ഈ സുന്ദര ചിത്രശലഭങ്ങൾ വിഷമുള്ളവയാണെന്നോ?
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
ഒരു ചിത്രശലഭം പറന്നുപോകവേ നിങ്ങൾ ആനന്ദപൂർവം അതു നോക്കിനിന്നിട്ടുണ്ടോ? അതിന്റെ സൗന്ദര്യവും രൂപഭംഗിയും വർണങ്ങളും നിങ്ങളിൽ മതിപ്പുളവാക്കിയോ? അത് പൂക്കൾതോറും പറന്നുനടക്കുമ്പോൾ നിങ്ങളെ വെട്ടിച്ചു കളിക്കുന്നതായും കളിയാക്കുന്നതായും നിങ്ങൾക്കു തോന്നിയേക്കാം. കുറെക്കൂടി അടുത്തുചെന്നു നോക്കാൻ നിങ്ങൾ വളരെ ആഗ്രഹിച്ചുപോകും, ഒരുപക്ഷേ അതിന്റെ ഒരു ഫോട്ടോ എടുക്കാൻപോലും. എന്നാൽ ഏതെങ്കിലും പുഷ്പത്തിൽ അത് അത്രയും സമയം ഇരിക്കുമെന്നു തോന്നുന്നില്ല—അത് സദാ ചിറകുകൾ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ അഴകുള്ള ഈ പ്രാണികളിൽ ചിലത് വിഷമുള്ളവയാണെന്നു വിശ്വസിക്കപ്പെടുന്നതായി നിങ്ങൾ അറിഞ്ഞിരുന്നോ?
ഈ പേജുകളിലുള്ള രണ്ടു ശലഭങ്ങളെ നമുക്കൊന്നു നോക്കാം—മൊണാർക്ക് ചിത്രശലഭത്തിന് (വലതുവശത്തുള്ളതിന്) കറുപ്പും ഓറഞ്ച്-ബ്രൗണും നിറങ്ങളുള്ള വലിയ ചിറകുകളുണ്ട്. വൈസ്രോയ് (മുകളിൽ) ചിത്രശലഭം കാഴ്ചയിൽ മൊണാർക്കിനെപ്പോലെ തോന്നിക്കുമെങ്കിലും സാധാരണമായി അതിനെക്കാൾ ചെറുതാണ്. അവയെ വിഷമുള്ളതാക്കിത്തീർക്കുന്നത് എന്താണ്, അത് എന്തുദ്ദേശ്യത്തിനു വേണ്ടിയുള്ളതാണ്?
15,000-ത്തിലധികം വർഗങ്ങളിൽപ്പെട്ട ചിത്രശലഭങ്ങളുണ്ട്. നമ്മുടെ പൂന്തോട്ടങ്ങളിൽ കാണുന്ന ലോലമായ ചിറകുള്ള അത്ഭുതങ്ങളായിത്തീരുന്നതിന് അവയ്ക്കു നാലു ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇവയിലൊന്ന് അതിന്റെ ലാർവാ ഘട്ടമാണ്, അഥവാ പുഴുവായിരിക്കുന്ന അവസ്ഥ. മൊണാർക്ക് ലാർവ വിഷപ്പാൽക്കറയുള്ള ചെടികൾ തിന്നാണു ജീവിക്കുന്നത്. അങ്ങനെ “അതു വിഷമുള്ള ഒരു ചിത്രശലഭമായിത്തീരുന്നു, ഈ ശലഭത്തെ തിന്നിട്ട് ഉടൻതന്നെ കൊക്കിക്കളയാത്ത ഏതൊരു പക്ഷിക്കും ഫലത്തിൽ അതു മാരകമായിരിക്കാം” എന്ന് ററിം വാക്കർ സയൻസ് ന്യൂസിൽ എഴുതുന്നു. ഈ വിഷം കാർഡെനോളൈഡ് ആണ്. ഹൃദയത്തെ ബാധിക്കുന്ന ഒരുതരം വിഷം. എന്നാൽ വൈസ്രോയ് ശലഭമോ?
വാക്കർ ഇങ്ങനെ പ്രസ്താവിക്കുന്നു: “ചിറകുള്ള ഈ ജീവി വളരെ രുചികരമായ അതിന്റെ ശരീരം വിഷമുള്ള മൊണാർക്ക് ചിത്രശലഭത്തിന്റെ, ഡാനൗസ് പ്ലെക്സിപ്പസിന്റെ, നിറങ്ങൾക്കു പിന്നിൽ ഒളിപ്പിച്ചുവയ്ക്കുന്നു എന്നതായിരുന്നു ഒരു ശതകത്തിലേറെക്കാലത്തെ പൊതു വിശ്വാസം.” ചിത്രങ്ങളിൽ നിങ്ങൾക്കു കാണാൻ കഴിയുന്നതുപോലെ, ഈ രണ്ടു ചിത്രശലഭങ്ങൾക്കും സമാനമായ രൂപഭംഗിയാണുള്ളത്. അതിൽ ഒരു വ്യത്യാസമുള്ളത് വൈസ്രോയിയുടെ താഴത്തെ ചിറകുകളുടെ അടിഭാഗത്തുള്ള കറുത്ത വരയാണ്. പക്ഷികളിൽനിന്നുള്ള ആക്രമണം ഒഴിവാക്കാനുള്ള ശ്രമത്തിൽ വിഷമുള്ള മൊണാർക്കിന്റേതിനോടു സമാനമായ ഒരു ചിറക് ഡിസൈൻ വൈസ്രോയ് ശലഭത്തിൽ പരിണമിച്ചുവെന്ന് പരിണാമശാസ്ത്രജ്ഞർ കഴിഞ്ഞ 100 വർഷമായി വിശ്വസിച്ചുപോന്നിരിക്കുന്നു. മൊണാർക്ക് ചിത്രശലഭത്തിൽനിന്ന് പക്ഷികൾ അകന്നുനിൽക്കാൻ പഠിച്ചു. വൈസ്രോയ് മൊണാർക്കിനെപ്പോലെ തോന്നിക്കുന്നു എന്നതൊഴിച്ചാൽ അതു പക്ഷികൾക്കു വളരെ രുചികരമായിരുന്നു എന്നു വിശ്വസിച്ചിരുന്നു.
അടുത്ത കാലത്ത് ഗവേഷകർ എന്താണ് കണ്ടെത്തിയത്? വാക്കർ എഴുതുന്നു: “എന്നാൽ പക്ഷികളെയല്ല, ശാസ്ത്രജ്ഞരെയാണ് വൈസ്രോയ് സമർഥമായി കബളിപ്പിച്ചിരിക്കുന്നതെന്ന് പുതിയ ഗവേഷണം സൂചിപ്പിക്കുന്നു. . . . വിവേകശാലികളായ പക്ഷികൾക്കു വൈസ്രോയ് ശലഭം മാരകമായ മൊണാർക്കിനെപ്പോലെതന്നെ വിഷകരമായ രുചിയുള്ളതായിരിക്കാം.” വൈസ്രോയ് ശലഭത്തിന്റെ ലാർവ ഭക്ഷിക്കുന്നത് വിഷച്ചെടികളല്ല, പിന്നെയോ വിഷമില്ലാത്ത അരളിച്ചെടിയാണ്. അപ്പോൾപിന്നെ എന്തുകൊണ്ടാണ് വൈസ്രോയിക്ക് അരുചിയുള്ളത്? വാക്കർ എഴുതുന്നു: “ഏതോ വിധത്തിൽ വൈസ്രോയ് ശലഭം സ്വന്തം രാസപ്രതിരോധം നിർമിക്കുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്.”
വാസ്തവത്തിൽ, വിദഗ്ധർ ഇനിയും കൂടുതൽ കാര്യങ്ങൾ പഠിക്കാനുണ്ടെന്നും തങ്ങളുടെ “പരമ്പരാഗത ജ്ഞാന”ത്തിൽ അധികം ആശ്രയിക്കരുതെന്നും വിഷവിജ്ഞാനീയശാസ്ത്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥ സൂചിപ്പിക്കുന്നു. മൊണാർക്ക് ചിത്രശലഭത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അടുത്ത കാലത്തിറങ്ങിയ ഒരു പുസ്തകത്തെക്കുറിച്ച് ഒരു വിമർശകൻ ഇപ്രകാരം എഴുതി: “നാം മൊണാർക്കിനെക്കുറിച്ച് എത്രയധികം പഠിക്കുന്നുവോ, നമുക്ക് തിട്ടമായി ‘അറിയാവുന്നത്’ അത്രയധികം കുറവായിരിക്കും എന്ന് ഈ പുസ്തകം ശ്രദ്ധേയമായി നമുക്കു കാട്ടിത്തരുന്നു.”
മറിച്ച്, അതു ബൈബിൾ പ്രസ്താവിക്കുന്നതുപോലെയാണ്: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.)—വെളിപ്പാടു 4:11.
ഭൂമിയിലെ ജീവരൂപങ്ങളെക്കുറിച്ചു മനുഷ്യർ ഇനിയും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്നുള്ളത് വ്യക്തമാണ്. സൂക്ഷ്മമായ പരിജ്ഞാനം നേടുന്നതിന് വിഘാതമായി നിൽക്കുന്ന അടിസ്ഥാന ഘടകം പല ശാസ്ത്രജ്ഞരും ഒരു സ്രഷ്ടാവാം രൂപസംവിധായകന്റെ അസ്തിത്വവും കർമോജ്ജ്വലമായ പങ്കും നിരാകരിക്കുന്നു എന്നതാണ്. ഗണിതഭൗതികശാസ്ത്രത്തിലെ പ്രൊഫസറായ പോൾ ഡേവിസ് ദൈവമനസ്സ് (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി: “വേദാന്തപരമായ ഏതുതരം . . . തർക്കങ്ങളെയും പല ശാസ്ത്രജ്ഞരും നിശിതമായി എതിർക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഒരു ദൈവമോ യാഥാർഥ്യത്തെ പിന്താങ്ങിയേക്കാവുന്ന സൃഷ്ടിപരമായ ഒരു അമൂർത്ത തത്ത്വമോ അടിസ്ഥാനമോ സ്ഥിതി ചെയ്തേക്കാമെന്ന ആശയത്തോട് അവർക്ക് അവജ്ഞയാണ് . . . അവരുടെ അവജ്ഞയിൽ ഞാൻ വ്യക്തിപരമായി പങ്കുചേരുന്നില്ല. . . . പ്രപഞ്ചത്തിലെ നമ്മുടെ അസ്തിത്വം വിധിയുടെ ഒരു വികൃതിയാണെന്ന്, ചരിത്രത്തിലെ ഒരു യാദൃശ്ചിക സംഭവമാണെന്ന്, മഹാ പ്രാപഞ്ചികനാടകത്തിലെ ഒരു ആകസ്മിക സംഭവമാണെന്ന് എനിക്കു വിശ്വസിക്കാനാവില്ല.”
സങ്കീർത്തനക്കാരനായ ദാവീദ് ഇപ്രകാരം എഴുതി: “വിവേകമില്ലാത്തവൻ തന്റെ ഹൃദയത്തിൽ പറഞ്ഞിരിക്കുന്നു: ‘യഹോവ ഇല്ല.’ അവർ വിനാശകരമായി പ്രവർത്തിച്ചിരിക്കുന്നു, അവർ തങ്ങളുടെ ഇടപാടിൽ അറപ്പുളവാക്കുംവിധം പ്രവർത്തിച്ചിരിക്കുന്നു.” നേരേമറിച്ച് ജ്ഞാനിയായ ഒരു വ്യക്തി സ്രഷ്ടാവിനെ അംഗീകരിക്കും, പ്രവാചകനായ യെശയ്യാവിനെപ്പോലെ: “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു—അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:—ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.”—സങ്കീർത്തനം 14:1, NW; യെശയ്യാവു 45:18.
[16, 17 പേജുകളിലെ ചിത്രങ്ങൾ]
മൊണാർക്ക് (മുകളിൽ), വൈസ്രോയ് (പേജ് 16). പ്രധാന വ്യത്യാസം വൈസ്രോയിയുടെ താഴത്തെ ചിറകുകളിലൂടെയുള്ള കറുത്ത വരയാണ്. (ചിത്രങ്ങൾ ആനുപാതിക വലിപ്പത്തിലല്ല)