രക്ഷയ്ക്കെത്തിയ ഹിപ്പപ്പൊട്ടാമസ്!
നാല് ടൺവരെ തൂക്കം വരുന്ന ഹിപ്പപ്പൊട്ടാമസിനു കരയിലെ ഏററവും വലിയ സസ്തനികളിൽ രണ്ടാം സ്ഥാനമുണ്ട്. അതിന്റെ ബലിഷ്ഠമായ ദന്താസ്ഥികൾകൊണ്ടുള്ള ഒററക്കടി മതി ഒരു വള്ളം പോലും തകർന്നുപോകാൻ. ഒരു ഹിപ്പപ്പൊട്ടാമസിന്റെ അസാധാരണമായ പെരുമാററം സിംബാബ്വേയിലെ ഹ്വാംഗീ ദേശീയ പാർക്കിലുള്ള ഒരുകൂട്ടം ആളുകളെ അമ്പരപ്പിച്ചുകളഞ്ഞു—അതിൽ ഒട്ടും അതിശയോക്തിയില്ല.
ഒരു ഡാമിനരികത്തായിരുന്നപ്പോൾ രണ്ടു മാനുകളെ ഒമ്പതു ചെന്നായ്ക്കൾ ചേർന്ന് ഓടിച്ചുകൊണ്ടുവരുന്നത് അവർ കണ്ടു. രക്ഷപെടാൻ ഗത്യന്തരമില്ലാതെ വന്നപ്പോൾ ആ മാനുകൾ വെള്ളത്തിലേക്കു ചാടി. മാനുകൾ എവിടെ പൊങ്ങിവരുമെന്നും നോക്കി ചെന്നായ്ക്കൾ തീരത്തുകൂടി ഓടാൻ തുടങ്ങി.
ഒടുവിൽ, മടുത്ത് വലഞ്ഞ ഒരു മാൻ അകലെയുള്ള ഒരു തീരത്തേക്കു നീന്താൻ തുടങ്ങി. ചെന്നായ്ക്കൾ അവിടെ കാത്തുനിന്ന കാര്യം അതറിഞ്ഞില്ല. മാൻ കരയോടടുത്തപ്പോൾ അടുത്തുണ്ടായിരുന്ന ഒരു ഹിപ്പപ്പൊട്ടാമസ് അതിന്റെ നേരെ നീന്തിവരുന്നത് അവർ കണ്ടു. അതിന്റെ അടുത്തെത്തി, “അതിനെ നേരെ തിരിച്ച്, മൃദുവായി ഒന്നു തട്ടിക്കൊണ്ട് മറുദിശയിലേക്കു നീന്താൻ അതു നിർബന്ധിച്ചു” എന്ന് ആഫ്രിക്കൻ വന്യജീവികൾ (ഇംഗ്ലീഷ്) എന്ന മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. മാൻ അതനുസരിച്ചു. ഹിപ്പപ്പൊട്ടാമസ് പിന്തുടർന്നു, മാൻ അവശമായിപ്പോകുന്ന ലക്ഷണങ്ങൾ കാണുമ്പോൾ ഹിപ്പപ്പൊട്ടാമസ് ഇടയ്ക്കിടയ്ക്ക് മൃദുവായി അതിന് ഒരു തള്ള് കൊടുക്കുമായിരുന്നു.
മാൻ തീരത്തെത്തിയപ്പോൾ ആ ഹിപ്പപ്പൊട്ടാമസ് മൃദുവായി, എന്നാൽ ബലത്തോടെ അതിനെ കരയിലേക്കു തള്ളിവിടുന്നത് അവർ കണ്ടു. മാൻ ആടിയാടി ഒന്നുരണ്ടു ചുവടുകൾ വെച്ചശേഷം വിറച്ച് അവിടെ നിന്നുപോയി. പെട്ടെന്നുതന്നെ അത് അവിടെനിന്നു നടന്നകലാൻ തുടങ്ങി. ഹിപ്പപ്പൊട്ടാമസും അതിനെ പിന്തുടർന്നു, പിന്നെ രണ്ടും കാഴ്ചയിൽനിന്ന് അപ്രത്യക്ഷമായി.
എന്നാൽ മറേറ മാനിന് എന്തു സംഭവിച്ചു? ചെന്നായ്ക്കൾ “സകലതും മറന്ന് ആ രക്ഷപെടുത്തൽ ശ്രമം നോക്കിനിൽക്കേ മറേറ മാൻ ആരുമറിയാതെ രക്ഷപെട്ടു” എന്ന് അവർ റിപ്പോർട്ടു ചെയ്യുന്നു.