ഞങ്ങളുടെ വായനക്കാരിൽനിന്ന്
കുടുംബം നാസികളെ അവഗണിക്കുന്നു ഞാൻ യഹോവയുടെ സാക്ഷികളോടൊത്തു പഠിക്കുന്ന 90 വയസ്സുള്ള ഒരാളാണ്. “യഹോവേ, എന്റെ കുഞ്ഞിനെ വിശ്വസ്തയായി നിലനിർത്തേണമേ!” എന്ന ലേഖനം (ജനുവരി 8, 1994) ഞാൻ വായിക്കുകയുണ്ടായി. യഹോവയുടെ സാക്ഷികളായ മാതാപിതാക്കളെയും അവരുടെ പുത്രിയെയും കുറിച്ച് അത് പ്രതിപാദിച്ചു. അവർ ഹിററ്ലറുടെ കഠിനമായ ഉപദ്രവത്തിന് വിധേയരായി. എന്നാൽ യഹോവയുടെ പഠിപ്പിക്കലുകൾ ഉയർത്തിപ്പിടിക്കുന്നതിന് അവർ ഒരു ധീരപോരാട്ടം നടത്തി. അത് വായിച്ചപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി. യഹോവയുടെ പഠിപ്പിക്കലുകൾ ഏറെ ഗൗരവമായ ഒരു മനോഭാവത്തോടെ പഠിക്കാൻ ഞാൻ തീരുമാനമെടുത്തിരിക്കയാണ്.
എസ്. ററി., ജപ്പാൻ
ഈ അനുഭവം എന്നെ ആഴത്തിൽ സ്പർശിച്ചു. സിമോൺ ആർനോൾഡ് ലിബ്സ്ററർ വെറും ഒരു കൊച്ചുകുട്ടി ആയിരുന്നു. യഹോവയോടുള്ള അനുസരണം നിമിത്തം അവളെ മാതാപിതാക്കളിൽ നിന്ന് ഒററപ്പെടുത്തുകയും ഒരു ദുർഗുണപരിഹാരപാഠശാലയിൽ തടവിലാക്കുകയും ചെയ്തു. വിശ്വാസത്തിന്റെ എന്തൊരു അത്ഭുത മാതൃക!
എം. സി. എൽ. എസ്., ബ്രസീൽ
അവളുടെയും മാതാപിതാക്കളുടെയും യഹോവയിലുള്ള ആശ്രയവും അവർ ജീവിതത്തിൽ പ്രദർശിപ്പിച്ച സ്നേഹം, നിർമലത, ശക്തി എന്നീ ഗുണങ്ങളും യഹോവയുമായുള്ള എന്റെ സ്വന്തം ബന്ധത്തെ പുനഃപരിശോധിക്കാൻ എന്നെ പ്രേരിപ്പിച്ചു. അവരുടെ വിശ്വാസത്തോടുള്ള താരതമ്യത്തിൽ എന്റെ വിശ്വാസം ഒന്നും ഇല്ല എന്ന് എനിക്കു തോന്നി. സഹിഷ്ണുതയുടെയും വിശ്വാസത്തിന്റെയും ആത്മീയ സ്വത്തുക്കളെ വിലമതിക്കാൻ ഈ അനുഭവം എന്നെ സഹായിച്ചു.
വി. ബി., ഓസ്ട്രേലിയ
ഏകാന്തത ഏകാന്തതയെക്കുറിച്ചുള്ള ലേഖനങ്ങൾ (ജനുവരി 8, 1994) ഞാൻ മൂന്നോ നാലോ പ്രാവശ്യം വായിച്ചു. ഒരാൾ ഡാൻസ് കളിക്കുകയും പാടുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യണമെന്ന് നിങ്ങൾ നിർദേശിക്കുന്നു. എന്നാൽ രാസപരമായ അസന്തുലനം ഒരുവൻ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാൻ ഇടയാക്കുന്നത് എങ്ങനെയെന്നു നിങ്ങൾ പരാമർശിച്ചില്ല.
പി. സി., ഐക്യനാടുകൾ
ഈ ലേഖനങ്ങൾ, കഠിനമായ നിരാശയാലോ ആത്മഹത്യക്കുള്ള പ്രവണതകളാലോ കഷ്ടത അനുഭവിക്കുന്നവരെ ഉദ്ദേശിച്ചുള്ളതല്ലായിരുന്നു. അവർക്കു പ്രത്യേക ശ്രദ്ധയാവശ്യമാണ്. മറിച്ച്, പ്രിയപ്പെട്ടവരുടെ മരണം പോലെയുള്ള വിഷാദമഗ്നമായ സാഹചര്യങ്ങളാൽ ഏകാന്തതയുടെ താത്കാലിക ആക്രമണങ്ങൾക്കു വിധേയരായവരെ സംബോധന ചെയ്തുള്ളതായിരുന്നു. വിഷാദം സംബന്ധിച്ച വിവരങ്ങൾ ഞങ്ങളുടെ 1987 ഒക്ടോബർ 22 ലക്കത്തിലും ഈ ലക്കത്തിലെ “ചെറുപ്പക്കാർ ചോദിക്കുന്നു . . .” എന്ന ഫീച്ചറിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.—പത്രാധിപർ.
വടക്കൻ വെളിച്ചങ്ങൾ ഭൂമിയുടെ ഉത്തരാർധഗോളത്തിലെ ഒറോറ ബൊറിയാലിസ് എന്ന പ്രകാശ പ്രതിഭാസത്തെക്കുറിച്ചുള്ള “വിണ്ണിലെ കാററുകളുടെ ഗൂഢ സവാരിക്കാർ” എന്ന നിങ്ങളുടെ ലേഖനം (സെപ്ററംബർ 22, 1993, ഇംഗ്ലീഷ്) ഞാൻ ആസ്വദിച്ചു. എന്നാൽ ആ വെളിച്ചങ്ങൾ സ്കോട്ട്ലൻഡിന്റെ വടക്കു ഭാഗത്തുനിന്നും കിഴക്കു ഭാഗത്തുനിന്നും കാണാൻ കഴിയുമെന്ന് നിങ്ങൾ ചൂണ്ടിക്കാട്ടിയില്ല. ‘പുരാതന അബെർഡീനിലെ വടക്കൻ വെളിച്ചങ്ങളെ’പ്പററിയുള്ള ഒരു ഗാനം പോലുമുണ്ട്!
ജി. എസ്., സ്കോട്ട്ലൻഡ്
കൂടുതലായ വിവരത്തിനു നന്ദി.—പത്രാധിപർ.
വന്യജീവി സംരക്ഷണം ഞാൻ ഒരു പ്രാദേശിക പരിസ്ഥിതി സ്ഥാപനത്തിന്റെ പ്രസിഡൻറാണ്. പരിസ്ഥിതിയെക്കുറിച്ചുള്ള കൃത്യമായ ലേഖനങ്ങളുടെ ഒരു പരമ്പര കാണുന്നത് നല്ല കാര്യമാണ്. (“നമ്മുടെ വന്യജീവികളെ ആർ സംരക്ഷിക്കും?,” നവംബർ 8, 1993, ഇംഗ്ലീഷ്) ഒരു ദൈവമില്ലായിരുന്നെങ്കിൽ നാം മുമ്പേതന്നെ നശിച്ചുപോയേനെ എന്ന് ഞാൻ വർഷങ്ങളായി വിശ്വസിച്ചിരുന്നു.
എം. എസ്., ഐക്യനാടുകൾ
ദൈവം ഭൂമിയെ സൃഷ്ടിച്ചത് തീർച്ചയായും പൂർവസ്ഥിതിപ്രാപ്തിയോടെയാണ്. സംശയമെന്യേ, അതുകൊണ്ടാണ് നശിപ്പിക്കാനുള്ള മനുഷ്യശ്രമങ്ങളെ അത് തരണം ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കുക എന്നതാണ് അവിടുത്തെ അന്തിമ പരിഹാരമാർഗം. (വെളിപ്പാട് 11:18)—പത്രാധിപർ.
എയ്ഡ്സ് “യുവജനങ്ങൾ ചോദിക്കുന്നു . . .” പരമ്പരയിലെ എയ്ഡ്സിനെ സംബന്ധിച്ചുള്ള ലേഖനങ്ങൾ (ഡിസംബർ 8, 1993, ജനുവരി 8, 1994) ഞാൻ വളരെയധികം ആസ്വദിച്ചു. എനിക്ക് 20 വയസ്സുണ്ട്. ഞാൻ ഇപ്പോഴും ഒരു കന്യകയാണെന്നുള്ള വസ്തുത എന്നെ ലജ്ജിപ്പിച്ചിരുന്നു. എന്നാൽ ആ ലേഖനങ്ങൾ വായിച്ചതിനു ശേഷം എന്റെ കന്യകാത്വം യഹോവയിൽ നിന്നുള്ള ഒരു ദാനമാണെന്ന് ഞാൻ തിരിച്ചറിയാനിടയായി.
എൽ. കെ., ഐക്യനാടുകൾ
സ്വവർഗ ലൈംഗികബന്ധവും വിപരീതവർഗ ലൈംഗികബന്ധവും ഒരേപോലെ അപകടകരമാണെന്ന ധാരണ തെററാണ്. സ്വവർഗസംഭോഗികൾക്ക് എച്ച്ഐവി സംക്രമണത്തിന് ഏററവും ഉയർന്ന സാധ്യതയുണ്ടെന്ന് എല്ലാ ഗവേഷണങ്ങളും സൂചിപ്പിക്കുന്നു.
ജെ. എസ്., ഐക്യനാടുകൾ
സ്വവർഗസംഭോഗികൾ വാസ്തവത്തിൽ എച്ച്ഐവി ബാധയ്ക്ക് ഏറെ ഉയർന്ന അപകടനിലയിലാണെന്ന് ഗവേഷണം കാണിക്കുന്നു. എന്നിരുന്നാലും, വിപരീതവർഗ ലൈംഗികബന്ധം മൂലമുള്ള രോഗബാധ ആപത്സൂചകമായ ഒരു നിരക്കിൽ വർധിക്കുകയാണെന്ന് വിദഗ്ധർ പറയുന്നു. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനു വേണ്ടിയുള്ള ഒരു വക്താവു പറയുന്നതനുസരിച്ച് “ഈ രാജ്യത്തെ എച്ച്ഐവി ബാധിതരായ ജനസംഖ്യയുടെ ഏററവും ദ്രുതഗതിയിൽ വളരുന്ന വിഭാഗം” സ്ത്രീകളാണ്. സ്ത്രീകൾ എല്ലായ്പോഴും തെററുകാരാണെന്ന് ഇത് അർഥമാക്കുന്നില്ല; പലരും ദുർവൃത്തരായ ഭർത്താക്കൻമാരാലാണ് രോഗബാധിതരായി തീരുന്നത്.—പത്രാധിപർ.