സഹിഷ്ണുത—അതിരുകടന്ന വീക്ഷണങ്ങൾ
കശ്മീർ താഴ്വരയുടെ പ്രകൃതിസൗന്ദര്യം 16-ാം നൂറ്റാണ്ടിലെ ഒരു തത്ത്വചിന്തകനെ ഇപ്രകാരം ഉദ്ഘോഷിക്കാൻ പ്രേരിപ്പിച്ചു: “എവിടെയെങ്കിലും ഒരു പറുദീസയുണ്ടെങ്കിൽ അതിവിടെയാണ്!” ലോകത്തിന്റെ ആ ഭാഗത്തു പിന്നീട് എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ഒരറിവുമില്ലായിരുന്നുവെന്നു വ്യക്തം. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട്, വിഘടനവാദികളും ഇന്ത്യൻ സേനയും തമ്മിലുള്ള പോരാട്ടത്തിൽ അവിടെ ചുരുങ്ങിയത് 20,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ജർമൻ വർത്തമാനപത്രമായ സ്യൂററ്ഡോയിച്ച് ററ്സൈററുങ് ആ പ്രദേശത്തെ ഇപ്പോൾ “കണ്ണീർ താഴ്വര” എന്നാണു വർണിക്കുന്നത്. കശ്മീർ താഴ്വര, ലളിതവും എന്നാൽ വിലയേറിയതുമായ ഒരു പാഠം നൽകുന്നു: അസഹിഷ്ണുതയ്ക്ക് പറുദീസയാകുമായിരുന്ന ഒന്നിനെ നശിപ്പിക്കാൻ കഴിയും.
സഹിഷ്ണുതയുള്ളവരായിരിക്കുക എന്നു പറഞ്ഞാൽ എന്താണ്? കോളിൻസ് കോബിൽഡ് ഇംഗ്ലീഷ് ലാങ്ഗ്വേജ് ഡിക്ഷ്നറി പറയുന്നതനുസരിച്ച്, “നിങ്ങൾ സഹിഷ്ണുതയുള്ളവനാണെങ്കിൽ, സ്വന്തമായ മനോഭാവങ്ങളോ വിശ്വാസങ്ങളോ ഉണ്ടായിരിക്കുന്നതിന്, അല്ലെങ്കിൽ നിങ്ങൾ യോജിക്കാത്തതോ അംഗീകരിക്കാത്തതോ ആണെങ്കിൽപോലും ഒരു പ്രത്യേക വിധത്തിൽ പെരുമാറുന്നതിന്, മറ്റുള്ളവരെ നിങ്ങൾ അനുവദിക്കും.” പ്രകടിപ്പിക്കേണ്ടതായ എത്ര നല്ല ഗുണം! നമ്മുടെ വിശ്വാസങ്ങളെയും മനോഭാവങ്ങളെയും, തങ്ങളുടേതിൽനിന്നു വ്യത്യസ്തമായതാണെങ്കിൽപ്പോലും, ആദരിക്കുന്ന ആളുകളോടൊപ്പമായിരിക്കുന്നത് തീർച്ചയായും സുഖകരമായ ഒരനുഭൂതിയാണ്.
സഹിഷ്ണുതയിൽനിന്നു മതഭ്രാന്തിലേക്ക്
സഹിഷ്ണുതയുടെ വിപരീതമാണ് അസഹിഷ്ണുത. അതിന്റെ തീവ്രത കൂടിയും കുറഞ്ഞുമിരിക്കും. മറ്റൊരാളുടെ പെരുമാറ്റത്തോടോ അയാൾ കാര്യങ്ങൾ ചെയ്യുന്ന വിധത്തോടോ ഉള്ള ഇടുങ്ങിയ ചിന്താഗതിയോടുകൂടിയ വിയോജിപ്പോടെയായിരിക്കും അസഹിഷ്ണുത ആരംഭിക്കുന്നത്. ഇടുങ്ങിയ ചിന്താഗതി ജീവിതത്തിന്റെ ആസ്വാദനം ഇല്ലാതാക്കുകയും പുതിയ ആശയങ്ങൾക്കു മുമ്പിൽ വ്യക്തിയുടെ മനസ്സിനെ കൊട്ടിയടയ്ക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, കർക്കശസ്വഭാവക്കാരനായ ഒരു വ്യക്തിക്ക് ഒരു കുട്ടിയുടെ ഉത്സാഹത്തിമിർപ്പ് അരോചകമായി തോന്നിയേക്കാം. തന്നെക്കാൾ പ്രായക്കൂടുതലുള്ള ഒരു വ്യക്തിയുടെ ധ്യാനനിരതമായ വഴികളിൽ ഒരു ചെറുപ്പക്കാരനു മുഷിവു തോന്നിയേക്കാം. മുൻകരുതലോടെ പ്രവർത്തിക്കുന്ന ഒരു വ്യക്തിയോട് സാഹസികത ഇഷ്ടപ്പെടുന്ന ഒരാളോടൊപ്പം ജോലിചെയ്യാൻ പറഞ്ഞുനോക്കൂ. ഇരുവർക്കും അത് അസ്വാരസ്യം ഉളവാക്കും. ഈ അരോചകത്തിനും മുഷിവിനും അസ്വാരസ്യത്തിനുമുള്ള കാരണമെന്താണ്? മേൽപ്പറഞ്ഞ ഓരോ സാഹചര്യത്തിലും വ്യക്തിക്ക് മറ്റേയാളിന്റെ മനോഭാവങ്ങളോടോ പെരുമാറ്റത്തോടോ സഹിഷ്ണുത കാട്ടുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നതുതന്നെ.
അസഹിഷ്ണുത വികാസം പ്രാപിക്കുന്നിടത്തെല്ലാം ഇടുങ്ങിയ ചിന്താഗതി മുൻവിധിയായി—ഒരു കൂട്ടം, വർഗം അല്ലെങ്കിൽ മതം എന്നിവയോടുള്ള വെറുപ്പായി—രൂപംകൊണ്ടേക്കാം. മുൻവിധിയെക്കാൾ കടുപ്പമുള്ളതാണു മതഭ്രാന്ത്. അത്, അക്രമാസക്തമായ വിദ്വേഷത്തിന്റെ രൂപം കൈക്കൊണ്ടേക്കാം. പരിണതഫലമാകട്ടെ, ദുരിതവും രക്തച്ചൊരിച്ചിലും. കുരിശുയുദ്ധകാലത്ത് അസഹിഷ്ണുത ഉളവാക്കിയ ഫലങ്ങളെക്കുറിച്ചു ചിന്തിക്കുക! ഇന്നുപോലും ബോസ്നിയ, റുവാണ്ട, മധ്യപൂർവദേശം എന്നിവിടങ്ങളിലുള്ള ഏറ്റുമുട്ടലുകളിലെ ഒരു ഘടകം അസഹിഷ്ണുതയാണ്.
സഹിഷ്ണുതയ്ക്കു സമനില ആവശ്യമാണ്. ഉചിതമായ സമനില നിലനിർത്തിപ്പോരുന്നത് എളുപ്പമല്ലതാനും. ഒരു ഘടികാരത്തിന്റെ പെൻഡുലം പോലെയാണു നാം, അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കുന്നു. ചിലപ്പോൾ നാം സഹിഷ്ണുത തീരെ പ്രകടിപ്പിക്കുന്നില്ല, മറ്റുചിലപ്പോഴാകട്ടെ, ആവശ്യത്തിലധികവും.
സഹിഷ്ണുതയിൽനിന്ന് അധാർമികതയിലേക്ക്
അതിസഹിഷ്ണുതയുള്ളവരായിരിക്കാൻ സാധിക്കുമോ? 1993-ൽ യു.എസ്. സെനറ്റംഗമായ ഡാൻ കോട്സ് ഒരു പ്രസംഗത്തിൽ “സഹിഷ്ണുതയുടെ അർഥവും അതിന്റെ പ്രയുക്തതയും സംബന്ധിച്ച ഒരു തർക്കത്തെ”ക്കുറിച്ചു വിവരിച്ചു. അദ്ദേഹം എന്താണ് അർഥമാക്കിയത്? സഹിഷ്ണുതയുടെ പേരിൽ ചിലർ, “ധാർമിക സത്യത്തിൽ—നന്മയിലും തിന്മയിലും ശരിയിലും തെറ്റിലും—ഉള്ള വിശ്വാസം ഉപേക്ഷിക്കു”ന്നതായി സെനറ്റംഗം വിലപിച്ചു. നല്ലതും മോശവുമായ പെരുമാറ്റങ്ങൾ എന്താണെന്നു വിധികൽപ്പിക്കാനുള്ള അധികാരം സമൂഹത്തിനില്ലെന്ന് അത്തരക്കാർ കരുതുന്നു.
1990-ൽ ബ്രിട്ടീഷ് രാഷ്ട്രമീമാംസകനായ ഹേൽഷം പ്രഭു ഇങ്ങനെ എഴുതി: “ധാർമികതയുടെ ബദ്ധശത്രു നിരീശ്വരവാദമോ അജ്ഞേയവാദമോ ഭൗതികവാദമോ അത്യാഗ്രഹമോ അംഗീകരിക്കപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും കാരണങ്ങളോ അല്ല. ധാർമികതയുടെ യഥാർഥ ശത്രു ശൂന്യതാവാദം, തികച്ചും അക്ഷരീയമായി പറഞ്ഞാൽ, ഒന്നുമില്ലായ്മയിലുള്ള വിശ്വാസം ആണ്.” നാം ഒന്നുമില്ലായ്മയിൽ വിശ്വസിക്കുകയാണെങ്കിൽ ഉചിതമായ പെരുമാറ്റം സംബന്ധിച്ച് നമുക്കു മാനദണ്ഡമില്ല എന്നു സ്പഷ്ടമാണ്, എല്ലാം സഹിക്കാവുന്നതേയുള്ളൂ. എന്നാൽ എതു തരത്തിലുള്ള സ്വഭാവരീതിയും സഹിക്കാവുന്നതാണോ?
ഒരു ഡാനിഷ് ഹൈസ്കൂൾ പ്രിൻസിപ്പൽ അതു പാടില്ലെന്നു കരുതി. 1970-കളുടെ ആരംഭത്തിൽ, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ലൈംഗികവേഴ്ച ചിത്രീകരിക്കുന്ന അശ്ലീല പ്രദർശനപരിപാടികൾ സംബന്ധിച്ചു പത്രങ്ങളിൽ വന്ന പരസ്യങ്ങളെക്കുറിച്ചു പരാതിപ്പെട്ടുകൊണ്ട് അദ്ദേഹം വർത്തമാനപത്രത്തിൽ ഒരു ലേഖനമെഴുതി. ഈ പരസ്യങ്ങൾ അനുവദിച്ചതു ഡെൻമാർക്കിന്റെ “സഹിഷ്ണുത” നിമിത്തമായിരുന്നു.
സഹിഷ്ണുത പ്രകടമാക്കിയില്ലെങ്കിൽ മാത്രമല്ല അത് അമിതമായാലും പ്രശ്നങ്ങൾ ഉയർന്നുവന്നേക്കാമെന്നതു വ്യക്തമാണ്. അങ്ങേയറ്റത്തെ നിലപാടുകൾ ഒഴിവാക്കി ഉചിതമായ സമനിലയോടെ നിലകൊള്ളുന്നത് ഇത്രയേറെ പ്രയാസകരമായിരിക്കുന്നത് എന്തുകൊണ്ട്? ദയവായി അടുത്ത ലേഖനം വായിക്കുക.
[3-ാം പേജിലെ ചിത്രം]
കുട്ടികളുടെ തെറ്റുകളോട് അതിരുകടന്നു പ്രതികരിക്കുന്നത് അവർക്കു ദോഷം ചെയ്തേക്കാം
[4-ാം പേജിലെ ചിത്രം]
കുട്ടികൾ കാണിക്കുന്ന എന്തും സഹിക്കുന്നത് ജീവിതത്തിൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ തക്കവണ്ണം അവരെ ഒരുക്കുകയില്ല