പൂക്കളെ ചുംബിക്കുന്ന പക്ഷി
ബേഷാ-ഫ്ളോർ അഥവാ പൂക്കളെ ചുംബിക്കുന്ന പക്ഷി എന്നാണ് ബ്രസീലുകാർ അതിനെ വിളിക്കുന്നത്. പൂക്കളെ ചുറ്റിപ്പറ്റി ഏറെ സമയം ചെലവഴിക്കുന്ന മൂളിപ്പക്ഷിക്കാണെങ്കിൽ ഈ പേര് നന്നേ ഇണങ്ങുകയും ചെയ്യും. വർണശബളമായ തൂവലുകൾ കണ്ടിട്ട് മറ്റു ചിലർ ഈ കുഞ്ഞുജീവികളെ “ജീവനുള്ള രത്നങ്ങൾ”, “മഴവില്ലിന്റെ മനോഹരമായ ശകലങ്ങൾ” എന്നൊക്കെ വിളിക്കുന്നു. അതിന്റെ വിവിധ ഇനങ്ങൾക്ക് അവർ അത്യന്തം അനുയോജ്യമായ പേരുകളാണ് നൽകിയിരിക്കുന്നത്. മാണിക്യ-പുഷ്യരാഗം, തിളങ്ങുന്ന ഉദരമുള്ള മരതകം, വെള്ളോട്ടു-വാലൻ വാൽനക്ഷത്രം എന്നിങ്ങനെ പലതും.
ആൺ മൂളിപ്പക്ഷികളുടെ തൊണ്ടയ്ക്കും മൂർധാവിനും ചുറ്റുമുള്ള പ്രത്യേക തൂവലുകളിൽ ആണ് ഈ കൺമയക്കുന്ന വർണപ്പൊലിമ ഏറ്റവും പ്രകടമായി കാണാൻ സാധിക്കുക. അവയുടെ തൂവലുകളിൽ വായു നിറഞ്ഞ കോശങ്ങളുടെ പാളികൾ ഉണ്ട്. ഈ കോശങ്ങൾ പ്രകാശ തരംഗങ്ങളെ അപവർത്തനം ചെയ്യുമ്പോൾ—ലക്ഷക്കണക്കിനു ചെറു സോപ്പു കുമിളകളിൽ പ്രകാശം പതിക്കുമ്പോൾ സംഭവിക്കുന്നതു പോലെ—നിറങ്ങളുടെ ഒരു മഴവില്ലാണു കാഴ്ചക്കാരനു സ്വന്തമാകുക.
വടക്കേ അമേരിക്കയുടെ പടിഞ്ഞാറു ഭാഗത്തു സാധാരണമായി കാണപ്പെടുന്ന, കറുവാപ്പട്ടയുടെ നിറത്തിലുള്ള റൂഫസ് മൂളിപ്പക്ഷിയെ കുറിച്ചുള്ള മനോഹരമായ ഒരു വിവരണം ജോൻ വാർഡ്-ഹാരിസ് എഴുതിയ ക്രിയേച്ചർ കംഫർട്ട്സ് എന്ന പുസ്തകത്തിൽ വായിക്കാൻ കഴിയും: “തൊണ്ടയ്ക്കു ചുറ്റും അവനു രത്നസമാനമായ തൂവലുകൾ ഉണ്ട് . . . ഭക്ഷണം കൊടുക്കുമ്പോൾ കൊച്ചുകുഞ്ഞുങ്ങളുടെ കഴുത്തിനു ചുറ്റും കെട്ടാറുള്ള തുണി പോലെ തോന്നിക്കുന്ന അത് അവന്റെ കവിൾത്തടങ്ങളുടെയും താടിയുടെയും കീഴ്ഭാഗം മുതൽ തൊണ്ടയും മാറിടവും വരെ നീണ്ടുകിടക്കുന്നു. വർണോജ്ജ്വലമായ ഈ ഭാഗം ഉള്ളതിന്റെ ഫലങ്ങൾ ആരെയും സ്തബ്ധമാക്കാൻ പോന്നവയാണ്. പക്ഷിക്കു വാസ്തവത്തിൽ ഉള്ളതിന്റെ ഇരട്ടി വലിപ്പം തോന്നിക്കും. കൂടാതെ, അതിന് അക്ഷരാർഥത്തിൽ തീപിടിച്ചതായും കാഴ്ചക്കാർക്കു തോന്നിപ്പോകും.” പൊടുന്നനെ ശരവേഗത്തിൽ റൂഫസ് പറക്കുമ്പോൾ അവന്റെ രത്നസമാനമായ തൂവലുകളിൽ വയലറ്റോ മരതകപ്പച്ചയോ അല്ലെങ്കിൽ വർണരാജിയിലെ സപ്തനിറങ്ങളും തന്നെയോ മിന്നിമറഞ്ഞേക്കാം. എന്നാൽ പ്രകാശകിരണങ്ങളിൽ നിന്ന് അവൻ ഒന്നു പുറംതിരിഞ്ഞാലോ, നൊടിയിടയിൽ ഇതേ തൂവലുകളുടെ നിറം എണ്ണക്കറുപ്പ് ആയി മാറും.
വായുവിലെ അഭ്യാസങ്ങൾ
വായുവിൽ അഭ്യാസങ്ങൾ കാണിക്കുന്നതിൽ മൂളിപ്പക്ഷിയെ കഴിഞ്ഞേ ആർക്കും സ്ഥാനമുള്ളൂ. ഒരു പുഷ്പത്തിൽ നിന്നു മധു നുകർന്നു കൊണ്ട് തുരുതുരെ ചിറകടിച്ചു നിൽക്കുന്ന ഈ ഇത്തിരിക്കുഞ്ഞൻ നിമിഷത്തിനുള്ളിൽ അസ്ത്രമെയ്ത പോലെ ഒരു പോക്കാണ്. ഇത് മുന്നോട്ടോ പിന്നോട്ടോ വശങ്ങളിലേക്കോ എന്തിന്, തലകീഴായോ ഒക്കെ ആകാം. അപ്പോഴെല്ലാം അതിന്റെ ചിറകുകൾ സെക്കൻഡിൽ 50 മുതൽ 70 വരെ തവണ—80 തവണ എന്നാണു ചിലർ പറയുന്നത്—അടിക്കുന്നുണ്ടാകാം! മണിക്കൂറിൽ 50 മുതൽ 100 വരെ കിലോമീറ്റർ വേഗത്തിൽ പറന്നിട്ടു പൊടുന്നനെ അതിനു നിൽക്കാൻ കഴിയും എന്നാണു പറയപ്പെടുന്നത്. ആരെയും അത്ഭുതപരതന്ത്രനാക്കുന്ന ഇത്തരം കസർത്തുകൾ കാണിക്കാൻ മൂളിപ്പക്ഷിക്ക് എങ്ങനെയാണു കഴിയുന്നത്?
അത്യന്തം വിസ്മയകരമായി രൂപകൽപ്പന ചെയ്യപ്പെട്ട അതിന്റെ ശരീരഭാഗങ്ങളിലാണ് ആ രഹസ്യം കുടികൊള്ളുന്നത്. സുവികസിതമായ പേശികളുടെ ഭാരം അതിന്റെ മൊത്തശരീരഭാരത്തിന്റെ 25 മുതൽ 30 വരെ ശതമാനം വരും. ഈ പേശികൾ ഉന്തിനിൽക്കുന്ന ഒരു മാറെല്ലിനോടു ഘടിപ്പിച്ചിരിക്കുകയാണ്. 180 ഡിഗ്രി വരെ തിരിക്കാനാവുന്ന തോൾസന്ധിയോടു കൂടിയ ചിറകുകൾ, തോൾ മുതൽ ചിറകറ്റം വരെ, വളയുകയില്ലാത്തതാണ്. ഇതുമൂലം മുകളിലേക്കോ താഴേക്കോ ആയാലും ഓരോ ചിറകടിയും ഉത്ഥാപകവും (lift) നോദനവും (propulsion) പ്രദാനം ചെയ്യുന്നു. എന്നാൽ മറ്റു പക്ഷികളുടെ കാര്യത്തിലാകട്ടെ, ഇതു സാധ്യമാകുന്നത് അവ ചിറകുകൾ താഴേക്കു ചലിപ്പിക്കുമ്പോൾ മാത്രമാണ്. ആകാശത്തു വെച്ച് ഈ പക്ഷി നടത്തുന്ന അഭ്യാസങ്ങൾ ആളുകളുടെ മനംകവരുന്നതിൽ ഒട്ടും അതിശയിക്കാനില്ല!
സഹനം ആവശ്യമാക്കിത്തീർക്കുന്ന ഒരു പരീക്ഷയെ നേരിടുമ്പോൾ ഈ മൂളിപ്പാട്ടുകാർക്കു വിജയിക്കാൻ കഴിയുമോ? തീർച്ചയായും. ഉദാഹരണത്തിന്, ചില റൂഫസ് മൂളിപ്പക്ഷികൾ എല്ലാ വർഷവും മെക്സിക്കോയിലെ തങ്ങളുടെ ശൈത്യകാല ഭവനത്തിൽ നിന്ന് അങ്ങ് വടക്ക് അലാസ്ക വരെ മൂവായിരം കിലോമീറ്ററിലേറെ ദൂരം ദേശാന്തരഗമനം നടത്താറുണ്ട്. ഉയർന്ന പർവത ചുരങ്ങളോ സമുദ്രമോ കാറ്റും കോളും നിറഞ്ഞ കാലാവസ്ഥയോ ഉയർത്തുന്ന അപകടങ്ങൾ അവയെ തെല്ലും ഭയപ്പെടുത്താറില്ല.
തീറ്റക്കൊതിയൻ
പൂക്കളുമായുള്ള മൂളിപ്പക്ഷികളുടെ പ്രണയബന്ധം നല്ലൊരു ഉദ്ദേശ്യം സാധിക്കുന്നു—പരപരാഗണം. എന്നിരുന്നാലും, ഇവയെ യഥാർഥത്തിൽ പൂക്കളോട് അടുപ്പിക്കുന്നതു പൂന്തേൻ ആണ്. ഈ മൂളിപ്പാട്ടുകാരനു വളരെയധികം ഊർജം ആവശ്യമായിരിക്കുന്നതിനാൽ ധാന്യക സമ്പുഷ്ടമായ പൂന്തേൻ ദിവസവും അകത്താക്കിയേ തീരൂ, അതും കുറച്ചൊന്നുമല്ല, അതിന്റെ ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളം (ചിലർ പറയുന്നത് ഇരട്ടിയോളം എന്നാണ്) തന്നെ. സമാനമായ അനുപാതത്തിൽ ഒരു മനുഷ്യൻ ആഹാരം കഴിക്കുന്നതിനെ കുറിച്ചു നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ?
മിക്ക പക്ഷികളിൽ നിന്നും വ്യത്യസ്തമായി, മൂളിപ്പക്ഷികൾ അപൂർവമായേ നിലത്തിറങ്ങി നടക്കാറുള്ളൂ. പറക്കുന്നതിന് ഇടയിൽ തന്നെയാണ് അവ ആഹാരവും അകത്താക്കുന്നത്. മൂളിപ്പക്ഷിയുടെ വ്യത്യസ്ത ഇനങ്ങൾക്കു വ്യത്യസ്ത ആകൃതിയും നീളവും ഉള്ള കൊക്കുകൾ ആണുള്ളത്. അവ തങ്ങളുടെ കൊക്കുകൾക്കു പ്രത്യേകം ഇണങ്ങുന്ന തരം പൂക്കളിൽ നിന്നാണു പൂന്തേൻ ഉണ്ണുക. എന്നാൽ പൂന്തേൻ മാത്രമല്ല, പഴ ഈച്ചകളെയും സസ്യപുഴുക്കളെയും അവർ ആഹാരമാക്കാറുണ്ട്. ഈ പക്ഷികൾക്ക് അവ ചുംബിക്കുന്ന പൂക്കളിൽ നിന്ന് എങ്ങനെയാണു പൂന്തേൻ ലഭിക്കുന്നത്?
ഈ മൂളിപ്പാട്ടുകാരൻ തേനുണ്ണുന്നത് നാക്ക് ഉപയോഗിച്ചാണ്. ജോൻ വാർഡ്-ഹാരിസ് തുടരുന്നു: “മൂളിപ്പക്ഷിയുടേത് നീണ്ട, വീതി കുറഞ്ഞ, കവരിച്ച നാവാണ്. അതിന്റെ അറ്റം അൽപ്പം രോമാവൃതവുമാണ്. വളഞ്ഞുപുളഞ്ഞ രണ്ടു ചാലുകൾ അതിനെ വിഭജിക്കുന്നു. ഇവയിലൂടെ കാപില്ലറി പ്രവർത്തനം വഴി തൊണ്ടയിലെത്തുന്ന പൂന്തേൻ അത് അകത്താക്കുന്നു.”
നിങ്ങളുടെ ജനാലയ്ക്ക് അരികിൽ ഒരു പാത്രത്തിനകത്ത് അൽപ്പം ആഹാരം വെച്ച് മൂളിപ്പക്ഷികളെ ആകർഷിക്കുകയാണെങ്കിൽ, ഒരു കാര്യം തീർച്ചയാണ്. സ്വൽപ്പം പോലും അടങ്ങിയിരിക്കാൻ മനസ്സില്ലാത്ത ഈ വികൃതിപക്ഷികളുടെ കസർത്തുകൾ കണ്ടാലും കണ്ടാലും നിങ്ങൾക്കു മതിവരില്ല. എന്നിരുന്നാലും, ഒരു ഋതുകാലം മുഴുവൻ പോറ്റാൻ നിങ്ങൾക്കു പരിപാടിയുണ്ടെങ്കിൽ മാത്രം അവയെ ആകർഷിക്കുന്നതാണു നന്ന്, കാരണം അടുത്ത് എവിടെയെങ്കിലും കുടുംബത്തോടൊപ്പം കൂടുകെട്ടി താമസമാക്കുന്ന അവ പിന്നീട് നിങ്ങൾ നൽകുന്ന ആഹാരത്തെ ആയിരിക്കും ആശ്രയിക്കുക.
പ്രേമാഭ്യർഥന ചടങ്ങുകൾ
മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്ന മൂളിപ്പക്ഷികളുടെ ചില ഇനങ്ങൾ തങ്ങളുടെ പ്രണയിനികളുടെ മനംകവരുന്നതു സംഗീതത്താലാണ്. ഗ്വാട്ടിമാലയിലെ വീഞ്ഞിന്റെ നിറത്തിലുള്ള കണ്ഠമുള്ള മൂളിപ്പക്ഷിയുടെ സ്വരഭേദങ്ങൾ അങ്ങേയറ്റം ഭാവസാന്ദ്രമാണ്. അതുപോലെ, വെള്ളച്ചെവിയൻ മൂളിപ്പക്ഷിയുടെ സംഗീതമാണെങ്കിൽ “ഒരു ചെറിയ വെള്ളിമണിയുടെ മധുരമായ കിലുക്കം” പോലെയാണ്. എന്നിരുന്നാലും, മിക്ക പക്ഷികളും സംഗീതവിദ്വാന്മാരൊന്നുമല്ല. ഏതാനും ചില രാഗങ്ങൾ സ്വരഭേദമില്ലാതെ, ചിലമ്പൽ ശബ്ദത്തിൽ അവ കേവലം ആവർത്തിക്കുക മാത്രമാണു ചെയ്യുന്നത്. അതുമല്ലെങ്കിൽ, കൊക്കുകൾ പൂട്ടി വെച്ചിട്ട് വെറുതെ മൂളുക മാത്രമാവാം ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ അവയുടെ രത്നസമാനമായ തൂവലുകൾ ഉള്ള ഭാഗം വീർത്തുവരും.
മറ്റു ചില മൂളിപ്പാട്ടുകാരാണെങ്കിൽ, പ്രേമാഭ്യർഥന ചടങ്ങിനിടയിൽ ആരെയും കോരിത്തരിപ്പിക്കുന്ന വ്യോമാഭ്യാസങ്ങളാണു കാഴ്ചവെക്കുക. റൂഫസിന്റെ കാര്യം തന്നെയെടുക്കുക. തീ നിറമുള്ള ഈ പക്ഷി അങ്ങ് ഉയരത്തിൽ നിന്നു കുത്തനെ പറന്നിറങ്ങുന്നു. താഴെ നോക്കിനിൽക്കുന്ന പിടയുടെ തൊട്ടു മുകളിൽ എത്തുമ്പോൾ അവൻ പെട്ടെന്ന് വീണ്ടും മുകളിലേക്കു കുത്തനെ പറന്നുയരും. ‘J’ എന്ന അക്ഷരത്തിന്റെ ആകൃതിയിൽ ആണ് താഴേക്കും മുകളിലേക്കുമുള്ള ഈ പറക്കൽ. എന്നാൽ പിടയുടെ തൊട്ടുമുകളിൽ എത്തുമ്പോൾ അതായത് ‘J’-യുടെ ചുവട്ടിൽ എത്തുമ്പോൾ അവൻ അങ്ങോട്ടുമിങ്ങോട്ടും ഒന്നു തെന്നിക്കളിച്ചിട്ടേ കുത്തനെ പറന്നുയരുകയോ തന്റെ പ്രിയതമയുടെ ഒപ്പം പറന്നകലുകയോ ചെയ്യുകയുള്ളൂ. ഈ അഭ്യാസങ്ങൾ കാണിക്കുമ്പോൾ അവൻ ഒരു സെക്കൻഡിൽ ഏതാണ്ട് ഇരുന്നൂറു തവണയാണു ചിറകിട്ടടിക്കുക!
അതിമനോഹരമായ കൂടുകൾ
മൂളിപ്പക്ഷിയുടെ കൂട് “ലോകത്തിലെ ഏറ്റവും മനോഹരമായ നിർമിതികളിൽ ഒന്നാണ്” എന്ന് ഒരു നിരീക്ഷകൻ അവകാശപ്പെടുന്നു. ജോൻ വാർഡ്-ഹാരിസ് താൻ കണ്ടെത്തിയ ഒരു കൂട് ഒരു ഉണരുക! ലേഖകനെ കാണിക്കുകയുണ്ടായി. കുറുകെ 4.5 സെന്റിമീറ്റർ കുറുകെ നീളമുണ്ടായിരുന്ന ആ കൂടിന് ഏകദേശം ഒരു സെന്റിമീറ്റർ ആഴം ഉണ്ടായിരുന്നു. ബംബിൾ തേനീച്ചയുടെ അത്ര വലിപ്പമുള്ള മൂളിപ്പക്ഷി കുഞ്ഞുങ്ങൾ വളർന്നുവരുന്നതിന് അനുസരിച്ച് ഇളംചൂടും സൗകര്യവുമുള്ള ഈ ചെറു ഭവനവും വികസിക്കുന്ന രീതിയിലായിരുന്നു അതു നിർമിച്ചിരുന്നത്. ഇത്തരം ഒരു കൂട് ഉള്ളങ്കൈയിൽ എടുക്കുമ്പോൾ, അറിയാതെ തന്നെ നമ്മുടെ ഉള്ളിൽ അവാച്യമായ ഒരു അനുഭൂതി വന്നുനിറയും. മാർദവമേറിയ സസ്യപദാർഥങ്ങൾ കൊണ്ടു നിർമിച്ച ഈ കൂടിന് ഒരു പാവക്കുട്ടിയുടെ കപ്പിന്റെ അത്ര വലിപ്പമേയുള്ളൂ. നേർമയേറിയ തൂവലുകൾ മാറാല കൊണ്ടു ബന്ധിച്ചും മൂളിപ്പക്ഷികൾ കൂടുകെട്ടാറുണ്ട്. കൂട്ടിനുള്ളിൽ അവ തൂവെള്ള നിറത്തിൽ ഉള്ള രണ്ടോ മൂന്നോ മുട്ടകളാണ് ഇടുക, കണ്ടാൽ “ഒരുപോലിരിക്കുന്ന മുത്തുകൾ” പോലത്തെ മുട്ടകൾ.
കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കാൻ നേരം, തള്ള പക്ഷി തന്റെ കൊക്ക് കുഞ്ഞുങ്ങളുടെ ഇത്തിരിപ്പോന്ന തൊണ്ടകളിലേക്ക് കടത്തിയിട്ട് അവയ്ക്കാവശ്യമുള്ള ആഹാരം തികട്ടികൊടുക്കുകയാണു ചെയ്യുക. സാധാരണഗതിയിൽ കേവലം മൂന്നാഴ്ചത്തേക്കു മാത്രമാണ് ഈ കുഞ്ഞുങ്ങൾ കൂട്ടിൽ കഴിയുക. അതിനുശേഷം അവ സഹജവാസനയാൽ കൂടു വിട്ടു പിരിയും. പിന്നീട്, ആഹാരം കണ്ടെത്തുന്നതും വളർച്ച പ്രാപിക്കുന്നതും എല്ലാം സ്വന്തമായി തന്നെ. തുടർന്ന്, മിതമായ ശൈത്യകാലാവസ്ഥയുള്ള ഭാഗത്തേക്കു ദീർഘദൂരദേശാടനം നടത്തുന്നതിനു നേരമായി എന്ന് അവയുടെ ആന്തരിക ഘടികാരം അറിയിക്കുമ്പോൾ അവ അങ്ങോട്ടു തിരിക്കുന്നു.
നിർഭയൻ
മൂളിപ്പക്ഷിയുടെ നിർഭയത്വം ആരെയും അത്ഭുതപ്പെടുത്തും. ഇരതേടുന്ന സ്ഥലത്തെയോ ആവാസക്ഷേത്രത്തെയോ ചൊല്ലി കലമ്പൽ കൂട്ടുമ്പോൾ ഇവയുടെ ഈ ശൗര്യം തെളിഞ്ഞുകാണാം. തെക്കേ അമേരിക്കയിൽ, വെൽവെറ്റ്-പർപ്പിൾ നിറത്തിലുള്ള രണ്ടു കൊറോണറ്റുകൾ തങ്ങൾ കൂടുകൂട്ടാനായി തിരഞ്ഞെടുത്ത സ്ഥലം കയ്യേറിയ ഒരു കഴുകനെ ആക്രമിക്കാൻ ചെന്നതായി നിരീക്ഷിക്കപ്പെട്ടു. വേണ്ടി വന്നാൽ ഒരു ഗോല്യാത്തിനെ തന്നെ കൈകാര്യം ചെയ്യാൻ അവ മടിക്കില്ലെന്ന് ഈ സംഭവം സൂചിപ്പിക്കുന്നു. പക്ഷേ, ചിലപ്പോഴെല്ലാം മൂളിപ്പക്ഷികൾ അവയുടെ ശത്രുക്കളായ പാമ്പുകൾ, തവളകൾ എന്നിവയുടെ വയറ്റിലകപ്പെടാറുണ്ട്. കൂടാതെ ചിലന്തിവലകൾ, മുള്ള് ഉള്ള പൂക്കൾ, പക്ഷിപിടിയന്മാരായ മനുഷ്യർ എന്നിവരും ഈ കുഞ്ഞുപക്ഷികളുടെ ജീവൻ അപഹരിക്കാറുണ്ട്.
എന്നിരുന്നാലും, അനേകം ആളുകൾ ഈ മൂളിപ്പാട്ടുകാരോടു സ്നേഹപൂർവം പെരുമാറാറുണ്ട്. മാത്രമല്ല, ഉദ്ദേശ്യപൂർവകമായ ജീവിതത്തിൽ മുഴുകുന്നതിനു വേണ്ടി ഉള്ള അതാതു ഋതുക്കളിലെ അവയുടെ മടങ്ങിവരവിനായി അവർ ആകാംക്ഷയോടെ കാത്തിരിക്കാറുമുണ്ട്. സൃഷ്ടിയിലെ ഈ തിളങ്ങുന്ന രത്നങ്ങളെകുറിച്ചു കൂടുതൽ പഠിക്കുന്നത് നിങ്ങൾക്ക് അവയോടുള്ള സ്നേഹം വർധിപ്പിക്കുമെന്ന കാര്യം തീർച്ചയാണ്—നിങ്ങളുടെ പൂവാടിയിലെ പൂക്കളെ ചുംബിക്കാൻ അവ എത്തുന്നെങ്കിൽ.
[17-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
മൂളിപ്പക്ഷിയെ സംബന്ധിച്ച വസ്തുതകൾ
• പശ്ചിമാർധഗോളത്തിൽ കാണപ്പെടുന്ന രണ്ടാമത്തെ വലിയ പക്ഷി കുടുംബം 320 ഇനങ്ങളുള്ള മൂളിപ്പക്ഷികളുടേതാണ്
• ഇവയാണ് പക്ഷിലോകത്തിലെ കുഞ്ഞോമനകൾ: ക്യൂബയിൽ കാണപ്പെടുന്ന തേനീച്ച മൂളിപ്പക്ഷിക്ക് വാലിന്റെ അറ്റം മുതൽ കൊക്കിന്റെ അറ്റം വരെ ഏകദേശം ആറു സെന്റിമീറ്റർ മാത്രമേ നീളമുള്ളൂ
• ഏറ്റവും വലിയ മൂളിപ്പക്ഷിക്ക് ആകെ 22 സെന്റിമീറ്റർ നീളമാണ് ഉള്ളത്. തെക്കേ അമേരിക്കയുടെ പശ്ചിമ ഭാഗത്ത്, ഇക്വഡോർ മുതൽ ചിലി വരെയുള്ള ഭാഗങ്ങളിലാണ് അവയെ കാണാറുള്ളത്
• തെക്കേ അമേരിക്കയ്ക്കു കുറുകെയുള്ള ഭൂമധ്യരേഖാപ്രദേശം അവയുടെ പ്രധാന ആവാസകേന്ദ്രത്തിൽ പെടുന്നു. അവിടെ സമുദ്രനിരപ്പു മുതൽ 4500 മീറ്ററിലധികം ഉയരത്തിൽ വരെ അവയെ കാണാം. കൂടാതെ, ചില പസിഫിക്ക്-കരീബിയൻ ദ്വീപുകളും അവയുടെ പ്രധാന ആവാസകേന്ദ്രങ്ങളാണ്
• വേനൽക്കാല മാസങ്ങളിൽ അവയെ അങ്ങ് വടക്ക് അലാസ്കയിലും തെക്ക് ടീറാ ഡെൽ ഫ്യൂഗോയിലും കണ്ടെത്താറുണ്ട്
• ഒരുസമയത്ത്, യൂറോപ്പിലെ തൊപ്പി വ്യവസായത്തിനു വേണ്ടി ദശലക്ഷക്കണക്കിനു മൂളിപ്പക്ഷികളെയാണു കൊന്നൊടുക്കിയത്. ഇത് സാധ്യതയനുസരിച്ച് ചില ഇനങ്ങൾക്കു വംശനാശം സംഭവിക്കാൻ ഇടയാക്കിയിരിക്കാം
[ചിത്രങ്ങൾ]
അന്നാസ് (വലുതാക്കി കാണിച്ചിരിക്കുന്നു)
ഭീമൻ മൂളിപ്പക്ഷി (യഥാർഥ വലിപ്പത്തിൽ)
[കടപ്പാട്]
© C. H. Greenewalt/VIREO
© 1990 Robert A. Tyrrell
[15-ാം പേജിലെ ചിത്രം]
റൂഫസ് മൂളിപ്പക്ഷി
[കടപ്പാട്]
THE HUMMINGBIRD SOCIETY / Newark Delaware USA
[15-ാം പേജിലെ ചിത്രം]
തേനീച്ച മൂളിപ്പക്ഷി (വലുതാക്കി കാണിച്ചിരിക്കുന്നു)
[കടപ്പാട്]
© 1990 Robert A. Tyrrell
[15-ാം പേജിലെ ചിത്രം]
ആന്റീലിയൻ മാംഗോ
[കടപ്പാട്]
© 1990 Robert A. Tyrrell
[16-ാം പേജിലെ ചിത്രം]
ചുവന്ന മാറിടമുള്ള സന്ന്യാസി മൂളിപ്പക്ഷി
[കടപ്പാട്]
© 1990 Robert A. Tyrrell
[17-ാം പേജിലെ ചിത്രം]
തേനീച്ച മൂളിപ്പക്ഷി (യഥാർഥ വലിപ്പത്തിൽ)
[കടപ്പാട്]
Patricia Meacham/Cornell Laboratory of Ornithology
[17-ാം പേജിലെ ചിത്രം]
മാണിക്യകണ്ഠൻ മൂളിപ്പക്ഷികൾ—തള്ളപ്പക്ഷിയും കുഞ്ഞുങ്ങളും