ഉചിതമായ സമനില നിങ്ങളുടെ ജീവിതത്തെ മധുരമുള്ളതാക്കും
ഒരു കപ്പു കാപ്പിയിൽ ചേർക്കുന്ന പഞ്ചസാരപോലെയാണു സഹിഷ്ണുത. പാകത്തിനാണെങ്കിൽ അതു ജീവിതത്തെ ഒരളവോളം മധുരമുള്ളതാക്കിത്തീർക്കും. എന്നാൽ പഞ്ചസാരയുടെ കാര്യത്തിൽ നാം ഉദാരമനസ്കരായിരിക്കാമെങ്കിലും സഹിഷ്ണുതയുടെ കാര്യത്തിൽ നാം മിക്കപ്പോഴും പിശുക്കു കാണിക്കുന്നു. കാരണം?
“സഹിഷ്ണുത കാണിക്കാൻ മനുഷ്യർ ആഗ്രഹിക്കുന്നില്ല,” മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സഹപ്രൊഫസറായ ആർഥർ എം. മെൽസർ എഴുതി. “സ്വാഭാവികമായ പ്രവണത . . . മുൻവിധി കാണിക്കാനാണ്.” അതുകൊണ്ട്, അസഹിഷ്ണുത ഒരു ന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്ന സ്വഭാവവൈകല്യമല്ല; മുഴു മനുഷ്യവർഗവും അപൂർണരായതുകൊണ്ട് ഇടുങ്ങിയ ചിന്താഗതിക്കാരായിരിക്കാനുള്ള പ്രവണത നമുക്കു സ്വാഭാവികമായിട്ടുണ്ടാകുന്നതാണ്.—റോമർ 5:12 താരതമ്യം ചെയ്യുക.
പരകാര്യത്തിൽ തലയിടുന്നവർ
1991-ൽ, ഐക്യനാടുകളിലെ വർധിച്ചുവരുന്ന ഇടുങ്ങിയ ചിന്താഗതിയെക്കുറിച്ചു ടൈം മാഗസിൻ റിപ്പോർട്ടു ചെയ്തു. “പരകാര്യത്തിൽ തലയിടുന്നതു ജീവിതരീതിയാക്കിയവരെക്കുറിച്ച്, അതായത്, സ്വന്തം പെരുമാറ്റച്ചട്ടം മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവരെ”ക്കുറിച്ച് ആ ലേഖനം വിശദീകരിക്കുകയുണ്ടായി. വ്യവസ്ഥാപിത നിയമങ്ങൾ അംഗീകരിക്കാത്തവർ ക്രൂരതകൾക്കിരയായിത്തീർന്നിട്ടുണ്ട്. ഉദാഹരണത്തിന്, മേക്കപ്പിടാഞ്ഞതിന്റെ പേരിൽ ബോസ്റ്റണിലെ ഒരു സ്ത്രീയെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. ലോസാഞ്ചലസിലെ ഒരു മനുഷ്യനെയാകട്ടെ, തൂക്കക്കൂടുതലിന്റെ പേരിലും. മറ്റുള്ളവരെ സ്വന്തം ചിന്താഗതിക്ക് അനുരൂപരാക്കാനുള്ള ഈ തീക്ഷ്ണതയ്ക്കു കാരണമെന്താണ്?
ഇടുങ്ങിയ ചിന്താഗതിക്കാരായ ആളുകൾ ന്യായബോധമില്ലാത്തവരും സ്വാർഥരും മർക്കടമുഷ്ടിക്കാരും ശാഠ്യക്കാരുമാണ്. എന്നാൽ, ഒട്ടുമിക്ക ആളുകളും ഒരു പരിധിവരെ ന്യായബോധമില്ലാത്തവരും സ്വാർഥരും മർക്കടമുഷ്ടിക്കാരും അല്ലെങ്കിൽ ശാഠ്യക്കാരുമല്ലേ? ഇത്തരം പ്രവണതകൾ നമ്മുടെ വ്യക്തിത്വത്തിൽ ആഴത്തിൽ വേരുറയ്ക്കുന്നെങ്കിൽ നാം ഇടുങ്ങിയ ചിന്താഗതിക്കാരായിരിക്കും.
നിങ്ങളെ സംബന്ധിച്ചെന്ത്? ഭക്ഷണത്തിന്റെ കാര്യത്തിൽ മറ്റൊരാൾക്കു വ്യത്യസ്തമായ അഭിരുചിയാണുള്ളതെന്നു കാണുമ്പോൾ നിങ്ങൾ നെറ്റിചുളിക്കുമോ? സംഭാഷണത്തിൽ അവസാന വാക്ക് നിങ്ങളുടേതായിരിക്കാൻ സാധാരണ നിങ്ങൾ ആഗ്രഹിക്കാറുണ്ടോ? ഒരു സംഘത്തോടൊപ്പം ജോലി ചെയ്യുമ്പോൾ അവർ നിങ്ങളുടെ ചിന്താഗതി പിൻപറ്റാൻ നിങ്ങൾ പ്രതീക്ഷിക്കാറുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങളുടെ കാപ്പിയിൽ ഒരൽപ്പം പഞ്ചസാര കൂടെ ചേർക്കേണ്ടതുണ്ടായിരിക്കും!
എന്നാൽ, മുൻ ലേഖനത്തിൽ പ്രതിപാദിക്കപ്പെട്ടിരുന്നതുപോലെ അസഹിഷ്ണുത വിദ്വേഷപരമായ മുൻവിധിയുടെ രൂപത്തിൽ വന്നേക്കാം. അസഹിഷ്ണുതയുടെ അളവു വർധിപ്പിക്കുന്ന ഒരു ഘടകം കടുത്ത ഉത്കണ്ഠയാണ്.
“ആഴമായ അനിശ്ചിതത്വബോധം”
എപ്പോൾ, എവിടെയൊക്കെ ആണ് വംശീയ മുൻവിധി വെളിപ്പെട്ടിരിക്കുന്നത് എന്നറിയാൻ നരവംശശാസ്ത്രജ്ഞന്മാർ മനുഷ്യവർഗത്തിന്റെ ഭൂതകാലത്തെക്കുറിച്ചു പഠനം നടത്തിയിട്ടുണ്ട്. ഇത്തരം അസഹിഷ്ണുത എല്ലാക്കാലത്തും വെളിപ്പെടുന്നില്ല, അല്ലെങ്കിൽ എല്ലാ ദേശത്തും ഒരേ അളവിൽ വെളിപ്പെടുന്നില്ല എന്ന് അവർ കണ്ടെത്തി. “ആളുകൾക്ക് ആഴമായ അനിശ്ചിതത്വബോധം അനുഭവപ്പെടുന്ന, തങ്ങളുടെ താദാത്മ്യം ഭീഷണിയിലാകുമെന്നു തോന്നുന്ന” പ്രതിസന്ധിഘട്ടങ്ങളിലാണു വംശീയ ഉരസലുകൾ തലപൊക്കുന്നതെന്നു ജർമൻ പ്രകൃതിശാസ്ത്ര മാഗസിനായ ഗെയോ റിപ്പോർട്ടു ചെയ്യുന്നു.
ഇത്തരം “ആഴമായ അനിശ്ചിതത്വബോധം” ഇന്ന് വിപുലവ്യാപകമാണോ? തീർച്ചയായും. മുമ്പൊരിക്കലുമുണ്ടായിരുന്നിട്ടില്ലാത്തവിധം പ്രതിസന്ധികൾ മനുഷ്യവർഗത്തെ ഒന്നിനുപുറകെ ഒന്നായി അലട്ടിക്കൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ, വർധിക്കുന്ന ജീവിതച്ചെലവുകൾ, ജനപ്പെരുപ്പം, ഓസോൺ പാളിയുടെ ശോഷണം, നഗരങ്ങളിലെ കുറ്റകൃത്യം, കുടിവെള്ളത്തിന്റെ മലിനീകരണം, ആഗോളതപനം—ഇവയിലേതെങ്കിലും ഒന്നിനോടുള്ള വിട്ടുമാറാത്ത ഭയം ഉത്കണ്ഠ വർധിപ്പിക്കുന്നു. പ്രതിസന്ധികൾ ഉത്കണ്ഠയ്ക്കു കാരണമാകുന്നു. അനാവശ്യ ഉത്കണ്ഠകൾ അസഹിഷ്ണുതയിലേക്കു നയിക്കുന്നു.
ഉദാഹരണത്തിന്, ചില യൂറോപ്യൻ ദേശങ്ങളിലെപ്പോലെ വ്യത്യസ്ത വംശീയ, സാംസ്കാരിക കൂട്ടങ്ങൾ കൂടിക്കലരുന്നിടത്ത് അത്തരം അസഹിഷ്ണുത തലപൊക്കുന്നു. 1993-ലെ നാഷണൽ ജിയോഗ്രഫിക്കിലെ ഒരു റിപ്പോർട്ടു പറയുന്നതനുസരിച്ച് പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളിൽ അപ്പോൾ 2.2 കോടിയിലേറെ കുടിയേറ്റക്കാർ താമസിച്ചിരുന്നു. വ്യത്യസ്ത ഭാഷയോ പാരമ്പര്യമോ മതമോ ഉള്ള “നവാഗതരുടെ ഈ പ്രവാഹം നിമിത്തം” യൂറോപ്യന്മാരായ പലർക്കും “പരിഭ്രമം തോന്നി.” ഓസ്ട്രിയ, ബെൽജിയം, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ, സ്വീഡൻ എന്നിവിടങ്ങളിൽ വിദേശവിരുദ്ധ മനോഭാവം വർധിച്ചിട്ടുണ്ട്.
ലോകനേതാക്കന്മാരുടെ കാര്യമോ? 1930-കളിലും 1940-കളിലും ഹിറ്റ്ലർ അസഹിഷ്ണുത ഒരു ഗവൺമെൻറ് നയമാക്കി. ഖേദകരമെന്നു പറയട്ടെ, ഇന്ന് ചില രാഷ്ട്രീയ-മതനേതാക്കന്മാർ തങ്ങളുടെ ലക്ഷ്യം നേടാൻ അസഹിഷ്ണുതയെ ഉപയോഗപ്പെടുത്തുന്നു. ഓസ്ട്രിയ, ഫ്രാൻസ്, അയർലൻഡ്, റഷ്യ, റുവാണ്ട, ഐക്യനാടുകൾ എന്നീ സ്ഥലങ്ങളിൽ വാസ്തവം ഇതാണ്.
ഉദാസീനതയുടെ കെണി ഒഴിവാക്കുക
കാപ്പിയിൽ പഞ്ചസാര തീരെ ഇല്ലെങ്കിൽ എന്തോ കുറവ് അനുഭവപ്പെടും; പഞ്ചസാര വളരെ കൂടുതലാണെങ്കിലോ, അസുഖകരമായ കടുത്ത മധുരവും. അസഹിഷ്ണുതയുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. ഐക്യനാടുകളിലെ ഒരു കോളെജിൽ പഠിപ്പിക്കുന്ന ഒരു മനുഷ്യന്റെ അനുഭവം പരിചിന്തിക്കുക.
ഏതാനും വർഷംമുമ്പ്, ഡേവിഡ് ആർ. കാർലൻ, ജൂനിയർ, ക്ലാസ്സ് ചർച്ച ഉന്നമിപ്പിക്കുന്നതിനായി ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു മാർഗം കണ്ടെത്തി. വിദ്യാർഥികൾ പ്രതിഷേധിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹം അവരുടെ വീക്ഷണങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള എന്തെങ്കിലും പ്രസ്താവനയിറക്കും. ഫലമോ, ചൂടുപിടിച്ച ചർച്ച. എന്നാൽ, ഇതേ മാർഗം മേലാൽ ഫലിക്കാതെയായെന്ന് 1989-ൽ അദ്ദേഹം എഴുതി. കാരണം? അദ്ദേഹം പറയുന്നതിനോടു വിദ്യാർഥികൾ അനുകൂലിച്ചില്ലെങ്കിലും മേലാൽ തർക്കിക്കാൻ അവർ മെനക്കെട്ടില്ല. അവർ “സന്ദേഹവാദികളെപ്പോലെ ലാഘവമായ സഹിഷ്ണുത”—നിരുത്തരവാദപരവും തീർത്തും നിസ്സംഗവുമായ ഒരു മനോഭാവം” സ്വീകരിച്ചിരുന്നതായി കാർലൻ വിശദമാക്കി.
“നിസ്സംഗമനോഭാവം സഹിഷ്ണുതയോടു തുല്യമാണോ? ആരെങ്കിലും ചിന്തിക്കുന്നതോ പ്രവർത്തിക്കുന്നതോ ആയ കാര്യങ്ങൾ മറ്റുള്ളവർ കാര്യമാക്കുന്നില്ലെങ്കിൽ മാനദണ്ഡങ്ങളായി യാതൊന്നുമില്ല. മാനദണ്ഡങ്ങളുടെ അഭാവത്തെ പറയുന്നത് നിസ്സംഗത എന്നാണ്—ഒട്ടും താത്പര്യമില്ലാത്ത അവസ്ഥ. അത്തരമൊരു അവസ്ഥ സംജാതമാകുന്നത് എങ്ങനെയാണ്?
പ്രൊഫസർ മെൽസർ പറയുന്നതനുസരിച്ച്, വ്യത്യസ്തമായ അനേകം പെരുമാറ്റച്ചട്ടങ്ങൾ സ്വീകരിക്കുന്ന ഒരു സമൂഹത്തിൽ നിസ്സംഗത പടർന്നുപിടിച്ചേക്കാം. എല്ലാത്തരത്തിലുള്ള നടത്തയും സ്വീകാര്യമാണെന്നും എല്ലാം വ്യക്തിപരമായ തിരഞ്ഞെടുപ്പു മാത്രമാണെന്നും ആളുകൾ വിശ്വസിക്കാൻ ഇടയാകുന്നു. സ്വീകാര്യമായതും അല്ലാത്തതും എന്താണെന്നു ചിന്തിക്കാനും ചോദ്യം ചെയ്യാനും പഠിക്കുന്നതിനുപകരം ആളുകൾ “മിക്കപ്പോഴും ഒട്ടും ചിന്തിക്കാതിരിക്കാനാണു പഠിക്കുന്നത്.” മറ്റുള്ളവർ കാട്ടുന്ന അസഹിഷ്ണുതയെ എതിർക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്ന ധാർമികശക്തി അവർക്കില്ല.
നിങ്ങളുടെ കാര്യമോ? നിങ്ങൾത്തന്നെ പലപ്പോഴും തീർത്തും നിസ്സംഗമായ മനോഭാവം കൈക്കൊള്ളുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ടോ? മോശമായതോ വർഗീയച്ചുവയുള്ളതോ ആയ തമാശകൾ കേട്ടു നിങ്ങൾ ചിരിക്കാറുണ്ടോ? അത്യാഗ്രഹമോ അധാർമികതയോ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ കാണാൻ കൗമാരപ്രായത്തിലുള്ള മകനെയോ മകളെയോ നിങ്ങൾ അനുവദിക്കുന്നുണ്ടോ? നിങ്ങളുടെ കുട്ടികൾ അക്രമാസക്തമായ കമ്പ്യൂട്ടർ വിനോദങ്ങളിൽ ഏർപ്പെടുന്നതിൽ കുഴപ്പമൊന്നുമില്ലെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?
സഹിഷ്ണുത ഏറിയാൽ ശരിയേതെന്നോ തെറ്റേതെന്നോ ആർക്കും അറിവില്ലാത്തതുകൊണ്ട്—അല്ലെങ്കിൽ കാര്യമാക്കാത്തതുകൊണ്ട്—ഒരു കുടുംബം അല്ലെങ്കിൽ സമൂഹം വിനാശം കൊയ്യും. യു.എസ്. സെനറ്റംഗമായ ഡാൻ കോട്സ് “ഉദാസീനതയായിരിക്കാവുന്ന സഹിഷ്ണുതയുടെ കെണിയെ”ക്കുറിച്ച് മുന്നറിയിപ്പു നൽകി. സഹിഷ്ണുത, നമ്മെ ഹൃദയവിശാലതയുള്ളവരാക്കിത്തീർത്തേക്കാം; സഹിഷ്ണുത ഏറിയാൽ അതു നമ്മെ—ഉദാസീനരായിരിക്കുന്നതിലേക്ക്—വിവേകശൂന്യരായിരിക്കുന്നതിലേക്കു നയിക്കും.
അതുകൊണ്ട് നാം സഹിക്കേണ്ടത് എന്താണ്, നാം തള്ളിക്കളയേണ്ടത് എന്താണ്? ഉചിതമായ സമനില കൈവരിക്കാനുള്ള മാർഗം എന്താണ്? പിൻവരുന്ന ലേഖനത്തിന്റെ വിഷയം ഇതായിരിക്കും.
[5-ാം പേജിലെ ചിത്രം]
എല്ലാ സാഹചര്യങ്ങളോടും സമനിലയോടെ പ്രതികരിക്കാൻ പരിശ്രമിക്കുക