ലോകഗവൺമെൻറ്—ഐക്യരാഷ്ട്രങ്ങളാണോ ഉത്തരം?
സമീപ വർഷങ്ങളിൽ ഐക്യരാഷ്ട്രങ്ങൾ ലോകത്തു പുതിയ ആത്മവിശ്വാസവും ആദരവും നേടിയിരിക്കുന്നു. “യുഎൻ” [“UN”] എന്ന ചുരുക്കെഴുത്തു കേൾക്കുമ്പോൾ ദശലക്ഷങ്ങളുടെ മനസ്സിൽ നായകപ്രതിബിംബങ്ങൾ തെളിഞ്ഞുവരും: നീലനിറത്തിലുള്ള കമ്പിളിത്തൊപ്പികളണിഞ്ഞ് ലോകത്തിലെ സംഘർഷപൂരിതമായ സ്ഥലങ്ങളിലേക്കു സമാധാനം സ്ഥാപിക്കാൻ ധീരോദാത്തമായി കുതിക്കുന്ന സൈന്യങ്ങൾ, ആഫ്രിക്കയിലെ വിശന്നുവലയുന്ന അഭയാർഥികൾക്കു ഭക്ഷണമെത്തിക്കുന്ന ദുരിതാശ്വാസ പ്രവർത്തകർ, ഒരു പുതിയ ലോകക്രമത്തിനായി നിസ്വാർഥം പണിയെടുക്കുന്ന അർപ്പിതരായ സ്ത്രീപുരുഷൻമാർ.
ദ വാഷിങ്ടൺ പോസ്ററ് ഏറെറടുത്ത ഒമ്പതു മാസത്തെ ഒരു അന്വേഷണമനുസരിച്ച്, ഇൻറർനാഷണൽ ഹെറാൾഡ് ട്രിബ്യൂണൽ റിപ്പോർട്ടു ചെയ്യപ്പെട്ട പ്രകാരം, ഈ നായകപ്രതിബിംബത്തിനു പിന്നിലുള്ള യാഥാർഥ്യം “കാര്യക്ഷമതയെ നശിപ്പിക്കുന്ന ദുർവിനിയോഗങ്ങളും അപര്യാപ്തതകളും കൈമുതലായുള്ള യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു ഉദ്യോഗസ്ഥമേധാവിത്വ”മാണ്. ആയിരക്കണക്കിനു പേജുകൾ വരുന്ന പ്രാമാണിക രേഖകളിലും ഇപ്പോഴത്തെയും മുമ്പത്തെയും യുഎൻ അധികാരികളുമായുള്ള അഭിമുഖസംഭാഷണങ്ങളിലും അടിസ്ഥാനപ്പെടുത്തിയ ഈ പഠനം പിൻവരുന്ന ചിത്രം വെളിപ്പെടുത്തുന്നു.
ആഫ്രിക്കയ്ക്കു സഹായം: യുദ്ധം, ക്ഷാമം, ദാരിദ്ര്യം എന്നിവയാൽ ചീന്തപ്പെട്ട, സഹായം അങ്ങേയററം ആവശ്യമുള്ള ആഫ്രിക്കൻ വൻകരയിലേക്കു യുഎൻ കോടിക്കണക്കിനു ഡോളർ കോരിച്ചൊരിഞ്ഞിരിക്കുന്നു. അസംഖ്യം പേരുടെ ജീവനെ രക്ഷിച്ചിട്ടുമുണ്ട്.
എന്നുവരികിലും ദുർവ്യയവും അവഗണനയും ചിലപ്പോൾ അഴിമതിയും നിമിത്തം ആയിരക്കണക്കിനാളുകളുടെ ജീവനും ലക്ഷക്കണക്കിനു ഡോളർ പണവും നഷ്ടമായിട്ടുണ്ട്. ദിവസവും അനേകമാളുകൾ മരിച്ചുകൊണ്ടിരിക്കുന്ന ക്ഷാമബാധിത സോമാലിയയിലേക്കു യുഎൻ ദുരിതാശ്വാസ സഹായം ഒഴുക്കി. മനുഷ്യാവകാശ നിരീക്ഷണസ്ഥാപനത്തിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ ആര്യ നായർ ഇങ്ങനെ പറഞ്ഞതായി ട്രിബ്യൂൺ ഉദ്ധരിക്കുന്നു: “സോമാലിയയുടെ ദുരിതം ദൂരീകരിക്കുന്നതിൽ യാതൊരു പങ്കും വഹിച്ചിട്ടില്ലാതാകുമാറ് ഐക്യരാഷ്ട്രങ്ങളും അതിന്റെ വ്യത്യസ്ത സംഘടനകളും അത്ര ഞെട്ടിക്കുന്ന അളവിൽ അവഗണനയും കഴിവില്ലായ്മയും ഉള്ളതായിരുന്നിട്ടുണ്ട്.”
ഭക്ഷ്യസഹായം തിരിച്ചുവിടുന്നതിലും മനുഷ്യത്വപരമായ സഹായം അപഹരിക്കുന്നതിലും വസ്തുവകകൾ വഞ്ചനയിലൂടെ ആർജിക്കുന്നതിലും കരിഞ്ചന്തയിലും കറൻസി കൈമാററ വഞ്ചനയിലും യുഎൻ അധികാരികൾ ഉൾപ്പെട്ടിരിക്കുന്നതായി റിപ്പോർട്ട് ആരോപിച്ചു. യുഎൻ പരിശോധകർ കുറഞ്ഞപക്ഷം ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ അത്തരം വഞ്ചനയുടെ തെളിവു കണ്ടെത്തി.
സമാധാനപാലനം: സമാധാനം നിലനിർത്തുകയാണു യുഎൻ-ന്റെ മുഖ്യലക്ഷ്യമെങ്കിലും 1945-ൽ അതു സ്ഥാപിക്കപ്പെട്ടതു മുതലുള്ള വർഷങ്ങളിൽ നൂറിലധികം മുഖ്യ പോരാട്ടങ്ങൾ നടക്കുകയും യുദ്ധത്തിൽ 2 കോടിയാളുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, 1987 മുതൽ യുഎൻ 13 സമാധാനപാലന ഉദ്യമങ്ങൾ നടത്തിയിട്ടുണ്ട്, അതിനു മുമ്പുള്ള അതിന്റെ മുഴു ചരിത്രത്തിലും ഉണ്ടായിട്ടുള്ള അത്രയുംതന്നെ.
ഈ ഉദ്യമങ്ങൾക്കു വേണ്ടിവരുന്ന ചെലവ് യുദ്ധത്തിന്റെ കഠോരമായ വിലയെക്കാൾ അഭികാമ്യമാണ് എന്നു ചിലർ വാദിക്കുമ്പോൾത്തന്നെ കാര്യങ്ങൾ അങ്ങേയററം പോയിരിക്കുന്നുവെന്നു മററുചിലർ പരാതിപ്പെടുന്നു. ദൃഷ്ടാന്തത്തിന്, ഒത്തുതീർപ്പു ശ്രമങ്ങൾ കീറാമുട്ടിയായി നിലകൊള്ളുമ്പോൾ കോടിക്കണക്കിനു ഡോളർ തിന്നുതീർത്തുകൊണ്ടു സമാധാനപാലന ശ്രമങ്ങൾ ദശകങ്ങളോളം നീണ്ടുനിൽക്കുന്നു. കംബോഡിയയിലെ സമാധാനപാലന ദൗത്യസംഘം പട്ടാളക്കാർക്കു വേണ്ടിയുള്ള ടിവി സെററുകൾക്കും വിസിയാറുകൾക്കും വേണ്ടി 10 ലക്ഷത്തിലധികം ഡോളറും പത്രമാസികകളുടെ വരിസംഖ്യകൾക്കു വേണ്ടി 6 ലക്ഷം ഡോളറും മാററിവയ്ക്കുന്നു.
പരിഷ്കരണം: യുഎന്നിനുള്ളിലെ പരിഷ്കരണത്തിനു വേണ്ടി വ്യാപകമായ ആഹ്വാനങ്ങൾ ഉയർന്നുവരുന്നുണ്ട്, എന്നാൽ എന്താണു പരിഷ്കരിക്കേണ്ടത് എന്നതിനെച്ചൊല്ലിയുള്ള അഭിപ്രായങ്ങൾ വ്യത്യസ്തമാണ്. തീരുമാനമെടുക്കൽ പ്രക്രിയയിൽ തങ്ങൾക്കു വർധിച്ച പ്രാതിനിധ്യം വേണമെന്നു വികസ്വര രാജ്യങ്ങൾ മുറവിളി കൂട്ടുന്നു, സാമ്പത്തികവും സാമൂഹികവുമായ പരിപാടികൾ വിപുലമാക്കാൻ അവയ്ക്ക് ഇഷ്ടവുമാണ്. വ്യവസായവത്കൃത രാഷ്ട്രങ്ങൾ ഈ പരിപാടികൾ കുറയ്ക്കാനും അഴിമതിയും ദുർവ്യയവും പാഴാക്കലും അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നു.
ഒരു മുതിർന്ന യുഎൻ ഉദ്യോഗസ്ഥൻ ഇപ്രകാരം പറഞ്ഞു: “യഥാർഥത്തിൽ പരിഷ്കരണം വരുത്തണമെന്നുണ്ടെങ്കിൽ ഒരു ഉദ്യോഗസ്ഥമേധാവിത്വത്തിൽ തികച്ചും അസാധ്യമായ എന്തെങ്കിലും ചിലതു ചെയ്യേണ്ടതായി വരും: സമൂലശുദ്ധീകരണം വരുത്തേണ്ടതുണ്ട്. അർഥവത്തായ എന്തെങ്കിലും ചെയ്യുന്നതിന് നാൽപ്പത്തഞ്ചു വർഷമായി പററിപ്പിടിച്ചിരിക്കുന്ന കക്കകൾ ചുരണ്ടിക്കളയേണ്ടതായിവരും, ആ കക്കകൾ ധാരാളം വരും.”
മനുഷ്യവർഗത്തിന്റെ കാര്യാദികളെ നിയന്ത്രിക്കാൻ ഒരൊററ ഭരണസമ്പ്രദായത്തിന്റെ ആവശ്യം ക്രിസ്ത്യാനികൾ കാണുമ്പോൾത്തന്നെ ഐക്യരാഷ്ട്രങ്ങളാണ് ഉത്തരമെന്ന് അവർ വിശ്വസിക്കുന്നില്ല. പകരം തന്റെ അനുഗാമികളോടു യേശു പ്രാർഥിക്കാൻ പറഞ്ഞ ദൈവരാജ്യത്തിനുവേണ്ടി അവർ കാത്തിരിക്കുന്നു.—മത്തായി 6:10. (g93 9/22)