രോഗമില്ലാത്ത ഒരു ലോകം
“ആരു സങ്കൽപ്പിച്ചിട്ടുള്ളതിനെക്കാളും മിടുക്കനാണു മലമ്പനി”എന്നു രോഗപ്രതിരോധ വിദഗ്ധനായ ഡോ. ഡാൻ പറയുന്നു. “അതിനൊരു പ്രതിവിധി കണ്ടെത്താൻ ഇപ്പോഴും ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.”
ഹാവാർഡ് ഹഗ്സ് മെഡിക്കൽ ഇൻസ്ററിററ്യൂട്ടിലെ ബാരി ബ്ലൂം പറയുന്നു: “[ക്ഷയരോഗ ബാക്ടീരിയ]യുടെ പ്രവർത്തനത്തെ സംബന്ധിച്ച് ഇപ്പോഴും ഞങ്ങൾക്കു വേണ്ടുവോളം അറിയില്ല.” “ഏതു മരുന്നും എങ്ങനെയാണു പ്രവർത്തിക്കുന്നത് എന്നു ഞങ്ങൾക്കു പൂർണമായി അറിയില്ല. ഞങ്ങൾക്കു യഥാർഥത്തിൽ അറിയില്ല.”
“പരിജ്ഞാനം ഉള്ളതുകൊണ്ടുമാത്രം പെരുമാററത്തിനു മാററം വരണമെന്നില്ല” എന്നു സിഫിലിസ് കുറയ്ക്കുന്നതിലെ “സുരക്ഷിത ലൈംഗിക” പ്രസ്ഥാനങ്ങളുടെ പരാജയം നിരീക്ഷിച്ചുകൊണ്ടു രോഗനിയന്ത്രണ കേന്ദ്രങ്ങളുടെ ഒരു വക്താവു വിലപിക്കുന്നു. മേൽപ്പറഞ്ഞ പ്രസ്താവന സൂചിപ്പിക്കുന്നതുപോലെ മലമ്പനിക്കും ക്ഷയരോഗത്തിനും സിഫിലിസിനും എതിരെയുള്ള പോരാട്ടങ്ങൾ വൃഥാവായിരിക്കുന്നു. ഭാവി ഈ രോഗങ്ങൾക്കു പരിഷ്കരിച്ച പ്രതിവിധികൾ കൊണ്ടുവരുമോ?
ഒരുപക്ഷേ കൊണ്ടുവന്നേക്കാം. എന്നാൽ, മനുഷ്യൻ ചില രോഗങ്ങളെ കീഴടക്കുകയും മററുള്ളവയെ സഹിച്ചുനിൽക്കാവുന്നവയാക്കുകയും ചെയ്തേക്കാമെങ്കിലും രോഗത്തിനെതിരെയുള്ള യുദ്ധത്തിൽ അവനു പൂർണമായി വിജയിക്കാൻ കഴിയാത്തതിന് ഒരു അടിസ്ഥാന കാരണമുണ്ട്.
രോഗത്തിന്റെ മൂലകാരണം
രോഗത്തിനെതിരെയുള്ള പോരാട്ടം പരാദങ്ങൾക്കും അണുക്കൾക്കും എതിരെയുള്ള വെറുമൊരു പോരാട്ടത്തെക്കാൾ വളരെക്കൂടിയതാണ്. രോഗം നമ്മുടെ ആദ്യ മാനുഷ പിതാവിൽ നിന്ന് അവകാശപ്പെടുത്തിയ പാപത്തിന്റെ ഒരു ഫലമാണെന്നു ബൈബിൾ വിശദീകരിക്കുന്നു. (റോമർ 5:12) പാപം തന്റെ സ്രഷ്ടാവുമായുള്ള മമനുഷ്യന്റെ ബന്ധത്തെ ഹനിക്കുക മാത്രമല്ല, മാനസികമായും വൈകാരികമായും ശാരീരികമായും ഉള്ള അവന്റെ അധഃപതനത്തിലേക്കു നയിക്കുക കൂടി ചെയ്തു. ഇപ്രകാരം, ഒരു പറുദീസാ ഭൂമിയിൽ പൂർണതയിൽ തുടരുന്നതിനു പകരം മനുഷ്യർ അപൂർണരായിത്തീരുകയും മരണം പിടികൂടുന്നതുവരെ അധഃപതിക്കുകയും ചെയ്യുന്നു.—ഉല്പത്തി 3:17-19.
അത്യുത്തമമായ മരുന്നുകൊണ്ടുപോലും മനുഷ്യനു തന്റെ പാപപൂർണമായ അവസ്ഥയോ അതിന്റെ പരിണതഫലങ്ങളോ നേരെ മറിച്ചാക്കാൻ കഴിയില്ല. ഈ വിഷമവൃത്തം മനുഷ്യവർഗത്തെ ‘വ്യർഥതയ്ക്ക് അടിമപ്പെടുത്തുന്നു [“വളരെ നിയന്ത്രിക്കുന്നു,” ഫിലിപ്സ്].’ (റോമാ 8:20, പി.ഒ.സി. ബൈബിൾ) രോഗത്തെ കീഴ്പെടുത്തുന്നതു സംബന്ധിച്ച് ഇതു സത്യമാണ്. വൈദ്യ രംഗത്തെ ജീവരക്ഷാകരമായ പുരോഗതിയെ ജീവനു ഭീഷണിയായ സാമൂഹികത്തകർച്ച പലപ്പോഴും നിർവീര്യമാക്കുന്നു.
“നാം സ്വയം ഒരു ബന്ധനത്തിൽ ആയിരിക്കുന്നതായി കണ്ടെത്തുന്നു” എന്ന് ഡിസ്കവർ മാഗസിനിൽ ജെറാൾഡ് എം. ലോവെൻസ്റൈറൻ എഴുതുന്നു. “രോഗത്തോടു മല്ലിടുന്നതിലും മനുഷ്യായുസ്സ് ദീർഘിപ്പിക്കുന്നതിലും നാം എത്രയധികം വിജയം കുറിക്കുന്നുവോ അത്രയധികം നാം നമ്മുടെതന്നെ വംശനാശം അടുത്തുവരുന്നതായി കാണുന്നു.” അമിത ജനപ്പെരുപ്പവും താറുമാറായിക്കൊണ്ടിരിക്കുന്ന പരിതഃസ്ഥിതിയുംതന്നെ കാരണം.
യഥാർഥ ചികിത്സ
യഥാർഥ ചികിത്സ മമനുഷ്യന്റെ പക്കലല്ല പിന്നെയോ, ദൈവത്തിന്റെ പക്കലാണുള്ളത്. അതുകൊണ്ടാണു സങ്കീർത്തനക്കാരൻ ഇപ്രകാരം പ്രഖ്യാപിച്ചത്: “നിങ്ങൾ പ്രഭുക്കൻമാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.” ബൈബിൾ കൂടുതലായി ഇപ്രകാരം പറയുന്നു: “തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. അവൻ ആകാശവും ഭൂമിയും . . . ഉണ്ടാക്കി.” (സങ്കീർത്തനം 146:3, 5, 6) രോഗത്തെ അതിന്റെ വേരോടെ പിഴുതെറിയാനുള്ള പ്രാപ്തി ദൈവത്തിനു മാത്രമേ ഉള്ളൂ. ബൈബിൾ പറയുന്നതനുസരിച്ച് അതു ചെയ്യാൻ അവിടുന്ന് ഉദ്ദേശിക്കുന്നുമുണ്ട്. ആ സമയം അടുത്തു വരുകയാണ്.
നാം ഈ വ്യവസ്ഥിതിയുടെ സമാപന കാലത്തും ഒരു പുതിയ ലോകത്തിന്റെ വരവിനു തൊട്ടുമുമ്പും ആണു ജീവിക്കുന്നത് എന്നതിന്റെ അനേകം തെളിവുകളിൽ ഒന്നാണു “മഹാവ്യാധികൾ” എന്ന് യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞു. യുദ്ധം, ക്ഷാമം, നിയമരാഹിത്യം എന്നിങ്ങനെ രോഗത്തെ ഏറെ വഷളാക്കുന്ന അവസ്ഥകളുടെ തന്നെ ഒരു വർധനവിനെക്കുറിച്ചും അവിടുന്നു മുൻകൂട്ടിപ്പറഞ്ഞു.—ലൂക്കൊസ് 21:11; മത്തായി 24:3, 7, 12; 2 തിമൊഥെയൊസ് 3:1-5, 13.
“നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു” എന്ന പ്രവചനത്തിന്റെ നിവൃത്തിയുടെ തുടക്കമായി യേശു ഭൂമിയിലായിരുന്നപ്പോൾ രോഗികളെ അത്ഭുതകരമായി സുഖപ്പെടുത്തി. (യെശയ്യാവു 53:4; മത്തായി 8:17) ദൈവം ഒരു ലോകവ്യാപകമായ അളവിൽ പെട്ടെന്നുതന്നെ പൂർത്തീകരിക്കാൻ ഉദ്ദേശിച്ചിരിക്കുന്നതു യേശു ഇങ്ങനെ ഒരു ചെറിയ അളവിൽ പ്രകടിപ്പിക്കുകയായിരുന്നു. യേശുവിനെ സംബന്ധിച്ചു ബൈബിൾ ഇപ്രകാരം പറയുന്നു: “വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ കാല്ക്കൽ വെച്ചു; അവൻ അവരെ സൌഖ്യമാക്കി; ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു.”—മത്തായി 15:30, 31.
ആ അത്ഭുതങ്ങൾ കണ്ട ആളുകൾ ദൈവത്തെ മഹത്ത്വപ്പെടുത്തി. എന്തുകൊണ്ടെന്നാൽ, അവിടുന്നാണ് ആ അത്ഭുതങ്ങൾ പ്രകടിപ്പിക്കാൻ യേശുവിനു ശക്തി കൊടുത്തതെന്ന് അവർ മനസ്സിലാക്കി. യേശുവിനു ലഭ്യമായിരുന്ന ശക്തി നമ്മുടെ ഭയഗംഭീര പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിന് ഉപയോഗിച്ച അതേ ശക്തിയായിരുന്നു. അത് ദൈവത്തിന്റെ പരിശുദ്ധാത്മാവായിരുന്നു, അവിടുത്തെ കർമോദ്യുക്ത ശക്തിതന്നെ.—ഉല്പത്തി 1:1, 2; വെളിപ്പാടു 4:11.
“നിവാസികളിലാരും താൻ രോഗിയാണെന്നു പറയുകയില്ലാ”ത്ത ഒരു സമയത്തെക്കുറിച്ച് യശയ്യാ പ്രവാചകൻ എഴുതി. (ഏശയ്യാ 33:24, പി.ഒ.സി. ബൈ.) കൂടാതെ വെളിപ്പാടു 21:4, 5 ഇപ്രകാരം പ്രഖ്യാപിക്കുന്നു: “അവൻ [ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു.”
നാം പരിവർത്തനത്തിന്റെ ഒരു കാലത്താണു ജീവിക്കുന്നത് എന്നു ബൈബിൾ കാണിക്കുന്നു. (1 യോഹന്നാൻ 2:15-17) പെട്ടെന്നുതന്നെ ഈ ലോകവും അതോടൊപ്പം അതിന്റെ രോഗം, ദുഃഖം, കുററകൃത്യം, അക്രമം, മരണം എന്നിവയും കഴിഞ്ഞകാല സംഗതിയായിത്തീരും. ഭൂമിയിൽ “നീതി വസിക്കുന്ന” ഒരു പുതിയ ലോകത്തിനു വഴിതെളിച്ചുകൊണ്ട് ദൈവം പഴയതിനെയും അതിന്റെ എല്ലാ വിപത്തുകളെയും നിർമാർജനം ചെയ്യും. (2 പത്രൊസ് 3:11-13) വരാനിരിക്കുന്ന ആ പുതിയ ലോകം, ഏദനിലെ ആദിമ പറുദീസാ തോട്ടം പോലെ ആയിരിക്കുന്നതിനാൽ യേശു അതിനെ “പരദീസ” എന്നു പരാമർശിച്ചു, എന്നാൽ ഇപ്പോൾ അതു ഭൂവ്യാപകമായിരിക്കും എന്നു മാത്രം.—ലൂക്കൊസ് 23:43; ഉല്പത്തി 2:7, 8.
അങ്ങനെ ക്രിസ്ത്യാനികൾക്ക് ഒരു പ്രത്യാശയുണ്ട്, വെറും താത്കാലികമായ ചികിത്സയ്ക്കുവേണ്ടിയുള്ള ഒന്നല്ല മറിച്ച്, അപൂർണത, രോഗം, മരണം എന്നിവയിൽ നിന്നു സ്ഥിരമായ ഒരു വിടുതലിനുവേണ്ടിയുള്ള പ്രത്യാശതന്നെ. “ഞാൻ നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു,” “ഞാൻ രോഗങ്ങളെ നിന്റെ നടുവിൽനിന്നു അകററിക്കളയും” എന്നീ ദൈവിക വാഗ്ദാനങ്ങളുടെ പരിപൂർണ നിവൃത്തിക്കുവേണ്ടി അവർ നോക്കിപ്പാർത്തിരിക്കുന്നു.—പുറപ്പാടു 15:26; 23:25. (g93 12/8)
[9-ാം പേജിലെ ചിത്രങ്ങൾ]
മരിച്ചവരെ ഉയിർപ്പിക്കാനും രോഗികളെ സൗഖ്യമാക്കാനും ദൈവം യേശുവിന് അധികാരം കൊടുത്തു