യൻ എന്ന പത്രം എഴുതി: “(മുൻസോവിയററ് ചേരിയിലെ രാഷ്ട്രങ്ങളുടെ) സ്വാതന്ത്ര്യത്തിന്റെ വില വർധിച്ചുവരുന്ന ഒരു അസ്ഥിരതയാണ്. ചെറിയ തോതിലേ ഉള്ളുവെങ്കിലും അതു ന്യൂക്ലിയർ യുദ്ധത്തിന്റെ അപകടം വർധിപ്പിച്ചിട്ടുണ്ട്.”
വാസ്തവത്തിൽ ഇന്നു ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ ചിലതു ശീതസമരം തുടങ്ങിയ സമയത്തു തീർത്തും അജ്ഞാതമായിരുന്നു. ഗ്രഹത്തെ രക്ഷിക്കാൻ 5000 ദിവസങ്ങൾ എന്ന പുസ്തകം കുറിക്കൊള്ളുന്നതുപോലെ: “വെറും അമ്പതു വർഷം മുമ്പു ലോകപരിസ്ഥിതി മിക്കവാറും സന്തുലിതാവസ്ഥയിലായിരുന്നു. . . . ലോകം ബൃഹത്തും മനോഹരവും ശക്തവുമായ ഒരിടമായിരുന്നു; അതിനു കേടുവരുത്താൻ നമുക്കെങ്ങനെ കഴിഞ്ഞു? ഇപ്പോൾ നമ്മുടെ ഗ്രഹം പ്രതിസന്ധിയിലാണെന്നും അതിനെ നമ്മുടേതായ രീതിയിൽ നശിപ്പിച്ചും മലിനീകരിച്ചും ഒരു ആഗോള ദുരന്തത്തിലേക്കു തള്ളിവിടുന്നെന്നും നാം കേൾക്കുന്നു.”
പ്രകൃതിക്ഷോഭങ്ങൾ എന്നു വിളിക്കുന്ന പ്രളയങ്ങളും കൊടുങ്കാററുകളും ഭൂകമ്പങ്ങളും അഗ്നിപർവതത്തിന്റെ പൊട്ടിത്തെറിക്കലുകളും എവിടെയും സംഭവിച്ചുകൊണ്ടാണിരിക്കുന്നത്. പരിസ്ഥിതിയുടെ മേലുള്ള മമനുഷ്യന്റെ കൈയേററം എത്രത്തോളം ഇതിനു കാരണമായി എന്നതിനു തർക്കം ഉണ്ടായേക്കാം. ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളിയുടെ ചില ഭാഗങ്ങൾ അപകടകരമാംവിധം ലോലമായിത്തീർന്നിരിക്കുന്നു എന്നതിനു തെളിവുണ്ട്. ദുരന്തങ്ങൾക്കിടയാക്കാൻ കഴിയുന്ന കാലാവസ്ഥാമാററങ്ങൾ ആഞ്ഞടിക്കുന്നതു ക്രമാനുഗതമായിട്ടായിരിക്കില്ല, മറിച്ച് പെട്ടെന്നായിരിക്കും എന്നു ചില ശാസ്ത്രജ്ഞർ ഇപ്പോൾ മുന്നറിയിപ്പു നൽകുന്നു.
അർബുദം, ഹൃദ്രോഗം, രക്തപരിവാഹസംബന്ധമായ (circulatory) തകരാറുകൾ എന്നിവയും മററനേകം രോഗങ്ങളും വൈദ്യശാസ്ത്ര രംഗത്തുള്ളവരുടെ വൈദഗ്ധ്യത്തെ വളരെ നാളുകളായി വെല്ലുവിളിച്ചിരിക്കുന്നു. വൈദ്യശാസ്ത്ര പുരോഗതിയുടെ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും, ഈ രോഗങ്ങൾ ഇപ്പോഴും ആളുകളെ കൊല്ലുന്നു. യൂറോപ്പിൽ മാത്രം ഓരോ വർഷവും അർബുദംമൂലം മൃതിയടയുന്നതു 12,00,000 പേരാണെന്നു കണക്കാക്കപ്പെടുന്നു. അത് ഒരു പതിററാണ്ടു മുമ്പുണ്ടായിരുന്നതിനെക്കാൾ 65 ശതമാനം കൂടുതലാണ്. ഒരു പുതിയ ബാധയെക്കുറിച്ചുള്ള—താരതമ്യേന കുറച്ച് ആളുകളെ കൊന്നിട്ടുള്ള എയ്ഡ്സിനെക്കുറിച്ചുള്ള—ഭയം നിമിത്തം, ഈ കനത്ത നഷ്ടം മിക്കവാറും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
മറെറാരു വെല്ലുവിളി: ഇരുനൂറു വർഷത്തിനുള്ളിൽ ലോകജനസംഖ്യ 100 കോടിയിൽനിന്നു 550 കോടിയായി വർധിച്ചിരിക്കുന്നു. വാർഷിക വർധനയുടെ തോതിൽ ഈയിടെ ഒരു ഇടിവുണ്ടായിരുന്നിട്ടും ചിലരുടെ കണക്കനുസരിച്ചു 2025 ആകുമ്പോഴേക്കും ലോകജനസംഖ്യ മിക്കവാറും 800 കോടി കവിഞ്ഞിരിക്കും, 2050 ആകുമ്പോഴേക്കും അത് 1,000 കോടിയോടടുത്തിരിക്കും. ഈ ആളുകളെല്ലാം എവിടെ ജീവിക്കും? അവർ എന്തു ഭക്ഷിക്കും? ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറെറാന്നിൽ പുറത്തിറക്കിയ ഒരു യുഎൻ (UN) റിപ്പോർട്ടു കണക്കാക്കിയിരിക്കുന്നതു 100 കോടി ആളുകൾ ഇപ്പോൾത്തന്നെ ജീവിക്കുന്നതു മുഴുപ്പട്ടിണിയിലാണെന്നും അവരുടെ ജീവിതം “മനുഷ്യമാഹാത്മ്യത്തിന്റെ ന്യായയുക്തമായ യാതൊരു നിർവചനത്തിനും യോജിക്കാത്തവിധം വികലപോഷണം, നിരക്ഷരത, രോഗങ്ങൾ എന്നിവയാൽ ആവരണംചെയ്യപ്പെട്ടിരിക്കുന്നു” എന്നുമാണ്.
ഐക്യനാടുകളിലെ സ്ററാൻഫോർഡ് യൂണിവേഴ്സിററിയിലെ ജനസംഖ്യാപഠന വിഭാഗം പ്രൊഫസറായ പോൾ ആർ. എർലിക് “ദരിദ്രരാഷ്ട്രങ്ങളിലെ അമിത ജനപ്പെരുപ്പം അവരെ ദരിദ്രബാധിതരായിത്തന്നെ നിലനിർത്താൻ ചായ്വു കാണിക്കുമ്പോൾ, സമ്പന്നരാഷ്ട്രങ്ങളിലെ ജനസംഖ്യാപ്പെരുപ്പം മുഴുഗ്രഹത്തിന്റേയും ജീവനെ പിന്തുണക്കാനുള്ള കഴിവിനു തുരങ്കം വെക്കാൻ ചായ്വു കാണിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ഈ പ്രശ്നത്തിന്റെ വ്യാപ്തി രേഖപ്പെടുത്തുന്നു.
മേൽപ്പറഞ്ഞ ഘടകങ്ങൾ—അല്ലെങ്കിൽ മയക്കുമരുന്നു ദുരുപയോഗം, പാർപ്പിട ദൗർലഭ്യം, കുററകൃത്യങ്ങൾ, വർഗീയ സംഘട്ടനങ്ങൾ എന്നിവപോലുള്ള മററുഘടകങ്ങൾ—സമീപഭാവിയിൽ ഒരു ആഗോള ദുരന്തത്തിനു തിരികൊളുത്താനുള്ള സാധ്യത യഥാർഥ ഉത്ക്കണ്ഠയ്ക്കു കാരണമാകുന്നു. വെല്ലുവിളി വ്യക്തമാണെങ്കിലും അതിനെ എങ്ങനെ നേരിടണമെന്നതു അവ്യക്തമാണ്.
പരിഹാരമാർഗങ്ങൾ ആരായൽ
എന്നിരുന്നാലും, പ്രശ്നങ്ങളുടെ ഗൗരവം കണക്കിലെടുത്തുകൊണ്ട് അടിയന്തിരതയുടെ വ്യത്യസ്ത അളവുകളിൽ ഗവൺമെൻറുകൾ പരിഹാരങ്ങൾ തേടുകയാണ്. ഉദാഹരണമായി, കഴിഞ്ഞ ജൂണിൽ റിയോ ഡി ജനെയ്റോയിൽ, പരിസ്ഥിതി വിഷയത്തിൻമേൽ ഇതുവരെ നടന്നിട്ടുള്ളതിൽ ഏററവും വലിയ സമ്മേളനം വിളിച്ചുകൂട്ടി. യുഎൻ-ന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഈ ഭൗമ ഉച്ചകോടി അത്തരത്തിലുള്ളതിൽ രണ്ടാമത്തേതായിരുന്നു. ഒന്നാമത്തെതു സ്വീഡനിലെ സ്റേറാക്ക്ഹോമിൽ 1972-ൽ നടന്നിരുന്നു. അവിടെവച്ച് അറിയപ്പെടുന്ന ഒരു ജർമൻ രാഷ്ട്രീയ പ്രവർത്തകൻ ഇങ്ങനെ പ്രസ്താവിച്ചു: “ഗ്രഹത്തിന്റെ ഭാവി നിർണയിക്കുന്നതിൽ ഒരു വഴിത്തിരിവാകാൻ ഈ സമ്മേളനത്തിനു കഴിയും.”
വ്യക്തമായും 1972-ലെ യോഗം പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. ആയിരത്തിത്തൊള്ളായിരത്തെഴുപത്തിരണ്ടിലെയും 1992-ലെയും സമ്മേളനങ്ങളുടെ മുഖ്യസംഘാടകനായ മോറീസ് എഫ്. സ്റ്രേറാങ് ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “പരിസ്ഥിതി ഏജൻസികളുടെ യഥാർഥത്തിലുള്ള ഏക ആയുധമായ പരിസ്ഥിതി നിയന്ത്രണം പ്രധാനപ്പെട്ടതാണെങ്കിലും പര്യാപ്തമല്ല എന്നു സ്റേറാക്ക്ഹോമിനുശേഷമുള്ള 20 വർഷത്തിനിടയിൽ നാം മനസ്സിലാക്കിയിരിക്കുന്നു. ഇതോടൊപ്പം നമ്മുടെ സാമ്പത്തിക പ്രവർത്തനങ്ങൾക്കായുള്ള അടിസ്ഥാനപരമായ പ്രേരകഘടകങ്ങളിലെ പ്രധാനപ്പെട്ട മാററങ്ങളും ഉണ്ടായിരിക്കേണ്ടതാണ്.”
എന്നാൽ, ഈ “പ്രധാനപ്പെട്ട മാററങ്ങൾ” നേടിയെടുക്കുന്നതിൽ 1992-ലെ സമ്മേളനം 1972-ലേതിനെക്കാൾ അല്പമെങ്കിലും വിജയപ്രദമായിരുന്നെന്നു തെളിയിക്കുമോ? ഇല്ലെങ്കിൽ 20 വർഷത്തിനുശേഷം 2012-ൽ മൂന്നാമത്തെ ഭൗമ ഉച്ചകോടിക്കു വേദി ഒരുക്കാൻ ഈ ഗ്രഹത്തിനു കഴിയുമോ?
അതിന്റെ ഏററവും വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു
ലോകത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കഴിവിൽ ജനങ്ങൾ പൊതുവെ കൂടുതൽക്കൂടുതൽ സംശയാലുക്കളായിത്തീരുകയാണ്. മതത്തിനും രാഷ്ട്രീയത്തിനും കഴിയുന്നില്ലെങ്കിൽ, 21-ാം നൂററാണ്ടിന്റെ ഗൗരവമായ വെല്ലുവിളികളെ നേരിടാൻ എന്തിനാണു കഴിയുക?
ഗവേഷണത്തിനും സാങ്കേതികവിദ്യയ്ക്കും വേണ്ടിയുള്ള ജർമൻ മന്ത്രാലയം പ്രസിദ്ധീകരിച്ച ഒരു ലഘുപത്രിക ഈ ചോദ്യത്തിൻമേൽ വെളിച്ചം വീശുന്നു. “ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന്, മനുഷ്യൻ ഇനിയും വരുത്തിക്കൂട്ടിയേക്കാവുന്ന കൂടുതലായ ഏതെങ്കിലും മാററങ്ങളെ ഒഴിവാക്കാൻ മാത്രമല്ല ആഗോള മാററങ്ങളുടെ ദോഷകരമായ ഫലങ്ങളെ തടയാൻകൂടി പര്യാപ്തമായ രാഷ്ട്രീയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. നമ്മെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ സങ്കീർണതയുടെ വെളിച്ചത്തിൽ, സാധുവായ ശാസ്ത്രീയ കണ്ടെത്തലുകളിലും വിശ്വാസയോഗ്യമായ പൂർവാനുമാന രീതികളിലും അടിസ്ഥാനപ്പെടുത്തുന്നെങ്കിൽ മാത്രമേ അർഥവത്തായ രാഷ്ട്രീയ തീരുമാനങ്ങൾ സാധ്യമാകയുള്ളൂ. ചെലവേറിയ അല്ലെങ്കിൽ അനഭികാമ്യവും വിപൽക്കരംപോലുമായ വികാസങ്ങളെ ഒഴിവാക്കാൻ ഇതു മാത്രമാണ് ഒരു പോംവഴിയായി കാണുന്നത്. ഈ വിവരം ലഭ്യമാക്കുക എന്നതാണു ശാസ്ത്രസമൂഹം ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏററവും വലിയ വെല്ലുവിളി.”
ശാസ്ത്രം ഇതിനു മുമ്പു ഭയങ്കരമായ വെല്ലുവിളികളെ നേരിടുകയും ഒരു പരിധിവരെ ചെറുത്തുനിൽക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, വരുന്ന 21-ാം നൂററാണ്ട് ഉയർത്തുന്ന അനിതരസാധാരണമായ വെല്ലുവിളികളെ നേരിടാൻ ശാസ്ത്രത്തിനു കഴിയുമോ എന്ന ചോദ്യം അസ്ഥാനത്തല്ല. ശുഭാപ്തിവിശ്വാസത്തിനു വല്ല അടിസ്ഥാനവുമുണ്ടോ?
ഈ ഗൗരവമുള്ള വിഷയങ്ങളുടെ ചർച്ച ഒരു ലേഖനപരമ്പരയായി ഈ ലക്കത്തിൽ ആരംഭിക്കുകയാണെന്ന് ഉണരുക! സന്തോഷത്തോടെ അറിയിക്കട്ടെ. ഒന്നാം ഭാഗം പിൻവരുന്നു.
[4-ാം പേജിലെ ചിത്രങ്ങൾ]
മലിനീകരണം, രോഗം, അമിതജനപ്പെരുപ്പം എന്നിവ സംബന്ധിച്ചു ശാസ്ത്രത്തിന് എന്തു ചെയ്യാൻ കഴിയും?
[കടപ്പാട്]
WHO photo by P. Almasy
WHO photo by P. Almasy