ലോകത്തെ വീക്ഷിക്കൽ
ചപ്പുചവറിന്റെ വമ്പിച്ചവർധനവ്
പോളണ്ടിന്റെ അതിർത്തി കാവൽ ചെയ്യുന്ന പട്ടാളക്കാർ ഈയിടെയായി പുതിയ രീതിയിലുള്ള ഒരു ആക്രമണത്തിനെതിരെ ജാഗരൂകരാണ്—വിദേശ ചപ്പുചവറ്. ദ വാഷിങ്ടൺ പോസ്ററ് പറയുന്നതനുസരിച്ച് 1992-ൽ പോളണ്ടിലെ അധികാരികൾ പശ്ചിമ യൂറോപ്പിൽനിന്നു മാത്രമായി തങ്ങളുടെ രാജ്യത്തേക്കു വന്ന ചപ്പുചവറുകളുടെ ഏതാണ്ട് 1,332 ചരക്കുകൾ തടയുകയുണ്ടായി. 1993-ന്റെ ഒന്നാം പകുതിയിൽ ഈ ചരക്കുകളുടെ എണ്ണം 35 ശതമാനമായി വർധിച്ചു. പരിസ്ഥിതിനിയമങ്ങളുടെ നടപ്പാക്കൽ കൂടുതൽ പ്രയാസകരമായിരിക്കുന്ന അത്ര വികസിതമല്ലാത്ത രാജ്യങ്ങളിലേക്കു ചപ്പുചവറുകൾ കയററി അയയ്ക്കുന്നത് ആദായകരമായ ഒരു മാർഗമായി കാണുംവിധം പല പാശ്ചാത്യ രാജ്യങ്ങളിലും ആപത്കരമായ ചപ്പുചവറിന്റെ നിർമാർജനം അത്ര ചെലവേറിയതായിത്തീർന്നിരിക്കുന്നു. ഉദാഹരണത്തിന്, ഒരു ലോഹമുരുക്കുകാരനിൽ നിന്നുള്ള 1,000 ടൺ വിഷപ്പൊടി ബംഗ്ലാദേശിലേക്കുള്ള വളച്ചരക്കിൽ ചേർത്തുയോജിപ്പിച്ചതിന് രണ്ടു യു.എസ്. ലോഹക്കമ്പനികളെ കുററംവിധിച്ചു. ചില ചപ്പുചവറുകളാണെങ്കിൽ ധർമസ്ഥാപനങ്ങളിൽ നിന്നുള്ള സംഭാവനകളുടെ പേരിലാണു വരുന്നത്. വൈദ്യസഹായമെന്ന പേരുംപറഞ്ഞ് ആസ്ട്രേലിയയിൽനിന്നും യൂറോപ്പിൽനിന്നും ഐക്യനാടുകളിൽനിന്നും സാധാരണമായി ചരക്കുകൾ വരാറുണ്ടെന്നും എന്നാൽ യഥാർഥത്തിൽ അവ ഉപയോഗിച്ചതും മലിനവുമായ സിറിഞ്ചുകൾ, അടിവസ്ത്രങ്ങൾ, കക്കൂസിലുപയോഗിക്കുന്ന വസ്തുക്കൾ തുടങ്ങിയ ചവറുകളാണെന്നും പോളണ്ടിലെ കസ്ററംസ് ഉദ്യോഗസ്ഥർ റിപ്പോർട്ടു ചെയ്യുന്നു.
വിവാഹമോചന മാഗസിൻ
വിവാഹമോചന നിരക്കിന്റെ അമ്പരപ്പിക്കുന്ന വർധനവിൽ വ്യവസായത്തിനുള്ള ഒരു അവസരം കണ്ടുകൊണ്ട് ഫ്രാൻസിലെ ഒരു മാസിക പ്രസാധകൻ വിവാഹമോചനം എന്നപേരിൽ ഒരു ആനുകാലിക പ്രസിദ്ധീകരണം ആരംഭിച്ചു. “നിയമജ്ഞരിൽനിന്നും മനശ്ശാസ്ത്രജ്ഞരിൽനിന്നുമുള്ള ഉപദേശ പംക്തികളും വിവാഹാനന്തരമുള്ള തങ്ങളുടെ ആദ്യത്തെ ജോലിക്കുവേണ്ടി ശ്രമംനടത്തുന്ന സ്ത്രീകൾക്കുള്ള സൂചനകളും ധൈര്യമുള്ളവർക്കു ഡേററിങ് വിനോദത്തിലേക്കു മടങ്ങിപ്പോകാനുള്ള മാർഗവും” ഈ മാഗസിൻ വിശേഷവത്കരിക്കുന്നതായി സിഡ്നി, ആസ്ട്രേലിയയിലെ ബുള്ളററിന്റെ ഒരു പംക്തിയെഴുത്തുകാരൻ അഭിപ്രായപ്പെടുന്നു. എന്നാൽ ഈ മാഗസിൻ പരാമർശിക്കാത്ത ഒരു വിഷയം വൈവാഹിക ഒത്തുതീർപ്പിനെക്കുറിച്ചുള്ളതാണ്. പംക്തിയെഴുത്തുകാരൻ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ആടിയുലയുന്ന ബന്ധങ്ങളെ നേരെയാക്കാനുള്ള മാർഗത്തിനുവേണ്ടി ഉപദേശം തേടുന്നവർ മറെറവിടെങ്കിലും അന്വേഷിക്കണം.” അതേ, ഉപദേശത്തിനുവേണ്ടി ദൈവത്തിന്റെ തെററുപററാത്ത വചനമായ ബൈബിളിൽ അന്വേഷിക്കുവിൻ.
വെനെസ്വേലയിലെ ഹമ്മിങ് ബേർഡുകൾ അപകടത്തിൽ
വെനെസ്വേലയിൽ ഹമ്മിങ് ബേർഡുകളുടെ ഇരുപത്തെട്ടു വ്യത്യസ്ത വർഗങ്ങൾ വംശനാശത്തിന്റെ വക്കിലാണ്. ഇവയിൽ ചിലതിനെ ലോകത്തിൽ മറെറാരിടത്തും കാണാനൊക്കില്ല. അലാസ്കാ മുതൽ അർജൻറീനയും ചിലിയും വരെ നീളുന്ന അമേരിക്കാകളാണ് ഹമ്മിങ് ബേർഡിന്റെ സ്വദേശം. അതിന് രണ്ടും ഒൻപതും ഗ്രാമുകൾക്കിടയ്ക്കു തൂക്കംവരും. ഏതാണ്ട് അഞ്ചു സെൻറിമീററർ നീളം വരുന്ന തേനീച്ച ഹമ്മിങ് ബേർഡാണ് ഏററവും ചെറിയ ഇനം. 21 സെൻറിമീററർ നീളം വരുന്ന രാക്ഷസ ഹമ്മിങ് ബേർഡാണ് ഏററവും വലിയ ഇനം. വെനെസ്വേലയിലെ ഹമ്മിങ് ബേർഡിനെ തുടച്ചുനീക്കുന്നത് എന്താണ്? രോഗമാണോ അതോ ഇരപിടിയൻ ജീവികളാണോ? അല്ല. എണ്ണക്കമ്പനിയായ ലാഗോവെൻ പ്രസിദ്ധീകരിച്ച ഒരു പത്രക്കുറിപ്പായ കാർട്ടാ ഇക്കോളോഹീക്കാ ഇതിന്റെ കുററം വനനശീകരണത്തിൻമേൽ—പക്ഷികളുടെ വാസസ്ഥലത്തിന്റെ വ്യവസ്ഥാപിത നശീകരണത്തിൻമേൽ—ചുമത്തുന്നു. മമനുഷ്യന്റെ നിർദയമായ മഴവന നശീകരണത്തിന്റെ അനേക ഇരകളിൽ ഒന്നുമാത്രമാണ് ചെറുതും വശ്യവും വർണമനോഹരവുമായ ഈ സൃഷ്ടി.
ദ്രോഹകരമായ ശീലത്തിനു നിയമഭ്രഷ്ട് കൽപ്പിക്കപ്പെട്ടിരിക്കുന്നു
അടയ്ക്കാ പായ്ക്കററുകളിൽ സിഗരററ് പായ്ക്കററുകളിലുള്ളതുപോലെ ആരോഗ്യ മുന്നറിയിപ്പുകൾ ഉണ്ടായിരിക്കണമെന്ന് പാക്കിസ്ഥാൻ ഗവൺമെൻറ് ഒരു നിയമം വച്ചിരിക്കുന്നതായി ഏഷ്യാവീക്ക് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ഏഷ്യയുടെ തെക്കൻഭാഗത്തുള്ള ലക്ഷക്കണക്കിനാളുകൾ പാൻ മസാലയിൽ ആസക്തരാണെന്ന് മാഗസിൻ പറയുന്നു. അടയ്ക്കായുടെയും പലതരം എണ്ണകളുടെയും മററു ഘടകങ്ങളുടെയും ഒരു മിശ്രിതം വെററിലയിൽ പൊതിഞ്ഞെടുത്തുള്ളതാണ് ഇത്. ഇത് ചവയ്ക്കാനുള്ളതാണ്. അടയ്ക്കായ്ക്ക് വായിലെ കാൻസറുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടതിനാൽ ഇന്ത്യ അടയ്ക്കാ പായ്ക്കററുകളിൽ മുന്നറിയിപ്പുകൾ മുന്നമേ നൽകിയിരുന്നു. അടയ്ക്കാ തൊണ്ടയിൽ തടഞ്ഞ് കുട്ടികൾ മരിച്ചതായും അറിവുണ്ട്. പാക്കിസ്ഥാനിലെ പുതിയ നിയമങ്ങൾ അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അടയ്ക്കാ വിൽക്കുന്നതു നിരോധിക്കും.
വല്യമ്മവല്യപ്പൻമാരുടെ ജോലി വർധിക്കുന്നു
വല്യമ്മവല്യപ്പൻമാർ പ്രത്യേകിച്ച് വല്യമ്മമാർ പേരക്കുട്ടികളുടെ ജീവിതത്തിൽ വർധിച്ച ഒരു പങ്ക് വഹിക്കുന്നതായി ഐക്യനാടുകളിലെ പഠനങ്ങൾ സൂചിപ്പിക്കുന്നു. 1931-നും 1941-നും ഇടയ്ക്കു ജനിച്ചവരുടെ 69 ശതമാനം വല്യമ്മവല്യപ്പൻമാരാണെന്നും അവരിൽ ഏതാണ്ട് 44 ശതമാനം ഒന്നോ അതിലധികമോ പേരക്കുട്ടികൾക്കുവേണ്ടി കരുതിക്കൊണ്ട് ഒരു വർഷം 100-ലധികം മണിക്കൂർ ചെലവഴിക്കുന്നുണ്ടെന്നും പ്രായംചെന്നവരെ സംബന്ധിച്ചുള്ള ദേശീയ ഇൻസ്ററിററ്യൂട്ടിന്റെ തുടർച്ചയായ ഒരു പഠനം കണ്ടെത്തി. ഈ വല്യമ്മവല്യപ്പൻമാർ കുട്ടികളോടൊത്ത് ശരാശരി 659 മണിക്കൂർ ചെലവഴിച്ചു, അതായത് എട്ടു മണിക്കൂർ വീതമുള്ള 82 ദിവസങ്ങൾക്കു തുല്യം, ദ വാൾ സ്ട്രീററ് ജേർണൽ സൂചിപ്പിക്കുന്നു. പേരക്കുട്ടികൾക്കുവേണ്ടി കരുതിക്കൊണ്ട് സ്ത്രീകൾ ആഴ്ചയിൽ ശരാശരി 15 മുതൽ 20 വരെ മണിക്കൂർ ചെലവഴിച്ചതായും സാധ്യതയനുസരിച്ച് കുട്ടികൾക്കു പുരുഷൻമാർ കൊടുത്തതിനെക്കാൾ 2.5 ഇരട്ടി കൂടുതൽ ശ്രദ്ധ കൊടുത്തതായും പഠനം കണ്ടെത്തി.
സമ്പർക്കം പുലർത്താത്ത പിതാക്കൻമാർ
ലോകത്തിന്റെ മററുഭാഗങ്ങളിലെപ്പോലെ ജപ്പാനിലും കുടുംബ ബന്ധങ്ങൾ മുമ്പായിരുന്നതുപോലെ അല്ലാതായിത്തീർന്നിരിക്കുന്നു. തങ്ങളുടെ കുടുംബങ്ങളിൽനിന്ന് അകന്നുപാർക്കാൻ ജോലിസംബന്ധമായ സ്ഥലംമാററങ്ങൾ ജപ്പാനിലെ ഏതാണ്ട് 4,81,000 പുരുഷൻമാരെ നിർബന്ധിച്ചിരിക്കുന്നതായി ദ ഡെയ്ലി യോമ്യൂരി അടുത്തകാലത്തു റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഈ സംഖ്യ അഞ്ചു വർഷം മുമ്പുണ്ടായിരുന്നതിനെക്കാൾ 15 ശതമാനം കൂടുതലായിരുന്നു. താമസസൗകര്യവും വിദ്യാഭ്യാസസൗകര്യവും കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൾ വർധിക്കുന്നതോടൊപ്പം ഈ സംഖ്യ പിന്നെയും വർധിക്കുമെന്നു കരുതപ്പെട്ടു. തങ്ങൾ പിതാക്കൻമാരോടു സംസാരിച്ചിട്ടില്ലെന്ന് 43 ശതമാനം യുവാക്കൾ പറഞ്ഞ പ്രൈമറി, മിഡിൽ സ്കൂൾ വിദ്യാർഥികളുടെ ഒരു സർവേയെപ്പററി അതേ ലക്കത്തിൽ തന്നെ പേപ്പർ റിപ്പോർട്ടു ചെയ്യുകയുണ്ടായി. നല്ലൊരു സംഖ്യ അതായത് 18.4 ശതമാനം തങ്ങൾ അമ്മമാരോടു സംഭാഷണങ്ങൾ നടത്തിയിട്ടില്ലെന്നു പറയുകയുണ്ടായി.
അർജൻറീനയിൽ കുടുംബങ്ങളിലുള്ള മാററങ്ങൾ
ബ്യൂനസ് അയേഴ്സിൽനിന്നു പ്രസിദ്ധീകരിക്കുന്ന പത്രമായ ക്ലാരിൻ പറയുന്നതനുസരിച്ച് അടുത്തകാലത്തെ പഠനങ്ങൾ അർജൻറീനയിലെ കുടുംബ ജീവിതത്തിന്റെ ഘടനയിലും സ്വഭാവത്തിലും ഉണ്ടായ കാര്യമായ മാററങ്ങൾ വെളിപ്പെടുത്തി. ഒരു മാതൃകാ കുടുംബത്തെപ്പററി—വലുതും ഐക്യമുള്ളതും അവധിദിവസങ്ങളിലോ രാത്രിയിലോ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതുമായ ഒന്നിനെപ്പററി—അഭിപ്രായപ്പെടവേ പത്രം ഇപ്രകാരം സൂചിപ്പിച്ചു: “അത്തരം മാതൃകാ കുടുംബങ്ങൾ വെറുമൊരു പഴയ ഫോട്ടോയാണെന്ന്, പടത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു സങ്കൽപ്പമാണെന്ന് ഇന്നു പലരും പറയും.” ഇപ്പോൾ അർജൻറീനയിൽ മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള ഏതാണ്ട് 12,00,000 കുടുംബങ്ങൾ കഴിഞ്ഞ ദശകത്തിലേതിനെക്കാൾ 60 മുതൽ 80 വരെ ശതമാനം വർധനവിനെയാണു കാട്ടുന്നതെന്ന് സൂസാനാ റേറാറാഡോ എഴുതിയ ലാ ഫെമിലിയ എൻ ലാ അർജൻറീന (അർജൻറീനയിലെ കുടുംബം) എന്ന പുസ്തകത്തിൽനിന്നുള്ള ഒരു സ്ഥിതിവിവരക്കണക്കു പ്രകടമാക്കി. വിവാഹത്തിനു പുറത്തുണ്ടാകുന്ന കുട്ടികളുടെ എണ്ണം ഇപ്പോൾ എല്ലാ ജനനങ്ങളുടെയും 36 ശതമാനത്തിലധികം വരും—1960-നുശേഷം ഏതാണ്ട് 30 ശതമാനത്തിന്റെ വർധനവ്. കൂടാതെ, 20-നും 34-നും ഇടയ്ക്കു പ്രായമുള്ളവരുടെ നാലിൽ മൂന്ന് വിവാഹബന്ധത്തെ ഒരു ആയുഷ്കാല ബന്ധമായി വിശ്വസിക്കുന്നില്ലെന്ന് അഭിമുഖങ്ങൾ പ്രകടമാക്കിയിരിക്കുന്നു.
കുട്ടികളുടെ പദസഞ്ചയം
മുതിർന്നവർ സാധാരണമായി കുട്ടികളെക്കുറിച്ചു വിചാരിക്കുന്നതിനെക്കാൾ വളരെ വളരെയധികം അവർക്ക് ആധുനിക ലോകത്തിന്റെ അസന്തുഷ്ട യാഥാർഥ്യങ്ങളെക്കുറിച്ച് അറിയാമെന്ന് ഇററലിയിലെ ഒരു പഠനം വെളിപ്പെടുത്തി. ഇററലിയുടെ ദേശീയ ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള ഒരു ടീം ആറുമുതൽ പത്തുവരെ വയസ്സു പ്രായമുള്ള സ്കൂൾകുട്ടികൾ എഴുതിയ 5,000-ത്തിലധികം ഉപന്യാസങ്ങൾ പരിശോധിക്കുകയുണ്ടായി. ലാ റെപ്പുബ്ലിക്ക എന്ന വർത്തമാനപ്പത്രം പറയുന്നതനുസരിച്ച് 6,000 പദങ്ങളടങ്ങുന്ന കുട്ടികളുടെ പദസഞ്ചയത്തെ മുതിർന്നവർ കുട്ടികൾക്കു വായിക്കാൻവേണ്ടി തയ്യാറാക്കിയ വായനാഭാഗങ്ങളുമായി തട്ടിച്ചുനോക്കിയപ്പോൾ കുട്ടികൾക്കു മുമ്പാകെ അവതരിപ്പിക്കപ്പെട്ട “പ്രശ്നങ്ങളില്ലാത്ത ഏറെക്കുറെ അയഥാർഥവും പ്രശാന്തവുമായ ലോകം അവരെ കബളിപ്പിക്കുന്നില്ല” എന്ന കാര്യം വെളിപ്പെട്ടു. പത്രം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “‘മയക്കുമരുന്നുകൾ,’ ‘എയ്ഡ്സ്,’ ‘ബലാൽസംഗം’ ഇതൊക്കെ എന്താണെന്ന് അവർക്കറിയാം.” “കുട്ടികളുടെ എഴുത്തുകളുടെ ലോകം” മുതിർന്നവർ “അവർക്കു വായിക്കാൻവേണ്ടി” തയ്യാറാക്കിയ “വിവരങ്ങളെക്കാളും മേൻമയേറിയതും കാലികവുമാണെന്നു ഗവേഷകർ പറയുന്നതായി കൊരീറെ ഡെല്ലാ സെറാ നിരീക്ഷിക്കുന്നു.
ചൂണ്ടലിടൽ
മേരിലാൻഡ്, യു.എസ്.എ.യിലെ ഒരു ഇവാഞ്ചിലിക്കൽ പള്ളി ആളുകളെ അകത്തേക്ക് ആകർഷിക്കുന്നതിനുള്ള ഒരു പുതിയ വഴി കണ്ടെത്തി. ഈ അടുത്തകാലത്ത് ഒരു ഞായറാഴ്ച പള്ളിയിൽ ആദ്യം എത്തിച്ചേർന്ന 125 പേർക്ക് 10 ഡോളർ വീതം കൊടുക്കുകയുണ്ടായി. അവർ ഒരു ചെറുനാടകവും ഒരു “ലളിത റോക്ക്” വാദ്യസംഘം നടത്തിയ പാട്ടും ഉൾക്കൊണ്ട 75 മിനിററു ചടങ്ങിന് ഇരുന്നാൽ മാത്രം മതിയായിരുന്നു. പള്ളിയിലെ ചടങ്ങുകളുടെ അസ്സിസ്ററൻറ് ഡയറക്ടർ ഇപ്രകാരം പറഞ്ഞതായി അസ്സോസ്സിയേററഡ് പ്രസ്സ് പറയുന്നു: “പള്ളികൾ എപ്പോഴും പണമാവശ്യപ്പെടുന്നതുകൊണ്ട് തങ്ങൾ പള്ളിയിൽ പോകുന്നില്ലെന്നു പലരും പരാതി പറയുന്നു. അങ്ങനെയെങ്കിൽ ‘അവർക്ക് അങ്ങോട്ട് പണംകൊടുത്താലെന്താണ്?’ എന്ന് ഞങ്ങളും വിചാരിച്ചു.” പിന്നീട് തിരിച്ചുകൊടുത്തെന്ന് അവകാശപ്പെട്ടെങ്കിലും മിക്കവരും പണം സ്വീകരിച്ചതായി റിപ്പോർട്ടു പറഞ്ഞു. മുപ്പത്തിരണ്ടുപേർ പണം സ്വന്തമായിത്തന്നെ സൂക്ഷിച്ചു.
ഉപയോഗപ്രദമായ പഴയ കണ്ടെയ്നറുകൾ
ഭാരമുള്ള സാധനങ്ങൾ മേലാൽ കൊണ്ടുപോകാൻ പററാത്തവിധം വലിയ കണ്ടെയ്നറുകൾ പഴയതാകുമ്പോൾ കേവലം ലോഹക്കഷണങ്ങളായി ഖണ്ഡം ചെയ്തു കളയുന്നതിനുപകരം, അവയ്ക്കു ചില വിദഗ്ധ ഉപയോഗങ്ങൾ ദക്ഷിണാഫ്രിക്കയിലെ സാധനങ്ങൾ കയററി അയയ്ക്കുന്ന ഒരു കമ്പനി കണ്ടെത്തി. ഈ വലിയ ലോഹ നിർമിതികളിൽ രണ്ടെണ്ണം ഒന്നിച്ചു ചേർത്താൽ സ്കൂളിലെ നല്ലൊരു ക്ലാസ്സ്മുറി നിർമിക്കാം. ഓരോ കണ്ടെയ്നറിന്റെയും ഒരു വശം നീക്കം ചെയ്തിട്ട് മറേറ വശങ്ങളിൽ ജനലും കതകും പിടിപ്പിക്കേണ്ടതുണ്ട്. പഴയ കണ്ടെയ്നറുകൾ വീടുകളും കടകളും ക്ലിനിക്കുകളും ലൈബ്രറികളുമായും ഉപയോഗിക്കാം. ആഫ്രിക്കൻ പനോരമ എന്ന മാഗസിൻ പറയുന്നതനുസരിച്ച് ഒരു കേസിൽ “മാററം വരുത്തിയെടുത്ത 16 കണ്ടെയ്നറുകൾകൊണ്ട് 1,000-ത്തിലധികം കുട്ടികൾക്കിരിക്കാവുന്ന 8 ക്ലാസ്സ്മുറികൾ ഉണ്ടാക്കാൻ കഴിഞ്ഞു.” ആവശ്യക്കാരായ ദക്ഷിണാഫ്രിക്കൻ സമൂഹങ്ങൾക്കുവേണ്ടി ഇതുവരെ 1,000-ത്തിലധികം കണ്ടെയ്നറുകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഈ കമ്പനിക്ക് ഇപ്പോൾ പഴയ കണ്ടെയ്നറുകൾ തീർന്നുപോയിരിക്കയാണ്. പഴയ കണ്ടെയ്നറുകൾക്കുവേണ്ടി മററ് അന്താരാഷ്ട്ര കയററുമതി കമ്പനികളുടെ സഹായം അത് ആവശ്യപ്പെടുകയുമാണ്.
മസ്തിഷ്ക ശോഷണം
ജപ്പാനിലെ അകിതാ യൂണിവേഴ്സിററി മെഡിക്കൽ കോളെജിലെ ഒരു ഗവേഷണ സംഘം നടത്തിയ പഠനമനുസരിച്ച് വളരെയധികം മദ്യവും കൊഴുപ്പും വർഷങ്ങളോളം കഴിക്കുന്നതു ശരീരത്തെ കൂടുതൽ ചീർപ്പിക്കുമെന്നു മാത്രമല്ല, മസ്തിഷ്കത്തെ ശോഷിപ്പിക്കുകയും ചെയ്യുന്നു. ഈ സംഘം കഴിഞ്ഞ ഏഴു വർഷത്തിലധികമായി എംആർഐ (കാന്തിക കമ്പന നിഴൽനിർമിതി) ഉപയോഗിച്ച് 960 പേരുടെ ഒരു സർവേ നടത്തുകയായിരുന്നു. മദ്യത്തെ ആശ്രയിക്കുന്നവരുടെ 58 ശതമാനത്തിനു മസ്തിഷ്ക ശോഷണം ഉണ്ടായതായി അവരുടെ ഈ സർവേ കണ്ടെത്തി. ഹൈപ്പർലിപ്പിമിയ, അതായത് രക്തത്തിൽ കൊഴുപ്പിന്റെ സംയുക്തങ്ങൾ ഉയർന്ന തോതിലുള്ളവരുടെയിടയിലെ 40-കാരുടെയും 50-കാരുടെയും 41 ശതമാനവും 60-നു മേലുള്ളവരുടെ 55 ശതമാനവും അത്തരം ശോഷണമുള്ളതായി പ്രകടമാക്കി. നേരേമറിച്ച്, മദ്യാസക്തിയോ ഹൈപ്പർലിപ്പിമിയയോ ഇല്ലാത്തവരുടെ 4 ശതമാനം മാത്രമേ ശോഷണത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയുള്ളൂ. ശോഷണമുള്ളവരുടെ 80 ശതമാനത്തിന്റെ ഇടയിൽ ബുദ്ധിഭ്രമ ലക്ഷണങ്ങൾ കാണപ്പെട്ടതായി യോമ്യൂരി ഷിംബൂൻ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. ഗവേഷണ സംഘത്തിന്റെ അസ്സിസ്ററൻറ് പ്രൊഫസ്സറായ ഇക്കുവോ നേമൂറ ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നു: “ശോഷണത്തിന്റെ വികാസം സാവധാനവും സുനിശ്ചിതവുമാണ്. അമിത മദ്യപാനവും കൊഴുപ്പു നിറഞ്ഞ ആഹാരങ്ങളുടെ അമിത കഴിപ്പും ഒഴിവാക്കേണ്ടതു പ്രധാനമാണ്.”