ചെറിയ ആളുകൾ, വലിയ സമ്മർദങ്ങൾ
“തീർച്ചയായും, കുട്ടികളുടെ ദുഃഖങ്ങൾ ചെറുതാണ്, എന്നാൽ കുട്ടിയും അങ്ങനെതന്നെയാണ്.”—പേഴ്സി ബിഷ് ഷെല്ലി.
ഒരു ടോപ്പ്ഹാററിന്റെ, ചുവടെ കൊടുത്തിരിക്കുന്ന ചിത്രം കാണുക. ഒററ നോട്ടത്തിൽ, വിളുമ്പ് വീതിയുള്ളതായിരിക്കുന്നതിനെക്കാൾ തൊപ്പി ഉയരമുള്ളതായി കാണപ്പെടുന്നു. എങ്കിലും, യഥാർഥത്തിൽ ഉയരവും വീതിയും തുല്യമാണ്. അളവുകൾ എളുപ്പം തെററിധരിച്ചേക്കാം.
മുതിർന്നവർ ഒരു കുട്ടിയുടെ സമ്മർദത്തിന്റെ അളവു തെററിധരിക്കുന്നതും അതുപോലെതന്നെ എളുപ്പമാണ്. ‘കുട്ടികളുടെ പ്രശ്നങ്ങൾ വളരെ നിസ്സാരമാണ്’ എന്നു ചിലർ ന്യായവാദം ചെയ്യുന്നു. എന്നാൽ ഈ ചിന്താഗതി മിഥ്യയാണ്. “മുതിർന്നവർ പ്രശ്നങ്ങളെ അവയുടെ വലിപ്പംകൊണ്ടു വിധിക്കരുത്, പിന്നെയോ അവ ഉളവാക്കുന്ന വേദനയുടെ അളവുകൊണ്ടു വിധിക്കണം” എന്നു ബാലസമ്മർദം! (Childstress!) എന്ന പുസ്തകം മുന്നറിയിപ്പു നൽകുന്നു.
പല സംഗതികളിലും ഒരു കുട്ടിയുടെ വേദനയുടെ അളവ് മുതിർന്നവർ തിരിച്ചറിയുന്നതിനെക്കാൾ വളരെയേറെയാണ്. ഇത് തങ്ങളുടെ കുട്ടികളുടെ വൈകാരിക നില കണക്കാക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ട ഒരു പഠനത്താൽ സ്ഥിരീകരിക്കപ്പെട്ടു. മിക്കവാറും എല്ലാവരും തന്നെ തങ്ങളുടെ കുട്ടികൾ “വളരെ സന്തുഷ്ടരാ”യിരുന്നുവെന്നു മറുപടി പറഞ്ഞു. എങ്കിലും, മാതാപിതാക്കളിൽ നിന്നു മാററിനിർത്തി ചോദ്യം ചെയ്തപ്പോൾ ഭൂരിപക്ഷം കുട്ടികളും “അസന്തുഷ്ടരും” “ദുരിതമനുഭവിക്കുന്നവർ” പോലും ആയി തങ്ങളെത്തന്നെ വർണിച്ചു. മാതാപിതാക്കൾ തീരെ നിസ്സാരീകരിച്ചുകളയുന്ന ഭീതികളെ കുട്ടികൾ അഭിമുഖീകരിക്കുന്നു.
കോറു യമാമോട്ടോ നടത്തിയ മറെറാരു പഠനത്തിൽ കുട്ടികളുടെ ഒരു സംഘത്തോട് 20 ജീവിത സംഭവങ്ങളെ ഒരു ഏഴങ്ക സമ്മർദമാപിനിയിൽ അളക്കാൻ ആവശ്യപ്പെട്ടു. തുടർന്നു മുതിർന്നവരുടെ ഒരു സംഘം, ഒരു കുട്ടി അവയെ എങ്ങനെ കണക്കാക്കുമെന്ന് അവർ വിചാരിച്ചുവോ ആ വിധത്തിൽ അതേ സംഭവങ്ങളെ കണക്കാക്കി. ഇരുപതിനങ്ങളിൽ പതിനാറെണ്ണത്തിലും മുതിർന്നവർ തെററായി നിഗമനം ചെയ്തു! “നമ്മുടെ കുട്ടികളെ നമുക്കറിയാമെന്നു നാമെല്ലാം വിചാരിക്കുന്നു. എന്നാൽ വാസ്തവത്തിൽ എന്താണ് അവരെ ശല്യം ചെയ്യുന്നത് എന്ന് നാം യഥാർഥത്തിൽ കാണുകയോ കേൾക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നില്ല” എന്നു ഡോ. യമാമോട്ടോ നിഗമനം ചെയ്യുന്നു.
മാതാപിതാക്കൾ ജീവിതാനുഭവങ്ങളെ ഒരു പുതിയ വീക്ഷണകോണിൽ നിന്നു വീക്ഷിക്കാൻ പഠിക്കണം: ഒരു കുട്ടിയുടെ നേത്രങ്ങളിലൂടെ. (ചതുരം കാണുക.) ഇത് ഇന്നു വിശേഷാൽ ജീവൽ പ്രധാനമാണ്. “അവസാന നാളുകളിൽ വലിയ സമ്മർദത്തിന്റെ ദുർഘട സമയങ്ങൾ ഉണ്ടാകും . . . ഇടപെടാൻ പ്രയാസവും സഹിക്കാൻ വിഷമവുമുള്ളവ.” (2 തിമൊഥെയൊസ് 3:1, ദി ആംബ്ലിഫൈഡ് ബൈബിൾ) കുട്ടികൾ അങ്ങനെയുള്ള സമ്മർദത്തോട് പ്രതിരോധമുള്ളവരല്ല, പലപ്പോഴും, അവർ അതിന്റെ മുഖ്യ ഇരകളാണ്. കുട്ടികളുടെ സമ്മർദങ്ങളിൽ ചിലത് വെറും “യൗവനസഹജം” ആണെന്നിരിക്കെ മററുള്ളവ തികച്ചും അസാധാരണവും പ്രത്യേക ശ്രദ്ധ അർഹിക്കുന്നവയും ആണ്.—2 തിമോഥെയോസ് 2:22, NW.
[5-ാം പേജിലെ ചതുരം]
ഒരു കുട്ടിയുടെ നേത്രങ്ങളിലൂടെ
മാതാപിതാക്കളുടെ മരണം = അപരാധം. മാതാവിന്റെയോ പിതാവിന്റെയോ നേർക്കു പെട്ടെന്നുണ്ടാകുന്ന കോപചിന്തകളെ അനുസ്മരിച്ചുകൊണ്ട്, ഒരു കുട്ടി അവരുടെ മരണത്തിന് ഉത്തരവാദി താനാണെന്നതു സംബന്ധിച്ചുള്ള നിഗൂഢചിന്തകൾ വെച്ചുപുലർത്തിയേക്കാം.
വിവാഹമോചനം = വിരക്തി. മാതാപിതാക്കൾക്കു പരസ്പരം സ്നേഹിക്കുന്നതു നിർത്താൻ കഴിയുമെങ്കിൽ അവർ തന്നെ സ്നേഹിക്കുന്നതും നിർത്തിയേക്കാം എന്ന് കുട്ടിയുടെ യുക്തിചിന്ത പറയുന്നു.
മദ്യാസക്തി = പിരിമുറുക്കം. ക്ലോഡീയ ബ്ലാക്ക് ഇപ്രകാരം എഴുതുന്നു: “മദ്യാസക്ത ഭവനത്തിൽ തഴച്ചുവളരുന്ന ഭയത്തിന്റെയും വിരക്തിയുടെയും നിഷേധത്തിന്റെയും അസ്ഥിരതയുടെയും യഥാർഥമോ സംഭാവ്യമോ ആയ അക്രമത്തിന്റെയും ദൈനംദിന പരിസ്ഥിതി കൃത്യനിർവഹണപരവും ആരോഗ്യകരവും ആയ ഒരു പരിസ്ഥിതിയല്ല.”
മാതാപിതാക്കളുടെ ശണ്ഠ = ഭയം. ആവർത്തിച്ചുള്ള ഛർദിയും മുഖത്തെ പേശികളുടെ കോച്ചിവലിയും മുടികൊഴിച്ചിലും ഭാരം കുറയുകയോ കൂടുകയോ ചെയ്യുന്നതും അൾസർപോലും പരിണതഫലങ്ങൾ ആയിരിക്കത്തക്കവിധം മാതാപിതാക്കളുടെ ശണ്ഠ വളരെ സമ്മർദജനകമായിരുന്നതായി 24 വിദ്യാർഥികളിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി.
അതിനേട്ടം = നൈരാശ്യം. “കുട്ടികൾ എങ്ങോട്ടു തിരിഞ്ഞാലും, തങ്ങൾക്കുവേണ്ടി മുതിർന്നവർ ക്രമീകരിച്ച മത്സരങ്ങളിൽ തങ്ങളുടെ ജീവനുവേണ്ടി ഓടുന്നതായി അവർ കാണപ്പെടുന്നു” എന്ന് മേരി സൂസൻ മില്ലർ എഴുതുന്നു. സ്കൂളിലും വീട്ടിലും കളിയിൽപ്പോലും ഒന്നാമതാകുന്നതിനു സമ്മർദം ചെലുത്തുന്നെങ്കിലും കുട്ടി ഒരിക്കലും വിരുതു പ്രാപിക്കുന്നില്ല, മത്സരം ഒരിക്കലും അവസാനിക്കുന്നുമില്ല.
നവജാത ശിശു = നഷ്ടം. ഇപ്പോൾ മാതാപിതാക്കളുടെ ശ്രദ്ധയും വാത്സല്യവും പങ്കിടാൻ മറെറാരാളുള്ളതിനാൽ, ഒരു കൂട്ടു കിട്ടിയെന്നു വിചാരിക്കുന്നതിനു പകരം തനിക്കു തന്റെ മാതാവിനെയോ പിതാവിനെയോ നഷ്ടമായി എന്ന് ഒരു കുട്ടിക്കു തോന്നിയേക്കാം.
സ്കൂൾ = വേർപാടിന്റെ ദുഃഖം. എമിയെ സംബന്ധിച്ചടത്തോളം തന്റെ അമ്മയെ വിട്ടു സ്കൂളിൽ പോകുന്നത് ഓരോ ദിവസവും അങ്ങേയററം വേദനാജനകമായിരുന്നു.
പിശകുകൾ = തരംതാഴ്ത്തൽ. തങ്ങളുടെ അസ്ഥിരമായ സ്വപ്രതിഛായയോടൊപ്പം, കുട്ടികൾ “കാര്യങ്ങൾ യഥാർഥത്തിൽ ആയിരിക്കുന്നതിനെക്കാൾ വളരെയധികം ഊതിവീർപ്പിക്കാൻ ചായ്വു കാണിക്കുന്നു” എന്ന് ഡോ. ആൻ എപ്സ്ററീൻ പറയുന്നു. തരംതാഴ്ത്തൽ കുട്ടികളുടെയിടയിലെ ആത്മഹത്യക്കു കാഞ്ചിവലിക്കുന്ന ഏററവും സാധാരണമായ കാരണങ്ങളിലൊന്നാണെന്ന് അവർ കണ്ടെത്തി.
വൈകല്യങ്ങൾ = നൈരാശ്യം. ശാരീരികമായോ മാനസികമായോ വികലാംഗനായ കുട്ടിക്ക്, നിർദയരായ കൂട്ടുകാരുടെ പരിഹാസത്തിനുപുറമെ കേവലം തന്റെ പ്രാപ്തിക്കതീതമായിട്ടുള്ള എന്തിന്റെയെങ്കിലും പേരിൽ നിരാശ പ്രകടിപ്പിക്കുന്ന അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും അക്ഷമയും സഹിക്കേണ്ടിവന്നേക്കാം.
[4-ാം പേജിലെ ചിത്രം]
പഴയ ഫാഷനിലുള്ള ടോപ്പ് ഹാററ്