പുനർജൻമ പ്രതിഭാസം വിശദീകരിക്കപ്പെടുന്നു
മുമ്പു ജീവിച്ചിരുന്നതായി ഭൂമിയിലെ വൻഭൂരിപക്ഷമാളുകൾക്കും യാതൊരു ഓർമയുമില്ല. അതാണു പുനർജൻമസിദ്ധാന്തത്തിന് എതിരായുള്ള വാദങ്ങളിൽ ഒന്ന്. മാത്രമല്ല, തങ്ങൾക്കു മുൻജൻമങ്ങൾ ഉണ്ടായിരുന്നെന്നുപോലും അവർ ചിന്തിക്കുന്നില്ല.
ആദ്യമായി കാണുന്ന ഒരാളെ തിരിച്ചറിയുകയെന്ന വിചിത്രമായ ഒരു തോന്നൽ ചിലപ്പോൾ നമുക്ക് ഉണ്ടാകാറുണ്ടെന്നുള്ളതു സത്യമാണ്. ഒരു വീട്, പട്ടണം, അല്ലെങ്കിൽ ദൃശ്യമനോഹരമായ പ്രദേശം ഇവ സുപരിചിതമായി നമുക്കു തോന്നിയേക്കാം. പക്ഷേ ആദ്യമായാണ് നാം ആ സ്ഥലങ്ങളിൽ പോകുന്നതെന്ന് നമുക്കറിയുകയും ചെയ്യാം. എന്നാൽ പുനർജൻമസിദ്ധാന്തത്തെ അവലംബിക്കാതെതന്നെ ഈ കാര്യങ്ങൾ വിശദീകരിക്കാനാവും.
ഉദാഹരണത്തിന്, വളരെ അകന്നുകിടക്കുന്ന ചില സ്ഥലങ്ങൾ സമാനതയുള്ളതായിരുന്നേക്കാം. അതുകൊണ്ട് നാം ഒരു പുതിയ സ്ഥലം സന്ദർശിക്കുമ്പോൾ, മുമ്പ് അവിടെ പോയിട്ടില്ലെങ്കിലും പോയിട്ടുള്ളതുപോലുള്ള ഒരു തോന്നൽ നമുക്കുണ്ടായേക്കാം. ലോകത്തിന്റെ ചില ഭാഗങ്ങളിലുള്ള അനേകം വീടുകൾ, ഓഫീസുകൾ, കടകൾ, പട്ടണങ്ങൾ, ദൃശ്യമനോഹരമായ പ്രദേശങ്ങൾ എന്നിവ മററുചില സ്ഥലങ്ങളിലുള്ളവയോടു സമാനത പുലർത്തിയേക്കാം. നാം മുമ്പു കണ്ടിട്ടുള്ളതിനോട് അവ സമാനത പുലർത്തുന്നു എന്ന സംഗതി ഒരു മുൻകാലജീവിതത്തിൽ നാം അവിടങ്ങളിൽ ആയിരുന്നു എന്നതിന്റെ തെളിവല്ല. നമുക്കു പരിചയമുള്ള സ്ഥലങ്ങളുമായി അവയ്ക്ക് സാമ്യമുണ്ടെന്നു മാത്രം.
ആളുകളെ സംബന്ധിച്ചും ഇതു സത്യമാണ്. കാഴ്ചയിൽ ചിലർ മററു ചിലരോടു തികച്ചും സാമ്യമുള്ളവരാണ്. ചിലർ ഇരട്ടകൾ എന്നുപോലും ചിലപ്പോൾ വിളിക്കപ്പെടുന്നു. ഇപ്പോൾ ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ ഒരു വ്യക്തിയെ ഓർമിപ്പിക്കുന്നതരം ചില ചേഷ്ടകൾ ഒരുവൻ കാട്ടിയേക്കാം. എന്നാൽ നാം ആ ആളുകളെ അറിഞ്ഞിരിക്കുന്നത് ഇപ്പോഴത്തെ ജീവിതത്തിലാണ്, മുൻകാലജീവിതത്തിലല്ല. കാഴ്ചയിലോ വ്യക്തിത്വത്തിലോ ഉള്ള ആനുരൂപ്യത്തിന്റെ അർഥം മുൻകാലജീവിതത്തിൽ ഈ ആളുകളെ നമുക്കറിയാമായിരുന്നു എന്നല്ല. സാധ്യതയനുസരിച്ച് നാമെല്ലാവരും ഒരാളെ മറെറാരാളായി തെററിദ്ധരിച്ചിരിക്കാനിടയുണ്ട്. എന്നാൽ ആ രണ്ടു വ്യക്തികളും ജീവനോടിരിക്കുന്നത് നിങ്ങൾ ജീവിച്ചിരിക്കുന്ന കാലത്താണ്, അല്ലാതെ ഏതെങ്കിലും മുൻജൻമത്തിലല്ല. പുനർജൻമവുമായി അതിനു യാതൊരു ബന്ധവുമില്ല.
ഹിപ്നോട്ടിക് നിദ്രയുടെ സ്വാധീനം
പുനർജൻമസിദ്ധാന്തത്തെ അവലംബിക്കാതെതന്നെ ഹിപ്നോട്ടിക് നിദ്രയുടെ സ്വാധീനത്തിൻ കീഴിലുള്ള അനുഭവങ്ങളെപ്പോലും വിശദീകരിക്കാനാകും. നമ്മുടെ ഉപബോധമനസ്സ് വിവരങ്ങളുടെ ഒരു കലവറയാണ്. അതു നാം സങ്കൽപ്പിച്ചേക്കാവുന്നതിലും വളരെ സങ്കീർണമാണ്. പുസ്തകങ്ങൾ, മാസികകൾ, ടിവി, റേഡിയോ, മററു ചില അനുഭവങ്ങൾ, നിരീക്ഷണങ്ങൾ എന്നിവ വഴി വിവരങ്ങൾ ഈ കലവറയിലെത്തുന്നു.
ഈ വിവരങ്ങളിലധികവും നമ്മുടെ ഉപബോധമനസ്സിന്റെ നിഗൂഢമായ ഏതോ ഒരു കോണിൽ സംഭരിക്കപ്പെടുന്നു. കാരണം അവകൊണ്ട് നമുക്കു നേരിട്ടുള്ള അല്ലെങ്കിൽ അടിയന്തിരമായ ഉപയോഗമില്ല. നമ്മുടെ ഉപബോധമനസ്സ്, ഏറെക്കുറെ, ഇപ്പോൾ വലിയ ഉപയോഗമില്ലാത്ത ലൈബ്രറി ഗ്രന്ഥങ്ങൾ പോലെയാണ്. അതുകൊണ്ട് ഒററപ്പെട്ട ഒരു ഷെൽഫിൽ അവ മാററിവെച്ചിരിക്കുന്നു.
എന്നാൽ ഹിപ്നോട്ടിക് നിദ്രയിൻ കീഴിൽ, വിസ്മരിക്കപ്പെട്ട ഓർമകൾ വീണ്ടും സ്മൃതിപഥത്തിലെത്തത്തക്കവണ്ണം അതിനു വിധേയമാകുന്ന വ്യക്തിയുടെ ബോധത്തിനു മാററം സംഭവിക്കുന്നു. ഈ വിസ്മരിക്കപ്പെട്ട ഓർമകൾ മുൻജൻമത്തിലേതാണെന്ന് ചിലർ വ്യാഖ്യാനിക്കുന്നു. എന്നാൽ അവ നാം താത്കാലികമായി വിസ്മരിച്ചുപോയ ഇപ്പോഴത്തെ ജീവിതാനുഭവങ്ങളല്ലാതെ മറെറാന്നുമല്ല.
എന്നാൽ സ്വാഭാവികമായ വിധത്തിൽ വിവരിക്കാൻ കൂടുതൽ വൈഷമ്യമേറിയ ചില അനുഭവങ്ങൾ ഉണ്ടായിരുന്നേക്കാം. അതിന്റെ ഒരു ഉദാഹരണമാണു ഹിപ്നോട്ടിക് നിദ്രയുടെ സ്വാധീനത്തിൻ കീഴിൽ ഒരു വ്യക്തി മറെറാരു “ഭാഷ” സംസാരിച്ചു തുടങ്ങുന്നത്. ചിലപ്പോൾ ഭാഷ മനസ്സിലാവും, എന്നാൽ മിക്കപ്പോഴും മനസ്സിലാവാറില്ല. മുൻജൻമത്തിൽ ആ വ്യക്തി സംസാരിച്ച ഭാഷയാണിതെന്നു പുനർജൻമത്തിൽ വിശ്വസിക്കുന്നവർ പറഞ്ഞേക്കാം.
നിഗൂഢമോ മതപരമോ ആയ ധ്യാനവിവശതയിലായിരിക്കുമ്പോൾ അന്യഭാഷകൾ സംസാരിക്കുന്നതായി നന്നായി അറിയപ്പെടുന്നു. മുൻജൻമവുമായി അത്തരം അനുഭവങ്ങൾക്കു യാതൊരു ബന്ധവുമില്ലെന്ന് അവ ഉണ്ടായിട്ടുള്ളവർക്കു ബോധ്യമുണ്ട്. പിന്നെയോ അവർ ഈ ജീവിതത്തിലെ ഏതോ അദൃശ്യശക്തിയാൽ സ്വാധീനിക്കപ്പെടുകയാണ്.
ഈ ശക്തി എന്താണെന്നതു സംബന്ധിച്ചു ഭിന്നാഭിപ്രായങ്ങളുണ്ട്. ഫൗണ്ടൻ ട്രസ്ററും ചർച്ച് ഓഫ് ഇംഗ്ലണ്ട് ഇവാഞ്ചലിക്കൽ കൗൺസിലും പുറപ്പെടുവിച്ച ഒരു സംയുക്ത പ്രഖ്യാപനത്തിൽ അന്യഭാഷാ സംസാരത്തെക്കുറിച്ച് ഇപ്രകാരം പ്രസ്താവിച്ചിരുന്നു: “ഭൂതവിദ്യാപരമായ⁄പൈശാചികമായ സ്വാധീനത്തിൻ കീഴിൽ സമാനമായ പ്രതിഭാസം ഉണ്ടാകാമെന്നു ഞങ്ങൾക്കറിയാം.” അതുകൊണ്ട് നാം ഒരു മുൻജീവിതം നയിച്ചിട്ടുള്ളതിന്റെ തെളിവായി അത്തരം പ്രതിഭാസങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് തെററായ ഒരു നിഗമനത്തിലേക്കുള്ള എടുത്തുചാട്ടമായിരിക്കും.
മരണവക്കത്തെ അനുഭവങ്ങൾ
അപ്പോൾ, തങ്ങൾക്ക് ഉണ്ടായിട്ടുള്ളതായി ആളുകൾ പറയുന്ന മരണവക്കിലെ അനുഭവങ്ങൾ സംബന്ധിച്ചോ? ശരീരത്തിന്റെ മരണത്തിനുശേഷം തുടർന്നു ജീവിക്കുന്ന ഒരു ദേഹി ഒരുവനുണ്ടെന്ന തെളിവായി ചിലർ ഇവയെ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാൽ അത്തരം അനുഭവങ്ങളുടെ കാരണം സ്വാഭാവികമായ പല വിധങ്ങളിൽ വളരെ നന്നായി വിശദീകരിക്കാവുന്നതേയുള്ളൂ.
ശാസ്ത്രവും ജീവിതവും എന്ന ഫ്രഞ്ചു ശാസ്ത്രമാസികയുടെ 1991 മാർച്ച് ലക്കത്തിൽ മരണവക്കിലെ അനുഭവങ്ങളുടെ വ്യത്യസ്ത ഘട്ടങ്ങളെ ദീർഘനാളായി അറിവായിരുന്നിട്ടുള്ള “മതിഭ്രമത്തിന്റെ ഒരു സാർവത്രിക മാതൃക” എന്നാണു വിളിച്ചിരിക്കുന്നത്. അത്തരം അനുഭവങ്ങൾ പരിചിതമായിരിക്കുന്നതു മരണവക്കത്തെ അവസ്ഥകളിലായിരുന്നിട്ടുള്ളവർക്കു മാത്രമല്ല. “ക്ഷീണം, പനി, അപസ്മാരരോഗ ആക്രമണങ്ങൾ, മയക്കുമരുന്നു ദുരുപയോഗം” എന്നിവയോടു ബന്ധപ്പെട്ട് അവ ഉണ്ടാകാം.
ശരീരത്തിന്റെ പ്രത്യേകഭാഗത്തു മാത്രം ബോധക്ഷയം വരുത്തി അപസ്മാര രോഗികളെ ഓപ്പറേഷൻ ചെയ്ത ഒരു ന്യൂറോസർജറി വിദഗ്ധനായ വൈൽഡർ പെൻഫീൽഡ് രസാവഹമായ ഈ കണ്ടുപിടിത്തം നടത്തി. ഒരു ഇലക്ട്രോഡുകൊണ്ട് മസ്തിഷ്കത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ ഉത്തേജിപ്പിക്കുകവഴി, തന്റെ ശരീരത്തിൽനിന്നു പുറത്തുകടന്ന് ഒരു തുരങ്കത്തിലൂടെ സഞ്ചരിച്ച് മരിച്ചുപോയ ബന്ധുക്കളെ കണ്ടുമുട്ടുന്നതായുള്ള ഒരു അനുഭൂതി രോഗിയിൽ ഉളവാക്കാൻ കഴിയുമെന്ന് അദ്ദേഹം കണ്ടെത്തി.
മരണത്തോടു തൊട്ടടുത്ത അവസ്ഥയിലുള്ള അനുഭവം ഉണ്ടായിട്ടുള്ള കുട്ടികൾ കണ്ടുമുട്ടിയത് തങ്ങളുടെ മരിച്ചുപോയ ബന്ധുക്കളെയല്ല, പിന്നെയോ ഇപ്പോഴും ജീവനോടിരിക്കുന്ന സഹപാഠികളെയോ അധ്യാപകരെയോ ആണ് എന്നത് ഈ കാര്യത്തിലെ രസാവഹമായ ഒരു വിശദാംശമാണ്. അത്തരം അനുഭവങ്ങൾക്ക് സാംസ്കാരികമായ എന്തോ ബന്ധമുണ്ടെന്ന് ഇതു സൂചിപ്പിക്കുന്നു. അനുഭവങ്ങൾ ബന്ധപ്പെട്ടിരുന്നത് ഇപ്പോഴത്തെ ജീവനോടാണ്, മരണത്തിനപ്പുറത്തുള്ള എന്തിനോടെങ്കിലുമല്ല.
ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ ഡോ. റിച്ചർഡ് ബ്ലാക്കർ ഇപ്രകാരം എഴുതുന്നു: “മരിക്കുന്നത്, അല്ലെങ്കിൽ ആപത്കരമായ ഒരു ശാരീരികാവസ്ഥ അനുഭവിക്കുന്നത് ഒരു പ്രക്രിയ ആണ്; മരണം ഒരു അവസ്ഥയാണ്.” ഉദാഹരണത്തിന്, ഐക്യനാടുകളിൽനിന്ന് ആദ്യമായി യൂറോപ്പിലേക്കു വിമാനയാത്ര ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ചു ബ്ലാക്കർ സംസാരിക്കുന്നു. “വിമാനയാത്ര നടത്തുന്നത് യൂറോപ്പിൽ ആയിരിക്കുന്നതുപോലെയല്ല.” വിനോദസഞ്ചാരി യൂറോപ്പിലേക്കു യാത്ര തിരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ വിമാനം പുറപ്പെട്ട് ഏതാനും നിമിഷങ്ങൾക്കുശേഷം വട്ടംതിരിഞ്ഞ് മടങ്ങിയെത്തുന്നു. അങ്ങനെയൊരു വ്യക്തിക്കു യൂറോപ്പിനെക്കുറിച്ച് എന്തെങ്കിലും പറയാനാകുമോ? അതിൽ ഒട്ടും അധികമായിരിക്കില്ല അബോധാവസ്ഥയിൽനിന്നു മടങ്ങിവരുന്ന ഒരാൾക്ക് മരണത്തെക്കുറിച്ചു പറയാനുള്ളതും.
മരണവക്കത്തെ അവസ്ഥയിലായിരുന്നിട്ടുള്ളവർ, മററു വാക്കുകളിൽ പറഞ്ഞാൽ, വാസ്തവത്തിൽ ഒരിക്കലും മരിച്ചിട്ടില്ല. അവർക്ക് എന്തോ അനുഭൂതി ഉണ്ടായത് ജീവനോടിരിക്കെത്തന്നെയാണ്. മരണത്തിനു മുമ്പ് ഏതാനും സെക്കൻറുകൾ മാത്രം ഉള്ളപ്പോൾ പോലും ഒരുവൻ ജീവനുള്ളവനാണ്. അവർ മരണത്തോടടുത്ത അവസ്ഥയിലായിരുന്നു, എന്നാൽ മരിച്ചിരുന്നില്ല.
ഹൃദയത്തിന്റെ പ്രവർത്തനം താത്കാലികമായി നിലച്ചിട്ട് അതിന്റെ പ്രവർത്തനം വീണ്ടുകിട്ടിയവർക്കു പോലും “മരിച്ചു” എന്നു വിളിക്കാവുന്ന അബോധാവസ്ഥയുടെ ആ നിമിഷങ്ങളിൽനിന്ന് എന്തെങ്കിലും വാസ്തവത്തിൽ ഓർക്കാൻ കഴിയുന്നില്ല. അവർ എന്തെങ്കിലും ഓർക്കുന്നുവെങ്കിൽത്തന്നെ, അത് ആ വിഘാതം അടുത്തുവന്നുകൊണ്ടിരുന്ന സമയത്തുണ്ടായ എന്തെങ്കിലുമായിരിക്കും, അതുണ്ടായ സമയത്തെ എന്തെങ്കിലുമല്ല.
മരണവക്കത്തായിരുന്നതായി പ്രസിദ്ധീകരിച്ചു വരുന്ന അനുഭവങ്ങൾ എപ്പോഴും ക്രിയാത്മക സ്വഭാവമുള്ളതായി ചിത്രീകരിക്കപ്പെടുന്നു. എന്നാൽ ക്രിയാത്മകമല്ലാത്ത അനുഭവങ്ങളും ഉണ്ടാകുന്നതായി അറിയാം. മാനസികാവസ്ഥയെ അപഗ്രഥനം ചെയ്യുന്ന ഫ്രഞ്ചുകാരിയായ കാതറീൻ ഇപ്രകാരം വിശദീകരിക്കുന്നു: “ഐഎഎൻഡിഎസ് [മരണത്തോടടുത്ത അവസ്ഥകളെക്കുറിച്ചു പഠനം നടത്തുന്നതിനുള്ള അന്തർദേശീയ സംഘടന] അടിച്ചേൽപ്പിക്കുന്ന മാതൃകയോട് പൊരുത്തപ്പെടുന്ന [മരണവക്കത്തെ ഒരവസ്ഥ] അനുഭവിച്ചിട്ടില്ലാത്തവർക്കു തങ്ങളുടെ കഥ പറയാൻ യാതൊരു താത്പര്യവുമില്ല.”
ഓർമയില്ല
ഒരു മുൻകാലജീവിതമാകട്ടെ, മരണശേഷമുള്ള ഒരു ജീവിതമാകട്ടെ, എന്തായിരുന്നാലും നാം ഇപ്പോൾ ജീവിക്കുന്ന ജീവിതത്തിൽനിന്നു വ്യത്യസ്തമായ ഒന്നു നാം അനുഭവിച്ചിട്ടില്ല എന്നതാണു വസ്തുത. അക്കാരണത്താൽ, നാം ജീവിച്ചിട്ടുള്ള ജീവിതമൊഴിച്ചു യാതൊന്നിനെക്കുറിച്ചും നമുക്കു ശരിയായ ഓർമകളില്ല.
പുനർജൻമം എന്നുള്ളതിന്റെ അർഥംതന്നെ നമ്മുടെ സ്ഥിതിവിശേഷം മെച്ചപ്പെടുത്താനുള്ള ഒരു അവസരം ലഭിക്കുക എന്നതാണെന്ന് അതിൽ വിശ്വസിക്കുന്നവർ പറയുന്നു. നാം യഥാർഥത്തിൽ മുൻജൻമങ്ങൾ ജീവിച്ചിട്ടും അവ വിസ്മരിച്ചുപോയിരുന്നുവെങ്കിൽ അത്തരമൊരു ഓർമനഷ്ടം വലിയൊരു വൈകല്യമായിത്തീരുമായിരുന്നു. കാരണം നമ്മുടെ തെററുകൾ ഓർത്തിരുന്നാലല്ലേ അവയിൽനിന്നു നമുക്കു പ്രയോജനം നേടാൻ കഴിയൂ.
മാത്രമല്ല, പുനർജൻമ ചികിത്സ എന്നറിയപ്പെടുന്നതിനെ ഉയർത്തിപ്പിടിക്കുന്നവർക്കു തോന്നുന്നത് ഇങ്ങനെയാണ്, ഹിപ്നോട്ടിക് നിദ്രയിലൂടെ മുൻജൻമങ്ങൾ ഓർക്കാൻ കഴിഞ്ഞാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ കൂടുതൽ മെച്ചമായി പരിഹരിക്കാനാകും. ചില കാര്യങ്ങളൊക്കെ മെച്ചപ്പെടുത്താൻ വേണ്ടിയാണു നാം വീണ്ടും ജനിക്കുന്നതെന്ന് ഈ സിദ്ധാന്തം പറയുന്നു, എന്നാൽ ആ കാര്യങ്ങൾ എന്താണെന്നു നാം മറന്നുപോയിരിക്കുന്നു.
ഈ ജീവിതത്തിൽ ഓർമനഷ്ടം ഒരു വൈകല്യമായി കരുതപ്പെടുന്നു. ഈ കാര്യത്തിലും അത് അങ്ങനെതന്നെയായിരിക്കണം. നല്ല ആളുകൾ മാത്രമേ വീണ്ടും മനുഷ്യരായി ജനിക്കുന്നുള്ളൂ എന്നതുകൊണ്ട്, അത്തരം മറവി വലിയ കാര്യമാക്കേണ്ടതില്ലെന്നു പറഞ്ഞുകൊണ്ടു തടസ്സവാദം ഉന്നയിച്ചേക്കാം. എന്നാൽ, മുമ്പെന്നത്തേക്കാളധികം ദുഷ്ടത ഇന്നു ലോകരംഗത്തു നടമാടുന്ന ഈ ആധുനിക കാലങ്ങളിൽ അത് ഒരു ഈടുററ തടസ്സവാദമല്ല. നല്ല ആളുകൾ മാത്രമേ മനുഷ്യരായി വീണ്ടും ജനിക്കുന്നുള്ളൂവെങ്കിൽ ദുഷ്ടമനുഷ്യർ എവിടെനിന്നാണു വന്നത്? ദുഷ്ടൻമാരുടെ എണ്ണം അധികമധികം കുറയുകയല്ലേ വേണ്ടത്? എന്നാൽ സത്യം ഇതാണ്: നല്ലവരാണെങ്കിലും ദുഷ്ടരാണെങ്കിലും മനുഷ്യരോ മറെറന്തെങ്കിലുമോ ആയി മറെറാരു ജീവിതം തുടങ്ങാൻ ആരും പുനർജനിക്കുന്നില്ല.
എന്നാൽ നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം, ‘പുനർജൻമം ഒരു ബൈബിൾ പഠിപ്പിക്കലല്ലേ?’ അടുത്ത ലേഖനത്തിൽ നമുക്ക് ഈ ചോദ്യം പരിചിന്തിക്കാം.
[6-ാം പേജിലെ ആകർഷകവാക്യം]
മാററിവെച്ചിരിക്കുന്നതും എന്നാൽ പിന്നീട് ഓർമിക്കാവുന്നതുമായ വിവരങ്ങളുടെ ഒരു ലൈബ്രറി പോലെയാണ് നമ്മുടെ ഉപബോധമനസ്സ്
[7-ാം പേജിലെ ആകർഷകവാക്യം]
“മരണം ഒരു അവസ്ഥയാണ്,” ഒരു പ്രക്രിയ അല്ല.—ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ റിച്ചർഡ് ബ്ലാക്കർ