“സഹിഷ്ണുതയുടെ പാഠം പഠിക്കൽ”
നാം 20-ാം നൂററാണ്ടിന്റെ അവസാനത്തോടടുക്കവേ 1914 മുതലുള്ള അതിന്റെ അക്രമാസക്ത ചരിത്രത്തിൽനിന്നു പൊതുവെ മനുഷ്യവർഗം ഏതെങ്കിലും പാഠങ്ങൾ പഠിച്ചുവോ? യുനെസ്കോയുടെ (ഐക്യരാഷ്ട്ര സംഘടനയുടെ വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടന) ഡയറക്ടറർ ജനറലായ ഫെഡറിക്കോ മേയർ ദ യുനെസ്കോ കുരിയറിനു വേണ്ടി എഴുതിയ ഒരു ലേഖനത്തിൽ അത്ര ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചില്ല. “എന്തിന്റെ ആവിർഭാവം വിവേചിച്ചറിയാൻ കഴിയുമോ ആ ലോകം . . . മുഴുഹൃദയത്തോടെയുള്ള ഉത്സാഹത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. മതമൗലികവാദം, ദേശീയവാദം, വർഗീയവും വംശീയവും ആയ മുൻവിധി, ശേമ്യവിരോധം: സ്വാതന്ത്ര്യത്തിന്റെ കാററുകൾ വിദ്വേഷത്തിന്റെ കനലുകളെ വീണ്ടും ഊതിക്കത്തിച്ചിരിക്കുന്നു. . . . പഴയ വ്യവസ്ഥിതിയുടെ പതനം എല്ലാത്തരം പുതിയ തുടക്കങ്ങൾക്കും കളമൊരുക്കിയിരിക്കുന്നു, അവയിൽ ചിലത് അങ്ങേയററം വ്യാമിശ്രമാണ്—ഒരു ശൂന്യസ്ഥലത്തു അക്രമം തഴയ്ക്കുന്നു.”
അക്രമം തഴയ്ക്കുന്നത് എന്തുകൊണ്ട്? മതത്തിലെയോ വംശീയ പശ്ചാത്തലത്തിലെയോ വ്യത്യാസങ്ങൾക്കൊണ്ടു മാത്രം ആളുകൾ എന്തുകൊണ്ടു മററുള്ളവരെ ദ്വേഷിക്കുകയും കൊല്ലുകയും ചെയ്യുന്നു? മുൻ യുഗോസ്ലാവിയയിലോ ഇൻഡ്യയിലോ വടക്കൻ അയർലണ്ടിലോ ഐക്യനാടുകളിലോ ലോകത്തിന്റെ മറെറവിടെയെങ്കിലുമോ ആയിരുന്നാലും അടിസ്ഥാന കാരണങ്ങളിലൊന്നു വഴിപിഴച്ച വിദ്യാഭ്യാസത്തിൽ കുടികൊള്ളുന്നതായി തോന്നുന്നു. പരസ്പര സഹിഷ്ണുതയും ആദരവും പഠിക്കുന്നതിനു പകരം ആളുകൾ തങ്ങളുടെ മാതാപിതാക്കളിൽനിന്നും തങ്ങളുടെ സ്കൂളുകളിൽനിന്നും പൊതുവെ സമൂഹത്തിൽനിന്നും അവിശ്വാസവും വിദ്വേഷവും പഠിച്ചിരിക്കുന്നു.
ഫെഡറിക്കോ മേയർ ഇപ്രകാരം തുടർന്നു പറഞ്ഞു: “സഹിക്കരുതാത്തതിനെ—ലക്ഷക്കണക്കിനു മനുഷ്യജീവികളുടെ ദാരിദ്ര്യവും വിശപ്പും ദുരിതവും—സഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന വ്യാജമായ സഹിഷ്ണുത നമുക്ക് ഉപേക്ഷിക്കാം. നാം അങ്ങനെ ചെയ്താൽ അനുകമ്പയുടെയും സാഹോദര്യത്തിന്റെയും സൂര്യകിരണത്തിന്റെ ഊഷ്മളത നാം അനുഭവിക്കും.” ഇവ ഉദാത്തമായ വികാരങ്ങളാണ്. പ്രബുദ്ധമെന്നു വിളിക്കപ്പെടുന്ന നമ്മുടെ ലോകത്തിന്റെ ഇരുണ്ടുപോയ അന്തരാത്മാവിനു മാററം വരുത്താൻ കഴിയുന്ന ഏതു പ്രായോഗിക മാർഗമാണു നിലവിലുള്ളത്?
രണ്ടായിരത്തഞ്ഞൂറിലധികം വർഷങ്ങൾക്കുമുമ്പു യഹോവയുടെ ഈ വാക്കുകൾ യെശയ്യാവ് രേഖപ്പെടുത്തി: “നിന്റെ പുത്രൻമാരെല്ലാം യഹോവയാൽ പഠിപ്പിക്കപ്പെട്ട വ്യക്തികളായിരിക്കും, നിന്റെ പുത്രൻമാരുടെ സമാധാനം സമൃദ്ധമായിരിക്കും.” (യെശയ്യാവ് 54:13, NW) “ദൈവം സ്നേഹമാകുന്ന”തുകൊണ്ട് അവിടുത്തെ തത്ത്വങ്ങൾ അനുസരിച്ചു യഥാർഥത്തിൽ ജീവിക്കുന്നവർ പഠിക്കുന്നതു സമാധാനമായിരിക്കും, യുദ്ധമല്ല; സ്നേഹമായിരിക്കും, വിദ്വേഷമല്ല; സഹിഷ്ണുതയായിരിക്കും, അസഹിഷ്ണുതയല്ല.—1 യോഹന്നാൻ 4:8, NW.
ആളുകളെ സമാധാനത്തിലേക്കും സ്നേഹത്തിലേക്കും സഹിഷ്ണുതയിലേക്കും നയിക്കുന്ന ഈ പ്രബോധനത്തെ പ്രോത്സാഹിപ്പിക്കുന്നത് ആരാണ്? തങ്ങളുടെ ദേശീയ ഉത്ഭവം ഗണ്യമാക്കാതെ ഐക്യത്തിൽ ജീവിക്കുന്നവർ ആരാണ്? തങ്ങളുടെ ആകമാന വീക്ഷണത്തെ വിദ്വേഷത്തിന്റേതായ ഒന്നിൽനിന്നു സ്നേഹത്തിന്റേതായ ഒന്നിലേക്കു മാററിയ ബൈബിൾ വിദ്യാഭ്യാസം ലഭിച്ചത് ആർക്കാണ്? യഹോവയുടെ സാക്ഷികൾക്കു വാസ്തവത്തിൽ ലോകവ്യാപകമായ ഐക്യം ഉള്ളത് എന്തുകൊണ്ടെന്നു കണ്ടെത്താൻ അവരുടെ പ്രബോധനങ്ങളും അനുഷ്ഠാനങ്ങളും നിങ്ങൾ പരിശോധിച്ചുനോക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.—യോഹന്നാൻ 13:34, 35; 1 കൊരിന്ത്യർ 13:4-8. (g93 9/8)