യുവജനങ്ങൾ ചോദിക്കുന്നു. . .
എനിക്ക് എന്റെ വൈകല്യവുമായി എങ്ങനെ പൊരുത്തപ്പെടാൻ കഴിയും?
“അവൾക്ക് ഇപ്പോഴും നടക്കാൻ കഴിയും” എന്നു പറഞ്ഞുകൊണ്ടു നാം മാഗി എന്നു വിളിക്കാൻ പോകുന്ന ഒരു പെൺകുട്ടിയുടെ മാതാവു തുടരുന്നു. “എന്നാൽ അവളുടെ ശരീരഭാഗങ്ങളുടെ ഏകോപിതമായ പ്രവർത്തനം നടക്കുന്നില്ല. അവളുടെ സംസാരവും കുഴഞ്ഞതാണ്.” മാഗിക്കു ബഹുവിധങ്ങളിലുള്ള ശിരാകാഠിന്യമുണ്ട്, അവൾ ശാരീരികവൈകല്യത്താൽ ക്ലേശം അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു യുവാക്കളിൽ ഒരാളാണ്.
ഒരുപക്ഷേ നിങ്ങൾ അവരിലൊരാളായിരിക്കാം. നിങ്ങൾ ഒരു വൈകല്യത്തോടുകൂടി ജനിച്ചതായാലും രോഗമോ ആപത്തോa മൂലം വൈകല്യം ഭവിച്ചതായാലും നിങ്ങളുടെ ജീവിതം നിങ്ങൾക്കു നഷ്ടമായി എന്നു നിഗമനം ചെയ്യേണ്ടതില്ല. നിങ്ങളുടെ ഭാഗത്തെ ക്ഷമാപൂർവകമായ പരിശ്രമംകൊണ്ട് സാഹചര്യവുമായി ഫലകരമായി പൊരുത്തപ്പെടുന്നതിനു നിങ്ങൾക്കു ക്രിയാത്മക പടികളെടുക്കാൻ കഴിയും.
മിഥ്യാ സങ്കല്പം എന്ന കണി
തീർച്ചയായും, ഒരു അസന്തുഷ്ടമായ യാഥാർഥ്യത്തെ സ്വീകരിക്കാൻ വിസമ്മതിക്കുന്നതും എന്നാൽ വൈകല്യം കേവലം മാറിക്കൊള്ളും എന്ന് അയഥാർഥമായി പ്രത്യാശിക്കുന്നതും മനുഷ്യപ്രകൃതിയാണ്. അപ്പോസ്തലനായ പൗലോസ് തന്റെ കാഴ്ചശക്തിയെ ബാധിച്ച ഏതോ തരത്തിലുള്ള രോഗത്താൽ ക്ലേശം അനുഭവിച്ചു എന്നു തോന്നുന്നു. (ഗലാത്യർ 6:11 താരതമ്യം ചെയ്യുക.) ഗലാത്യയിലെ ക്രിസ്ത്യാനികളുടെ അടുത്തേക്കുള്ള തന്റെ ആദ്യ സന്ദർശനത്തെ പരാമർശിച്ചുകൊണ്ട്, പൗലോസ് പറഞ്ഞു: “ഞാൻ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാൻ സംഗതിവന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ. എന്റെ ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്ദയോ വെറുപ്പോ കാണിച്ചില്ല.” (ഗലാത്യർ 4:13, 14) പൗലോസിന്റെ രോഗം കണ്ണിൽക്കൂടി പഴുപ്പ് ഒലിക്കുന്നതിന് ഇടയാക്കി അല്ലെങ്കിൽ അദ്ദേഹത്തിന്റെ ആകാരത്തെ ഒരു വിധത്തിൽ വെറുക്കത്തക്കതാക്കിത്തീർത്തു എന്നു ചില പണ്ഡിതൻമാർ കരുതുന്നു. അപ്പോൾ, പൗലോസ് രോഗം വിട്ടുനീങ്ങാനായി “മൂന്നു വട്ടം കർത്താവിനോടു അപേക്ഷിച്ച”ത് ആശ്ചര്യമല്ല. പക്ഷെ അതു വിട്ടുനീങ്ങിയില്ല. (2 കൊരിന്ത്യർ 12:8, 9) എന്നിരുന്നാലും, വൈകല്യമുണ്ടായിരുന്നിട്ടും അദ്ദേഹം ഒരു മിഷനറിയും പണ്ഡിതനും ലേഖകനും എന്നനിലയിൽ ഒരു മികച്ച ജീവിതവൃത്തി ആസ്വദിച്ചു.
നിങ്ങൾക്കും നിങ്ങളുടെ വൈകല്യം ഒരു യാഥാർഥ്യമെന്നവണ്ണം സ്വീകരിക്കേണ്ടതുണ്ടായിരിക്കാം. വികലാംഗരോടുകൂടെയുള്ള ജീവിതം (Living With the Disabled) എന്ന ഗ്രന്ഥത്തിന്റെ ലേഖികയായ ജാൻ കൂംസ് ഇപ്രകാരം എഴുതുന്നു: “വൈകല്യത്തോടു പൊരുത്തപ്പെടുന്നതിനു രോഗി ആദ്യംതന്നെ താൻ വികലാംഗനാണെന്ന വിവരം അംഗീകരിക്കണം. തന്റെ പരിമിതി തന്നെ തടസ്സപ്പെടുത്തുകയും അസൗകര്യപ്പെടുത്തുകയും ചെയ്തേക്കാം, എന്നാൽ അത് ഒരു വ്യക്തിയെന്നനിലയിൽ തന്നെ താഴ്ത്തിക്കെട്ടുന്നില്ല എന്ന് അദ്ദേഹം മനസ്സിലാക്കണം. സുഖം പ്രാപിക്കുമെന്നു ന്യായമായി പ്രതീക്ഷിക്കുന്നതിനു വകയൊന്നുമില്ലെങ്കിൽ, നിങ്ങളുടെ അവസ്ഥ സംബന്ധിച്ച യാഥാർഥ്യം നിഷേധിക്കുന്നതു നിങ്ങളെ ആത്മനിന്ദയുടെയും ഹൃദയവേദനയുടെയും നിരാശയുടെയും ചെളിക്കുണ്ടിൽ ആഴ്ത്തുകയേയുള്ളു. നേരെ മറിച്ച്, “താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്” എന്നു ബൈബിൾ, സദൃശവാക്യങ്ങൾ 11:2-ൽ പറയുന്നു. കൂടാതെ താഴ്മയുള്ള ഒരു വ്യക്തി തന്റെ പരിമിതികൾ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഇതിന്റെ അർഥം ഒരു സന്ന്യാസി ആയിത്തീരുകയെന്നതോ ഒരു വിരസമായ വിഷാദജീവിതത്തിലൊതുങ്ങുകയെന്നതോ അല്ല. പകരം, താഴ്മ നിങ്ങളുടെ സാഹചര്യത്തെ സത്യസന്ധമായി വിലയിരുത്തുന്നതും യഥാർഥമായ ലക്ഷ്യങ്ങൾ വയ്ക്കുന്നതും ആവശ്യമാക്കിത്തീർക്കുന്നു.
കാര്യജ്ഞാനത്തോടെ വർത്തിക്കുക
വൈകല്യത്തിന്റെ പ്രകൃത സംബന്ധിച്ചു നിങ്ങൾക്കും കൃത്യമായ അറിവ് ആവശ്യമാണ്. “സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു,” എന്നു സദൃശവാക്യങ്ങൾ 13:16 പറയുന്നു. (സദൃശവാക്യങ്ങൾ 10:14 താരതമ്യം ചെയ്യുക.) ഇതിനു ചില വൈദ്യമാസികകൾ വായിക്കുന്നതോ നിങ്ങളുടെ ഡോക്ടറോടും മററ് ആരോഗ്യ ഉദ്യോഗസ്ഥരോടും പ്രത്യേക ചില ചോദ്യങ്ങൾ ചോദിക്കുന്നതോ ആവശ്യമായേക്കാം. ഈ സംഗതി സംബന്ധിച്ചു നിങ്ങൾ നിങ്ങളെത്തന്നെ പഠിപ്പിക്കുന്നതു പ്രാപ്തിയുടെ തികവിൽ എത്തിച്ചേരുന്നതിൽനിന്നു പിന്നോക്കം പിടിച്ചുനിർത്തുന്ന ഏതു തെററിദ്ധാരണകളിൽനിന്നും നിങ്ങളെ മോചിപ്പിക്കും.
ഇതു നിങ്ങളുടെ സ്ഥിതിയെ മെച്ചപ്പെടുത്താൻ കഴിയുന്ന പുതിയ വൈദ്യശാസ്ത്ര പുരോഗതികളും ചികിത്സാ സമ്പ്രദായങ്ങളും അപ്പപ്പോൾ അറിയാനും നിങ്ങളെ സഹായിച്ചേക്കാം. ഉദാഹരണത്തിന്, നടപ്പിനു നല്ല സുഖവും അയവും അനുവദിക്കുന്ന പുതിയ ഭാരം കുറഞ്ഞ വസ്തുക്കൾക്കൊണ്ടുള്ള കൃത്രിമ പാദങ്ങൾ (prostheses) വികസിപ്പിച്ചെടുത്തിട്ടുണ്ട്. വാസ്തവത്തിൽ, വികലാംഗർക്കു തുണയായ ഉപകരണങ്ങളുടെ “എണ്ണത്തിൽ പെട്ടെന്നുള്ള ഒരു പെരുപ്പം” ടൈം മാസിക റിപ്പോർട്ടുചെയ്യുന്നു. ഒരുപക്ഷേ അങ്ങനെയുള്ള ഉപകരണങ്ങൾ നിങ്ങളുടെ നാട്ടിൽ കിട്ടാവുന്നവയും നിങ്ങളുടെ കുടുംബത്തിന്റെ ബജററിലൊതുങ്ങുന്നവയും ആയിരിക്കാം.
ശ്രവണ സഹായികൾ, ഊന്നുവടികൾ, ക്രച്ചുകൾ, ബ്രെയ്സുകൾ എന്നിവ പോലെയുള്ള ഏറെ സാധാരണമായ ഉപകരണങ്ങളും അത്യന്തം ഉപയോഗപ്രദമായിരുന്നേക്കാം. ഇനിയിപ്പോൾ, ചില യുവാക്കൾക്ക് അങ്ങനെയുള്ള സഹായികൾ ഉപയോഗിക്കുന്നതു വളരെ അഭിമാനക്ഷതമായും അവലക്ഷണമായും തോന്നിയേക്കാം. എന്നാൽ ശലോമോൻ രാജാവ് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി. “കോടാലി മൂർച്ചയില്ലാതിരുന്നിട്ടു നിങ്ങൾ അതിനു മൂർച്ചവരുത്തുന്നില്ലെങ്കിൽ, നിങ്ങൾക്ക് അത് ഉപയോഗിക്കുന്നതിനു കൂടുതലായി അധ്വാനം ചെയ്യേണ്ടതുണ്ട്.” (സഭാപ്രസംഗി 10:10; ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) ഇതുപോലെ നിങ്ങൾക്കു സഹായം ചെയ്യാൻ കഴിയുന്ന ഉപകരണങ്ങളുടെ നല്ല ഉപയോഗം നടത്താൻ നിങ്ങൾ പരാജയപ്പെടുന്നെങ്കിൽ നിങ്ങൾ ക്ഷീണിച്ചവശരാകാനിടവരും—അല്ലെങ്കിൽ ആസ്വാദ്യമായ കൃത്യങ്ങളിൽനിന്നു നിങ്ങൾ മാറിനില്ക്കേണ്ടി വരും. നിങ്ങളുടെ ജീവിതം അതായിരിക്കേണ്ടതിലധികം ദുഷ്കരമാക്കിത്തീർക്കുന്നതിനു നിങ്ങൾ സ്വാഭിമാനത്തെ എന്തിന് അനുവദിക്കണം? ശലോമോൻ ഇങ്ങനെ പറഞ്ഞുകൊണ്ട് ഉപസംഹരിച്ചു: “ജ്ഞാനമോ, കാര്യസിദ്ധിക്കു ഉപയോഗമുള്ളതാകുന്നു.”
അതേ, മെച്ചമായി നടക്കാനോ കാണാനോ കേൾക്കാനോ നിങ്ങളെ സഹായിക്കുന്ന എന്തെങ്കിലും ഉപയോഗിക്കുന്നതു നിങ്ങളുടെ നേട്ടത്തിനുവേണ്ടിയാണ്. ഒരു ക്രച്ചോ കൃത്രിമാവയവമോ ശ്രവണ സഹായിയോ ഉപയോഗിക്കുന്നതിൽ സമർഥരായിത്തീരുന്നതിനു ഗണ്യമായ പരിശീലനവും ക്ഷമയും വേണ്ടിവന്നേക്കാം എന്നതു ശരിതന്നെ. ഈ ഉപകരണങ്ങൾ നിങ്ങളുടെ ആകാരം മെച്ചപ്പെടുത്തുന്നതിനു നിശ്ചയമായും അധികമൊന്നും ചെയ്യുകയില്ലായിരിക്കാം. എന്നാൽ അവയ്ക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും അവ തുറന്നു തന്നേക്കാവുന്ന അവസരങ്ങളെക്കുറിച്ചും ചിന്തിക്കുക! ജെയ് എന്നു പേരുള്ള ഒരു വികലാംഗയായ ആഫ്രിക്കൻ പെൺകുട്ടി തന്റെ 18 വർഷത്തെ ജീവിതകാലത്ത് ആകെ ഒരിക്കൽമാത്രമാണ് താൻ ഒതുങ്ങി പാർത്തിരുന്ന ചെറിയ പുരയിടത്തിൽ നിന്ന് ഒന്നു പുറത്തിറങ്ങാൻ ധൈര്യം കാട്ടിയിരുന്നത്. യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചതിനെത്തുടർന്ന് അവൾ ക്രിസ്തീയയോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. ഇതു കൈകൾക്കൊണ്ടു സ്വയം മുന്നോട്ടു തള്ളിനീക്കി, ഉടൽ പുറകെ വലിച്ചിഴച്ച്, അനേകം കെട്ടിടങ്ങൾ കടന്നു “നടന്നുപോകുന്നത്” ആവശ്യമാക്കിത്തീർത്തു. യൂറോപ്പിലെ ഒരു സാക്ഷി ജെയ്യുടെ സ്ഥിതി മനസ്സിലാക്കിയപ്പോൾ മൂന്നു വീലുള്ള ഒരു വീൽ ചെയർ അവൾക്ക് അയച്ചുകൊടുത്തു. അതിനു കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ഒരു ചെയിൻ ഡ്രൈവ് ഉണ്ടായിരുന്നു. അവൾ ഒരു ആകർഷകമായ കാഴ്ചയായിരുന്നോ? അല്ല തന്നെ. എന്നാൽ ഗതാഗതത്തിന്റെ ഈ വികൃത രൂപം യോഗങ്ങൾക്കു പോകുന്നതും വീടുവീടാന്തരമുള്ള പ്രസംഗവേലയിൽ പങ്കുപററുന്നതും അവൾക്ക് എളുപ്പമാക്കി.
നിങ്ങൾക്കുതന്നെ പ്രേരണ നൽകുക!
എന്നിരുന്നാലും, ഒരു നിഷേധാത്മക മനോഭാവം വളർത്തിയെടുക്കുന്നതിനെതിരെ ജാഗ്രത പാലിക്കുക. ജ്ഞാനിയായ ശലോമോൻ രാജാവ് ഇപ്രകാരം പറഞ്ഞു: “കാററിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല.” (സഭാപ്രസംഗി 11:4) ചെയ്യാൻ ആഗ്രഹിക്കുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും നിങ്ങളെ പിറകോട്ടു പിടിച്ചുനിർത്താൻ ഭയത്തെയും അനിശ്ചിതത്വത്തെയും നിങ്ങൾ അനുവദിക്കുന്നുവോ? മോശയുടെ കാര്യം പരിഗണിക്കുക, ഈജിപ്ററിലെ അടിമത്തത്തിൽനിന്ന് ഇസ്രയേല്യരെ വിടുവിക്കുന്നതിനു ദൈവം അദ്ദേഹത്തെ തിരഞ്ഞെടുത്തപ്പോൾ ഒരു സംസാരവൈകല്യത്തിന്റെ കാരണം പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. തന്റെ സംസാരത്തിനു തടസ്സമുണ്ടാക്കിയ ഏതോ വൈകല്യത്തെ സൂചിപ്പിച്ചുകൊണ്ട്, “ഞാൻ വാഗ്വൈഭവമുള്ളവനല്ല” എന്നു മോശ പറഞ്ഞു. (പുറപ്പാട് 6:12) എന്നാൽ മോശ തന്നെത്തന്നെ തരംതാഴ്ത്തുകയായിരുന്നു. കാലക്രമത്തിൽ, മുഴു ഇസ്രയേൽ ജനതയേയും അഭിസംബോധനചെയ്യവേ—ഒഴുക്കോടെ സംസാരിക്കാൻ തനിക്കാവുമെന്നു മോശ തെളിയിച്ചു.—ആവർത്തനപുസ്തകം 1:1.
നിങ്ങളെത്തന്നെ തരംതാഴ്ത്തുന്നതിന്റെ അതേ തെററു ചെയ്യരുത്. നിങ്ങളെത്തന്നെ പ്രേരിപ്പിച്ചു പ്രോത്സാഹിപ്പിക്കുക! ഉദാഹരണത്തിന്, കൊച്ചു ബെക്കിക്ക് അഞ്ചാമത്തെ വയസ്സിൽ ഉണ്ടായ ഒരു അപകടത്തിലേററ പരിക്കുകൾ നിമിത്തം സംസാരിക്കാൻ അല്പം പ്രയാസമുണ്ടായിരുന്നു. എന്നാൽ അവളുടെ മാതാപിതാക്കൾ പരിശ്രമം വെടിയാൻ അവളെ അനുവദിച്ചില്ല. പ്രത്യുത, യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ അവർ അവളുടെ പേർ ചാർത്തി. ഏഴാമത്തെ വയസ്സിൽ ബെക്കി ചെറു പ്രസംഗങ്ങൾ നടത്തുമായിരുന്നു. “പ്രസംഗം നടത്തുന്നത് എന്നെ സഹായിച്ചു. അതു സംസാരം മെച്ചപ്പെടുത്താൻ കൂടുതൽ പരിശ്രമിക്കുന്നതിന് എന്നെ പ്രചോദിപ്പിച്ചു,” ബെക്കി അനുസ്മരിക്കുന്നു. വീടുതോറുമുള്ള പ്രസംഗവേലയിൽ ഒരു പൂർണപങ്കുണ്ടായിരിക്കുന്നതിനും ബെക്കി പ്രോത്സാഹിപ്പിക്കപ്പെട്ടു. “എന്റെ സംസാരം കേൾക്കുന്നത് ആളുകൾക്കു സത്യത്തിൽ വെറുപ്പായിരിക്കും എന്നു ഞാൻ ചിലപ്പോൾ വിചാരിച്ചുപോവാറുണ്ട്; അവർ എന്തു കരുതും എന്നു ഞാൻ ഉത്കണ്ഠപ്പെടും. എന്നാൽ അപ്പോൾ ഞാൻ എന്നോടുതന്നെ പറയും, ‘ഞാൻ ഇതു ചെയ്യുന്നതു യഹോവക്കു വേണ്ടിയാണ്,’ ഇതിൽക്കൂടി കടന്നുപോകുന്നതിന് എന്നെ സഹായിക്കണമേ എന്നു ഞാൻ അവിടുത്തോട് അപേക്ഷിക്കുകയും ചെയ്യും.” ഇന്ന്, ബെക്കി ഒരു മുഴുസമയ സുവിശേഷകയായി സേവിക്കുന്നു.
ഇന്നൊരു യുവാവായ ക്രേഗ് മസ്തിഷ്ക്ക പക്ഷാഘാതത്താൽ (cerebral palsy) ക്ലേശം അനുഭവിക്കുന്നു. അദ്ദേഹവും, ക്രിസ്തീയ സഭയിലെ ഒരു മൂല്യമുള്ള വ്യക്തിയായിരിക്കുന്നതിൽ നിന്നു തന്നെ പിൻമാററിനിർത്താൻ വൈകല്യത്തെ അനുവദിക്കുന്നതിനു വിസമ്മതിച്ചിരിക്കുന്നു. “ഞാൻ യഹോവയിൽ ആശ്രയം വയ്ക്കുന്നു, തന്റെ അനവധി അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിന് അവിടുന്ന് എന്നെ അനുവദിക്കുകയും ചെയ്തിരിക്കുന്നു. എനിക്ക് അഞ്ചു പ്രാവശ്യം ഒരു സഹായ പയനിയർ (സുവിശേഷകൻ) ആയി സേവിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഞാൻ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പ്രസംഗങ്ങൾ നടത്തുന്നു, സഭാപരമായ കണക്കുകൾ കൈകാര്യം ചെയ്യാനും ഞാൻ പ്രാപ്തനാണ്,” അദ്ദേഹം പറയുന്നു.
“ചിരിപ്പാൻ ഒരു കാല”വും ഉണ്ട്, കുറച്ചു പരിശീലനംകൊണ്ടു മററു യുവാക്കൾ ആസ്വദിക്കുന്ന അതേ വിനോദ പരിപാടികളിൽ ചിലത് ആസ്വദിക്കുന്നതിനു നിങ്ങൾക്കും കഴിഞ്ഞേക്കും. (സഭാപ്രസംഗി 3:4) ബെക്കി ഇപ്രകാരം സമ്മതിച്ചു പറയുന്നു: “എന്റെ നാഡീപ്രവർത്തനം വളരെ സാവധാനത്തിലായതിനാൽ എനിക്കു വോളിബോൾ പോലെയുള്ള കളികളിലേർപ്പെടാൻ കഴിയില്ല. എന്നാൽ എനിക്ക് ഓടാൻ കഴിയും. അപകടം കഴിഞ്ഞയുടൻതന്നെ എന്റെ അമ്മ സൈക്കിൾ പഠിക്കാൻ എന്നെ ഉത്സാഹിപ്പിച്ചു. പുതിയ കാര്യങ്ങൾ ചെയ്യാൻ അവർ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചു.”
ക്ലേശങ്ങളെ ഒററക്കു നേരിടാൻ തുനിയരുത്
ശാരീരിക വൈകല്യം പേറി ജീവിക്കുന്നത് എളുപ്പമല്ല. അപ്പോസ്തലനായ പൗലോസ് തന്റെ വൈകല്യത്തെ ‘ജഡത്തിലെ ഒരു ശൂലം’ എന്നു വിളിച്ചു. (2 കൊരിന്ത്യർ 12:7) ഭാഗ്യവശാൽ, നിങ്ങൾക്കു നിങ്ങളുടെ പ്രശ്നങ്ങളെ ഒററക്ക് അഭിമുഖീകരിക്കേണ്ടതില്ല. ഇടുപ്പിനു വൈകല്യമുള്ള സാർനി എന്ന ചെറുപ്പക്കാരി ഇപ്രകാരം പറയുന്നു: “യഥോചിതമായ ക്രിസ്തീയ സഹവാസവും കുടുംബത്തിൽനിന്നും സഭയിലെ കൂട്ടുകാരിൽനിന്നും ഉള്ള സ്നേഹപൂർവകമായ പിന്തുണയും എനിക്കു വിലതീരാത്തതായി തോന്നുന്നു.” അതെ, നിങ്ങളെത്തന്നെ ഒററപ്പെടുത്തരുത്. (സദൃശവാക്യങ്ങൾ 18:1) സാധ്യമാകുന്നിടത്തോളം, “കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനു”ള്ളവരായിരിക്കുക. (1 കൊരിന്ത്യർ 15:58) സാർനി അതിന്റെ പ്രയോജനം ഇപ്രകാരം വിശദമാക്കുന്നു: “രാജ്യ താത്പര്യങ്ങളിൽ കർമനിരതമായിരിക്കുന്നത് എന്റെ പ്രശ്നങ്ങളെ ശരിയായ കാഴ്ചപ്പാടിൽ കാണാൻ എന്നെ സഹായിക്കുന്നു.” “ഭാവിയെ സംബന്ധിച്ച് ഒരു പ്രത്യാശ ഇല്ലാത്തതുനിമിത്തം യഥാർഥത്തിൽ എന്നെക്കാൾ ക്ലേശിക്കുന്ന ആളുകളുമായി ഞാൻ സംസാരിക്കാൻ ഇടവരുന്നു. അത് എന്റെ സ്വന്തം പ്രശ്നങ്ങൾ മറക്കാൻ എന്നെ സഹായിക്കുന്നു,” ബെക്കി നിരീക്ഷിക്കുന്നു.
എല്ലാററിലുമുപരിയായി, കൈത്താങ്ങിനായി യഹോവയിലേക്കു നോക്കുക. യഹോവക്കു നിങ്ങളുടെ ആവശ്യങ്ങളും വികാരങ്ങളും മനസ്സിലാക്കാനും പ്രശ്നങ്ങളെ നേരിടാൻ “സാധാരണയിൽ കവിഞ്ഞശക്തി” പ്രദാനം ചെയ്യാനും കഴിയും. (2 കൊരിന്ത്യർ 4:7, NW) ഒരുപക്ഷേ കാലക്രമത്തിൽ റെററെൻസ് എന്നു പേരായ വികലാംഗനായ ഒരു ക്രിസ്തീയ യുവാവിന്റെ ശുഭാപ്തിവിശ്വാസത്തോടുകൂടിയ കാഴ്ചപ്പാടു നിങ്ങൾക്കും ഉണ്ടായേക്കാം. ഒൻപതാമത്തെ വയസ്സിൽ റെററെൻസിനു കാഴ്ചശക്തി നഷ്ടപ്പെട്ടു. എന്നാൽ, “എന്റെ അന്ധത ഒരു വൈകല്യമല്ല; ഒരു അസൗകര്യം മാത്രം” എന്നു പറഞ്ഞുകൊണ്ട് അന്ധത തന്നെ കീഴ്പ്പെടുത്താൻ അദ്ദേഹം അനുവദിച്ചില്ല. (g93 6⁄8)
[അടിക്കുറിപ്പുകൾ]
a നിങ്ങളുടെ വൈകല്യം അടുത്തകാലത്തു വന്നു ചേർന്നതാണെങ്കിൽ, മനസ്സിലാക്കാവുന്നതുപോലെ നിങ്ങൾ വെറുപ്പിന്റെയും കോപത്തിന്റെയും ശോകത്തിന്റെയും വികാരങ്ങളുമായി മല്ലിടുന്നുണ്ടായിരിക്കാം. യഥാർഥത്തിൽ, ഗുരുതരമായ ഒരു നഷ്ടം സംഭവിച്ചുകഴിയുമ്പോൾ വ്യസനത്തിന്റെ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്നതു തികച്ചും സ്വാഭാവികമാണ്—ആരോഗ്യകരവുമാണ്. (ന്യായാധിപൻമാർ 11:37 താരതമ്യം ചെയ്യുക; സഭാപ്രസംഗി 7:1-3.) കാലംകൊണ്ടും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹപുരസ്സരമായ പിന്തുണകൊണ്ടും വ്രണപ്പെടുത്തുന്ന വികാരങ്ങളുടെ കൊടുങ്കാററ് ഒടുവിൽ ശാന്തമായിക്കൊള്ളും എന്ന് ഉറപ്പുള്ളവരായിരിക്കുക.
[17-ാം പേജിലെ ചിത്രം]
നിങ്ങളുടെ വൈകല്യത്തെക്കുറിച്ചു കഴിയുന്നതെല്ലാം പഠിക്കുക