യുവജനങ്ങൾ ചോദിക്കുന്നു. . .
ഒരു വൈകല്യം നിമിത്തം ഞാൻ കഷ്ടപ്പെടേണ്ടി വരുന്നത് എന്തുകൊണ്ട്?
“അന്ന് എനിക്ക് അഞ്ചു വയസ്സു പ്രായമായിരുന്നു,” ബെക്കി അനുസ്മരിക്കുന്നു. “ഒരു സുഹൃത്ത് എന്നെ ബൈക്കിൽ കൊണ്ടുപോകുമ്പോഴായിരുന്നു വളവിൽവച്ച് ഒരു കാർ ഞങ്ങളെ വന്നിടിച്ചത്.” ഫലമോ? “എന്റെ കാൽ ഒടിയുകയും തലയ്ക്കു വലിയ പരുക്കുകൾ ഏൽക്കുകയും ചെയ്തു. ഞാൻ ജീവിച്ചിരിക്കുമെന്നു ഡോക്ടർമാർ പ്രതീക്ഷിച്ചില്ല.” എന്നിരുന്നാലും ബെക്കി ജീവിക്കുകതന്നെ ചെയ്തു. ഇന്ന് അവൾ സന്തോഷവതിയായ ഒരു 16-വയസ്സുകാരിയാണ്. എങ്കിലും, അത്യാഹിതം അതിന്റെ വടുക്കൾ അവശേഷിപ്പിച്ചു. “അത് എന്നെ വളരെ ദുർബലയാക്കിത്തീർത്തു,” അവൾ പറയുന്നു.
ക്രേഗ് എന്നു പേരായ ഒരു യുവാവും മസ്തിഷ്ക പക്ഷാഘാതം CP, (cerebral palsy) എന്ന് അറിയപ്പെടുന്ന ഒരു രോഗത്തിന്റെ ഫലമായി വികലാംഗനാണ്. “സിപി എന്റെ പേശികളെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്നു,” ക്രേഗ് വിശദീകരിക്കുന്നു. “മസ്തിഷ്കം അയക്കുന്ന സന്ദേശങ്ങളോട് എന്റെ മാംസപേശികൾ ശരിയായി പ്രതികരിക്കുന്നില്ല. അതുകൊണ്ട്, എനിക്കു നടക്കുന്നതിനും സംസാരിക്കുന്നതിനും സമനില പാലിക്കുന്നതിനും പ്രയാസമുണ്ട്. എനിക്ക് ഈ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയും. അത്ര അനായാസേന അല്ലെന്നു മാത്രം.”
നിങ്ങൾക്കു സമാനമായി ഏതെങ്കിലും തരത്തിലുള്ള ശാരീരിക വൈകല്യമുണ്ടോ? രണ്ടായിരമാണ്ട് ആകുന്നതോടെ വൈകല്യമുള്ള യുവജനങ്ങളുടെ എണ്ണം ലോകവ്യാപകമായി ഏതാണ്ട് 5.9 കോടിയിൽ എത്തും എന്നാണ് സ്ഥിതിവിവരകണക്കുകൾ പ്രകടമാക്കുന്നത്. (ലോകാരോഗ്യം, ജനുവരി⁄ഫെബ്രുവരി 1985) എന്നിരുന്നാലും, നിങ്ങൾക്കുള്ള അതേ പ്രശ്നം വളരെയധികം പേർക്ക് ഉണ്ടെന്നുള്ള വസ്തുത നിങ്ങൾ മററുള്ള യുവജനങ്ങളെപ്പോലെ ഓടുന്നതിനും ചാടുന്നതിനും വിനോദിക്കുന്നതിനും ആഗ്രഹിച്ചിട്ടു സാധിക്കാതെ വരുമ്പോൾ ആശ്വാസം നൽകുന്നില്ല.
വികലാംഗരുടെ പ്രശ്നങ്ങൾ
ശാരീരിക വൈകല്യങ്ങൾ ഒട്ടും പുതിയതല്ല. ബൈബിൾ കാലങ്ങളിൽ ചിലർക്കു മുടന്തും (2 ശമൂവേൽ 4:4; 9:13), അന്ധതയും (മർക്കൊസ് 8:22), വൈരൂപ്യങ്ങളും (മത്തായി 12:10) അനുഭവിക്കേണ്ടിവന്നു. ഇത്തരത്തിലുള്ള വികലാംഗർക്കു ജീവിതത്തിലെ ഏററവും അടിസ്ഥാനപരമായ കൃത്യങ്ങൾ നിർവഹിക്കുന്നതു പലപ്പോഴും ദുഷ്കരമായിരുന്നു.—ആവർത്തനപുസ്തകം 28:29; സദൃശവാക്യങ്ങൾ 26:7 താരതമ്യം ചെയ്യുക.
നിങ്ങൾക്കും നിങ്ങൾക്കുള്ള പരിമിതികൾ നിമിത്തം സമാനമായ ഒരു പോരാട്ടം ഉണ്ടായിരുന്നേക്കാം. വസ്ത്രം ധരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും അല്ലെങ്കിൽ സ്കൂളിൽ പോകുന്നതും വളരെയധികം പ്രയത്നം ആവശ്യമാക്കിത്തീർത്തേക്കാം—മററുള്ളവരുടെ ഗണ്യമായ സഹായവും. “എനിക്ക് എന്റെ വലതുവശത്തെ മാംസപേശികൾ കൃത്യമായി ചലിപ്പിക്കാൻ കഴിയുന്നില്ല,” ബെക്കി പറയുന്നു. “അതുകൊണ്ട് എനിക്ക് ഇടതുകൈ ഉപയോഗിച്ച് എഴുതാൻ പഠിക്കേണ്ടിവന്നു. നടക്കുന്നതും വിഷമകരമായിരുന്നിട്ടുണ്ട്. ഇപ്പോൾ ഞാൻ തികച്ചും സ്വാഭാവികമായി നടക്കുന്നു, എന്നാൽ ചില ദിവസങ്ങളിൽ എനിക്ക് ഒരു മോശമായ മുടന്തുണ്ട്,” അല്ലെങ്കിൽ പൊക്കക്കുറവിനാൽ ബാധിക്കപ്പെട്ട ഒരു യുവാവ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഗണിക്കുക. നർമ്മബോധം ഇല്ലാതെയല്ല അവൻ പറയുന്നത്: “ഭിത്തിയിലുള്ള ലൈററ് സ്വിച്ചുകൾ എത്തിപ്പിടിക്കുന്നതു മറെറാരു യഥാർഥ ശല്യമാണ്. . . . നിശ്ചയമായും വീടുകൾ ഉയരമുള്ള ആളുകൾക്കായി രൂപകല്പന ചെയ്തിട്ടുള്ളതാണ്.”— ശാരീരിക വൈകല്യത്തോടുകൂടിയ ജീവിതം അനുഭവപ്പെടുന്ന വിധം (How It Feels to Live With a Physical Disability), ജിൽ ക്രെമെൻറ്സ് എഴുതിയത്.
എന്നിരുന്നാലും, നിങ്ങളുടെ ഏററവും അസഹ്യമായ പ്രശ്നങ്ങൾ ശാരീരപ്രകൃതിയിലുള്ളതല്ല എന്നു നിങ്ങൾ കണ്ടെത്തിയേക്കാം. പേരെൻറ്സ് മാസിക ഇപ്രകാരം വിശദീകരിക്കുന്നു: “പ്രത്യേക ആവശ്യങ്ങളുള്ള യുവജനങ്ങൾക്കു ജീവിതം വിശേഷാൽ പ്രയാസകരമാക്കിത്തീർക്കുന്ന മററുള്ളവരുടെ പ്രതികരണങ്ങളോടു കൗമാരപ്രായക്കാർ സംവേദനമുള്ളവരാണ്. . . . തങ്ങളുടെ ആകാരത്തെക്കുറിച്ചു മററുള്ളവർ എന്തു വിചാരിക്കുന്നുവെന്ന് അവർ ശങ്കിക്കുകയും സൗഹാർദ പ്രകടനങ്ങളെ മിക്കപ്പോഴും സംശയിക്കുകയും സദുദ്ദേശ്യത്തോടുകൂടിയ ഈ പെരുമാററങ്ങളെ അസ്വീകാര്യമായ സഹതാപ പ്രകടനങ്ങളായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. മററുള്ളവരുടെ പ്രീതി നേടുന്നതിനും അവരാൽ അംഗീകരിക്കപ്പെടുന്നതിനും ആഗ്രഹിക്കുന്നതു സ്വാഭാവികം മാത്രമാണ്. എന്നാലും, നിങ്ങൾ അകററപ്പെട്ടു എന്ന തോന്നൽ ഉണ്ടായേക്കാം. യുവതിയായ മിഷെൽ കൂട്ടിച്ചേർക്കുന്നതുപോലെ: “എന്റെ മുഴു ജീവിതത്തിലും ഞാൻ മറെറല്ലാവരിൽനിന്നും വിഭിന്നയായിരുന്നിട്ടുണ്ട്. കാരണം എനിക്ക് എന്റെ ഇടതുകൈ ഇല്ല.”
വിഭിന്നരായിരിക്കുന്നതു നിങ്ങളെ അതിരററ അലട്ടലിനും വിധേയരാക്കിയേക്കാം. “എനിക്ക് 5-ാം ഗ്രേഡ് വരെ വികലാംഗരായ കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേകവൽകൃത വിദ്യാഭ്യാസം ലഭിച്ചു,” ക്രേഗ് അനുസ്മരിക്കുന്നു. “എന്നാൽ 5-ാം ഗ്രേഡിൽ ആയപ്പോൾ, ഞാൻ ഒരു സാധാരണ സ്കൂളിൽ പോകുവാൻ തുടങ്ങി. ഒരു ദിവസം കുറെ ആൺകുട്ടികൾ എന്നെ കളിയാക്കിച്ചിരിക്കുവാൻ തുടങ്ങിയതുവരെ എനിക്കു യഥാർഥത്തിൽ വളരെയധികം പ്രശ്നങ്ങളില്ലായിരുന്നു. അത് എന്റെ നടപ്പിന്റെ രീതി കണ്ടിട്ടായിരുന്നു.” ബെക്കിക്കും തന്റെ സഹപാഠികളാലുള്ള നിഷ്കരുണമായ പെരുമാററത്തിന്റെ നൊമ്പരം നിറഞ്ഞ സ്മരണകളുണ്ടായിരുന്നു. എന്തുകൊണ്ടെന്നാൽ മുമ്പു നടത്തിയ ശസ്ത്രകിയ അവളുടെ സ്വനതന്തുക്കൾക്കു കേടുവരുത്തിയതുകൊണ്ട് അവളുടെ സ്വരം അല്പം പരുഷമാണ്. “സ്കൂൾകുട്ടികൾ എന്നെ ഭീകരനാദം എന്നു വിളിക്കുക പതിവായിരുന്നു,” അവൾ പറയുന്നു.
സമാനമായി മുതിർന്നവർ അന്യായമായ മുൻവിധികൾ പ്രകടമാക്കിയേക്കാം. ചിലർ നിങ്ങളുമായി ദൃഷ്ടിസമ്പർക്കം പുലർത്തുന്നത് ഒഴിവാക്കിയേക്കാം. മററുചിലർ നിങ്ങൾ അദൃശ്യരാണെന്നോ മാനസിക വൈകല്യമുള്ളവരാണെന്നോ ഉള്ള മട്ടിൽ തങ്ങളുടെ അഭിപ്രായങ്ങളെ നിങ്ങളുടെ മാതാപിതാക്കളിലേക്കും സ്നേഹിതരിലേക്കും തിരിച്ചുവിട്ടുകൊണ്ട്, നിങ്ങളോടു സംസാരിക്കുന്നതു തന്നെ ഒഴിവാക്കിയേക്കാം. ഇതിലെല്ലാം ഏററവും ശല്യപ്പെടുത്തുന്നതു നിങ്ങൾ കേടുവന്ന വ്യാപാരച്ചരക്കു പോലെയാണെന്നുള്ള തോന്നൽ ശക്തിപ്പെടുത്തിക്കൊണ്ട്, ഇടതടവില്ലാതെ അനുകമ്പ കോരിച്ചൊരിയുന്ന ശുഭകാംക്ഷികളായിരിക്കാം.
വസ്തുത സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം
എന്നിരുന്നാലും, ദൈവം നിങ്ങളെ സംബന്ധിച്ച് എങ്ങനെ വിചാരിക്കുന്നു? നിങ്ങളുടെ വൈകല്യം അവിടുത്തെ അംഗീകാരമില്ലായ്മയുടെ ഏതെങ്കിലും തരത്തിലുള്ള അടയാളമാണോ? “പിറവിയിലെ കുരുടനായോരു മനുഷ്യനെ” കണ്ടുമുട്ടിയപ്പോൾ യേശു എന്താണു പറഞ്ഞത് എന്നു ഗൗനിക്കുക. “ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പൻമാരോ?” എന്നു അവിടത്തെ ശിഷ്യൻമാർ ചോദിച്ചു. “അവൻ എങ്കിലും അവന്റെ അമ്മയപ്പൻമാരെങ്കിലും പാപം ചെയ്തിട്ടല്ല” എന്നു യേശു ഉത്തരം പറഞ്ഞു. (യോഹന്നാൻ 9:1-3) അല്ല, അന്ധത അന്ധനായ വ്യക്തിയുടെയോ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയോ ഭാഗത്തുള്ള ഏതെങ്കിലും പാപത്തിന്റെ ഫലമായിരുന്നില്ല. പകരം, അത് ആദാമിൽനിന്നു നാമെല്ലാവരും അവകാശപ്പെടുത്തിയിട്ടുള്ള അപൂർണതയുടെ ഫലമായിരുന്നു. “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിക്കുന്നു.—റോമർ 5:12.
അങ്ങനെയെങ്കിൽ, ശാരീരിക വൈകല്യങ്ങൾ ദിവ്യ ഇടപെടലിന്റെയോ ശിക്ഷയുടെയോ ഫലമല്ല. ചിലതെല്ലാം അശ്രദ്ധയുടെ ഫലമാണ്. മററു ചിലതു കേവലം “കാലവും ഗതിയും” നിമിത്തമുള്ളതാണ്. (സഭാപ്രസംഗി 9:11) കൂടാതെ തങ്ങളുടെ മാതാപിതാക്കളുടെ ഭാഗത്തെ ദുഷ്പെരുമാററമോ അവഗണനയോ നിമിത്തം ശാരീരികമായി ക്ലേശം അനുഭവിക്കുന്ന യുവജനങ്ങളുമുണ്ട്.
നിങ്ങളുടെ ക്ലേശങ്ങളുടെ കാരണം എന്തു തന്നെയായിരുന്നാലും, ദൈവം നിങ്ങളെ കേടുവന്നവരായി വീക്ഷിക്കുന്നു എന്നു വിചാരിക്കേണ്ടതില്ല. പ്രത്യുത, അവിടുന്നു നിങ്ങളെ ഉത്ക്കൃഷ്ടരും വിലയേറിയവരുമായി വീക്ഷിക്കുന്നു, വിശേഷിച്ചു നിങ്ങൾ ദൈവഭയമുള്ളവരാണെങ്കിൽ. (ലൂക്കൊസ് 12:7) അവിടുന്നു തികച്ചും വ്യക്തിപരമായ ഒരു വിധത്തിൽ “നിങ്ങൾക്കുവേണ്ടി കരുതുന്നു.” നിങ്ങളെ തന്റെ സേവനത്തിൽ ഉപയോഗിക്കുന്നതിനു താൻ പ്രസാദമുള്ളവനാണ്. (1 പത്രൊസ് 5:7) എക്കാലത്തെയും ഏററവും പ്രമുഖരായ ദൈവദാസൻമാരിൽ ഒരാളായ, അപ്പോസ്തലനായ പൗലോസ്, തെളിവനുസരിച്ച് ഒരു ശാരീരിക വൈകല്യം—“ജഡത്തിലെ ശൂലം” അനുഭവിച്ചിരുന്നു. (2 കൊരിന്ത്യർ 12:7) “മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” എന്ന് അറിയുന്നത് എത്ര ആശ്വാസപ്രദമാണ്. (1 ശമൂവേൽ 16:7) അവിടുന്നു നിങ്ങളുടെ കഴിവു പൂർണമായി മനസ്സിലാക്കുകയും തന്റെ പുതിയ ലോകത്തിൽ നിങ്ങൾ പൂർണതയിലേക്കു പുനഃസ്ഥിതീകരിക്കപ്പെടുമ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് അറിയുകയും ചെയ്യുന്നു.—വെളിപ്പാട് 21:3, 4.
മററുള്ളവരുമായി പൊരുത്തപ്പെടുന്നു
നിർഭാഗ്യവശാൽ, നിങ്ങളുടെ സഹപാഠികളും മററുചിലരും ദൈവത്തിന്റെ സമുന്നത വീക്ഷണഗതി ഇല്ലാത്തവരായിരിക്കാം. വാസ്തവത്തിൽ, ചിലപ്പോൾ ആളുകൾ തികച്ചും നിർദയർത്തന്നെയാണ്. അപ്പോൾ, നിങ്ങളുടെ ചങ്ങാതിമാരിൽ ചിലർ നിങ്ങളുടെ ദുരവസ്ഥ സംബന്ധിച്ചു സമാനമായി നിഷ്കരുണരാണെങ്കിൽ, അത്ഭുതം കൂറരുത്. എന്നിരുന്നാലും, സാധാരണമായി, ആളുകൾ വ്രണപ്പെടുത്താനോ ബുദ്ധിമുട്ടിപ്പിക്കാനോ യഥാർഥത്തിൽ ഉദ്ദേശിക്കുന്നില്ല; ചിലപ്പോൾ അവർ കേവലം ജിജ്ഞാസുക്കളാണ്. നിങ്ങളുടെ ക്ലേശം സംബന്ധിച്ചു പ്രയാസം തോന്നുന്നതിനാൽ അല്ലെങ്കിൽ ചിലപ്പോൾ കേവലം വിചാരശൂന്യരായിരിക്കുന്നതിനാൽ അവർ ചിന്താശൂന്യമോ വ്രണപ്പെടുത്തുന്നതോ ആയ എന്തെങ്കിലും പറഞ്ഞേക്കാം.
നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ചിലപ്പോൾ നിങ്ങൾക്കു വിഷമമുളവാക്കുന്ന സാഹചര്യങ്ങളെ തടയാൻ കഴിയും. ദൃഷ്ടാന്തത്തിന്, മററുള്ളവർ പിരിമുറുക്കത്തിലായിരിക്കുന്നതായി അല്ലെങ്കിൽ അവർ വാക്കുകൾക്കുവേണ്ടി വിഷമിക്കുന്നതായി നിങ്ങൾ കാണുന്നെങ്കിൽ അവരെ നിങ്ങൾക്കു ശാന്തരാക്കാവുന്നതാണ്. നമുക്കു മനസ്സിലാകാത്ത കാര്യം സംബന്ധിച്ചു നമ്മളെല്ലാം ആശങ്കയുള്ളവരാകാൻ ചായ്വുള്ളവരാണ്. നിങ്ങളുടെ യഥാർഥ വ്യക്തിത്വം മററുള്ളവർ അറിയാനിടയാകത്തക്കവണ്ണം നിങ്ങളുടെ വൈകല്യത്തിനതീതമായി അവരെ സഹായിക്കുക. സാഹചര്യം നോക്കാൻ ആവശ്യമാക്കിത്തീർക്കുന്നതായി കാണപ്പെടുന്നെങ്കിൽ, പിൻവരുന്നതുപോലെ എന്തെങ്കിലും പറയുവാൻ ശ്രമിക്കാവുന്നതാണ്: “എനിക്ക് ഒരു ചക്രകസേര ഉപയോഗിക്കേണ്ടിവരുന്നത് എന്തുകൊണ്ടെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?” പേരെൻറ്സ് മാസിക പറയുന്നതനുസരിച്ച്, അംഗച്ഛേദം ചെയ്ത ഒരു അധ്യാപിക, സംഭാഷണം പിൻവരുന്നതുപോലെ തുടങ്ങിക്കൊണ്ടു തന്റെ വിദ്യാർഥികളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുന്നു: “എന്തു സംഭവിച്ചു എന്നു നിങ്ങൾ അതിശയിക്കുകയാണെന്നു ഞാൻ കരുതുന്നു. നിങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നുവോ?”
നിങ്ങൾ പരമാവധി ശ്രമിച്ചാൽപോലും ചിലപ്പോഴെല്ലാം നിങ്ങൾ വ്രണിതരായേക്കാം. യുവതിയായ ബെക്കി പറയുന്നു: “ഞാൻ ഇതിലും ചെറുപ്പമായിരുന്നപ്പോൾ, മററുള്ളവർ എന്നെ പരിഹസിക്കുമ്പോൾ യഥാർഥത്തിൽ അസ്വസ്ഥയാകുക പതിവായിരുന്നു; ഞാൻ എന്റെ മുഴു ജീവിതത്തിലും വികാരവിക്ഷുബ്ധയായിരുന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ അത് എന്നെ അസ്വസ്ഥയാക്കാൻ ഞാൻ അനുവദിക്കുന്നില്ല. ചിലപ്പോൾ അങ്ങനെയുള്ള സാഹചര്യത്തെ ചിരിച്ചു തള്ളുന്നതിനുപോലും ഞാൻ പ്രാപ്തയാണ്.” അതെ, മനോവ്യഥയുണ്ടാക്കുന്ന വിമർശനങ്ങളെ വ്യതിചലിപ്പിക്കുന്നതിന് ഒരു നർമബോധത്തിനു വളരെയധികം ചെയ്യാൻ കഴിയും. “ചിരിപ്പാൻ ഒരു കാലം” ഉണ്ട്. (സഭാപ്രസംഗി 3:4) ശലോമോൻ രാജാവ് കൂടുതലായി ഈ ബുദ്ധ്യുപദേശം നൽകി: “പറഞ്ഞുകേൾക്കുന്ന സകലവാക്കിനും നീ ശ്രദ്ധ കൊടുക്കരുത്.” (സഭാപ്രസംഗി 7:21) ചില സമയങ്ങളിൽ ചിന്താശൂന്യമായ സംസാരത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ഏററവും നല്ലമാർഗം അതിനെ അവഗണിക്കുകയെന്നതാണ്. “ആളുകൾ പറയുന്നതു സംബന്ധിച്ച് ഉത്കണ്ഠപ്പെടരുത്,” ബെക്കി പറയുന്നു.
പ്രത്യാശ സാഹചര്യത്തെ നേരിടാൻ നിങ്ങളെ സഹായിക്കുന്നു
വാസ്തവത്തിൽ, മുഴു മനുഷ്യവർഗവും അപൂർണമാണ്. “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (റോമർ 8:22) എന്നാൽ ഭാവിയെ സംബന്ധിച്ചു നിങ്ങൾക്ക് ഒരു പ്രത്യാശയുണ്ടായിരിക്കാൻ കഴിയും. ഉദാഹരണത്തിന്, നമുക്കു കാരെൾ എന്നു വിളിക്കാവുന്ന ഒരു ബാലികയുടെ കാര്യം എടുക്കാം. വാസ്തവത്തിൽ അവൾ ജൻമനാ ബധിരയായിരുന്നു. അങ്ങനെയിരിക്കെ ഒരു ബൈക്ക് അപകടത്തിന്റെ ഫലമായി അവളുടെ ഒരു കാൽ മുറിച്ചു. കാരെൾ മരിക്കാൻ ആഗ്രഹിച്ചു. എന്നാൽ അവൾ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചു തുടങ്ങുകയും “‘എനിക്കു ദീനം’ എന്ന് ഒരു നിവാസിയും പറയുകയില്ലാ”ത്ത വരാൻപോകുന്ന ഒരു നീതിയുള്ള പുതിയലോകത്തെക്കുറിച്ചു പഠിക്കുകയും ചെയ്തു. (യെശയ്യാവ് 33:24) വാസ്തവമായും, അവൾക്കു തന്റെ വൈകല്യങ്ങളെല്ലാം ഒരുനാൾ സുഖപ്പെടും എന്ന പ്രത്യാശ ലഭിച്ചു—അത്ഭുതകരമായി!—യെശയ്യാവ് 35:5, 6.
ദൈവത്തെക്കുറിച്ചുള്ള പഠനത്തിനു കാരെളിന്റെ സ്വഭാവത്തിൻമേൽ എന്തു ഫലമുണ്ടായി? ചില അടുത്ത ക്രിസ്തീയ സുഹൃത്തുക്കൾ അവളെക്കുറിച്ച് ഇപ്രകാരം പറയുന്നു: “അവൾ എപ്പോഴും പ്രസന്നയാണ്, അവൾ മേലാൽ തന്റെ വൈകല്യത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുന്നില്ല.” എന്നിരുന്നാലും, രസാവഹമായി, അവർ ഇങ്ങനെയും പറയുന്നു: “അവളുടെ സുഹൃത്തുക്കളിലനേകരും അവൾ ഒരു കൃത്രിമകാൽ വെച്ചിരിക്കുന്നുവെന്നും വളരെ കടുത്ത കേൾവിക്കുറവ് അവൾക്കുണ്ടെന്നും തിരിച്ചറിയുന്നില്ല.” എന്തിന്? “അവൾ അധരചലനത്തെയും ശ്രവണസഹായികളെയും ആശ്രയിക്കുന്നു.” സ്പഷ്ടമായും, കാരെൾ ഭാവിയെ സംബന്ധിച്ചു പ്രത്യാശ പുലർത്തുന്നതിലധികം ചെയ്തു. ഇപ്പോൾ അവൾ തന്റെ പരമാവധി കഴിവിൽ എത്തിച്ചേരുന്നതിനു പ്രയത്നിച്ചിരിക്കുന്നു. നമുക്ക് അതുതന്നെ എങ്ങനെ ചെയ്യാൻ കഴിയും എന്നതായിരിക്കും ഈ പരമ്പരയിലെ നമ്മുടെ അടുത്ത ലേഖനത്തിന്റെ വിഷയം. (g93 5/22)
[24-ാം പേജിലെ ചിത്രം]
ജിജ്ഞാസുക്കളായി കാണപ്പെടുന്നവരോടു തങ്ങളുടെ സാഹചര്യം വിശദമാക്കുന്നതു സഹായകമാണെന്നു ചിലർ കണ്ടെത്തുന്നു