ബൈബിളിന്റെ വീക്ഷണം
ദാനധർമ സംഭാവനകൾ—ഒരു ക്രിസ്തീയ കടപ്പാടോ?
പത്തിൽ താഴെ വർഷം മുമ്പ്, തെക്കു കിഴക്കൻ ഐക്യനാടുകളിൽ ആസ്ഥാനമുള്ള പിററിഎൽ PTL (Praise the Lord) ക്ലബ് മതപരമായ ഒരു ധർമസ്ഥാപനം എന്നപേരിൽ സംഭാവനകൾ അഭ്യർഥിച്ചു. ഒരു ഉപഗ്രഹ ടെലിവിഷൻ ശൃംഖലയും തപാൽ സൗകര്യവും ഉപയോഗപ്പെടുത്തിക്കൊണ്ട്, കോടിക്കണക്കിനു ഡോളർ അവർ ശേഖരിച്ചു, അവരുടെ പണപ്പെട്ടികൾ നിറയ്ക്കാൻ അവ ഒഴുകിവരുകയായിരുന്നു—പ്രത്യക്ഷത്തിൽ സുവിശേഷം വ്യാപിപ്പിക്കാൻ.
മുൻ പിററിഎൽ പ്രസിഡണ്ടായ ജിം ബേക്കർക്കും അദ്ദേഹത്തിന്റെ ഭാര്യ ററാമിക്കും കൂടി, “റിപ്പോർട്ടു ചെയ്യപ്പെടുന്നതനുസരിച്ച് 1986-ൽ ശമ്പളവും ബോണസുമായി 16 ലക്ഷം ഡോളർ നൽകി”യതായി പ്രസ്താവിച്ച അസോഷിയേററഡ് പ്രസ്സ് വാർത്ത പോലുള്ള റിപ്പോർട്ടുകൾ വായിച്ചപ്പോൾ പിററിഎൽ ക്ലബിലേക്കു പണമയച്ചുകൊടുത്ത ആയിരക്കണക്കിനാളുകൾക്ക് എന്തു തോന്നിയെന്നു സങ്കൽപ്പിക്കുക. വേദനാജനകമായി, റിപ്പോർട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: “കാര്യസ്ഥസമിതി ചുരുങ്ങിയപക്ഷം 5 കോടി ഡോളറിന്റെ കടത്തിലായിരുന്നിട്ടുപോലും ആ തുകകൾ നൽകപ്പെട്ടു . . . പിററിഎൽ പണത്തിൽ ഏതാണ്ട്, 2,65,000 ഡോളർ ബേക്കറുമായുള്ള [ലൈംഗിക] രഹസ്യബന്ധം സംബന്ധിച്ചു [ജെസിക്ക] ഹോൺ മിണ്ടാതിരിക്കുമെന്ന് ഉറപ്പുവരുത്താൻ നീക്കിവെച്ചിരുന്നു.”
തന്റെ അനുഗാമികളെ വഞ്ചിച്ചതിനു ബേക്കർക്ക് ഒരു ജയിൽശിക്ഷ പ്രഖ്യാപിക്കുന്നതിനു മുമ്പായി അദ്ദേഹത്തെ വിചാരണ ചെയ്ത മജിസ്ട്രേട്ട് ഇങ്ങനെ പറഞ്ഞു: “നമ്മുടെയിടയിൽ തീർച്ചയായും ഒരു മതമുള്ളവർ പണം പിടുങ്ങുന്ന മതപ്രസംഗകരുടെയും പുരോഹിതൻമാരുടെയും ഇരകളായിത്തീരുന്നതിനെ വെറുക്കുന്നു.”
സംഭാവന ചെയ്യുന്നവരെ വൈകാരികമായി സ്വാധീനിച്ചു പണത്തിലധികവും കീശയിലാക്കുന്നതിൽ മതം ഒററക്കല്ല. പണപ്പിരിവുകാരിൽ ചിലർ തങ്ങൾ അഭ്യർഥിച്ചു വാങ്ങുന്ന സംഭാവനകളുടെ 90 ശതമാനത്തിലധികവും എടുക്കുന്നത് അസാധാരണമല്ല.
അപ്പോൾ അത്തരം ധർമസ്ഥാപനങ്ങളെക്കൊണ്ട് ആളുകൾക്കു പൊറുതി മുട്ടുന്നത് ആശ്ചര്യജനകമാണോ? എന്നിരുന്നാലും, ക്രിസ്ത്യാനികൾ ചെയ്യേണ്ടത് എന്താണ്? സംഘടിത ധർമസ്ഥാപനങ്ങൾക്കു സംഭാവന നൽകാൻ അവർ കടപ്പെട്ടവരാണോ? മററുള്ളവരെ സഹായിക്കുമ്പോൾ പണത്തിന്റെ ജ്ഞാനപൂർവകമായ ഉപയോഗം ഉറപ്പുവരുത്താൻ എന്തു മാർഗനിർദ്ദേശങ്ങളാണു ബൈബിൾ നൽകുന്നത്? മററുള്ളവരെ സഹായിക്കാൻ ഏററവും നല്ലതും പ്രായോഗികവുമായ മാർഗം ഏതാണ്?
കൊടുക്കൽ—വേണം, വേണ്ട
തീർച്ചയായും, സഹായം ആവശ്യമുള്ളവരോടു ദയയും ഔദാര്യവുമുള്ളവരായിരിക്കാനാണു ബൈബിളിന്റെ ബുദ്ധ്യുപദേശം. പുരാതനകാലംമുതലേ “ദാനശീലരും ഔദാര്യമുള്ളവരുമായി”രിക്കാൻ ദൈവജനം പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്. (1 തിമൊഥെയൊസ് 6:18; ആവർത്തനപുസ്തകം 15:7, 10, 11) വാസ്തവത്തിൽ, 1 യോഹന്നാൻ 3:17-ൽ ക്രിസ്ത്യാനികളോട് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?”
കൊടുക്കണോ, ഉവ്വ്; എന്നാൽ ജാഗ്രത പാലിക്കുക! ധർമസ്ഥാപനങ്ങളാലും മതങ്ങളാലും വാർഷിക സാമുദായിക സേവന സംരംഭങ്ങളാലും നാം നിരന്തരം ആക്രമിക്കപ്പെടുന്നു; പലതും നിർബന്ധം ചെലുത്തുന്നതരം അഭ്യർഥനകൾ നടത്തുന്നു. എന്നിരുന്നാലും, അവയെ വിലയിരുത്തുമ്പോൾ ഈ ബൈബിൾ സദൃശവാക്യം ഓർമയിൽ വയ്ക്കുന്നതു നല്ലതാണ്: “അനുഭവപരിചയം ഇല്ലാത്ത ഏവനും ഏതു വാക്കും വിശ്വസിക്കുന്നു, എന്നാൽ വിവേകമുള്ള ഒരുവൻ തന്റെ ചുവടുകളെക്കുറിച്ചു ശ്രദ്ധാപൂർവം ചിന്തിക്കുന്നു.” (സദൃശവാക്യങ്ങൾ 14:15, NW) മററുവാക്കുകളിൽ പറഞ്ഞാൽ, ധർമസ്ഥാപനങ്ങളുടെ അവകാശവാദങ്ങളോ വാഗ്ദാനങ്ങളോ മുഖവിലയ്ക്കെടുക്കുന്നതിനെതിരെ സൂക്ഷിക്കുക. ശേഖരിക്കുന്ന പണം യഥാർഥത്തിൽ എങ്ങനെയാണ് ഉപയോഗിക്കുന്നത്? സാമ്പത്തികപിന്തുണ ലഭിക്കുന്ന ആ സ്ഥാപനങ്ങൾ ഒരു ക്രിസ്ത്യാനി പിന്തുണക്കേണ്ടവയാണോ? അവയുടെ പ്രവർത്തനങ്ങൾ രാഷ്ട്രീയപരമോ ദേശീയത്വപരമോ വ്യാജമതത്തോടു ബന്ധമുള്ളതോ ആണോ? അവയുടെ പ്രഖ്യാപിത ലക്ഷ്യം പ്രായോഗികവും തിരുവെഴുത്തു തത്ത്വങ്ങളോടു എതിരല്ലാത്തതുമാണോ?
സഹായം ആവശ്യമുള്ള ആളുകൾക്കു വളരെയധികം നൻമ ചെയ്യാൻ ചില ധർമസ്ഥാപനങ്ങൾ പ്രാപ്തമാണ്. പ്രകൃതി വിപത്തുകളോ വിപത്ക്കരമായ രോഗമോ ബാധിച്ചപ്പോൾ, പലതവണ ക്രിസ്ത്യാനികൾതന്നെ അത്തരം ധർമസ്ഥാപനങ്ങളിൽനിന്നു പ്രയോജനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, മററുചില ധർമസ്ഥാപനങ്ങൾക്ക് ഉയർന്ന ഭരണനിർവഹണച്ചെലവുകളോ പണം പിരിച്ചെടുക്കുന്നതിനുള്ള ചെലവുകളോ ഉണ്ട്, തത്ഫലമായി ശേഖരിക്കുന്ന പണത്തിന്റെ ചെറിയൊരംശം മാത്രമേ യാഥാർഥത്തിൽ പരസ്യം ചെയ്ത ഉദ്ദേശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നുള്ളു. ദൃഷ്ടാന്തത്തിന്, ധർമസ്ഥാപനങ്ങൾ ഉൾപ്പെടെ ഐക്യനാടുകളിലെ ഏററവും വലിയ 117 ലാഭരഹിത സ്ഥാപനങ്ങളെക്കുറിച്ച് ഈയിടെ നടത്തിയ ഒരു സർവേ, അവയിൽ നാലിലൊന്നിലധികം സ്ഥാപനങ്ങൾ അവയുടെ ഉയർന്ന കാര്യനിർവാഹകർക്ക് ഒരു വർഷം 2,00,000 ഡോളറോ അതിൽ കൂടുതലോ ശമ്പളമായി നൽകുന്നുവെന്നു കണ്ടെത്തി. ആഡംബര വസ്തുക്കൾക്കുള്ള ചെലവുകളും സമ്പൽസമൃദ്ധമായ ജീവിതരീതിക്കുള്ള പണം മുടക്കുകളും കണക്കു പരിശോധനകൾ മിക്കപ്പോഴും വെളിപ്പെടുത്തുന്നു. ധർമസ്ഥാപനത്തിന്റെ പേര് എന്തായിരുന്നാലും അത്തരം പദ്ധതികൾക്കു സംഭാവന ചെയ്യുന്നത്, സഹായമാവശ്യമുള്ളവരെ തുണക്കാനുള്ള ബൈബിളിന്റെ കല്പനയെ നിവർത്തിക്കുമെന്നു വിശ്വസിക്കാൻ ഭാവനയെ വലിച്ചുനീട്ടേണ്ടി വരും.
സമനിലയുള്ള ഒരു വീക്ഷണം
ആരും തന്റെ പണം ദുർവ്യയം ചെയ്യാൻ—അല്ലെങ്കിൽ അതിലും മോശമായി സ്വാർഥതത്പരരായ മനുഷ്യരുടെ കീശ വീർപ്പിക്കുന്നതിന് അത് ഉപയോഗിച്ചുകാണാൻ—ആഗ്രഹിക്കുന്നില്ലെങ്കിലും കൊടുക്കുന്ന സംഗതിയിൽ ഹൃദയശൂന്യത ഉള്ളവരായിത്തീരുന്നതിനെതിരെ ജാഗ്രത പുലർത്തേണ്ട ആവശ്യവുമുണ്ട്. ചില “ധർമസ്ഥാപനങ്ങ”ളുടെ കാര്യക്ഷമതയില്ലായ്മയെ അല്ലെങ്കിൽ സത്യസന്ധതയില്ലായ്മയെ പോലും, സഹായം ആവശ്യമുള്ളവരെ അവഗണിക്കാനോ അനുകമ്പയുടെ വികാരങ്ങളെ അടിച്ചമർത്താനോ ഉള്ള ഒഴികഴിവായി ഉപയോഗിക്കരുത്. സദൃശവാക്യങ്ങൾ 3:27, 28 ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “നൻമ ചെയ്വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യൻമാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു. നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോടു: പോയിവരിക, നാളെത്തരാം എന്നു പറയരുതു.” (1 യോഹന്നാൻ 3:18 താരതമ്യം ചെയ്യുക.) എല്ലാ സംഘടിത ധർമസ്ഥാപനങ്ങളും ഒന്നുകിൽ ദുർവ്യയം ചെയ്യുന്നതോ അല്ലെങ്കിൽ കബളിപ്പിക്കുന്നതോ ആണെന്നു നിഗമനം ചെയ്യരുത്. വസ്തുതകൾ പരിശോധിച്ചുനോക്കുക, അതിനുശേഷം കൊടുക്കണോ വേണ്ടയോ എന്നു വ്യക്തിപരമായ ഒരു തീരുമാനം ചെയ്യുക.
സഹായമാവശ്യമുള്ള വ്യക്തികളെയോ കുടുംബങ്ങളെയോ വ്യക്തിപരവും നേരിട്ടുള്ളതുമായ ദാനങ്ങളാൽ സഹായിക്കാൻ പലരും കൂടുതൽ ഇഷ്ടപ്പെടുന്നു. ഇവ്വണ്ണം തങ്ങളുടെ സംഭാവനകളുടെ പ്രായോഗികവും സത്വരവുമായ വിനിയോഗം സംബന്ധിച്ചു ദാതാക്കൾ തിട്ടമുള്ളവരായിത്തീരുന്നു. ഇതു കെട്ടുപണി ചെയ്യുന്നതിനും വാക്കിലും അതുപോലെതന്നെ പ്രവൃത്തിയിലും ദയ പ്രകടമാക്കുന്നതിനും ഉള്ള അവസരവും ഒരുക്കുന്നു. ഭൗതികമായി കൊടുക്കാൻ നിങ്ങൾക്കു വളരെയധികം ഇല്ലെങ്കിൽപ്പോലും, അപ്പോഴും കൊടുക്കുന്നതിന്റെ സന്തോഷം നിങ്ങൾക്ക് ഉണ്ടായിരിക്കാൻ കഴിയും. അത്തരം സഹായത്തിന്റെ യഥാർഥ ആവശ്യത്തെക്കുറിച്ച് അടുത്ത തവണ നിങ്ങൾ കേൾക്കുമ്പോൾ, 2 കൊരിന്ത്യർ 8:12-ലെ ആത്മാവിൽ നിങ്ങൾക്കു കഴിയുന്നതു കൊടുക്കുക: “മുമ്പേ മനസ്സൊരുക്കമുണ്ടെങ്കിൽ, ഒരു വ്യക്തിക്ക് ഉള്ളതനുസരിച്ച് അതു വിശേഷാൽ സ്വീകാര്യമാണ്, ഒരു വ്യക്തിക്ക് ഇല്ലാത്തതനുസരിച്ചല്ല.”—NW.
ചിലപ്പോൾ ഏററവുമധികം നൻമ ചെയ്യുന്നതു പണമല്ല, മറെറന്തെങ്കിലുമായിരിക്കാം എന്നും ഓർമിക്കുക. “നിങ്ങൾ പോകുമ്പോൾ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ; . . . സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ” എന്നു യേശു തന്റെ അനുഗാമികളോടു പറഞ്ഞു. (മത്തായി 10:7, 8) സമാനമായി ഇന്ന്, ജീവിതത്തെ മെച്ചപ്പെടുത്തുകയും പ്രത്യാശ നൽകുകയും ചെയ്യുന്ന രാജ്യസാക്ഷീകരണത്തെ പിന്തുണക്കുന്നതിൽ ചെലവിടുന്ന സമയവും ഊർജവും പണവും ഏററവും നല്ലതരത്തിലുള്ള ദാനധർമ്മമാണെന്നു ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു.
അതുകൊണ്ട്, ദയാതത്പരരും ഔദാര്യമുള്ളവരും പ്രായോഗിക ബുദ്ധിയുള്ളവരുമായിരിക്കുക എന്നതാണു ബൈബിളിന്റെ വീക്ഷണം. ഭൗതിക സഹായം പലപ്പോഴും ആവശ്യമാണെന്ന് അതു നമ്മെ ഓർമിപ്പിക്കുന്നു, ആ ആവശ്യത്തെ അവഗണിക്കുകയുമരുത്. അതേസമയം നിങ്ങളുടെ പണം അഭ്യർഥിക്കുന്ന ഏതൊരാൾക്കും കൊടുക്കാൻ ബാദ്ധ്യത തോന്നരുത്. ദൈവത്തെ പ്രസാദിപ്പിക്കാനും നിങ്ങളുടെ സ്വന്തം കുടുംബത്തിനും നിങ്ങളുടെ സഹമനുഷ്യനും ഏററവും വലിയ പ്രായോഗിക സഹായം നൽകാനും കഴിയത്തക്കവണ്ണം നിങ്ങൾക്കുള്ള പണം ഏററവും മെച്ചമായി എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നു ചിന്തിക്കുക. (1 തിമൊഥെയൊസ് 5:8; യാക്കോബ് 2:15, 16) മററുള്ളവരുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ നിരീക്ഷിക്കുന്നതിലും അവയോടു പ്രതികരിക്കുന്നതിലും യേശുവിനെ അനുകരിക്കുക. എബ്രായർ 13:16-ലെ വാക്കുകളിൽ പറഞ്ഞാൽ: “നൻമ ചെയ്വാനും കൂട്ടായ്മ കാണിക്കാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.” (g93 6/8)