ചിലപ്പൻ പക്ഷി യഥാർഥത്തിൽ ഒരു കള്ളനോ?
പത്തൊമ്പതാം നൂററാണ്ടിലെ ഇററാലിയൻ രചയിതാവായ റോസ്സിനി 1817-ൽ ലാ ഗാസ്സാ ലാഡ്രാ (കള്ളൻ ചിലപ്പൻ പക്ഷി) എന്ന സംഗീതനാടകം രചിച്ചപ്പോൾ ചിലപ്പൻ പക്ഷി ഒരു കള്ളനാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. ഈ പക്ഷിയുടെ ഈ ബഹിർദൃഷ്ടിയുടെ കാര്യത്തിൽ മററാളുകൾക്കും സമാനമായ ഒരു ധാരണയുണ്ട്. “പെസ്ക്കി റോഗ്സ് എന്നു പേരുള്ള ചിലപ്പൻ പക്ഷികൾ പടിഞ്ഞാറൻ ഐക്യനാടുകളിലെ സാഹസം കാട്ടുന്ന വിനോദപ്രിയരായ യുവാക്കളെപ്പോലെയാണ്” എന്ന് വടക്കേ അമേരിക്കയിലെ പക്ഷികളെക്കുറിച്ചുള്ള പുസ്തകം [ഇംഗ്ലീഷ്] പറയുന്നു. കരിങ്കൊക്കുള്ള ഈ ചിലപ്പൻ പക്ഷികളെക്കുറിച്ച് മററുള്ളിടങ്ങളിൽ അറിയാമായിരുന്നു. എങ്കിലും ഐക്യനാടുകളിൽ അവയെ കണ്ടെത്തിയത് പടിഞ്ഞാറൻ ഐക്യനാടുകളുടെ കണ്ടെത്തലിൽ കലാശിച്ച 1804-1806 കാലയളവിൽ നടന്ന ലൂയസിന്റെയും ക്ലാർക്കിന്റെയും വിഖ്യാതമായ പര്യടനകാലത്താണ്. ചിലപ്പൻ പക്ഷികൾ തങ്ങളുടെ കൂടാരങ്ങളിൽ കയറി ആഹാരം മോഷ്ടിച്ചതായി സംഘാംഗങ്ങൾ പറയുന്നു.
നിങ്ങൾ യൂറോപ്പിലോ ഏഷ്യയിലോ ഓസ്ട്രേലിയയിലോ വടക്കേ അമേരിക്കയിലോ ആണ് താമസിക്കുന്നതെങ്കിൽ നിങ്ങളുടെ പ്രദേശത്തെ ചിലപ്പൻ പക്ഷികളെ നിങ്ങൾക്കു തിരിച്ചറിയാൻ കഴിഞ്ഞേക്കും. അതു സാധാരണമായി 56 സെൻറിമീററർ വരെ നീളമുള്ള ഒരു വലിയ പക്ഷിയാണ്. അതിന്റെ ചിറകുകളിലും ശരീരത്തിലും സുവ്യക്തമായ കറുപ്പും വെളുപ്പും നിറങ്ങളുണ്ട്. അതിനു മഴവില്ലൊളിയാർന്ന പച്ചനിറത്തിലുള്ള നീണ്ട വാലും ബലമുള്ള കൊക്കും ഉണ്ട്. ചിലപ്പൻ പക്ഷികൾ പലപ്പോഴും കൂട്ടങ്ങളായാണ് പാർക്കുന്നത്. അവ തങ്ങളുടെ പ്രദേശത്തുനിന്നു മനുഷ്യരെ പോലും ധൈര്യസമേതം അകററിനിർത്തുന്നു.
ഉദരവും തൂവലുകളുടെ അററവും മാത്രം വെളുത്തിരിക്കുന്ന മൊത്തത്തിൽ കറുത്ത ഒരു പക്ഷിയാണെന്നേ ബ്രിട്ടീഷ് ചിലപ്പൻ പക്ഷിയെ ഒററനോട്ടത്തിൽ തോന്നൂ. എന്നാൽ അതിനു തീവ്രവും എന്നാൽ അത്ര പ്രകടവുമല്ലാത്ത ചില വർണങ്ങളുണ്ട്. അതിന്റെ ശരീരത്തിനും വാലിലെ നീണ്ട തൂവലുകൾക്കും ഊതനിറവും പച്ചനിറവും കലർന്ന ഒരു മിനുക്കമുണ്ട്. വാലിന്റെ അഗ്രഭാഗത്തായി അൽപ്പം പിച്ചള നിറമുണ്ട്. അതിന്റെ വാൽ മൊത്തം ശരീരനീളത്തിന്റെ പകുതിയിലധികം വരും.
ഓസ്ട്രേലിയയിലെ ചിലപ്പൻ പക്ഷികൾ അവയുടെ മധുരഗാനം ചിലച്ചുപാടുകയും കൂജനം ചെയ്യുകയും ചെയ്യുമ്പോൾ അതു കേൾക്കാൻ ആമോദമാണ്. ചിലപ്പൻ പക്ഷികളുടെ കൂജനങ്ങളും ചിരിക്കുതിര എന്നറിയപ്പെടുന്ന കൂക്കബറ എന്ന പക്ഷിയുടെ സാന്നിധ്യവും നിങ്ങൾ ഓസ്ട്രേലിയയിൽ ആണെന്നുള്ളതിന്റെ ഒരു സ്പഷ്ടമായ അടയാളമാണ്. ചിലപ്പൻ പക്ഷിയുടെ വ്യതിരിക്തമായ ഗാനം കൂടാതെ അതിന്റെ മിനുമിനുത്ത മുതുകിലും പൃഷ്ടഭാഗത്തും ചിറകുകളിലും വാലിന്റെ അടിഭാഗത്തുമുള്ള വെള്ളപ്പാടുകൾ കണ്ടാലും നിങ്ങൾക്ക് അതിനെ തിരിച്ചറിയാം.
അതുകൊണ്ട് അതു യഥാർഥത്തിൽ ഒരു കള്ളനാണോ? വടക്കേ അമേരിക്കയുടെ പാട്ടും തോട്ടപ്പക്ഷികളും [ഇംഗ്ലീഷ്] എന്ന പുസ്തകം ഇപ്രകാരം പ്രസ്താവിക്കുന്നു: “ഒരു കള്ളനും ശവംതീനിയും ആണെന്നു പറഞ്ഞ് പടിഞ്ഞാറൻ ഐക്യനാടുകളിൽ വളരെനാളായി കരിങ്കൊക്കുള്ള ചിലപ്പൻ പക്ഷിയോട് ആളുകൾ അവജ്ഞ കാട്ടിയിരുന്നു.” എന്നാൽ രണ്ടാമതു പറഞ്ഞ വിമർശനവാക്ക് ഒരു പ്രശംസാവാക്കാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ശവംതീനികളായ ജീവികൾ മററു മൃഗങ്ങളുടെയും പക്ഷികളുടെയും ശവശരീരങ്ങൾ നീക്കം ചെയ്യുന്നു. അവഹേളിച്ചാലും ശരി വിലമതിച്ചാലും ശരി നമ്മുടെ ഭൂമിയെ മനോഹരമാക്കി അതിനു മാററു വർധിപ്പിക്കുന്ന 9,300 പക്ഷിവർഗങ്ങളിൽ ഒന്നാണ് ചിലപ്പൻ പക്ഷി.