ശാരീരിക നിഷ്ക്രിയത്വത്തിനു നിങ്ങളെ കൊല്ലാൻ കഴിയും
ഇതാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെയും കാനഡയിലെ ഹാർട്ട് ആൻഡ് സ്ട്രോക്ക് ഫൗണ്ടേഷന്റെയും സന്ദേശം. പുകവലി, ഉയർന്ന രക്തസമ്മർദം, രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ എന്നിവ മാത്രമാണ് ഹൃദ്രോഗത്തിന്റെ കാര്യത്തിൽ നിയന്ത്രിക്കാവുന്ന മുഖ്യ ഘടകങ്ങളായി ദശകങ്ങളോളം പട്ടികപ്പെടുത്തിയിരുന്നത്. എന്നാൽ 1992-ൽ മറെറാരു ഘടകം കൂട്ടിച്ചേർക്കപ്പെട്ടു—ശാരീരിക നിഷ്ക്രിയത്വം. ഒരുപക്ഷേ അതായിരിക്കാം നിയന്ത്രിക്കാൻ ഏററവും എളുപ്പമുള്ള ഘടകം.
“അതു ചെയ്യുക, എന്നും ചെയ്യുക” എന്ന് ടെക്സാസിലെ ഡള്ളസിൽ നിന്നുള്ള ഡോ. ജോൺ ഡങ്കൻ പറയുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ, മിക്ക ആളുകളും ക്രമമായി വ്യായാമം ചെയ്യുന്നില്ല. “കഴിഞ്ഞ മൂന്നു നാല് വർഷമായി നിലവിലുള്ള ശരീരക്ഷമത നിലനിർത്താനുള്ള ഭ്രമം (fitness fad) നിമിത്തം ഏറെ അമേരിക്കക്കാർ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്ന് അമേരിക്കയിൽ ഒരു തെററിദ്ധാരണയുണ്ട്” എന്ന് ശരീരക്ഷമതയും സ്പോർട്ട്സും സംബന്ധിച്ച പ്രസിഡൻറിന്റെ ഉപദേശക സമിതിയുടെ കോ ചെയർമാനായ റേറാം മാക്മിലൻ പ്രസ്താവിച്ചു. “അത് ശരിയല്ല. ഓരോ വർഷത്തെയും ഏതാണ്ട് 2,50,000 മരണങ്ങളുടെ കാരണം നിഷ്ക്രിയത്വമാണ്.”
ഐക്യനാടുകളുടെ രോഗപ്രതിരോധ കേന്ദ്രങ്ങളുടെ ആക്ററിങ് ഡയറക്ടറായ ഡോ. വോൾട്ടർ ആർ. ഡൗഡെൽ പറയുന്നതനുസരിച്ച് “നല്ല ആരോഗ്യത്തിന്റെ പ്രയോജനങ്ങൾക്കുവേണ്ടി ശുപാർശചെയ്യപ്പെട്ടിരിക്കുന്ന അളവോളം പ്രവർത്തനത്തിലേർപ്പെടുന്നവർ ഇന്ന് വെറും 22 ശതമാനമേ ഉള്ളൂ. ഐക്യനാടുകളിലെ ഉയർന്ന തോതിലുള്ള നിഷ്ക്രിയത്വത്തോടു പൊരുതാൻ ഒരു ദേശീയ ശ്രമം ആവശ്യമാണ്.”
കഠിനപ്രവർത്തനം ആവശ്യമില്ല. കാനഡയുടെ മെഡിക്കൽ പോസ്ററ് റിപ്പോർട്ടു ചെയ്തതുപോലെ: “വെറുതെയുള്ള ഒരു നടത്തത്തിനു പോലും ആരോഗ്യ പ്രയോജനങ്ങൾ ഉളവാക്കാൻ കഴിയും എന്ന് നൂതന ഗവേഷണം സ്ഥിരീകരിച്ചിരിക്കുന്നു.” കാനഡയിലെ റെറാറൊന്റോയിലുള്ള വെൽസ്ലീ ആശുപത്രിയിലെ കാർഡിയോളജിയുടെ ചീഫ് ആയ ഡോ. ആന്തണി ഗ്രഹാം ഇപ്രകാരം വിശദീകരിച്ചു: “ഒരു ക്രമമായ അടിസ്ഥാനത്തിൽ ആഴ്ചയിൽ പലതവണ, നിങ്ങളുടെ പൂന്തോട്ടത്തിൽ പണിയെടുക്കുന്നതോ അൽപ്പം ദൂരം നടക്കുന്നതോ പോലെ, മിതമായ ചില പ്രവർത്തനങ്ങൾ ക്രമമായി ചെയ്യുന്നതിനെക്കുറിച്ചാണ് ഞങ്ങൾ ഇവിടെ സംസാരിക്കുന്നത്. . . . ഇത്രയും ജോലി ഒരു ക്രമമായ അടിസ്ഥാനത്തിൽ ചെയ്താൽ അത് ഒരു വ്യക്തിയുടെ അപകടസാധ്യത കുറയ്ക്കും എന്നാണ് ഞങ്ങൾ ഇപ്പോൾ മനസ്സിലാക്കിവരുന്നത്. അതായത് എല്ലാവർക്കും എന്തെങ്കിലും ഒരു വ്യായാമം ചെയ്യാൻ കഴിയും.”
സൗത്ത് കരോളിന യൂണിവേഴ്സിററിയിലെ ഡോ. റെസ്സൽ പാററ് ഈ അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഒരു വ്യായാമ നിലയത്തിൽ ചേർന്ന് ആഴ്ചയിൽ അഞ്ചുമണിക്കൂർ ചെലവഴിക്കാൻ കഴിയുന്നില്ലെങ്കിൽ വ്യായാമത്തെക്കുറിച്ച് മറന്നേക്കുക എന്നതാണ് ദശലക്ഷക്കണക്കിനു പൊതുജനങ്ങളുടെ മനോഭാവം എന്ന് എനിക്ക് അറിയാം. അത്താഴം കഴിഞ്ഞ് പുറത്തിറങ്ങി അൽപ്പനേരം സ്വസ്ഥമായി നടക്കുന്നത് വളരെ നല്ല ഒരു സംഗതിയാണെന്ന് ഔദ്യോഗികമായി നാം അംഗീകരിക്കേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു.”
മിതമായ രീതിയിലുള്ള ശാരീരിക പ്രവർത്തനം പോലും നിങ്ങളുടെ ആരോഗ്യത്തിനു പ്രയോജനകരമാണ്. അതുകൊണ്ട് നിങ്ങൾക്ക് അൽപ്പം നടക്കുകയോ ഒരു ലിഫ്ററ് ഉപയോഗിക്കാതെ പടികൾ കയറിയിറങ്ങുകയോ ചെയ്തുകൂടേ? ഇനി നിങ്ങൾ ഒരു പലചരക്കു കടയിൽ പോകുകയാണെങ്കിൽ കാർ അൽപ്പം അകലെ നിർത്തിയിട്ടിട്ട് ബാക്കി ദൂരം നടന്നുപൊയ്ക്കൂടേ? “ഒട്ടും ചെയ്യാതിരിക്കുന്നതിനെക്കാളും നല്ലതാണ് അൽപ്പമെങ്കിലും ചെയ്യുന്നത്” ബോസ്ററൺ യൂണിവേഴ്സിററി മെഡിക്കൽ സെൻററിലെ ഓർത്തോപീഡിക്സിന്റെ ചെയർമാനായ ഡോ. റോബർട്ട് ഇ. ലീച്ച് നിരീക്ഷിക്കുന്നു.