എന്റെ കുടുംബത്തിനു പ്രതിരോധകുത്തിവയ്പ് എടുക്കണമോ?
“കുട്ടിക്കു കുത്തിവയ്പെടുക്കാനുള്ള സമയമായി,” ഡോക്ടർ പറയുന്നു. ഒരുപക്ഷേ ഒരു ചെറിയ കുട്ടിക്ക് അതു കേൾക്കാൻ അത്ര സുഖമുള്ള പ്രസ്താവനയല്ല, എന്നാൽ അതു പൊതുവെ മാതാപിതാക്കളിൽനിന്ന് ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒരു പുഞ്ചിരിയിലും സമ്മതഭാവത്തിലും കലാശിച്ചിരിക്കുന്നു.
എന്നാൽ അടുത്ത കാലത്തു കുട്ടികൾക്കും മുതിർന്നവർക്കും നൽകുന്ന പൊതുവെ അംഗീകരിക്കപ്പെടുന്ന പ്രതിരോധ കുത്തിവയ്പു രീതികൾ സംബന്ധിച്ചു സംശയങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഏതെല്ലാം കുത്തിവയ്പുകളാണു യഥാർഥത്തിൽ ആവശ്യമായിരിക്കുന്നത്? അവയുടെ ദോഷഫലങ്ങൾ സംബന്ധിച്ചെന്ത്? ഒരു വാക്സിന്റെ നിർമാണത്തിൽ ഏതെങ്കിലും വിധത്തിൽ രക്തം ഉൾപ്പെട്ടിട്ടുണ്ടോ?
കരുതലുള്ള ഒരു ക്രിസ്തീയ കുടുംബം പരിചിന്തിക്കേണ്ട നല്ല ചോദ്യങ്ങളാണിവ. ഇവയുടെ ഉത്തരങ്ങൾക്കു നിങ്ങളുടെ കുട്ടികളുടെയും ഒപ്പം നിങ്ങളുടെതന്നെയും ആരോഗ്യത്തിൻമേലും ഭാവിമേലും നേരിട്ടുള്ള ഒരു ഫലം ചെലുത്താൻ കഴിയും.
പശ്ചാത്തലം
മിക്ക നാടുകളിലും പോളിയോരോഗത്തെ സംബന്ധിച്ച ഭയത്തെ അന്തിമമായി അവസാനിപ്പിച്ച ഫലപ്രദമായ ഒരു വാക്സിൻ 1950-കളിൽ അവതരിപ്പിക്കപ്പെട്ടു. ഫലപ്രദമായ പ്രതിരോധ കുത്തിവയ്പു പരിപാടികളുടെ ഫലമായി 1980 ആയതോടെ മുഴു ലോകത്തുനിന്നും വസൂരിബാധ നിർമാർജനം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ടു. ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെ ഈ വാക്കുകളെ ഇതു സ്ഥിരീകരിച്ചതായി തോന്നി: “ഒരൗൺസ് പ്രതിരോധം ഒരു പൗണ്ട് ഔഷധത്തിനുതക്ക മൂല്യമുള്ളതാണ്.”
പല രോഗങ്ങളെയും—ടെററനസ്, പോളിയോ, തൊണ്ടമുള്ള് (diphtheria), വില്ലൻചുമ (pertussis) എന്നിവ അവയിൽ ചിലതാണ്—നിയന്ത്രിക്കുന്നതിൽ ഇന്നു പ്രതിരോധ കുത്തിവയ്പു പരിപാടികൾ പൊതുവെ ഫലപ്രദമായിരിക്കുന്നു. ഇനിയും പ്രതിരോധ കുത്തിവയ്പ് ഏതെങ്കിലും കാരണത്താൽ കർശനമല്ലാത്തതായിത്തീരുമ്പോൾ രോഗം മടങ്ങിവന്നിരിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. വില്ലൻചുമയോടുള്ള ബന്ധത്തിൽ ഒരു രാജ്യത്ത് അതു സംഭവിച്ചു.
ഈ പ്രതിരോധമരുന്നുകൾ എന്തു ചെയ്യുന്നു? അടിസ്ഥാനപരമായി, അവ രണ്ടിൽ ഏതെങ്കിലുമൊരു വിധത്തിൽ രോഗബീജങ്ങളും വൈറസുകളും ഉൾപ്പെടെ രോഗാണുക്കൾ (pathogens) എന്നു വിളിക്കപ്പെടുന്ന രോഗപ്പകർച്ച നടത്തുന്ന ഘടകങ്ങളുടെ ആക്രമണത്തിനെതിരെ ശരീരത്തിന്റെ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്നു. ഒന്നാമത്തെ വിധം ഉത്തേജിത പ്രതിരോധം (active immunization) എന്നു വിളിക്കപ്പെടുന്നു. ഈ സംഗതിയിൽ മരുന്നിൽ അടങ്ങിയിരിക്കുന്നതു ശരീരത്തിന് അപകടം വരുത്താത്ത വിധത്തിൽ വ്യത്യാസപ്പെടുത്തിയ ശക്തി ക്ഷയിപ്പിച്ചതോ മൃതമാക്കിയതോ ആയ രോഗാണു (അഥവാ അതിന്റെ വിഷം) ആണ്. ശരീരത്തിന്റെ സ്വന്തം പ്രതിരോധ വ്യവസ്ഥകൾ രോഗാണുക്കളെ നശിപ്പിക്കുന്ന ആൻറിബോഡികൾ എന്നു വിളിക്കപ്പെടുന്ന കൊലയാളി തൻമാത്രകളെ ഉത്പാദിപ്പിച്ചു തുടങ്ങുന്നു, അതിനു യഥാർഥ രോഗാണു പ്രവേശിച്ചാൽ അതിനെതിരെ പൊരുതാൻ കഴിയും. പ്രതിരോധമരുന്നിൽ രോഗാണുവിഷത്തിന്റെ (toxin) സത്ത് അടങ്ങിയിട്ടുണ്ടെങ്കിൽ അതിനെ നിർവിഷകം (toxoid) എന്നു വിളിക്കുന്നു. അതു ശക്തി ക്ഷയിപ്പിച്ച ജീവനുള്ള രോഗാണുക്കളിൽനിന്നോ ചത്ത ജീവികളിൽനിന്നോ ആണ് ഉണ്ടാക്കുന്നതെങ്കിൽ അതിനെ വാക്സിൻ എന്നു വിളിക്കുന്നു.
നിങ്ങൾക്കു സങ്കല്പിക്കാൻ കഴിയുന്നതുപോലെ ഈ മരുന്നുകൾ സത്വര പ്രതിരോധശേഷി ഉളവാക്കുന്നില്ല. സംരക്ഷണം നൽകുന്ന ആൻറിബോഡികളെ നിർമിക്കാൻ ശരീരത്തിന് ഒരു കാലയളവ് ആവശ്യമാണ്. ഈ ഉത്തേജിത പ്രതിരോധങ്ങളിൽ പൊതുവെ പ്രതിരോധ മരുന്നുകളായി കരുതപ്പെടുന്ന, കുട്ടികൾക്കു നൽകുന്ന എല്ലാ മരുന്നുകളും കുത്തിവയ്പുകളും ഉൾപ്പെടുന്നു. ഒന്നിലൊഴികെ (പിന്നീടു ചർച്ച ചെയ്തിരിക്കുന്നു) നിർമാണത്തിന്റെ ഒരു ഘട്ടത്തിലും ഇവയിലൊന്നിലും രക്തത്തിന്റെ ഉപയോഗം ഉൾപ്പെടുന്നില്ല.
മറേറ പ്രവർത്തനക്രമം അന്യ പ്രതിരോധം (passive immunization) എന്നു വിളിക്കപ്പെടുന്നു. ഇതു സാധാരണമായി പേപ്പട്ടി വിഷംപോലെ ഗുരുതരമായ ഒരു രോഗത്തിന് ഒരു വ്യക്തി വിധേയമാകുന്ന സാഹചര്യങ്ങൾക്കുവേണ്ടി ഉള്ളതാണ്. ആ സംഗതിയിൽ ശരീരത്തിന് അതിന്റെ സ്വന്തം പ്രതിരോധശേഷി വികസിപ്പിച്ചെടുക്കാനുള്ള സമയമില്ല. അതുകൊണ്ട് അപ്പോൾത്തന്നെ നിർമിക്കപ്പെട്ടിട്ടുള്ള മററാരുടെയെങ്കിലും ആൻറിബോഡികൾ രോഗാണുക്കൾക്കെതിരെ പൊരുതാൻ അണുബാധയുണ്ടായ വ്യക്തിയിൽ കുത്തിവയ്ക്കാൻ കഴിയും. ഗാമ ഗ്ലോബുലിൻ, പ്രതിവിഷം (antitoxin), ഉയർന്ന അളവിൽ ആൻറിബോഡികൾ അടങ്ങിയ സീറം (hyperimmune serum) തുടങ്ങിയവ പ്രതിരോധശേഷിയുള്ള മനുഷ്യരുടെയോ മൃഗങ്ങളുടെയോ രക്തസത്തയിൽനിന്ന് ഉണ്ടാക്കുന്ന മരുന്നുകളുടെ മററു പേരുകളാണ്. കടമെടുത്ത ഈ പ്രതിരോധങ്ങൾ അഥവാ അന്യ പ്രതിരോധങ്ങൾ അക്രമിയെ ചെറുത്തു തോൽപ്പിക്കാൻ ശരീരത്തിനു സത്വരവും എന്നാൽ താത്കാലികം മാത്രവും ആയ സഹായം നൽകാൻ ഉദ്ദേശിച്ചുള്ളവയാണ്. പെട്ടെന്നുതന്നെ കടമെടുത്ത ആൻറിബോഡികൾ അന്യമാംസ്യമായി ശരീരത്തിൽനിന്നു പുറന്തള്ളപ്പെടുന്നു.
എന്റെ കുട്ടിക്കു പ്രതിരോധമരുന്നു കൊടുക്കണമോ?
എന്നാൽ ഈ പശ്ചാത്തലത്തിൽ ചിലർ വീണ്ടും സംശയിച്ചേക്കാം, ‘എന്റെ കുട്ടിക്ക് ഏതു പ്രതിരോധമരുന്നുകളാണു കൊടുക്കേണ്ടത്?’ കുട്ടികൾക്കുള്ള പ്രതിരോധമരുന്നുകൾ സത്വരം ലഭ്യമായിരിക്കുന്ന ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും യഥാസമയത്തുള്ള പ്രതിരോധ കുത്തിവയ്പുകൾ ഏതു രോഗങ്ങളെ ഉദ്ദേശിച്ചു നടത്തിയോ ആ രോഗങ്ങളുടെ ഗണ്യമായ കുറവിൽ കലാശിച്ചിരിക്കുന്നു.
ശിശുരോഗവിദഗ്ധരുടെ അമേരിക്കൻ അക്കാദമി ലോകത്തിനു ചുററുമുള്ള സമാനമായ മററു സ്ഥാപനങ്ങളോടുള്ള യോജിപ്പിൽ അനേക വർഷങ്ങളായി പിൻവരുന്ന രോഗങ്ങൾക്കു യഥാസമയത്തുള്ള പ്രതിരോധമരുന്നുകൾ ശുപാർശ ചെയ്തിട്ടുണ്ട്: തൊണ്ടമുള്ള്, വില്ലൻചുമ, ടെററനസ്. സാധാരണഗതിയിൽ മൂന്നും കൂടെ ഒരുമിച്ചു ഡിപിററി എന്ന പേരിൽ ഒരു കുത്തിവയ്പു നൽകപ്പെടുന്നു, അങ്ങനെ ചുരുങ്ങിയതു രണ്ടു മാസം ഇടവിട്ട് മൂന്നു ബൂസ്ററർ ഡിപിററി കുത്തിവയ്പുകളും. അതിനുപുറമെ, അഞ്ചാംപനിക്കും മുണ്ടിനീരിനും ജർമൻ മീസിൽസിനും ഉള്ള പ്രതിരോധമരുന്നുകൾ ഒരു വയസ്സു കഴിഞ്ഞ കുട്ടികൾക്ക് എംഎംആർ എന്ന ഒററ ഡോസായി കൊടുക്കുന്നു. മാത്രവുമല്ല ഡിപിററിയ്ക്കു സമാനമായ ക്രമത്തിൽ പോളിയോയ്ക്കുള്ള നാലു ഡോസ് മരുന്നും (ഒപിവി) വായിലൂടെ കൊടുക്കുന്നു.a
ആവശ്യമായ ബൂസ്ററർ ഡോസുകളുടെ എണ്ണം വ്യത്യാസപ്പെട്ടിരുന്നേക്കാമെങ്കിലും പല സ്ഥലങ്ങളിലും യഥാസമയത്തുള്ള ഈ കുത്തിവയ്പുകൾ കർശനമാണ്. അടുത്ത കാലത്ത് അഞ്ചാംപനിയുടെ അനേകം കേസുകൾ ഉണ്ടായതിനെത്തുടർന്നു ചില സാഹചര്യങ്ങളിൽ അഞ്ചാംപനിക്കുള്ള വാക്സിന്റെ കൂടുതൽ ബൂസ്ററർ ഡോസുകൾ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നു. വിശദാംശങ്ങൾക്കായി നിങ്ങൾ നിങ്ങളുടെ പ്രദേശത്തെ ഒരു ഡോക്ടറെ കാണേണ്ട ആവശ്യം വന്നേക്കാം.
ഇവയ്ക്കു പുറമേ, ന്യൂമോണിയ വാക്സിനും (ന്യൂമോവാക്സ്) ഉണ്ട്. ഏതെങ്കിലും കാരണം നിമിത്തം ചിലതരം ന്യൂമോണിയ വരാൻ സാധ്യതയുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഇത് ആജീവനാന്ത രോഗപ്രതിരോധശേഷി നൽകുന്നതായി തോന്നുന്നു.
കുട്ടികൾക്കുള്ള മറെറാരു വാക്സിൻ ഹിബ് വാക്സിൻ എന്നു വിളിക്കപ്പെടുന്നു. ശൈശവകാലത്തു ബാധിക്കുന്ന ഹീമോഫീലസ് ഇൻഫ്ളുവൻസ എന്ന ഒരു സാധാരണ രോഗാണുവിനെതിരെ സംരക്ഷണം നൽകാനാണ് ഇതു നൽകുന്നത്. ഈ അണുക്കൾ കുട്ടികളിൽ പലതരം രോഗങ്ങളുണ്ടാക്കുന്നു, ഇവയിൽ ഏററവും ശ്രദ്ധേയമായതു രൂക്ഷമായ ഒരുതരം മസ്തിഷ്കവീക്കമാണ്. ഈ വാക്സിൻ പൊതുവെ സുരക്ഷിതമെന്നു തെളിഞ്ഞിരിക്കുന്നു, കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പുകളുടെ ഭാഗമായി അത് അധികമധികം ശുപാർശ ചെയ്യപ്പെട്ടുവരികയാണ്.
എന്നാൽ ചൂടുപനിക്കു യഥാകാല പ്രതിരോധ മരുന്നുകൾ ഇതുവരെയും ഉണ്ടായിട്ടില്ല. വസൂരിക്കുള്ള പ്രതിരോധമരുന്നു മേലാൽ ലഭ്യമല്ല, കാരണം നേരത്തെ പരാമർശിച്ചപോലെ ലോകവ്യാപകമായി നടത്തിയ ഒരു പ്രതിരോധ കുത്തിവയ്പു പരിപാടി ഈ മാരകരോഗത്തെ തുടച്ചുനീക്കിയിരിക്കുന്നു.
ദോഷഫലങ്ങൾ സംബന്ധിച്ചെന്ത്?
പ്രതിരോധമരുന്നുകളുടെ ദോഷഫലങ്ങൾ സംബന്ധിച്ചെന്ത്? കുട്ടിയുടെ പെട്ടെന്നുള്ള കരച്ചിലും താത്കാലികമായ കണ്ണുനീരും ഒഴിച്ച് അനേകം മരുന്നുകൾക്കും ദോഷഫലങ്ങൾ സാധാരണമായി പരിമിതവും താത്കാലികവുമാണ്—അങ്ങേയററം പോയാൽ ഒന്നോ രണ്ടോ ദിവസത്തെ പനിയുണ്ടായേക്കാം. എന്നിരുന്നാലും ഈ മരുന്നുകളുടെ അപകടങ്ങൾ സംബന്ധിച്ചു പല മാതാപിതാക്കൾക്കും ഉത്കണ്ഠകളുണ്ട്. ഒരു വൈദ്യശാസ്ത്ര പഠനം തങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച മാതാപിതാക്കളുടെ ഉത്കണ്ഠകളെക്കുറിച്ചു സർവേ നടത്തി, സർവേ ചെയ്യപ്പെട്ട മാതാപിതാക്കളിൽ 57 ശതമാനം പേരും പ്രതിരോധ കുത്തിവയ്പുകളുടെ പ്രത്യാഘാതത്തെ സംബന്ധിച്ച് ഉത്കണ്ഠപ്പെട്ടു.
സമീപ കാലത്തു ഡിപിററിയിലെ ഒരു ഘടകത്തെക്കുറിച്ച്, അതായത് വില്ലൻചുമയെക്കുറിച്ചു വലിയ ഉത്കണ്ഠ പ്രചരിച്ചിട്ടുണ്ട്. ഈ മരുന്നിന്റെ വിജയം മുമ്പു ഭയപ്പെട്ടിരുന്ന ഒരു രോഗത്തിന്റെ ഗണ്യമായ കുറവിൽ കലാശിച്ചിരിക്കുന്നു —ഒരു രാജ്യത്തു മാത്രം പ്രതിവർഷം വാക്സിനു മുമ്പുണ്ടായിരുന്ന 2,00,000 കേസുകളിൽനിന്നു വാക്സിന്റെ വ്യാപകമായ ഉപയോഗത്തെത്തുടർന്ന് 2,000 കേസുകളായി കുറഞ്ഞു. എന്നിരുന്നാൽത്തന്നെയും നൽകപ്പെട്ട ഏതാണ്ട് 1,00,000 ഡോസുകളിൽ ഒന്നിൽ ഗുരുതരമായ ദോഷഫലങ്ങൾ—പെട്ടെന്നുള്ള രോഗമൂർച്ഛയും മസ്തിഷ്കനാശം പോലും—ഉണ്ടായി.
ഈ പ്രത്യാഘാതം വളരെ അപൂർവമാണെന്നിരിക്കെ, സ്കൂളിൽ ചേർക്കാൻ കുട്ടിക്കു യോഗ്യത കിട്ടുന്നതിനു തങ്ങളുടെ കുട്ടിക്കു കുത്തിവയ്പെടുക്കുകയല്ലാതെ മററു മാർഗങ്ങളില്ലെന്നു കാണുന്ന അനേകം മാതാപിതാക്കളുടെയും ഭാഗത്ത് ഇതു കുറച്ച് ഉത്കണ്ഠയ്ക്ക് ഇട നൽകുന്നു. അസാധാരണമാണെങ്കിലും വില്ലൻചുമ ഒരു സമൂഹത്തെ ബാധിക്കുമ്പോൾ വളരെ നാശോൻമുഖമായതുകൊണ്ടു ശരാശരി കുട്ടിക്ക് “ഈ വാക്സിൻ, രോഗം പിടിപെടുന്നതിനെക്കാൾ വളരെയധികം സുരക്ഷിതമാണ്” എന്നു വിദഗ്ധർ നിഗമനം ചെയ്തിരിക്കുന്നു. “നേരത്തെ കൊടുത്ത ഒരു ഡോസ് മരുന്നു കോച്ചലിലോ മസ്തിഷ്കവീക്കത്തിലോ കേന്ദ്രനാഡീവ്യവസ്ഥയിലെ രോഗലക്ഷണങ്ങളിലോ തകർച്ചയിലോ കലാശിക്കാത്തപ്പോൾ” പ്രതിരോധമരുന്നു കൊടുക്കാൻ ആ വിദഗ്ധർ ഉപദേശിക്കുന്നു. “‘അമിതമായ ഉറക്കമോ വളരെയധികം കരച്ചിലോ (മൂന്നു മണിക്കൂറോ അതിലധികമോ നേരത്തേക്കുള്ള നിറുത്താതെയുള്ള കരച്ചിൽ) 105°ഫാരൻഹീററിലധികം (40.5°സെൽഷ്യസ്) താപനിലയോ’ ഉണ്ടാകുന്ന ശിശുക്കൾക്കു വാക്സിന്റെ കൂടുതൽ ഡോസുകൾ കൊടുക്കരുത്.”b
പല നാടുകളിലും ഈ പ്രശ്നത്തിന്റെ യഥാർഥ പരിഹാരം സമ്പൂർണ മൃതകോശങ്ങളടങ്ങാത്ത വാക്സിനാണ്. ആശാവഹമായ പ്രതീക്ഷകളോടെ ഇപ്പോൾ ജപ്പാനിൽ കൊടുത്തുവരുന്നതുപോലുള്ള വാക്സിനുകളാണ് അവ. പുതിയതും കൂടുതൽ സുരക്ഷിതവും ആയ ഈ വാക്സിൻ മററു രാജ്യങ്ങളിലും ലഭ്യമായിക്കൊണ്ടിരിക്കുന്നു.
യഥാകാലങ്ങളിൽ കുട്ടികൾക്കു കൊടുക്കുന്ന മററു പ്രതിരോധമരുന്നുകളും ഫലപ്രദവും താരതമ്യേന സുരക്ഷിതവും ആണെന്നു കൂടെക്കൂടെ തെളിഞ്ഞിരിക്കുന്നു.
മുതിർന്നവർക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ സംബന്ധിച്ചെന്ത്?
ഒരിക്കൽ ഒരു വ്യക്തി പൂർണ വളർച്ചയിൽ എത്തിയാൽ അയാൾ മനസ്സിൽ പിടിക്കേണ്ട ചില ഉത്തേജിത പ്രതിരോധമരുന്നുകൾ ഉണ്ട്. കുട്ടിക്കാലത്തു രോഗമുണ്ടാകുകയോ പ്രതിരോധ കുത്തിവയ്പെടുക്കുകയോ ചെയ്തതിന്റെ ഫലമായി പ്രായപൂർത്തിയായ എല്ലാവർക്കും അഞ്ചാംപനിക്കും മുണ്ടിനീരിനും ജർമൻ മീസിൽസിനും എതിരായ പ്രതിരോധശേഷി ഉണ്ടായിരിക്കണം. അത്തരം പ്രതിരോധശേഷി സംബന്ധിച്ചു സംശയം ഉണ്ടാകുന്നെങ്കിൽ ഡോക്ടർ പ്രായപൂർത്തിയായ ഒരാൾക്ക് ഒരു എംഎംആർ ഡോസ് ശുപാർശ ചെയ്തേക്കാം.
പത്തു വർഷത്തിൽ ഒരിക്കലോ മറേറാ ഉള്ള ടെററനസ് നിർവിഷകത്തിന്റെ ഒരു ഡോസ് മരുന്നു ഹനുസ്തംഭനം (lockjaw) തടയാനുള്ള മാർഗമെന്ന നിലയിൽ ഒരു നല്ല ആശയമായി കരുതപ്പെടുന്നു. പ്രായമായ വ്യക്തികളും പഴകിയ രോഗമുള്ളവരും വാർഷികമായുള്ള ഇൻഫ്ളുവൻസാ പ്രതിരോധ ചികിത്സ സംബന്ധിച്ചു തങ്ങളുടെ ഡോക്ടറുമായി പരിശോധന നടത്താൻ ആഗ്രഹിച്ചേക്കാം. ലോകത്തിന്റെ ചില ഭാഗങ്ങളിലേക്കു യാത്ര ചെയ്യുന്നവർ മഞ്ഞപ്പനി, കോളറ, പ്ലീഹരോഗം, ടൈഫോയ്ഡ്, പ്ലേഗ് ഇവയിലേതെങ്കിലും വ്യാപകമായിരിക്കുന്ന ദേശത്തേക്കാണു പോകുന്നതെങ്കിൽ അവയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പു നടത്തുന്നതിനെക്കുറിച്ചു പരിചിന്തിക്കണം.
മറെറാരു ഉത്തേജിത പ്രതിരോധമരുന്നു ശ്രദ്ധ അർഹിക്കുന്നു, എന്തുകൊണ്ടെന്നാൽ രക്തത്തിൽനിന്ന് ഉണ്ടാക്കുന്ന ഒരേയൊരു ഉത്തേജിത പ്രതിരോധമരുന്ന് അതു മാത്രമാണ്. ഹെപ്ററാവാക്സ്-ബി എന്നു വിളിക്കപ്പെടുന്ന ഹെപ്പറെറററിസ്-ബി വാക്സിനാണ് അത്. ഹെപ്പറെറററിസ് ബി ബാധിച്ച രോഗികളിൽനിന്നുള്ള രക്തോത്പന്നങ്ങളുമായി യാദൃച്ഛികമായി സമ്പർക്കത്തിൽ വന്നേക്കാവുന്ന ആരോഗ്യരക്ഷാ പ്രവർത്തകർ പോലുള്ള ചില വ്യക്തികളെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രതിരോധമരുന്നാണ് ഇത്. ഒരു വമ്പിച്ച മുന്നേററം എന്നു വാഴ്ത്തപ്പെടുന്നുണ്ടെങ്കിലും അതിന്റെ നിർമാണരീതി നിമിത്തം ഈ വാക്സിൻ പലർക്കും ഉത്കണ്ഠ ഉളവാക്കിയിരിക്കുന്നു.
അടിസ്ഥാനപരമായി, പ്രത്യേകതരം ഹെപ്പറെറററിസ്-ബി വൈറസ് ബാധിച്ചവരിൽനിന്നു രക്തം ശേഖരിക്കുകയും അതിൽനിന്നു വൈറസുകളെയെല്ലാം കൊന്നശേഷം ഒരു പ്രത്യേകതരം ഹെപ്പറെറററിസ്-ബി രോഗാണുവിനെ ശേഖരിക്കുന്നു. ശുദ്ധിചെയ്ത, വീര്യം കെടുത്തിയ ഈ രോഗാണുവിനെ ഒരു വാക്സിനായി കുത്തിവയ്ക്കാൻ കഴിയും. എന്നിരുന്നാലും, ലൈംഗികമായി അഴിഞ്ഞ നടത്തയുള്ളവർ പോലുള്ള രോഗബാധിതരായ ആളുകളിൽനിന്നുള്ള രക്തോത്പന്നങ്ങൾ സ്വീകരിക്കുന്നതിന്റെ അപകടത്തെ ഭയപ്പെട്ട് പല ആളുകളും ഈ വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്നു. അതിനുപുറമെ ഈ വാക്സിൻ മറെറാരു വ്യക്തിയുടെ രക്തത്തിൽനിന്ന് എടുക്കുന്നതുകൊണ്ടു മനസ്സാക്ഷിബോധമുള്ള ചില ക്രിസ്ത്യാനികൾ ഇതിനോട് എതിർപ്പുള്ളവരാണ്.c
വ്യത്യസ്തമായ എന്നാൽ തുല്യശക്തിയുള്ള ഒരു ഹെപ്പറെറററിസ്-ബി വാക്സിൻ പുറത്തു വന്നതോടെ ഹെപ്പറെറററിസ് വാക്സിനെതിരെയുള്ള അത്തരം എതിർപ്പുകൾ ഫലപ്രദമായി നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. യീസ്ററ് കോശങ്ങളിൽ വാക്സിൻ ഉത്പാദിപ്പിക്കുന്ന ഒരു ജനിതക സാങ്കേതികവിദ്യയിലൂടെയാണ് ഇത് ഉണ്ടാക്കുന്നത്, അതിൽ മനുഷ്യരക്തം ഉൾപ്പെട്ടിട്ടില്ല. നിങ്ങൾ ആരോഗ്യരക്ഷാ പ്രവർത്തനരംഗത്താണു ജോലി നോക്കുന്നതെങ്കിൽ അഥവാ മറേറതെങ്കിലും കാരണത്താൽ ഹെപ്പറെറററിസ്-ബി വാക്സിൻ സ്വീകരിക്കേണ്ട ഒരു വ്യക്തിയാണെങ്കിൽ ഈ വിഷയം നിങ്ങളുടെ ഡോക്ടറുമായി ചർച്ചചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
വാക്സിൻ ഉത്പാദനത്തിൽ രക്തം
രക്തത്തിന്റെ ദുർവിനിയോഗം സംബന്ധിച്ച ബൈബിളിന്റെ വിലക്കിൽ താത്പര്യമെടുക്കുന്ന ക്രിസ്ത്യാനികൾക്ക് ഇത് ഒരു പ്രധാനപ്പെട്ട പ്രശ്നം ഉന്നയിക്കുന്നു. (പ്രവൃത്തികൾ 15:28, 29) മറേറതെങ്കിലും വാക്സിനുകൾ രക്തത്തിൽനിന്ന് ഉണ്ടാക്കുന്നവയാണോ?
പൊതുവെ, ഹെപ്ററാവാക്സ്-ബി ഒഴിച്ച്, ഉത്തേജിത പ്രതിരോധമരുന്നുകൾ ഒന്നും രക്തത്തിൽനിന്ന് ഉത്പാദിപ്പിക്കുന്നവയല്ല. ദൃഷ്ടാന്തത്തിന് ഇതിൽ കുട്ടികൾക്കുള്ള എല്ലാ പ്രതിരോധമരുന്നുകളും ഉൾപ്പെടുന്നു.
അന്യ പ്രതിരോധമരുന്നിനെ സംബന്ധിച്ചു മറിച്ചാണു വാസ്തവം. തുരുമ്പിച്ച ആണിമേൽ ചവിട്ടിയശേഷം അല്ലെങ്കിൽ ഒരു പട്ടിയുടെ കടികൊണ്ടശേഷം അങ്ങനെ സാധ്യതയനുസരിച്ച് അണുബാധയുണ്ടായശേഷം ഒരുവൻ കുത്തിവയ്പെടുക്കാൻ ഉപദേശിക്കപ്പെടുമ്പോൾ മരുന്നുകൾ (അവ കേവലം യഥാസമയങ്ങളിലുള്ള ബൂസ്റററുകൾ അല്ലെങ്കിൽ) ഉയർന്ന അളവിൽ ആൻറിബോഡികൾ അടങ്ങിയ സീറം ആയിരിക്കുമെന്നും അതു രക്തം ഉപയോഗിച്ച് ഉണ്ടാക്കിയതായിരിക്കുമെന്നും ഒരുവനു നിഗമനം ചെയ്യാൻ കഴിയും. ഇത് ആർഎച്ച് ഇമ്യൂൺ ഗ്ലോബുലിനെ (Rhogam) സംബന്ധിച്ചും സത്യമാണ്, രക്തത്തിൽ ആർഎച്ച്-ഘടകമുള്ള ശിശുക്കളുടെ ജനനസമയത്തെന്നപോലെ ആർഎച്ച്-അനുകൂല (Rh-positive) രക്തവുമായി ഏതെങ്കിലും കാരണവശാൽ സമ്പർക്കത്തിൽ വരുന്ന ആർഎച്ച്-പ്രതികൂല (Rh-negative) അമ്മമാർക്കു മിക്കപ്പോഴും അതു ശുപാർശ ചെയ്യപ്പെടുന്നു.
ഈ അന്യ പ്രതിരോധമരുന്നുകൾ രക്തത്തിന്റെ പ്രശ്നം സംബന്ധിച്ചു ശ്രദ്ധയർഹിക്കുന്നതായതുകൊണ്ടു മനസ്സാക്ഷിബോധമുള്ള ഒരു ക്രിസ്ത്യാനി ഏതു നിലപാടു സ്വീകരിക്കും? ഈ പത്രികയിലും ഇതിന്റെ കൂട്ടുപ്രസിദ്ധീകരണമായ വീക്ഷാഗോപുരത്തിലും നേരത്തെ വന്നിട്ടുള്ള ലേഖനങ്ങൾ പൊരുത്തമുള്ള ഒരു നിലപാട് അവതരിപ്പിച്ചിട്ടുണ്ട്: ഈ ചികിത്സ തനിക്കും തന്റെ കുടുംബത്തിനും സ്വീകരിക്കണോയെന്ന് ഓരോ ക്രിസ്ത്യാനിയുടെയും ബൈബിൾ പരിശീലിത മനസ്സാക്ഷിയനുസരിച്ചു തീരുമാനിക്കേണ്ടതാണ്.d
എന്റെ കുടുംബം പ്രതിരോധമരുന്നുകൾ സ്വീകരിക്കണമോ?
ക്രിസ്ത്യാനികൾക്കു ജീവനോടു വലിയ ആദരവുണ്ട്, തങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യത്തിനുവേണ്ടി ഏററവും നല്ലതു ചെയ്യാൻ അവർ ആഗ്രഹിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുടുംബത്തിനു പ്രതിരോധമരുന്നുകൾ വേണോ എന്നു മനസ്സാക്ഷിപൂർവം തീരുമാനിക്കുകയെന്നതു നിങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്.—ഗലാത്യർ 6:5.
ഈ സ്ഥിതിവിശേഷത്തെ ഒരു വിദഗ്ധൻ ഇപ്രകാരം നന്നായി സംഗ്രഹിച്ചു: “തങ്ങളുടെ കുട്ടിക്കായുള്ള ഓരോ ചികിത്സയും മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവർ തങ്ങളുടെ കുട്ടിയുടെ നിയമാനുസൃത രക്ഷിതാക്കളെക്കാൾ കവിഞ്ഞവരാണ്. മക്കൾ അവരെ ആശ്രയിച്ച് എത്രകാലം ജീവിക്കുന്നുവോ അത്രയുംകാലം അവരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും അവർ ഉത്തരവാദികളാണ്.” പ്രതിരോധമരുന്നുകൾ സ്വീകരിക്കുന്ന ഈ കാര്യത്തിലും അതുപോലെതന്നെ മററു വൈദ്യപരമായ കാര്യങ്ങളിലും യഹോവയുടെ സാക്ഷികൾ ആ ഉത്തരവാദിത്വം വളരെ ഗൗരവമായി എടുക്കുന്നു.—ഒരു ഡോക്ടർ സംഭാവന ചെയ്തത്. (g93 8/8)
[അടിക്കുറിപ്പുകൾ]
a ലോകത്തിന്റെ പല ഭാഗങ്ങളിലും ശിശുക്കൾക്കും ഹെപ്പറെറററിസ് ബി-ക്കെതിരെ യഥാകാല പ്രതിരോധ കുത്തിവയ്പിനു ലോകാരോഗ്യസംഘടന ഇപ്പോൾ ശുപാർശ ചെയ്തുവരുന്നു.
b രോഗം പെട്ടെന്നു മൂർച്ഛിക്കുന്ന ഒരു കുടുംബചരിത്രം പ്രത്യാഘാതങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നതായി തോന്നുന്നില്ല. ശ്വസനേന്ദ്രിയ അണുബാധകൾ പ്രത്യാഘാതത്തെ സഹായിക്കുന്നുവെന്നു തോന്നുന്നില്ലെങ്കിലും കുട്ടിക്കു ചെറുതായിട്ടാണെങ്കിലും അസുഖമുണ്ടെങ്കിൽ ഡോസ് കൊടുക്കാതിരിക്കുന്നതു ബുദ്ധിപൂർവകമാണെന്നു തോന്നുന്നു.
c ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ് ജനുവരി 1-ലെ ഇംഗ്ലീഷ് വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
d ആയിരത്തിത്തൊള്ളായിരത്തെഴുപത്തെട്ട് ജൂൺ 15-ലെ ഇംഗ്ലീഷ് വീക്ഷാഗോപുരത്തിന്റെ 30-1 പേജുകൾ കാണുക.
[26-ാം പേജിലെ ചതുരം]
രക്തത്തിൽനിന്നു വേർതിരിച്ചെടുക്കാത്ത പ്രതിരോധമരുന്നുകൾ
കുട്ടികൾക്കുള്ള പ്രതിരോധമരുന്നുകൾ (DPT, OPV, MMR)
ഹിബ് വാക്സിൻ
ന്യൂമോവാക്സ്
ടോക്സോയ്ഡ്സ് (നിർവിഷകങ്ങൾ)
ഫ്ളൂവിനുള്ള മരുന്നുകൾ
റീകോംബിവാക്സ്-എച്ച്ബി
രക്തത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന പ്രതിരോധമരുന്നുകൾ
ഹെപ്ററാവാക്സ്-ബി
റോഗം
ആൻറിടോക്സിൻസ് (പ്രതിവിഷങ്ങൾ)
ആൻറിവെനിൻസ് (പാമ്പിന്റെയും എട്ടുകാലിയുടെയും വിഷത്തിന്)
ഇമ്യൂൺ ഗ്ലോബുലിൻസ് (പലവിധ രോഗങ്ങൾക്ക്)
ഗാമ ഗ്ലോബുലിൻ
ഹൈപ്പർ ഇമ്യൂൺ സീറം ഔഷധങ്ങൾ (ദൃഷ്ടാന്തത്തിന്, പേപ്പട്ടിവിഷത്തിനെതിരായ സീറം)