സ്വാദിഷ്ടമായ ഒരു അന്താരാഷ്ട്ര കനി
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
അത് ആദ്യം ഭക്ഷിച്ച യൂറോപ്യൻമാർ 1493-ൽ വെസ്റ്റിൻഡീസ് പര്യവേഷണത്തിലായിരുന്ന ക്രിസ്റ്റഫർ കൊളംബസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കപ്പൽ ജോലിക്കാരുമായിരുന്നിരിക്കണം. അതു സ്പെയിൻ രാജാവിന് അയച്ചുകൊടുത്തു. അതിന്റെ രുചി അദ്ദേഹത്തിനും വളരെ പിടിച്ചു. കപ്പൽ സഞ്ചാരികൾ അത് അമേരിക്കകളിലെങ്ങും പ്രശസ്തമാക്കി. 1548-ൽ അവർ അതു കൃഷി ചെയ്യാൻ ഫിലിപ്പീൻസു ദ്വീപുകളിലുമെത്തിച്ചു.
പിന്നീട്, ഏതാണ്ട് 1555-ൽ ഈ രുചികരമായ പഴം ഫ്രാൻസിലേക്കു കപ്പൽകയറി. 1700-കളോടെ അതു യൂറോപ്പിലെ ചില രാജാക്കൻമാരുടെ തീൻമേശകളിൽ ഒരു വിശിഷ്ട ഫലമായി അഭിമാനപൂർവം വിളമ്പിക്കഴിഞ്ഞിരുന്നു. അതു വളരെ പ്രശസ്തമായിത്തീർന്നതിനാൽ പിന്നീട് അതു യൂറോപ്പിലെ ബാക്കി സ്ഥലങ്ങളിലേക്കും ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും വ്യാപിച്ചു. ഇപ്പോൾ അതു മുഖ്യമായും ബ്രസീൽ, ഹവായി, മെക്സിക്കോ, ഫിലിപ്പീൻസ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിലും അനുയോജ്യമായ കാലാവസ്ഥയും മണ്ണുമുള്ള ചുരുക്കം മറ്റു ചില രാജ്യങ്ങളിലും കൃഷി ചെയ്യപ്പെടുന്നു.
അങ്ങനെ കറങ്ങിത്തിരിഞ്ഞ്, ഏതാണ്ട് അഞ്ചു നൂറ്റാണ്ടുകൾക്കുശേഷം അതു ജൻമനാടായ അമേരിക്കയിൽനിന്ന് വളരെ വിദൂരത്തുള്ള ദേശങ്ങളിലെത്തിയിരിക്കുന്നു. നമ്മൾ പ്രതിപാദിക്കുന്ന കനി ഏതെന്നു നിങ്ങൾക്കറിയാമോ? അതാണു സ്വാദിഷ്ടമായ കൈതച്ചക്ക.
മെക്സിക്കോയിൽ അതു മാറ്റ്സാറ്റ്ലിയെന്നും കരീബിയനിൽ ആനനായെന്നും മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും നാനായെന്നുമാണ് അറിയപ്പെട്ടിരുന്നത്. പൈൻ മരത്തിന്റെ കായോടുള്ള (കോൺ) സാമ്യം കാരണം സ്പെയിൻകാരാണെന്നു തോന്നുന്നു അതിനെ പിനിയ എന്നു വിളിച്ചത്. ഇപ്പോൾ സ്പാനീഷ് ഭാഷയിൽ അതു പീനിയ അല്ലെങ്കിൽ അനനാസ് എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഇംഗ്ലീഷിൽ അതു പൈനാപ്പിൾ എന്നാണ് അറിയപ്പെടുന്നത്. അതിന്റെ പേര് എന്തുതന്നെയായിരുന്നാലും അതു തിന്നിട്ടുള്ളവർ അതു സ്വാദിഷ്ടമാണെന്നു സമ്മതിക്കുന്നു.
കൈതച്ചക്കയും അതിന്റെ ചെടിയും
കൈതച്ചക്ക എങ്ങനെയിരിക്കും? മുട്ടയുടെ ആകൃതിയുള്ള ഇതു ചെടിയുടെ നടുവിലാണു വളരുന്നത്. ഈ പഴത്തിനു പുറമേ കട്ടിയുള്ള തൊലിയുണ്ട്, അതിന്റെ മേലറ്റത്തു താരതമ്യേന കട്ടിയുള്ള ചെറിയ അനേകം പച്ചിലകൾകൊണ്ടുള്ള ഒരു കുടുമിയുണ്ട്. കൈതയുടെ തണ്ടിൽനിന്നു നാനാ വശത്തേക്കും വളരുന്ന നീണ്ട, വാളുപോലത്തെ ഇലകളുണ്ട്. അതിന്റെ ചെടി 60 മുതൽ 90 വരെ സെന്റീമീറ്റർ ഉയരത്തിൽ വളരും, അതിന്റെ പഴത്തിനു രണ്ടുമുതൽ നാലുവരെ കിലോഗ്രാം തൂക്കം വയ്ക്കും.
ചെറുതായിരിക്കുമ്പോൾ, അതിന് പുറമേ പർപ്പിൾ നിറമായിരിക്കും, കാഴ്ചക്കോ പൈൻ മരത്തിന്റെ കായ്ക്കു സമാനവും. മൂക്കുമ്പോൾ അതിനു പച്ചനിറം വയ്ക്കും, പഴുക്കുമ്പോൾ അതിന്റെ നിറം മഞ്ഞ കലർന്ന പച്ചയോ പച്ച കലർന്ന ഓറഞ്ചോ ചുവപ്പോ ആയിരിക്കും. പഴുക്കുമ്പോൾ അതിനു പരിമളം വിതറുന്ന, കൊതിപിടിപ്പിക്കുന്ന നല്ല ഗന്ധമായിരിക്കും.
അത് എങ്ങനെയാണു കൃഷി ചെയ്യുന്നത്?
കൈതച്ചക്ക എങ്ങനെയാണു കൃഷി ചെയ്യുന്നത്? ഒന്നാമതായി, ഉഷ്ണമേഖലാ പ്രദേശത്തേതുപോലുള്ള മണ്ണു വേണം—മണൽകൂടിയ, ജൈവാംശസമൃദ്ധമായ, അമ്ലതയുള്ള, ധാതുലവണങ്ങൾ കുറവായ, ധാരാളം ഈർപ്പമുള്ള മണ്ണ്. കൈതച്ചക്കയുടെ മൂട്ടിൽനിന്നു വളർന്നുവരുന്നതും ചക്ക പറിച്ചുകഴിഞ്ഞും അവശേഷിക്കുന്നതുമായ തൈകളിലൊന്നു വേണം നടാൻ. അല്ലെങ്കിൽ കൈതച്ചക്കയുടെ കുടുമിയും മുറിച്ചെടുത്തു നടാവുന്നതാണ്. എന്നാൽ അതു പറിക്കാൻ പാകത്തിനു മൂക്കാൻ ഒരു വർഷത്തിലധികമെടുക്കുന്നതുകൊണ്ട് അതിന്റെ പഴം തിന്നാൻ കുറച്ചു ക്ഷമയോടെ കാത്തിരിക്കേണ്ടിവരും.
25 വർഷത്തിലധികമായി കൈതക്കൃഷി ചെയ്തുവരുന്ന അന്റോണിയോ പ്രയോഗിക്കുന്ന ഒരു വിദ്യയെന്തെന്നു വിശദീകരിക്കുമ്പോൾ നമുക്കു കേൾക്കാം: “കായ് വളരാൻ തുടങ്ങുന്നതിനു മുമ്പു ചെടിയുടെ നടുവിലായി അൽപ്പം കാൽസ്യം കാർബൈഡ് ഇടേണ്ടതാവശ്യമാണ്. ഇങ്ങനെ ചെയ്താൽ കൈതച്ചക്കയെല്ലാം ഒരുപോലെ പറിക്കാം, അല്ലാതെ തനിയെ വളരാൻ വിട്ടാൽ ചിലതു മറ്റുള്ളവയെക്കാൾ വേഗത്തിൽ വളരുകയും വിളവെടുപ്പ് ഏറെ ബുദ്ധിമുട്ടാകുകയും ചെയ്യും.”
കൈതച്ചക്ക മൂത്തുപഴുക്കാറാകുമ്പോൾ അതു വെയിലേറ്റുണങ്ങാതെ മൂടിയിടണം. അതു കടലാസുകൊണ്ടോ അതേ ചെടിയുടെ ഇലകൾകൊണ്ടോ ആകാം. ഒരു നിശ്ചിത സമയം കഴിയുമ്പോൾ അതു വിളവെടുപ്പിനു പാകമാകും. അതിന്റെ തൊലി ചെത്തി, കഷണങ്ങളാക്കി ആസ്വദിക്കുക! പക്ഷേ, ഒരു കാര്യം സൂക്ഷിക്കണം. ചക്കയുടെ കൂഞ്ഞിൽ തിന്നാൽ നാക്കു ചൊറിയും. അതുകൊണ്ടാണു ചിലർ അതിന്റെ മാംസളഭാഗം മാത്രം തിന്നിട്ട് കൂഞ്ഞിൽ കളയുന്നത്.
നിങ്ങൾക്ക് ഒരു മധുരമുള്ള, സ്വാദിഷ്ടമായ കൈതച്ചക്ക രുചിച്ചുനോക്കണമെന്നുണ്ടെങ്കിൽ അതിന്റെ പുറംമേനി കണ്ട് ആകൃഷ്ടരാകരുത്. ഒരെണ്ണം നമ്മളെ കാട്ടിക്കൊണ്ട് അന്റോണിയോ വിശദീകരിക്കുന്നു: “ചിലർ കൈതച്ചക്ക തിരഞ്ഞെടുക്കുന്നത് അതിന്റെ തൊലിനിറം പച്ചയാണോ മഞ്ഞയാണോ എന്നു നോക്കിയാണ്. എന്നാൽ തൊലി പച്ചയാണെങ്കിൽപ്പോലും ചക്ക പഴുത്തതായിരിക്കാം. നിങ്ങൾ കൈവിരൽകൊണ്ടു കൊട്ടിനോക്കണം. പൊള്ളയായ ശബ്ദമാണു കേൾക്കുന്നതെങ്കിൽ ഉള്ളിൽ പഴം വെള്ളനിറമുള്ളതും രുചിയില്ലാത്തതുമായിരിക്കും. എന്നാൽ വെള്ളംകൊണ്ടു നിറഞ്ഞതാണെന്നു തോന്നിക്കുന്ന ഉറച്ച ശബ്ദമാണു കേൾപ്പിക്കുന്നതെങ്കിൽ അതു തിന്നാൻ പാകമാണ്, മധുരമുള്ളതും ചാറുള്ളതുമാണ്.” വിവിധയിനം കൈതച്ചക്കകളുണ്ട്, എന്നാൽ സ്മൂത് കൈയീൻ (കയീന) എന്നറിയപ്പെടുന്നയിനമാണ് ഏറ്റവും പ്രചാരമുള്ളത്.
ഒരു ഇഷ്ടഭോജ്യംതന്നെ
ഈ പഴം കഷണങ്ങളാക്കിയോ ജ്യൂസാക്കിയോ ആസ്വദിക്കുന്നതിനു പുറമേ അതു സർബത്താക്കിയും കഴിക്കാം. ചില രാജ്യങ്ങളിൽ അതു ടിന്നിലാക്കി കിട്ടും. കൈതച്ചക്കയിൽ ചില പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, അന്നജങ്ങൾ, നാര്, ജീവകങ്ങൾ—മുഖ്യമായും എ-യും സി-യും—എന്നിവ.
മെക്സിക്കോയിൽ കൈതച്ചക്കയുടെ തൊലിയിൽനിന്നുണ്ടാക്കുന്ന നവോൻമേഷദായകമായ ഒരു പാനീയം ലഭ്യമാണ്. അതു നിങ്ങൾക്കുതന്നെ ഉണ്ടാക്കണമെന്നുണ്ടെങ്കിൽ, തൊലി ചെത്തി ഒരു കുപ്പിപ്പാത്രത്തിലിട്ടു വെള്ളവും പഞ്ചസാരയും ചേർത്തു രണ്ടു മൂന്നു ദിവസത്തേക്കു വെച്ചേക്കുക. ഇതിനു പുളിപ്പുണ്ടായിക്കഴിഞ്ഞാൽ ഐസിട്ടു ശീതളപാനീയമായി കഴിക്കാം. അതു ടെപ്പാച്ചെ എന്നറിയപ്പെടുന്ന വളരെ ഉൻമേഷദായകമായ ഒരു പാനീയമാണ്. മധുരവും കയ്പും നിറഞ്ഞ ഒരു രുചിയാണ് അതിന്. നിങ്ങൾക്ക് ഒരു ഗ്ലാസ്സ് വേണോ? ഫിലിപ്പീൻസിൽ കൈതച്ചക്ക കൃഷിചെയ്യുന്നത് അതിന്റെ ഇലയിൽനിന്നു നാര് എടുക്കുന്നതിനാണ്. അതുപയോഗിച്ച് മങ്ങിയ വെള്ളനിറമുള്ള സുതാര്യവും വളരെ കനം കുറഞ്ഞതുമായ തുണിത്തരങ്ങളുണ്ടാക്കുന്നു. കൈലേസുകൾ, തുവ്വാലകൾ, ബെൽറ്റുകൾ, ഉടുപ്പുകൾ, കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങൾ എന്നിവയെല്ലാം ഉണ്ടാക്കാൻ അതുപയോഗിക്കുന്നു.
കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിൽ, കൈതച്ചക്ക അതു കൃഷി ചെയ്യാത്ത അനവധി രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കപ്പെട്ടിട്ടുണ്ട്. അതിന്റെ സ്വാദ് ആസ്വദിക്കുന്ന സകലരും ലോകം ചുറ്റിയുള്ള അതിന്റെ യാത്ര മനുഷ്യവർഗത്തെ സന്തോഷിപ്പിച്ചുകൊണ്ടു തുടരട്ടേയെന്നാശിക്കുന്നു.
[20-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pineapple. Century Dictionary