ലോകത്തെവീക്ഷിക്കൽ
റേഡിയോ നിലയംഅതിന്റെ സംഗീതം മാററുന്നു
വളരെയധികം റാപ്പ് സംഗീതം പ്രക്ഷേപണം ചെയ്യുന്ന ഒരു കാലിഫോർണിയ റേഡിയോ നിലയം അസാധാരണമായ ഒരു ഉറച്ച നിലപാടു സ്വീകരിച്ചുകൊണ്ട് അടുത്ത കാലത്ത് ഒരു അറിയിപ്പു നടത്തി. അതായത്, “സാമൂഹികമായി നിരുത്തരവാദപര”മെന്നു തോന്നുന്ന സംഗീതങ്ങൾ അതു പ്രക്ഷേപണം ചെയ്യുകയില്ല. “മയക്കുമരുന്നുപയോഗത്തെ പ്രകീർത്തിക്കുന്നതോ ലൈംഗിക ധ്വനി പ്രകടമാക്കുന്നതോ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ സ്ത്രീകളെ കരിതേച്ചുകാണിക്കുന്നതോ” ആയ ഏതു സംഗീതവും അതിൽ ഉൾപ്പെടും. ഈ നിലയം ഇപ്പോൾത്തന്നെ അത്തരം ഒമ്പതു പാട്ടുകൾ നിരോധിച്ചതായി അടുത്ത കാലത്തു ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. അവയിൽ പലതും അച്ചടിക്കാനാവാത്തതരത്തിലുള്ള തലക്കെട്ടുള്ളവയായിരുന്നു. ഈ മാററം ജനസമൂഹത്തെ കൂടുതൽ മെച്ചമായി സേവിക്കാനുള്ള ആഗ്രഹത്താൽ പ്രേരിതമായുള്ളതാണെന്നു നിലയത്തിലെ പ്രോഗ്രാം ഡയറക്ടർ പ്രസ്താവിക്കുന്നു. ജനപ്രീതി ആർജിക്കാനുള്ള ഒരു താത്പര്യത്താൽ പ്രേരിതമാണ് ഈ പുതിയ നയമെന്ന് അതിനോടു കിടപിടിക്കുന്ന മററു നിലയങ്ങൾ അഭിപ്രായപ്പെടുന്നു.
ഉറുമ്പിന്റെ പര്യടനം
എങ്ങനെയാണ് ഉറുമ്പുകൾ സഞ്ചരിക്കുന്നത്? അനേകം ഉറുമ്പുകളും പിന്നിൽ ഒരു രാസപദാർഥ ഗന്ധം വമിക്കുന്ന ഒരു ചാൽ അവശേഷിപ്പിക്കുന്നു. അങ്ങനെ അവയ്ക്കു തങ്ങളുടെ കാലടികളെ വീണ്ടും പിന്തുടർന്ന് സ്വന്തഭവനം കണ്ടെത്താനാകും. സഹാറായിലുള്ള ഉറുമ്പുകൾ എങ്ങനെ പര്യടനം നടത്തുന്നുവെന്ന് സ്വിററ്സർലണ്ടിലുള്ള സൂറിച്ച് സർവകലാശാലയിലെ ജന്തുശാസ്ത്രജ്ഞനായ ഡോ. റൂഡിജെർ വെയ്നർ ആശ്ചര്യപ്പെട്ടു. മരുഭൂമിയിലെ ചൂട് ഉറുമ്പ് പിന്നിൽ അവശേഷിപ്പിക്കുന്ന രാസപദാർഥ ഗന്ധചാലിനെ മിനിററുകൾക്കുള്ളിൽ ബാഷ്പീകരിക്കും. മരുപ്രദേശ ഉറുമ്പുകൾ എത്ര നൂതനമായ പര്യടന രീതിയാണ് ഉപയോഗിക്കുന്നതെന്ന് ടെക്സാസ് യൂണിവേഴ്സിററിയിൽ നടത്തിയ ഒരു പ്രസംഗത്തിൽ ഡോ. വെനർ വിശദീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ഒരിക്കൽ വിമാനം പറത്തലിന് ഉപയോഗിച്ച വിദ്യക്കു സമാനമായ ഒന്നുതന്നെ. ഉറുമ്പുകൾ ആകാശത്തേക്കു നോക്കി മനുഷ്യനേത്രങ്ങൾക്ക് അദൃശ്യമായ ധ്രുവീകരണം സംഭവിച്ച സങ്കീർണമായ പ്രകാശരൂപങ്ങൾ കാണുന്നു. അതു കണ്ട് തങ്ങളുടെ ദിശ നിർണയിച്ച അവ നേരെ വീട്ടിലേക്കു യാത്ര തിരിക്കുന്നു. ഡള്ളാസ് മോണിങ് ന്യൂസ് നർമരസത്തോടെ ഇപ്രകാരം പറഞ്ഞു: “നട്ടുച്ച സമയത്ത് വടക്കൻ സഹാറാ മരുഭൂമിയിൽ നിങ്ങൾക്കു ഗതി തെററിയാൽ, ദിശ മനസ്സിലാക്കാൻ ഏറെ നല്ലത് ഒരു ഉറുമ്പിനോടു ചോദിക്കുന്നതായിരിക്കും.”
മറെറാരു വ്യാജ ഫോസിൽ
കുന്തിരിക്കമരത്തിന്റെ തടിയിൽ അഥവാ ഫോസിലായിത്തീർന്ന മരക്കറയിൽ തൂങ്ങിക്കിടക്കുന്ന ഒരു ഈച്ച. അതിനെ, 3 കോടി 80 ലക്ഷം വർഷങ്ങൾക്കു മുമ്പുമുതലേ സമ്പൂർണമായി പരിരക്ഷിക്കപ്പെട്ട ഒരു ജീവിമാതൃകയായി ശാസ്ത്രവൃത്തങ്ങൾ ദീർഘകാലം ആദരിച്ചിരുന്നു. എന്നാൽ, വിലയേറിയതായി കരുതിയിരുന്ന ഈ മാതൃക “പിൽററ്ഡൗൺ തട്ടിപ്പിന്റെ അത്രയുംതന്നെ ഗുരുതരമായ ഒരു ഷഡ്പദവിജ്ഞാനീയ പാതക”മായി മാറിയെന്ന് ന്യൂ സയൻറിസ്ററ് റിപ്പോർട്ടു ചെയ്തു. ഏതാണ്ട് 140 വർഷങ്ങൾക്കു മുമ്പ് സൂത്രപ്പണിയിൽ വിദഗ്ധനായ ആരോ ഒരാൾ വാസ്തവത്തിൽ ഒരു കുന്തിരിക്കമരക്കഷണം മുറിച്ച് അതിന്റെ നേർപകുതിയിലൊന്നിൽ ദ്വാരമുണ്ടാക്കി, മലത്തിൽ മുട്ടയിട്ടു പെരുകുന്ന ഒരു സാധാരണ ഈച്ചയെ അതിൽ വെച്ചതാണെന്നു തോന്നുന്നു. 1922-ൽ ഈ “ഫോസിൽ” ഇംഗ്ലണ്ടിലെ പ്രകൃതി ചരിത്ര മ്യൂസിയത്തിനു വിററു. പ്രമുഖ ശാസ്ത്രജ്ഞർ അതു പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഫോസിലുകളെക്കുറിച്ച് 1992-ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിൽ അതിനെക്കുറിച്ചുള്ള പരാമർശവുമുണ്ട്.
ആദ്യത്തെ മുസ്ലീം സൈനികപുരോഹിതൻ
യു.എസ്. സായുധസേനകൾ 243 വ്യത്യസ്ത മതങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഏതാണ്ട് 3,152 സൈനിക പുരോഹിതൻമാരെ അണിനിരത്തുന്നു—ഈ അടുത്തകാലംവരെ ഇത്തരം പുരോഹിതൻമാരെല്ലാവരും “യഹൂദ-ക്രിസ്തീയ” വിഭാഗങ്ങളിൽ പെട്ടവരായിരുന്നു. ദ വാഷിങ്ടൺ പോസ്ററ് പറയുന്നതനുസരിച്ച് സൈന്യം ഇപ്പോൾ അതിന്റെ ആദ്യത്തെ മുസ്ലീം സൈനികപുരോഹിതനെയും നിയമിച്ചിരിക്കുന്നു. തന്റെ യൂണിഫോമിൽ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഒരു ചിഹ്നം ധരിച്ച ഈ പുരോഹിതൻ ഒരു ഇമാം, അതായത് ഒരു മുസ്ലീം മതനേതാവാണ്. യു.എസ്. സൈന്യത്തിൽ 2,500 മുസ്ലീങ്ങൾ ഉണ്ടെന്ന് യു.എസ്. പ്രതിരോധ വകുപ്പ് പറയുന്നു. എന്നാൽ യഥാർഥ സംഖ്യ 10,000-ത്തോടടുത്തു വരുമെന്നു സൈന്യത്തിലെ ഒരു ഇസ്ലാമിക സംഘം തറപ്പിച്ചുപറയുന്നു. പേർഷ്യൻ ഗൾഫ് യുദ്ധകാലത്ത് സൗദി അറേബ്യയിൽ നിർത്തിയിരുന്ന കുറെ അമേരിക്കൻ പട്ടാളക്കാർ ഇസ്ലാം മതത്തിലേക്കു പരിവർത്തനം ചെയ്തതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. ഇപ്പോൾ, ബുദ്ധമത സൈനികർ തങ്ങളുടെ സൈനിക പുരോഹിതനായി പ്രവർത്തിക്കാൻ ഒരു സ്ഥാനാർഥിയെ തിരയുകയാണ്.
കാട്ടുകുതിരകൾ കുറയുന്നു
ലാവ്റാഡെയ്റോസ് എന്നു വിളിക്കപ്പെടുന്ന കാട്ടുകുതിരകൾ വടക്കൻ ബ്രസീലിലെ ലാവ്റാഡോ കുന്നിൻപ്രദേശങ്ങളിൽ സ്വതന്ത്രമായി വിഹരിക്കുന്നു. സൗൺ പൗലോയിലെ സിയെൻസ്യാ ഓഷി എന്ന പ്രസിദ്ധീകരണം പറയുന്നതനുസരിച്ച്, ഏതെങ്കിലും തരത്തിലുള്ള ഗവൺമെൻറ് സംരക്ഷണമില്ലാത്ത, ലോകത്തിലെ അവസാനത്തെ കാട്ടുകുതിരകളാണവ. വേട്ടയാടൽ, സങ്കരസന്തതികളെ ഉത്പാദിപ്പിക്കൽ, വാണിജ്യവത്കരണം എന്നിവ നിമിത്തം അവയുടെ എണ്ണം വളരെ വേഗം കുറഞ്ഞുവരികയാണ്. ലാവ്റാഡോ പ്രദേശത്ത് ഏതാനും വർഷങ്ങൾക്കു മുമ്പ് ഉണ്ടായിരുന്ന കുതിരകളുടെ എണ്ണം 3,000 ആയിരുന്നുവെന്ന് അവിടെയുള്ള ആളുകൾ കണക്കാക്കുന്നു; ഇപ്പോൾ അവ വെറും 200 എണ്ണം മാത്രമാണ്. ലാവ്റാഡെയ്റോസ് അസാധാരണമാംവിധം പെററുപെരുകുന്നതും രോഗത്തെ ചെറുത്തുനിൽക്കുന്നതും വളരെ വേഗത്തിൽ ഓടുന്നതുമാണ്—മണിക്കൂറിൽ ഏതാണ്ട് 55 കിലോമീററർ വേഗത്തിൽ അര മണിക്കൂറോളം ഓടാൻ അവയ്ക്കു കഴിയും!
ബ്രിട്ടീഷ് വൈവാഹിക ദുരിതങ്ങൾ
യൂറോപ്പിൽ എല്ലായിടത്തും വിവാഹജീവിതം കുഴപ്പത്തിലാണ്. എന്നാൽ ബ്രിട്ടനിലേതിനോളം അതു വേറൊരിടത്തും കുഴപ്പത്തിലായിരിക്കില്ലെന്ന് അടുത്ത കാലത്തു നടത്തിയ ഒരു സർവേ കണ്ടെത്തി. യൂറോപ്യൻ യൂണിയനു വേണ്ടിയുള്ള ഒരു സ്ഥിതിവിവരക്കണക്ക് ഓഫീസായ യൂറോസ്ററാററ്, യൂറോപ്യൻ യൂണിയനിലെ അംഗരാഷ്ട്രങ്ങളിൽ താമസിക്കുന്ന 17 കോടി 70 ലക്ഷം സ്ത്രീകളുടെ വ്യത്യസ്തമായ ജീവിതശൈലികൾ കണ്ടുപിടിക്കാൻ ഒരു ശ്രമം നടത്തി. ശരാശരി 6.5 ശതമാനം സ്ത്രീകൾ കുട്ടികളെ വളർത്തിക്കൊണ്ടുവന്നത് ഒരു വിവാഹ പങ്കാളിയെക്കൂടാതെയാണ്. എന്നാൽ ബ്രിട്ടനിൽ ആ ശരാശരി കൂടുതലായിരുന്നു—10.1 ശതമാനം. അടുത്ത ഏററവും വലിയ ശരാശരി ജർമനിയിലേതായിരുന്നു, 7.7 ശതമാനം. യൂറോപ്യൻ യൂണിയനിലെ സ്ത്രീകളെക്കാൾ ശരാശരി ചെറുപ്രായത്തിലാണ് ബ്രിട്ടീഷ് സ്ത്രീകൾ വിവാഹിതരായത്—24 വയസ്സാകുന്നതിനു മുമ്പ്. മാത്രമല്ല, ബ്രിട്ടനിലെ വിവാഹമോചനനിരക്കും ഏററവും കൂടുതലായിരുന്നു.
ആത്മഹത്യയെക്കുറിച്ചുള്ള പുസ്തകം
ജപ്പാനിൽ ഈ അടുത്ത കാലത്ത് ദ കംപ്ലീററ് മാന്യുവൽ ഓഫ് സൂയിസയ്ഡ് ഏററവുമധികം വിററഴിക്കപ്പെടുന്ന ഒരു പുസ്തകമായിത്തീർന്നിരിക്കുന്നു; അനേകം മരണങ്ങൾക്കും ഇത് ഒരു പങ്കു വഹിച്ചിട്ടുള്ളതായി തോന്നുന്നു. ഫ്യൂജി പർവതത്തിനു ചുവട്ടിലുള്ള 6,000 ഏക്കർ [2,500 ഹെക്ററർ] വരുന്ന ആയോക്കിഗാഹാരാ വനപ്രദേശം ആത്മഹത്യക്കു “പററിയ സ്ഥല”മാണെന്ന് ഈ പുസ്തകം വർണിക്കുന്നു. ഇതു പ്രസിദ്ധപ്പെടുത്തി രണ്ടു മാസത്തിനുള്ളിൽ ആയോക്കിഗാഹാരായിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി; അവരുടെ രണ്ടുപേരുടെയും കൈവശം ഈ പുസ്തകം ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്യാൻ പോകുകയായിരുന്ന മറെറാരാൾ ഈ വനത്തിൽ അലഞ്ഞുനടക്കുന്നതായി അധികാരികൾ കണ്ടെത്തി. അയാളുടെ പക്കലും ഈ പുസ്തകമുണ്ടായിരുന്നു. 1993 ഒക്ടോബറിന്റെ അവസാനമായപ്പോഴേക്കും ആയോക്കിഗാഹാരായിലെ ആത്മഹത്യകൾ മുൻ വർഷത്തെക്കാൾ 50 ശതമാനം കണ്ട് വർധിച്ചിരുന്നു. എന്നിരുന്നാലും, ആത്മഹത്യകളും തന്റെ പുസ്തകവുമായി നേരിട്ട് എന്തെങ്കിലും ബന്ധം ഉള്ളതായി ആ പുസ്തകത്തിന്റെ രചയിതാവു സമ്മതിച്ചില്ല. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഈ പുസ്തകം കൊണ്ട് ജീവിതത്തെ കൂടുതൽ എളുപ്പമുള്ളതാക്കിത്തീർക്കാൻ ഞാൻ ശ്രമിക്കുകയാണ്. ജീവിതത്തിൽ നമുക്കു തിരഞ്ഞെടുക്കാവുന്ന ഒന്നായി ഞാൻ ആത്മഹത്യയെ ഉൾപ്പെടുത്തി എന്നേയുള്ളൂ.”
“ടിവി ജ്വരം”
അടുത്ത കാലത്തെ ഒരു സർവേ അനുസരിച്ച്, “ടിവി ജ്വര”ത്താൽ, അതായത് കൂടുതൽക്കൂടുതൽ ടെലിവിഷൻ പരിപാടികൾ കാണാനുള്ള അമിതമായ ആഗ്രഹത്താൽ ബാധിക്കപ്പെടുന്ന ഇററലിക്കാരുടെ എണ്ണം വർധിച്ചുവരുന്നു. ഒരു ശരാശരി വാരക്കാലത്ത് 82 ശതമാനം ഇററലിക്കാർ ടിവി കണ്ടു. ദിവസവും “കണ്ടവർ ശരാശരി അഞ്ചു മണിക്കൂറിനടുത്ത് സ്ക്രീനിന്റെ മുമ്പിലിരുന്നു” എന്നു ലാ റെപ്പുബ്ലീക്ക സ്ഥിരീകരിച്ചു പറയുന്നു. നാലുമുതൽ ഏഴുവരെ പ്രായമുള്ളവരുടെ ടിവി കാഴ്ച മുൻ വർഷത്തെക്കാൾ 15 ശതമാനം കണ്ടു വർധിച്ചു. എന്നാൽ “ടിവി ജ്വരം ഏററവും കൂടുതൽ ബാധിച്ചത് കൗമാരപ്രായക്കാരെയും പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പഠനം നിർത്തിയവരെയുമാണ്.” ടിവിയിലെ പരിപാടികൾ മെച്ചപ്പെടുന്നതുകൊണ്ടാണോ ആളുകൾ കൂടുതൽ സമയം ടിവി കാണുന്നത്? ഈ സർവേയെ അപഗ്രഥനവിധേയമാക്കിയ സ്ഥാപനത്തിന്റെ ഡയറക്ടറായ ഫ്രാൻചെസ്കോ സീലീയാറേറാ ഇപ്രകാരം ഉറപ്പിച്ചു പറഞ്ഞു: “ഈ സ്ഥിതിവിവരക്കണക്കുകൾക്കു പ്രക്ഷേപണം ചെയ്യപ്പെടുന്ന പരിപാടികളുടെ ഗുണവുമായി അൽപ്പമെങ്കിലും ബന്ധമുള്ളതായി തോന്നുന്നില്ല.”
മറെറാരു തരത്തിലുള്ള വാഹനാപകടം
ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെയും കൊണ്ട് വാഹനമോടിക്കുമ്പോൾ ന്യായമായ മുൻകരുതലുകൾ എടുക്കുന്നു. പലചരക്കുകടയിലേക്ക് പെട്ടെന്ന് ഒന്നു പോകുമ്പോൾ പോലും അവർ കുട്ടികളെ കാറിൽ ബെൽററിട്ട് ഇരുത്തുന്നു. എന്നാൽ കുട്ടികൾ കടയിലെത്തിയാൽ അവർ നേരിടുന്ന അപകടങ്ങളെ ആരുമങ്ങനെ തിരിച്ചറിയാറില്ല. ഐക്യനാടുകളിൽ 1991-ൽ അഞ്ചു വയസ്സിൽ താഴെയുള്ള 19,000 കുട്ടികളെ ആശുപത്രിയിലെ അത്യാഹിത വാർഡിൽ എത്തിക്കേണ്ടതായി വന്നുവെന്ന് മാതാപിതാക്കൾ എന്ന മാസിക (ഇംഗ്ലീഷ്) പറഞ്ഞു. അവർ പലചരക്കുസാധനങ്ങൾ വയ്ക്കുന്ന കാർട്ടുകളുടെ മുകളിൽനിന്നു വീണതായിരുന്നു കാരണം. അതിന്റെ ഫലമായി, പലചരക്കുസാധനങ്ങൾ വയ്ക്കുന്ന കാർട്ടുകൾ നിർമിക്കുന്ന, രാജ്യത്തെ രണ്ടു പ്രമുഖ കമ്പനികൾ, തങ്ങൾ ന്യൂയോർക്കിലും ടെക്സാസിലും വിൽക്കുന്ന കാർട്ടുകളിൽ കുട്ടികൾക്കു വേണ്ടിയുള്ള സീററ് ബെൽററുകൾ സ്ഥാപിക്കാമെന്നു സമ്മതിച്ചു. കാർട്ടുകളിലെ അടയാളങ്ങൾ കുട്ടികളെ ശ്രദ്ധയില്ലാതെ വിടരുതെന്നു മാതാപിതാക്കൾക്കു മുന്നറിയിപ്പും നൽകും.
പക്ഷികളുടെ ഉച്ചാരണരീതികൾ
ഒരു പക്ഷി പാടുന്ന രീതി ശ്രദ്ധിച്ചതുകൊണ്ടു മാത്രം അതു വേറൊരു മേഖലയിൽനിന്നുള്ളതാണെന്ന് മറെറാരു പക്ഷിക്കു പറയാനാകുമോ? വെയ്ൽസിലെ ഗ്ലെമോർഗെൺ യൂണിവേഴ്സിററിയിലെ മൃഗമനഃശാസ്ത്രവിദഗ്ധനായ ലാൻസ് വർക്ക്മാൻ പറയുന്നതനുസരിച്ച് റോബിൻ പക്ഷികളുടെ ഇടയിൽ ഉത്തരം സുനിശ്ചിതമായ ഉവ്വ് എന്നാണെന്ന് നാഷണൽ ജിയോഗ്രഫിക് പറയുന്നു. റോബിൻ പക്ഷികളുടെ റെക്കോർഡു ചെയ്ത പാട്ടുകൾ ശബ്ദവ്യത്യാസങ്ങളുടെ ചിത്ര മാതൃകകളായി മാററിയപ്പോൾ പക്ഷി ഇംഗ്ലണ്ടിന്റെ ഏതു പ്രദേശത്തുനിന്നാണെന്ന് തനിക്ക് എളുപ്പത്തിൽ തരംതിരിക്കാൻ കഴിഞ്ഞതായി വർക്ക്മാൻ കണ്ടെത്തി. സസെക്സിൽ നിന്നുള്ള ഒരു ആൺ റോബിൻ പക്ഷി വെയ്ൽസിൽനിന്നുള്ള ഒരു ആൺപക്ഷിയുടെ റെക്കോർഡു ചെയ്ത സംഗീതം കേട്ടപ്പോൾ അമർഷത്തോടെ അതിന്റെ ചിറകുകൾ അടിച്ച് പറന്നുയർന്നു വന്ന് ടേപ്പ് പ്ലെയറിനു നേരെ ആക്രമിച്ചു!
പിതാവിനെ പഠിപ്പിക്കുന്നു
ജപ്പാനിലെ പിതാക്കൻമാർക്കു വിദ്യാഭ്യാസം കൊടുക്കാനുള്ള ഒരു പദ്ധതി ജാപ്പനീസ് വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങിവെച്ചു. കാരണം പിതാക്കൻമാർ തങ്ങളുടെ കുട്ടികളോടൊത്തു ദിവസവും ശരാശരി 36 മിനിറേറ ചെലവഴിക്കുന്നുള്ളൂ. “‘ഭവന വിദ്യാഭ്യാസ’ത്തെക്കുറിച്ചുള്ള സെമിനാറുകളുടെ ഒരു പരമ്പരതന്നെ ഈ മന്ത്രാലയം ഇപ്പോൾ ഏറെറടുത്തു നടത്തുകയാണ്. അതിന്റെ ലക്ഷ്യം കൂടുതൽ സമയം വീടിനോടു ചുററിപ്പററിയും കുട്ടികളോടൊപ്പവും ചെലവഴിക്കാൻ പിതാക്കൻമാരെ സഹായിക്കുക എന്നതാണ്,” മൈനീച്ചീ ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നത് അങ്ങനെയാണ്. ഒന്നര മണിക്കൂർമുതൽ രണ്ടു മണിക്കൂർവരെ സമയം വരുന്ന അഞ്ചു ക്ലാസ്സുകൾ ഉൾപ്പെടുന്ന ഈ കോഴ്സ് നടത്തുന്നത് സൗകര്യപ്രദമായ സമയങ്ങളിൽ ജോലിസ്ഥലത്തോ അതിനടുത്തോ വെച്ചായിരിക്കും. പിതാക്കൻമാർക്കു സംബന്ധിക്കുന്നതിന് ഇതു കൂടുതൽ സഹായമായിരിക്കും. വിരോധാഭാസമെന്നു പറയട്ടെ, ഈ കോഴ്സിൽനിന്ന് ആദ്യം പ്രയോജനം നേടുന്നവർ വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന പിതാക്കൻമാരായിരിക്കും. കാരണം അതിന് ദീർഘസമയം ഓവർ ടൈം ചെയ്യുന്നതിന്റെ ബഹുമതിയുണ്ട്.
വായനയെ ഒരു തമാശയാക്കുക
പ്രായപൂർത്തിയായ 29 ലക്ഷം കാനഡാക്കാർക്ക് “അനുദിന ജീവിതത്തിൽ കാണുന്ന വിവരങ്ങൾ വായിച്ചു മനസ്സിലാക്കാൻ” കഴിവില്ലെന്ന് സ്ഥിതിവിവരക്കണക്കുകൾ പ്രകടമാക്കുന്നതായി അടുത്ത കാലത്തു ദ ടൊറന്റോ സ്ററാർ റിപ്പോർട്ടു ചെയ്തു. നിരക്ഷരതയ്ക്കെതിരെ പോരാടാനുള്ള ഒരു ശ്രമത്തിൽ, “വായനയിലെ സന്തോഷവും അതിനോടുള്ള പ്രിയവും” വർധിപ്പിക്കാൻ കാനഡയിലെ കുട്ടികളുടെ പുസ്തകവാരം സംഘടിപ്പിക്കപ്പെട്ടു. എന്നിരുന്നാലും, ഇന്നത്തെ സംഗീതത്തിന്റെയും ടെലിവിഷന്റെയും വീഡിയോകളുടെയും യുഗത്തിൽ കുട്ടികളിൽ വായനയോടുള്ള പ്രിയം പഠിപ്പിച്ചെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കുട്ടികൾ വളരെ ചെറുപ്പമായിരിക്കുമ്പോൾത്തന്നെ ആരംഭിക്കുന്നതും ശ്രദ്ധാശൈഥില്യങ്ങൾ പരമാവധി കുറയ്ക്കുന്നതുമാണ് താക്കോൽ. പത്തു വയസ്സുള്ള ഒരു പെൺകുട്ടി ഇങ്ങനെ പറഞ്ഞതായി പത്രം ഉദ്ധരിക്കുന്നു: “[വായന] തമാശയാണ്. അത് പഠിക്കാൻ എന്നെ സഹായിക്കുന്നു.” ആ പെൺകുട്ടിയുടെ മാതാപിതാക്കൾ ടിവി വേണ്ടന്നുവെച്ചു. പത്തു വയസ്സുള്ള ഒരാൺകുട്ടി പറഞ്ഞത് ഇപ്രകാരമാണ്: “ഞാൻ വായന ഇഷ്ടപ്പെടുന്നു, കാരണം അത് എങ്ങോട്ടും തുറക്കാവുന്ന ഒരു ജാലകം പോലെയാണ്.”