വേദനയില്ലാത്ത ജീവിതം സമീപം!
നമ്മെ അപകടത്തിൽനിന്നു സംരക്ഷിക്കുന്ന ശരീരത്തിന്റെ സങ്കീർണമായ ജൈവപ്രക്രിയകൾ തീർച്ചയായും ഒരത്ഭുതമാണ്. അവയെക്കുറിച്ചുള്ള ഒരു പഠനം സങ്കീർത്തനക്കാരൻ ചെയ്തതുപോലെ സ്രഷ്ടാവിനെ സ്തുതിക്കാൻ നമ്മെ പ്രേരിപ്പിക്കണം. അദ്ദേഹം ഇപ്രകാരം എഴുതി: “ഭയാനകമായ ഒരു വിധത്തിൽ അത്ഭുതകരമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിന്നെ സ്തുതിക്കും.” (സങ്കീർത്തനം 139:14) തീർച്ചയായും, ജീവിതത്തെ വേദനാരഹിതമാക്കിത്തീർക്കാൻ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ! എന്നാൽ അത് എങ്ങനെ സാധിക്കും?
വേദനയും കണ്ണുനീരും നീക്കം ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള വാഗ്ദത്തത്തിനു തൊട്ടുമുമ്പ് “ഒരു പുതിയ ആകാശത്തെയും ഒരു പുതിയ ഭൂമി”യെയും കുറിച്ചു ബൈബിൾ സംസാരിക്കുന്നു, “എന്തെന്നാൽ മുമ്പത്തെ ആകാശവും മുമ്പത്തെ ഭൂമിയും നീങ്ങിപ്പോയിരിക്കുന്നു.” (വെളിപാട് 21:1, 4, NW) നിശ്ചയമായും, ബൈബിൾ നമ്മുടെ അക്ഷരീയ ആകാശത്തെയും ഭൂമിയെയും കുറിച്ചല്ല സംസാരിക്കുന്നത്. ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ സ്ഥാനത്ത് തികച്ചും പുതുതായ ഒരു വ്യവസ്ഥിതി വരുന്നതിനെക്കുറിച്ചാണ് അതു പറയുന്നത്. അതേ, പുതിയ, മനുഷ്യാതീതമായ ഒരു ഗവൺമെൻറ് ഇവിടെ ഭൂമിയിൽ വേദനാരഹിതമായ ഒരു ജീവിതം ആസ്വദിക്കുക സാധ്യമാക്കിത്തീർക്കും.
ഈ ഗവൺമെൻറിനെക്കുറിച്ചു വർണിക്കുമ്പോൾ ബൈബിൾ ഇപ്രകാരം പറയുന്നു: “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും. . . . അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കുകയും എന്നേക്കും നിലനില്ക്കയും ചെയ്യും.” (ദാനീയേൽ 2:44) യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ, “നിങ്ങൾ ഈവണ്ണം പ്രാർഥിപ്പിൻ: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം വാഴ്ത്തപ്പെടേണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ” എന്നു പറഞ്ഞപ്പോൾ ഈ രാജ്യഗവൺമെൻറിനു വേണ്ടി പ്രാർഥിക്കാൻ അവൻ നമ്മെ പഠിപ്പിക്കുകയാണു ചെയ്തത്.—മത്തായി 6:9, 10, ജയിംസ് രാജാവിന്റെ ഭാഷാന്തരം.
എന്നിരുന്നാലും, ആ പ്രാർഥനയുടെ നിവൃത്തിക്കു നിങ്ങളെ സംബന്ധിച്ചിടത്തോളം വേദനയില്ലാത്ത ഒരു ജീവിതത്തെ എങ്ങനെ അർഥമാക്കാൻ കഴിയും?
മനുഷ്യാതീത ശക്തിയുള്ള ഒരു ഭരണാധിപൻ
തന്റെ ഗവൺമെൻറിന്റെ ഭരണം വഹിക്കാൻ ദൈവം തിരഞ്ഞെടുത്തിരിക്കുന്നവന്റെ ജ്ഞാനത്തിലും ശക്തിയിലുമാണ് അത് ആശ്രയിച്ചിരിക്കുന്നത്. അവനെക്കുറിച്ച് ഒരു ബൈബിൾ പ്രവചനം ഇങ്ങനെ പറയുന്നു: “ഭരണം അവന്റെ തോളിലായിരിക്കും . . . അവന്റെ ഭരണത്തിന്റെയും സമാധാനത്തിന്റെയും വർധനയ്ക്ക് യാതൊരു അവസാനവും ഉണ്ടായിരിക്കയില്ല.”—യെശയ്യാവ് 9:6, 7, ജയിംസ് രാജാവിന്റെ ഭാഷാന്തരം.
ഇപ്പോൾ സ്വർഗത്തിലായിരിക്കുന്ന യേശുവിന്റെ ജ്ഞാനം ഭൂമിയിലെ എല്ലാ ഡോക്ടർമാരെക്കാളും വളരെ കവിഞ്ഞതാണ്. അപകടത്തിൽനിന്നു നമ്മെ സംരക്ഷിക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടെ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ അവൻ പൂർണമായി മനസ്സിലാക്കുന്നു. 1,900 വർഷങ്ങൾക്കു മുമ്പു ഭൂമിയിൽ ഒരു മനുഷ്യനായിരുന്നപ്പോൾ ഭേദമാക്കാൻ അവനു കഴിയാതിരുന്ന യാതൊരു അസുഖമോ വ്യാധിയോ ഉണ്ടായിരുന്നില്ല. അപ്രകാരം ദൈവരാജ്യത്തിന്റെ ഭരണാധികാരിയെന്ന നിലയിൽ താൻ എന്താണു ചെയ്യാൻ പോകുന്നതെന്ന് അവൻ പ്രകടമാക്കുകയാണു ചെയ്തത്. അത്തരമൊരു സന്ദർഭത്തെക്കുറിച്ചു ബൈബിൾ ഇപ്രകാരം പറയുന്നു:
“വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ കാല്ക്കൽ വെച്ചു; അവൻ അവരെ സൌഖ്യമാക്കി; ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു.” (മത്തായി 15:30, 31) തന്റെ രാജ്യഭരണക്കാലത്തു യേശു സുഖപ്പെടുത്താൻ പോകുന്ന വ്യാധികളുടെ കൂട്ടത്തിൽ ഭയാനകമായ ആ വിട്ടുമാറാത്ത വേദനയും ഉണ്ടായിരിക്കും.
തീർച്ചയായും അത് എന്തൊരു അനുഗ്രഹമായിരിക്കും! അത് ഏതാനും പേർക്കു വേണ്ടി മാത്രമായിരിക്കില്ല. ഇതാണ് സ്രഷ്ടാവിന്റെ വാഗ്ദത്തം: “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” (യെശയ്യാവു 33:24) അപ്പോൾ ദൈവരാജ്യ ഭരണത്തിൻ കീഴിൽ ഈ വാഗ്ദത്തം നിവർത്തിക്കപ്പെടും: “മേലാൽ . . . വേദന ഉണ്ടായിരിക്കയില്ല.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.)—വെളിപ്പാടു 21:4.
ക്രിസ്തുവിന്റെ മഹത്തായ രാജ്യഭരണത്തിൻ കീഴിൽ, ഉപദ്രവത്തിൽനിന്നു നമ്മെ സംരക്ഷിക്കാനുള്ളതുൾപ്പെടെ, നമ്മുടെ ശരീരത്തിന്റെ ജൈവപ്രക്രിയകൾ പൂർണമായി പ്രവർത്തിക്കും. കാരണം അവകാശപ്പെടുത്തിയ പാപം നീക്കം ചെയ്യപ്പെടും. നമ്മുടെ ശരീരത്തിലെ മുന്നറിയിപ്പിൻ സംവിധാനം ഒരിക്കലും ഒരു ഉപദ്രവകാരിയായിത്തീരുകയില്ല. സന്തോഷകരമെന്നു പറയട്ടെ ഇപ്പോൾ നിവൃത്തിയേറിക്കൊണ്ടിരിക്കുന്ന ബൈബിൾ പ്രവചനങ്ങളനുസരിച്ച് നാമിപ്പോൾ പുതിയ ലോകത്തിന്റെ കവാടത്തിങ്കലാണ്. ആ പുതിയ ലോകത്തിൽ വേദന ഒരിക്കലും ദുരിതം കൈവരുത്തുകയില്ല.—മത്തായി 24:3-14, 36-39; 2 തിമൊഥെയൊസ് 3:1-5; 2 പത്രൊസ് 3:11-13.
ഇപ്പോൾ ദശലക്ഷങ്ങളെ കാർന്നുതിന്നുന്നതരം വേദന ഒരിക്കലും ഉണ്ടായിരിക്കയില്ലാത്ത ദൈവരാജ്യത്തിൻ കീഴിലെ ജീവിതം നിങ്ങൾക്ക് ആസ്വദിക്കാനാകും. എന്നാൽ നിങ്ങൾ ഒരു സംഗതി ചെയ്യേണ്ടതുണ്ട്. ദൈവത്തോടു പ്രാർഥിച്ചപ്പോൾ യേശുക്രിസ്തു ഒരു അടിസ്ഥാന നിബന്ധന ചൂണ്ടിക്കാട്ടി: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.
ജീവത്പ്രധാനമായ ഈ അറിവു നേടാൻ നിങ്ങളെ സഹായിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരായിരിക്കും. നിങ്ങളുടെ പ്രദേശത്തുള്ള അവരിൽപ്പെട്ട ഒരാളോടു ചോദിക്കുക. അല്ലെങ്കിൽ നിങ്ങളുടെ ഭവനത്തിൽവെച്ചോ സൗകര്യപ്രദമായ മറേറതെങ്കിലും സ്ഥലത്തുവെച്ചോ ഒരു ബൈബിളധ്യയനം ഉണ്ടായിരിക്കാനുള്ള നിങ്ങളുടെ ആഗ്രഹം പ്രകടമാക്കിക്കൊണ്ട് ഈ മാസികയുടെ പ്രസാധകർക്ക് എഴുതുക. വേദനയില്ലാത്ത ഒരു ജീവിതം മനുഷ്യർ ആസ്വദിക്കുന്നതിനുള്ള ദൈവോദ്ദേശ്യങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കാനുള്ള ക്രമീകരണങ്ങൾ നിങ്ങൾക്കു വേണ്ടി ചെയ്യുന്നതായിരിക്കും.