വാഴപ്പഴം—ഒരു വിശിഷ്ട ഫലം
ഹോണ്ടുറസിലെ ഉണരുക! ലേഖകൻ
ഗ്രീക്കുകാരും അറബികളും അതിനെ “വിശിഷ്ടമായ ഫലവൃക്ഷം” എന്നു വിളിച്ചു. പൊ.യു.മു. 327-ൽ മഹാനായ അലക്സാണ്ടറിന്റെ സൈന്യങ്ങൾ ഇത് ഇൻഡ്യയിൽ കണ്ടെത്തി. ഒരു പഴയ കഥ പറയുന്നതനുസരിച്ച് ഭാരതത്തിലെ ഋഷിവര്യൻമാർ അതിന്റെ തണലിൽ വിശ്രമിക്കുകയും അതിന്റെ ഫലം ഭക്ഷിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് “ജ്ഞാനികളുടെ ഫലം” എന്ന് അതു വിളിക്കപ്പെട്ടു. അത് എന്താണ്? അതോ, വാഴപ്പഴം!
എന്നാൽ വാഴപ്പഴം ഏഷ്യയിൽനിന്നു കരീബിയൻ പ്രദേശത്ത് എത്തിയത് എങ്ങനെയാണ്? മുൻകാലങ്ങളിലെ അറബികളായ വ്യാപാരികൾ വാഴത്തടകൾ ഏഷ്യയിൽനിന്ന് ആഫ്രിക്കയുടെ പൂർവതീരത്ത് എത്തിച്ചു. ആ പ്രദേശത്ത് വാഴ വളരുന്നതു കണ്ട പോർട്ടുഗീസുകാരായ പര്യവേക്ഷകർ 1482-ൽ അതിന്റെ തടകൾ കുറെ കൈവശമാക്കി. അതിന് ബനാന [വാഴയ്ക്ക] എന്ന ആഫ്രിക്കൻ പേരുതന്നെ സ്വീകരിച്ച അവർ അതു കാനറി ദ്വീപുകളിലെ പോർട്ടുഗീസ് കോളനികളിൽ എത്തിച്ചു. അടുത്ത പടി അററ്ലാൻറിക്കിനു കുറുകെ പുതിയ ലോകത്തേക്കുള്ള ഒരു യാത്രയായിരുന്നു. കൊളമ്പസിന്റെ സമുദ്രപര്യവേക്ഷണ യാത്രകൾക്കും കുറെ വർഷങ്ങൾക്കു ശേഷം 1516-ലാണ് അത് അവിടെയെത്തിയത്. സ്പാനീഷ് മിഷനറിമാർ വാഴച്ചെടികൾ ദ്വീപുകളിലേക്കും ഉഷ്ണമേഖലയിൽ കിടക്കുന്ന കരീബിയൻ വൻകരയിലേക്കും എത്തിച്ചു. ഇപ്രകാരം, മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും എത്തുന്നതിന് ഈ വിശിഷ്ട ഫലസസ്യത്തിന് ലോകത്തിനു ചുററും പകുതി ദൂരം സഞ്ചരിക്കേണ്ടി വന്നു.
1690-ൽ വാഴപ്പഴം ആദ്യമായി കരീബിയൻ ദ്വീപുകളിൽനിന്ന് ന്യൂ ഇംഗ്ലണ്ടിലെത്തിയെന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്നു. പ്യൂരിററൻമാർ ഈ വിചിത്ര ഫലം പുഴുങ്ങിയെങ്കിലും അതവർക്ക് ഇഷ്ടമായില്ല. തെക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും രാജ്യങ്ങളിലും അതുപോലെതന്നെ മററ് ഉഷ്ണമേഖലാ രാജ്യങ്ങളിലും ഉള്ള ലക്ഷക്കണക്കിനാളുകൾ പച്ച വാഴയ്ക്ക പുഴുങ്ങി സ്വാദോടെ ഭക്ഷിക്കുന്നു.
വാഴത്തോട്ടങ്ങൾ
1870-നും 1880-നും ഇടയിൽ വാഴയ്ക്ക കയററുമതി ചെയ്യുന്നതിന്റെ സാധ്യത യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും പലതരം വ്യാപാരികളുടെ താത്പര്യത്തെ ഉണർത്തി. അവർ കമ്പനികൾ രൂപവത്കരിക്കുകയും ഫിൻകാസ് എന്നു വിളിക്കപ്പെടുന്ന വാഴത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഈ ഉദ്ദേശ്യത്തിൽ തൊഴിലാളികളും എഞ്ചിനിയർമാരും വനം വെട്ടിത്തെളിക്കുകയും റോഡുകൾ നിർമിക്കുകയും തീവണ്ടിപ്പാതയും വാർത്താവിനിമയ മാർഗങ്ങളും സ്ഥാപിക്കുകയും ചെയ്യേണ്ടിയിരുന്നു. തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി വീടുകളും വിദ്യാലയങ്ങളും ആശുപത്രികളുമുള്ള ഗ്രാമങ്ങൾ പണിതു. ലോകത്തിനു ചുററും വാഴപ്പഴം എത്തിക്കാൻ നീരാവി കൊണ്ടോടുന്ന കപ്പലുകൾ സജ്ജീകൃതമായി. ഈ വ്യവസായം വളർന്നതോടെ കമ്പനികൾ വാഴ നട്ടുവളർത്തുന്ന രാജ്യങ്ങളിൽ കൂടുതൽ സ്ഥലം വാങ്ങി.
വടക്കേ അമേരിക്കയിൽ കഴിക്കുന്ന വാഴപ്പഴത്തിന്റെ 90 ശതമാനവും ഇന്നു പ്രദാനം ചെയ്യുന്നത് ലാററിനമേരിക്കൻ രാജ്യങ്ങളാണ്. കയററുമതി നടത്തുന്ന പ്രമുഖരാജ്യം ബ്രസീലാണ്. ഈ പട്ടികയിൽ ഹോണ്ടുറസിന്റെ സ്ഥാനം ആറാമതാണ്. ഈ രാജ്യം വർഷംതോറും നൂറു കോടി കിലോഗ്രാം വാഴയ്ക്ക കയററുമതി ചെയ്യുന്നു.
വാഴ വളരുന്ന വിധം
വാഴച്ചെടി ഒരു വൃക്ഷമല്ല. ഇതിനു വൃക്ഷതന്തുക്കളില്ല. പകരം ഒരു പനപോലെ തോന്നിക്കുന്ന ഇത് ഒരു വമ്പൻ സസ്യമാണ്. കാലാവസ്ഥയും മണ്ണും ഈ ചെടിയുടെ വളർച്ചയെയും വലിപ്പത്തെയും നിർണയിക്കുന്നു. ചൂടുള്ള, ഈർപ്പമുള്ള കാലാവസ്ഥകളിൽ വാഴച്ചെടികൾ ഏററവും നന്നായി വളരുന്നു. ഫലപുഷ്ടവും മണൽനിറഞ്ഞതും നല്ല നീർവാർച്ചയുള്ളതുമായ എക്കൽമണ്ണിൽ അതു തഴച്ചുവളരുന്നു. നല്ല വളർച്ച ലഭിക്കുന്നതിന് താപനില ഒരു സമയത്തും 20 ഡിഗ്രി സെൽഷ്യസിനു താഴെ പോകാൻ പാടില്ല.
ഒരു കൃഷി തുടങ്ങുന്നതിന് വളർച്ചയെത്തിയ വാഴകളുടെ കാണ്ഡത്തിന്റെ മണ്ണിനടിയിലുള്ള ഭാഗത്തുനിന്ന് അടർത്തിയെടുക്കുന്ന വാഴക്കന്നുകൾ എന്നറിയപ്പെടുന്ന വാഴവിത്തുകൾ നടേണ്ടതുണ്ട്. അഞ്ചു മീററർ അകലത്തിലായി ഒരടി ആഴത്തിൽ കുഴിയെടുത്ത് ഈ വിത്തുകൾ അവയിൽ നടുന്നു. മൂന്നാലാഴ്ചക്കുള്ളിൽ പച്ചനിറത്തിലുള്ള മുളകൾ പൊട്ടാൻ തുടങ്ങും. അവ വളർന്നു വരുമ്പോൾ ഇറുകെ ചുററിയിരിക്കുന്ന പച്ച ഇലകൾ നിവർന്ന് വിടരും. വാഴച്ചെടികൾ വളരെ വേഗം വളരും—ദിവസവും ഏതാണ്ട് മൂന്നു സെൻറിമീറററോളം. പത്തു മാസത്തിനുശേഷം പൂർണ വളർച്ചയെത്തുന്ന വാഴ ഒരു പനയോടു സാദൃശ്യമാണ്. അതിന് മൂന്നു മീററർമുതൽ ആറു മീററർവരെ ഉയരം കാണും.
പൂർണവളർച്ചയെത്തിയ വാഴച്ചെടിയിൽ, ഒരു ആവരണം പോലെ വർത്തിക്കുന്ന ഇലകൾക്കിടയിൽ പർപ്പിൾ നിറത്തിലുള്ള ചെറിയ ഇലകളോടൊപ്പം ഒരു വലിയ മുകുളവും അങ്കുരിക്കുന്നു. അതിനുശേഷം ചെറു പൂക്കുലകൾ ഉണ്ടാകുന്നു. ഒരു വാഴ ഒരു കുല മാത്രമേ പുറപ്പെടുവിക്കുന്നുള്ളൂ. 30 മുതൽ 50 വരെ കിലോ തൂക്കമുള്ള അതിന് 9-നും 16-നും ഇടയ്ക്കു പടലകൾ ഉണ്ടായിരിക്കും. ഒരു കൈ എന്നു വിളിക്കപ്പെടുന്ന ഓരോ പടലയിലും 10 മുതൽ 20 വരെ വാഴയ്ക്ക ഉണ്ടായിരിക്കും. അതുകൊണ്ട് വാഴയ്ക്കായ്ക്കു വിരലുകൾ എന്നു പറയും.
വാഴയ്ക്ക ആദ്യം താഴേക്ക്, നിലത്തേക്കു വളരുന്നു. പിന്നീടാണ് അതു ചുണ്ടിൽനിന്നു പുറത്തേക്ക്, വെളിയിലേക്കു വളരുന്നത്. അങ്ങനെ സുവിദിതമായ വാഴയ്ക്കാ വളവ് ഉണ്ടാകുന്നു. വളർച്ചയുടെ സമയത്തെ പോഷണവും സംരക്ഷണവും സംബന്ധിച്ചെന്ത്? വാഴക്കായ്ക്കു ചെടിയിൽനിന്നുള്ള ഊർജമെല്ലാം കിട്ടുന്നതിനു തക്കസമയത്ത് അതിന്റെ ചുണ്ട് ഒടിച്ചുകളയുന്നു. എന്നിട്ട് കീടങ്ങളെ അകററിനിർത്താൻ ഒരു പ്ലാസ്ററിക് കൂടുകൊണ്ട് കുല പൊതിയുന്നു. വാഴയ്ക്ക മുകളിലേക്കു വളർന്ന് അതിന്റെ ഭാരം വർധിക്കുന്നതുകൊണ്ട് കുലയുടെ ഭാരംകൊണ്ടോ കാററുകൊണ്ടോ വാഴ പിടരാതിരിക്കാൻ അതിനെ മററു വാഴകളുടെ ചുവട്ടിലേക്കു വലിച്ചു കെട്ടിനിർത്തുന്നു. ഒടുവിൽ, വെട്ടാറായ കുലകൾ ഏതെന്നു സൂചിപ്പിക്കുന്നതിനു നിറമുള്ള ഒരു റിബൺ കൂടിൽ കെട്ടുന്നു.
വാഴയുടെ ഇലകളിൽ മരുന്നു തളിക്കുന്നതിനുവേണ്ടി തോട്ടത്തിന്റെ മീതെകൂടി എല്ലാ ദിവസവും വിമാനങ്ങൾ പറക്കാറുണ്ട്. ഇത് അവയെ മൂന്നു പ്രമുഖ രോഗങ്ങളിൽനിന്നു സംരക്ഷിക്കുന്നു. അതിലൊന്നാണ് പനാമാരോഗം. ഈ രോഗം വരുമ്പോൾ പൂപ്പലുകൾ ചില വാഴച്ചെടികളെ നശിപ്പിക്കുന്നു. എന്നാൽ, അത്തരം വാഴകൾ മാററി, ഈ രോഗത്തെ ചെറുത്തുനിൽക്കുന്നതരം വാഴകൾ നടുന്നു. മറെറാന്നാണ് ബാക്ടീരിയ ഉണ്ടാക്കുന്ന മാക്കോ രോഗം. രോഗം ബാധിച്ച വാഴകളും രോഗം പരത്തുന്ന പ്രാണികളെ ആകർഷിക്കുന്ന പുഷ്പങ്ങളും നീക്കം ചെയ്തുകൊണ്ട് അതിനെ നിയന്ത്രിക്കുന്നു. അടുത്തതാണ് സിഗാറേറാക്ക രോഗം. ഇതു ചെടിയുടെ ഇലകളെ നശിപ്പിക്കുന്നു, എന്നാൽ പെട്ടെന്നുതന്നെ രാസമരുന്നുകൾ ഉപയോഗിച്ചാൽ വാഴക്കായ്ക്കു കേടുവരുത്തുകയില്ല. വാഴക്കായ്ക്കു ധാരാളം വെള്ളം ആവശ്യമാണ്. ജലസേചനം വഴിയും ഉയർന്ന മർദമുള്ള സ്പ്രെയറുകൾ ഉപയോഗിച്ചും വെള്ളം പ്രദാനം ചെയ്യുന്നു. വാഴത്തോട്ടം പുല്ലും കളയുമില്ലാതെ സൂക്ഷിക്കുന്നു എന്നുകൂടി കൂട്ടിച്ചേർക്കേണ്ടതാണ്.
തോട്ടത്തിൽനിന്നു മേശയിലേക്ക്
കുല വെട്ടാറായി എന്നു റിബണിന്റെ നിറം സൂചിപ്പിക്കുന്ന സമയത്ത്, വെട്ടാൻ പാകത്തിലുള്ള വലിപ്പമുള്ളവയാണോ എന്ന് ആദ്യം അവയെ അളന്നുനോക്കുന്നു. മറെറാരു ശ്രദ്ധേയമായ വസ്തുത വാഴയ്ക്ക വാഴയിൽത്തന്നെ നിന്നു പഴുക്കാൻ അനുവദിക്കാറില്ല എന്നതാണ്, തദ്ദേശീയർക്കു തിന്നാൻ വേണ്ടിയുള്ളതു പോലും. എന്താണതിന്റെ കാരണം? കാരണം അതിന്റെ രുചി നഷ്ടമാകും. വിളവെടുപ്പ് എപ്പോൾ നടത്തണമെന്നു തീരുമാനിക്കുന്നതിനു മുമ്പ് കയററി അയയ്ക്കേണ്ട സ്ഥലത്തേക്കുള്ള ദൂരവും കൊണ്ടുപോകുന്ന വിധവും പരിചിന്തിക്കേണ്ടതുണ്ട്. ഒരു തൊഴിലാളി കുലകൾ വാക്കത്തികൊണ്ട് വെട്ടിയെടുക്കുന്നു, എന്നിട്ട് പായ്ക്കു ചെയ്യുന്ന സ്ഥലത്തേക്ക് അവ കൊണ്ടുപോകുന്നു. വാഴക്കുല വെട്ടിയെടുത്തശേഷം വാഴച്ചെടിയെ എന്തു ചെയ്യും? അതു മുറിച്ച് അതിന്റെ സ്ഥാനത്തു വളരുന്ന മററു വാഴകൾക്കു വളമായി ഇടും.
പായ്ക്കു ചെയ്യുന്ന സ്ഥലത്തു വാഴയ്ക്കകൾ കഴുകി വൃത്തിയാക്കുന്നു. ചതഞ്ഞ വാഴയ്ക്ക തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും തിന്നുന്നതിനു വേണ്ടി എടുത്തുമാററുന്നു. ചെറിയ കായ്കൾ രുചി വർധിപ്പിക്കുന്നതിനു വേണ്ടിയും കുട്ടികളുടെ ആഹാരത്തിനു വേണ്ടിയും ഉപയോഗിക്കും. ഏററവും നല്ല വാഴയ്ക്ക 18 കിലോവീതം പെട്ടിയിലാക്കി ശീതികരണികൾ ഉള്ള ട്രെയിനുകളിലും കപ്പലുകളിലുമായി വിദേശത്തേക്ക് അയയ്ക്കുന്നു.
തുറമുഖത്തുവച്ച് ഫലത്തിന്റെ ഗുണം പരിശോധിക്കുകയും അതിന്റെ ചൂട് അളക്കുകയും ചെയ്യുന്നു. വാഴയിൽനിന്നു വെട്ടിയെടുത്തു കഴിഞ്ഞാൽ അതു മാർക്കററിൽ എത്തുന്നതുവരെ പച്ചയായിത്തന്നെ ഇരിക്കണം. വാഴയ്ക്ക ശീഘ്രം കേടുവന്നുപോകുന്നതായതുകൊണ്ട് അതിന്റെ ശേഖരണവും, കപ്പലിലുള്ള അയയ്ക്കലും കടയിലെ വിൽപ്പനയും 10 മുതൽ 20 വരെ ദിവസത്തിനുള്ളിൽ കഴിഞ്ഞിരിക്കണം. പഴുക്കാതിരിക്കാൻ വേണ്ടി വാഴയ്ക്ക 12-13 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കുന്നു. കയററി അയയ്ക്കാനുള്ള ആധുനിക സൗകര്യങ്ങൾ ഉള്ളതുകൊണ്ട്, മധ്യ അമേരിക്കയിൽനിന്നും തെക്കേ അമേരിക്കയിൽനിന്നും കാനഡ, യൂറോപ്പ് എന്നിങ്ങനെയുള്ള വിദൂര സ്ഥലങ്ങളിലേക്ക് യാതൊരു കുഴപ്പവും കൂടാതെ അയയ്ക്കാനാകും.
പ്രായോഗിക മൂല്യവും പോഷണവും
നൂറോ അതിൽ കൂടുതലോ തരം വാഴകളുണ്ട്. കുള്ളൻ വാഴയ്ക്കയാണു സാധാരണമായി കാണാറുള്ളത്. അതു മുഖ്യമായും യൂറോപ്പ്, കാനഡ, ഐക്യനാടുകൾ എന്നിവിടങ്ങളിലേക്കു കയററി അയയ്ക്കുന്നു. കയററി അയയ്ക്കാനാവാത്തവിധം കട്ടികുറഞ്ഞ തൊലിയുള്ള വലിപ്പം കുറഞ്ഞ ഇനങ്ങൾ ഹോണ്ടുറസിൽ കാണാം. ഇവ മാൻസാന (ആപ്പിൾ) എന്നും റെഡ് ജമെയ്ക്ക എന്നും അറിയപ്പെടുന്നു.
വാഴയിലയിൽ ഉപയോഗപ്രദമായ നാരുകളുണ്ട്. ഉഷ്ണമേഖലാ രാജ്യങ്ങളിൽ ഈ ഇലകൾ വ്യത്യസ്ത ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഒരു ചന്തസ്ഥലം സന്ദർശിക്കുമ്പോൾ ഇത്തരം ഇലകൾ വിൽക്കാൻ വേണ്ടി തെരുവിൽ കൂട്ടിവെച്ചിരിക്കുന്നത് കാണാം. പല നാടുകളിലും വളരെ പ്രസിദ്ധിയുള്ള ഒരു ഭക്ഷണമായ ചൂടൻ ററമാലേസ് പൊതിയാൻ ഇത് ഉപയോഗിക്കുന്നു.
ഹോണ്ടുറസിലുള്ള അനേകമാളുകൾക്കു ഭക്ഷണത്തോടൊപ്പം വാഴപ്പഴം കഴിക്കുന്നത് ഇഷ്ടമാണ്. ഹോണ്ടുറസിന്റെ വടക്കേ തീരത്തുള്ള ആസ്വാദ്യമായ ഒരു ഭക്ഷണമാണ് മാച്ചുക്ക. പഴുക്കാത്ത വാഴയ്ക്ക ഒരു ഉരലിലിട്ട് ചതച്ച് അതിൽ സുഗന്ധവ്യഞ്ജനങ്ങൾ ഇടുമ്പോൾ കിട്ടുന്ന ഈ മിശ്രിതത്തിൽ ഞണ്ടും ചേർത്ത് എണ്ണയിൽ പാകം ചെയ്താണ് ഇത് ഉണ്ടാക്കുന്നത്.
ഐക്യനാടുകളിൽ വർഷംതോറും ഏതാണ്ട് 1,100 കോടി വാഴയ്ക്ക ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വലിയൊരളവ് കാനഡ, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും പോകുന്നു. ഈ കായ് തിന്നാൽ പോഷകപ്രദമായ എന്തു പ്രയോജനങ്ങളാണുള്ളത്? ജീവകം എ, ജീവകം ബി, കാർബോഹൈഡ്രേററുകൾ, ഫോസ്ഫറസ്, പൊട്ടാസിയം എന്നിവ വാഴയ്ക്കയിൽ സമൃദ്ധമായുണ്ട്.
വാഴയ്ക്കായ്ക്ക് എത്ര ഉപയോഗങ്ങളാണെന്നോ! പലഹാരങ്ങൾ, ധാന്യമിശ്രിതങ്ങൾ, പലതരം പഴങ്ങളുടെ സംയുക്തങ്ങൾ, പൈ, കേക്കുകൾ, കൂടാതെ പേരുകേട്ട ബനാന സ്പ്ലിററ് എന്നിവയ്ക്കും പററിയതാണ് വാഴപ്പഴം. അടുത്ത തവണ നിങ്ങൾ ഒരു വാഴപ്പഴം തിന്നുമ്പോൾ അതിന്റെ വിശിഷ്ടമായ ഗുണങ്ങളെക്കുറിച്ചു ചിന്തിക്കുക. ഈ പഴത്തിന് അതിന്റെതന്നെ പാക്കിംഗുണ്ട്. അതു ജീവകങ്ങളും ലവണങ്ങളും കൊണ്ട് സമ്പന്നമാണ്. അതേ, നിങ്ങളുടെ മേശയിൽ എത്താൻ വാഴയ്ക്ക ലോകത്തിന്റെ പകുതി ദൂരം സഞ്ചരിച്ചിരിക്കാം.