ശാരീരിക വൈകല്യമുള്ളവരെങ്കിലും ഫലപ്രദർ
1 യഹോവയുടെ സാക്ഷികളുടെ ഇടയിൽ ശാരീരിക വൈകല്യമുള്ള അനേകരുണ്ട്. അവരിൽ ഒരാളാണ് നിങ്ങൾ എങ്കിൽപ്പോലും നിങ്ങൾക്ക് ശുശ്രൂഷയിൽ ഫലപ്രദനായിരിക്കാൻ കഴിയും. വാസ്തവത്തിൽ, നിങ്ങളുടെ സാഹചര്യങ്ങൾ സാക്ഷ്യം നൽകുന്നതിനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും നിങ്ങൾക്ക് പ്രത്യേക അവസരങ്ങൾ നൽകിയേക്കാം.
2 ഒരു സാക്ഷ്യം നൽകൽ: ശാരീരിക വൈകല്യവുമായി പോരാടുന്ന പലരും ശുശ്രൂഷയിൽ പൂർണ പങ്കുവഹിക്കുന്നവരാണ്. ഉദാഹരണത്തിന്, ഒരു ശസ്ത്രക്രിയയുടെ ഫലമായി നടക്കാനുള്ള പ്രാപ്തിയും സംസാരശേഷിയും ഗുരുതരമായി തകരാറിലായ ഒരു സഹോദരിയുടെ കാര്യം പരിചിന്തിക്കുക. തിരക്കുള്ള ഒരു ഫുട്ട്പാത്തിനു സമീപം തന്റെ ഭർത്താവ് കാർ പാർക്കുചെയ്യുന്ന പക്ഷം തനിക്ക് മാസികാ വേലയിൽ പങ്കെടുക്കാൻ കഴിയുമെന്ന് അവൾ കണ്ടെത്തി. ഒരിക്കൽ വെറും രണ്ട് മണിക്കൂറിനുള്ളിൽ അവൾ 80 മാസികകൾ സമർപ്പിച്ചു! നിങ്ങളുടെ പ്രത്യേക സാഹചര്യം, മറ്റു പ്രകാരത്തിൽ കണ്ടെത്താൻ ബുദ്ധിമുട്ടുള്ള ആളുകളുമായി സമ്പർക്കത്തിൽ വരാനും നിങ്ങളെ സഹായിച്ചേക്കാം. അങ്ങനെയെങ്കിൽ അവരെ നിങ്ങളുടെ പ്രത്യേക പ്രദേശമായി കണക്കാക്കുക.
3 നിങ്ങളുടെ പ്രസംഗവേല വളരെ ഫലവത്തായിരിക്കാൻ കഴിയും! നിങ്ങളുടെ നിശ്ചയദാർഢ്യവും ബൈബിൾ സത്യം നിങ്ങളുടെ ജീവിതത്തിൽ ഉളവാക്കിയ നല്ല ഫലവും നിരീക്ഷിക്കുമ്പോൾ മറ്റുള്ളവർ രാജ്യസന്ദേശത്തിലേക്ക് ആകർഷിക്കപ്പെട്ടേക്കാം. മാത്രവുമല്ല നിങ്ങളുടെ ജീവിതാനുഭവം, ദുരിതം അനുഭവിക്കുന്ന ആളുകളെ കണ്ടുമുട്ടുമ്പോൾ ദൈവവചനത്തിൽനിന്നുള്ള ആശ്വാസം അവർക്കു പ്രദാനം ചെയ്യാൻ നിങ്ങളെ സജ്ജരാക്കുകയും ചെയ്തേക്കാം.—2 കൊരി. 1:4.
4 മറ്റുള്ളവരെ ശക്തീകരിക്കുക: 37 വർഷം ഒരു കൃത്രിമ ശ്വാസോച്ഛ്വാസ ഉപകരണത്തിൽ കഴിഞ്ഞുകൂടേണ്ടിവന്നിട്ടും 17 പേരെ ബൈബിൾ സത്യത്തിന്റെ സൂക്ഷ്മ പരിജ്ഞാനം നേടാൻ സഹായിച്ച ലോറലിന്റെ ജീവിതകഥ നിങ്ങൾക്കു പ്രോത്സാഹനമായിരുന്നില്ലേ? സമാനമായി, യഹോവയുടെ സേവനത്തിൽ കഠിനശ്രമം ചെയ്യാൻ സഹവിശ്വാസികളെ പ്രചോദിപ്പിക്കുന്നതിന് നിങ്ങളുടെ മാതൃകയ്ക്കു കഴിയും.
5 നിങ്ങൾ ആഗ്രഹിക്കുന്ന അളവിൽ പുറത്തുപോയി ശുശ്രൂഷയിൽ പങ്കെടുക്കാൻ നിങ്ങളുടെ സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ പോലും നിങ്ങൾക്ക് മറ്റുള്ളവരെ ശക്തീകരിക്കാനാകും. ഒരു സഹോദരൻ ഇപ്രകാരം പറഞ്ഞു: “ഗുരുതരമായ വൈകല്യമുളള ഒരാൾക്കുപോലും മറ്റുളളവർക്ക് വലിയ സേവനമനുഷ്ഠിക്കാൻ കഴിയുമെന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു. എന്റെ ഭാര്യയും ഞാനും സഭയിലെ പലർക്കും ഒരുതരം നങ്കൂരം പോലെയാണ്. ഞങ്ങളുടെ സാഹചര്യം നിമിത്തം ഞങ്ങൾ എല്ലായ്പോഴും ഇവിടെയുണ്ട്, എല്ലായ്പോഴും ലഭ്യമാണ്.” എന്നിരുന്നാലും, വൈകല്യം നിമിത്തം നിങ്ങളുടെ തീക്ഷ്ണതയ്ക്ക് അനുസൃതമായി പ്രവർത്തിക്കാൻ എപ്പോഴും നിങ്ങൾക്കു കഴിഞ്ഞെന്നു വരില്ല എന്നതു ശരിതന്നെ. എങ്കിലും, ആരെങ്കിലും സഹായിക്കാനുണ്ടെങ്കിൽ ശുശ്രൂഷയിൽ ഒരു ക്രിയാത്മകമായ പങ്ക് ഉണ്ടായിരിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. അതുകൊണ്ട് നിങ്ങൾക്കു സഹായം ആവശ്യമാണെങ്കിൽ അക്കാര്യം മൂപ്പന്മാരുടെയോ നിങ്ങളെ സഹായിക്കാൻ കഴിയുന്ന മറ്റ് സഭാംഗങ്ങളുടെയോ ശ്രദ്ധയിൽപ്പെടുത്താൻ മടിക്കരുത്.
6 യഹോവയെ സേവിക്കാനായി നിങ്ങൾ ചെയ്യുന്ന സകലതും അവൻ കാണുന്നുണ്ട്. (സങ്കീ. 139:1-4) സേവനത്തിനുവേണ്ടി നിങ്ങൾ നിങ്ങളെത്തന്നെ പൂർണമായി അർപ്പിക്കുന്നതിൽ അവൻ സന്തോഷിക്കുകയും ചെയ്യുന്നു. നിങ്ങൾ യഹോവയിൽ ആശ്രയിക്കുന്നപക്ഷം, ശുശ്രൂഷയിൽ ഫലപ്രദവും അർഥവത്തുമായ ഒരു പങ്കുണ്ടായിരിക്കുന്നതിനായി നിങ്ങളെ ശക്തീകരിക്കാൻ അവനു കഴിയും.—2 കൊരി. 12:7-10.