പർവതങ്ങൾ—സൃഷ്ടിപ്പിൻ മഹദ്കർമങ്ങൾ
ആൻഡീസ്, കാസ്കേഡ്സ്, ഹിമാലയം, റോക്കീസ്, ആൽപ്സ്, യൂറാൾ—ഭൂഗ്രഹത്തിലെ ഏതാനും ചില പർവതങ്ങളാണ് ഇവ. ഈ പർവതങ്ങളുടെ ഭീമാകാരമായ വലിപ്പം നിങ്ങളെ അമ്പരപ്പിച്ചേക്കാം.
എവറസ്ററ് കൊടുമുടിയുടെ മുമ്പിൽ നിൽക്കുന്നതായി ഒന്നു സങ്കൽപ്പിക്കുക. ഉയരംകൊണ്ട് ഭൂമിയിലെ ഏററവും വലുതാണ് അത്, 8,848 മീററർ ഉയരം—ഒമ്പതു കിലോമീററർ ഉയരമുള്ള ഒരു സ്തംഭം! ഗംഭീരമായ ഹിമാലയൻ പർവതനിരകളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഈ കൊടുമുടി. ഹിമാലയൻ പർവതനിരകളിലെ 70 കൊടുമുടികൾ അമ്പരപ്പിക്കുംവിധം 6,400 മീററർ ഉയരമുള്ളതാണ്. ഈ പർവതനിരയുടെ വലിപ്പമോ, യൂറോപ്പിലെ ആൽപ്സ് പർവതനിരയുടെ രണ്ടിരട്ടിയും!
അത്യപൂർവമായ ജീവമേഖലകൾ
മിക്ക പർവതങ്ങൾക്കും വൈവിധ്യമാർന്ന തരത്തിലുള്ള ജീവമേഖലകൾ അഥവാ പരിസ്ഥിതികളുണ്ട്. മുഖ്യമായും ഇതിന്റെ കാരണം ഓരോ 300 മീററർ ഉയരം കൂടുന്തോറും താപനില 1.8 ഡിഗ്രി സെൽഷ്യസ് താഴുന്നു എന്നതാണ്. വർഷപാതം, മണ്ണ്, കാററ് എന്നീ ഘടകങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നതുകൊണ്ട് ഓരോ മേഖലയും അത്യപൂർവമാണ്.
വൈവിധ്യമാർന്ന അത്തരം പരിസ്ഥിതികളുടെ ഒരു ഉദാഹരണമാണ് യു.എസ്.എ.യിലെ സാൻഫ്രാൻസിസ്കോ കൊടുമുടികൾ. ആ സംസ്ഥാനത്തെ ഏററവും ഉയരമുള്ള പർവതങ്ങളാണ് അവ. കോക്കനീനോ പീഠഭൂമിയിലെ ആ പർവതങ്ങളുടെ അടിവാരത്തുനിന്നു സാൻഫ്രാൻസിസ്കോ കൊടുമുടികളിൽ ഒന്നിന്റെ മുകളിലേക്കു കയറുകയാണെങ്കിൽ മരുഭൂമിക്കു തുല്യമായ അവിടത്തെ അവസ്ഥകളിൽ പല്ലികളും കള്ളിമുൾച്ചെടികളും ഉൾപ്പെടെയുള്ള ഒരു പരിസ്ഥിതി ആദ്യം കാണാം. തുടർന്നു മുകളിലേക്കു കയറുമ്പോൾ തണുത്ത മേഖലകളിൽ എത്തുന്നു, ഇവിടം മലയാടുകൾക്കും പൈൻമരങ്ങൾക്കും പററിയതാണ്. ഉത്തരധ്രുവത്തിലും ആൽപ്സ് പർവതങ്ങളിലും ഉള്ളതുപോലത്തെ അവസ്ഥകളുള്ള ഗിരിശൃംഗത്തിൽ നിങ്ങൾ ഒടുവിൽ എത്തിച്ചേരും. ഈ ഒരൊററ കയററത്തിൽത്തന്നെ വിവിധതരം ജീവരൂപങ്ങളും പരിസ്ഥിതികളും കാണാം. അല്ലെങ്കിൽ നിങ്ങൾക്ക് അവ കാണാൻ കഴിയുന്നത് മെക്സിക്കോയിൽനിന്ന് കാനഡ വരെയുള്ള സമുദ്രനിരപ്പിൽനിന്ന് അധികം ഉയരത്തിലല്ലാത്ത കരഭാഗത്തു യാത്ര ചെയ്യുമ്പോൾ മാത്രമാണ്!
പർവതമുകളിലെ സ്വച്ഛവും ശുദ്ധവുമായ വായു ശ്വസിക്കുന്നതിന്റെ ആഹ്ലാദകരമായ അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? ഈ അനുഭൂതി ഉണ്ടാകാനുള്ള കാരണം വായുവിന്റെ താഴ്ന്ന താപനിലയാണ്. സമീപത്ത് പട്ടണങ്ങളൊന്നും ഇല്ലെങ്കിൽ പർവതനിരകളിലെ വായു കുറേക്കൂടി വ്യക്തവും ശുദ്ധവുമായിരിക്കും. 2,000 മീററർ ഉയരത്തിൽ ഓരോ ഘന സെൻറിമീററർ വായുവിലും പൊടിപടലങ്ങളുടെയും പൂമ്പൊടിയുടെയും മററും ഏതാണ്ട് 2,500 സൂക്ഷ്മ ധൂളികൾ കണ്ടേക്കാം. അതിനെ നഗരങ്ങളിലെ വായുവിനോടു താരതമ്യപ്പെടുത്തുക. അവിടെ അത്രയുംതന്നെ വായുവ്യാപ്തിയിൽ ഇത്തരം കണികകൾ 1,50,000 വരെ കണ്ടേക്കാം! സ്വച്ഛവും ഈർപ്പരഹിതവുമായ പർവതങ്ങളിൽ മിക്കപ്പോഴും ആധുനിക വാനനിരീക്ഷണശാലകൾ പണികഴിപ്പിക്കുന്നതിന്റെ കാരണം ഇതാണ്, വാനനിരീക്ഷണത്തിനു വളരെ അനുയോജ്യമായ അവസ്ഥകൾ അവിടെയുണ്ട്.
പർവതങ്ങളിൽ താമസിക്കുക അത്ര സുഖപ്രദമല്ല, കാരണം അവിടെ അന്തരീക്ഷമർദവും ഓക്സിജന്റെ അളവും കുറവാണ്, സൂര്യനിൽനിന്നുള്ള റേഡിയേഷൻ കൂടും, ആഞ്ഞടിക്കുന്ന കാററ് താപനില കുറയാൻ ഇടയാക്കുന്നു. വിസ്മയാവഹമെന്നേ പറയേണ്ടു, അത്തരം അവസ്ഥകളിൽപ്പോലും ചിലതരം ജീവികൾ സാഹസികമായി വളരുന്നു. ഉദാഹരണത്തിന്, ചെറിയ സാൽററിസൈഡ് അഥവാ ചാടിനടക്കുന്ന എട്ടുകാലിയുടെ കാര്യംതന്നെ എടുക്കുക. 6,000 മീററർ ഉയരത്തിൽ ഹിമാലയൻ പർവതനിരകളിൽ ഈ പർവതവാസി സ്വച്ഛന്ദമായി വിഹരിക്കുന്നു! ഈ ജീവി അവിടെ എങ്ങനെ ജീവിച്ചുപോകുന്നു എന്ന കാര്യം ശാസ്ത്രജ്ഞർക്ക് ഇപ്പോഴും പൂർണമായി വ്യക്തമല്ല.
മനുഷ്യന്റെമേലുള്ള ഫലങ്ങൾ
പർവതങ്ങൾക്കു മുഴു മനുഷ്യവർഗത്തിൻമേലും സ്വാധീനമുണ്ട്. ഉദാഹരണത്തിന്, ലോകമാപ്പിൽ ഒന്നു കണ്ണോടിക്കുക. 3,000 മീറററിലധികം ഉയരമുള്ള കൊടുമുടികളുള്ള പിരണീസ് പർവതനിരകൾ സ്പെയിനിനെ ഫ്രാൻസിൽനിന്നും യൂറോപ്പിന്റെ ശിഷ്ടഭാഗത്തുനിന്നും എങ്ങനെ വേർതിരിക്കുന്നു എന്നു ശ്രദ്ധിക്കുക. അനേകം രാഷ്ട്രങ്ങളുടെ അതിർത്തികൾ പോകുന്നത് വൻ പർവതനിരകളിലൂടെയാണെന്നു നിങ്ങൾക്കു കാണാം. അചഞ്ചലമായ ഈ അതിർത്തിവരമ്പുകൾ പലതരം ഭാഷകളും ആചാരരീതികളുമുള്ള ആളുകളുടെ ഇടയിലെ യാത്രയെയും വാണിജ്യത്തെയും നിയന്ത്രിച്ചിട്ടുണ്ട്. അക്കാരണത്താൽ, പർവതങ്ങളുടെ സാന്നിധ്യം നിങ്ങൾ ജീവിക്കുന്ന രാജ്യത്തിന്റെ ആകൃതിയുടെയും വലിപ്പത്തിന്റെയും നിങ്ങൾ സംസാരിക്കുന്ന ഭാഷയുടെയും നിങ്ങളുടെ ദേശത്തെ ആചാരരീതികളുടെയും മേൽ രൂപപ്പെടുത്തുന്ന ഒരു സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഉയർന്ന പർവതങ്ങൾ കാററിന്റെ ദിശയെപ്പോലും വിഘ്നപ്പെടുത്തുന്നു. മഴ, മഞ്ഞ്, കാററ്, താപനില എന്നിവയുടെ പരിവൃത്തികളിൽ ഇതിന് സാരമായ ഒരു ഫലമുണ്ട്. ഇത് ക്രമത്തിൽ നിങ്ങൾ കഴിക്കുന്ന വൈവിധ്യമാർന്ന ഭക്ഷണത്തെയും ധരിക്കുന്നതരം വസ്ത്രത്തെയും ഒരുപക്ഷേ നിങ്ങളുടെ വീടിന്റെ നിർമാണരീതിയെപ്പോലും ബാധിച്ചേക്കാം.
ഉദാഹരണത്തിനു മധ്യേഷ്യയിലെ കൂൺലൂൺ, ററീയെൻഷാൻ, ഹിന്ദുഖുഷ്, ഹിമാലയം തുടങ്ങിയ പർവതങ്ങളും മററുള്ളവയും കിഴക്കുനിന്നു പടിഞ്ഞാറോട്ടാണ് കിടക്കുന്നത്. ഈ നിശബ്ദ ഭീമൻമാർ സൈബീരിയയിൽനിന്ന് അടിക്കുന്ന തണുത്ത, വരണ്ട കാററിനെയും ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് അടിക്കുന്ന ചൂടുള്ള ഈർപ്പമുള്ള കാററിനെയും തടഞ്ഞുനിർത്തുന്നു. അതുകൊണ്ട് ഈ പർവതങ്ങളുടെ വടക്കും തെക്കുമുള്ള കാലാവസ്ഥകൾ തികച്ചും വിഭിന്നങ്ങളാണ്, അതു ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്നു.
ഭീഷണിയിലാണ്ട ഒരു പരിസ്ഥിതിയോ?
അതിശയകരമെന്നു പറയട്ടെ, മനുഷ്യർ ഈ പർവതങ്ങളുടെ മനോഹാരിതയും ശോഭയും താറുമാറാക്കുകയാണ്. ഒരുകാലത്ത് ആൽപ്സ് പർവതനിരകളിൽ വിഹരിച്ചിരുന്ന കാട്ടുപൂച്ചകളും കരടികളും അനിയന്ത്രിതമായ വേട്ടയാടൽ നിമിത്തം പോയ്മറഞ്ഞിരിക്കുന്നു. വനനശീകരണത്തിന്റെ ഫലമായി അനേകം മലഞ്ചെരിവുകളിൽനിന്നും വിലപ്പെട്ട മേൽമണ്ണ് ഒഴുകിയൊലിച്ചുപോയിരിക്കുന്നു. വ്യവസായ മലിനീകരണവും വൻ വിനോദസഞ്ചാര പരിപാടികളും ചില പർവതപ്രദേശങ്ങളിലെ ലോലമായ പരിസ്ഥിതി സന്തുലിതാവസ്ഥയുടെമേൽ ദോഷം വരുത്തിവെക്കുകയും ചെയ്യുന്നു.
സന്തോഷകരമെന്നു പറയട്ടെ, പർവതങ്ങൾ ഭൂഘടനയുടെ ഒരു സ്ഥിരഭാഗമാണ്. (താരതമ്യം ചെയ്യുക: ഉല്പത്തി 49:26.) വരാനിരിക്കുന്ന ലോകഗവൺമെൻറിനെ ബൈബിൾ ഒരു പർവതത്തോട് ഉപമിക്കുന്നതു ശ്രദ്ധേയമാണ്. ഭൂമിയെ നിറയ്ക്കുന്ന പർവതസമാനമായ ഈ ഗവൺമെൻറ്, ഈ ഗ്രഹത്തിനു വരുത്തിവെച്ചിട്ടുള്ള ഏതു കേടും പോക്കും. (ദാനീയേൽ 2:35, 44, 45) അതുകൊണ്ട് ഈ സൃഷ്ടിപ്പിൻ മഹദ്കർമങ്ങളെ എന്നേക്കും ആസ്വദിക്കാൻ കഴിയുമെന്നുള്ള ഉറപ്പ് നമുക്കുണ്ട്.
[16, 17 പേജുകളിലെ ചിത്രം]
ഫ്രാൻസിലെ മോൺ-ബ്ലാൻ, ഉയരം 4,810 മീററർ
[കടപ്പാട്]
M. Thonig/H. Armstrong Roberts
[18-ാം പേജിലെ ചിത്രം]
ജപ്പാനിലെ ഫ്യൂജി പർവതം, ഉയരം 3,778 മീററർ
[കടപ്പാട്]
A. Tovy/H. Armstrong Roberts