ലോകത്തെ വീക്ഷിക്കൽ
മാരകമല്ലാത്ത ആയുധങ്ങൾ
ദ വാൾ സ്ട്രീററ് ജേണൽ പറയുന്നതനുസരിച്ച്, യു. എസ്. ഗവൺമെൻറ് യുദ്ധത്തിൽ ഉപയോഗിക്കുന്നതിനു മാരകമല്ലാത്ത ആയുധങ്ങൾ അവതരിപ്പിക്കാനുള്ള സാധ്യത ആരാഞ്ഞുകൊണ്ടിരിക്കുകയാണ്. ആധുനിക സാങ്കേതികവിദ്യ, ആളുകളെ കൊല്ലാതെ ശത്രുക്കളുടെ റഡാറുകളെയും ടെലഫോണുകളെയും കമ്പ്യൂട്ടറുകളെയും മററു മർമപ്രധാനമായ ഉപകരണങ്ങളെയും സ്തംഭിപ്പിക്കുന്ന വിദ്യുത്കാന്തിക പൾസ് ജനറേറററുകൾ ഉപയോഗിക്കാൻ ഭാവി സൈനികരെ പ്രാപ്തരാക്കിയേക്കാം. “സഞ്ചരിക്കുന്ന വാഹനങ്ങളുടെ എഞ്ചിനുകളെ നിറുത്തുന്ന ‘കമ്പസ്ഷൻ ഇൻഹിബിറേറഴ്സുക’ളെക്കുറിച്ചും അതുപോലെതന്നെ പരലായിത്തീരുന്നതും ചിലതരം ടയറുകളെ നശിപ്പിക്കുന്നതുമായ രാസവസ്തുക്കളെക്കുറിച്ചും ഗവേഷണശാലകൾ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്” എന്ന് ജേണൽ പറയുന്നു. എന്നിരുന്നാലും, ഈ ആയുധങ്ങളിൽ ചിലതു മനുഷ്യജീവനു സാരമായ അപകടം വരുത്തിവെച്ചേക്കാം. ഒരു ശത്രുടാങ്കിന്റെ പ്രകാശ സംവിധാനം നശിപ്പിക്കാൻ ആസൂത്രണം ചെയ്തിട്ടുള്ള “ശക്തമായ ലേസർ കിരണങ്ങൾക്ക് ഒരു സൈനികന്റെ കൺമണികളെയും തകർക്കാൻ കഴിയും. യു. എസ്-ന്റെ പ്രത്യേക സേനകൾ ഇപ്പോൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന കൊണ്ടുനടക്കാവുന്ന മൈക്രോവേവ് ആയുധങ്ങൾക്കു ശത്രുക്കളുടെ ആശയവിനിമയ ശൃംഖലയെ നിശ്ശബ്ദം വിച്ഛേദിക്കാൻ മാത്രമല്ല, ആന്തരിക അവയവങ്ങളെ ദഹിപ്പിക്കാനും കഴിയും” എന്നു ജേണൽ കൂട്ടിച്ചേർക്കുന്നു. (g93 6/8)
പരിച്ഛേദനയും എയ്ഡ്സും
എയ്ഡ്സുപോലെ ലൈംഗികമായി പകരുന്ന രോഗങ്ങൾ തടയുന്നതിൽ, പുരുഷൻമാർക്കുള്ള പരിച്ഛേദനാചാരം പ്രയോജനകരമാണെന്നു തോന്നുന്നതായി ഫ്രെഞ്ചു മാസികയായ ലാ റാവു ഫ്രൻസസ് ഡൂ ലെബോർട്ടുവാർ പറയുന്നു. എയ്ഡ്സിന്റെ വ്യാപനം തടയുന്നതിൽ പുരുഷൻമാർക്കുള്ള പരിച്ഛേദന (അഗ്രചർമം നീക്കം ചെയ്യൽ) ഒരു സഹായ ഘടകമായിരിക്കുന്നതായി പ്രകടമാക്കുന്ന മൂന്നു വ്യത്യസ്ത വൈദ്യശാസ്ത്ര പഠനങ്ങളെ ഈ മാസിക ഉദ്ധരിക്കുന്നു. പരീക്ഷണശാലകളിലെ കുരങ്ങൻമാരിൽ നടത്തിയ ഗവേഷണം, മററു പേശികളെക്കാൾ പുരുഷ അഗ്രചർമത്തിലെ പേശികളിൽ എയ്ഡ്സ് രോഗബാധക്കു സാധ്യതയുള്ള കൂടുതൽ കോശങ്ങൾ ഉണ്ടെന്നു പ്രകടമാക്കിയിരിക്കുന്നു. കൂടാതെ, ആഫ്രിക്കയിലെ 140 വ്യത്യസ്ത പ്രദേശങ്ങളിൽ നടത്തിയ ഒരു കനേഡിയൻ പഠനം പരിച്ഛേദനയുടെ ആചാരം ഉള്ളവരെക്കാൾ അത് ഇല്ലാത്തവരുടെ ഇടയിൽ എയ്ഡ്സിന്റെ നിരക്കു കൂടുതലായിരുന്നു എന്നു വെളിപ്പെടുത്തി. പരിച്ഛേദന നടത്തിയ എതിർലിംഗാസക്തരായ അമേരിക്കക്കാരുടെ ഇടയിൽ രോഗബാധ കുറവാണെന്നു മറെറാരു പഠനം കണ്ടെത്തി. (g93 6/8)
പഠിപ്പില്ലാത്ത കുട്ടികൾ
ആയിരക്കണക്കിനു ബൊളീവിയൻ കുട്ടികൾക്കു ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ല. ബൊളീവിയൻ പത്രമായ പ്രെസെൻഷ്യ പറയുന്നതനുസരിച്ച്, സ്കൂൾ പ്രായമെത്തിയ 22,68,605 കുട്ടികൾ ബൊളീവിയയിൽ ഉണ്ടായിരുന്നു എന്ന് 1992-ലെ ഒരു കാനേഷുമാരി വെളിപ്പെടുത്തി. എന്നിരുന്നാലും അതേ കാലയളവിൽ 16,68,791 കുട്ടികളെ മാത്രമേ രാജ്യത്തെ വിദ്യാലയങ്ങളിൽ പ്രവേശിപ്പിച്ചുള്ളു എന്ന് വിദ്യാഭ്യാസമന്ത്രാലയത്തിലെ രേഖകൾ കാണിക്കുന്നു. ആറു ലക്ഷം കുട്ടികൾക്കു ശരിയായ വിദ്യാഭ്യാസം ലഭിച്ചില്ല എന്ന് ഇത് അർഥമാക്കുന്നു. സ്കൂളിൽ ചേരാൻ കഴിഞ്ഞവരിൽ 1,02,652 വിദ്യാർഥികൾ ആ വർഷംതന്നെ പഠനം നിറുത്തിയെന്നു പ്രെസെൻഷ്യ കൂട്ടിച്ചേർക്കുന്നു. (g93 6/8)
കുട്ടികളും കുപ്പിപ്പാലും
ജപ്പാനിലെ 25 ശതമാനത്തോളം കുട്ടികൾക്ക് ആഹാരം കഴിക്കുന്നതിൽ പ്രയാസങ്ങൾ നേരിടുന്നു. കാരണം കുപ്പിപ്പാലായിരിക്കാം. ചവയ്ക്കാൻ പ്രയാസമുള്ള ആഹാരത്തോടുള്ള ബന്ധത്തിൽ ചില കുട്ടികൾക്കു പ്രയാസം നേരിടുന്നുണ്ടെന്ന് ഇരുപതു വർഷത്തിലേറെയായി നഴ്സറി സ്കൂൾ അധ്യാപകർ നിരീക്ഷിച്ചിരിക്കുന്നതായി അസാഹി ഈവനിംങ്ങ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. ചിലർക്ക് അതു വിഴുങ്ങുന്നതിൽ ബുദ്ധിമുട്ടുണ്ട്, മററുചിലർ അതു തുപ്പിക്കളയുന്നു, ഇനി വേറെ ചിലർ ഉച്ചയുറക്കത്തിനുശേഷം പോലും അതു തങ്ങളുടെ വായിൽ സൂക്ഷിക്കുന്നു. ഈ കുട്ടികളുടെ താടിയെല്ലുകൾ ബലഹീനവും താടികൾ ചെറുതുമാണെന്നു ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നു. ദന്തഡോക്ടറായ നഹോഹിക്കോ ഇനോയിയും പൊതുജനാരോഗ്യ വിദഗ്ദ്ധനായ റെയ്ക്കോ സക്കാഷ്ത്തയും ശൈശവത്തിലാണു കാരണം സ്ഥിതി ചെയ്യുന്നതെന്നു കണ്ടെത്തിയതായി അവകാശപ്പെടുകയും കുപ്പിപ്പാലിനെ കുററപ്പെടുത്തുകയും ചെയ്യുന്നു. ശിശുക്കൾ കുപ്പികളിൽനിന്നു കുടിക്കുമ്പോൾ, തങ്ങളുടെ താടിയെല്ലുകൾ ചലിപ്പിക്കാതെ വലിച്ചുകുടിക്കുക മാത്രമേ അവർ ചെയ്യേണ്ടതുള്ളു എന്നു തോന്നുന്നു. എന്നിരുന്നാലും, ശിശുക്കളെ മുലയൂട്ടുമ്പോൾ, അവർ ബലമായി തങ്ങളുടെ താടിയെല്ലുകൾ ഉപയോഗിക്കുകയും ഭക്ഷണം ചവയ്ക്കാൻ പിന്നീട് ആവശ്യമുള്ള പേശികളെത്തന്നെ ബലപ്പെടുത്തുകയും ചെയ്യുന്നു. (g93 5/22)
മഹാഗണി ഭീഷണി
ബ്രസ്സീലിലെ ആമസോൺ വനത്തിലുള്ള രണ്ടരലക്ഷം വരുന്ന ഇൻഡ്യാക്കാർ തങ്ങളുടെ പരമ്പരാഗത ഭവനങ്ങൾ നഷ്ടപ്പെടുന്നതിന്റെ അപകടത്തിലാണ്. അവിടത്തെ സർക്കാരിന്റെ ഇൻഡ്യൻ സേവന വിഭാഗത്തിന്റെ തലവൻ പറയുന്നതനുസരിച്ച്, “ഏററവും വലിയ ഭീഷണി” മഹാഗണി വ്യാപാരത്തിൽനിന്നു വരുന്നു. മഹാഗണിമരങ്ങളുടെ അനധികൃതമായ മുറിക്കൽ പാറാ സംസ്ഥാനത്തിന്റെ തെക്കുഭാഗത്തുകൂടി നിയമവിരുദ്ധമായ ഏതാണ്ട് 3,000 കിലോമീററർ റോഡു നിർമിക്കുന്നതിൽ കലാശിച്ചിരിക്കുന്നു എന്നു ലണ്ടനിലെ ഗാർഡിയൻ റിപ്പോർട്ടു ചെയ്യുന്നു. ഒരു മഹാഗണിവൃക്ഷം മുറിക്കുന്ന ഓരോ പ്രാവശ്യവും മററ് 20-ഓളം വർഗത്തിൽപ്പെട്ട വൃക്ഷങ്ങൾക്കു കേടുണ്ടാകുന്നു. അത്യാർത്തിപൂണ്ട വ്യാപാരികൾ വനം വെളുപ്പിക്കുമ്പോൾ, കുടിയേററക്കാർക്കും സ്വർണം ഖനനം ചെയ്യുന്നവർക്കും അതുപോലെതന്നെ ആയിരക്കണക്കിനു തടിമില്ലുകൾക്കും അവർ വഴി തുറക്കുന്നു. ഇപ്പോഴത്തെ ഉപയോഗനിരക്കിൽ 32 വർഷത്തെ ശേഖരം മാത്രം അവശേഷിച്ചിരിക്കുന്നതുകൊണ്ട്, ഇൻഡ്യാക്കാരനെപ്പോലെ, മഹാഗണിയും ഇപ്പോൾ ഒരു അനിശ്ചിത ഭാവിയെ നേരിടുകയാണ്. (g93 6/8)
വിഷജന്യ വിസർജ്യങ്ങൾ കയററി അയക്കുന്നു
വിസർജ്യങ്ങൾ സംസ്കരിക്കുന്നതിലെ ഉയർന്ന ചെലവുനിമിത്തം, “സമ്പന്നരാഷ്ട്രങ്ങൾ തങ്ങളുടെ വിഷജന്യ പാഴ്വസ്തുക്കൾ ദരിദ്രരാജ്യങ്ങളിലേക്കു കയററി അയക്കുന്നു” എന്ന് പരിസ്ഥിതിയെയും പുതുക്കാൻ കഴിയുന്ന പ്രകൃതി വിഭവങ്ങളെയും സംബന്ധിച്ച ബ്രസ്സീലിയൻ ഇൻസ്ററിററ്യൂട്ടിലെ സബാററിയാൻ പിനിയാറോ പറയുന്നു. വീജ മാസികയിൽ റിപ്പോർട്ടു ചെയ്യപ്പെട്ടതുപോലെ, “അപകടകരമായ ഏകദേശം ഒരു ദശലക്ഷം ടൺ പാഴ്വസ്തുക്കൾ വാർഷികമായി മൂന്നാം ലോകരാജ്യങ്ങളിലേക്കു കയററി അയക്കുന്നു” എന്ന് ഒരു പഠനം വെളിപ്പെടുത്തി. ഇറക്കുമതി ചെയ്യപ്പെടുന്ന വിഷജന്യ പാഴ്വസ്തുക്കൾ എന്തു ചെയ്യുകയാണ്? അവ പുതിയ വിദ്യുച്ഛക്തി നിലയങ്ങളിൽ ഇന്ധനമായി കത്തിക്കുന്നുണ്ടായിരിക്കാം. ബ്രസ്സീലിയൻ പരിസ്ഥിതി ഏജൻസിയുടെ ഒരു ഉപദേഷ്ടാവ് ഇപ്രകാരം പറയുന്നു: “എന്തു വില കൊടുത്തും തൊഴിൽ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നുള്ള പക്ഷത്തിനുവേണ്ടി വികസ്വര രാഷ്ട്രങ്ങൾ വാദിക്കുന്നു.” എന്നിട്ടും ലോകവ്യാപകമായി ചോദ്യങ്ങൾ ഉയർന്നു വരികയാണ്. ലണ്ടനിലെ ഫൈനാൻഷ്യൽ ടൈംസ് ഇപ്രകാരം ചോദിക്കുന്നു: “മനുഷ്യജീവനു കുറഞ്ഞ വില കല്പിക്കുന്നതെവിടെയാണെന്നുള്ള കണക്കുകൂട്ടലുകളാൽ ഫാക്ടറികളുടെ സ്ഥാനം സംബന്ധിച്ച തീരുമാനങ്ങൾ നിർണയിക്കപ്പെടണമോ?” വ്യംഗ്യാത്മകമായി വീജ കൂട്ടിച്ചേർക്കുന്നു: “ഉത്തരം ഉവ്വ് എന്നാണെന്നു തോന്നുന്നു.” (g93 6/8)
തേൻ—ഒരു രോഗസംഹാരി
പ്രാചീനകാലംമുതൽ തേനിന്റെ സൗഖ്യമാക്കൽ ഗുണങ്ങൾ നിമിത്തം തേനീച്ചയുടെ തേൻ ഉപയോഗിച്ചുകൊണ്ടാണിരുന്നിട്ടുള്ളത്. തേനിന്റെ സൗഖ്യമാക്കൽ ഗുണങ്ങൾ ആധുനിക വൈദ്യശാസ്ത്രം ഇപ്പോൾ വീണ്ടും കണ്ടുപിടിക്കാൻ തുടങ്ങുകയാണെന്നു ഫ്രെഞ്ചു മാസികയായ ലാ പ്രെസ്സ് മെഡിക്കേൽ റിപ്പോർട്ടു ചെയ്യുന്നു. അടുത്തകാലത്തെ ഒരു പഠനത്തിൽ, പൊള്ളലിനും ശരീരത്തിലെ പലതരം മുറിവുകൾക്കും ശുദ്ധമായ സ്വാഭാവിക തേൻ ഉപയോഗിച്ചു ഡോക്ടർമാർ പരീക്ഷണം നടത്തി. മുറിവുകളിൽ തേൻ നേരിട്ടു പുരട്ടുകയും അണുവിമുക്തമായ ബാൻഡേജുകൊണ്ടു മൂടിക്കെട്ടുകയും ചെയ്തു. ഈ ഡ്രസ്സിംങ്ങ് ഓരോ 24 മണിക്കൂറിലും മാററി. ശുദ്ധീകരിക്കുകയും സൗഖ്യമാക്കുകയും ചെയ്യുന്ന ഒരു ഘടകമെന്നനിലയിൽ തേൻ വളരെ ഫലപ്രദമാണെന്നു ഫലങ്ങൾ പ്രകടമാക്കുന്നു. അതു സമ്പർക്കത്തിൽ വരുന്ന മിക്ക അണുക്കളെയും കൊല്ലുകയും പുതിയ പേശീവളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ലാ പ്രെസ്സ് മെഡിക്കേൽ ഇങ്ങനെ ഉപസംഹരിക്കുന്നു: “ഇതു ലളിതവും ചെലവു കുറഞ്ഞതുമായിരിക്കുന്നതുകൊണ്ട്, തേൻ കൂടുതൽ അറിയപ്പെടേണ്ടതാണ്, വ്രണമുണ്ടാകാതിരിക്കാൻ സാധാരണമായി ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങളുടെ പട്ടികയിൽ ചേർക്കുകയും വേണം.” (g93 5/22)
അലസ മസ്തിഷ്കം തുരുമ്പിക്കുന്നു
ദീർഘകാലത്തെ പ്രവർത്തനമില്ലായ്മ മസ്തിഷ്കത്തിനു പ്രയോജനം ചെയ്യുന്നുവോ? തീർച്ചയായും ഇല്ല എന്നു ജർമനിയിലെ ഡൂസ്സൽഡോർഫിലുള്ള മെഡിക്കൽ ട്രേഡ് ഫെയറിലെ ബേൺട് ഫിഷർ പറഞ്ഞു. സ്റെറയ്ഗർവാൾബോട്ട റിപ്പോർട്ടു ചെയ്തതുപോലെ, “കേവലം ഏതാനും മണിക്കൂർ നേരത്തെ പൂർണമായ ഉത്തേജനമില്ലായ്മയെത്തുടർന്ന് ഒരു വ്യക്തിയുടെ ചിന്താപ്രാപ്തി ഗണ്യമായി കുറഞ്ഞതായി പരീക്ഷണങ്ങൾ പ്രകടമാക്കിയിരിക്കുന്നു” എന്ന് അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ സൂചിപ്പിച്ചു. തങ്ങളുടെ മാതൃകാപരമായ അവധിക്കാലം അലസമായ നിഷ്ക്രിയത്വത്തിന്റെ അവധിക്കാലം ആക്കിയിരുന്നവരെ അദ്ദേഹം വീണ്ടുവിചാരത്തിന് ഉപദേശിച്ചു. “നിഷ്ക്രിയത്വത്തിന്റെ ദീർഘമായ ഒരു അവധിക്കാലത്തിനുശേഷം തലച്ചോറിന്, വ്യായാമം കിട്ടാത്ത ഒരു പേശിയെപ്പോലെ, മുമ്പുണ്ടായിരുന്ന അതിന്റെ പ്രാപ്തിയുടെ തലത്തിലെത്താൻ ചില സാഹചര്യങ്ങളിൽ മൂന്നു വാരത്തോളം ആവശ്യമായിവന്നു” എന്നു പത്രം പറഞ്ഞു. അവധിക്കാലത്തു തുരുമ്പിച്ചുപോകുന്നതിൽനിന്നു സ്പോർട്ട്സും കളിയും വായിക്കാൻ രസമുള്ള വിഷയങ്ങളും മസ്തിഷ്കത്തെ തടയുന്നുവെന്നു പറയപ്പെട്ടു. (g93 6/8)
കടലാമകളുടെ പ്രശ്നം
കടലാമകൾ വസിക്കുന്നതു വെള്ളത്തിലാണെങ്കിലും ഉണങ്ങിയ നിലത്താണ് അവ മുട്ടയിടുന്നത്. ലോകത്തിലെ സമുദ്രങ്ങളിൽ ദീർഘദൂരം ചുററിത്തിരിഞ്ഞശേഷം, മുട്ടയിടാനായി കടലാമകൾ ചില പ്രത്യേക കടലോരങ്ങളിലേക്കു മടങ്ങുന്നു. തീരത്തുനിന്നുമാറി ഇണചേർന്നശേഷം പെൺകടലാമ വെള്ളത്തിലൂടെ തീരത്തേക്കു സാവധാനം നീങ്ങുന്നു—സാധ്യതയനുസരിച്ച്, അവൾ പിറന്ന കടൽപ്പുറത്തുതന്നെ. അതിനുശേഷം ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഒരു സ്ഥാനത്തു ശാന്തമായി അവൾ മുട്ടയിടുന്നു. മുട്ടയെല്ലാം—സാധാരണമായി ആയിരത്തോളം മുട്ടകൾ—ഇടുകയും കഠിന പ്രയത്നം ചെയ്തു മൂടുകയും ചെയ്യുന്നതുവരെ ഇത് ഏതാനും ദിവസങ്ങളിൽ ആവർത്തിച്ചുചെയ്യുന്നു. എന്നാൽ പിന്നീടു പ്രശ്നം സംജാതമാകുന്നു. മമനുഷ്യന്റെ “കിടയററ അത്യാഗ്രഹത്തിലും പരിസ്ഥിതിയോടുള്ള കടുത്ത അവഗണന”യിലും “മുട്ടക്കൂടുകളുടെ ചിട്ടയോടൂകൂടിയ കാലിയാക്കൽ” എന്ന് സൗത്ത് ആഫ്രിക്കൻ ജേർണലായ പ്രിസ്മ അതിനെ വിളിക്കുന്നു, അത് “ആമകളുടെ പ്രത്യുൽപ്പാദനരീതികളെ ഗൗരവമായി തടസ്സപ്പെടുത്തിയിരിക്കുന്നു.” ചില വർഗ്ഗങ്ങൾ ഇപ്പോൾ വംശനാശം നേരിടുന്നു. (g93 5/22)
ടെലിവിഷൻ മുന്നമേ സെററുചെയ്യുകയോ?
“കുട്ടികൾക്കു ടെലിവിഷൻ പരിപാടികൾ കുറക്കുന്നതാണ് ഏറെ നല്ലത്, വിശേഷിച്ചും അക്രമാസക്തമായ ടെലിവിഷൻ പരിപാടികൾ” എന്ന് ശിശുരോഗവിദഗ്ദ്ധരുടെ അമേരിക്കൻ അക്കാഡമി, ദ ജേർണൽ ഓഫ് ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷനൽ പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തിൽ പറയുന്നു. “പതിനാലു മാസംവരെ പ്രായമുള്ള ശിശുക്കൾപോലും ടെലിവിഷനിൽ കാണുന്ന പെരുമാററങ്ങളെ പ്രകടമായി നിരീക്ഷിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു.” അവർ കാണുന്നതിലധികവും ഹിംസാത്മകവും അക്രമസ്വഭാവമുള്ളതുമാണ്. മാതാപിതാക്കളുടെ അധികാരം പുനഃസ്ഥാപിക്കാനുള്ള ഒരു ശ്രമത്തിൽ, പരിപാടികളും ചാനലുകളും സമയവും മുൻകൂട്ടി സെററു ചെയ്യാൻ കഴിയത്തക്കവണ്ണം ടെലിവിഷനിൽ ഒരു ഇലക്ട്രോണിക് സമയ-ചാനൽ പൂട്ടിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കാൻ റിപ്പോർട്ടു നിർദേശിക്കുന്നു. ഈ വിധത്തിൽ മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്തപ്പോൾപോലും, അവർക്കു തങ്ങളുടെ കുട്ടികൾ ടെലിവിഷനിൽ എന്തു കാണുന്നുവെന്നതിനെയും എപ്പോൾ കാണുന്നുവെന്നതിനെയും നിയന്ത്രിക്കാൻ കഴിയുന്നു. (g93 5/22)
നിങ്ങളുടെ കൈകൾ കഴുകുക!
രോഗത്തോടു പൊരുതാൻ ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടങ്ങൾ വളരെയധികം സഹായിച്ചിട്ടുണ്ടെങ്കിലും, പല സാംക്രമിക രോഗങ്ങളുടെയും വ്യാപനം തടയുന്നതിന് ഇപ്പോഴും ഏററവും ഫലപ്രദമായ മാർഗങ്ങളിലൊന്നു നിങ്ങളുടെ കൈകൾ സാധാരണ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുന്നതാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഫ്രാൻസിലെയും ജർമനിയിലെയും നെതർലൻസിലെയും സ്വിററ്സർലണ്ടിലെയും ആരോഗ്യശീലങ്ങളെ സംബന്ധിച്ച സമീപകാലത്തെ ഒരു പഠനത്തിൽ, ഗവേഷകർ റെസ്റേറാറൻറുകളിലും ഓഫീസുകളിലും സ്കൂളുകളിലും ഫാക്ടറികളിലും ഉള്ള പൊതുകക്കൂസുകളിൽ അററകുററപ്പണി നടത്തുന്നവരായോ ശുചീകരണം നടത്തുന്ന വ്യക്തികളായോ ഭാവിച്ചു എന്ന് ഫ്രഞ്ചു പത്രമായ ലാ ഫിഗറോ റിപ്പോർട്ടു ചെയ്യുന്നു. കക്കൂസ് ഉപയോഗിച്ചശേഷം നാലുപേരിൽ ഒരാൾ കൈകൾ കഴുകുന്നില്ലെന്നും കഴുകുന്നവരിൽ നാലിലൊന്നുപേർ സോപ്പുപയോഗിക്കുന്നില്ലെന്നും അവർ കണ്ടെത്തി. ലോകമെമ്പാടും രോഗവ്യാപനത്തിനുള്ള ഏററവും സാധാരണമായ വഴികളിലൊന്നു മമനുഷ്യന്റെ കയ്യാണെന്നു തോന്നുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. (g93 6/8)
ജ്യോതിശാസ്ത്രജ്ഞരുടെ പ്രതീക്ഷ
യു.എസ്. നാഷണൽ എയ്റോനോട്ടിക്കൽ ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ നടത്തുന്ന പത്തുവർഷത്തെ ഒരു പരിപാടിയിൽ ജ്യോതിശാസ്ത്രജ്ഞർ അന്യഗ്രഹങ്ങളിലെ ബുദ്ധിശക്തിയുള്ള ജീവികളിൽനിന്നു വരുന്ന റേഡിയോ പ്രക്ഷേപണങ്ങൾ പിടിച്ചെടുക്കാനുള്ള ഒരു ശ്രമത്തിൽ 10 കോടി ഡോളർ ചെലവഴിക്കാൻ ആസൂത്രണം ചെയ്യുകയാണ്. ഇൻറർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പറയുന്നതനുസരിച്ച്, അർജൻറീനയിലും ആസ്ട്രേലിയയിലും ഇൻഡ്യയിലും റഷ്യയിലും പ്യൂർട്ടോ റിക്കോയിലും ഐക്യനാടുകളിലുമുള്ള റേഡിയോ ദൂരദർശിനികളിലെ ലക്ഷക്കണക്കിനു മൈക്രോവേവ് ചാനലുകൾ ഒരേസമയം നിരീക്ഷിക്കുകയാണ് അവരുടെ പദ്ധതി. ചില ശാസ്ത്രകാരൻമാർ ശുഭാപ്തിപൂർവം നേരത്തെയുള്ള വിജയം മുൻകൂട്ടിപ്പറയുന്നുണ്ടെങ്കിലും, 1960 മുതൽ നടത്തിയിട്ടുള്ള 50 അന്വേഷണങ്ങൾ ഫലപ്രദമായിട്ടില്ലെന്നു മററുള്ളവർ ചൂണ്ടിക്കാട്ടുന്നു. (g93 5/22)